ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതെല്ലാം വേദനയുണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതേ എന്നാണ് ആ അമ്മ യാചിക്കുന്നത്. യൂട്യൂബ് ചാനലുകളിലും ചില ദൃശ്യമാധ്യമങ്ങളിലും മകള്‍ ഇളവൂരിലെ സമീപത്തെ ആറ് വഴിയുള്ള ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് പോയി എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്.
നെടുമണ്‍കാവ് ഇളവൂരിലെ വീട്ടില്‍ താന്‍ തുണി കഴുകുന്നതിന് മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ നോക്കാന്‍ ദേവനന്ദയോട് പറഞ്ഞ് മുന്‍ വശത്തെ കതക് പൂട്ടിയിരുന്നു. ശേഷം തുണി കഴുകി 15 മിനിറ്റിന് ശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാതായത്. ഗേറ്റ് പൂട്ടിയതിനാല്‍ വീട്ടിന്റെ പിറകുവശം വഴിയാവാം ദേവനന്ദ പുറത്ത് പോയിട്ടുണ്ടാകുക. ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് ധന്യ ഇപ്പോള്‍ അഭ്യര്‍ഥിക്കുന്നത്.
ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് ഞാന്‍ മോളോട് പറഞ്ഞിട്ടില്ല. മോള്‍ ഒരിക്കല്‍പ്പോലും ആറ്റിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലും പോയിട്ടില്ല. അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ് ആളില്ലാത്ത സമീപത്തെ വീട്ടിലും പോയിട്ടില്ല. ആ വീട്ടിലേക്ക് പൊലീസ് നായ പോയതുള്‍പ്പെടെ അന്വേഷിക്കിക്കേണ്ടതാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലം ഇതിനു മുന്‍പ് കുട്ടി കണ്ടിട്ടുകൂടിയില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം അവള്‍ക്കില്ല. ഇതിന് പിന്നിലെ കുറ്റവാളിയെ കണ്ടെത്തണം. മോള്‍ അന്ന് വീട്ടില്‍ നിന്നത് സ്‌കൂള്‍ അവധിയായതിനാലാണ്. അല്ലാതെ ക്ഷേത്രത്തില്‍ പോകാനല്ല.’ -ധന്യ പറയുന്നു.
”കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്കു പോകില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ മുന്‍പൊരിക്കലും ദേവനന്ദ പോയിട്ടില്ല. മൃതദേഹത്തിനൊപ്പം കിട്ടിയ അമ്മയുടെ ഷാള്‍ ധരിച്ച് കുഞ്ഞ് ഇതുവരെ പുറത്ത് പോയിട്ടില്ല’ മുത്തച്ഛന്‍ മോഹനന്‍പിള്ള പറയുന്നു.അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്രത്തില്‍ പോയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് കുടുംബാംഗങ്ങള്‍.
വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ദേവനന്ദയെ കാണാതായ നിമിഷം മുതല്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും കുടുംബാംഗങ്ങളും പറഞ്ഞിരുന്നു.മരണം വെള്ളത്തില്‍ മുങ്ങിയാണെന്നും പരുക്കുകളില്ലെന്നുമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ദുരൂഹതകള്‍ നീക്കുന്നതല്ലെന്ന നിലപാടിലാണ് തന്നെയാണ് കുടുംബാഗങ്ങള്‍. ദേവനന്ദയെപ്പൊലൊരു ആറുവയസ്സുകാരിക്ക് ഒറ്റയ്ക്കുപോകാവുന്ന വഴിയിലൂടെയല്ല പൊലീസ് നായ സഞ്ചരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്ന് ആരും വിശ്വസിക്കുന്നില്ല. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. കാണാതായ ദിവസം കുട്ടി വീട്ടില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു.
അമ്മ തുണി കഴുകുന്നിടത്തേക്കു പോയപ്പോള്‍ ഇല്ലാതിരുന്ന ഷാള്‍ പക്ഷേ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വീടിനു പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ് ധരിക്കുന്ന കുട്ടിയുടെ കാലില്‍ സംഭവദിവസം ചെരിപ്പ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
‘ദേവനന്ദ ഒറ്റയ്ക്ക്, ആരോടും പറയാതെ എവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ്. വീടിനകത്തു കളിക്കുമ്പോള്‍ മാത്രമാണു ഷാള്‍ ചുറ്റിയിരുന്നത്. അതെടുത്തു പുറത്തേക്കു പോകാറേയില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയിലുണ്ടായിരുന്നു ഷാള്‍. മോളെ കാണാതായി അകത്തേക്കു കയറിപ്പോഴാണു ഷാളും കാണാനില്ലെന്ന് അറിഞ്ഞത്. മോളുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടു വരണം.’
ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ പറന്നുകളിച്ചു. പുറത്തുകടക്കാനാകാതെ പ്രാവുകള്‍ ഭയന്നു പറന്നു. യാത്രക്കാരെയും ജീവനക്കാരെയും പ്രാവിനെ പിടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് പ്രാവുകള്‍ കുടുങ്ങിയത്.
പ്രാവിനെ നീക്കം ചെയ്യാന്‍ മണിക്കൂറോളം വേണ്ടിവന്നു. വൈകിയാണ് വിമാനം പറന്നുയര്‍ന്നത്. പുറപ്പെടാന്‍ വൈകിയതില്‍ ഗോ എയര്‍ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു. അതിനിടെ വിമാനത്തിനുള്ളിലെ പ്രാവിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ വൈറലാക്കുകയായിരുന്നു.
GoAir: Two pigeons found their way inside GoAir Ahmedabad-Jaipur flight while passengers were boarding(at Ahmedabad airport yesterday).The crew immediately shooed birds outside. Regret inconvenience caused to passengers and request airport authorities to get rid of this menace pic.twitter.com/cmh2nmVtom
— ANI (@ANI) February 29, 2020
ചങ്ങനാശേരി അഗതിമന്ദിരത്തിലെ അന്തേവാസിയുടെ മരണകാരണം ന്യൂമോണിയ. ഇന്നുമരിച്ച യോഹന്നാന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ ക്ഷതമില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞദിവസം മരിച്ച ഗിരീഷിനും ന്യൂമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.
ചങ്ങനാശേരിക്കടുത്ത് തൃക്കൊടിത്താനത്തെ മാനസികചികില്‍സാകേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കോവിഡ് നയന്റീനോ എച്ച്.വണ്‍.എന്‍.വണ്ണോ അല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമിതമായി മരുന്നോ വിഷപദാര്‍ഥങ്ങളോ ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്നറിയാന്‍ സാംപിളുകള്‍ രാസപരിശോധനയ്ക്കയച്ചു.
പുതുജീവൻ ട്രസ്റ്റ് മാനസികചികിത്സ കേന്ദ്രത്തിലാണ് മൂന്ന് ദുരൂഹമരണങ്ങൾ നടന്നത്. അവശനിലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ ഷെറിന്‍, ഗിരീഷ്, യോഹന്നാന്‍ എന്നിവരാണ് മരിച്ചത്. മറ്റ് ആറുപേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോവിഡ് 19, എച്ച്1എൻ1 തുടങ്ങിയ രോഗലക്ഷണങ്ങൾ സംശയിച്ചിരുന്നെങ്കിലും അവയൊന്നുമല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ദുരൂഹത ആരോപിച്ച നാട്ടുകാർ പോലീസിൽ പരാതി നൽകി.
ചികില്‍സയിലുള്ള എല്ലാവരും നേരിടുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നമെന്നും, പുതുജീവന്‍ ട്രസ്റ്റിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലന്നും കോട്ടയം കലക്ടർ പി.കെ.സുധീര്‍ ബാബു പറഞ്ഞു. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ട്.
‘ഷെറിന്റേയും യോഹന്നാന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതായും, ഗിരീഷിന്റെ മൃതദേഹം ബന്ധുക്കള്‍ എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും സ്ഥാപന ഡയറക്ടർ വിസി ജോസഫ് പറഞ്ഞു. എല്ലാവരും സമാനമായ ലക്ഷണങ്ങളാണ് കാണിച്ചത്.
രാസപരിശോധനക്കായി സാമ്പിളുകൾ കൊച്ചി അമൃത ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, കോണ്ഗ്രസ് പ്രവർത്തകരും നാട്ടുകാരും സ്ഥാപനത്തിൽ പ്രതിഷേധവുമായി എത്തി.
