Latest News

മകളെ കൊലപ്പെടുത്താൻ 4 ദിവസമായി അവസരം കാത്തിരിക്കുകയായിരുന്നെന്ന് മകളെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ പൊലീസിനോടു പറഞ്ഞു.ഉഴവൂർ അരീക്കര ശ്രീനാരായണ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂർ കരുനെച്ചി വൃന്ദാവൻ ബിൽഡിങ്സ് വാടക മുറിയിൽ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പൻ) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സാലി മാനസിക ദൗർബല്യമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.

സൂര്യയുടെ മൃതദേഹം കണ്ടെത്തി ഉടൻ തന്നെ സാലിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തി. മകളെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയാണു പൊലീസ്. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിനു കാരണമെന്ന നിഗമനത്തിലാണു പൊലീസ്. മകൾ ഇനി ജീവിക്കേണ്ടതില്ല എന്നു സാലി ചോദ്യം ചെയ്യലിൽ പറഞ്ഞതായി സൂചനയുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് സാലി ആദ്യം നൽകിയതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് കൊച്ചുരാമൻ എല്ലാ ദിവസവും ജോലിക്കു പോകാറില്ല. അതുകൊണ്ടു തന്നെ അവസരം കാത്തിരിക്കുകയായിരുന്നു താനെന്നു സാലി മൊഴി നൽകി.ബുധനാഴ്ച സൂര്യ സ്കൂളിൽ പോയിരുന്നില്ല. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞു സാലി സൂര്യയെ സ്കൂളിൽ പോകാൻ അനുവദിക്കാതെ വീട്ടിൽ ഇരുത്തിയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ടിവി കണ്ടിരിക്കുമ്പോൾ 3.30ന് പിന്നിൽ നിന്ന് സൂര്യയുടെ കഴുത്തിൽ ഷാൾ ചുറ്റി വരിഞ്ഞു മുറുക്കിയെന്നാണു സാലിയുടെ മൊഴി. വൈക്കം എഎസ്പി അർവിന്ദ് സുകുമാരൻ, കുറവിലങ്ങാട് എസ്എച്ച്ഒ ആർ.കുമാർ,

എസ്ഐ ടി.ആർ.ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സാലിയുടെ ഭർത്താവ് നെച്ചിപ്പുഴൂർ കാനാട്ട് കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. അരീക്കരയിലെ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണു സൂര്യയുടെ സഹോദരൻ സ്വരൂപ് രാമൻ.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സൂര്യയുടെ മൃതദേഹം സംസ്കരിച്ചു. സൂര്യ പഠിച്ച അരീക്കര ശ്രീനാരായണ യുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഷഹ്‌ല ഫാത്തിമയെന്ന കുഞ്ഞുമോള്‍ക്ക് സംഭവിച്ച ദാരുണ മരണത്തിൽ കേഴുകയാണ് കേരളം. അതിനിടെ കണ്ണീർ നോവായി ഷഹ്‌ലയുടെ ഉമ്മയുടെ അുജത്തി ഫസ്ന ഫാത്തിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ന്റെ മോളെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും എന്ന് ചോദിച്ച് കൊണ്ടാണ് ഷഹ്‌ലയെക്കുറിച്ച് ചന്ദ്രികയിൽ പത്രപ്രവര്‍ത്തകയായ ഫസ്ന എഴുതുന്നത്.

എപ്പോഴും ചിരിക്കുന്ന പ്രകൃതമുള്ള നര്‍ത്തകിയും അഭിനേത്രിയുമൊക്കെയായ സാമർത്ഥ്യക്കാരി. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം– കുറിപ്പില്‍ ഫസ്ന പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.

എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ… അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.

അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ…

ബത്തേരി സര്‍വജന സ്കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ചയുണ്ട്, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. 3.30ന് യോഗം േചരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.

