Latest News

ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ B & T മ്യൂസിക്കിന്റെ ബാനറിൽ ദിവ്യതാരകം റിലീസ് ചെയ്തു. ക്രൈസ്തവർ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത ശില്പം ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ക്രിസ്മസ് സമ്മാനമാണ്.

കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയിൽ പിറന്ന ഈ വർഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. നിരവധി ഗാനങ്ങൾക്ക് സംഗിതം പകർന്ന സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലിയാണ് ഈ ആൽബത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നല്ലൊരു ഗായകനെന്ന നിലയിൽ ബാബു സ്വിസ്സ് മലയാളികൾക്ക് സുപരിചിതനാണ്. ക്യാമറ,എഡിറ്റിംഗ് ജോലികൾക്ക് പിന്നിൽ പ്രവർത്തിച്ചത് ബാസലിൽ നിന്നുള്ള ജോണി അറക്കൽ ആണ്. സ്വര മാധുരി കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച യുവഗായകൻ അഭിജിത്തിന്റെ ആലാപനത്തിലൂടെ ദിവ്യതാരകം ഹൃദയത്തിന്റെ ആഴങ്ങളിൽ ദിവ്യസ്പർശമാവുകയാണ്. ജോസി ആലപ്പുഴയാണ് ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചത്.

കലുഷിത ലോകത്ത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളിവെളിച്ചവുമായി ആകാശത്ത് ക്രിസ്മസ് നക്ഷത്രം തെളിയുമ്പോൾ നമ്മുടെ മനസ്സുകളിലേക്ക് ഒരു പ്രകാശ കിരണമായി ഈ ഗാനം കടന്നുവരും. മനുഷ്യരിൽ കുടികൊള്ളുന്ന ദൈവത്തെ കണ്ടെത്തുവാനും ഒരു പുത്തൻ മാനവികതയുടെ അരുണോദയമാകുവാനും ദിവ്യതാരകം നമ്മെ സഹായിക്കുമെന്നുറപ്പുണ്ട്.
പ്രത്യാശയുടെ മഹോത്സവമായ പിറവിത്തിരുനാളിന് മലയാളികൾക്ക് സമ്മാനമായി ലഭിക്കുന്ന ഈ ആൽബം സ്പോൺസർ ചെയ്തിരിക്കുന്നത് ജോബിൻസൻ കൊറ്റത്തിൽ മാനേജിംഗ് ഡയക്ടറായ സ്വിറ്റ്സർലന്റിലെ യൂറോപ്പ് ടൂർസ് ആൻഡ് ട്രാവൽസ് (ETT) ആണ്.

വിവാദങ്ങളിലൂടെ ഷെയ്ന്‍ നിഗം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വെയില്‍, ഖുര്‍ബാനി സിനിമാ ചിത്രീകരണത്തിനിടയില്‍ അരങ്ങേറിയ സംഭവങ്ങളും അതേത്തുടര്‍ന്നുള്ള ആരോപണങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതേസമയം ഷെയ്ൻ നിഗം എന്ന നടനെ വിലക്കിയതല്ല ഒതുക്കിയതാണെന്ന് താരത്തെ പിന്തുണച്ച് രംഗത്തെത്തിയവർ എല്ലാവരും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തെ പിന്തുണച്ച് സിനിമ താരങ്ങളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഷെയിന്‍ നിഗത്തെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തൻ ഓൺലൈൻ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യാഹിയ രംഗത്തെത്തിയിരിക്കുകയാണ്. ഷെയിനിന് എതിരെ പെയ്ഡ് ന്യൂസ് കൊടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ വാട്ട്സ്‌ആപ്പില്‍ തന്നോട് ഇതുമായി സംസാരിച്ച വ്യക്തിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.

സാജിദ് യാഹിയ പറയുന്നതിങ്ങനെയാണ്… എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസേജ് ആണിത്. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും.

എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസേജ് ആണിത്.

കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ്‌ പോർട്ടൽസ്‌, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്റുകൾ, സ്റ്റോറീസ് വരണം. അതായത് ‘പെയ്ഡ് ന്യൂസ്‌’.

വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിൻ മാത്രമല്ല വില്ലൻ. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്.#തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..

