Latest News

മുംബൈ ∙ അവസരങ്ങളുടെ അസാധ്യകലയാണു രാഷ്ട്രീയമെന്നു തെളിയിച്ച് എൻസിപി നേതാവ് അജിത് പവാർ ‘വീണ്ടും’ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. ഏതാനും ആഴ്ചകൾക്കു മുൻപ് വിമതപ്രവർത്തനം നടത്തി ബിജെപിയുടെ ദേവേന്ദ്ര ഫ്ഡ്നാവിസിന് ഒപ്പവും അജിത് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ശിവസേന– എൻസിപി– കോൺഗ്രസ് സർക്കാരിന്റെ  മന്ത്രിസഭാ വികസനത്തിലാണ് അജിത്തിന് രണ്ടാം നറുക്കു വീണത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെ ഉൾപ്പെടെ 36 പേരാണ് ഇന്നു മന്ത്രിമാരായത്.

അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമെന്നു നേരത്തെതന്നെ റിപ്പോർട്ടുണ്ടായിരുന്നു. അജിത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണ് എൻസിപി ശിവസേനയ്ക്കു മേൽ സമ്മർദം ചെലുത്തിയിരുന്നത്. ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറും നടത്തിയ ചർച്ചയിലാണ് അജിത്തിന്റെ ഉൾപ്പെടെയുള്ളവരുടെ ചുമതല സംബന്ധിച്ചു ധാരണയായത്. എൻസിപിയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം ചേർന്ന അജിത്, ബിജെപി നേതാവ് ദേവേന്ദ്ര ഫ‍ഡ്നാവിസിനൊപ്പം നവംബർ 23നു രാവിലെയാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പരസ്യവോട്ടിലൂടെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു ശേഷം അജിത്തും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മണിക്കൂറുകൾക്കകം രാജിവച്ചു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു എൻസിപി നീക്കി. എന്നാൽ ഉദ്ധവ് താക്കറെ സർക്കാർ അധികാരമേറ്റതിനു പിന്നാലെ അജിത് എൻസിപി പാളയത്തിലേക്കു തിരിച്ചുവന്നു. ‌ശരദ് പവാർ കഴിഞ്ഞാൽ എൻസിപിയിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത്. പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണവും അജിത്തിനാണ്.

ആദ്യം ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ, 70,000 കോടി രൂപയുടെ ജലസേചന അഴിമതിക്കേസുകളിൽ അജിത്തിന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ക്ലീൻ ചിറ്റ് നൽകിയിരുന്നു. അഴിമതി ആരോപിക്കപ്പെട്ട നാളുകളിൽ മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് ക്രിമിനൽ കുറ്റം ചെയ്തതിനു തെളിവില്ലെന്നാണ് എസിബി വ്യക്തമാക്കിയത്. നവംബർ 23നു രാവിലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് 26നു വൈകിട്ടാണ് രാജിവച്ചത്. 25നാണ് അജിത് പവാര്‍ കൂടി ഉള്‍പ്പെട്ട ജലസേചന അഴിമതി കേസുകളില്‍ ഒമ്പതെണ്ണം അവസാനിപ്പിച്ചതായി എസിബി അറിയിച്ചത്.

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. മരണകാരണം കരള്‍രോഗമാണെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍രോഗമുള്ളതിനാല്‍ മദ്യത്തിന്‍റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പിരശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്.

എറണാകുളം സിബിഐ കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സിബിഐ ഏഴു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കലാഭവൻ മണിയുടെ പാടിയിലെ പാർട്ടിയിൽ പങ്കെടുത്തവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനാ റിപ്പോർട്ടിൽ ദുരൂഹതയില്ലെന്നും സിബിഐ പറഞ്ഞു.

കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയാൻ തുടങ്ങുന്നതായി സൂചന. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം കണ്ടാൽ മുഖ്യമന്ത്രിസ്ഥാനം കൈപ്പിടിയിൽ ഒതുക്കാനുള്ള തയ്യാറെടുപ്പാണ് ഈ മാറിമറിയലിന് പിന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കരുക്കൾ നീക്കി തുടങ്ങുന്നത്. ഇവർ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യത്തിന്റെ പ്രതിഫലനമാണ് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള നിലപാടിലും കണ്ടതെന്നാണ് കരുതപ്പെടുന്നത്.

മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാൻ തുടങ്ങുന്നു എന്ന സൂചനകൾ ലഭിച്ചതോടെയാണ് എ ഗ്രൂപ്പിൽ മാറ്റങ്ങൾക്ക് തുടക്കമായത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാനും, ടി.എൻ പ്രതാപനും മുല്ലപ്പളി പക്ഷത്തേക്ക് ചുവടുമാറ്റം നടത്താൻ ഒരുങ്ങുകയാണെന്നും സൂചനകളുണ്ട്. പാർട്ടിയിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്നാണ് വിവരം.മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിക്കൊണ്ട് കോൺഗ്രസിന്റെ കേരള ഘടകത്തിൽ ശക്തമായ അടിത്തറ സൃഷ്ടിക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമം.

അതേസമയം കോൺഗ്രസ് താത്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ചകൾ നടത്തിയാണ് രമേശ് ചെന്നിത്തല നീക്കങ്ങൾ നടത്തുന്നത്. മുല്ലപ്പള്ളിയുടെ ചുവടുവയ്പ്പുകളെ ഉമ്മൻ ചാണ്ടിയും ജാഗ്രതയോടെയാണ്‌ വീക്ഷിക്കുന്നത്. ഭരണപക്ഷവുമായി ചേർന്ന് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം സമരം ചെയ്തതിനെ എതിർത്ത മുല്ലപ്പള്ളിയുടെ നിലപാടിനെ ഉമ്മൻ ചാണ്ടി തള്ളിയത് ഈ കാരണം കൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പാർട്ടിയിലെ ജനപ്രതിനിധികൾ തന്നെ പാർട്ടി ഭാരവാഹികളായി തുടരുന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി നേതൃസ്ഥാനങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഇത് ഗ്രൂപ്പ് പോരിന് വഴിവക്കുമെന്ന് കണ്ട് കോൺഗ്രസ് നേതൃത്വം മടിച്ചു നിൽക്കുകയാണ്. ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടും ടി.എം. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവർ ഇപ്പോഴും പാർട്ടി ഭാരവാഹികളാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും ടി.ജെ. വിനോദും എറണാകുളം ഡി.സി.സി. അദ്ധ്യക്ഷ സ്‌ഥാനത്തുണ്ട്.

പൊലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ ഗിരിതയുടെ മുഖത്ത് കുറ്റബോധം ലവലേശം ഉണ്ടായിരുന്നില്ല. ഇരുവശവും കാവലൊരുക്കിയാണ് പൊലീസ് വെണ്ടാർ ആമ്പാടിയിൽ വീട്ടിലേക്ക് തെളിവെടുപ്പിനായി ഗിരിതയെ കൊണ്ടുവന്നത്. സംഭവം അറിഞ്ഞ് അയൽക്കാരും ബന്ധുക്കളുമടക്കം നൂറുകണക്കിന് ആളുകൾ പാഞ്ഞെത്തി. പൊലീസ് വലയത്തിനുള്ളിൽ നിൽക്കുന്ന ഗിരിതയുടെ മുഖത്തേക്ക് നോക്കി അവർ ഉറക്കെ അസഭ്യം പറഞ്ഞു. എന്നിട്ടും ആ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. മുറ്റത്ത് നിന്ന് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലെടുത്തത് മുതൽ കൊലപാതകം വരെയുള്ള കാര്യങ്ങൾ ഒരു കൂസലുമില്ലാതെ വിവരിച്ചു.

