രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം ആരംഭിച്ചത്. 40 ദിവസം നീണ്ടുനിന്ന തുടര്വാദങ്ങള്ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന് സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
തര്ക്കഭൂമി മുസ്ലിംകള്ക്കില്ലെന്ന് സുപ്രീംകോടതി. പള്ളി നിര്മിക്കാന് പകരം ഭൂമി നല്കണമെന്നും വിധി. പള്ളി നിര്മിക്കാന് പകരം അഞ്ചേക്കര് ഭൂമി നല്കണം. സുന്നി വഖഫ് ബോര്ഡിന് വാദം തെളിയിക്കാനായില്ലെന്ന് സുപ്രീംകോടതി. മൂന്നുമാസത്തിനുള്ളില് കേന്ദ്രം പദ്ധതി തയ്യാറാക്കണം.
അയോധ്യ ഭൂമിതര്ക്ക കേസില് സുപ്രീം കോടതി വിധി പറയുന്നു. അയോധ്യക്കേസില് ഏകകണ്ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിധി പൂര്ണമായി വായിക്കാന് 30 മിനിറ്റ് വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന ഉറപ്പുനല്കുന്ന തുല്യതയും മതേതരത്വവും ഉയര്ത്തിപ്പിടിക്കും. വിശ്വാസം അംഗീകരിക്കുമെന്ന് കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന് കോടതിക്കാവില്ല.
1. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന് കോടതിക്കാവില്ല
2. നിര്മോഹി അഖാഡയുടെ ഹര്ജി നിലനില്ക്കില്ല
3. രാമജന്മഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല
4. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ട്
5. ആര്ക്കിയോളജിക്കല് സര്വെ റിപ്പോര്ട്ട് തള്ളിക്കളയാനാവില്ല
6. ഖനനത്തില് ക്ഷേത്രസ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള് കണ്ടെത്തിയെന്ന് ASI റിപ്പോര്ട്ട്
7. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് റിപ്പോര്ട്ടില് പറയുന്നില്ല
8. അയോധ്യ രാമജന്മഭൂമിയെന്നാണ് ഹൈന്ദവവിശ്വാസമെന്ന് ചരിത്രരേഖയും സാക്ഷിമൊഴിയുമുണ്ട്
9. രാം ചബൂത്രയിലും സീത രസോയിലും ഹിന്ദുക്കളുടെ പൂജ ആരും തടഞ്ഞില്ലെന്നതിന് രേഖയുണ്ട്
10. വിശ്വാസത്തിന്റെ അടിസ്ഥാനത്തില് മാത്രം ഉടമസ്ഥത തീരുമാനിക്കാനാവില്ല, രേഖ വേണം
11. പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന് മുസ്ലിംകള്ക്കായില്ല
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രത്യേക സിറ്റിങ് ചേർന്നാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുല് നസീര് എന്നിവരായിരുന്നു െബഞ്ചിലെ അംഗങ്ങൾ.
അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്.
സുപീം കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്പ്പെടുത്തിയിട്ടുണ്ട്, കോടതിയിലേക്കുള്ള റോഡുകളെല്ലാം അടച്ചു. രാവിലെ ഏഴരയോടെ തന്നെ മാധ്യമപ്രവര്ത്തകരെ സുപ്രീം കോടതിയില് പ്രവേശിപ്പിച്ചു. പതിവിലും നേരത്തെ റജിസ്ട്രാര് എത്തിയതിനെത്തുടര്ന്നാണ് മാധ്യമപ്രവര്ത്തകരെ കടത്തിവിട്ടത്. വിധി വരുന്ന പശ്ചാത്തലത്തില് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടികള് റദ്ദാക്കി. 10.30ന് ബിജെപി നേതൃയോഗവും ചേരും.
Android Kunjappan Version 5.25 Movie Review:
വാർധക്യകാലത്ത് അസുഖങ്ങളും ദേഷ്യവും മടുപ്പുമൊക്കെയായി ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് മിണ്ടി പറയാനും കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോർട്ട് എത്തിയാൽ എങ്ങനെയിരിക്കും? വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയിരിക്കുകയാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
പയ്യന്നൂരിലെ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പ’ന്റെ കഥ നടക്കുന്നത്. അൽപ്പം മുൻശുണ്ഠിയും തന്റേതായ ചില ചിട്ടകളും വാശിയുമെല്ലാമുള്ള ഒരു കടുപ്പക്കാരനാണ് ഭാസ്കരൻ പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്). മെക്കാനിക്കൽ എഞ്ചിനീയറായ മകൻ സുബ്രഹ്മണ്യൻ എന്ന സുബ്ബു (സൗബിൻ ഷാഹിർ) ദൂരെ എവിടെയും ജോലിയ്ക്ക് പോകുന്നത് ഭാസ്ക്കര പൊതുവാളിന് ഇഷ്ടമില്ല. എന്നും എപ്പോഴും കൺവെട്ടത്ത് മകനുണ്ടാകണമെന്ന അയാളുടെ ആഗ്രഹത്തിനു മുന്നിൽ മികച്ച പല നല്ല ജോലി ഓഫറുകളും സുബ്ബു വേണ്ടെന്ന് വയ്ക്കുകയാണ്. രണ്ടു വയസ്സിൽ അമ്മ നഷ്ടപ്പെട്ട സുബ്ബുവിനെ സംബന്ധിച്ചും അച്ഛനാണ് അവന്റെ ലോകം, എന്നാൽ ഏതൊരു ചെറുപ്പക്കാരനെയും പോലെ കരിയർ സ്വപ്നങ്ങളും അവനുണ്ട്.
ഒടുവിൽ റഷ്യയിൽ നിന്നും ഒരു ജോലി അവസരം തേടിയെത്തുമ്പോൾ അച്ഛനെ ധിക്കരിച്ചുതന്നെ സുബ്ബു ഇറങ്ങിപ്പുറപ്പെടുകയാണ്. തന്നെ നോക്കാൻ മകൻ ഏർപ്പാടാക്കിയ ഹോം നേഴ്സിനെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചുകൊണ്ട് ഭാസ്കരൻ പൊതുവാൾ മകനെ യാത്രയാക്കുന്നു. ആരോടും ഒത്തുപോവാൻ കഴിയാത്ത അച്ഛനെ നോക്കാൻ അടുത്ത വരവിൽ സുബ്ബു കൊണ്ടുവരുന്നത് ഒരു റോബോർട്ടിനെ (ഹ്യൂമനോയിഡിനെ) ആണ്. അവിടെ നിന്നുമാണ് സിനിമ കൗതുകമേറിയൊരു കാഴ്ചയായി മാറുന്നത്.
നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞപ്പൻ എന്നു വിളിക്കുന്ന ഹ്യൂമനോയിഡും ഭാസ്ക്കര പൊതുവാളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആ ഹ്യൂമനോയിഡ് ഭാസ്കര പൊതുവാളിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെയും നിറവിന്റെയും കഥയാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
വളരെ ഫ്രഷായ ഒരു കഥാതന്തു തന്നെയാണ് ചിത്രത്തിനെ രസകരമാക്കുന്നത്. ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.
വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചർ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയിൽ പറയാനുദ്ദേശിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയാണ് സംവിധായകൻ രതീഷ്.
സുരാജ് വെഞ്ഞാറമൂടിന്റെ പവർപാക്ക് പെർഫോമൻസ് ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക. സുരാജിനെ അല്ലാതെ മറ്റൊരു നടനെയും ആ കഥാപാത്രത്തിലേക്ക് സങ്കൽപ്പിക്കാൻ പ്രേക്ഷകനു കഴിഞ്ഞെന്നുവരില്ല. കാരണം തന്നേക്കാൾ ഇരട്ടിപ്രായമുള്ള അച്ഛൻ കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞപ്പനെന്ന ഹ്യൂമനോയിഡിനെ മകനെ പോലെ സ്നേഹിക്കുന്ന, ചരട് ജപിച്ചു കെട്ടി കൊടുക്കുന്ന, മഴയത്ത് നനയുമ്പോൾ തല തോർത്തി കൊടുക്കുന്ന, പോകുന്നിടത്തെല്ലാം കയ്യും പിടിച്ചു നടക്കുന്ന ഭാസ്കര പൊതുവാൾ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കും.
സൗബിന്റെ സുബ്ബുവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നൊരു കഥാപാത്രമാണ്. അച്ഛനോടുള്ള കരുതലിനിടയിലും സ്വന്തം നിസ്സഹായതയിൽ ശ്വാസം മുട്ടുന്ന സുബ്ബു എന്ന കഥാപാത്രം സൗബിന്റെ കയ്യിൽ ഭദ്രമാണ്. ഒരു മെഷീനാണെങ്കിലും പ്രേക്ഷകർക്ക് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ഇത്തിരികുഞ്ഞൻ യന്ത്രമനുഷ്യനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല. പ്രോഗ്രാം ചെയ്തു വെച്ചതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മെഷീൻ മാത്രമാണ് കുഞ്ഞപ്പൻ എന്ന് ഒരു നിമിഷം പ്രേക്ഷകർ മറന്നുപോയാലും കുറ്റം പറയാൻ പറ്റില്ല. അത്രത്തോളം ഇമോഷണലി കണക്റ്റഡ് ആയ രീതിയിലാണ് സംവിധായകൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാർവ്വതി, സൈജു കുറുപ്പ്, നായികയായെത്തിയ കെന്റി സിർദോ തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.
ചിത്രത്തിലെ സംഭാഷണങ്ങളാണ് ശ്രദ്ധയർഹിക്കുന്ന മറ്റൊരു ഘടകം. ജാതിമത ഭേദങ്ങൾക്കും ചിന്താഗതികൾക്കും അപ്പുറത്തേക്ക് മനുഷ്യൻ മാറേണ്ട ഒരു കാലത്തിനെ ഉൾകൊള്ളുന്നുണ്ട് ചിത്രം. എങ്ങനെ ഒരു മികച്ച മനുഷ്യനാവാം എന്ന് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ പറയുമ്പോൾ കുറച്ചുപേരിലെങ്കിലും ആ വാക്കുകൾ ഇരുണ്ട ചിന്താഗതികളിലേക്ക് വെളിച്ചം വീശിയേക്കാം എന്നതാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തരുന്ന പ്രത്യാശകളിലൊന്ന്.
സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ. ദൃശ്യഭാഷയും സംഗീതവും ചിത്രത്തിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വളരെ പുതുമയുള്ളൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ കുട്ടികൾക്കൊപ്പം തിയേറ്ററിൽ പോയി കാണേണ്ട ചിത്രങ്ങളിലൊന്നാണ്. കളിയും ചിരിയും കാര്യവുമൊക്കെയായി ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ കുട്ടികളുടെ ഹൃദയം കവരുമെന്ന് ഉറപ്പ്.
Nivin Pauly ‘Moothon’ Movie Review and Rating:
ഒരു തുരുത്തിൽ നിന്ന് നിലയില്ലാക്കയത്തിലേക്ക്, അവിടെ നിന്നും ഒരിക്കലും തിരിച്ചു വരാനാകാത്ത ഒരു ചുഴിയിലേക്ക്… ‘മൂത്തോന്’ എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സ് കറുത്ത് കലങ്ങി, രൗദ്ര ഭാവത്തിലുള്ള തിരമാലകൾ അലയടിക്കുന്ന ഒരു കടല് പോലെയാകും. ആ തിരമാലകൾക്കു താഴെ, വെളിച്ചത്തിന്റെ കണികകൾ ഒരിക്കലും എത്തിപ്പെടാൻ സാധ്യതയില്ലാത്ത ആഴങ്ങളില്പ്പെട്ട് മുങ്ങിത്താഴുന്ന ‘മൂത്തോനിലെ’ കഥാപാത്രങ്ങളും, അവരുടെ ജീവിതങ്ങളും.
മുല്ലയെന്ന കുട്ടി തന്റെ മൂത്ത സഹോദരനെ തേടി ലക്ഷദ്വീപിൽ നിന്നും മുംബൈയിലെ കാമാത്തിപുരയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് മൂത്തോന്റെ ഇതിവൃത്തം. ബന്ധങ്ങളുടെയും, ലൈംഗികതയുടെയും, പ്രേമത്തിന്റെയും, മനുഷ്യന്റെ ക്രൗര്യതയുടെയും പല അടരുകളിലൂടെ കടന്നു പോകുന്ന സിനിമ. അറിയാത്ത ഏതോ കാരണത്താൽ തന്റെ ദ്വീപിൽ നിന്നും നാടുവിട്ടു പോകേണ്ടി വരുന്ന മുല്ലയുടെ ചേട്ടൻ അക്ബർ പിന്നെ കാമാത്തിപുരയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന അക്ബർ ഭായ് ആവുന്നതിന്റെ കാരണങ്ങളാണ് ‘മൂത്തോന്’ അന്വേഷിക്കുന്നത്.
മൽസ്യബന്ധനം നടത്തിയും , ‘പരിചകളി’ നൃത്തം ചെയ്തും ദ്വീപിലെ ശാന്ത ജീവിതം നയിച്ച അക്ബർ എന്ന ചെറുപ്പക്കാരൻ, കാമാത്തിപുരയിലെ അരണ്ട വെളിച്ചങ്ങളിൽ, സിരകളിൽ ലഹരിയും നിറച്ച്, വികാരങ്ങൾ തീണ്ടാത്ത മനസുമുള്ള ഭായ് ആയി മാറിയതിനു കാരണം സമൂഹം അന്യവൽക്കരിക്കുന്ന, അംഗീകരിക്കാൻ തയ്യാറാകാത്ത പ്രണയ സങ്കൽപ്പങ്ങൾ കൂടിയാണെന്ന് സംവിധായിക ഗീതു മോഹന്ദാസ് ഈ സിനിമയിലൂടെ പറയുന്നു. ശരീരത്തിന്റെ അതിര് വരമ്പുകൾ ഭേദിച്ചു കൊണ്ട് യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന ബന്ധങ്ങളെ സമൂഹം ഇരുട്ടിലേക്ക് തള്ളി വിടുന്നത് എങ്ങനെ എന്നതിന്റെ ഭയപ്പെടുത്തുന്ന ആവിഷ്കാരമാണ് ‘മൂത്തോന്’. അക്ബർ എന്ന കഥാപാത്രത്തിനു അമീർ എന്ന സംസാരശേഷിയില്ലാത്ത ചെറുപ്പക്കാരനോട് തോന്നുന്ന സ്നേഹം, പ്രണയമാകുന്ന കാഴ്ചകളെല്ലാം ചിത്രം അതിമനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. മുല്ല എന്ന കുട്ടിക്കുണ്ടാകുന്ന ജെന്ഡര് ക്രൈസിസിനെ സമൂഹം പ്രശ്നവൽക്കരിക്കുന്നതും സിനിമ ചോദ്യം ചെയ്യുന്നു.
ലക്ഷ്വദ്വീപിലെ തുറസ്സായ കടൽത്തീരങ്ങളിൽ നിന്ന് കാമാത്തിപുരയിലെ ഇടുങ്ങിയ, ജീർണിച്ച ഇടങ്ങളിൽ എത്തുമ്പോൾ അക്ബർ എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റം നിവിൻ അത്ഭുതാവഹമായി അഭിനയിക്കുന്നുണ്ട്. തന്റെ ഭൂതകാലത്തിലെയും വർത്തമാനകാലത്തിലെയും ചങ്കു കൊത്തി പറിക്കുന്ന വേദനകൾ മറക്കാൻ ലഹരി കുത്തി നിറയ്ക്കുന്ന അക്ബറിന്റെ വികാര വിസ്ഫോടനങ്ങളും നിസ്സഹായതകളും അതിഭാവുകത്വങ്ങളില്ലാതെ ഭംഗിയായിട്ടാണ് നിവിൻ അവതരിപ്പിക്കുന്നത്. നിവിൻ പോളി എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും സങ്കീര്ണ്ണമായ കഥാപാത്രങ്ങളില് ഒന്നിനെ അവതരിപ്പിക്കാന് അവസരം നല്കിയ, അതിനെ പൂര്ണ്ണതയില് എത്തിക്കാന് സഹായിച്ച സംവിധായികയുടെ ശ്രമങ്ങള് വലിയ കയ്യടി അര്ഹിക്കുന്നു. ദിലീഷ് പോത്തൻ , റോഷൻ മാത്യൂസ്, ശോഭിത ധുലിപാല, ശശാങ്ക് അറോറ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്ത്തി. മുല്ല എന്ന കഥാപാത്രം ചെയ്ത സഞ്ജന ദിപു എന്ന ബാല താരം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
രാജീവ് രവി എന്ന ഛായാഗ്രാഹകന്റെ തൊപ്പിയില് മറ്റൊരു തൂവല് കൂടി. കാമാത്തിപുരയുടെ ഇരുണ്ട ഇടവഴികളും, മങ്ങിയ ഉള്ളറകളും, ലക്ഷ്വദ്വീപിന്റെ നീലിമയും, കാണാകാഴ്ചകളുമെല്ലാം സിനിമയുടെ ആസ്വാദനത്തിന്റെ ആഴം കൂട്ടുന്നതില് വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബി.അജിത്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദന മികവിന് മുതൽ കൂട്ടാവുന്നുണ്ട്. ബോളിവുഡിലെ Alternate സിനിമയുടെ വക്താവായ സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിനോ ശങ്കറാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്നേഹ ഖാൻവാൽക്കറും ഗോവിന്ദ് വസന്തയും ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഭാവവുമായി ഇണങ്ങി പോവുന്നതാണ് അതിലെ പശ്ചാത്തല സംഗീതം.
മലയാള സിനിമ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത, കാണാൻ മടിക്കുന്ന പല കാഴ്ചകളെയും ചങ്കൂറ്റത്തോടെ, ഒരു വീട്ടുവീഴ്ചയുമില്ലാതെ വെള്ളിത്തിരയിൽ എത്തിച്ച ഗീതു മോഹൻദാസ് തന്നെയാണ് അഭിനന്ദനത്തിന്റെ സിംഹഭാഗം അർഹിക്കുന്നത്. മനുഷ്യന്റെ പല തരത്തിലുള്ള വീർപ്പുമുട്ടലുകളെ, അതിന്റെ ഏറ്റവും മൂർത്തമായ ഭാവത്തിൽ അവതരിപ്പിക്കുന്ന ‘മൂത്തോനെ’ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
Nalpathiyonnu Movie Review:
സമീപകാലത്ത് കേരളത്തില് ഏറ്റവും കൂടുതല് ചര്ച്ചയായ വിഷയമാണ് ശബരിമല. മലയെയും വിശ്വാസത്തെയും ആചാരങ്ങളെയും യുക്തിവാദത്തെയും കമ്യൂണിസത്തെയും ചേര്ത്തുവച്ച് പലതരത്തില് പല കോണുകളില്നിന്നു ചര്ച്ചകള് ഉടലെടുത്തിരുന്നു. ആ ചര്ച്ചകള് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില് ശബരിമലയും യുക്തിവാദവും കേന്ദ്രവിഷയമാക്കി ഒരു സിനിമയുമായി എത്തിയിരിക്കുകയാണ് ലാല് ജോസ്. അദ്ദേഹത്തിന്റെ 25-ാമത്തെ ചിത്രമാണ് നാല്പ്പത്തിയൊന്ന് (41). ബിജു മേനോന്, നിമിഷ സജയന്, ശരണ് ജിത്ത്, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായ ഉല്ലാസ് മാഷ് എന്ന വിശ്വാസിയും പാര്ട്ടി പ്രവര്ത്തകനുമായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്. വടക്കന് കേരളത്തിലെ ഗ്രാമത്തില്നിന്ന് ആരംഭിച്ച് ശബരിമലയില് അവസാനിക്കുന്ന കഥയാണ് നാല്പ്പത്തിയൊന്നിന്റേത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ശബരിമലയിലേക്കുള്ള യാത്ര.
ഒന്നാം പകുതി ലാല് ജോസ് പൂര്ണമായും തിരഞ്ഞെടുത്തിരിക്കുന്നത് രണ്ട് കഥാപാത്രങ്ങളെയും സ്ഥാപിച്ചെടുക്കാനും രണ്ടാം പകുതിയിലെ യാത്രയ്ക്കുള്ള കളമൊരുക്കാനുമായാണ്. ചിത്രം തുടങ്ങുന്നത് തന്നെ ഉല്ലാസ് മാഷിനെ അവതരിപ്പിച്ചു കൊണ്ടാണ്.വ്യവസായിയായ ദൈവം എന്ന പുസ്തകമെഴുതിയിട്ടുള്ള യുക്തിവാദിയാണ് ഉല്ലാസ്. ആള്ദൈവങ്ങളുടെ മാന്ത്രികശക്തിയ്ക്കു പിന്നിലെ കളവ് കുട്ടികള്ക്ക് മുന്നില് അവതരിപ്പിക്കുകയാണ് ഉല്ലാസ്. തന്റെ മുന്നിലുള്ളവര് തനിക്ക് കയ്യടിക്കുന്നുണ്ടെങ്കിലും തന്നെ വിശ്വസിക്കുന്നില്ലെന്ന് വരുമ്പോള് ദൈവത്തെ വെല്ലുവിളിക്കാന് വരെ ഉല്ലാസ് മാഷ് തയ്യാറാകുന്നുണ്ട്. ചിത്രം പറയാന് ഉദ്ദേശിക്കുന്നത് എന്തെന്ന് ഈ രംഗത്തില് തന്നെ വ്യക്തമാക്കുന്നുണ്ട് സംവിധായകന്. വരാനിരിക്കുന്നത് വിശ്വാസവും യുക്തിവാദവും തമ്മിലുള്ള മത്സരമാണെന്ന് ആ രംഗം പറയുന്നു. ഈ മത്സരത്തില് ആര് ജയിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ചിത്രത്തിന്റെ പ്ലസുകളിലേക്ക് നോക്കാം ആദ്യം. നാല്പ്പത്തിയൊന്ന് കണ്ടിറങ്ങുന്നവരില് വാവാച്ചി കണ്ണന് എന്ന കഥാപാത്രവും അതവതരിപ്പിച്ച ശരണ്ജിത്തും മായാതെ നില്ക്കും. ചിത്രത്തില് ഏറ്റവും മികച്ച അഭിനയപ്രകടനം കാഴ്ചവച്ചിരിക്കുന്നതും ശരണ്ജിത്താണ്. സിനിമയില് ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള ബിജുമേനോനെപ്പോലും പിന്നിലാക്കുന്നതായിരുന്നു ശരണിന്റെ പ്രകടനം. സിനിമയില് ഒരു തുടക്കക്കാരനാണെന്ന തോന്നല് ഒരിടത്തും തോന്നിപ്പിക്കാതെ വാവാച്ചി കണ്ണനെ ശരണ് മനോഹരമാക്കി.
പല തരത്തിലുള്ള മദ്യപാനികളെയും മലയാള സിനിമയില് നമ്മള് കണ്ടിട്ടുണ്ട്. പക്ഷെ അവരോടൊന്നും തോന്നാത്തൊരു അടുപ്പം വാവാച്ചി കണ്ണനോട് തോന്നും. ദേഷ്യം, പ്രണയം, സങ്കടം, തുടങ്ങി വാവാച്ചി കണ്ണന്റെ പല ഭാവങ്ങളും മുഖങ്ങളും ശരണ്ജിത്ത് അവതരിപ്പിക്കുന്നു. അദ്ദേഹത്തിലെ നടന്റെ റെയ്ഞ്ച് വെളിവാകുന്ന പ്രകടനം. കൂടുതല് അവസരങ്ങള് കിട്ടുകയാണെങ്കില് അത്ഭുതങ്ങള് കാണിക്കാന് കഴിയുന്ന അഭിനേതാവാണ് ശരണ്.
വാവാച്ചി കണ്ണന്റെ ജീവിതസഖിയായ സുമയായി എത്തിയ ധന്യ അനന്യയുടേതും എടുത്ത് പറയേണ്ട പ്രകടനമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സാധാരണ രംഗങ്ങളെ പോലും അതിമനോഹരമാക്കുന്നു. തുടക്കക്കാരാണെന്ന തോന്നല് അനുഭവപ്പെടുത്താതെ പ്രണയരംഗമടക്കം അവതരപ്പിക്കാന് അവര്ക്ക് കഴിഞ്ഞിട്ടുണ്ട്. സുമയും വാവാച്ചിയും ജീവിത പ്രശ്നങ്ങള്ക്കിടയിലും പരസ്പരം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് കാഴ്ചക്കാര്ക്ക് അനുഭവപ്പെടുന്നത് ഇരുവരുടെയും പ്രകടനത്തിന്റെ മികവുകൊണ്ടാണ്.
പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള് തമ്മിലുള്ള മത്സരമാകുമ്പോള് ഏത് ഭാഗത്തായിരിക്കും ചിത്രം നില്ക്കുക, അല്ലെങ്കില് അന്തിമ വിജയം ആരുടേതായിരിക്കുമെന്ന ചോദ്യം കാഴ്ച്ക്കാരിലുമുണ്ടാകാം. ആ ചോദ്യത്തിന് ഉത്തരം തേടിയായിരിക്കും ചിത്രം കാണാന് തീരുമാനിക്കുന്നതും. ഇവിടെ ഒരു ഭാഗത്തേക്ക് നില്ക്കാതെ നിഷ്പക്ഷമായി നില കൊള്ളുകയാണ് ലാല് ജോസ്. അല്ലെങ്കില് അങ്ങനെയാണ് താനെന്ന് മറ്റുള്ളവര് കരുതണമെന്നാണ് ലാല് ജോസ് ആഗ്രഹിക്കുന്നത്.
ഒരിക്കല് പോലും രണ്ടിലാരാണ് വിജയിക്കുന്നതെന്ന് പറയുന്നില്ലെങ്കിലും പറയാതെ തന്നെ ലാല് ജോസ് പലപ്പോഴും ഒരു ഭാഗത്തേക്ക് ചായുന്നതായി കാണാം. പ്രധാനമായും ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്. യുക്തിവാദികളും വിശ്വാസികളും തമ്മിലുള്ള മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി തുടരുന്ന ഒന്നാണ്. യുക്തിയെ കൂട്ടുപിടിക്കണമോ വിശ്വാസത്തെ കൂട്ടുപിടിക്കണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരാള് വിശ്വാസി ആയതുകൊണ്ടോ അതല്ല യുക്തിവാദി ആയതുകൊണ്ടോ മാറ്റിനിര്ത്തേണ്ടതില്ല. അതിനാല് സംവിധായകന്റെ ചായ്വിനെ, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
പക്ഷെ, ഒരു ഭാഗത്ത് നില്ക്കുമ്പോള് തന്നെ മറുവശത്തുള്ളവരെ പരിഹസിക്കേണ്ടതില്ല. ആക്ഷേപഹാസ്യമെന്ന തരത്തില് അവതരിപ്പിച്ചിരിക്കുന്ന ഒന്നാം പകുതിയിലുടനീളം ഇത്തരത്തിലുള്ള പരിഹാസമാണ് കാണാനാവുന്നത്. കമ്യൂണിസത്തെയും യുക്തിവാദത്തെയും പലയിടത്തായി പരിഹസിക്കുന്നുണ്ട്.
2019 ഈ അവസാന കാലത്തും നവോത്ഥാനം എന്നത് പരിഹാസത്തിനുള്ള വിഷയമായി മാറേണ്ടതാണോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പാര്ട്ടി നിലപാടില് ഉറച്ചു നില്ക്കണമെന്ന ഉല്ലാസ് മാഷിന്റെ വാദത്തെ ഖണ്ഡിക്കാന് ഇനി ഇവിടെയും കൂടി മാത്രമേ താമര (ആംഗ്യത്തില്) ബാക്കിയുള്ളൂവെന്ന് പറയുന്നതൊക്കെ ഏത് നരേറ്റീവിന് അനുകൂലമായ തമാശയാണെന്നത് സംവിധായകന് ആഴത്തില് ചിന്തിക്കേണ്ടതാണ്. ഇത്തരത്തില് പലയിടത്തും ആക്ഷേപ ഹാസ്യമെന്ന പേരില് വരുന്ന തമാശകള് ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്.
പ്രത്യക്ഷത്തില് നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും അത് മൈലേജ് നല്കുന്ന നരേറ്റീവുകള് പ്രശ്നമാണ്. ജാതിരാഷ്ട്രീയം പറയാന് പലയിടത്തും ലാല് ജോസ് ശ്രമിക്കുന്നുണ്ടെങ്കിലും അത് ഉപരിപ്ലവമായ സമീപനം മാത്രമാണ്.
ബിജുമേനോന് പതിവുപോലെ തന്റെ അനായാസമായ അഭിനയ ശൈലി നാല്പ്പത്തിയൊന്നിലും ആവര്ത്തിക്കുന്നുണ്ട്. തന്റെ വിവാഹം മുടന്നതിലേക്കടക്കം നീങ്ങിയിട്ടും തന്റെ ബോധ്യത്തിലുറച്ചു നില്ക്കുന്ന, മാലയിട്ട് മലയ്ക്ക് പോകുന്ന ഉല്ലാസ് എന്ന യുക്തിവാദിയുടെ ആത്മസംഘര്ഷങ്ങളെ ബിജുമേനോന് അനായാസം അവതരിപ്പിക്കുന്നു. കൂടുതല് ചെയ്യാനില്ലെങ്കിലും ഉള്ളത് അത്രയും നിമിഷ സജയന് മനോഹരമാക്കി. നാട്ടിന്പുറത്തുകാരിയില്നിന്നു നിമിഷയ്ക്ക് ഉടനെ ഒരു മോചനം ആവശ്യമാണെന്ന് തോന്നുന്നുണ്ട്. നിമിഷയിലെ അഭിനേത്രിയെ വെല്ലുവിളിക്കാന് സാധ്യതയുള്ള വേഷമായിരുന്നിട്ടു കൂടി കഥാപാത്ര സൃഷ്ടിയിലെ അലസത ആ അവസരം നഷ്ടപ്പെടുത്തുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതയിലെ ഇഴച്ചില് വല്ലാത്തൊരു അലോസരമാകുന്നുണ്ട്. ഒന്നാം പകുതിയിലെ അവതരണ രീതിയില് നിന്നും പൂര്ണമായും വേറിട്ടതാണ് രണ്ടാം പകുതി.യാത്ര വരുന്നത് ഇവിടെയാണ്. അലസമായ തിരക്കഥയാണ് രണ്ടാംപകുതിയിലെ വില്ലന്. ക്ലൈമാക്സ് രംഗത്തിലേക്ക് എത്തുമ്പോഴേക്കും ഈ ചിത്രത്തിനും ശബരിമല കയറിയ ക്ഷീണമാണ്. ഇവിടെയും ശരണ്ജിത്തിന്റെ അഭിനയം ഒരു ആശ്വാസമാണ്. മൊത്തത്തില് കഠിനമായൊരു മലകയറ്റമാണ് നാല്പ്പത്തിയൊന്ന്.
ബോധവല്ക്കരണങ്ങള് അവഗണിച്ച് യാത്രക്കാര് നടപ്പാത ഉപയോഗിക്കാതെ പാളങ്ങള് മുറിച്ച് കടക്കുന്നത് തുടരുന്ന സാഹചര്യത്തില് ‘കാലനെ’ ട്രാക്കിലിറക്കി റെയില്വേ. റെയില്വേ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലൂടെ ഇതിന്റെ ദൃശ്യങ്ങള് പുറത്തുവിട്ടു. റെയില്വേ പാളങ്ങള് മുറിച്ചുകടക്കാന് സ്റ്റേഷനുകളിലെ നടപ്പാത ഉപയോഗിക്കണമെന്ന നിര്ദ്ദേശമാണ് യാത്രക്കാര് പലരും അവഗണിക്കുന്നത്.
അശ്രദ്ധമായ ഈ പാളം മുറിച്ചുകടക്കല് യാത്രക്കാരുടെ മരണത്തിന് പോലും കാരണമാകാറുണ്ട്. ഇതിന് പിന്നാലെയാണ് ബോധവല്ക്കരണത്തിനായി പശ്ചിമ റെയില്വേ കാലനെ ട്രാക്കിലിറക്കിയത്. പാളങ്ങള് മുറിച്ചുകടക്കുന്നത് ശിക്ഷാര്ഹമാണ് എന്നിരിക്കെയാണ് നിരവധിയാളുകള് പാളങ്ങള് അശ്രദ്ധമായി മുറിച്ചുകടന്ന് അപകടത്തില്പ്പെടുന്നത്.
കറുത്ത നീളമുള്ള നീളന് കുപ്പായവും ഗദയും കിരീടവുമായി ഭയപ്പെടുത്തുന്ന രൂപത്തിലാണ് കാലന് ട്രാക്കിലിറങ്ങിയത്. ട്രാക്ക് മുറിച്ച് കടക്കാന് ശ്രമിക്കുന്നവരെ കാലന് തോളിലെടുത്ത് തിരികെ പ്ലാറ്റ്ഫോമില് എത്തിക്കാന് തുടങ്ങിയതോടെയാണ് യാത്രക്കാര് ഇത് ശ്രദ്ധിച്ചത്. മുംബൈയിലെ തിരക്കേറിയ റെയില്വേ സ്റ്റേഷനുകളായ മലാഡ്, അന്ധേരി തുടങ്ങീ പല സ്റ്റേഷനുകളിലും ഇത്തരത്തില് ബോധവല്ക്കരണ പ്രവര്ത്തനങ്ങള് നടത്തുന്നുണ്ട്. റെയില്വേ പോലീസുകാരനാണ് ഇത്തരത്തില് കാലന്റെ വേഷത്തിലെത്തുന്നത്. കാലന്റെ നേരിട്ടുള്ള ബോധവല്ക്കരണത്തില് സ്ഥിരം നിയമലംഘകരുടെ മനം മാറുമെന്ന പ്രതീക്ഷയിലാണ് റെയില്വേ.
