ബലാത്സംഗ കേസില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട മുതിര്ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെതിരെ ഇരയുടെ അമ്മ. ഇരയുടെ അമ്മയായ ആശാ ദേവിയുടെ വേദന താന് മനസിലാക്കുന്നുവെന്ന് പറഞ്ഞാണ് പ്രതികളോട് ക്ഷമിക്കണമെന്ന് ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടത്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ച മാതൃക പിന്തുടരണമെന്ന് ആശാ ദേവിയോട് താന് അപേക്ഷിക്കുന്നതായി ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു. ഞങ്ങള് ആശാ ദേവിക്കൊപ്പമുണ്ടെന്നും എന്നാല് വധശിക്ഷയ്ക്ക് എതിരാണെന്നും ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്, ഇന്ദിര ജയ്സിങ്ങിനെതിരെ ആശാ ദേവി രംഗത്തെത്തി. പ്രതികളോട് പൊറുക്കണമെന്ന് ആവശ്യപ്പെടാന് ഇന്ദിര ജയ്സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികള് ശിക്ഷിക്കപ്പെടണമെന്നാണ് ഈ രാജ്യം മുഴുവന് ആഗ്രഹിക്കുന്നത്. പീഡനക്കേസ് പ്രതികള് നീതി അര്ഹിക്കുന്നില്ല എന്നും ആശാ ദേവി തിരിച്ചടിച്ചു.
അതേസമയം, ഡല്ഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. പ്രതികളിലൊരാളുടെ ദയാഹർജി തള്ളിയതിനു പിന്നാലെ, ഡല്ഹി പട്യാല കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റാനാണ് ഉത്തരവ്.
ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ രാവിലെ തളളിയിരുന്നു. ദയാഹർജി ഇന്നലെ രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറിയത്. ദയാഹർജി തളളണമെന്ന ശുപാർശയോടെയാണ് ദയാഹർജി നൽകിയത്. ഇതു ലഭിച്ച് മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തളളിയത്. ജനുവരി 22 നാണ് നാലു പ്രതികളെയും തൂക്കിലേറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നത്.
2019ൽ കേരളത്തില് 41151 റോഡ് അപകടങ്ങള് റിപ്പോര്ട്ട് ചെയ്തു. ട്വിറ്ററിലൂടെ കേരള പോലീസാണ് കണക്ക് പുറത്തുവിട്ടത്. റിപ്പോര്ട്ട് ചെയ്ത 41151 റോഡപകടങ്ങളില് 4408 പേര് മരണപ്പെടുകയും, 32577 പേര്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. 13382 പേര്ക്ക് നിസാര പരിക്കുകളെ ഉണ്ടായിട്ടുള്ളൂ.
ഓര്ക്കാം നമുക്കായി കാത്തിരിക്കുന്നവരെ, ശുഭയാത്ര സുരക്ഷിതയാത്ര എന്നു പറഞ്ഞാണ് പോലീസ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓരോ വര്ഷവും 35,000 ത്തിനും 43,000 ത്തിനും ഇടയ്ക്ക് റോഡ് അപകടങ്ങള് കേരളത്തില് സംഭവിക്കുന്നു എന്നാണ് കണക്കുകള്.
കേരളത്തില് 2001 മുതല് 2018 വരെ റോഡ് അപകടങ്ങളില് മരിച്ചവരുടെ എണ്ണം 67,337 ആണ്. ഇതേ കാലയളവില് റോഡ് അപകടങ്ങളില് പരിക്കേറ്റവരുടെ എണ്ണം 8,15,693. ഇതിന്റെ കൂടെ 2019-ലെ കണക്കുകള്കൂടി ചേര്ത്താല് അപകടങ്ങളുടെ എണ്ണം ഏഴുലക്ഷത്തിലധികം വരും. മരിച്ചവരുടെ എണ്ണം 72,000 ത്തോളം. പരിക്കേറ്റവരുടെ എണ്ണം 8,60,000-ല് അധികമാണ്.
