Latest News

ലോക സമുദ്രങ്ങളിലെ ചൂട് 2019-ൽ പുതിയ റെക്കോർഡിലെത്തിയതായി റിപ്പോര്‍ട്ട്. ആഗോള താപനത്തിന് പ്രധാന കാരണക്കാരായ ഹരിതഗൃഹ വാതകകങ്ങളുടെ 90% ത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ/ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു.

പുതിയ വിശകലനപ്രകാരം സമുദ്രത്തിൽ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ച് വർഷമാണ് കഴിഞ്ഞു പോകുന്നത്. ഭൂമിയിലെ ഓരോ വ്യക്തിയും പകലും രാത്രിയും 100 മൈക്രോവേവ് ഓവനുകൾ പ്രവർത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ചൂടാണ് സമുദ്രങ്ങള്‍ ഓരോ ദിവസവും ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ താപനിലകൂടിയാല്‍ അത് ശക്തമായ കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുകയും, ജലചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ എന്നിവക്കു പുറമേ സമുദ്രനിരപ്പ് ഉയരുന്നതടക്കമുള്ള മാരകമായ പ്രത്യാഘാതങ്ങളാണ് ജന്തു ലോകത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍വരെ ഉണ്ടായ വെള്ളപ്പൊക്കവും, യൂറോപ്പിലെ ഉഷ്ണക്കാറ്റും, ഓസ്ട്രേലിയയില്‍ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത കാട്ടുതീയും അതിന് ഉദാഹരണമാണ്.

‘പേടിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നതെന്നും, ഭൂമി എത്ര വേഗത്തിലാണ് ചൂടാകുന്നതെന്നത് ശെരിക്കും കാണിച്ചു തരുന്നത് സമുദ്രങ്ങളാണെന്നും’ യുഎസിലെ മിനസോട്ടയിലെ സെന്റ് തോമസ് സർവകലാശാലയിലെ പ്രൊഫസർ ജോൺ അബ്രഹാം പറയുന്നു. ഒരു ദശകത്തിനിടെ സമുദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂടായ വര്‍ഷംകൂടിയാണ് 2019 എന്നും, മനുഷ്യ നിര്‍മ്മിത ആഗോളതാപനം നിര്‍പാദം തുടരുന്നതിന്‍റെ അനന്തരഫലമാണ് അതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കണക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള സമുദ്ര ഡാറ്റ ഉപയോഗിച്ചുകൊണ്ടാണ് പഠനം നടത്തിയത്. അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസസ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. ഇത്തവണ അതി ശൈത്യമെത്താന്‍ അല്‍പം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയാരംഭിച്ചതോടെ സഞ്ചാരികളും ഇവിടേയ്ക്ക് എത്തിത്തുടങ്ങി. വിദേശ സഞ്ചാരികളും, ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ മൂന്നാറിലേയ്ക്ക് എത്തുന്നത്. താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറിന്റെ കുളിരുതേടി സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ ഒരാഴ്ച്ചയായി മൈനസില്‍ താഴെയാണ് താപനില. മഞ്ഞില്‍ കുളിച്ച മൂന്നാറിന്റെ കാഴ്ച്ചകളിലേയ്ക്ക്.

മൂന്നാര്‍ സെവന്‍മല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സെവന്‍മല, നല്ലതണ്ണി എന്നിവടങ്ങളില്‍ പുലര്‍ച്ചെ മഞ്ഞ് പെയ്തുകിടക്കുന്നത് കാണാം. മൂന്നാറിലൊ, സൂര്യനെല്ലിയിലൊ, വട്ടവടയിലൊ താമസിച്ച്, അതിരാവിലെ മഞ്ഞ് പുതച്ച മണ്ണിലേയ്ക്കിറങ്ങാന്‍ കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ. കൂടുതല്‍ മഞ്ഞും തണുപ്പുമാകുന്നതോടെ വിനോദ സഞ്ചാര മേഖലയിലേയ്ക്ക് സഞ്ചാരികള്‍ അധികമായിട്ടെത്തുമെന്ന പ്രതീക്ഷയിലുമാണ് നാട്ടുകാര്‍.

തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരപരുക്ക് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.

തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഇവർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചത്. ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ഉച്ചയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. തൃശൂർ ആളൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം

റിയാദ് : മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരന്‍ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) യാണ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

സഫാനിയയിലെ എംഒഎച്ച് ക്ലനിക്കില്‍ നാല് വര്‍ഷമായി നഴ്‌സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരന്‍ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.

“മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ…” എന്ന ഗാനം പാടിയത് താനാണെന്ന അവകാശവാദവുമായി മോഹന്‍ലാല്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ നടന്‍ ധര്‍മ്മജനോട് ഈ കാര്യം പറഞ്ഞത്. എന്നാല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്തു 1985ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ഗാനം പാടിയത് താന്‍ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായകന്‍ വി ടി മുരളി രംഗത്തെത്തി. “ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.” എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് “ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട്, ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.

” മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ “.

മോഹൻലാൽ..” ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധർമജൻ..” ഇല്ല”

മോഹൻലാൽ..” ഇത് ഞാൻ പാടിയ പാട്ടാണ്”

( സദസ്സിൽ കൈയടി )

മോഹൻലാൽ..
“ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്”

തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..

( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട്, ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.

വാൽക്കഷണം.
———————–
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?

എന്നാല്‍ 2008ല്‍ യുടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ വിടി മുരളി പാടിയതായാണ് പറഞ്ഞിരിക്കുന്നത്. ഹരിപ്പാട് കെ പി എന്‍ പിള്ളയാണ് സംഗീത സവിധായകന്‍.

 

കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് വധ കേസില്‍‌ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ അടുത്ത കേസുകളിലും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജോളിയുടെ ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍‌ പുരോഗമിക്കുകയാണെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. താമരശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലിക്ക് സൈനയിഡ് നല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

തനിക്ക് ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്പര മുഖ്യ പ്രതി ജോളി രംഗത്ത്. പല കാര്യങ്ങളും തനിക്ക് പറയാനുണ്ടെന്നും പക്ഷെ ഇപ്പോൾ സമയമായിട്ടില്ലന്നും ആളൂര്‍ സാര്‍ വരട്ടെ എന്നുമാണ് ജോളിയുടെ പ്രതികരണം. സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.

ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.

അതേസമയം കൂടത്തായ് കേസ് അടിസ്ഥാനമാക്കി സിനിമ സീരിയൽ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ജോളി , ആൻറണി പെരുമ്പാവൂർ , സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.

2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കുഞ്ഞപ്പനെന്ന റോബോര്‍ട്ടും ഒരുമുഖ്യ കഥാപാത്രമായിരുന്നു. ആ റോബോട്ട് ആരാണെന്ന് അറിയാന്‍ സിനിമ കണ്ട എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി എത്തിയത്. ഇപ്പോഴിതാ സൂരജിന്റെ പ്രയത്നത്തെ കുറിച്ച് വെളിപ്പെടുത്ത്ി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ജിത്ത് മഠത്തില്‍. റോബോട്ടിന്റെ കോസ്റ്റ്യൂമില്‍ വേദന സഹിച്ച് ഞെരുങ്ങിയാണ് സൂരജ് ഇരുന്നതെന്നും അഞ്ചരക്കിലോയോളം ഭാരമായിരുന്നു സ്യൂട്ടിനെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ സൂരജിനെ ആദ്യമായി വിളിക്കുന്നത് റോബോട്ടിന്റെ കോസ്റ്റ്യൂം ട്രയലിനു വേണ്ടിയാണ്. മാസങ്ങള്‍ക്ക് മുന്നേ ഒരുപാട് ഡിസൈനുകള്‍ ചെയ്ത് ചെയ്ത് ഒടുവില്‍ ഒരു അവസാന ഡിസൈനില്‍ ഈ ചിത്രത്തിന്റെ ഡയറക്ടറും മറ്റനവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറുമായ രതീഷേട്ടന്‍ എത്തിച്ചേര്‍ന്നിരുന്നു. ആ ഡിസൈന്‍ പ്രകാരം, സൂരജിന്റെ ശരീരത്തിനനുസരിച്ച് അളവുകള്‍ക്കനുസരിച്ച് സമയമെടുത്ത് ചെയ്തു വെച്ച കോസ്റ്റ്യൂം സൂരജിനെ ധരിപ്പിച്ച് റോബോട്ടിന്റെ മൂവ്‌മെന്റും ആക്ഷന്‍സും നോക്കി റോബോട്ടിന്റെ നടത്തവും ബാക്കി സംഗതികളുമൊക്കെ ഷൂട്ടിന് മുമ്പ് തന്നെ വിലയിരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.