ശാന്തൻപാറയില് ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് തിരയുന്നയാളുടെ സഹോദരൻ അറസ്റ്റിൽ. ഒളിവില് പോയ കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിക്കും, ഫാം ഹൗസ് മാനേജര് വസീമിനും വേണ്ടിയിള്ള തിരച്ചില് പൊലീസ് ഊര്ജിതമാക്കി. എന്നാല് ബന്ധുക്കള് പരാതി നല്കിയപ്പോള്തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നെങ്കില് പ്രതികള് രക്ഷപെടില്ലായിരുന്നെന്ന് നാട്ടുകാര് ആരോപിച്ചു
തൃശൂർ ഇരിങ്ങാലക്കുട കുഴിക്കണ്ടത്തിൽ ഫഹാദ് ആണു അന്വേഷണ സംഘത്തിന്റെ പിടിയിലായത്. റിജോഷിന്റെ കൊലപാതകത്തെ തുടർന്നു ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ വസീമിന്റെ സഹോദരൻ ആണു ഫഹാദ്. കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനും ആണ് ഫഹാദിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റിജോഷിനെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കഴിഞ്ഞ 1 ന് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം രണ്ട് തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് ഫഹാദിന്റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. റിജോഷ് ജീവനോടെ ഉണ്ട് എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വസീം, സഹോദരൻ ഫഹാദ്, റിജോഷിന്റെ ഭാര്യ ലിജി എന്നിവർ ചേർന്ന് നടത്തിയ ശ്രമം ആയിരുന്നു ഇത്. ഇൗ ഫോണുകളുടെ ഉടമസ്ഥരെ പൊലീസ് കണ്ടെത്തിയതോടെ ആണ് സത്യാവസ്ഥ പുറത്തു വന്നത്. .
കയറോ തുണിയോ പോലുള്ള വസ്തു ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണു റിജോഷിനെ കൊലപ്പെടുത്തിയത് എന്നു പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടില് വ്യക്തമാണ് . ശരീരത്തിൽ മറ്റ് മുറിവുകൾ ഇല്ല. മരണ സമയത്ത് റിജോഷ് അർധ ബോധാവസ്ഥയിൽ ആയിരുന്നു . മൃതദേഹത്തിന് 4 ദിവസത്തിൽ അധികം പഴക്കം ഉണ്ട്. ഫാം ഹൗസ് മാനേജർ വസീം, റിജോഷിന്റെ ഭാര്യ ലിജി, റിജോഷിന്റെ ഇളയ മകൾ ജൊവാന എന്നിവരെ കഴിഞ്ഞ 4 മുതൽ കാണാനില്ല എന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പൊലീസ് വ്യക്തമായി അന്വേഷിച്ചിരുന്നെങ്കില് പ്രതികള് രക്ഷപെടില്ലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
റിജോഷിന്റെ കൊലപാതകത്തിൽ ഭാര്യ ലിജിക്കും പങ്ക് ഉണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിനു ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വസീം, ലിജി എന്നിവർ കുട്ടിയുമായി കേരളം വിട്ടതായി ആണ് സൂചന. പൊലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.അന്വേഷണം ഊര്ജിതമാക്കി പൊലീസ്. ചൊവ്വാഴ്ച ഇരുവരും പാലായില് എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് നിഗമനം. വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തില് അതിര്ത്തി മേഖലകളിലുമെല്ലാം തിരച്ചില് ശക്തമാക്കിയിട്ടുണ്ട്. മദ്യത്തില് വിഷം നല്കി കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് പറയുന്നു. കുറ്റസമ്മതം നടത്തിയുള്ള വസീമിന്റെ വീഡിയോ സന്ദേശവും ഇന്നലെ ലഭിച്ചിരുന്നു.
അയോധ്യാ കേസില് സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്.
കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
അയോധ്യ കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. നാൽപ്പത് ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസിൽ വിധിപറയാൻ കോടതിയൊരുങ്ങുന്നത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ്.അബ്ദുള് നസീര് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില് ആരംഭിച്ച ഒരു വലിയ തര്ക്കത്തില് പരമോന്നത കോടതിയുടെ അന്തിമ തീര്പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.
പലതലത്തില് പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്. ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലേക്ക് 4,000 സായുധ സൈനികരെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള് ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയ് വിലയിരുത്തി. ഉത്തര്പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര് തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ചേംബറില് വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സ്ഥിതിഗതികള് ചര്ച്ച ചെയ്തു. വിധി വരുന്ന പശ്ചാത്തലത്തില് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള് യോഗത്തിൽ വിലയിരുത്തി.
അയോധ്യ കേസിൽ വിധി എന്തുതന്നെയായാലും സൗഹാര്ദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധി ആരുടെയും പരാജയമല്ല, രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. രാജ്യ നന്മയ്ക്ക് കരുത്തുപകരുന്നതാകും വിധിയെന്ന് പ്രതീക്ഷിക്കാം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില് ആരംഭിച്ച ഒരു വലിയ തര്ക്കത്തില് പരമോന്നത കോടതിയുടെ അന്തിമ തീര്പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. പലതലത്തില് പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട്.
1528ല് നിര്മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെ. 1885 ജനുവരി 29 തര്ക്കം ആദ്യമായി കോടതികയറി. മഹന്ത് രഘുബര്ദാസ് തര്ക്കഭൂമിയില് ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജി ഫൈസാബാദ് സബ്കോടതി തള്ളി. ഇതിനെതിരെ നല്കിയ അപ്പീലുകള് 1886 മാര്ച്ച് 18ന് ജില്ലാകോടതിയും നവംബര് 1ന് ജുഡീഷ്യല് കമ്മീഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിച്ചു.
1949 ഓഗസ്റ്റ് 22 പള്ളിയില് രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. 1949 ഡിസംബര് 29 തര്ക്കഭൂമി ജില്ലാ മജിസ്ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല് സിങ് വിഷാരദെന്ന ശ്രീരാമ ഭക്തന് ഫൈസാബാദ് കോടതിയില് ഹര്ജി നല്കി. അയോധ്യ തര്ക്കത്തില് സ്വതന്ത്ര ഇന്ത്യയിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു. 1959ല് സുന്നി വഖഫ് ബോര്ഡും 1961ല് നിര്മോഹി അഖാഡയും ഹര്ജി നല്കി. 1986 ജനുവരി 31, പള്ളി ഹിന്ദുക്കള്ക്കായി തുറന്നുകൊടുക്കാന് ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. തുടര്ന്നുണ്ടായ സംഭവ വികാസങ്ങള് അവസാനിച്ചത് 1992ലെ ഡിസംബര് ആറിന് ബാബറി മസ്ജിദിന്റെ തകര്ക്കലില്.