അഞ്ചാം ക്ലാസുകാരി ഷെഹല മരിക്കുന്നതിന് തലേദിവസവും സ്കൂളില്‍ പാമ്പിനെ കണ്ടുവെന്ന് വിദ്യാര്‍ഥികള്‍. ഇതു പറഞ്ഞപ്പോള്‍ അധ്യാപകന്‍ അടിക്കാന്‍ വന്നെന്നും ഒരു വിദ്യാര്‍ഥികൾ പറഞ്ഞു. കുട്ടികള്‍ ചെരുപ്പിട്ടു ക്ലാസില്‍ കയറിയാല്‍ പത്തുരൂപ ഫൈന്‍ വാങ്ങാറുണ്ട്. അതേസമയം അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരിപ്പിട്ട് കയറാമെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.

അതേസമയം പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം. അതുവരെ ക്ലാസില്‍ കയറില്ലെന്ന് വിദ്യാര്‍ഥികള്‍.

ക്ലാസില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കി.

ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്‍റെ സേവനം ഉറപ്പുവരുത്താനും നിര്‍ദേശമാണ്. പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.

അതിനിടെ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്കൂളുകളിലും സുരക്ഷാ പരിശോധന. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടര്‍. ക്ലാസില്‍ പാമ്പുകടിയേറ്റ് വയനാട്ടില്‍ വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി.

എടത്വ: മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപകനും ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി സ്ഥാപക ഡയറക്ടറുമായ മോണ്‍. ജയിംസ് പറപ്പള്ളി (85) നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സഹോദരന്‍ പി.സി. തോമസിന്റെ വീട്ടില്‍ ആരംഭിക്കും. രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം ഉത്ഥാന ചാപ്പലില്‍.

1934 ജൂലൈ ഒന്‍പതിന് ജനിച്ച മോണ്‍. ജയിംസ് പറപ്പള്ളി 1959 മാര്‍ച്ച് 13 ന് അഭിവന്ദ്യ കാവുകാട്ട് പിതാവില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചു. സ്വന്തം ഇടവകയായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ അസി. വികാരിയായി സേവനം ആരംഭിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായും 13 വര്‍ഷത്തോളം ചങ്ങനാശ്ശേരി എസ്ബി കോളേജ് പ്രഫസറായും അമല ഹോസ്റ്റല്‍ ചാപ്‌ളയിനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
25 വര്‍ഷത്തോളം വടക്കേ അമേരിക്കയിലെ ഷിക്കാഗോ രൂപതാ ഫ്‌ളോറിഡ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്, പോംപാനോ ബീച്ച് ചര്‍ച്ച് എന്നീ പള്ളികളില്‍ വികാരിയായും കരുണാപുരം സെന്റ് മേരീസ്, ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍, കായല്‍പുറം സെന്റ് ജോസഫ്, തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാപള്ളി എന്നിവടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2008 മാര്‍ച്ചില്‍ അമേരിക്കയിലെ മയാമി രൂപത അച്ചന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു.


തന്റെ ജന്മനാട്ടില്‍ ജനങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടരുതെന്ന ആഗ്രഹത്തോടെ രണ്ടായിരത്തില്‍ അച്ചന്‍ എടത്വായില്‍ മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ട്‌പോകും.
സഹോദരങ്ങള്‍. സിസ്റ്റര്‍ മര്‍സലീന്‍ എസ്എബിഎസ് (ആരാധനാമഠം എടത്വ), പി.സി. തോമസ്, പരേതരായ മേരിക്കുട്ടി തയ്യില്‍ കിഴക്കേതില്‍ (ഫാത്തിമാപുരം) പി.സി. ഫിലിപ്പ് (ഷൊര്‍ണൂര്‍), ത്രേസ്യാമ്മ വലിയകളം (മണലാടി).

ജിയാങ്‌സു(ചൈന)∙ മുപ്പതുവര്‍ഷത്തോളം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ചയാളുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നത് പുകവലിക്കാരെ ഞെട്ടിക്കും. ചൈനയിലെ ജിയാങ്‌സുവിനെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്ചിത്രങ്ങൾ പുറത്തുവിട്ടത്.