പറഞ്ഞ ദിവസം സൂരജ് എത്തി. മുംബൈയില്‍ നിന്നും വന്ന സൂര്യ ഭായ് റോബോട്ടിന്റെ കോസ്റ്റ്യൂം സൂരജിനെ ധരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യത്തെ വെല്ലുവിളി. അളവെടുക്കുമ്പോഴുണ്ടായിരുന്ന സമയത്തേക്കാള്‍ വണ്ണം വച്ചിരിക്കുന്നു സൂരജ്. (ഇത് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ അളവിനേക്കാള്‍ കുറച്ച് കൂട്ടിയാണ് കോസ്റ്റ്യൂം ഉണ്ടാക്കിയിരുന്നത്.) പക്ഷേ അതിനേക്കാള്‍ തടി വച്ചിരുന്നു സൂരജ്.

രണ്ടും കല്‍പ്പിച്ച് റോബോട്ടിന്റെ കോസ്റ്റ്യൂം അണിയിക്കാന്‍ തുടങ്ങി. പല ഭാഗങ്ങളായിട്ടാണ് അതുണ്ടാക്കിയിരുന്നത്. ഒരോ ഭാഗങ്ങളും സ്‌ക്രൂ വെച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഓരോ സ്‌ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നില്‍ക്കും. അതിനുള്ളില്‍ വേദന സഹിച്ച് ഞെരുങ്ങി നിന്ന് എല്ലാവരെയും നോക്കി ഓരോ തമാശ പറഞ്ഞ് അവന്റെ വേദനകളെ ഉള്ളിലൊതുക്കും. ഇട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ രണ്ട് കാര്യമായിരുന്നു അലട്ടിയിരുന്നത്, ഒന്ന് വണ്ണക്കൂടുതല്‍ കാരണം അവന് അത് ടൈറ്റായിരുന്നു. പിന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ഭാരക്കൂടുതലും. അതു കൊണ്ട് തന്നെ അവന് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ചിത്രത്തിലാണെങ്കില്‍ റോബോട്ട് നടന്ന് കൊണ്ടുള്ള സീനുകള്‍ ഒരുപാടുണ്ട്.

ഒരു പേടിയും വേണ്ട എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് ചിരിച്ച് കൊണ്ട് നില്‍ക്കും സൂരജ്. കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും. ഇത്രയും ചിലവെടുത്ത് ഉണ്ടാക്കിയ കോസ്റ്റ്യൂം ഇനി മാറ്റുന്നത് നടപ്പില്ല. വഴി ഒന്നേയുണ്ടായിരുന്നുള്ളൂ. സൂരജ് വണ്ണം കുറയ്ക്കുക. ഷൂട്ട് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. പിന്നെ റോബോട്ടിന്റെ നടത്തം, അതും കറക്ടാക്കുക.

ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും വ്യായാമം ചെയ്തും ദിവസങ്ങള്‍ കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ടും ഷൂട്ടിന് മുമ്പ് തന്നെ വണ്ണം കുറച്ച് കോസ്റ്റ്യൂം പാകമാകുന്ന രീതിയില്‍ സൂരജ് എത്തി. രതീഷേട്ടന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് റോബോട്ടിന്റെ നടത്തങ്ങളും ചലനങ്ങളും അവന്‍ പഠിച്ചെടുത്തു.