ഉത്തർപ്രദേശിലെ ബിജ്നോറിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടിലിനോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൂന്ന് തിരകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വെടിവച്ച് കൊന്ന ശേഷം പെൺകുട്ടിയെ ചുട്ടെരിച്ചതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ആളൊഴിഞ്ഞ പ്രദേശത്തെ കിണറിന് സമീപത്തായാണ് മൃതദേഹം കിടന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി
മൃതദേഹം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സമീപത്തെ സ്റ്റേഷൻ പരിധികളിൽ ആരെയും കാണാതായതായി പരാതി കിട്ടിയിട്ടില്ലെന്നും പൊലീസ് പറയുന്നു. കുറ്റവാളികൾക്കായും തിരച്ചിൽ ഊർജിതമാണ്.
പൗരത്വനിയമത്തിനെതിരെ തലസ്ഥാനത്ത് തുടര്ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെ ഡല്ഹി പൊലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്ക്കാര്. മൂന്നുമാസത്തേക്ക് ദേശീയ സുരക്ഷാനിയമം നടപ്പിലാക്കാന് ഡല്ഹി പൊലീസ് കമ്മിഷണര്ക്ക് അനുമതി നല്കി ലഫ്. ഗവര്ണര് അനില് ബൈജാല് ഉത്തരവിറക്കി.
ദേശീയ സുരക്ഷാ നിയമപ്രകാരം സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഒരാള് ഭീഷണിയാണെന്ന് അധികാരികള്ക്ക് ബോധ്യപ്പെട്ടാല് അയാളെ മാസങ്ങളോളം കരുതല് തടങ്കലില് വയ്ക്കാന് അധികാരം നല്കുന്നതാണ് നിയമം. ഈ കാലയളവില് കുറ്റം ചുമത്തേണ്ടതുമില്ല. നാളെ മുതല് ഏപ്രില് 18വരെയാണ് ഡല്ഹി പൊലീസിന് പ്രത്യേക നിയമം ഉപയോഗിക്കാന് അധികാരം നല്കിയിട്ടുള്ളത്. അതേസമയം, പതിവു നടപടി മാത്രമാണെന്നാണ് ഡല്ഹി പൊലീസിന്റെ വിശദീകരണം.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്കിയ അമ്മയെ ഉത്തര്പ്രദേശിലെ കാണ്പൂരില് പ്രതികള് അടിച്ചുകൊന്നു. പത്ത് വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില് ജയിലിലായ പ്രതികള് ജാമ്യത്തിലിറങ്ങി അമ്മയെ ഉപദ്രവിക്കുകയായിരുന്നു. മൊബൈല് ദൃശ്യങ്ങള് പുറത്ത് വന്നതോടുകൂടിയാണ് കഴിഞ്ഞ ഒമ്പതിന് നടന്ന സംഭവത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്.
2018ല് മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്ക്കെതിരെ അമ്മ പരാതി നല്കിയിരുന്നു. പ്രതികള് ജാമ്യത്തിലിറങ്ങി പെണ്കുട്ടിയുടെ വീട്ടിലെത്തി കേസില്നിന്ന് പിന്വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വീട്ടുകാര് തയ്യാറാവാത്തതിനെ തുടര്ന്നാണ് അമ്മയെ ക്രൂരമായി മര്ദ്ദിച്ചത്. കുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേല്ക്കുകയുണ്ടായി. ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പെണ്കുട്ടിയുടെ അമ്മ മരണപ്പെടുകയായിരുന്നു. ബന്ധു ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തെ തുടര്ന്ന് അഞ്ച് പ്രതികളെ കാണ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള് ഇപ്പോഴും ഒളിവിലാണ്. പോലീസിന്റെ അന്വേഷണത്തില് വീഴ്ച്ചയുണ്ടായെന്നും അതിനാലാണ് പ്രതികള്ക്ക് ഇത്രവേഗം ജാമ്യം ലഭിച്ചതെന്നും ബന്ധുക്കള് ആരോപിക്കുന്നു.
