Latest News

വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈത്തിരി സ്വദേശിനിയായ യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ മരണത്തില്‍ പ്രാദേശീക രാഷ്ട്രീയ നേതാവിന്റെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭർത്താവിന് കഴിഞ്ഞ ദിവസം മർദനമേറ്റിരുന്നു.

കഴിഞ്ഞ ഒക്ടോബർ 21ന് വൈത്തിരിയിലെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സക്കീനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും ചുണ്ടിലെ മുറിവിന്‍റെ കാരണം വ്യക്തമല്ല.

ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒരാഴ്ച മുമ്പ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ മുറിവിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെകുറിച്ച് ഇനി പരിശോധിക്കുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്‍കുന്ന മറുപടി.

വടക്കന്‍ മെക്‌സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് വീണ് മരിച്ചു. 31 വയസായിരുന്നു. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളുമുണ്ടായിരുന്നു.

900 മീറ്ററോളം ഗോബ്രൈറ്റ് കയറിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

ഇരുവരും താഴേക്ക് പോയെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്‌സണ്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പാറയുടെ തള്ളി നില്‍ക്കുന്ന ഭാഗത്തിലേക്ക് ചാടി നില്‍ക്കാന്‍ സാധിച്ചതിനാല്‍ ആണ് രക്ഷപ്പെട്ടത്.കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. എന്നാല്‍ ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് ഇദ്ദേഹം മരിച്ചത്.

യുവൻ നടൻ ഷെയിൻ നിഗമിനെ മലയാള സിനിമയിൽ നിന്ന് വിലക്കിയ നിർമ്മാതാക്കളുടെ സംഘടനയുടെ നടപടിയെ വിമർശിച്ച് താരം. വെയില്‍ സിനിമയുടെ ചിത്രീകരണത്തിനെ താൻ നേരിട്ടത് സംവിധായകനില്‍ നിന്നുള്‍പ്പെടെ നിരവധി അധിക്ഷേപങ്ങളാണെന്നും അതിന് മുടി മുറിച്ചെങ്കിലും പ്രതിഷേധിക്കണ്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിരകണം. ഓൺലൈൻ മാധ്യമമായ ദി ക്യൂവിന് നൽകിയ വിഡിയോ അഭിമുഖത്തിലായിരുന്നു ഷെയിനിന്റെ പ്രതികരണം.

ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ടെന്ന ആരോപിച്ച അദ്ദേഹം ‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടുമോ’ എന്നും ചോദിക്കുന്നു. വിവാദത്തിന് തുടക്കമിട്ട ജോബി ജോര്‍ജ് നിര്‍മ്മിച്ച് ശരത് മേനോന്‍ സംവിധാനെ ചെയ്യുന്ന വെയില്‍ എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം മുൻപ് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും ഷെയിൻ പറയയുന്നു. ഈ സമയത്ത് വിലക്കോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കളില്‍ ചിലര്‍ ഉറപ്പ് നല്‍കിയിരുന്നു. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് എഴുതി വാങ്ങിയിരുന്നതായും ഷൈന്‍ അഭിമുഖത്തില്‍ ആരോപിച്ചു.

നിര്‍മ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു. വിലക്ക് ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് രേഖാമൂലം ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. വിവാദങ്ങൾക്കും ഒത്തു തീർപ്പ് ചർച്ചയ്ക്കും ശേഷം വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരണത്തില്‍ സഹകരിച്ചു. അഞ്ച് ദിവസം രാത്രിയും പകലുമായിരുന്നു ചിത്രീകരണം. ഈ സമയത്ത് മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനില്‍ നിന്ന് പോയത്. വലിയ പെരുന്നാള്‍ എന്ന സിനിമ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഈ നടപടികൾക്കെല്ലാം പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്നാണ് താൻ കരുതുന്നതെന്നും ഷൈന്‍ വ്യക്തമാക്കുന്നു.

തനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യും. താന്‍ ഇത് വരെ ഒരു സിനിമയും പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഷെയിന്‍ നിഗം പറയുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞാണ് ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് നിർ‌മ്മാതാക്കളുടെ സംഘ‍‍ടന രംഗത്തെത്തിയത്. കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അവർ ഇക്കാര്യം അറിയിച്ചത്. ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു വാർത്താ സമ്മേളനത്തിൽ സംസാരിച്ച നിർ‌മാതാക്കൾ ഉയർത്തിയത്. പുതുതലമുറയിൽപെട്ട താരങ്ങളിൽ മയക്ക് മരുന്ന ഉപയോഗം വരെ കൂടുന്നെന്ന തരത്തിലും അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിർമ്മാതാക്കൾ ആരോപണം ഉയർത്തി.