പിന്നെ ഉണ്ടായിരുന്ന ജോലി ഡയലോഗ് പഠിക്കലായിരുന്നു. സൂരജിനെ ഡയലോഗ് പഠിപ്പിക്കാനിരുന്നപ്പോഴാണ് അടുത്ത പണി. ഡയലോഗ് കാണാതെ പഠിച്ച് പറയാന്‍ സൂരജിനാവുന്നില്ല. ഷൂട്ട് സമയത്ത് ഡയലോഗ് പറഞ്ഞ് കൊടുത്ത് അഭിനയിക്കല്‍ സൂരജിന്റെ കാര്യത്തില്‍ നടക്കുമായിരുന്നില്ല. കാരണം റോബോട്ടിന്റെ കോസ്റ്റ്യൂം ധരിച്ചാല്‍ പിന്നെ അതിനുള്ളിലൂടെ കേള്‍ക്കാനും കാണാനും കുറച്ചധികം ബുദ്ധിമുട്ടാണ്.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സൂരജ്, റോബോട്ടിന്റെ ഡയലോഗുകള്‍ മുഴുവന്‍ ഓരോന്നോരോന്നായി എഴുതിപ്പഠിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഡയലോഗും കാണാപ്പാഠമാക്കി. അങ്ങനെ വീണ്ടും അവന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ( നിന്നെ ഡയലോഗ് പഠിപ്പിച്ചതിന്റെ ചിലവ് ഇതു വരെ കിട്ടിയിട്ടില്ല ട്ടോ, അത് മറക്കണ്ട.! )

പിന്നെ ഷൂട്ടിന്റെ ദിനങ്ങള്‍…ഏകദേശം ഒരു മണിക്കൂര്‍ വേണം ഇത് മുഴുവനായി ധരിക്കാന്‍. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നില്‍ക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ…സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.

ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകള്‍. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമില്‍ പോകാന്‍ തോന്നിയാല്‍ പിന്നെ മുഴുവന്‍ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകള്‍. ആ മണിക്കൂറുകളത്രയും ഇരിക്കാന്‍ കഴിയാതെ ഒരേ നില്പ്. അഴിക്കുമ്പോള്‍ ചൂട് കൊണ്ട് വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവന്‍ ചിരിക്കും.

അസഹ്യമായ പുറം വേദനയും കൊണ്ട് ഇടയ്ക്കവന്‍ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞവന്‍ തന്നെ പറയും വീടിന്റെ ലോണിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച് എന്നിട്ട് വീണ്ടും ഊര്‍ജ്വസ്വലനാകും. കോസ്റ്റ്യൂം ധരിക്കും. അഭിനയിക്കാനിറങ്ങും. വീട്ടില്‍ നിന്നും അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നപ്പോ എല്ലാ വേദനയും മറന്നവന്‍ ചിരിച്ചു. അവര്‍ക്ക് മുമ്പില്‍ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ആ ഭാരവും താങ്ങിയവന്‍ അഭിനയിച്ചു, നടന്നു, ചിരിച്ചു…

അവന് വേണ്ടി എല്ലാ രീതിയിലും സൗകര്യമൊരുക്കിയാലും ഷൂട്ട് സമയത്ത് അതും ധരിച്ച് ചൂടില്‍ മുഴുവന്‍ ഡയലോഗും പറഞ്ഞ് രാത്രി വൈകി റോബോട്ടിന്റെ കോസ്റ്റ്യൂം അഴിക്കും വരെയുള്ള സമയം അവന് സഹിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ള ഏകദേശം 45 ദിനങ്ങളാണ് അവന്‍ താണ്ടിയത്. എല്ലാ കഷ്ടതയോടും. ചിത്രം കണ്ട എല്ലാവരും അഭിനന്ദനം കൊണ്ട് മൂടിയപ്പോള്‍ അവരാരും അറിയാതെ പോയ യഥാര്‍ത്ഥ കുഞ്ഞപ്പനാണവന്‍.

സുരാജേട്ടനും സൗബിക്കയ്ക്കും മറ്റ് അഭിനേതാക്കള്‍ക്കും വേണ്ടി കയ്യടിച്ചപ്പോള്‍ അവരുടെ മറുതലയ്ക്കല്‍ അതിന് കാരണക്കാരനായി എതിര്‍ സംഭാഷണങ്ങളും റിയാക്ഷന്‍സും കൊടുത്ത് എല്ലാവരെയും ഞെട്ടിച്ച അസാമാന്യ ടൈമിംഗ് ഉള്ള പ്രതിഭയാണവന്‍. ക്ലൈമാക്‌സില്‍ സുരാജേട്ടന്റെ പെര്‍ഫോമന്‍സില്‍ ഏകദേശം മുഴുവന്‍ ക്രൂവിനും കണ്ണ് നനഞ്ഞപ്പോള്‍, തീയേറ്ററില്‍ ആ അഭിനയം കണ്ട് നിങ്ങള്‍ കരഞ്ഞെങ്കില്‍ അതിന് കാരണക്കാരന്‍ അപ്പുറത്ത് ‘ ചിതാഭസ്മം എനിക്ക് വെറും ചാരം മാത്രമാണ് ‘ എന്ന് പറഞ്ഞ കുഞ്ഞപ്പനാണ്. അവനാണവന്‍.