1993 ജനുവരി 7, തര്ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്ക്കാര് നിയമം. തര്ക്കഭൂമിയുടെ കാര്യത്തില് തീര്പ്പുണ്ടാക്കാന് സുപ്രീംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്സും. 1994 ഒക്ടോബര് 24, റഫറന്സിന് മറുപടി നല്കാന് വിസമ്മതിച്ച് സുപ്രീംകോടതി വിധി. വിഷയം അലഹബാദ് ഹൈക്കോടതിയിലേക്ക്. 2010 സെപ്റ്റംബര് 30, തര്ക്കഭൂമി മൂന്നായി വിഭജിക്കാന് ഹൈക്കോടതി വിധി. 2010 മെയ് 9 വിധിക്ക് സുപ്രീംകോടതി സ്റ്റേ.
2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള് ഭരണഘടന ബെഞ്ചിന്. 2019 മാര്ച്ച് 08 സമവായ ചര്ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില് അന്തിമവാദം. 2019 ഒക്ടോബര് 16 40 ദിവസത്തെ വാദംത്തിന് ശേഷം ഹര്ജികള് വിധി പറയാന് മാറ്റി.
വേദനയ്ക്കു പിടച്ചിലിനും വിട്ടുകൊടുക്കാതെ നിഴലു പോലെ കൂടെ നിന്ന ആ പെണ്ണൊരുത്തിയുടെ പ്രാര്ത്ഥന വെറുതെയായിപ്പോയി. ആയിരങ്ങളുടെ കണ്ണീരിനും സ്നേഹത്തിനും മീതേ പറന്ന ലാല്സണ് ഒടുവില് മരണത്തിന്റെ ലോകത്തേക്ക് യാത്രയായി. സോഷ്യല് മീഡിയയെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ വാര്ത്ത നന്ദു മഹാദേവയാണ് പങ്കുവച്ചിരിക്കുന്നത്.
ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന് !! കാരുണ്യത്തിന്റെ മൂര്ത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവന് !!! പ്രിയ ലാല്സന് ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന് പ്രാര്ത്ഥിക്കുന്നു..പ്രണാമം !! നന്ദു മഹാദേവ കുറിക്കുന്നു.
കാന്സര് വരിഞ്ഞു മുറുക്കുമ്പോഴും അതിജീവനത്തിന്റെ പ്രതീകമായി നിന്ന ലാല്സണും വേദനയില് ആ മനുഷ്യന്റെ കൈപിടിച്ച ഭാര്യ സ്റ്റെഫിയും സോഷ്യല് മീഡിയക്ക് അത്രമേല് പ്രിയപ്പെട്ടവരായിരുന്നു. തന്നെ പൊന്നു പോലെ നോക്കുന്ന സ്റ്റെഫിയെ സോഷ്യല് മീഡിയക്ക് ലാല്സണ് പലവുരു പരിചയപ്പെടുത്തിയിട്ടുമുണ്ട്.
നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റ്;
ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട
എന്റെ ശരീര അവയവങ്ങളെക്കാള്
എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു
എനിക്കെന്റെ ലാല്സന് ചേട്ടന് !!
അതൊക്കെ നഷ്ടപ്പെടുമ്പോള് എനിക്ക് സങ്കടം ഉണ്ടായില്ല !!
പക്ഷേ ഇത്……..!!!!!!
എന്ത് ചെയ്താലും മുന്നില് നില്ക്കുമായിരുന്നു..!!
ഇപ്പോള് ദേ മരണത്തിന്റെ കാര്യത്തിലും ഏട്ടന് ഞങ്ങളെക്കാള് മുന്നില് കയറി !!
ചേട്ടന് വേഗം തിരിച്ചു വരാന് വേണ്ടിയാണ് ഞാന് 1008 പടി കയറി മുരുഖനോട് പ്രാര്ഥിച്ചത്..
അടക്കാന് കഴിയാത്ത ചങ്ക് തകരുന്ന സങ്കടം ഉണ്ടെങ്കിലും ചേട്ടനെ ഓര്ത്തു കരയില്ല ഞാന്..!
അത് ആ ആത്മാവിനോട്
ഞാന് കാണിക്കുന്ന ഏറ്റവും
വലിയ തെറ്റ് ആകും !!
മരിക്കുന്ന ദിവസമായ ഇന്ന്
രാവിലെ പോലും സമൂഹത്തിന്
ഊര്ജ്ജം കൊടുക്കുയാണ്
അദ്ദേഹം ചെയ്തത്..!!
ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന് !!
കാരുണ്യത്തിന്റെ മൂര്ത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവന് !!!
ആ ജീവിതം എല്ലാവരും മാതൃകയാക്കേണ്ടതാണ്..!!
ശാരീരികമായ വേദനകളെ മാറ്റി
നിര്ത്തിയാല് മരിക്കുന്ന നിമിഷം
വരെയും പൂര്ണ്ണ സന്തോഷവാന് ആയിരുന്നു അദ്ദേഹം !!
അതുപോലെ സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്നേഹം പറയാതെ ലാല്സന് എന്ന അധ്യായം പൂര്ണ്ണമാകില്ല !!
അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടന്..
ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു..
വീണു പോകുമ്പോള് പരസ്പരം താങ്ങാകുന്ന അതിജീവനം കൂട്ടായ്മ..!!
പ്രശ്നങ്ങളില് പരസ്പരം ആശ്വാസം പകരുന്ന കുടുംബം അതാണ് അതിജീവനം..
ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു
അതിജീവനത്തിന്റെ സ്നേഹ കരങ്ങള്
ലോകം മുഴുവന് എത്തപ്പെടണം എന്നത്..!!
ആ ലക്ഷ്യം പൂര്ത്തീകരിക്കാന് ആത്മാര്ത്ഥമായി പ്രവര്ത്തിക്കുമെന്ന്
അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പില്
ഈ അവസരത്തില് ഞങ്ങള്
പ്രതിജ്ഞ ചെയ്യുന്നു !!
പ്രിയ ലാല്സന് ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന് പ്രാര്ത്ഥിക്കുന്നു..
പ്രണാമം !!
[ot-video][/ot-video]
എല്ലാ വര്ഷവും മകളുടെ കന്യകാത്വ പരിശോധന നടത്താറുണ്ടെന്ന വിവാദ പ്രസ്താവനയിൽ പുലിവാല് പിടിച്ച് അമേരിക്കന് ഗായകനും അഭിനേതാവുമായ ക്ലിഫോര്ഡ് ഹാരിസ്.
അമേരിക്കയിലെ പ്രശസ്തനായ റാപ് സംഗീതജ്ഞനായ ‘ടിഐ’ എന്നറിയപ്പെടുന്ന ക്ലിഫോര്ഡ് ഹാരിസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്ക്കു വഴിതുറന്നിരിക്കുകയാണ്. ഇയാള്ക്കെതിരെ സോഷ്യല് മീഡിയയില് വിമര്ശനമുയര്ന്നിട്ടുണ്ട്.