സിനിമയിലെ ചിലരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ നിർ‌മ്മാതാക്കൾ വിഷയത്തിൽ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലൊക്കേഷനിൽ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നു പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പത്രസമ്മേളനം. ‘കഞ്ചാവ് മാത്രമല്ല ലഹരിമരുന്നെന്നു പറയുന്നത്. കഞ്ചാവ് പുകച്ചാൽ അതിന്റെ മണംകൊണ്ടു തിരിച്ചറിയാൻ കഴിയും. ഇവർ ഉപയോഗിക്കുന്നത് എൽ.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് ഞങ്ങൾ സംശയിക്കുന്നു. മയക്കുമരുന്ന് ഉപയോഗിച്ചാൽ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നത്’- നിർമാതാക്കൾ പറയുന്നു.

ടീം ഇന്ത്യക്ക് എല്ലാ ഫോര്‍മാറ്റുകളിലും വിജയം നേടി തന്ന ക്യാപ്റ്റനായിരുന്നു എംഎസ് ധോണി. നാട്ടിലും വിദേശത്തും എതിരാളികള്‍ക്കെതിരെ ഏത് ഫോര്‍മാറ്റിലും ജയിക്കാനാകുമെന്ന് ഇന്ത്യയെ ശരിക്കും വിശ്വസിപ്പിച്ചത് ധോണിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത റെക്കോര്‍ഡ് ഇതിന് തെളിവാണ്. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ലോകമെമ്പാടും വലിയ വിജയം നേടി. രാജ്യം കണ്ട ഏറ്റവും മികച്ച നായകനാണ് ധോണി. ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ തുടര്‍ച്ചയായ പരമ്പരകള്‍ നേടി 2009 ല്‍ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി. 2007 ടി 20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കെ കരിയറില്‍ ഒരിക്കലും മറക്കാത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് മനസു തുറന്ന് ഇന്ത്യന്‍ മുന്‍ നായകന്‍. ആദ്യത്തേത് 2007ലെ ടി20 ലോകകപ്പ് വിജയത്തിനുശേഷമായിരുന്നുവെന്ന് ധോണി പറഞ്ഞു. കിരീടവുമായി ഇന്ത്യയിലെത്തിയശേഷം മുംബൈ മറൈന്‍ ഡ്രൈവിലൂടെ ഓപ്പണ്‍ ബസില്‍ കാണികളെ അഭിവാദ്യം ചെയ്ത് യാത്ര ചെയ്ത സംഭവമാണ് ഒന്നാമത്തേത്. റോഡിനിരുവശവും ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.

ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങി ഞങ്ങളെ അഭിവാദ്യം ചെയ്യുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷമുണ്ടായിരുന്നു. ചിരിയുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവില്ല ആ മുഹൂര്‍ത്തമെന്ന് ധോണി പറഞ്ഞു. ‘എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. കാരണം, ജനക്കൂട്ടത്തില്‍ ധാരാളം ആളുകള്‍ ഉണ്ടായിരിക്കാം, അവര്‍ക്ക് അവരുടെ ഫ്‌ലൈറ്റുകള്‍ നഷ്ടമായിരിക്കാം, ഒരുപക്ഷേ അവര്‍ പ്രധാനപ്പെട്ട ജോലികള്‍ക്കായി പോകുന്നുണ്ടാകാം. ഒരു തരത്തിലുള്ള സ്വീകരണം, ഞങ്ങള്‍ക്ക് ലഭിച്ചു, മറൈന്‍ ഡ്രൈവ് മുഴുവന്‍ ഒരു അറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് നിറഞ്ഞിരുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓര്‍മ്മയില്‍ നില്‍ക്കുന്ന രണ്ടാമത്തെ സംഭവമായി ധോണി പറയുന്നത് 2011 ഏകദിന ലോകകപ്പ് ഫൈനല്‍ ആയിരുന്നു. ലോകകപ്പ് ജയത്തിലേക്ക് 15-20 റണ്‍സ് വേണ്ടപ്പോള്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ കാണികള്‍ മുഴുവന്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ ഒരേ സ്വരത്തില്‍ വന്ദേ മാതരം പാടിയതായിരുന്നു. ഇവ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. അതിനാല്‍ തന്നെ ഈ രണ്ട് സംഭവങ്ങളും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ധോണി പറഞ്ഞു.