അവന്റെ മുഖം വൈകിയാണെങ്കിലും നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ ഏറ്റവും അധികം സന്തോഷം പ്രേക്ഷകരെപ്പോലെ ഞങ്ങള്‍ മുഴുവന്‍ കുഞ്ഞപ്പന്‍ ടീമിനുമുണ്ട്. ( സിനിമയുടെ ക്യൂരിയോസിറ്റി നഷ്ടമാകാതിരിക്കാനാണ് റിലീസ് സമയത്ത് ഇത് പുറത്തു വിടാതിരുന്നത് എന്ന് വിനയപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ ) രതീഷേട്ടനെന്ന അസാമാന്യ പ്രതിഭയും പ്രതിഭാസവുമായ അത്ഭുത മനുഷ്യന്റെ തലയ്ക്കുള്ളിലെ കുഞ്ഞപ്പനെ നിങ്ങളിലേക്ക് എത്തിക്കാന്‍ അവന്‍ സഹിച്ച വേദനകളും, കഷ്ടപ്പാടുകളും പരിശ്രമവുമാണ് കുഞ്ഞപ്പനെ നിങ്ങള്‍ക്ക് പ്രിയങ്കരനാക്കിയത്….

സൂരജ് നീ അടിപൊളിയാണ്. പരിശ്രമം കൊണ്ടും പ്രയത്‌നം കൊണ്ടും അസാധ്യമെന്നത് നീ സാധ്യമാക്കുന്നു. വലുപ്പം കൊണ്ട് നിന്നെ അളക്കുന്നവരെയെല്ലാം പെരുമാറ്റും കൊണ്ടും പുഞ്ചിരി കൊണ്ടും നീ ചെറിയവരാക്കുന്നു. മുന്നോട്ട് പോകട്ടെ.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ ആശംസകളും.

ന​ട​ൻ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് (48) തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കഴിഞ്ഞ രാ​ത്രി തൃ​ശൂ​രി​ൽ ഡ​ബിം​ഗ് ക​ഴി​ഞ്ഞ് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ.​എം.​മ​ന​യ്ക്ക​ലാ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​മേ​നോ​ന്‍റെ മ​ക​നാ​ണ് മൂ​വാ​റ്റു​പു​ഴ കൊ​ട​യ്ക്കാ​ട​ത്ത് വീ​ട്ടി​ൽ ദി​നേ​ശ്. പ​രേ​ത​യാ​യ പ​ത്മാ​വ​തി​യ​മ്മ​യാ​ണ് അ​മ്മ.

സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​ര​ത്തി​ൽ ഇ​ത്ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് ദി​നേ​ശി​നാ​യി​രു​ന്നു. അ​മേ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ദി​നേ​ശ് പ്രഫ​ഷ​ണ​ൽ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് പ​ല പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. സ​ദ്‌വാ​ർ​ത്ത​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ദി​നേ​ശ് നാ​ട​ക ഗാ​ന​ങ്ങ​ളും എ​ഴു​തി​യി​ട്ടു​ണ്ട്. ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ ക​വി​ത​ക​ളെ​ഴു​താ​റു​ണ്ട്. മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കേ​ച്ചേ​രി ത​യ്യൂ​രി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​സ്കാ​രം പി​ന്നീ​ട്.

സ്പെയിനില്‍ ഇന്നലെ വ്യത്യസ്തമായൊരു പ്രതിഷേധം നടന്നു. യൂറോപിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ രോമ വ്യവസായത്തിനെതിരെ അമ്പതോളെ വരുന്ന മൃഗസംരക്ഷണ പ്രവർത്തകർ നഗ്നരായി പ്രതിഷേധിച്ചു. തണുപ്പേറിയ പ്രഭാതത്തില്‍ ഏതാണ്ട് ഒരു മണിക്കൂറോറം അവര്‍ നഗ്നരായി വെറും നിലത്ത് കിടന്ന് പ്രതിഷേധിച്ചു. “ഓരോ വർഷവും ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മരണത്തിന് ഉത്തരവാദികളാണ് അവര്‍.” മാഡ്രിഡിലെ അനിമാ നാച്ചുറലിസിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പ്രതിഷേധത്തിനിടെ പറഞ്ഞു.