സിനിമയോട് പൃഥ്വിരാജ് കാണിക്കുന്ന ആത്മാർഥയും സമർപ്പണവുമാണ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ സജീവചർച്ച. ആടുജീവിതം എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച താരത്തെ അമ്പരപ്പോടെയാണ് മലയാളി നോക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വിശദമായ ഒരു കുറിപ്പും പങ്കുവച്ച് വിദേശയാത്രക്ക് ഒരുങ്ങുകയാണ് താരം.
കുറിപ്പ് വായിക്കാം:
‘കഴിഞ്ഞ കുറച്ച് മാസങ്ങൾ അൽപ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി ഒരുങ്ങുമ്പോൾ ഞാൻ ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത. ഒരുപക്ഷേ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോൾ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാൻ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഞാൻ ഈ രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്. ഒന്ന്, ഞാൻ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. രണ്ട്, എന്റെ മാറ്റത്തിന്റെ അവസാനഘട്ടമാണ്.
അത് സിനിമ തിയറ്ററിലെത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. അതെ, ഞാൻ ബ്ലെസി ചേട്ടന് വാക്കുകൊടുത്ത പോലെ അതിനൊപ്പം ഞാൻ സ്വയം വാക്ക് ചെയ്തതുപോലെ, ഞാൻ എന്റെ എല്ലാം നൽകുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടർന്ന് മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാൻ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും.
ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാൻ എന്നെത്തന്നെ ബോധിപ്പിക്കും. ഈ ഘട്ടത്തിൽ, എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല തരത്തിൽ. അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാൻ കരുതുന്നു. മരുഭൂമി അവന്റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നിൽ തകർന്നു തരിപ്പണമായി ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുന്നു. ആടുജീവിതം.’ പൃഥ്വി കുറിച്ചു.
ഏഷ്യാ കപ്പിന് ദുബയ് വേദിയാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പാക്കിസ്ഥാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന വേദി. എന്നാൽ, വേദി മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി.
നേരത്തെ, ഏഷ്യാകപ്പിന്റെ വേദിയായി തീരുമാനിച്ചത് പാകിസ്ഥാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് വേദിമാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ്ക്ക് നറുക്കു വീണത്. ദുബയ് ഏഷ്യാ കപ്പിന് വേദിയാകുമ്പോള്‍ ഇന്ത്യ പാകിസ്ഥാനോട് ഏറ്റുമുട്ടുമെന്ന് ഗാംഗുലി പറഞ്ഞു. നിഷ്പക്ഷമായ വേദിയില്‍ വെച്ച് മത്സരം നടക്കുകയാണെങ്കില്‍ പാക്കിസ്ഥാനോട് കളിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്∙ ജയിലില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിനെതിരെ കസബ പൊലിസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു. കോഴിക്കോട് ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജോളിയെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് സെന്‍റിമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള കൈത്തണ്ടയിലെ മുറിവ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്‍റെ സഹായത്തോടെയാണ് തുന്നിച്ചേര്‍ത്തത്. ആരോഗ്യനില തൃപ്തികരമാണെന്ന വിലയിരുത്തലിലാണ് ജോളിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ആത്മഹത്യാപ്രവണത കാണിക്കുന്ന ജോളിക്ക് കൗണ്‍സലിങ് അടക്കമുള്ളവ നല്‍കേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് ബീച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇവര്‍ക്ക് വിഷാദ രോഗമാണെന്നാണ് നിഗമനം.
എന്നാല്‍ കൈഞരമ്പ് മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പല്ലുകൊണ്ട് കടിച്ചുമുറിച്ചുവെന്ന് ജോളി പറയുന്നുണ്ടെങ്കിലും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കല്ലുകൊണ്ടോ ചുമരില്‍ ഇളകി നില്‍ക്കുന്ന ടൈൽ കഷ്ണം കൊണ്ടോ ആത്മഹത്യാശ്രമം നടത്തിയതാകാം എന്നാണ് നിഗമനം. ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ കസബ പൊലിസ് ജോളിയില്‍ നിന്ന് മൊഴിയെടുക്കും.