2012 മേയ് 5നായിരുന്നു വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ബിമൽകുമാറുമായുള്ള വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ അമ്മായിഅമ്മ രമണിഅമ്മയുമായി (66) സ്വരച്ചേർച്ചയില്ലാതായി. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ബിമൽകുമാറിന് കേബിൾ ടി.വിയുമായി ബന്ധപ്പെട്ട ജോലിയുമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ മിക്കപ്പോഴും ഏറെ വൈകിയാണ് ബിമൽ വീട്ടിൽ എത്തിയിരുന്നത്. അപ്പോഴൊക്കെ രമണിഅമ്മയും ഗിരിതയും തമ്മിൽ വഴക്കായിരുന്നു. മദ്ധ്യസ്ഥതയ്ക്ക് ഓടിയെത്താറുള്ള അയൽക്കാരനായ യുവാവുമായി ഗിരിത അടുപ്പത്തിലായത് പെട്ടെന്നാണ്. ആ അടുപ്പം വളർന്നു. ഇത് രമണിഅമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്നം വഷളായി. 2015ൽ വയനാട്ടിലേക്ക് ബിമൽകുമാറിനൊപ്പം ഗിരിത മക്കളുമൊന്നിച്ച് താമസം മാറി. മൂത്ത മകളെ നവോദയ വിദ്യാലയത്തിൽ ചേർത്തു. അവിടെ താമസിച്ചുവരുമ്പോൾ നാട്ടിൽ വീടുപണി തുടങ്ങി. ബിമൽകുമാർ ഇടയ്ക്ക് വീടുപണിക്ക് മേൽനോട്ടം വഹിക്കാൻ വരുമ്പോഴും ഗിരിതയെ കൊണ്ടുവന്നില്ല.

കുടുംബ വീടിനോട് ചേർന്ന് ഗിരിതയുടെ പേരിലുള്ള ഭൂമിയിൽ വീട് വയ്ക്കാനാണ് തീരുമാനിച്ചത്. അവിടെ വീട് വച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തു. 2019 മേയിൽ ബിമലിനൊപ്പം ഗിരിതയും മക്കളും നാട്ടിൽ തിരികെ എത്തിയപ്പോഴാണ് തന്റെ ഭൂമിയിലല്ല വീട് വച്ചതെന്ന സത്യം ഗിരിത മനസിലാക്കിയത്. കുടുംബ വീട് പൊളിച്ച ശേഷം അവിടെയാണ് പുതിയ വീട് നിർമ്മിച്ചത്. പാലുകാച്ച് ചടങ്ങ് നടന്ന അന്നുമുതൽ രമണിഅമ്മയുമായി വഴക്കായി. അപ്പോഴും മദ്ധ്യസ്ഥ വേഷത്തിൽ അയൽക്കാരനായ യുവാവെത്തി.

ഡിസംബർ 11ന് ഉച്ചയൂണിനുശേഷം മുറിയിൽ അർദ്ധ മയക്കത്തിലായിരുന്നു രമണിഅമ്മ. ഗിരിത കൊലപാതകത്തിനായി മനസ് പാകപ്പെടുത്തി. മുറ്റത്ത് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് തീരുമാനിച്ചത്. ഒൻപത് കിലോവരുന്ന കല്ല് എടുത്തു. ഗ്യാസ് സ്റ്റൗവിന് മുകളിൽ ഉണ്ടായിരുന്ന ബിഗ്ഷോപ്പറെടുത്ത് കല്ല് അതിനുള്ളിലാക്കി. വീശിയടിക്കാൻ അതാണ് നല്ലതെന്ന് തോന്നി. അടുക്കള വാതിൽ അടച്ച് കുറ്റിയിട്ടു. കല്ലിട്ട ബിഗ്ഷോപ്പറുമായി ഗിരിത മുറിയിലേക്ക് കടന്നുവരുമ്പോൾ കണ്ണ് പകുതി തുറന്ന് അർദ്ധ മയക്കത്തിലായിരുന്നു രമണിയമ്മ. കല്ലുകെട്ടിയ ബിഗ്ഷോപ്പർ കൊണ്ട് രമണിയമ്മയുടെ തല ലക്ഷ്യമാക്കി ഒറ്റയടി.