സ്ഥിരമായി ദിവസവും ഒരു പായ്ക്കറ്റ് സിഗരറ്റ് ഉപയോഗിക്കുന്നയാളാണു മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 52-ാം വയസിലാണ് ഇയാള്‍ മരിച്ചത്. വര്‍ഷങ്ങളായുള്ള പുകയില ഉപയോഗം കൊണ്ടു കറുത്തു കരിക്കട്ട പോലെയായ ശ്വാസകോശം സര്‍ജന്മാര്‍ പരിശോധിക്കുന്നതാണു ചിത്രത്തിൽ ഉള്ളത്. ചാര്‍ക്കോള്‍ നിറത്തിലായിരുന്നു ശ്വാസകോശം. സാധാരണ പിങ്ക് നിറമാണ് ഉണ്ടാകാറുള്ളത്. ഇയാള്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതംപത്രം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശ്വാസകോശം പരിശോധിച്ചത്. ശ്വാസകോശത്തിലെ അണുബാധ നിമിത്തം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇയാള്‍ക്ക്.

ചൈനയില്‍ ഇതു പോലെ ശ്വാസകോശമുള്ള നിരവധി ആളുകള്‍ ഉണ്ടായിരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം ആളുകള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായാൽ പോലും അതു സ്വീകരിക്കേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എട്ടു മില്യണ്‍ ആളുകളാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്.

തിരുവനന്തപുരം∙ ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. സ്കൂളിൻറെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ശോച്യാവസ്ഥയും ആണ് വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയത്.

സ്കൂളിലെ അധ്യാപകര്‍ക്കു കാര്‍ ഉണ്ടായിട്ടുപോലും ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്ഷിതാവ് എത്തുന്നതിനായി കാത്തിരുന്നുവെന്നുമാണു കുട്ടികളുടെ പരാതി. തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാല്‍ മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.

അതേസമയം, വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊതുവിഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. ഡിഡിഇയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്നും കലക്ടര്‍ അദീല അബ്ദുല്ലയും അറിയിച്ചു.

പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹല ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.  ഇന്നലെ വൈകിട്ട് മൂന്നരയോടെ  ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു.

പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി  നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു.

ഫെറിയിൽ റഫ്രിജറേറ്റഡ് കണ്ടെയ്നറിനുള്ളിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന 25 കുടിയേറ്റക്കാരെ ഡച്ച് അധികൃതർ പിടികൂടി. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. കണ്ടെത്തിയവരെല്ലാം ജീവനോടെയുണ്ടെന്നും അതിലൊരാള്‍ കുട്ടിയാണെന്നും കരുതുന്നതായി പ്രാദേശിക സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ പറയുന്നു.

ഡി‌എഫ്‌ഡി‌എസ് സീവേയ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടാനിയ സീവേസ് എന്ന കടത്തുവള്ളമാണ് പിടിച്ചെടുത്തത്. വ്‌ലാഡിംഗെൻ തുറമുഖം വിട്ട് സഫോൾക്കിലെ ഫെലിക്‌സ്റ്റോവിലേക്ക് പുറപ്പെടുകയായിരുന്നു ഫെറി. കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന സൂചന ലഭിച്ചതോടെ 20 ആംബുലൻസുകളുമായി അധികൃതര്‍ ഫെറി വളഞ്ഞു. രണ്ടുപേര്‍ക്ക് ഹൈപോതെര്‍മിയ അനുഭവപ്പെട്ടതിനാല്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കി 23 പേർക്ക് തുറമുഖത്ത് വെച്ചുതന്നെ വൈദ്യപരിശോധന ലഭ്യമാക്കുകയും, ശേഷം പോലീസ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എവിടെനിന്നുള്ള കുടിയേറ്റക്കാരാണ് അവര്‍ എന്നത് ഇനിയും വ്യക്തമല്ല. അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.

പിടിയിലായവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് റോട്ടർഡാം പോലീസിന്റെ വക്താവ് മിർജാം ബോയേഴ്സ് ബ്രോഡ്കാസ്റ്റർ പറഞ്ഞു. ഇത് മനുഷ്യ ജീവന്‍റെ പ്രശ്നമാണ്. അവരുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. നിയമപരമായ കാര്യങ്ങളെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം എന്നും അവര്‍ പറഞ്ഞു. കുടിയേറ്റക്കാരെകുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഒക്ടോബറില്‍, ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ ലണ്ടനിലെ എസെക്‌സില്‍വച്ച് റഫ്രിജറേറ്റഡ് ലോറി ട്രെയിലറില്‍ 39 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പതിനഞ്ച് മണിക്കൂറോളം തുടര്‍ച്ചയായി റഫ്രിജറേറ്റഡ് ലോറിയിലെ തണുപ്പില്‍ കിടന്ന് അവര്‍ ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നു. ഹോളണ്ട്, ബള്‍ഗേറിയ, തുടങ്ങിയ രാജ്യത്തിലൂടെ സഞ്ചരിച്ചാണ് അവര്‍ ബെല്‍ജിയത്തിലെ സീബ്രഗ്ഗ് തുറമുഖത്ത് എത്തിയത്. അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു.

ഓസ്ട്രേലിയയിൽ കാട്ടുതീയിൽ നിന്നും ക്വാല മൃഗത്തെ രക്ഷിച്ച് യുവതി. സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞാണ് യുവതി ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്വാല എന്ന മൃഗത്തെ രക്ഷിച്ചത്. ഈ പ്രവര്‍ത്തിയിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ് ടോണി എന്ന യുവതി.

കാട്ടുതീ കണ്ട് പേടിച്ച് പ്രാണരക്ഷാർ‌ത്ഥം മരത്തിനു മുകളിലേക്ക് ഓടിക്കയറുന്ന ക്വാലയെ കണ്ട് ഉടൻ തന്നെ താൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ച് യുവതി തീയിൽ നിന്നും രക്ഷിക്കുന്നത് വീഡിയോയിൽ കാണാം. തീയില്‍ നിന്ന് രക്ഷിച്ച ശേഷം കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പിയില്‍ നിന്ന് ക്വാലയുടെ ശരീരത്തില്‍ വെള്ളം ഒഴിച്ചുകൊടുക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്യുന്നുണ്ട് ടോണി.

ദോഹമാസകലം പൊള്ളലേറ്റ ക്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ വലിയ കാട്ടുതീയാണിത്. ഏകദേശം 350 ക്വാലകള്‍ക്കാണ് ഇക്കൊല്ലത്തെ കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ക്വാലകള്‍ മാത്രമല്ല മറ്റ് വന്യമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായതാണ് സൂചന.

വിദ്യാര്‍ഥിനി സര്‍ക്കാര്‍ സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ചതില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാരും വിദ്യാര്‍ഥികളും. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഘടിച്ചതോടെ സ്കൂളില്‍ സംഘര്‍ഷാവസ്ഥ. അധ്യാപകര്‍ക്കുനേരെ കയ്യേറ്റമുണ്ടായി. സ്കൂളിന്‍റെ വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമം.

കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധു ആരോപിച്ചു. അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സര്‍വജന സ്കൂളിലെ അധ്യാപകന്‍ സജിനെ സസ്പെന്‍ഷന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി. സ്കൂളിലെത്തിയ ഡിഇഒയ്ക്കെതിരെ നാട്ടുകാരും വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയാണ്.

ബത്തേരിയില്‍ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റുമരിച്ചത് സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം ശക്തമാവുകയാണ്. സ്കൂളിലെ ക്ലാസ് മുറികളില്‍ ഈഴജന്തുക്കള്‍ക്ക് കയറികിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. പാമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് സഹപാഠികള്‍. അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതരുടെ വാദം. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി.

ബത്തേരി സര്‍ക്കാര്‍ സര്‍വജന വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്്ല ഷെറിന് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത് ഇന്നലെവൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല്‍ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്‍റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല്‍ പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്കൂള്‍ അധികൃതര്‍.