ഉയരക്കുറവിന്റെ പേരില്‍ സഹപാഠികള്‍ കുറ്റപ്പെടുത്തിയപ്പോള്‍ ഹൃദയം നൊന്ത് കരഞ്ഞ ക്വാഡനെ ലോകം ചേര്‍ത്ത് പിടിച്ചിരുന്നു. ഹ്യൂ ജാക്ക്മാന്, അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യം തുടങ്ങിയ പ്രമുഖരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയത്.
ബ്രാഡ് വില്യം ഡിസ്നിലാൻഡിലേക്ക് പോകുവാന്‍ ടിക്കറ്റ് ക്വാഡന് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഇവിടേക്ക് പോകുന്നില്ലെന്നും എല്ലാവരും സമാഹരിച്ച് നല്കിയ 47.5 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുവാനാണ് തീരുമാനിക്കുന്നതെന്ന് ക്വാഡന്റെ കുടുംബം പറയുന്നു.
സമൂഹത്തില്‍ നിന്നും ഇത്തരം പരിഹാസം കേട്ട് ജീവിതം അവസാനിപ്പിച്ച ആളുകള്‍ ധാരാളമുണ്ടെന്നും ഇനിയും ആരുടെയും ജീവിതം ഇത്തരത്തില്‍ പൊലിയാതിരിക്കുവാനുള്ള മുന്‍കരുതലാണ് നമ്മള് സ്വീകരിക്കേണ്ടതെന്ന നിലപാടാണ് ക്വാഡന്റെ കുടുംബത്തിനുള്ളത്. ഇതിനായി തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ക്വാഡന്റെ കുടുംബം പറഞ്ഞു.
ബെംഗളൂരു∙ കവര്‍ച്ചയ്ക്കിടെ ഉറങ്ങിപ്പോയ മോഷ്ടാവിനെ വീട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. ബിഹാര്‍ സ്വദേശി അനില്‍ സഹാനിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മദ്യലഹരിയില്‍ മോഷണത്തിനിറങ്ങിയ അനില്‍ സഹാനി ആദ്യം കണ്ട പൂട്ടിക്കിടന്ന വീട്ടില്‍ തന്നെ കേറാനുറച്ചു. മേല്‍ക്കൂരയിലെ ഓടുപൊളിച്ച് വീടിനകത്തിറങ്ങിയ സഹാനിക്ക് കാര്യമായൊന്നും തിരയാനായില്ല.
ക്ഷീണം എറെയുള്ളതിനാലും വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് ഉറപ്പായതിനാലും ഒന്നു മയങ്ങിയിട്ടാകാം കവര്‍ച്ചയെന്നായി തീരുമാനം. ഇതോടെ അടുത്തു കിടന്ന സോഫയില്‍ക്കയറി ഉറക്കമായി. എന്നാല്‍ സമയം പോയതറിഞ്ഞില്ല. പുലര്‍ച്ചെ മടങ്ങിയെത്തിയ വീട്ടുടമസ്ഥന്‍ ഒാട് പൊളിച്ചിരിക്കുന്ന കണ്ട് പരിഭ്രാന്തനായി, തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹാളിലെ സോഫയില്‍ സുഖമായുറങ്ങുന്ന അനില്‍ സഹാനിയെ കണ്ടെത്തിയത്.വിളിച്ചുണര്‍ത്തിയതിന് പിന്നാലെ കള്ളനെ പൊതിരെത്തല്ലി കെട്ടിയിട്ട ശേഷമാണ് ഉടമസ്ഥന്‍ പൊലീസിലറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.
ദോഹ∙ താലിബാനുമായുള്ള ചരിത്ര കരാറിൽ യുഎസ് ഒപ്പിട്ടു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് യുഎസ് പ്രത്യേക സ്ഥാനപതി സൽമെ ഖാലിൽസാദും താലിബാൻ രാഷ്ട്രീയ മേധാവി മുല്ല അബ്ദുൾ ഘാനി ബറാദറും സമാധാന കരാർ ഒപ്പുവച്ചത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. കരാർ വ്യവസ്ഥകൾ താലിബാൻ പൂർണമായും പാലിച്ചാൽ മാത്രമായിരിക്കും പിന്മാറ്റം.