അടിയേറ്റ് രമണിയമ്മ നിലവിളിയോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. മുറിയിലുള്ള മറ്റൊരു കട്ടിലിലേക്ക് കല്ലടങ്ങിയ ബിഗ്ഷോപ്പർ വച്ച ശേഷം രമണിയമ്മയെ കുത്തിപ്പിടിച്ചു കിടത്തി. വീണ്ടും കല്ലെടുത്ത് രണ്ടുതവണകൂടി അടിച്ചു. അപ്പോഴേക്കും പുറത്തുണ്ടായിരുന്ന പണിക്കാരും അയൽക്കാരും ബന്ധുക്കളുമൊക്കെ ഓടിയെത്തി കതക് ചവിട്ടിപ്പൊളിച്ചു. തലച്ചോർ തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന രമണിഅമ്മയെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുത്തൂർ പൊലീസ് പാഞ്ഞെത്തി ഗിരിതയെ അറസ്റ്റ് ചെയ്തു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് രമണിഅമ്മ മരിച്ചത്. കൊലപാതകത്തിൽ അയൽവാസിയായ കാമുകന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കാമുകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുമുള്ള രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദ് ആന്റണി ചുള്ളിക്കലും അബ്‌ദുൾ റഹീമും. കൊച്ചി സ്വദേശിയായ നിവേദും, ആലപ്പുഴ സ്വദേശിയായ അബ്‌ദുൾ റഹീമും ബംഗളുരു ചിന്നഹനപള്ളിയിൽ വച്ചാണ് വിവാഹിതരായത്. അഞ്ച് വർഷക്കാലമായി ഇവർ രണ്ടുപേരും പ്രണയത്തിലായിരുന്നു. നീല ഡിസൈനർ ഷെർവാണി ധരിച്ചുകൊണ്ടെത്തിയ ഇവരുടെ വിവാഹം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടന്നത്. പാശ്ചാത്യ രീതിയിൽ നടന്ന വിവാഹത്തിൽ രണ്ടുപേരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

പരസ്പരം മോതിരങ്ങൾ ധരിപ്പിച്ച ശേഷം നിവേദും ആന്റണിയും പരസ്പരം ചുംബിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. കേരളത്തിൽ നിന്നുമുള്ള ആദ്യ ഗേ ദമ്പതികളായ സോനുവിന്റെയും നികേഷിന്റെയും വിവാഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇവരും വിവാഹം ചെയ്തത്. ബംഗളുരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലയന്റ് കൊ-ഓർഡിനേറ്റർ ആയാണ് നിവേദ് ജോലി ചെയ്യുന്നത്. റഹീമാകട്ടെ യു.എ.ഇയിൽ ടെലിഫോൺ എൻജിനീയറാണ്. തന്റെ വളർത്തുമകളും ട്രാൻസ്ജൻഡറുമായ നയനയാണ് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിയതെന്ന് നിവേദ് പറയുന്നു.

ഓസ്ട്രേലിയയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാത പിടയുന്ന കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ അച്ഛനമ്മമാരിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ വാങ്ങി. ശേഷം പ്രാഥമിക ശുശ്രൂഷ നൽകി.

ജാസൺ ലീ എന്ന സർജെന്റാണ് കുഞ്ഞിനെ വാങ്ങി പ്രഥമ ശുശ്രൂഷ നൽകിയത്. പ്രഥമ ശുശ്രൂഷ നൽകി കുറച്ചു നിമിഷങ്ങൾക്കകം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിച്ചു പോവുകയും, കുഞ്ഞ് സ്വാഭാവിക രീതിയിൽ ശ്വസിക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞ് നോർമൽ ആയതോടെ അദ്ദേഹം കുഞ്ഞിനെ അച്ഛന്റെ കൈയിൽ തിരികെയേൽപ്പിച്ചു

ദമ്പതികൾ കൈക്കുഞ്ഞിനെയുമെടുത്ത് പൊലീസ് സ്റ്റേഷനിൽ ഓടിക്കയറുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ഫൂട്ടേജിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലായി.

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയ ഒരു ഗർഭിണിയടക്കം 31 കുടിയേറ്റക്കാരെ ഫ്രഞ്ച് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 49 കുടിയേറ്റക്കാരെ കഴിഞ്ഞ ബോക്സിംഗ് ദിനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘത്തെ കണ്ടെത്തുന്നത്.

