കുട്ടനാട് സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അന്തിമ തീരുമാനമായില്ലെന്ന് പി.ജെ ജോസഫ് അറിയിച്ചു. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യം ഉഭയകക്ഷി ചർച്ചയിൽ ഉയർന്നില്ല. അതേസമയം ചർച്ച പോസിറ്റീവെന്ന് മുല്ലപ്പള്ളി പറഞ്ഞു.
രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എംകെ മുനീർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവിെൻറ ഔദ്യോഗിക വസതിയായ കണ്ടോൺമെൻറ് ഹൗസിലായിരുന്നു ചർച്ച നടന്നത്. പി.ജെ ജോസഫ്, മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവർ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു
സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളെല്ലാം വരുന്ന ഞായറാഴ്ചയോടെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. തീരുമാനത്തിെൻറ കാരണം പറഞ്ഞിട്ടില്ല.
This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020
സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്ര മോദി. ട്വിറ്ററിൽ 5.3 കോടി ആളുകളും ഫെയ്സ്ബുക്കിൽ 4.4 കോടി ആളുകളും ഇൻസ്റ്റഗ്രാമിൽ 3.5 കോടി ആളുകളും മോദിയെ പിന്തുടരുന്നുണ്ട്.
മോദിയുടെ പ്രഖ്യാപനത്തെ തുടർന്ന്സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. അനുകൂലമായും പ്രതികൂലമായുമെല്ലാം പ്രതികരണങ്ങൾ വരുന്നുണ്ട്. നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നയുടനെ പ്രതികരണമായി രാഹുൽ ഗാന്ധിയുടെ ട്വീറ്റുമെത്തി. സാമൂഹിക മാധ്യമങ്ങളല്ല, വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
Give up hatred, not social media accounts. pic.twitter.com/HDymHw2VrB
— Rahul Gandhi (@RahulGandhi) March 2, 2020
ന്യൂഡല്‍ഹി: ലോക്സഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ സഭയില്‍ ഉന്തും തള്ളുമുണ്ടായി. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ബിജെപി എംപിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് രംഗങ്ങള്‍ വഷളായത്.
ഇതിനിടെ, ബിജെപി എംപിമാര്‍ കൈയേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസ് ആരോപിച്ചു. ബിജെപി എംപി ജസ്കൗർ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്തെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. ഇക്കാര്യത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും സ്പീക്കറുടെ മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ ബിജെപി എംപിമാരും പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം.
കൊച്ചി∙ സൗദി അറേബ്യയിലേക്കും മലേഷ്യയിലേക്കുമുള്ള വിമാന സർവീസുകളിൽ ചിലത് റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ്. സൗദി എയർലൈൻസിന്റെയും മലിൻഡോ എയറിന്റെയും അടുത്ത രണ്ടാഴ്ക്കിടെയുള്ള അഞ്ചു ദിവസത്തെ വീതം സർവീസുകളാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയെ തുടർന്നാണ് ഇതെന്ന് ആശങ്ക ഉണ്ടായെങ്കിലും ഇരു കമ്പനികളും നിഷേധിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ചതു പ്രകാരമുള്ള മാറ്റമാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ജിദ്ദയിലേയ്ക്കുള്ള സൗദി എയർലൈൻസിന്റെ എസ്‍വി 784 എയർലൈൻ മാർച്ച് 4,8,9,10,13 തീയതികളിലെ സർവീസാണ് റദ്ദാക്കിയിട്ടുള്ളത്. നെടുമ്പാശേരിയിൽ നിന്ന് ക്വാലാലംപൂരിലേയ്ക്കുള്ള മലിൻഡോയുടെ മാർച്ച് 2,4,9,10,14 തീയതികളിലെ സർവീസും റദ്ദാക്കി. നിലവിൽ പകൽ സമയങ്ങളിൽ നെടുമ്പാശേരിയിൽ നിന്ന് വിമാന സർവീസുകളില്ല. റൺവേ നവീകരണം പൂർത്തിയാകുന്നതോടെ ഈ മാസം 28 മുതൽ പകൽ സർവീസുകൾ സിയാൽ പുനരാരംഭിക്കും.
കൊറോണ വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് പാസ്റ്റര്‍. ദക്ഷിണ കൊറിയയില്‍ സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത 4000 പേര്‍ക്കും കൊറോണ ലക്ഷണങ്ങള്‍. കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീക്കെതിരെ കേസെടുത്തു.