18 വർഷം അഫ്ഗാനിസ്ഥാനിൽ നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന കരാർ ഒപ്പുവയ്ക്കുന്ന ചരിത്ര മുഹൂർത്തം വീക്ഷിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെത്തന്നെ ദോഹയിൽ എത്തിയിരുന്നു. കരാറിന്റെ തുടർനടപടികളുടെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ കാബൂളിലെത്തി അഫ്ഗാൻ പ്രസിഡന്റിനെ കാണും.
യുഎസുമായി ഇനിയൊരു സൈനിക ഏറ്റുമുട്ടൽ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താലിബാൻ സമാധാന കരാറിലേക്ക് നീങ്ങിയതെന്ന് മൈക് പോംപിയോ പറഞ്ഞു. താലിബാൻ വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ അപ്രസക്തമാകും. ഇതൊരു തുടക്കം മാത്രമാണെന്നും മുന്നോട്ടുള്ള പാത അത്ര എളുപ്പമല്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു (9/11) പിന്നാലെ ഒക്ടോബർ 7നാണ് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി ആരംഭിക്കുന്നത്. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിച്ചു. മൂന്നുനാലു വർഷം ദുർബലമായിക്കിടന്ന താലിബാൻ 2006 മുതൽ ശക്തമായ ആക്രമണങ്ങളുമായി ഭീഷണി ഉയർത്തി.2009ൽ യുഎസ് പ്രസിഡന്റായി ബറാക് ഒബാമ അധികാരമേറ്റതിനു പിന്നാലെ പല ഘട്ടങ്ങളിലായി അഫ്ഗാനിലെ യുഎസ് സൈനികശേഷി വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇത് ഒരു ലക്ഷം സൈനികർ വരെയായിരുന്നു. പിന്നീടാണ് ഇറാഖിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള പിന്മാറ്റ പദ്ധതി ഒബാമ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഇരുരാജ്യങ്ങളിൽനിന്നും യുഎസ് സേന പിന്മാറിയെങ്കിലും കുറച്ചു സൈനികർ (അഫ്ഗാനിൽ 14,000, ഇറാഖിൽ 6000) അതതു രാജ്യങ്ങളിൽ തുടരുന്നുണ്ട്.
അവസാനത്തെ വിദേശ സൈനികനും രാജ്യം വിടാതെ ആയുധം താഴെവയ്ക്കില്ലെന്നു പ്രഖ്യാപിച്ച താലിബാനെ സമാധാനക്കരാറിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഇതിൽ യുഎസിനുള്ള നേട്ടം. ഭീകരരായി പ്രഖ്യാപിച്ചു തങ്ങളെ തുടച്ചുനീക്കാൻ ഒരുമ്പെട്ടവർ ഒടുവിൽ സമാധാനക്കരാറുമായി എത്തിയത് താലിബാന്റെ വിജയവുമാണ്.
കരാർ യാഥാർഥ്യമാകുന്നതിനു പിന്നാലെ വിദേശ സൈനികർ പൂർണമായി രാജ്യം വിടും; പകരം, യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾക്ക് തങ്ങൾ താവളമൊരുക്കില്ലെന്നാണ് താലിബാൻ നൽകുന്ന ഉറപ്പ്. അഫ്ഗാൻ ജയിലുകളിലെ 5000 പേരെ മോചിപ്പിക്കണമെന്ന താലിബാന്റെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നു വ്യക്തമല്ല.
നിലവിൽ ഈ കരാറിൽ അഫ്ഗാൻ ഭരണകൂടം കക്ഷിയല്ല. സമാധാനക്കരാറിനു പിന്നാലെ, താലിബാനും അഫ്ഗാൻ ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് വാതിൽ തുറക്കും. ഇത്, അഫ്ഗാനിൽ സുസ്ഥിര ഭരണകൂടം യാഥാർഥ്യമാകുന്നതിലേക്കു കൂടി നയിക്കുമെന്നാണു ലോകരാജ്യങ്ങളുടെ പ്രതീക്ഷ.
ഒട്ടാവ: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും പത്നി മേഗന്റെയും സുരക്ഷയ്ക്ക് സർക്കാർ ഖജനാവിൽനിന്നു പണം ചെലവഴിക്കില്ലെന്നു കാനഡ വ്യക്തമാക്കി. മാർച്ച് 31നുശേഷം സുരക്ഷയ്ക്കുള്ള പണം സ്വന്തനിലയിൽ കണ്ടെത്തണം.