‘പൂക്കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍’ എന്ന് നമ്മള്‍ ആവര്‍ത്തിയൊപ്പിച്ച് പാടാറുണ്ടെങ്കിലും ഭക്ഷണത്തിനും ആചാര സംരക്ഷണത്തിനും എന്ന് തുടങ്ങി മിക്കകാര്യങ്ങള്‍ക്കും മനുഷ്യന്‍ മൃഗങ്ങളെ കാശാപ്പ് ചെയ്യാറുണ്ട്.എന്നാല്‍ സ്പെയിനിന്‍റെ തലസ്ഥാനത്തെ പ്രധാന ഷോപ്പിംഗ് തെരുവുകളിലൊന്നായ പ്രെസിയാഡോസിലെ തെരുവില്‍ അവര്‍ അമ്പത് പേര്‍ ഒന്നു ചേര്‍ന്നു. വെറും നിലത്ത് നഗ്നരായി മൃഗങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിച്ചു.

സ്പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് രോമ കുപ്പായങ്ങളാണ്.മൃഗസ്നേഹികളുടെയും ആക്ടിവിസ്റ്റുകളുടെയും ബന്ധപ്പെട്ട ഉപഭോക്താക്കളുടെയും വര്‍ഷങ്ങളായുള്ള സമ്മർദത്തെയും, പ്രതിഷേധത്തെയും തുടര്‍ന്ന് നിരവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി മൃഗങ്ങളുടെ രോമങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ഇത് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരുടെ വിജയമാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച അനിമാ നാച്ചുറലിസ് അവകാശപ്പെട്ടു.“ഗുച്ചി, അർമാനി തുടങ്ങിയ കമ്പനികൾ പ്രകൃതിദത്ത രോമങ്ങൾക്ക് പകരം തുല്യ ഗുണനിലവാരമുള്ളതോ മികച്ചതോ ആയ കൃത്രിമ രോമങ്ങൾ ഉപയോഗിക്കുമെന്ന് അറിയിച്ചിരിക്കുന്നു. ” മാഡ്രിഡിലെ അനിമാ നാച്ചുറലിസ് ഗ്രൂപ്പിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പറഞ്ഞു.

സ്പെയിനിലും ലാറ്റിൻ അമേരിക്കയിലും മൃഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു സർക്കാരിതര സംഘടനയാണ് അനിമാ നാച്ചുറലിസ്.പ്രതിഷേധക്കാര്‍ പ്രെസിയാഡോസിലെ തെരുവില്‍ നഗ്നരായി പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ കാഴ്ചക്കാരുടെ ഒരു സംഘം അവര്‍ക്ക് ചുറ്റും ഒരു വൃത്താകാരത്തില്‍ നിലനിന്നു.

നിരവധി ഫാഷൻ ബ്രാൻഡുകൾ വസ്ത്രത്തിൽ രോമങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്ന് അടുത്തിടെ പ്രതിജ്ഞയെടുത്തിട്ടുണ്ട്, ഇത് വിജയകരമാണെന്ന് സംഘാടകർ അനിമാ നാച്ചുറലിസ് ഉദ്ധരിച്ചു.“ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, പ്രകൃതിദത്ത ചർമ്മത്തിന് സമാനമായ ഗുണനിലവാരമുള്ള സിന്തറ്റിക് വസ്തുക്കളുള്ള ബദലുകളുണ്ട്. 60 ദശലക്ഷം മൃഗങ്ങളെ വസ്ത്ര നിര്‍മ്മാണത്തിനായി ലോകത്ത് ഇപ്പോഴും കൊന്നൊടുക്കുന്നു. യൂറോപ്യൻ യൂണിയനിൽ മാത്രം 32 ദശലക്ഷത്തിലധികം മൃഗങ്ങളെ കൊല്ലുന്നു ”പോസഡ ചൂണ്ടിക്കാട്ടി.