അതേസമയം ഷെയ്ന്‍ മുടി വെട്ടിയതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. താരത്തിനെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇത്തരത്തിലൊരു കാര്യത്തെ പിന്തുണയ്ക്കില്ലെന്നും, പ്രേക്ഷകര്‍ ഒപ്പമുണ്ടാവുമെന്നുമാണ് കരുതുന്നതെന്നുമായിരുന്നു സിനിമാലോകത്തെ ഒരുവിഭാഗം പ്രതികരിക്കുന്നത്. എന്നാൽ തന്റെ ഭാഗം കേള്‍ക്കാനോ എന്താണ് സംഭവിച്ചതെന്നറിയാനോ ആരുമുണ്ടായിരുന്നില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. പ്രതികരിച്ച് കഴിഞ്ഞാല്‍ കഞ്ചാവായാണ് വിശേഷണം. ട്രോളുകളും കുറവല്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ. സിനിമയില്‍ത്തന്നെ തുടരും. ഈ രണ്ട് സിനിമകളുമായി സഹകരിക്കില്ലെന്ന് താന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു.

താരത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നതിന് പിന്നിലുള്ള ശ്രമങ്ങളെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. ഷെയ്ന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കുന്നില്ല എന്നാല്‍ ഈ പ്രശ്‌നത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്വതയില്ലാത്ത പെരുമാറ്റമാണ്, അത് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. താരത്തെ വിമര്‍ശിക്കുന്നവരുടെ പ്രായത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് താരതമ്യം ചെയ്യുന്നതിന് പകരം പക്വതയോടെ വിഷയത്തെ സമീപിക്കാമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടു വർഷങ്ങൾക്കു മുൻപ് രൂപീകരിക്കപ്പെട്ട രൂപതാ വനിതാ വേദിയായ ‘വിമെൻസ് ഫോറം’, ഡിസംബർ ഏഴിന് രൂപതാതല വാർഷിക സംഗമം ഒരുക്കുന്നു. രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിൻറെ ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ അവസാനഘട്ടത്തിലാണന്ന് കോ ഓർഡിനേറ്റർ വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു.

‘ടോട്ട പുൾക്ര’ എന്ന് പരി കന്യകാമാതാവിനെ വിളിക്കാൻ ആദിമസഭയിലെ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (ടോട്ട പുൾക്ര) ‘സർവ്വമനോഹരി’ എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിൻറെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിൻറെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.

മനുഷ്യജീവിതത്തിൽ ആത്മീയവും ഭൗതികവുമായ തലങ്ങൾ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിൻറെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഏതാനും വർഷങ്ങൾക്കുമുൻപ് സ്ത്രീത്വത്തിൻറെ മഹത്വം ഉയർത്തിക്കാട്ടാൻ ‘വിമെൻസ് ഫോറം’ രൂപീകരിച്ചത്. ഭൗതികജീവിത സാഹചര്യങ്ങളിൽ മാത്രമല്ല, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിലും സ്ത്രീകൾക്ക് സുപ്രധാനസ്ഥാനമുണ്ടന്ന തിരിച്ചറിവിൽ സഭ സ്ത്രീത്വത്തിനു നൽകുന്ന ആദരം കൂടിയാണിത്.

അടുത്ത ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രെജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന വി. കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിൽ ശുശ്രുഷചെയ്യുന്ന വൈദികർ സഹകാർമ്മികരായിരിക്കും. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും നടക്കും.

രൂപതയിലെ എല്ലാ വനിതകളെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രോമോ വീഡിയോ പുറത്തിറങ്ങി. വീഡിയോ കാണാം. Video Link – https://www.youtube.com/watch?v=O2UTvvl9xl8

അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. സംഭവത്തില്‍ മുത്തശ്ശിയെയും ആട്ടോഡ്രൈവറെയും ഏരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയുമാണ് അറസ്റ്റിലായത്. അഞ്ചല്‍ ഏരൂരിലാണ് സംഭവം. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ആട്ടോറിക്ഷയുടെ ഡ്രൈവര്‍ ഗണേശ് ഇവരുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചെന്ന് എരൂര്‍ പൊലീസ് പറഞ്ഞു.

കർണാടക പ്രീമിയർ ലീഗ് (കെപിഎൽ) ക്രിക്കറ്റ് ഒത്തുകളി വിവാദത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ റോബിൻ ‍ഉത്തപ്പ, പേസ് ബോളർ വിനയ് കുമാർ എന്നിവർക്കു പൊലീസ് നോട്ടിസ്. ഒത്തുകളി കേസ് രാജ്യാന്തര താരങ്ങളിലേക്കു നീങ്ങുന്നുവെന്നു കഴിഞ്ഞ ദിവസം സൂചന നൽകിയ പൊലീസ് ഇതിനു പിന്നാലെയാണു രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോൾ സജീവമല്ലാത്ത റോബിൻ ഉത്തപ്പയ്ക്കും വിനയ്കുമാറിനും നോട്ടിസ് അയച്ചത്. കേരളത്തിന്റെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ഇപ്പോൾ.