ആദ്യം രണ്ടു കുട്ടികളടക്കം 11 പേരെയാണ് കലൈസിനടുത്തുള്ള തീരത്തുവെച്ച് കണ്ടെത്തിയിരുന്നത്. പിന്നീട് അവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഡങ്കിർക്കിനടുത്തുവെച്ച് ബാക്കി 20 പേരെക്കൂടി കണ്ടെത്തുകയായിരുന്നു. 31 പേരേയും ഫ്രഞ്ച് തുറമുഖത്തേക്ക് കൊണ്ടുപോവുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

രക്ഷപ്പെടുത്തിയവരിൽ പലര്‍ക്കും ഹൈപ്പോഥെർമിയക്ക് ചികിത്സ നല്‍കുന്നുണ്ട്. അതിനിടെ , ഇറാനിൽ നിന്നുള്ളതാണെന്ന് കരുതുന്ന 10 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു സംഘത്തേയും കെന്റ് തീരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവരെയും ബോർഡർ ഫോഴ്‌സ് ബോട്ടുകൾ കരയ്ക്കെത്തിച്ചുവെന്നാണ് വിവരം. അടുത്തിടെ നിരവധി കുടിയേറ്റക്കാരെ ഫ്രാന്‍സിന്‍റെ തീരത്തുനിന്നും പിടികൂടിയിട്ടുണ്ട്.

ചെറു ബോട്ടുകളിലായി ഈ വർഷം യു.കെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,800 ൽ കൂടുതലാണെന്നാണ് നിഗമനം. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ തീരത്ത് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഫ്രഞ്ച് ബീച്ചുകളിൽ പട്രോളിംഗ് ഇരട്ടിയാക്കിയതായും, ഡ്രോണുകൾ, സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ എന്നിവ അടക്കം അത്യാധുനികമായ പല ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിന്‍റെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

‘അനധികൃത കുടിയേറ്റം ഒരു ക്രിമിനൽ കുറ്റമാണ്. നിയമവിരുദ്ധമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും യാത്രകൾക്ക് സൗകര്യമൊരുക്കുന്ന കുറ്റവാളികളും എല്ലാം നിയമം ലംഘിക്കുകയും ജീവിതം അപകടത്തിലാക്കുകയുമാണ് ചെയ്യുന്നത്’ എന്ന് അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. എന്നാല്‍ ജെറമി കോർബിനെ നേരിട്ട് വിമർശിക്കാതെ ‘പുരോഗമന ദേശസ്നേഹ’ വാഗ്ദാനവുമായി റെബേക്ക ലോംഗ്-ബെയ്‌ലി ലേബർ നേതൃത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ് നടത്തിയിരിക്കുകയാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെച്ച ‘ഒത്തുതീര്‍പ്പ് പരിഹാരം’ ഫലപ്രദമായില്ല എന്ന ഭാഗികമായ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്.

സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലോംഗ്-ബെയ്‌ലി വ്യക്തമാക്കി. ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ റെയ്‌നര്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായും, സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും നേരത്തേ പ്രഖ്യാപച്ചിരുന്നു. എമിലി തോൺബെറി, ക്ലൈവ് ലൂയിസ് എന്നിവര്‍ പാര്‍ട്ടീ നേതൃ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് എംപിമാർ കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ഈ മാസം 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ്‌ ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ടി വന്‍ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. 650-ല്‍ 364 സീറ്റുകളുടെ വമ്പന്‍ വിജയമാണ് അവര്‍ കരസ്ഥമാക്കിയത്. അതോടെയാണ് ലേബര്‍ പാട്ടി നേതാവ് കോര്‍ബിന്‍റെ നില പരുങ്ങലിലായത്. ‘കനത്ത തോല്‍വിയാണ് നേരിട്ടത്. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഉടനെ പുതിയ നേതാവുണ്ടാകും. ആര് നേതാവായാലും ലേബര്‍ പാര്‍ട്ടി ലോക സമാധാനത്തിനും സമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും’ എന്ന് കോര്‍ബിന്‍ പറഞ്ഞിരുന്നു. പുതിയ നേതാവിനെ കണ്ടെത്തുന്നത്വരെ അദ്ദേഹംതന്നെ തല്‍ സ്ഥാനത്ത് തുടരും. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ പുറത്തെത്തിക്കുമെന്ന്‌ ബോറിസ്‌ ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ജനുവരി ഒന്നുമുതൽ എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനമാണ് പുതിയ രീതി.

വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി.

ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്ബറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്ബോൾ ഈ സംവിധാനമുണ്ടാകില്ല.

പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും.

10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.

ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളുള്‍പെടെ ആറ് പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. മാരുതി എര്‍ട്ടിഗ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിക്ക് സമീപം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്.

കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞും വായുവിലെ പൊടിപടലങ്ങളും കാരണം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയില്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved