Latest News

ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സഹപാഠിക്കുവേണ്ടി ഉറക്കെ ശബ്ദിച്ച നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.

നിദയുടെ ധീരതയെയും പ്രതികരണശേഷിയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി, ഉശിരോടെ മുദ്രാവാക്യം വിളിച്ചു നടന്ന നിദയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു.

നിദയിലൂടെയാണ് ബത്തേരി സര്‍വ്വജന സ്കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അധ്യാപകരുടെ നിസംഗതയെക്കുറിച്ചും കേരളമറിഞ്ഞത്. പാമ്പുകടിയേറ്റെന്ന് ഷഹ്​ല പറഞ്ഞിട്ടും അധ്യാപകർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന നിദയുടെയും സഹപാഠികളുടെയും വെളിപ്പെടുത്തലാണ് സ്കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകാൻ കാരണം. ഒരു ഐപിഎസുകാരിയാകണമെന്നാണ് നിദയുടെ ആഗ്രഹം. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരി സ്വദേശിയാണ് നിദ.

വിമാനത്തിന് തൊട്ടരികെ ഇടിമിന്നൽ. ന്യൂസിലാൻഡിലെ എമിറേറ്റ്സ് ഫ്ലൈറ്റ് യാത്രക്കാരാണ് നടുങ്ങിയത്. നവംബർ 20–നാണ് വിമാനത്തിനരികെ മിന്നൽ രൂപപ്പെട്ടത്. ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

എയർപോർട്ടിലുണ്ടായിരുന്ന പൈലറ്റാണ് ചിത്രം പകർത്തിയത്. പറന്നിറങ്ങുന്ന വിമാനത്തിനരികിലായാണ് മിന്നലേറ്റത്. പ്ലെയിനിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയത് വൈകിയാണ്. കാലാവസ്ഥ വളരെ മോശമായതാണ് ഇതിന് കാരണമെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. അതേസമയം യാത്രക്കാരെല്ലാം തന്നെ സുരക്ഷിതരാണെന്നും അവർ അറിയിച്ചു.

ബത്തേരി∙ ‘വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരിൽ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പർ പോലുമില്ല. പാമ്പു കടിയേറ്റ കുഞ്ഞുമായി ചികിൽസയ്ക്ക് എത്തുമ്പോൾ ഇൗ ആശുപത്രിയുടെ സ്ഥിതി അതായിരുന്നു. – പറയുന്നത് പാമ്പുകടിയേറ്റ ഷെഹ്‌ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിൻ ജോയി.

ദൈവം കഴിഞ്ഞാൽ എന്റെ രോഗികളാണ് ലോകത്ത് എനിക്ക് ഏറ്റവും വലുത്. ഏതു സമയത്തും അസമയത്തു പോലും രോഗികൾ വന്നാൽ ഇറങ്ങിച്ചെല്ലാറുണ്ട്. രോഗികളോടല്ലാതെ ആരോടും എനിക്ക് ഒരു കടപ്പാടുമില്ല. – ഡോ. ജിസ പറയുന്നു. ക്ലാസ്റൂമിൽ പാമ്പുകടിയേറ്റ് ഷെഹല ഷെറിൻ എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ സസ്പെൻ‍ഡ് ചെയ്യപ്പെട്ട ഡോ. ജിസ മെറിൻ ജോയി    മനസ്സു തുറന്നതിങ്ങനെ:

‘നാലുമണി കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെയുമായി പിതാവ് ആശുപത്രിയിൽ വരുന്നത്. സ്കൂളിൽ നിന്ന് പറ്റിയതാ. ക്ലാസിൽ വച്ച് ഒരു പൊത്തിലേയ്ക്ക് കാലു പോയി. വലിച്ചെടുത്തപ്പോൾ എന്തോ കടിച്ചതു പോലെ തോന്നി എന്നു അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ പിതാവിനോട് ഒപി ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞ ശേഷം കുഞ്ഞിനോട് സംസാരിച്ചു. കാലിൽ പാമ്പു കടിച്ചതാണോ എന്നു ചോദിച്ചപ്പോൾ കുഞ്ഞിനും സംശയമായി. എന്നിരുന്നാലും ‘അൺനോൺ ബൈറ്റ്’ ആയി തന്നെയാണ് രേഖപ്പെടുത്തിയത്. ശ്വാസകോശ പരിശോധനയ്ക്കായി കുഞ്ഞിനോട് 25 വരെ എണ്ണാൻ പറഞ്ഞു. അവൾ 27 വരെ തടസമില്ലാതെ എണ്ണി. മോൾക്ക് പേടിയുണ്ടോ എന്ന് ചോദിച്ചു. കാലിൽ മുറിവിനൊപ്പം ഒരു വര പോലെ കാണാനുണ്ടായിരുന്നു.

പേടിക്കണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഈ സമയവും കുഞ്ഞിന് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും തോന്നിയില്ല. വരുമ്പോൾ കുഞ്ഞിന്റെ കാലിൽ ഒരു തൂവാല കെട്ടിയിരുന്നു. ഇതാരാണ് കെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു. കുഞ്ഞിന് വല്ലതും കഴിക്കാൻ നൽകാൻ പറഞ്ഞതിനു ശേഷം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനോട് ബിപി പരിശോധിക്കാനാവശ്യപ്പെട്ടു. ഈ സമയം ഫയലിൽ വിവരങ്ങൾ രേഖപ്പെടുത്തി. പാമ്പുകടിയേറ്റ് 20 മിനിറ്റിനുള്ളിൽ ചെയ്യുന്ന, രക്തം കട്ടപിടിച്ചോ എന്നറിയുന്നതിനുള്ള പരിശോധന ഈ സമയത്തിനുളളിൽ നടത്തി. ബ്ലീഡിങ് ടൈമും ക്ലോട്ടിങ് ടൈമും രേഖപ്പെടുത്തി. ഈ രണ്ട് പരിശോധനകളും നോർമലായിരുന്നു. ഈ സമയത്തിനിടെ ആരോ കുഞ്ഞിന്റെ കാലിൽ കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റിയിരുന്നു. ഇത് ആവശ്യപ്പെടാതെയാണ് അവർ ചെയ്തത്.

ഈ സമയം കുഞ്ഞിന്റെ കണ്ണ് മങ്ങുന്നുണ്ടോ, തുറക്കാൻ ബുദ്ധിമുട്ടുണ്ടോ, കാഴ്ച രണ്ടായി തോന്നുന്നുണ്ടോ എന്നെല്ലാം ചോദിച്ചു. ഇതൊന്നുമില്ലെന്നാണ് കുഞ്ഞു പറഞ്ഞത്. കുഞ്ഞിനോട് എഴുന്നേറ്റ് നടന്നു വരാൻ പറഞ്ഞു. നടക്കുന്നത് എങ്ങനെയെന്നറിയാനായിരുന്നു ഇത്. ഈ സമയം ടീച്ചർമാരിൽ ഒരാൾ കയ്യിൽ പിടിച്ചു. ടീച്ചർ പിടിക്കാതെ നടന്നു വരാൻ പറഞ്ഞു. ഈ സമയം കുഞ്ഞ് കണ്ണ് തുറക്കാൻ ബുദ്ധിമുട്ടുന്നത് മനസ്സിലായപ്പോഴാണ് പാമ്പുകടിയാണെന്ന് ഉറപ്പിച്ചത്. കുഞ്ഞിന്റെ പിതാവ് ആ സമയം അവിടെയില്ലായിരുന്നു. അദ്ദേഹം പരിഭ്രാന്തനായി ഓടിനടക്കുകയായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഈ സമയത്താണ് അദ്ദേഹത്തോട് കൺസെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ ഒപ്പിട്ടു വാങ്ങാൻ അങ്ങനെ ഒരു കടലാസ് ആ ആശുപത്രിയിൽ ഇല്ലായിരുന്നു. ആന്റി വെനത്തിന്റെ സ്റ്റോക്ക് ഉടനെ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

വെന്റിലേറ്ററില്ല, ആവശ്യത്തിന് കുത്തിവയ്പ് മരുന്നില്ല

‘‘വലിയ ആളാണെങ്കിലും കുട്ടിയാണെങ്കിലും മൂർഖനോ അണലിയോ കടിച്ചാൽ കുറഞ്ഞത് 10 വയൽ (ആന്റി വെനം കുത്തിവയ്പിനു പറയുന്ന പേര്) കൊടുക്കണം. അത് അവിടെ ഉണ്ടായിരുന്നില്ല. ആറെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളത് കൊടുക്കാമെന്ന നിലയിൽ കുട്ടിയുടെ പിതാവിനോട് കാര്യങ്ങൾ പറയുകയാണ്. അദ്ദേഹം ഇംഗ്ലിഷ് അറിയുന്ന ആൾ ആണോ എന്നറിയാത്തതിനാൽ ഓരോന്നും മലയാളത്തിലാണ് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അദ്ദേഹം, കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടർ, ഇതിനു മുകളിൽ ഇനി എന്താണ് ഉള്ളത് എന്നാണ് ചോദിച്ചത്. ഇതിന് മുകളിൽ എന്തെങ്കിലും വേണമെങ്കിൽ വെന്റിലേറ്ററുള്ള മെഡിക്കൽ കോളജിൽ കൊണ്ടുപോകണം എന്ന് അദ്ദേഹത്തോടു പറഞ്ഞു. വെന്റിലേറ്റർ അവിടെ മാത്രമേ ഉള്ളൂ, ഇവിടെയാകട്ടെ പീഡിയാട്രിക് വെന്റിലേറ്റർ ഇല്ല. മുതിർന്നവർക്കുള്ള രണ്ടു വെന്റിലേറ്ററുകളാകട്ടെ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.