“മകള്ക്ക് ഇപ്പോള് പതിനെട്ടു വയസ്സാണ്. അവള്ക്ക് പതിനാറു വയസ്സായപ്പോള് മുതല് എല്ലാ വര്ഷവും മുടങ്ങാതെ കന്യകാത്വ പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്കു മകളെ കൊണ്ടുപോകുന്നത് താനാണ്,” ഗ്രാമി അവാര്ഡ് ജേതാവ് കൂടിയായ ക്ലിഫോര്ഡ് ഹാരിസ് ഒരു അഭിമുഖത്തില് പറഞ്ഞു.
“മകളുടെ എല്ലാ ജന്മദിനങ്ങള്ക്കും ശേഷമാണ് പരിശോധന നടത്താറുള്ളത്. ജന്മദിനാഘോഷങ്ങള് എല്ലാം കഴിഞ്ഞാല് അന്നു രാത്രി അവളുടെ റൂമിന്റെ വാതിലില് ഒരു കുറിപ്പ് എഴുതി ഒട്ടിക്കും. നമുക്ക് നാളെ രാവിലെ 9.30 ന് ഗൈനക്കോളജിസ്റ്റിനെ കാണാന് പോകണമെന്ന് ആ കുറിപ്പില് എഴിതിയിടും. അവള്ക്ക് 16 വയസ്സായപ്പോള് മുതല് ഇതു ചെയ്യുന്നുണ്ട്,” ക്ലിഫോര്ഡ് ഹാരിസ് പറഞ്ഞു.
പരിശോധനയ്ക്കു ശേഷം മകളുടെ റിപ്പോര്ട്ട് ഡോക്ടര് നല്കും. അവള് ഇപ്പോഴും കന്യകയായി തുടരുകയാണെന്നും ക്ലിഫോര്ഡ് പറയുന്നു. വിവാദ പ്രസ്താവനയടങ്ങിയ ക്ലിഫോര്ഡിന്റെ അഭിമുഖം ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. പ്രസ്താവന വലിയ വിവാദങ്ങള്ക്കു വഴിതുറന്നതോടെ തൊട്ടടുത്ത ദിവസം തന്നെ യുട്യൂബില്നിന്ന് അഭിമുഖം നീക്കം ചെയ്തു. മകളുടെ ആരോഗ്യ കാര്യത്തില് താന് ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ക്ലിഫോര്ഡ് ഇക്കാര്യം പറഞ്ഞത്.
കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്ക്കെതിരെയും മകളെ പരിശോധനയ്ക്കു കൊണ്ടുപോകുന്ന ക്ലിഫോര്ഡിനെതിരെയും നടപടിയെടുക്കണമെന്ന് സോഷ്യല് മീഡിയയില് നിരവധി പേര് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തന്നെ കാവിപൂശാൻ ശ്രമിക്കുന്നുവെന്നും അവരുടെ വലയിൽ വീഴില്ലെന്നും രജനീകാന്ത്. താനോ തിരുവള്ളുവറോ ബിജെപിയുടെ വലയിൽ വീഴില്ലെന്നും രജനി പറഞ്ഞു. അടുത്തിടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച തമിഴ് കവി തിരുവള്ളുവറിന്റെ ചിത്രം ബിജെപി പുറത്ത് വിട്ടതിനെക്കുറിച്ചായിരുന്നു രജനിയുടെ പരാമർശം.
“അവരോടൊപ്പം ചേരാൻ ബിജെപി എനിക്ക് യാതൊരു വാഗ്ദാനവും നൽകിയിട്ടില്ല. എന്നാൽ തിരുവള്ളുവറിനെ എന്ന പോലെ എന്നെയും കാവിവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു. ഞാൻ കുടുങ്ങുകയില്ല, തിരുവള്ളുവറും വരില്ല,” അദ്ദേഹം പറഞ്ഞു.
“ഞാൻ ഒരു ബിജെപിക്കാരനാണെന്ന ധാരണ നൽകാൻ ചില ആളുകളും മാധ്യമങ്ങളും ശ്രമിക്കുന്നു. ഇത് ശരിയല്ല. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ആളുകൾ അവർക്കൊപ്പം ചേരുന്നത് സന്തോഷമാണ്. എന്നാൽ ഒരു തീരുമാനം എടുക്കേണ്ടത് എന്റെ ചുമതലയാണ്” അദ്ദേഹം പറഞ്ഞു.
കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരികരിക്കാനും ബിജെപിയോട് രജനി ആവശ്യപ്പെട്ടു. “തിരുവള്ളുവറിനെ കാവി നിറത്തിലുള്ള ഷാൾ പുതപ്പിക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. ഈ പ്രശ്നങ്ങളെല്ലാം പ്രാധാന്യം കുറഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതൊരു നിസാര വിഷയമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ്-രാം ജന്മഭൂമി തർക്കത്തിൽ വിധി പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശാന്തരായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും രജനീകാന്ത് പറഞ്ഞു.
ഈ മാസം അവസാനം ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ അമ്പതാം പതിപ്പിൽ രജനീകാന്തിന് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്നെ കാവിപൂശാനുളള ശ്രമങ്ങളെക്കുറിച്ചുളള രജനീകാന്തിന്റെ അഭിപ്രായ പ്രകടനം.
Rajinikanth: Some people & media are trying to give an impression that I am a BJP man. This isn’t true. Any political party will be happy if anyone joins them. But it is on me to take a decision. pic.twitter.com/GcURWL88L6
— ANI (@ANI) November 8, 2019
നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ ഇടം നൽകാതെ ഏറ്റുമാനൂർ നഗരസഭ. വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ കഴിഞ്ഞ 7ന് പുലർച്ചെ ഒരുമണിക്ക് പ്രസവേദനയെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗർഭത്തിൽ വച്ച് തന്നെ കുട്ടി മരിച്ചിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂർ നഗരസഭയുടെ നിലപാട്.
ഇതോടെ മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില് എസ്ഐ പ്രതിഷേധിക്കാനൊരുങ്ങി. തുടർന്ന് സ്ഥലം നൽകി എങ്കിലും കുഴിയെടുക്കാൻ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ല. എസ്ഐയുടെ നേതൃത്വത്തിൽ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചത്.
അതേസമയം കുട്ടിയെ സംസ്കരിക്കേണ്ടത് ഏറ്റുമാനൂർ നഗരസഭയുടെ ചുമതലയല്ലെന്നാണ് നഗരസഭ ചെയർമാന്റെ പ്രതികരണം. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണ്. അവരാണു നോക്കേണ്ടത്. ആധുനിക ശ്മശാനം പണിയുന്നതിനാൽ ആവശ്യത്തിനു സ്ഥലമില്ലെന്നും നഗരസഭാ ചെയർമാൻ ജോർജ് പുല്ലാട്ട് വ്യക്തമാക്കി. നഗരസഭയുടെ നിലപാടു കാരണം 36 മണിക്കൂർ വൈകിയാണു മൃതദേഹം സംസ്കരിക്കാനായത്.