വാതുവയ്പുകാർക്കായി ഫൈനൽ‍ ഉൾപ്പെടെയുള്ള മത്സര ഫലങ്ങൾ നേരത്തേ നിശ്ചയിക്കുകയും അതനുസരിച്ച് ബാറ്റിങ് മെല്ലെയാക്കുകയും ചെയ്തെന്ന കേസിൽ കർണാടക രഞ്ജി താരങ്ങളായ സി.എം.ഗൗതം, അബ്രാർ ഖാസി, ബെളഗാവി പാന്തേഴ്സ് ടീം ഉടമ അലി അസ്ഫക് താര, ബെംഗളൂരു ബ്ലാസ്റ്റേഴ്സ് താരങ്ങളായ എം.വിശ്വനാഥൻ, നിഷാന്ത് സിങ് ഷെഖാവത്, ബോളിങ് കോച്ച് വിനു പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 പേര്‍ മഹാസഖ്യസര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. വിശ്വാസപ്രമേയം അവതരിപ്പിച്ചത് അശോക് ചവാനായിരുന്നു. എന്നാൽ സഭാ നടപടിക്രമങ്ങള്‍ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ബിജെപി എംഎല്‍മാരെയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രോ ടൈം സ്പീക്കറെ ശാസിച്ചു. ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു.

മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപക ചട്ടലംഘനമെന്ന് ഫഡ്നാവിസ് ആരോപിച്ചു. ഭരണഘടനാവിരുദ്ധ നടപടികളുടെ ഭാഗമാകാനില്ല. ഔദ്യോഗിക അറിയിപ്പ് വൈകി, എല്ലാവരെയും എത്തിക്കാനായില്ലെന്നും ഫഡ്നാവിസ് സഭയിൽ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്ന് വ്യവസായി രാഹുല്‍ ബജാജ്. മുംബൈയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനം. അതേസമയം, ആരും ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടിയായി പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് സദസിലിരുന്ന പ്രമുഖ വ്യവസായി രാഹുല്‍ബജാജ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. വിമര്‍ശനങ്ങള്‍ അതേ അര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന് തനിക്ക് ഉറപ്പില്ല. യു.പി.എ സര്‍ക്കാര്‍ കാലത്ത് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് താന്‍ അടക്കം നന്നായി വിനിയോഗിച്ചെന്നും ബജാജ് പറഞ്ഞു.

എന്നാല്‍, ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. സര്‍ക്കാരിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സുത്യാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഷാ വ്യക്തമാക്കി. ഗാന്ധിജിയെ വെടിവച്ചത് ആരാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂറിന്റെ ഗോഡ്സെ ഭക്തിയെ ഉന്നം വച്ചും ബജാജ് ആഞ്ഞടിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് പ്രജ്ഞയ്‍ക്ക് മാപ്പില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പ് പറഞ്ഞെങ്കിലും അതേ പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററികാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പിന്നീട് കണ്ടതെന്നും രാഹുല്‍ ബജാജ് വിമര്‍ശിച്ചു.

കോച്ചിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച കഥ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന കുറിപ്പ് ഏറെ ഹൃദ്യമാണ്.

സുനിൽ ഛേത്രിയുടെ വാക്കുകള്‍ ഇങ്ങനെ: അവളുടെ അച്ഛൻ എന്റെ കോച്ചായിരുന്നു. ഛേത്രി എന്നയാളെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ തന്റെ മകളോട് പറയാറുണ്ടായിരുന്നു. എനിക്ക് പതിനെട്ടും അവൾക്ക് പതിനഞ്ചും വയസ്സ് പ്രായം. അവൾക്ക് എന്നോട് വലിയ കൗതുകം തോന്നിയിരുന്നു. അങ്ങനെ അവൾ അവളുടെ അച്ഛന്റെ ഫോണിൽ നിന്നും എന്റെ നമ്പർ കണ്ടെത്തി എനിക്ക് ടെക്സ്റ്റ് മെസേജ് ചെയ്തു. ‘ഹായ് ഞാൻ സോനം, നിങ്ങളുടെ വലിയ ആരാധികയാണ്. എനിക്ക് നിങ്ങളെ നേരിൽ കാണണമെന്നുണ്ട്’. ആരാണ് അവളെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.