മാഡ്രിഡിലെ ഏറ്റവും കൂടുതൽ രോമക്കുപ്പായങ്ങള്‍ വിറ്റുപോകുന്ന കടകള്‍ സ്ഥിതി ചെയ്യുന്ന പ്രെസിയാഡോസ് സ്ട്രീറ്റിലെ ചില ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകൾക്ക് മുന്നിലും, ബാഴ്‌സലോണ, സരഗോസ, അലികാന്റെ, വലൻസിയ എന്നിവിടങ്ങളിലും മൃഗരോമങ്ങള്‍ക്കെതിരെയുള്ള കാമ്പെയ്‌ൻ സംഘടിപ്പിക്കപ്പെട്ടു.കൂടുതൽ കമ്പനികളെ അവരുടെ ശേഖരത്തിൽ തൊലികളുടെ ഉപയോഗം ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത ശൈത്യകാലത്തും സമരം കൂടുതല്‍ ശക്തമായി ആവർത്തിക്കപ്പെടുമെന്ന് പോസഡ പറഞ്ഞു.

പ്രശസ്ത യൂറോപ്യന്‍ വസ്ത്ര ബ്രാൻഡുകളായ വെർസേസ്, ചാനൽ, പ്രാഡ, അർമാനി, കാൽവിൻ ക്ലീൻ, ഹ്യൂഗോ ബോസ്, റാൽഫ് ലോറൻ, ഫർല, ബർബെറി, മൈക്കൽ കോർസ്, ഗുച്ചി, ഡോണ കരൺ, സ്പാനിഷ് ഡിസൈനർ അഡോൾഫോ ഡൊമിൻ‌ഗ്യൂസ് അല്ലെങ്കിൽ ഫ്രഞ്ച്കാരൻ ജീൻ-പോൾ ഗാൽ‌ട്ടിയർ ഈ സംരംഭത്തിനും ഇറ്റാലിയൻ കമ്പനിയായ പ്രാഡയും അടുത്തിടെ 2020 ൽ തങ്ങളും മൃഗരോമങ്ങളെ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്.

ഒരു ചിൻ‌ചില്ല കോട്ട് നിർമ്മിക്കാൻ “300 മൃഗങ്ങളും രോമങ്ങള്‍ ആവശ്യമാണ്, അവ ജീവിതകാലം മുഴുവൻ കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനാവശ്യമായ ഉയർന്ന ഗുണനിലവാരമുള്ള ചർമ്മമാണ് അവയുടെത്. എന്നാല്‍ ഇവിടെ ഒരു വര്‍ഷം തന്നെ നിരവധി തവണ അവയുടെ തൊലി ചെത്തപ്പെടുന്നു. ഇത് ക്രൂരതയല്ലാതെ എന്താണ് ” പോസഡ ചോദിക്കുന്നു.പ്രതിഷേധത്തില്‍ പങ്കെടുത്തവർ പരസ്പരം മുകളിൽ കിടന്ന് കൃത്രിമ രക്തം ശരീരത്തില്‍ പൂശുകയും ചെയ്തിരുന്നു.

ജീവനില്ലാത്ത മൃഗങ്ങളുടെ ചർമ്മം കീറിക്കഴിഞ്ഞാൽ അവയെ ഉപേക്ഷിക്കുന്നു. അതിനുശേഷം ഇതിലടങ്ങിയ ക്രൂരതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളർത്തുക, മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് സംഘടന മുന്നോട് വയ്ക്കുന്ന ആശയങ്ങളിലൊന്ന്.“മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രകൃതിദത്തമായ തൊലികളുള്ള ഊഷ്മള വസ്ത്രങ്ങൾ നിർമ്മിക്കുന്നത് അർത്ഥവത്തായിരിക്കാം, പക്ഷേ ഇപ്പോൾ വാങ്ങുന്നവ കൂടുതലും ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നാണ് വരുന്നത്, അവിടെ നായ്ക്കളോ പൂച്ചകളോ പോലും ഇതിനായി ഉപയോഗിക്കപ്പെടുന്നു. ”പോസഡ ആരോപിച്ചു.

രോമ കൃഷി നിരോധിച്ച യുകെ, ഇറ്റലി, ഓസ്ട്രിയ, ക്രൊയേഷ്യ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ, ജർമ്മനി, നെതർലാൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സ്പെയിനും നിയമനിർമ്മാണം നടത്താൻ അനിമാ നാച്ചുറലിസ് കോർഡിനേറ്റർ ആവശ്യപ്പെട്ടു. മൃഗങ്ങളുടെ തൊലികൾ ധരിക്കുന്നത് കാര്യക്ഷമമല്ലാത്തതും കാലക്രമേണയുള്ളതും മാത്രമല്ല, മൃഗങ്ങളോട് കടുത്ത ക്രൂരതയുമാണെന്നും അവര്‍ പ്രഖ്യാപിച്ചു.