അവരുടെ സ്വപ്ന ഭവനം പണിയുമ്പോൾ ആളുകൾക്ക് വ്യത്യസ്ത ആശയങ്ങളുണ്ട്. ചിലർ സുഖകരവും ചെറുതുമായ ബംഗ്ലാവുകൾ തിരഞ്ഞെടുക്കുന്നു, മറ്റുള്ളവർ ആഡംബര മാളികകൾ തിരഞ്ഞെടുക്കുന്നു. എന്നിരുന്നാലും, പരമ്പരാഗത വാസ്തുവിദ്യ ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒന്ന് നിർമ്മിക്കാൻ തീരുമാനിക്കുന്ന ചുരുക്കം ചിലരുണ്ട്, ഉദാഹരണത്തിന്, ഒരു കണ്ടെയ്നർ വീട്. അതാണ് ഡിസൈനർ വില്‍ ബ്രൂക്സിവിൽ ചെയ്തത്, ഇപ്പോൾ അദ്ദേഹം ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്ന് മാത്രം നിർമ്മിച്ച ഒരു വീടിന്റെ അഭിമാന ഉടമയാണ്.

ഹ്യൂസ്റ്റണിലെ മക്ഗൊവൻ തെരുവിലാണ് അദ്ദേഹത്തിന്റെ പുതിയ വീട്. ഉടമസ്ഥന്റെ അഭിപ്രായത്തിൽ, അദ്ദേഹത്തിന്റെ 11 കണ്ടെയ്നർ വീട് ഇത്തരത്തിലുള്ള ഏറ്റവും വിപുലമായ ഘടനയാണ്.
മേൽക്കൂരയുള്ള ഒരു ഡെക്ക് ഉപയോഗിച്ച് മൂന്ന് നിലകളുള്ള ഒരു വീട് സൃഷ്ടിക്കാൻ കണ്ടെയ്നറുകൾ പരസ്പരം അടുക്കിയിരിക്കുന്നു.

2000 കളുടെ തുടക്കം മുതൽ സ്വന്തമായി ഒരു വീട് പണിയാൻ ബ്രൂക്സിന് ആഗ്രഹമുണ്ടായിരുന്നു, എന്നിരുന്നാലും, താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വീട് രൂപകൽപ്പന ചെയ്യുന്ന ഒരാളെ കണ്ടെത്താൻ അദ്ദേഹം വളരെക്കാലം പാടുപെട്ടു, അതിനാൽ ബ്രൂക്സ് അത് സ്വയം ചെയ്യാൻ തീരുമാനിച്ചു.

“ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിക്കുന്ന പ്രോജക്ടുകൾ ഞാൻ കണ്ടുതുടങ്ങി. ആത്യന്തികമായി, ഒരു വീട് നിർമ്മിക്കുന്ന കുടുംബമുള്ള ഒരു ഡിസൈനറെ 3 നിലകളുള്ള ഒരു ഷോ ഹോബ്സ് രൂപകൽപ്പന ചെയ്യാൻ നിയോഗിച്ചു. മാസങ്ങളോളം ചുറ്റിക്കറങ്ങിയ ശേഷം, ഒടുവിൽ എനിക്ക് ആ ഗ്രൂപ്പിനെ ഓടിച്ചു വിടേണ്ടി വന്നു , കാരണം അവർ എനിക്ക് ആവശ്യമുള്ളത് നൽകാൻ തയ്യാറായില്ല. അങ്ങനെ, എന്റെ സ്വന്തം വീട് രൂപകൽപ്പന ചെയ്യാനുള്ള യാത്ര 2011 ൽ ആരംഭിച്ചു, ”ആ മനുഷ്യൻ തന്റെ ബ്ലോഗിൽ എഴുതി.

വർഷങ്ങൾക്കു ശേഷം ഒരു കണ്ടെയ്നർ വീട് എന്ന ആശയം ബ്രക്സിന് ലഭിച്ചു.അതിന്റെ പിന്നിലുള്ള ആശയം വളരെ ലളിതമാണ്.

“ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ശക്തവും അഗ്നിരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതും ചുഴലിക്കാറ്റ് പ്രതിരോധശേഷിയുള്ളതും പൊതുവായ സ്വഭാവസവിശേഷതകളുമാണ്,” ബ്രക്സ് വിശദീകരിക്കുന്നു.

എന്നിരുന്നാലും, ഒരു പ്രൊഫഷണൽ ബിൽഡർ അല്ലാത്ത ഈ മനുഷ്യന് തന്റെ സ്വപ്ന ഭവനം പണിയാൻ എന്ത് ചെയ്യുമെന്ന് അറിയില്ലായിരുന്നു. എന്നാൽ എന്ത് വേണമെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

വീടിന്റെ 3 ഡി സ്കെച്ച് സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. ഷിപ്പിംഗ് കണ്ടേനറുകളിൽ നിന്ന് ഒരു വീട് നിർമ്മിക്കുന്നതിനെക്കുറിച്ച് എല്ലാം പഠിക്കാൻ വളരെ മണിക്കൂറുകൾ ചെലവഴിച്ചതിന് ശേഷം, 2,500 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ അഭിമാന ഉടമയാണ് ബ്രക്സ്. ഇപ്പോൾ വീട് ഏതാണ്ട് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു,

സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്.