പക്ഷേ അവളുടെ മെസേജുകൾ എന്നെ അവളിലേക്ക് ആകർഷിച്ചു. അതുകൊണ്ട് അവളെ കാണാൻ ഞാൻ തീരുമാനിച്ചു. നേരിൽ കണ്ടപ്പോഴാണ് അവൾ ഒരു ചെറിയ കുട്ടിയാണെന്ന് മനസ്സിലായത്. നീ ചെറിയ കുട്ടിയാണ്, പോയി വല്ലതും പഠിക്കാൻ നോക്ക് എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് പോന്നു. പക്ഷേ വീണ്ടും ഞങ്ങൾ മെസേജുകൾ അയക്കുന്നത് തുടർന്നു.

അങ്ങനെ രണ്ടുമാസം പോയി. ഒരു ദിവസം എന്റെ കോച്ച് അദ്ദേഹത്തിന്റെ ഫോണ്‍ എന്തോ തകരാര്‍ വന്നെന്നു പറഞ്ഞ് എന്റെ കൈയിൽ തന്നു. ഞാനത് നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് കോച്ചിന്റെ മകളുടെ കോൾ അതിലേക്ക് വന്നു. ആ നമ്പർ എനിക്ക് പരിചിതമായിത്തോന്നി. പെട്ടെന്നാണ് അത് സോനത്തിന്റെ നമ്പരാണെന്ന് എനിക്ക് മനസ്സിലായത്. ഞാനാകെ പരിഭ്രാന്തനായി. ഞാനുടനെ അവളെ വിളിച്ചു. കോച്ച് ഇക്കാര്യമെങ്ങാനും അറിഞ്ഞാൽ എന്റെ കരിയർ അവസാനിക്കുമെന്ന് ഞാനവളോട് പറഞ്ഞു. എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിക്കണമെന്ന് ഞാനാവശ്യപ്പെട്ടു. സത്യം മറച്ചു വെച്ചതിന് അവളെന്നോട് മാപ്പ് പറഞ്ഞു.
രണ്ടുമാസം കൂടി കടന്നുപോയി. പക്ഷെ, അവളെന്റെ മനസ്സിൽ നിന്ന് പോയില്ല.

അവളെന്റെ കൂടെയുള്ളത് ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. ഞാൻ അവൾക്ക് ടെക്സ്റ്റ് ചെയ്തു. ഞങ്ങൾ വീണ്ടും മെസ്സേജുകളയയ്ക്കാൻ തുടങ്ങി. ഞങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങി. എനിക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഇക്കാരണത്താൽ തന്നെ വർഷത്തിൽ രണ്ടോ മൂന്നോ തവണയാണ് ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിയുക. ഞാൻ സിനിമയ്ക്ക് രണ്ട് ടിക്കറ്റെടുത്ത് കയറും. വാതിൽക്കൽ അവളുടെ പേരിലുള്ള ടിക്കറ്റ് കൊടുത്തുവെക്കും. ഞാൻ കയറിക്കഴിഞ്ഞാൽ അവളും എത്തിച്ചേരും.

വർഷങ്ങൾ കടന്നുപോയി. ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളർന്നുവന്നു. എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കാന്‍ അവളുണ്ടായി. ഞാനെന്റെ കരിയറിൽ വിജയം നേടി.
പ്രായവും പക്വതയുമൊക്കെ ആയെന്നു തോന്നിയപ്പോൾ ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചു. അവളുടെ അച്ഛനോട് സംസാരിക്കാൻ സമയമായെന്ന് എനിക്ക് തോന്നി. വിറയലോടെ ഞാനവളുടെ വീട്ടിലേക്ക് കേറിച്ചെന്നു.

അവളുടെ അച്ഛൻ സൂര്യനു കീഴിലുള്ള എല്ലാറ്റിനെയും കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ധൈര്യം സംഭരിച്ച് ഇങ്ങനെ പറഞ്ഞു: “സർ, ഞാൻ എനിക്ക് അങ്ങയുടെ മകളോട് ഇഷ്ടമുണ്ട്. അവൾക്കും എന്നോട് ഇഷ്ടമുണ്ടെന്നാണ് എന്റെ വിശ്വാസം.” അദ്ദേഹം ഇത്രമാത്രം പറഞ്ഞു: “ഓ, ശരി.” ശേഷം അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി. ഒടുവില്‍ അദ്ദേഹം പുറത്തുവന്നു. സമ്മതം പറഞ്ഞു. ഞങ്ങൾ 13 വർഷം പ്രണയിച്ചു. രണ്ടുവർഷം മുമ്പ് വിവാഹിതരായി. ഇപ്പോഴും അവൾ സ്വയം വിശേഷിപ്പിക്കുന്നത് എന്റെ ഏറ്റവും വലിയ ആരാധികയെന്നാണ്.