കുട്ടികളെ ഇന്റിമേറ്റ് ചെയ്യുമ്പോൾ വായിലിട്ടു പരിശോധിക്കുന്ന ലാറിഞ്ചോസ്കോപ് പ്രവർത്തിക്കുന്നില്ല. അതിന്റെ അറ്റത്തുള്ള ബൾബ് പ്രവർത്തിക്കാത്തതിനാൽ പുറകിൽ നിന്ന് ടോർച്ച് അടിച്ചാണ് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പരിശോധന നടത്തിയത്. ഈ വിവരം ഹെഡ് സിസ്റ്ററെ അന്നു തന്നെ അറിയിക്കുകയും വെന്റിലേറ്ററിന്റെ ചാർജുള്ള ഡിഎംഒയെ ഫോൺ വിളിച്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പരാതി എഴുതിക്കൊടുക്കാൻ ചാർജില്ലാത്തതിനാൽ സാധിക്കില്ല. അതിനാലാണ് വിളിച്ചു പറഞ്ഞത്. ഇനി ടോർച്ചടിച്ച് ഞാനത് ഇട്ടു എന്നിരുന്നാൽ തന്നെ വായിലൂടെ ഉള്ളിലേക്ക് ഇടേണ്ട എൻഡോട്രക്കൽ ട്യൂബ് കുട്ടികൾക്കുള്ള സൈസിൽ(സൈസ് 5) അവിടെ ഇല്ല. വ്യാഴാഴ്ച രാവിലെ ഞാൻ ഡ്യൂട്ടിയിലുള്ള സമയം വരെ ഈ സാധനം അവിടെയില്ല.’’ – ഡോ. ജിസ പറഞ്ഞു.

വിഷം ബാധിച്ചത് ഞരമ്പിനെ

കുഞ്ഞിന്റെ ഞരമ്പിനെയാണ് വിഷം ബാധിച്ചിരിക്കുന്നത് എന്നാണ് ഡയഗ്നോസ് ചെയ്തത്. കുഞ്ഞിനെ അവിടെ ചികിത്സിക്കാൻ തീരുമാനിച്ചാൽ വേണ്ടത് വെന്റിലേറ്റർ സപ്പോർട്ടോടെയുള്ള ആന്റിവെനമാണ്. കുത്തിവയ്പ് കൊടുത്താൽ കുഞ്ഞിന് വെന്റിലേറ്റർ സപ്പോർട്ടില്ലാതെ പറ്റില്ല എന്നുറപ്പാണ്. കുഞ്ഞിനെ മോണിറ്റർ ചെയ്യണം എന്നു പറയുമ്പോൾ കുട്ടിയുടെ പിതാവ് കുഞ്ഞിന് മരുന്നു കൊടുത്തശേഷം മെഡിക്കൽ കോളജിലേക്കു വിടാനാണ് പറയുന്നത്. അത് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹത്തോട് ഞാൻ കുറഞ്ഞ സമയത്തിനുള്ളിൽ പറ്റുന്ന തരത്തിൽ വിവരിക്കുകയും ചെയ്തു.

തീരുമാനം കോഴിക്കോടേയ്ക്ക് പോകാൻ

അവസാനം, ഞാനെന്താ ചെയ്യണ്ടേ എന്ന് അദ്ദേഹത്തോട് ചോദിച്ചു. മെഡിക്കൽ കോളജിലേക്കു പോകാമെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ സീനിയർ ഡോക്ടറെ വിളിക്കാൻ ഒരുങ്ങുമ്പോഴാണ് അദ്ദേഹം തന്നെ മറ്റൊരു കാര്യത്തിനായി തിരിച്ചു വിളിക്കുന്നത്. അപ്പോൾ തന്നെ സീനിയറിനോടും കാര്യങ്ങൾ പറഞ്ഞു. എന്തു ചെയ്യണമെന്ന് സീനിയറിനോടും ചോദിച്ചു. പിതാവ് കൊണ്ടുപോകണമെന്നാണ് പറയുന്നതെങ്കിൽ ഒരു കേസ് ഷീറ്റ് എഴുതി നൽകി വിടാനാണ് അദ്ദേഹം പറഞ്ഞത്. പിതാവ് കൊണ്ടുപോകാൻ നിർബന്ധം പിടിക്കുകയായിരുന്നില്ല, പകരം അനുമതി പത്രം എഴുതിത്തരാൻ തയാറായില്ല. മരുന്ന് സ്റ്റാർട്ട് ചെയ്താൽ മോണിറ്റർ ചെയ്യാനുള്ള സമയം എടുക്കുമെന്ന് പറഞ്ഞപ്പോൾ, കൊണ്ടുപോയാൽ വൈകില്ലേ എന്നാണ് ചോദിച്ചത്. ‘കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടറേ’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വെന്റിലേറ്റർ സംവിധാനമില്ലാതെ മരുന്നു നൽകി കുഞ്ഞിനെ രക്ഷിക്കാമെന്ന് ഞാൻ എങ്ങനെ ഉറപ്പു നൽകും. ഒരു തീരുമാനം എടുക്കാൻ അദ്ദേഹത്തോട് പറഞ്ഞപ്പോഴാണ് കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തിനു വിടുകയായിരുന്നു. പരിശോധനയിൽ വലിയ കുഴപ്പം കാണാതിരുന്നതിനാൽ ഒരു മൂന്നു മണിക്കൂറിനുള്ളിലേ കുഞ്ഞിന് വെന്റിലേറ്റർ സപ്പോർട്ട് വേണ്ടി വരികയുള്ളൂ എന്നായിരുന്നു കണക്കു കൂട്ടൽ.