വൈറസ് ബാധ പടര്‍ത്തിയതിനെതുടര്‍ന്നാണ് കേസ്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. അദ്ദേഹത്തോടൊപ്പം 11 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും.
തന്റെ യോഗത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്ന് ലീ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ യോഗത്തില്‍ പങ്കെടുത്തു. ലോകരാജ്യങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളൊക്കെ അടച്ചിരിക്കുകയാണ്. പൊതുപരിപാടികളും നിര്‍ത്തലാക്കിയിട്ടുണ്ട്.
മഹേന്ദ്ര സിങ് ധോണിക്ക് ചെന്നൈ എയർപോർട്ടിൽ വൻ വരവേൽപ്പ്. ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന് മുമ്പായാണ് ധോണി ചെന്നൈയിലെത്തിയത്.
മാർച്ച് ആദ്യ ആഴ്ചയിൽ തന്നെ ധോണി ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കുമെന്ന് നേരത്തെ തന്നെ ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചിരുന്നു. സിഎസ്കെയുടെ ട്രെയിനിങ് ക്യാമ്പ് മാർച്ച് 19നായിരിക്കും ആരംഭിക്കുക.
മാർച്ച് 29നാണ് 2020 സീസൺ ഐപിഎൽ ആരംഭിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും.
THALA DHARISANAM! #WhistlePodu 🦁💛 pic.twitter.com/fb7TCiuqHL
— Chennai Super Kings (@ChennaiIPL) March 1, 2020
പ്രശസ്ത സംവിധായകൻ ഫാസിൽ ആണ് മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിലിന്റെ അച്ഛൻ. ഒരു സംവിധായകനായും നിർമ്മാതാവായും ഒട്ടേറെ ഗംഭീര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഫാസിൽ ആണ് മോഹൻലാൽ എന്ന മഹാ നടനേയും ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത്. ഫാസിലിന്റെ തന്നെ ചിത്രത്തിലൂടെ ആയിരുന്നു ഫഹദും അരങ്ങേറ്റം കുറിച്ചത്.
ഇപ്പോൾ സംവിധാന രംഗത്ത് നിന്നു മാറി നിൽക്കുന്ന ഫാസിൽ അഭിനേതാവായി കൂടി തിളങ്ങുകയാണ്. മോഹൻലാൽ നായകനായി എത്തിയ പൃഥ്വിരാജ് ചിത്രം ലൂസിഫെറിൽ അഭിനയിച്ച ഫാസിൽ, ഇപ്പോൾ മോഹൻലാൽ-പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വാപ്പയുടെ അഭിനയത്തെ കുറിച്ചു ഫഹദ് മനസ്സു തുറക്കുകയാണ്.
ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഫഹദ് മനസ്സു തുറക്കുന്നത്. ദിലീഷ് പോത്തന്‍ വാപ്പയെ ഒരു സിനിമയിലേക്ക് നായകനായി വിളിച്ചിരുന്നതാണെന്നും വാപ്പ പിടികൊടുത്തില്ലെന്നും ഫഹദ് പറഞ്ഞു. പൃഥ്വിരാജ് ഒരു ദിവസം വിളിച്ച് വാപ്പ എവിടെയുണ്ടെന്ന് ചോദിച്ചു എന്നും വാപ്പ വീട്ടിലായിരിക്കുമെന്ന് താൻ പറഞ്ഞു എന്നും ഫഹദ് പറയുന്നു. താൻ വിചാരിച്ചത് രാജു ലൂസിഫര്‍ തുടങ്ങുന്നത് കൊണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ വിളിക്കാനാണെന്ന് ആണെന്നും എന്നാൽ പിന്നീടാണ് വാപ്പ കാര്യം പറഞ്ഞത് എന്നും ഫഹദ് പറഞ്ഞു.