ന്യൂഡൽഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം.സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.  11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43 ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്. 93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്കാരം ലഭിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഏറെ പ്രസക്തമാണ്‌.

2017ൽ പദ്മശ്രീ നൽകി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്. കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്.

തകഴി, എസ്‌കെ പൊറ്റക്കാട്, എംടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരും ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അക്കിത്തത്തിന്‌ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മലയാളത്തില്‍ ജ്ഞാനപീഠം ലഭിച്ചത് ഒ.എന്‍.വി കുറുപ്പിനായിരുന്നു.

യുവനടൻ ഷെയ്ൻ നിഗത്തിനു വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ പ്രതികരണങ്ങൾ വരികയാണ്.അതേസമയം വിഷയത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ തന്നെ രംഗത്തെത്തിയിരുന്നു.’അമ്മ സംഘടനയിൽ പ്രതീക്ഷയുണ്ടെന്നും കൂടെ ഉണ്ടാവുമെന്നുമുള്ള നിലപാടാണ് ഷെയ്ൻ സ്വീകരിച്ചത്.ഇപ്പോഴിതാ ‘അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ പ്രതികരണം എത്തുകയാണ്.സിദ്ദീഖ് ചിത്രം ബിഗ് ബ്രദറിന്റെ ചിത്രീകരണവുമായി പൊള്ളാച്ചിയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ലാലേട്ടന്‍ ഈ വിഷയത്തില്‍ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നല്‍കുന്നതെന്ന് ഷെയിന്‍ നിഗത്തിന്റെ ഉമ്മ പറയുന്നു. ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എടുത്തു പറഞ്ഞും ഷെയിന്‍ നിഗമിന്റെ ഉമ്മ സുനില അമ്മക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് താര സംഘടന. മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

ഷെയ്‌നെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിച്ചുവെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. നിലവിലെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട്. ഇക്കാര്യം എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കുകയായിരുന്നു. മോഹന്‍ലാലിനും ഇതേ നിലപാട് തന്നെയാണെന്ന് അവര്‍ പറയുന്നു.

നിർമ്മാതാക്കളുടെ സംഘടനയുടെ പ്രവൃത്തിയിൽ മുന്നറിയിപ്പ് നൽകി നടൻ സലിം കുമാർ രംഗത്തെത്തിയിരുന്നു.

സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത് എന്നും ഷെയിന്‍ നിഗം വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കണ മെന്നും സലിംകുമാർ മുന്നറിയിപ്പ് നൽകുന്നു.

സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നത്. കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്. സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്. അയാൾക്ക്‌ കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണം, സലിംകുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

നമസ്കാരം.
ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.
ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്.
സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നത്.കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്.

സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്. അയാൾക്ക്‌ കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണം.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കുക.

പ്രൊഡ്യൂസേർസ് അസോസിയേഷൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയിൽ ഒരുപാട് സംഘടനകൾ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളിൽ തന്നെയാണ്.
ആർക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുക, അതിനെയാണ് നമ്മൾ സംഘടനാമികവ് എന്ന് പറയുന്നത്.

ഷെയിൻ നിഗം എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വെള്ളപൂശാനല്ല ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. തെറ്റ് തിരുത്താൻ അയാൾക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസിൽ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവൻ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ തങ്ങളുടെ പടത്തിൽ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിർമ്മാതാവിന് ഇല്ലേ.

നിങ്ങളിപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററിൽ അടിച്ചിട്ടാണ് തീയറ്ററിൽ ആളെക്കൂട്ടുന്നത്.

നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങൾ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാൽ, അതോടെ നമ്മളുടെ കത്തിക്കൽ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.

ദയവുചെയ്ത് കാടടച്ച് വെടിവെക്കരുത്. ഈ കാട്ടിൽ ക്ഷുദ്രജീവികൾ കുറവാണ്.ഇന്നുവരെ നമ്മളുടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികൾക്കാണെന്നും ഓർക്കുമല്ലോ.
സിനിമയിലധികമാരും പ്രതികരിച്ചു കണ്ടില്ല. അതിന്റെ പേരിൽ എഴുതിപ്പോയ കുറിപ്പാണിത്. സംഘടനകൊണ്ട് ശക്തരാവുക എന്നാണ് ആചാര്യന്മാർ പറഞ്ഞിരിക്കുന്നത്. ഷെയിൻ നിഗത്തിനിവിടെ ജീവിക്കണം. ഒപ്പം നമുക്കും.

എന്ന്,
സലിംകുമാർ.

RECENT POSTS
Copyright © . All rights reserved