ആംബുലൻസ് ഏർപ്പെടുത്തി, നിരന്തരം വിളിച്ചു

കൊണ്ടു പോകുകയാണെങ്കിൽ നേരെ കൊണ്ടുപോകണം. കോഴിക്കോട് ചെന്ന് ഡോക്ടറെ കണ്ടാൽ ഉടനെ കാര്യങ്ങൾ വിശദീകരിക്കാനായി ഡോക്ടറെക്കൊണ്ട് എന്നെ വിളിപ്പിക്കണം. ഇടയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടായാലും വിളിക്കണം എന്നും പറഞ്ഞ് എന്റെ നമ്പർ കൊടുത്തു. ഉടനെ തന്നെ ആംബുലൻസ് ഏർപ്പാടാക്കി കൊടുക്കുകയും എന്റെ ഒപ്പം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനെക്കൊണ്ട് ഇടയ്ക്കിടെ വിളിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരു ഡോക്ടർ കൂടി ഒപി ഡ്യൂട്ടിയിലുള്ള സാഹചര്യമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും അവരോടൊപ്പം ആംബുലൻസിൽ പോകുമായിരുന്നു. ഈ സമയം കുഞ്ഞിന് ആന്റിവെനം കുത്തിവയ്പും നൽകാമായിരുന്നു.

കുഞ്ഞിനെ ബാധിച്ചത് കൊടിയ വിഷം

കുഞ്ഞുമായി വന്നപ്പോൾ മുതൽ വിയർത്ത് കുളിച്ച് ഓടിക്കൊണ്ടിരിക്കുകയാണ് പിതാവ്. അതേസമയം, ഒപ്പം വന്നവരോട് കുഞ്ഞിന് ഭക്ഷണം കൊടുത്തോ എന്നു ചോദിച്ചിട്ട് അതിനു പോലും വ്യക്തമായ മറുപടി നൽകിയില്ല. അവർ ആരാണെന്നറിയില്ല. സ്കൂളിൽ നിന്ന് ഒപ്പം വന്നവരാണെന്നാണ് പിന്നെ പറഞ്ഞു കേട്ടത്. ഞരമ്പിനെയും രക്തത്തെയും ബാധിക്കുന്ന കൊടിയ വിഷമായിരുന്നു കുഞ്ഞിന്റെ ശരീരത്തിൽ കയറിയത്. ന്യൂറോ ടോക്സിറ്റിയും ഹെമറ്റോ ടോക്സിറ്റിയും ഉണ്ടായിരുന്നതിനാൽ അണലി വിഭാഗത്തിൽ പെട്ട പാമ്പായിരിക്കുമെന്നാണ് സംശയിച്ചത്. ഇവർ മുറിവു കഴുകിയെന്നും മറ്റ് ആശുപത്രികളിൽ കാണിച്ചിരുന്നെന്നും പിന്നീടാണ് അറിഞ്ഞത്. ഒപ്പം വന്നവരോട് കാര്യങ്ങൾ കുത്തിക്കുത്തിചോദിച്ചിട്ടും ഒന്നും പറയാതിരുന്നതും ദോഷമായി.

ആശുപത്രിയിലെ ന്യൂനതകൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ പോലും നടപടിയുണ്ടായിട്ടില്ല. രോഗികളെ അധിക സമയം പരിശോധിക്കുന്നു എന്നാണ് എനിക്കെതിരെ ഉയർത്തുന്ന ആരോപണം. ഒരു ‘ഹെൽപ്‍ലെസ്’ ഡോക്ടർ എന്ന നിലയിലും കുഞ്ഞിനു വേണ്ടി ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തെന്ന ആത്മവിശ്വാസമുണ്ട്. വെന്റിലേറ്റ് ചെയ്ത് കുത്തിവയ്പ് കൊടുത്തിരുന്നെങ്കിൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. ഞാനും രണ്ടു കുട്ടികളുടെ അമ്മയാണ്. കുഞ്ഞ് നഷ്ടമാകുന്ന ഒരു അമ്മയുടെ വേദന ഉൾക്കൊള്ളാനാകും’ – ഡോ. ജിസ പറഞ്ഞു.