പൃഥ്വിരാജ് കൂടാതെ മോഹൻലാലും വിളിച്ചു എന്നും ഫാസിൽ പറഞ്ഞു എന്നും ഫഹദ് വെളിപ്പെടുത്തി. വാപ്പ സംവിധാനം ചെയ്ത സിനിമകളില്‍ അഭിനേതാകൾക്കു അഭിനയിച്ച് കാണിച്ചുകൊടുക്കുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട് എന്നും വിജയ് തന്നോട് ഒരിക്കൽ ഇത് പറഞ്ഞു എന്നും ഫഹദ് വിശദീകരിക്കുന്നു. ലൂസിഫെറിൽ വാപ്പ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്ത ദിവസം പൃഥ്വിരാജ് രാത്രി തന്നെ വിളിച്ച് പറഞ്ഞത് കേട്ട് താൻ സര്‍പ്രൈസ്ഡ് ആയി എന്നും വാപ്പ അഭിനയിച്ചത് കാണാന്‍ കൊതിയായി എന്നും ഫഹദ് പറയുന്നു. അതിനു ശേഷം എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ പൃഥ്വിരാജ് വിളിച്ച് ലൂസിഫറില്‍ വാപ്പ അഭിനയിച്ച രംഗങ്ങള്‍ തന്നെ കാണിച്ചിരുന്നു എന്നും ഫഹദ് വെളിപ്പെടുത്തി.
ദുരൂഹത ഒഴിയാതെ കൊല്ലം പള്ളിമണ്ണിലെ ഏഴുവയസുകാരി ദേവനന്ദയുടെ മരണം. പോലീസിന്റെ ട്രാക്കര്‍ നായ മണം പിടിച്ച് പാഞ്ഞ വഴികളാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്. നായ ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആള്‍ താമസമില്ലാത്തതിനാല്‍ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. അവിടെ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക് നായ പോയി. വീണ്ടും ദേവനന്ദയുടെ വസ്ത്രം മണപ്പിക്കാന്‍ നല്‍കിയ ശേഷമാണ് നായ വീണ്ടും നീങ്ങിയത്. പിന്നീട് നായ പോയത് ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലേക്കാണ്. പാലത്തിലൂടെ കയറിയ നായ ചെന്ന് നിന്നത് അകലെയുള്ള ഒരു വീടിന്റെ മുന്നിലാണ്.
പൊലീസ് നായ എന്തുകൊണ്ട് അവിടെ പോയി എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാണാതാകുന്നതിന് തൊട്ടു മുന്‍പ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോൾ ഷാള്‍ ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തിയിരുന്നു. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്ന ശീലമുള്ള കുട്ടിയെ കാണാതാകുമ്പോൾ അവളുടെ ചെരിപ്പുകള്‍ വീട്ടിലുണ്ടായിരുന്നു. അതേസമയം, മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനവും പൊലീസിനെ കുഴയ്ക്കുന്നു.ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയ മൂന്ന് പൊലീസ് സര്‍ജന്‍മാര്‍ നാളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും.
പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലം കടയ്ക്കലിലാണ് എട്ടാം ക്ലാസുകാരിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 13 കാരിയെ ജനുവരി 23 ന് വൈകീട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലതവണ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പുറത്ത്. വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മരണം സംഭവിച്ച് ഇത്രദിവസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും, കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതിനാണ് അറസ്റ്റ് വൈകുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇറ്റലിയിലെ പാവിയ സർവകലാശാലയിൽ മലയാളികൾ ഉൾപ്പെടെയുള്ള 85 വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. സർവകലാശാലയിലെ ഒരു ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് വരാൻ വഴിയില്ലാതെ വിദ്യാർഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നത്. 15 പേർ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധ പടരുന്ന ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സ്പോൺസർ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്. വെള്ളവും ഭക്ഷണവും നൽകില്ലെന്ന് പറഞ്ഞുവെന്നും വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് വിടില്ലെന്ന് സ്പോൺസർ ഭീഷണിപ്പെടുത്തിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ നിന്നുള്ള 17 പേർ ഉൾപ്പെടെ 23 പേരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. സംഘത്തിലെ മറ്റുള്ളവർ തമിഴ് നാട്ടിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ, വിഴിഞ്ഞം, മര്യനാട്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇറാനിൽ കുടുങ്ങിയത്. ഇറാനിലെ അസൂരിലാണ് ഇവർ ഇപ്പോൾ ഉള്ളത്. മുറിയിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. അസൂരിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
നോർക്ക വഴി ഇവർക്ക് സഹായം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. മത്സ്യബന്ധനതൊഴിലാളികളെ നാട്ടിലെത്തിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊറോണയെത്തുടർന്ന് ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്‍ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.