ഡല്‍ഹിയില്‍ മുസ്ലീം ആയ ബിഎസ്എഫ് ജവാന്റെ വീടിന് അക്രമികള്‍ തീ വച്ചു. ഇറങ്ങിവാടാ പാകിസ്താനീ, നിനക്ക് ഞങ്ങള്‍ പൗരത്വം തരാം എന്ന് അക്രമികള്‍ ഉറക്കെ വിളിച്ചുപറയുന്നു. മുഹമ്മദ് അനീസ് എന്ന ബി എസ് എഫ് ജവാന്റെ വീടിന് നേരെയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖാസ് ഖജൂരി ഗലിയില്‍ ആക്രമണമുണ്ടായത്. അനീസിന്റെ രണ്ട് നില വീടിന്റെ മതിലില്‍ മുഹമ്മദ് അനീസ്, ബിഎസ്എഫ് എന്ന് രേഖപ്പെടുത്തിയ നെയിം പ്ലേറ്റുണ്ട്. ഇത് കാണുമ്പോള്‍ കലാപകാരികള്‍ ആക്രമിക്കില്ല എന്നൊരു പ്രതീക്ഷ വീട്ടുകാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇത് വെറുതെയായി.

അനീസിന്റേതടക്കമുള്ള, ഖാസ് ഖജൂരി ഗലിയിലെ വീടുകള്‍ ഓരോന്നായി തകര്‍ത്ത് അക്രമികള്‍ മുന്നേറി. ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ശേഷമാണ് ഈ അക്രമമുണ്ടായത്. ആദ്യം കാറിന് തീ വച്ചു. പിന്നെ വീടിന് നേരെ കല്ലേറ് തുടങ്ങി. പിന്നീട് ഗാസ് സിലിണ്ടര്‍ എറിഞ്ഞു. 2013ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന മുഹമ്മദ് അനീസ് മൂന്ന് വര്‍ഷം കാശ്മീര്‍ അതിര്‍ത്തിയില്‍ ജോലി ചെയിതിരുന്നു. അനീസിനൊപ്പം 55കാരനായ പിതാവ് മുഹമ്മഗ് മുനിസും 59കാരനായ അമ്മാവന്‍ മുഹമ്മദ് അഹമ്മദും. 18കാരിയായ കസിന്‍ നേഹ പര്‍വീണുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികളുടെ വരവറിഞ്ഞ് നാല് പേരും രക്ഷപ്പെട്ടു. ഇവര്‍ക്ക് അര്‍ദ്ധസൈനികരുടെ സഹായം ലഭിച്ചു.

ആഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവര്‍ക്ക് നഷ്ടമായി. അടുത്ത മൂന്ന് മാസത്തിനകം രണ്ട് വിവാഹം നടക്കേണ്ട വീടാണ് അനീസിന്റേത്. ഒന്ന് അനീസിന്റെ വിവാഹം. മറ്റേത് കസിന്‍ സഹോദരിയുടേത്. ഇന്‍സ്റ്റാള്‍മെന്റായി പണമടച്ചാണ് രണ്ട് സ്വര്‍ണ നെക്ക്‌ലേസുകള്‍, വെള്ളി ആഭരണങ്ങള്‍ എല്ലാം വാങ്ങിയത്. കല്യാണ ഒരുക്കങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപ പണമായി, കറന്‍സി നോട്ടുകളായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതെല്ലാം കത്തിയെരിഞ്ഞു. ഈ മേഖലയില്‍ ഒരു മുസ്ലീം വീട് മാത്രമാണ് അക്രമികള്‍ ഒഴിവാക്കിയത്. ബാക്കിയെല്ലാം ആക്രമിച്ചു. ഖജൂരി ഖാസ് ഹിന്ദുഭൂരിപക്ഷ മേഖലയാണ്. എന്നാല്‍ അക്രമം നടത്തിയതെല്ലാം പുറത്തുനിന്നെത്തിയവരാണ് എന്ന് ഇവിടുത്ത മുസ്ലീങ്ങള്‍ പറയുന്നു. അക്രമികളോട് പോകാനാണ് ഇവിടെയുള്ള ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്.