മുംബൈ ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ലഷ്കർ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഇതിനായി കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അജ്മൽ അമീർ കസബ് ബെംഗളുരു സ്വദേശിയായ സമീർ ദിനേശ് ചൗധരി എന്ന പേരിൽ മരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും ഇയാളുടെ കൈത്തണ്ടയിൽ ചുവന്ന നൂല് കെട്ടിയിരുന്നുവെന്നും മുൻ മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയ പറയുന്നു.
ലെറ്റ് മീ സേ ഇറ്റ് നൗ എന്ന തന്റെ പുസ്തകത്തിലാണ് മരിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തെ ഒരു ‘ഹിന്ദു തീവ്രവാദ’മായി ചിത്രീകരിക്കാനാണ് ലഷ്കർ തീവ്രവാദ സംഘടന ശ്രമിച്ചത്. ഇത് ഫലം കണ്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദികൾ മൂംബൈയിൾ മുംബൈയിൽ ആക്രമണം നടത്തി എന്ന തലക്കെട്ടാകും പത്രങ്ങളിൽ വരേണ്ടിയിരുന്നത്. ഇതോടെ പ്രമുഖ മാധ്യമങ്ങളെല്ലാം കസബിന്റെ ബെംഗളുരുള്ള കുടുംബത്തെയും അയൽവാസികളെയും പറ്റി വാർത്തകൾ കൊടുക്കേണ്ടി വന്നേനെ. എന്നാൽ ആ പദ്ധതി നടപ്പായില്ലെന്നും മരിയ പറയുന്നു.
ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ അക്രമികള്‍ കൈവശം വച്ചിരുന്നതായി മുന്‍പ് റിപ്പോർട്ട് ചെയ്തിരുന്നു. കസബിന്റെ കയ്യിലും കാർഡ് ഉണ്ടായിരുന്നു. ജിഹാദിയെ കുറിച്ച് അറിഞ്ഞുകൊണ്ടല്ല കവർച്ച നടത്താനാണ് കസബ് ലഷ്കറിനൊപ്പം ചേർന്നത്. പെട്ടെന്ന് പണമുണ്ടാക്കാൻ വേണ്ടി കസബും സുഹൃത്ത് മുസാഫുർ ഖാനും ഇതിലേക്ക് വരികയായിരുന്നു.
ഇന്ത്യയിൽ മുസ്ലിം പള്ളികൾ നിസ്കരിക്കാൻ പോലും അനുവദിക്കാതെ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു കസബ് വിശ്വസിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ലോക്കപ്പിൽ കിടന്നപ്പോള്‍ താൻ പുറത്തു നിന്നും അഞ്ചുനേരം കേട്ട ബാങ്ക് വിളി വെറും തോന്നലാണെന്നായിരുന്നു കസബ് കരുതിയിരുന്നത്. ഇത് മനസ്സിലാക്കിയ ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് മഹേലിനോട് കസബിനെ പൊലീസ് വാഹനത്തിൽ മെട്രോ സിനിമയ്ക്ക് സമീപമുള്ള മുസ്ലീം പള്ളിയില്‍ കൊണ്ടുപോകാൻ പറഞ്ഞു. അവിടെ നമസ്ക്കാരം നടക്കുന്നത് കണ്ടപ്പോൾ കസബ് പരിഭ്രാന്തനായെന്നും മുൻ കമ്മീഷണർ പുസ്തകത്തിൽ പറയുന്നു.
തിരൂരിൽ ഒരു വീട്ടിൽ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ ഏറ്റവുമൊടുവിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് മലപ്പുറം എസ്പി. ഇന്ന് പുലർച്ചെയാണ് ചെമ്പ്ര തറമ്മൽ റഫീഖ് – സബ്ന ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മൂന്നാമത്തെ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നുവെന്നും പിതൃസഹോദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ന് പുലർച്ചെയോടെ മരിച്ച കുഞ്ഞിന്റെ സംസ്കാരച്ചടങ്ങുകൾ രാവിലെ പത്തരയോടെ തന്നെ ധൃതിപിടിച്ച് നടത്തുകയായിരുന്നു. ഇതിൽ സംശയം തോന്നിയ അയൽവാസികളുൾപ്പടെ ചിലരാണ് ഇവിടെ കുട്ടികൾ തുടർച്ചയായി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പൊലീസിനെ സമീപിക്കുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കളിലൊരാളുടെ ബന്ധു തന്നെയാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
2010-ലാണ് റഫീഖ് – സബ്ന ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. 2011 മുതൽ 2020 വരെ ഒമ്പത് വർഷത്തെ ഇടവേളകളിലാണ് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മരിക്കുന്നത്. ആറ് കുട്ടികൾ മരിച്ചതിൽ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. ഒരു പെൺകുട്ടി മാത്രമാണ് നാലര വയസ്സുവരെ ജീവിച്ചിരുന്നത്.
മൂന്ന് മാസം, ആറ് മാസം, എട്ട് മാസം, 60 ദിവസം, ഏറ്റവുമൊടുവിലുള്ള കുഞ്ഞ് 93 ദിവസം എന്നിങ്ങനെ വളരെക്കുറച്ച് ദിവസങ്ങളുടെ ആയുസ്സു മാത്രമാണ് ഇവരുടെ കുഞ്ഞുങ്ങൾക്കുണ്ടായിരുന്നത്. ഏറ്റവുമൊടുവിൽ മരിച്ച ആൺകുഞ്ഞിനെ തിരൂർ കോരങ്ങത്ത് പള്ളിയിലാണ് മറവ് ചെയ്തിരിക്കുന്നത്. ബന്ധുക്കളിൽ ചിലരും അയൽവാസികളും മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചതിനാൽ, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും മലപ്പുറം എസ്പി അബ്ദുൾ കരീം വ്യക്തമാക്കി.
മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുന്നതിനായി തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് സംശയമുയർന്നതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുരൂഹതയുണ്ടോ എന്ന പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മരിച്ച വീടായതിനാൽ അച്ഛനമ്മമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. പിന്നീട് രേഖപ്പെടുത്തണോ എന്ന കാര്യം പരിശോധിക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. മറ്റ് കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യണോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.
കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാൽ ഇപ്പോൾ അഭ്യൂഹങ്ങൾ പരത്തരുതെന്നും മലപ്പുറം എസ്പി ആവശ്യപ്പെട്ടു.
അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മരിച്ച കുട്ടികളുടെ പിതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ അന്വേഷണവുമായും സഹകരിക്കുമെന്നും അവർ പറഞ്ഞു. ”കുട്ടികളുടെ തുടർച്ചയായ മരണത്തിൽ ഞങ്ങൾക്കും ബുദ്ധിമുട്ട് തോന്നിയിരുന്നു. അന്ന് ഞങ്ങൾ ഡോക്ടർമാരോട് അങ്ങോട്ട് പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്നാമത്തെ കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയതാണ്. അന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല. ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മരിച്ച കുഞ്ഞുങ്ങൾക്കെല്ലാം അപസ്മാരമായിരുന്നു. ഒരു ദുരൂഹതയും ഞങ്ങൾ ബന്ധുക്കൾക്ക് കണ്ടെത്താനായിട്ടില്ല. ഇന്ന് മരിച്ച കുട്ടിയ്ക്കും അനാരോഗ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ്. എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാൻ തയ്യാറാണ്”, അവർ പറഞ്ഞു.
ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു. സോണിയയാണ് വധു.
2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ൽ ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞു.
ഈ മാസം 22 ശനിയാഴ്ചയാണ് റോയ്സിന്റെ വിവാഹനിശ്ചയം. സോണിയയും റോയ്സും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയ ക്ഷണക്കത്തും വൈറലായിട്ടുണ്ട്.

തൃശ്ശൂരിലെ ഹോട്ടല്‍ അശോക ഇന്നിലാണ് വിവാഹനിശ്ചയം നടക്കുക. 12 മണിക്കാണ് മുഹൂര്‍ത്തം. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ല്‍ ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞു.
ചെറുപ്പം മുതല്‍ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘വെയിൽ മരങ്ങൾ’ ചിത്രത്തിെൻറ ട്രെയിലർ പുറത്തുവിട്ടു. ഇന്ദ്രൻസിെൻറ അഭിനയപ്രകടനം തന്നെയാണ് ചിത്രത്തിെൻറ ഹൈലൈറ്റെന്ന് ട്രെയിലറിൽ വ്യക്തം. മനസിൽതട്ടുന്ന സംഗീതത്തിൽ ചാലിച്ച് ഹിമാചൽ പ്രദേശിലെ മഞ്ഞും ആപ്പിൾ േതാട്ടവും കേരളത്തിെൻറ പച്ചപ്പും ദൃശ്യഭംഗിയുമെല്ലാം ട്രെയിലറിൽ കാണാം.
രാജ്യാന്തര ചലചിത്രമേളകളിൽ അടക്കം പുരസ്കാരം വാരിക്കൂട്ടിയ വെയിൽ മരങ്ങളുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് എം.ജെ. രാധാകൃഷ്ണനാണ്. കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദലിത് കുടുംബത്തിെൻറ കഥയാണ് സിനിമയുടെ പ്രമേയം. ഇന്ദ്രൻസിനൊപ്പം സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർധൻ, അശോക് കുമാർ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 28ന് ചിത്രം റിലീസ് ചെയ്യും.
ഇന്ത്യയുടെ ജമ്മു കാശ്മീര്‍ നയത്തേയും നടപടികളേയും വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി അബ്രഹാംസിന് വിസ നിഷേധിച്ച നടപടി വ്യാപക വിമര്‍ശനമുയര്‍ത്തവേ ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി. ഡെബ്ബി അബ്രഹാംസിനെ ഡീപോർട്ട് ചെയ്തത് ആവശ്യമായ നടപടി ആയിരുന്നെന്നും അവർ എംപി മാത്രമല്ലെന്നും ഒരു പാക്ക് പ്രതിനിധി ആണെന്നും അഭിഷേക് മനു സിംഗ്വി അഭിപ്രായപ്പെട്ടു. പാകിസ്താൻ ഗവൺമെൻ്റുമായും ഐഎസ്ഐയുമായും അവർക്കുള്ള ബന്ധം വ്യക്തമാണ്. ഇന്ത്യയുടെ പരമാധികാരത്തിന് എതിരായ ഏതൊരു ആക്രമണത്തേയും ചെറുത്തുതോൽപ്പിക്കണം – സിംഗ്വി ട്വീറ്റ് ചെയ്തു.
അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെ ഭയപ്പെടുകയാണ് എന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കാശ്മീരില്‍ എല്ലാം സാധാരണനിലയിലാണെങ്കില്‍ വിമര്‍ശകരെ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയല്ലേ വേണ്ടത് എന്ന് തരൂര്‍ ചോദിച്ചു.
ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് ഡെബ്ബി അബ്രഹാംസിന്റെ ഇ വിസ അംഗീകരിക്കാതെ അവരെ ഡീപോര്‍ട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ ഡെബ്ബി അബ്രഹാംസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ വിസ വാലിഡ് അല്ലെന്ന് അറിഞ്ഞത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ജമ്മു കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്ന ഓള് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍പേഴ്സണാണ് ഡെബ്ബി അബ്രഹാംസ്. തന്റെ വിസ 2020 ഒക്ടോബര്‍ വരെ വാലിഡ് ആണ് എന്ന് ഡെബ്ബി പറയുന്നു. അതേസമയം വനേരത്തെ തന്നെ വിസ റദ്ദാക്കിയ കാര്യം ഡെബ്ബിയെ അറിയിച്ചിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി സ്ഥാപക ചീഫ് എഡിറ്ററുമായ എം എസ് മണി അന്തരിച്ചു. 79 വയസ്സായിരുന്നു. സാമൂഹ്യപരിഷ്കര്‍ത്താവും പൊതുപ്രവര്‍ത്തകനും കേരള കൗമുദി സ്ഥാപകനുമായ സി വി കുഞ്ഞുരാമന്റെ കൊച്ചുമകനും പത്രാധിപര്‍ കെ സുകുമാരന്റെ മകനുമാണ്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കുമാരപുരത്തുള്ള കലാകൗമുദി ഗാര്‍ഡന്‍സിലാണ് അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു.