A group of five men accused of molesting a young girl, who are currently out on bail, attacked the victim’s mother after she refused to withdraw the case in Kanpur. The mother succumbed to injuries at the hospital. @myogiadityanath where is law and order in the state. @Uppolice pic.twitter.com/9FVO7TvCMX
— Saurabh Trivedi (@saurabh3vedi) January 17, 2020
ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് ഇറങ്ങിയ സാനിയ മിര്സയ്ക്ക് കിരീടം. ഹോബാര്ട്ട് ഇന്റര്നാഷണല് ടെന്നിസിലാണ് സാനിയക്ക് കിരീടം. തിരിച്ചുവരവിനുശേഷമുള്ള സാനിയയുടെ ആദ്യ ടൂര്ണമെന്റാണ് ഇത്.
സാനിയ-നാദിയ കിചേനോക് സഖ്യം ചൈനീസ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. ജയം നേരിട്ടുള്ള സെറ്റുകള്ക്കാണ്. സ്കോര് 6-4, 6-4.
ആദ്യ ഏകദിനത്തിലേറ്റ കനത്ത തോല്വിക്ക് തിരിച്ചടി നല്കിയേ തിരിച്ചു കയറൂ എന്നുറപ്പിച്ചായിരുന്നു രാജ്കോട്ടില് കോലിപ്പട ഗ്രൗണ്ടിലിറങ്ങിയത്. കൂറ്റന് വിജയലക്ഷ്യം ഒസീസിനു മുന്നില് വെച്ച് ബാറ്റിംഗ് നിരയും. ക്യത്യമായ ഇടവേളകളില് വിക്കറ്റുകള് പിഴുത് ബൗളര്മാരും തങ്ങളുടേതായ പങ്കുവഹിച്ചപ്പോള് വിജയം ഇന്ത്യക്കൊപ്പം നിന്നു. ആദ്യ ഏകദിനത്തിലെ പത്തുവിക്കറ്റ് തോല്വി മറക്കാന് പരമ്പര വിജയത്തിനെ സാധിക്കൂ എങ്കിലും ചെറിയൊരു തിരിച്ചടി കംഗാരുപ്പടയ്ക്ക് നല്കാന് ടീം ഇന്ത്യക്കായി. വിജയം 36 റണ്സിന്
പത്തു വിക്കറ്റ് പരാജയമെന്ന കനത്ത ആഘാതത്തില് നിന്നും ഉയിര്ത്തെണീറ്റ് ഓസീസിനെപ്പോലൊരു ടീമിനോട് വിജയം നേടാന് കരുത്തരായ ടീമാണ്, ഒരേയൊരു ടീമാണ് ഇന്ത്യ എന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഈ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില് ആറു വിക്കറ്റിന് 340 റണ്സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 49.1 ഓവറില് 304 റണ്സിന് അവസാനിച്ചു.
കഴിഞ്ഞ കളിയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസം മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള് വാര്ണറിന്റേയും ഫിഞ്ചിന്റേയും മുഖത്തുണ്ടായിരുന്നു. എന്നാല് കരുതലോടെയായിരുന്നു ഇന്ത്യ. 15 റണ്സെടുത്ത വാര്ണറെ മനീഷ് പാണ്ഡെ ഒറ്റക്കൈയില് ഒതുക്കിയപ്പോള് ഫിഞ്ചിനെ രാഹുല് സ്റ്റംപിംഗിലൂടെ വീഴ്ത്തി. പിന്നീട് 96 റണ്സിന്റെ കൂട്ടുകെട്ടുയര്ത്തി സ്മിത്തും ലംബുഷെയ്നും ചെറിയൊരു ഭീഷണിയായെങ്കിലും 46 റണ്സില് ലംബുഷെയ്നെയും സെഞ്ചുറിക്കരികെ 98-ല് സ്മിത്തിനേയും വീഴ്ത്തി.