 

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അര്‍ജുന്‍ സഞ്ജു നേരിട്ട അപമാനത്തിനെതിരെ രംഗത്തെത്തിയത്.

ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ പേരെടുത്ത് പറഞ്ഞാണ് അര്‍ജുനിന്റെ വിമര്‍ശനം. റിഷഭ് പന്തിനെ വീണ്ടും ടീം ഇന്ത്യയിലേക്ക് പരിഗണിച്ചതിനേയും അര്‍ജുന്‍ ചോദ്യം ചെയ്യുന്നു.

‘ഒരാളുടെ ആത്മവിശ്വാസത്തെ ഇങ്ങനെയാണ് ആക്രമിക്കുന്നത്. സഞ്ജു സാംസണിനോട് ചെയ്തത് പോലെ. എംഎസ്‌കെ പ്രസാദ് റിഷഭ് പന്തിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന് എനിക്കറിയില്ല. മറ്റൊരാളില്‍ വിശ്വസിക്കുക എന്നത് ആരുടെയെങ്കിലും കഴിവുകള്‍ അവഗണിക്കുന്നതിനുള്ള അവകാശമല്ല. സാംസണ്‍ ടീമില്‍ നിങ്ങളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു അര്‍ജുന്റെ ട്വീറ്റ്.

അതെസമയം ഈ അകൗണ്ട് അര്‍ജുനിന്റെ ഔദ്യോഗിക അകൗണ്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏതായാലും നിരവധി ആരാധകരാണ് ഈ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പരമ്പരയില്‍ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്ത സഞ്ജുവിനെ വിന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു പുറത്തായി.

ഇതോടെ സഞ്ജുവിന്റെ ആരാധകര്‍ പ്രതിഷേധത്തിലാണ്. സഞ്ജുവിനോട് നിരവധി ആരാധകര്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലോ ഇംഗ്ലണ്ടിലേക്കോ താമസം മാറി അവരുടെ ദേശീയ ടീമിനായി കളിക്കണമെന്നും സഞ്ജുവിന്റെ പ്രതിഭ എത്രത്തോളമെന്ന് മേലാളന്മാരെ കാണിച്ച് കൊടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മലയാളികള്‍ കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 മത്സരം ബഹിഷ്‌കരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നു. സഞ്ജുവിനെ പല സമയങ്ങളിലായി അവഗണിച്ച ധോണിയ്ക്കും കോഹ്ലിയ്ക്കും രോഹിത്തിനുമെതിരെയെല്ലാം ആരാധക രോഷം ഉയരുന്നുണ്ട്.

സഞ്ജുവിനെ ഒഴിവാക്കുകയും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലെത്തിയ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല

 

ലോകമെമ്പാടും പ്രേക്ഷകരുള്ള പരമ്പര സിനിമകളില്‍ പെട്ടതാണ് ടെര്‍മിനേറ്റര്‍. ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റ് ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ചിത്രം വലിയ പരാജയമായിരുന്നു. പ്രമുഖ സംവിധായകൻ ടിം മില്ലറായിരുന്നു ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റ് സംവിധാനം ചെയ്‍തത്. ഭാവിയില്‍ സംവിധായകൻ ജെയിംസ് കാമറൂണിന്റെ കൂടെ ജോലി ചെയ്യില്ലെന്നാണ് ടിം മില്ലര്‍ ഇപ്പോള്‍ പറയുന്നത്.

ടെര്‍മിനേറ്റര്‍ ചിത്രങ്ങളിലെ ആദ്യത്തെ രണ്ടും സംവിധാനം ചെയ്‍തത് ജെയിംസ് കാമറൂണായിരുന്നു. ഡാര്‍ക് ഫേറ്റിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളുമായിരുന്നു ജെയിംസ് കാമറൂണ്‍. ജെയിംസ് കാമറൂണിന്റെ കൂടെ ഇനി ജോലി ചെയ്യില്ലെന്നാണ് ഒരു ചോദ്യത്തിന് ഉത്തരമായി ഒരു മാധ്യമത്തോട് ടിം മില്ലര്‍ പറഞ്ഞത്. ഡാര്‍ക് ഫേറ്റ് സംവിധാനം ചെയ്‍ത അനുഭവത്തിൽ നിന്ന് എനിക്കുണ്ടായ ആഘാതവുമായി ഇതിന് യാതൊരു ബന്ധവുമില്ല,ശരിയാണെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള അവകാശമില്ലാത്ത ഒരു സാഹചര്യത്തിൽ വീണ്ടും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

സിനിമയെ കുറിച്ച ഏറ്റവും വെറുക്കപ്പെട്ട കാര്യങ്ങള്‍ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്തതായിരുന്നു- ടിം മില്ലര്‍ പറയുന്നു. ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്. അർണോൾഡ് ഷ്വാർസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടായിരുന്നു. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും വേഷമിട്ടു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 27ാം ടെസ്റ്റ് സെഞ്ചുറി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 175 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ഇന്ന് അജിന്‍ക്യ രഹാനെ (51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 106ന് എല്ലാവരും പുറത്തായിരുന്നു.