പ്രശ്നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയിന്‍ ‘അമ്മ’യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും ‘അമ്മ’യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയിനിന്റെ വിഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകും. ഷെയിന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

കണ്ണു നനയിച്ച കലാപ്രകടനം കണ്ടപ്പോൾ അഭിനന്ദനത്തിൽ പ്രതികരണമൊതുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ തയാറായില്ല. കീശയിൽനിന്ന് പഴ്സ് കയ്യിലെടുത്തു. ഉണ്ടായിരുന്ന നോട്ടുകളെല്ലാം എടുത്തു. ഒപ്പമിരുന്ന ഐജി എസ്. ശ്രീജിത്തിനോടും ഡിഐജി എസ്. സുരേന്ദ്രനോടും കയ്യിലുള്ളതു ‘ഷെയർ’ ചെയ്യാമോ എന്നു ചോദിച്ചു. സസന്തോഷം അവർ പണമെടുത്തു നൽകി. മേലുദ്യോഗസ്ഥരുടെ മാതൃക അതേപടി എസ്പി ദിവ്യ വി. ഗോപിനാഥ് അടക്കമുള്ളവർ പകർത്തിയപ്പോൾ നിമിഷങ്ങൾക്കകം പിരിഞ്ഞു കിട്ടിയത് 20,000 രൂപ!
കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് എതിരെ പൊലീസ് സംഘടിപ്പിച്ച ‘കുഞ്ഞേ, നിനക്കായ്’ ബോധവൽക്കരണത്തിന്റെ ഭാഗമായി ശക്തൻ തമ്പുരാൻ കോളജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് നൃത്തശിൽപം അവതരിപ്പിച്ചത്. കലാപ്രകടനം കണ്ടു മനസ്സു നിറഞ്ഞപ്പോഴാണ് ഉടനൊരു പാരിതോഷികം നൽകാമെന്നു ഡിജിപി തീരുമാനിച്ചത്. 10,000 രൂപ വീതം ഇരു സംഘങ്ങൾക്കും സമ്മാനിച്ചു.

ഇടുക്കി കീരിത്തോട്ടിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് സ്വദേശി അജിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുരിക്കാശ്ശേരി മാർ സ്ലീബ കോളേജിലെ വിദ്യാർത്ഥിയായ അജിലിനെ കോപ്പി അടിച്ചെന്ന പേരിൽ കോളേജിൽ നിന്ന് ഡീബാർ ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് അജില്‍ ആത്‍മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

മുംബൈ: മഹാരാഷ്ട്രയുടെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ‍ചെയ്തു. ശിവാജി പാർക്കിൽ വൻ ജനാവലിയെ സാക്ഷിനിർത്തി ഗവ‍ർണ‌ർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ശിവസേന ജന്മംകൊണ്ട ശിവാജി പാർക്കിൽ ബാൽ താക്കറെയുടെ ശവകുടീരത്തെ സാക്ഷിയാക്കിയാണ് മകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തത്. അങ്ങനെ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ഉദ്ധവ്. ത്രികക്ഷി സഖ്യത്തിലെ ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ശരത് പവാറും സുപ്രിയ സുളെക്കുമൊപ്പം അജിത് പവാറും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

സുപ്രധാനമായ ഒരു രാഷ്ട്രീയ വഴിത്തിരിവിലൂടെ ശിവസേന – എൻസിപി – കോൺഗ്രസ് സർക്കാർ മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനത്ത്, അതും ബിജെപിക്ക് തിരിച്ചടി നൽകിക്കൊണ്ട് അധികാരമേൽക്കുമ്പോൾ, അത് കാണാൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയോ രാഹുൽ ഗാന്ധി എംപിയോ എത്തിയില്ല. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജിയും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല.

26കാരിയായ യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു. തെലങ്കാന ഷാദ്ർനഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് പ്രിയങ്ക ജോലി ചെയ്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോരവെ ഷാദ്‍നഗറില്‍ വെച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്‍റെ ടയര്‍ പഞ്ചറായിരുന്നു. ടയര്‍ നന്നാക്കി കൊടുക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തു.

സഹോദരിയായ ഭവ്യക്ക് ഫോണ്‍ ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറയുന്നുണ്ട്. കുറച്ച് ദൂരം പോയാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. എന്നാല്‍, വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പ്രിയങ്ക എത്തിയില്ല.

പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവര്‍ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്കയുടെ വാഹനവും കാണാതായി. കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Copyright © . All rights reserved