‘മരണങ്ങൾക്കു നടുവിൽ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും കേരളത്തിൽ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുത്..’ ഇറ്റലിയിൽ പഠിക്കാൻ പോയ മലയാളി വിദ്യാർഥിനി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞ ഈ കാര്യങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിരീക്ഷത്തില്‍ ഇരിക്കുന്നവർ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് നിങ്ങളുടെ നല്ലതിനു വേണ്ടിയാണെന്നും കരഞ്ഞുകൊണ്ടാണ് ഇവർ പറയുന്നത്.
‘ഇറ്റലിയിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോർഡി റീജിയനിൽ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാർഥിനിയാണ്.

ഇറ്റാലിയൻ സമയം പുലർച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം വീടിനുള്ളിൽ ഉറങ്ങിയിരുന്ന ഞാൻ ആംബുലൻസുകൾ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ഇതിവിടെ ഇപ്പോൾ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല. ഞാൻ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു. അത്യാവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രം പുറത്തു പോകും. ആർമി വണ്ടികൾ വരിവരിയായി പോകുന്നു. അതിൽ നിറച്ച് മരിച്ചവരും അല്ലാത്തവരുമായ മനുഷ്യർ.’
ദിവസവും ഇതു കാണുമ്പോൾ മനസ്സ് മരവിച്ച അവസ്ഥയാണ്.

ഇനി എന്താണ് സംഭവിക്കുന്നതെന്നോർക്കുമ്പോൾ പേടിയാണ്.ആറായിരത്തിനു പുറത്തായി മരണസംഖ്യ. ആകെ കേസുകൾ 63,000 കവിഞ്ഞു. എന്നു വച്ചാൽ ഇൻഫെക്‌ഷൻ വന്നതിൽ പത്തു ശതമാനത്തോളം മരണം, നമ്മുടെ ഇന്ത്യൻ പോപ്പുലേഷൻ വച്ച് താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് മാത്രമേ ഉള്ളു. ഈ രോഗം ഇന്ത്യയിൽ വന്നു കഴിഞ്ഞാൽ അതും ഇപ്പോൾ സ്ഥിരീകരിച്ച അവസ്ഥ കൂടിക്കഴിഞ്ഞാൻ നമുക്കൊന്നും വിചാരിക്കാൻ പറ്റാത്ത അത്രയും ഇവിടെ സംഭവിക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങളാകും വെറും രണ്ടാഴ്ച കൊണ്ടോ മൂന്നാഴ്ച കൊണ്ടോ സംഭവിക്കുക.

ഇവിടെ മരിക്കുന്നവരുടെ ബോഡി സംസ്കരിക്കാനുള്ള സ്ഥലം പോലും ഇല്ല. മോർച്ചറിയാൽ ബോഡി ശേഖരിച്ചു വച്ച് സംസ്കരിക്കാൻ വേണ്ടി ഓരോന്നു ചെയ്യുകയായിരുന്നു. ഇനി ഒരു കുഴിമാടത്തിലേക്ക് കുറേ പേരെ ഇട്ട് സംസ്കരിക്കാൻ പോകുകയാണെന്നും കേൾക്കുന്നു.ഇവിടുത്തെപോലെയുള്ള അവസ്ഥ ആകരുതെന്നു വിചാരിച്ചാണ് കേരളത്തിൽ ഇത്രയും മുൻകരുതൽ എടുക്കുന്നത്. ദയവു ചെയ്ത് അതെല്ലാവരും അനുസരിക്കണം. ഇവിടുത്തെ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നവരൊക്കെ കൈവിട്ട അവസ്ഥയിലാണ്. ആരെ രക്ഷിക്കണം, ആരെ സഹായിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവർ. ഈ സിറ്റി ലോക്ഡൗൺ നേരത്തെ എടുത്തിരുന്നെങ്കിൽ ഇത്രയും ഭീകരമായ അവസ്ഥ ഇവിടെ സംഭവിക്കില്ലായിരുന്നു.

ഇന്ത്യയിലുള്ള കുറച്ച് വിദ്യാർഥികൾ ഇവിടുണ്ട്. പക്ഷേ ഞങ്ങളാരും നാട്ടിലേക്കു വരുന്നില്ല. ഞങ്ങൾ വന്ന് അവിടാർക്കും ഒന്നും സംഭവിച്ചുകൂടാ എന്നു വച്ചാണ്.
മരണങ്ങൾക്കു നടുവിൽ ജീവിക്കുക എന്ന അവസ്ഥയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുക. മൈക്രോബയോളജി വിദ്യാർഥിനി ആയതിനാൽത്തന്നെ ഇതിന്റെ ഗൗരവം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. മെഡിക്കൽ രംഗത്തുള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.’ വിദ്യാർഥിനിയായ വിനീത പറയുന്നു.