കേരളകൗമുദിക്ക് വേണ്ടി ഡല്‍ഹിയിലടക്കം റിപ്പോര്‍ട്ടറായി ജോലി ചെയ്തു. കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍ നിന്ന് കലാകൗമുദി ദിനപ്പത്രവും തുടങ്ങി. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍സൊസൈറ്റി (ഐഎന്‍എസ്) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അംഗമായും പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്കാരം നേടിയിട്ടുണ്ട്. കസ്തൂരിയാണ് ഭാര്യ, വത്സാമണി, സുകുമാരൻ എന്നിവർ മക്കൾ. അദ്ദേഹത്തിൻ്റെ സംസ്കാരം പിന്നീട് നടക്കും.
നൊവേല്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലെ ഹോസ്പിറ്റല്‍ ഡയറക്ടര്‍ കൊറോണ മൂലം മരിച്ചു. ചൈനയില്‍ ഇതുവരെ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാനിലെ വുച്ചാങ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആയ ലിയു സിമിങ് ആണ് മരിച്ചത്. ലിയുവിന്റെ മരണം സംബന്ധിച്ച വാര്‍ത്ത ചൈനീസ് മാധ്യമങ്ങളും ബ്ലോഗുകളും പുറത്തുവിട്ടിരുന്നെങ്കിലും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത്, ലിയുവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് മരണം ചൈനയില്‍ 1868 ആയി. 98 പേര് കൂടി മരിച്ചതോടെയാണിത് എന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചു. രാജ്യത്താകെ 72500നടുത്ത് പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഇന്നലെ 1886 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതല്‍ മരണങ്ങളും വൈറസിന്റെ പ്രഭവമേഖലയായ ഹുബെയ് പ്രവിശ്യയില്‍ തന്നെ. മരണനിരക്ക് കുറയുന്നതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അവകാശപ്പെട്ടു. 12,000ത്തിലധികം പേരെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍ അതീവഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയീസസ് ആവശ്യപ്പെട്ടു. ഈ ട്രെൻഡ് എങ്ങനെ വേണമെങ്കിലും മാറാമെന്നും ഡബ്ല്യഎച്ച്ഒ തലവൻ മുന്നറിയിപ്പ് നൽകി.
വുഹാനിലെ ഒഫ്താല്‍മോളജിസ്റ്റ് ലി വെന്‍ലിയാങ് ആണ് ആദ്യം കൊറോണ വൈറസ് സംബന്ധിച്ച് അറിയിച്ചത്. എന്നാല്‍ ഡിസംബറില്‍ ഈ വിവരം ലി വെന്‍ലിയാങ് പുറത്തുവിട്ടപ്പോള്‍ അദ്ദേഹത്തിനെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്തത്. ഡോക്ടറുടെ മരണം ചൈനയില്‍ വലിയ തോതില്‍ രോഷമുയര്‍ത്തിയിരുന്നു. വുഹാനിലെ ഡോക്ടര്‍മാര്‍ക്ക് മാസ്കുകളുടേയും പ്രൊട്ടക്ടീവ് ബോഡി സ്യൂട്ടുകളുടേയും കുറവുണ്ടായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നു കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാൽ പകൽ താപനിലയിൽ വലിയ വർധനയുണ്ടാകാമെന്നാ ണു മുന്നറിയിപ്പ്. കൂടിയ താപനില രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് കൂടി 38 ഡിഗ്രിക്കു മുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍:
താപനില ഉയരാനുള്ള സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 17, 18 തീയതികളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ.*
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിൻറെ പശ്ചാത്തലത്തിലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. *സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് *
-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.