പിങ്ക് പന്തില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ കോലി 159 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ സെഞ്ചുറി. 124 റണ്‍സോടെ ക്രീസിലുണ്ട് ക്യാപ്റ്റന്. കോലി- രഹാനെ സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേയാണ് (10) കോലിക്ക് കൂട്ട്.

മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര (55) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ബം്ഗ്ലാദേശിനായി ഇബാദത്ത് ഹുസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മുതിര്‍ന്ന കുട്ടികള്‍ കളിക്കുന്നതിനിടെയില്‍ ബാറ്റ് തലയില്‍ കൊണ്ട് മരിച്ച പന്ത്രണ്ടുകാരന്‍ നവനീത് ചുനക്കര ഗവ. വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥി സ്‌കൂളിനും നാടിനും വേദനയായി. പുതുതായി കിട്ടിയ സൈക്കിളായിരുന്നു നവനീതിന്റെ അടുത്തകാലത്തെ ഏറ്റവും വലിയ കൂട്ട്. സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡില്‍ വയ്ക്കുന്ന സൈക്കിള്‍ അവിടെയുണ്ടോയെന്ന് നോക്കാനും തൊട്ടുതലോടാനും എല്ലാ ഇന്റര്‍വെല്ലിനും അവന്‍ ഓടിയിരുന്നു. ഇന്നലെ ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കും നവനീത് ഇത്തരത്തില്‍ സൈക്കിളിനടുത്ത് പോയി തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്.

നൂറനാട് പുതുപ്പള്ളി കുന്നം വിനോദ് ഭവനില്‍ വിനോദിന്റെയും ധന്യയുടെയും മകന്‍ നവനീത് ആണ് ദാരുണമായി മരിച്ചത്. ചുനക്കര സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെ ഷെഡിനടുത്തുള്ള മരച്ചുവട്ടില്‍ പോയി മടങ്ങിവരികയായിരുന്നു നവനീത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലുള്ള ചെറിയ ഗ്രൗണ്ട് പോലുള്ള സ്ഥലത്ത് മുതിര്‍ന്ന കുട്ടികള്‍ ഡെസ്‌കിന്റെ രണ്ട് കാലുകള്‍ക്കിടയില്‍ വയ്ക്കുന്ന പട്ടികക്കഷണവും പേപ്പര്‍ ചുരുട്ടിയുണ്ടാക്കിയ പന്തും കൊണ്ട് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.

സ്‌കൂളില്‍ ഓഡിറ്റ് തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കെട്ടിടത്തിന്റെയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ സിവില്‍ കണ്‍സ്ട്രക്ഷന്‍ ലാബിന്റെയും മധ്യഭാഗത്ത് കൂടിയാണ് ഏറ്റവും താഴെയുള്ള യുപി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും നവനീത് മുകളിലെ ഓഫീസ് കെട്ടിടത്തിന് പിന്നിലെ സൈക്കിള്‍ ഷെഡ്ഡില്‍ എത്തിയത്. വഴിയില്‍ മരക്കഷണങ്ങള്‍ മുറിച്ചിട്ടിരിക്കുന്നതിന്റെയും മരത്തിന്റെ വേരുകളിലുമായി കുട്ടികള്‍ കൂട്ടംകൂടിയിരിക്കാറുണ്ട്. അതിനിടയിലെ ചെറിയ മൈതാനത്തിലാണ് കുട്ടികള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. സൈക്കിളിനടുത്ത് പോയി മടങ്ങുമ്പോള്‍ ഇറക്കത്തിലൂടെ ഓടി വന്ന നവീന്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. ബാറ്റ് ചെയ്ത കുട്ടിയും നവീനെ കണ്ടില്ല.

ബാറ്റ് വീശി കറങ്ങിയതും നവനീത് ഓടിയെത്തിയതും ഒരേ സമയത്തായിരുന്നു. ബാറ്റ് തെറിച്ച് നവനീതിന്റെ തലയില്‍ കൊണ്ടുവെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് നവനീത് മുന്നോട്ട് നടക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ചുവട് നടന്ന നവീന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നുരയും പതയും വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പിടിഎ അധികൃതരും അധ്യാപകരും കുട്ടിയെ എടുത്ത് കാറില്‍ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് കണ്ട് വിദഗ്ധ ചികിത്സയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ യാത്രക്കിടെ നവനീതിന്റെ മരണം സംഭവിക്കുകയും ചെയ്തു.