സ്കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിരവധി മാളങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ലത്രേ. അധ്യയന വര്‍ഷാരംഭത്തില്‍ ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍നടപടിയെന്ന് കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവഹവാര്‍ത്ത സോഷ്്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജഗതി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തേകുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് ഷോണിന്റെ പിതാവുകൂടിയാ പി.സി ജോര്‍ജ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഇനി ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂര്‍ണ്ണമായി തളര്‍ന്നു പോയി എന്നാണ് പി.സി ജോര്‍ജ് പറയുന്നത്.

ശ്രീലക്ഷ്മി ജഗതിയുടെ മകളോ എന്നു ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.

എന്റെ ഒരു വിശാസം..ജഗതിയൊക്കെ..സിനിമാ നടന്മാരല്ലേ…ലോല ഹൃദയരാണല്ലോ..എവിടെയൊക്കെ മക്കള്‍ ഉണ്ടെന്ന് ആര്‍ക്കറിയാം..

ചോദ്യം: അപ്പോള്‍ ഇതുപോലുള്ള പല സിനിമാ നടന്മാര്‍ക്കും ഇങ്ങിനെ…

പി.സി ജോര്‍ജ്…കാണാം…ഉണ്ടാകാം…ഞാന്‍ അതില്‍ ഇടപെടുന്നില്ല

ചോദ്യം:..അതിനു തെളിവുകള്‍ ഉണ്ടോ

പി.സി ജോര്‍ജ്: ഇല്ല…ഉണ്ടേലും ഇല്ലേലും പറയാന്‍ ഉദ്ദേശിക്കുന്നില്ല..

ആ കുട്ടിക്ക് ജഗതിയുടെ സ്വത്തുക്കള്‍ വീതം വയ്ച് പോകുമോ എന്ന ഭയം മൂലമല്ലേ എന്ന ചോദ്യത്തിനു .. എന്ത് വൃത്തികേടാ ആ സ്ത്രീ പറയുന്നത് എന്ന് ജഗതിയുടെ മകള്‍ ശ്രീക്ഷമിയേ ഉദ്ദേശിച്ച് പി.സി ജോര്‍ജ് പറഞ്ഞു.

പി.സി പറയുന്നത് ഇങ്ങിനെ..
ഞാന്‍ ഈ വിവരം ജഗതിയുടെ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു..ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്ന് അറിയാം..പക്ഷേ ഞങ്ങള്‍ ഇവിടെ കേറ്റില്ല. ജഗതിയുടെ സ്വത്തിന്റെ ഒരു വീതം ആ കുട്ടിക്ക് കൊടുത്തതായി കണക്ക് അവര്‍ പറയുന്നുണ്ട്. പിന്നെ എന്ത് കിട്ടിയില്ല എന്നാണ് പറയുന്നത്?

എന്റെ മകന്‍ അവിടുത്തേ പെണ്ണിനേ കെട്ടീന്നേ ഉള്ളു..ഒരു രൂപയും വാങ്ങിയിട്ടില്ല.ഒരു പൈസ സ്ത്രീധനം വാങ്ങിയിട്ടില്ല. വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ജഗതിയോട് പറഞ്ഞു..ഇങ്ങോട്ട് പണവും കൊണ്ട് വരണ്ട..എന്റെ മകന് ഇഷ്ടമാണേല്‍ നിങ്ങളുടെ മകളേ കെട്ടും..എന്തായാലും എന്തും തുറന്ന് പറയുന്ന പി.സിയുടെ ഈ വാക്കുകള്‍ വല്ല കുടുംബ കലഹവും ഉണ്ടാക്കുമോ? ജോര്‍ജ് ഗൗരവത്തില്‍ മനസു തുറക്കുമ്പോള്‍ പലതും ഒളിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ലയെന്നും ഒരു ഓൺലൈൻ മാധ്യമം പറയുന്നു

RECENT POSTS
Copyright © . All rights reserved