-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
-അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.
– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
– ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
-സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.
-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.
-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.
-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
-വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
-ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
*കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.*
*KSDMA-ദുരന്തനിവാരണ അതോറിറ്റി-IMD*
പുറപ്പെടുവിച്ച സമയം: 1 pm 17-02-2020
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ തോളിലേറ്റി സഹതാരങ്ങൾ സ്റ്റേഡിയം വലംവയ്ക്കുന്ന ചിത്രത്തിന് കായിക ഓസ്കർ എന്ന വിശേഷണമുള്ള ലോറസ് സ്പോര്‍ടിംഗ് മൊമന്റ് പുരസ്കാരം. 2000 മുതൽ 2020വരെയുള്ള 20 വർഷ കാലത്ത് ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്കാരമാണ് സച്ചിന് തെണ്ടുല്‍ക്കറിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്. 2011ലെ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലിലെ വിജയത്തിനുശേഷം സച്ചിനെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി. ലോറസ് സ്പോര്‍ടിംഗ് മൊമന്റ് പുരസ്കാരം രാജ്യത്തിനു സമർപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. 2011ലെ ലോകകപ്പ് നേട്ടത്തെ കുറിച്ച് എപ്പോഴും ഓര്‍മിക്കാറുണ്ടെന്ന് സച്ചിന് പറഞ്ഞു.
പുരസ്കാരം രാജ്യത്തിനായി സമര്‍പ്പിച്ച സച്ചിനെ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ പ്രശംസിച്ചു. സച്ചിന് ആദ്യമായി ലോകകപ്പ് കളിച്ചത് 1992ൽ. ആദ്യമായി ലോക ചാമ്പ്യനായത് ആറാമത്തെ ശ്രമത്തിലും. എങ്കിലും ലോകകപ്പെന്നാൽ 1983 ആണ് ആദ്യം മനസ്സില്‍ വരുന്നതെന്ന് സച്ചിൽ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത സംസ്കാരവും ഉള്ള ഇന്ത്യ ഒറ്റമനസ്സോടെയാണ് 2011ലെ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്. വോട്ടെടുപ്പിൽ ഒന്നാമതെത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നെന്നും സച്ചിന് വെളിപ്പെടുത്തി. പുരസ്കാരനേട്ടം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നതിന് പകരം രാജ്യത്തിനായി സമ്മാനിച്ച സച്ചിന് സമാനതകളില്ലാത്ത പ്രതിഭയെന്നായിരുന്നു ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറുടെ പ്രശംസ.
2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലയണൽ മെസിയും ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ഹാമില്ട്ടണ്. പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോള്‍ താരമാണ് മെസി. മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്കാരം അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബെല്‍സ് നേടി. സ്പാനിഷ് ബാസ്കറ്റ് ബാൾ ടീമിനാണ് മികച്ച ടീമിനുള്ള പുരസ്കാരം.
മുതിർന്ന ബംഗാളി അഭിനേതാവും തൃണമൂൽ കോണ്‍ഗ്രസ് മുൻ എംപിയുമായ തപസ് പാൽ (61) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മകളെ സന്ദർശിച്ചശേഷം കോൽക്കത്തയിലേക്കു മടങ്ങുന്നതിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയ തപസിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജൂഹുവിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു.
കൃഷ്ണനഗറിൽനിന്നു രണ്ടു തവണ പാർലമെന്റിലേക്കും അലിപോറിൽനിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 ഡിസംബറിൽ റോസ് വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിനുശേഷം തപസ് അഭിനയിച്ചിരുന്നില്ല. 13 മാസത്തിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.