അലക്സ് ക്യാരി(18), ടര്ണര്(13), ആഷ്ടണ്(25). കമ്മിന്സ്(0), മിച്ചല് സ്റ്റാര്ക്ക്(6), ആദം സാംപ(6) എന്നിങ്ങനെ ആരേയും അധികം ക്രീസില് നില്ക്കാന് അനുവദിക്കാതെ ഇന്ത്യന് ബൗളര്മാര് മടക്കിയപ്പോള് ഓസീസ് പോരാട്ടം 304 ല് അവസാനിച്ചു. കെയ്ന് റിച്ചാര്ഡ്സണ് 24 റണ്സെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള് കുല്ദീപ് യാദവ്. നവദീപ് സെയ്നി , രവീന്ദ്ര ജഡേജ എന്നിവര് രണ്ടു വിക്കറ്റുകള് വീതവും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മുന്നിരതാരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. 96 റണ്സ് നേടിയ ശിഖര് ധവാനാണ് ഇന്ത്യന് നിരയിലെ ടോപ് സ്കോറര്. നായകന് വിരാട് കോഹ്ലി 78 റണ്സ് നേടി. എന്നാല് അഞ്ചാമനായി ഇറങ്ങി തകര്ത്തടിച്ച കെ.എല്.രാഹുലാണ് ഇന്ത്യന് സ്കോര് ഇത്രയും ഉയര്ത്തിയത്. 52 പന്തില് ആറ് ഫോറും മൂന്ന് സിക്സുമടക്കം 80 റണ്സ് നേടിയ രാഹുല് അവസാന ഓവറില് റണ്ണൗട്ടാകുകയായിരുന്നു.
ഓപ്പണര് രോഹിത് ശര്മ 42 റണ്സ് നേടിയപ്പോള് ശ്രേയസ് അയ്യര്, മനീഷ് പാണ്ഡെ എന്നിവര് ബാറ്റിങ്ങില് പരാജയപ്പെട്ടു. ഓസ്ട്രേലിയക്കായി ആദം സാമ്പ മൂന്നും കെയിന് റിച്ചാര്ഡ്സന് രണ്ടും വിക്കറ്റുകള് വീഴ്ത്തി.
കാന്സര്റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന് ഒടുവില് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്ത്ത നന്ദു മഹാദേവയാണ് സോഷ്യല് മീഡിയയില് പങ്കുവച്ചത്. കാന്സര് അതിജീവന കൂട്ടായ്മയായ അതിജീവനം കാന്സര് ഫൈറ്റേഴ്സ് ആന്ഡ് സപ്പോര്ട്ടേഴ്സിലാണ് സുധിയുടെ വിയോഗ വാര്ത്ത നന്ദു വേദനയോടെ കുറിക്കുന്നത്.
മരണത്തിന് ദിവസങ്ങള്ക്കു മുമ്പ് സുധി പങ്കുവച്ച് ടിക് ടോക് വിഡിയോകളാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. കൂട്ടത്തില് മകനൊപ്പമുള്ള വിഡിയോയാണ് ഏവരുടേയും കണ്ണുനിറയ്ക്കുന്നത്. സുധിക്ക് ആദരമെന്നോണം നിരവധി പേരാണ് ആ ദൃശ്യങ്ങള് ഷെയര് ചെയ്യുന്നത്
പ്രണയം നിരസിച്ച യുവാവിനെ വീഡിയോ കോള് ചെയ്യുന്നതിനിടെ വിദ്യാര്ഥിനി ജീവനൊടുക്കി. പള്ളിക്കുന്ന് സ്റ്റാഗ്ബ്രൂക്ക് എസ്റ്റേറ്റില് സുരേഷിന്റെ മകള് സൗമ്യ (21) ആണ് വീട്ടില് തൂങ്ങി മരിച്ചത്. മരണ ദൃശ്യങ്ങള് ഫോണില് കണ്ട യുവാവ് ഇതിന്റെ സ്ക്രീന് ഷോട്ടുമായി പീരുമേട് പൊലീസ് സ്റ്റേഷനില് എത്തി വിവരം അറിയിച്ചു. സ്റ്റേഷനില് നിന്ന് 6 കിലോമീറ്റര് അകലെ സൗമ്യയുടെ വീട്ടിലേക്കു പൊലീസ് എത്തി വാതില് പൊളിച്ചു കയറിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ് സുരേഷ് വിദേശത്താണ്. അമ്മ ഈ സമയത്ത് ജോലിക്കു പോയിരിക്കുകയായിരുന്നു.
