കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോക ജനതയെ കാർന്നു തിന്നുകയാണ്. ലോകരാജ്യങ്ങൾ എല്ലാം ജനസമൂഹത്തെ കാർന്നു തിന്നുന്ന വൈറസിനെ പിടിച്ചുകെട്ടാൻ അക്ഷീണം ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ. മരണം താണ്ഡവമാടുന്ന കാഴ്ച്ചയാണ് ഇറ്റലിയിൽ നിന്നും പുറത്തുവരുന്നത്. രോഗത്തിന്റെ കാഠിന്യമെത്രയെന്ന് അവിടെയുള്ള മലയാളികൾ നമ്മോടു വിളിച്ചുപറയുന്നു.. അത്തരത്തിൽ ഒരു വൈദീകൻ തന്റെ ജീവിതം ഒരു ചെറുപ്പക്കാരാനായി മാറ്റിവെച്ചു മരണത്തെ വരിച്ചപ്പോൾ ലോകമൊന്നാകെ പുകഴ്ത്തുകയാണ് ആ പ്രവർത്തിയെ… ഫാ. ജുസേപ്പേ ബെരാര്‍ദല്ലി എന്ന 72 – കാരന്‍ ഇറ്റാലിയന്‍ വൈദികന്‍, തന്നെക്കാളും ചെറുപ്പക്കാരനായ ഒരാള്‍ക്ക് തന്റെ ശ്വസന യന്ത്രം നല്കി (respirator), മരണത്തിലേയ്ക്ക് യാത്രയായി. ഈ ധീരമരണം വി. മാക്‌സി മില്ല്യന്‍ കോള്‍ബേയുടെ മരണത്തെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ലോകം മുഴുവന്‍ മരണത്തിന്റെ മണമാണ് ഇപ്പോള്‍. കൊറോണ എന്ന കോവിഡ് 19 – ന്റെ ഫലം. ഒരു മനുഷ്യന്‍ ജീവിക്കണമോ വേണ്ടയോ എന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന ഒരു കാലം. സിമിത്തേരികള്‍ നിറഞ്ഞു സ്ഥലമില്ലാതായതോടെ പാഴ്‌വസ്തുക്കള്‍ കത്തിക്കുന്ന ലാഘവത്തോടെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുന്ന നിസ്സഹായതയുടെ നാളുകള്‍. എങ്ങും നിറയുന്ന ഭീതി. പട്ടാളം ഇറങ്ങി ശവസംക്കാരം നടത്തുന്ന കാഴ്ച്ച.. വിവരിക്കാൻ പറ്റാത്ത വേദനയുടെ നാളുകളിൽ കൂടി കടന്നു പോകുന്ന ലോക ജനത..

എങ്ങനെയും ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ആളുകളുടെ അലച്ചിലുകള്‍ക്കിടയിലും സ്വന്തം വെന്റിലേറ്റര്‍ നല്‍കി ഒരു യുവാവിനെ ജീവിക്കാന്‍ അനുവദിച്ചു കൊണ്ട് വിശുദ്ധ സ്‌നേഹത്തിന്റെ പരിമളം പടര്‍ത്തി സ്വര്‍ഗ്ഗപിതാവിന്റെ പക്കലേയ്ക്ക് യാത്രായായിരിക്കുകയാണ് ജുസേപ്പേ ബെരാര്‍ദല്ലി എന്ന വൈദികന്‍. എഴുപത്തി രണ്ടുകാരനായ ഈ വിശുദ്ധ വൈദികന്റെ മരണ വാര്‍ത്ത അറിഞ്ഞ ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത് സ്‌നേഹത്തിന്റെ രക്തസാക്ഷി എന്നാണ്.

കൊറോണ ബാധിതനായി ഇറ്റലിയിലെ ലോവേരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടയില്‍ ആണ് അദ്ദേഹം തനിക്കായി നല്‍കിയ ചികിത്സാ ഉപകരണങ്ങള്‍ ഒരു യുവാവിന് നല്‍കി മാര്‍ച്ച് 15 നു മരണത്തെ പുല്‍കിയത്.

ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു ഫാ. ജുസേപ്പേ ദരാര്‍ദില്ലി. വിശ്വാസികളില്‍ സാമ്പത്തിക സഹായം ആവശ്യമായവര്‍ക്കായി സഹായങ്ങള്‍ നല്‍കുവാന്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ എത്തിയിരുന്ന അദ്ദേഹത്തിന്റെ മുഖം ജനങ്ങള്‍ക്ക് ഇന്നും മറക്കാന്‍ കഴിയുന്നില്ല. സ്വന്തം ജീവന്‍ ബലിനല്‍കി വിശുദ്ധിയുടെ പടവുകള്‍ കയറിയ മാക്‌സിമില്യന്‍ കോള്‍ബെയുടെ പിന്‍ഗാമി എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്.

ഒന്ന് വളരെ വ്യക്തം… ഏതൊരാവസ്ഥയിലും തന്റെ മരണത്തിൽ പോലും.. അതെ തന്റെ ജീവൻ തന്നെ മറ്റുള്ളവർക്കായി നൽകുക വഴി നമുക്ക് നൽകുന്ന സന്ദേശം… നന്മകളുടെ ജീവിതം.. നമ്മളിലും മറ്റുള്ളവരിലും നിലനിൽക്കുമാറാകട്ടെ…