ആന്തരിക ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കുറത്തിക്കാട് പോലീസ് അഴിമുഖം പ്രതിനിധിയെ അറിയിച്ചു.

മഹാരാഷ്ട്രയിൽ എൻസിപി- ശിവസേന- കോണ്‍ഗ്രസ് സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും അജിത് പവാർ മാത്രമാണ് ബിജെപിയുമായി കൈകോർത്തതെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കൊപ്പം മുംബൈയിലെ വൈ ബി ചവാൻ സെന്ററിൽ നടത്തിയ വാർ‌ത്താ സമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ ബിജെപി സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് മതിയായ എംഎൽഎമാരുടെ പിന്തുണയുണ്ട്. പത്ത് മുതൽ പതിനൊന്ന് എൻസിപി എംഎൽ‌എമാർ മാത്രമാണ് അജിത് പവാറിന് ഒപ്പം ചേരുന്നത് എന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അവർക്ക് സമയം നൽകിയിട്ടുണ്ട്. പക്ഷേ അവർക്ക് അത് തെളിയിക്കാൻ കഴിയില്ല. അതിനുശേഷം ഞങ്ങൾ നേരത്തെ തീരുമാനിച്ചതുപോലെ ഞങ്ങളുടെ മൂന്ന് പാർട്ടികളും സർക്കാർ രൂപീകരിക്കും.

അജിത് പവാർ പാർട്ടി തീരുമാനം ലംഘിച്ചിരിക്കുകയാണ്. നീക്കം പാർട്ടി നയങ്ങൾക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കിയ പാർട്ടി ശരത് പവാർ സർക്കാരുകൾ രൂപീകരിക്കാൻ ബിജെപി എപ്പോഴും കുതിരക്കച്ചവടം നടത്തുകയാണെന്നും ആരോപിച്ചു. എന്നാൽ കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് എല്ലാ എംഎൽഎമാരും അറിയണമെന്നും നി യമസഭാ അംഗത്വം നഷ്ടപ്പെടാനുള്ള സാധ്യത വളരെ ഉയർന്നതാണെന്നും പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണമെന്നും പവാർ ഓർമ്മിപ്പിച്ചു. ഒരു എൻ‌സി‌പി നേതാവോ പ്രവർത്തകനോ എൻ‌സി‌പി-ബിജെപി സർക്കാരിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പതിനൊന്ന് പേർ അജിത് പവാറിന് ഒപ്പം പോയെന്ന് വ്യക്കമാക്കുന്നതിനൊപ്പം അതിൽ ഉൾപ്പെട്ട മൂന്ന് പേരെ വാർത്താ സമ്മേളനത്തിന് എത്തിച്ചും പവാർ നീക്കങ്ങൾ ശക്തമാക്കി.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എൻ‌സി‌പി ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് സ്ഥാനത്ത് നിന്നും അജിത് പവാറിനെ നീക്കിയതായി വ്യക്മതാക്കിയ അദ്ദേഹം പുതിയ കക്ഷിനേതാവിനെ വൈകീട്ട് ചേരുന്ന യോഗം തിരഞ്ഞെടുക്കുമെന്നും വ്യക്തമാക്കുന്നു.

അതേസമയം, രൂക്ഷ വിമർശനമാണ് ബിജെപിക്കെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നടത്തിയത്. നേരത്തെ നടന്നിരുന്നത് ഇവിഎം ഉപയോഗിച്ചുള്ള കളിയായിരുന്നു, ഇപ്പോൾ പുതിയ കളിയാണെന്ന് മാധ്യമങ്ങളെ കണ്ട ഉദ്ധവ് താക്കറെ പ്രതികരിച്ചു. ഇവിടെ തിരഞ്ഞെടുപ്പ് പോലും ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർന്നു. പിന്നിൽ നിന്ന് ആക്രമിച്ചവരെയും ഒറ്റിക്കൊടുത്തവരെയും ഛത്രപതി ശിവജി എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് പിന്‍മുറക്കാരായ തങ്ങളും അത് തന്നെ തുടരുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

തന്റെ അറിവോടെ അല്ല മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങൾ എന്നാണ് ശരത് പവാർ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കത്തിന് പിന്നാലെ നടത്തിയ പ്രതികരണം. ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു ശരത് പവാർ‌ നിലപാട് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. ‘മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവറിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമാണ്. ഇത് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) തീരുമാനമല്ല. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയിക്കുന്നു’ എന്നായിരുന്നു ശരത് പവാറിന്റെ പ്രതികരണം.