മലയാള സിനിമയിൽ മുഴുനീള എന്റർട്ടയിനേർസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവലിന്റെ ആറാം ചിത്രമായ അഞ്ചാം പാതിരായുടെ ട്രെയ്‌ലറും പോസ്റ്ററുകളും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഈ ചിത്രം കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് ഇന്ന് പ്രദർശനത്തിനെത്തുകയായിരുന്നു. സെൻട്രൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കൊലപാതകങ്ങളുടെ ഒരു നീണ്ട പരമ്പരയിൽ യാതൊരുവിധ തെളിവുകൾ അവശേഷിക്കാതെ സീരിയൽ കില്ലറുടെ ലക്ഷ്യം പോലും മനസ്സിലാക്കാൻ സാധിക്കാത്ത കഥാസന്ദര്ഭങ്ങളെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. അൻവർ ഹുസൈൻ എന്ന പോലീസ് കൺസൽട്ടിങ് ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്. ഇൻവെസ്റ്റിഗേഷൻ ടീമും സീരിയൽ കില്ലർ തമ്മിലുളള ഒരു പോരാട്ടം തന്നെയാണ് അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കോമഡി ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ള മിഥുൻ മാനുവലിൽ നിന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു വേറിട്ട രചന തന്നെയാണ് അഞ്ചാം പാതിരായിലൂടെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുൾമുനയിൽ ഇരുത്തുന്ന മേക്കിങ്ങും ഡയറക്ഷനും മിഥുൻ മാവുനൽ എന്ന സംവിധായകന്റെ സംവിധാന മികവ് എടുത്തു കാണിക്കുന്നു. മലയാളത്തിൽ ഒരുപാട് ത്രില്ലറുകൾ ഇതിനുമുൻപ് വന്നിട്ടുണ്ടെങ്കിലും ഈ ജോണറിൽ ഒരു പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.

കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് അഞ്ചാം പാതിരയിൽ കാണാൻ സാധിച്ചത്. വളരെ സ്വാഭാവികമായി താരം ഉടനീളം മികച്ചു നിന്നു. പോലീസുകാരായി ജീനു ജോസഫ്, ഉണ്ണിമായയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സൈബർ കുറ്റവാളിയുടെ വേഷത്തിൽ ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ദ്രൻസ്, ഷറഫുദീൻ, നന്ദന വർമ്മ തുടങ്ങിയവർ എല്ലാവരും തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

അഞ്ചാം പാതിരായുടെ സംഗീതം തന്നെയാണ് ജീവൻ. സുഷിൻ ശ്യാമിന്റെ കരിയർ ബെസ്റ്റ് പഞ്ചാത്തല സംഗീതമാണ് കാണാൻ സാധിച്ചത്. പ്രേക്ഷകരെ ഉടനീളം മുൾമുനയിൽ ഇരുത്തുന്ന കാര്യത്തിൽ മുഖ്യ പങ്ക് വഹിച്ചത് പഞ്ചാത്തല സംഗീതമായിരുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിലൂടെ മികച്ച ഫ്രമുകളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ത്രില്ലർ ജോണർ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് അഞ്ചാം പാതിരാ ഒരു മുതൽ കൂട്ടായിരിക്കും.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളുടെ ഇടയിലായിരിക്കും ഇനി മുതൽ അഞ്ചാം പാതിരായുടെ സ്ഥാനം. നിഗൂഢത ഉടനീളം നിറച്ചുകൊണ്ടുള്ള കെട്ടുറപ്പുള്ള തിരക്കഥയോടൊപ്പം പ്രേക്ഷകരേ ഓരോ നിമിഷം മുൾമുനയിൽ ഇരുത്തുന്ന വേറിട്ട മേക്കിങ് ഒരു പുത്തൻ സിനിമ അനുഭവം സമ്മാനിക്കുന്നു.

RECENT POSTS
Copyright © . All rights reserved