പൊലീസ് വന്നപ്പോഴാണ് അയല്വാസികള് ഉള്പ്പെടെ വിവരം അറിയുന്നത്. രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിനിയാണു സൗമ്യ. ഏലപ്പാറ കീഴേപെരുന്തറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനീഷുമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില് ഇവര് ഫോണില് സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രണയ ബന്ധം മുറിയുന്നതിന്റെ മാനസിക സമ്മര്ദത്തിലായിരുന്നു യുവതിയെന്നു പൊലീസ് കരുതുന്നു. അനീഷിനെ വീഡിയോ കോള് ചെയ്തുകൊണ്ട് ഫോണ്, ഫ്രിജിനു മുകളില് വച്ച ശേഷം സൗമ്യ ജീവനൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. അനീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില്.
നാടിനെ ഞെട്ടിച്ച കൊലപതകമായിരുന്നു കൂടത്തായി കൊലപാതകങ്ങൾ. കൂടത്തായി കൊലപാതക പാരമ്പരകളില് മുഖ്യപ്രതിജോളിയുടെ കുത്തഴിഞ്ഞ ജീവിതം കുറ്റപത്രത്തില് കൃത്യമായി വരച്ചുകാട്ടി അന്വേഷണ ഉദ്യോഗസ്ഥര് . ജോളി കോഴിക്കോട് വച്ച് മാരകരോഗത്തിന്റെ പരിശോധനയ്ക്ക് വിധേയയായതടക്കം ഞെട്ടിക്കുന്നവിവരങ്ങള് അന്വേഷണസംഘം ഇതിനകം ശേഖരിക്കുകയും അനുബന്ധരേഖകള് കോടതിയില് സമര്പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയുടെ വഴിവിട്ടുള്ള ജീവിതം കോടതിക്ക് ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇവരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള് അന്വേഷണസംഘം കോടതിയില് സമര്പ്പിച്ചത്.
ഇവര് മാരകരോഗത്തിന്റെ പരിശോധനയ്ക്കായി പോയ സ്ഥലവും തീയതിയും രേഖകള് സഹിതം കുറ്റപത്രത്തോടൊപ്പം സമര്പ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ അറസ്റ്റിലാകുന്നതിന് ആറുമാസം മുന്പ് ത്വക്ക് രോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല് കോളജിലെ റിട്ട. ത്വക്ക് രോഗ ഡോക്ടറുടെ അടുത്ത് ജോളി ചികില്സ തേടിയിരുന്നു. ഇതിന് ഇവര്ക്ക് ഡോക്ടര്മാര് നല്കിയ മരുന്ന്കുറിപ്പടിയും മരുന്നുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. ജയിലില് കഴിയവേ ഈ മരുന്ന ഇവര്ക്ക് വനിതാ പോലീസുകാര് വാങ്ങിനല്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം കുറ്റപത്രത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. അപരിചിതരായ പുരുഷന്മാരെ പരിചയപ്പെട്ടാല് പോലും അടുത്തേക്ക് ചേര്ന്നിരുന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു ജോളിക്കുണ്ടായിരുന്നത് എന്നതിന്റെ തെളിവും പോലീസ് കോടതിയില് ഹാജരാക്കി.
ഇത് ഇവരുടെ മറ്റൊരു വിചിത്രസ്വഭാവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നു. നിലവില് റോയ് തോമസ് വധകേസില്മാത്രമാണ് ഇപ്പോള് കുറ്റപ്രതം സമര്പ്പിച്ചിരിക്കുന്നത്. മറ്റ് കേസുകളിലും ഉടന് തന്നെ കുറ്റപത്രം സമര്പ്പിക്കും. ഇപ്പോഴും ജോളിയുമായി ബന്ധപ്പെട്ട ചെറിയ വിവരങ്ങള് പോലും അന്വേഷണസംഘം കൃത്യമായി ശേഖരിക്കുന്നുണ്ട്. ജോളിയുടെ രണ്ടാം ഭര്ത്താവായ പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില് ഈ മാസം 18നോടെ കോടതിയില് കുറ്റപത്രം സമര്പ്പിക്കും.