 

സോഷ്യൽ മീഡിയയിലൂടെ നടി പാർവതി തിരുവോത്തിനെ അപമാനിക്കാൻ ശ്രമിച്ച അഭിഭാഷകനും, സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ഒരുമാസമായി ഇയാൾ പാർവതിയുടെ കുടുംബത്തെ ഫോൺ വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും ബുദ്ധിമുട്ടിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പാർവ്വതി പോലീസിൽ പരാതി നൽകുകയായിരുന്നു.

കിഷോർ എന്ന് പരിചയപ്പെടുത്തി പാർവ്വതിയുടെ സഹോദരനെ ഫെയ്സ്ബുക്ക് മെസഞ്ചർ വഴി യുവാവ് ബന്ധപ്പെടുകയായിരുന്നു. പാര്‍വതിയെക്കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു സംഭാഷണം തുടങ്ങിയത്. പാർവതിയുടെ സഹോദരനോട് പാർവ്വതിയെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ ഇയാൾ ശ്രമിച്ചു. ഈ സമയം പാർവ്വതി യുഎസിലായിരുന്നു എന്നാൽ പാർവതി അമേരിക്കയിൽ അല്ലെന്നും കൊച്ചിയിൽ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാൾ സഹോദരനോട് പറഞ്ഞു.

”എങ്ങനെയെങ്കിലും പാർവതിയെ കൊച്ചിയിൽ നിന്ന് രക്ഷപ്പെടുത്തൂ. ഇവിടെ ഒരുപാട് ആളുകൾ അവളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് പാർവതിയെ പരിചയമുണ്ട്”- വോയ്സ് മെസേജിൽ യുവാവ് പറഞ്ഞു. എന്നാൽ ഇതെല്ലാം സഹോദരൻ തള്ളിയതോടെ പാർവതിയുമായി പ്രണയത്തിലായിരുന്നുവെന്നായി യുവാവ്. പാർവതി കുടുംബത്തോട് കള്ളം പറയുകയാണെന്നും അമേരിക്കയിൽ പോയിട്ടില്ലെന്നും യുവാവ് ആവർത്തിച്ചു. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ശല്യം സഹിക്കാതായതോടെ സഹോദരൻ മറുപടി നൽകുന്നത് നിർത്തി.

പിന്നാലെ പാർവതിയുടെ അച്ഛനും യുവാവ് സന്ദേശങ്ങളയക്കാൻ തുടങ്ങി. അച്ഛനും പ്രതികരിക്കാതായതോടെ ഒക്ടോബർ പതിന്നാലിന് യുവാവ് വീട്ടിലെത്തി. പിന്നാലെ പാർവതിക്ക് ഒരു രഹസ്യ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെന്നും മറ്റും പറഞ്ഞു. മുന്നറിയിപ്പ് നൽകിയിട്ടും യുവാവ് ശല്യം തുടർന്നു. മാതാപിതാക്കൾ പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ ‘നിങ്ങളൊരു പരാജയ’മാണെന്നും മറ്റും യുവാവ് പറഞ്ഞതായി പരാതിയിൽ പറയുന്നു.

നിരന്തരമായി ശല്യം തുടർന്നതോടെ മെസേജുകളുടെ സ്ക്രീൻ ഷോട്ട് അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഐപിസി 345 ഡി വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയിൽ 345 ഡി വകുപ്പും കേരളാ പോലീസ് 1200ഉം അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ സിനിമയിലെ പാർവതിയുടെ സുഹൃത്തുക്കളെ വിളിച്ചും ഇയാൾ ശല്യം ചെയ്തതായാണ് വിവരം.

ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കിയതിലൂദ്‌ർ മിസ്റ്റര്‍ കേരള പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു .കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ തൃശൂര്‍ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ യെ വധുവായി സ്വീകരിച്ചത്…….

ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ശിഖ. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ പ്രവീണ്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്.

ഓഗസ്റ്റ് 13ന് ആദ്യമായി പരസ്പരം കണ്ടു. പിറ്റേന്ന് തൃശൂർ മാരിയമ്മൻ കോവിലിൽവെച്ച് താലികെട്ടി. ഇതിനുശേഷം വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ശിഖയെ കൂടെ താമസിപ്പിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം

ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ തന്നെ , ജോത്സ്യൻ കുറിച്ച മുഹൂർത്തത്തില്‍ തൃശൂർ കണ്ണൻകുളങ്ങര വിഷ്ണു ക്ഷേത്രത്തിൽ െവച്ച് ഇവർ വീണ്ടും വിവാഹിതരായി. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു..വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് ഇരുവരും അറിയിച്ചത്.

പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.2019ലെ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കേരളയാണ് പ്രവീണ്‍. ഡിവൈഎഫ്‌ഐ പടിയൂര്‍ ചെരുന്തറ യൂണിറ്റ് അംഗം കൂടിയാണ് പ്രവീണ്‍. അടുത്തിടെ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പങ്കെടുത്ത് ശിഖ ശ്രദ്ധ നേടിയിരുന്നു

Copyright © . All rights reserved