കൊച്ചി∙ സൗദി അറേബ്യയിലേക്കും മലേഷ്യയിലേക്കുമുള്ള വിമാന സർവീസുകളിൽ ചിലത് റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ്. സൗദി എയർലൈൻസിന്റെയും മലിൻഡോ എയറിന്റെയും അടുത്ത രണ്ടാഴ്ക്കിടെയുള്ള അഞ്ചു ദിവസത്തെ വീതം സർവീസുകളാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയെ തുടർന്നാണ് ഇതെന്ന് ആശങ്ക ഉണ്ടായെങ്കിലും ഇരു കമ്പനികളും നിഷേധിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ചതു പ്രകാരമുള്ള മാറ്റമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

ജിദ്ദയിലേയ്ക്കുള്ള സൗദി എയർലൈൻസിന്റെ എസ്‍വി 784 എയർലൈൻ മാർച്ച് 4,8,9,10,13 തീയതികളിലെ സർവീസാണ് റദ്ദാക്കിയിട്ടുള്ളത്. നെടുമ്പാശേരിയിൽ നിന്ന് ക്വാലാലംപൂരിലേയ്ക്കുള്ള മലിൻഡോയുടെ മാർച്ച് 2,4,9,10,14 തീയതികളിലെ സർവീസും റദ്ദാക്കി. നിലവിൽ പകൽ സമയങ്ങളിൽ നെടുമ്പാശേരിയിൽ നിന്ന് വിമാന സർവീസുകളില്ല. റൺവേ നവീകരണം പൂർത്തിയാകുന്നതോടെ ഈ മാസം 28 മുതൽ പകൽ സർവീസുകൾ സിയാൽ പുനരാരംഭിക്കും.