നടന്‍ മധുവിനെ കുറേ കാലമായി സോഷ്യല്‍ മീഡിയ കൊല്ലുന്നു. ഇന്നലെയും ഇന്നുമായി സോഷ്യല്‍ മീഡിയയില്‍ മധു മരിച്ചെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. പലരും മൊബൈലില്‍ കിട്ടിയ സന്ദേശം പലര്‍ക്കും അയച്ചു കൊടുക്കാനും തുടങ്ങി. നടന്‍ മധുവിന്റെ വീട്ടിലെ ഫോണിലേക്കും മൊബൈലിലേക്കും വാര്‍ത്ത അറിഞ്ഞു പലരും വിളിക്കാനും തുടങ്ങി.
ഇതറിഞ്ഞാണ് ദീര്‍ഘകാലമായി മധുവുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചന്ദ്രകുമാര്‍ നേരിട്ട് മധുവിനെ വിളിക്കുകയായിരുന്നു. മധു ഫോണ്‍ എടുക്കാന്‍ വൈകിയതോടെ അല്പം വിഷമം ഉണ്ടായെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.
എന്നാല്‍ അടുത്ത സുഹൃത്തായ മധുവിന്റെ ശബ്ദം കേട്ടതോടെ ആശ്വാസമായി. ഞാന്‍ മരിച്ചു കാണുന്നതില്‍ പലര്‍ക്കും സന്തോഷം ഉണ്ട്. താന്‍ അത്ര വേഗം മരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും മധു പറഞ്ഞതായി ചന്ദ്രകുമാര്‍ പറഞ്ഞു.
വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. ഇത്തരം സംഭവങ്ങളെ ഒരു മാറ്ററാക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.-മധു പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസ മുൻപാണ് മധുവിന്റെ എൺപത്തിയാറാമത്തെ പിറന്നാൾ മലയാളി പ്രേക്ഷകർ ആഘോഷിച്ചത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ താരത്തിന് ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. പിറന്നാൾ ആഘോഷം മായുന്നതിനും മുൻപെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇതിനും മുൻപും ജീവിച്ചിരിക്കുന്ന പല താരങ്ങളേയും ഇത്തരത്തൽ സമൂഹമാധ്യമങ്ങളിലൂടെ ജീവനെടുത്തിട്ടുണ്ട്.
തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണ്ണവുമായി മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന നൗഷാദാണ് പിടിയിലായത്.
തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വെച്ച് സ്വർണ്ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് നൗഷാദ് ഷാര്‍ജയില്‍ നിന്നും കടത്തികൊണ്ടുവന്നത്.
മരടില്‍ ഒഴിപ്പിക്കാനിരിക്കുന്ന ഫ്‌ളാറ്റുകളില്‍ ഉടമസ്ഥര്‍ ആരെന്ന് അറിയാതെ അമ്പത് ഫ്‌ളാറ്റുകള്‍. ഇത്തരം ഫ്‌ളാറ്റുകള്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഫ്‌ളാറ്റ് കെയര്‍ ടേക്കര്‍മാര്‍ക്കും ഉടമസ്ഥരെക്കുറിച്ച് വ്യക്തതയില്ല.
അതേസമയം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നും ഇനി ഒഴിയാന്‍ അവശേഷിക്കുന്നത് 83 കുടുംബങ്ങളാണ്. ഇന്നലെ രാത്രി 12 മണിക്ക് ഉള്ളില്‍ താമസക്കാരെല്ലാം ഫ്‌ളാറ്റ് വിട്ട് പോകണമെന്ന് ഉത്തരവുണ്ടായിരുന്നെങ്കിലും വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ജില്ലാ കളക്ടര്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെയും 326 അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 243ലധികം ഉടമകളാണ് ഇതിനോടകം ഒഴിഞ്ഞതെന്ന് ജില്ലാ ഭരണകൂടം പറയുന്നു.
വീട്ടുസാധനങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജില്ലാ ഭരണകൂടം ഉടമകള്‍ക്ക് സാവകാശം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ ഫ്‌ളാറ്റുകളില്‍ താമസിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.
സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
പാകിസ്താന്റേതെന്നു കരുതി സ്വന്തം ഹെലികോപ്റ്റർ മിസ്സൈലുതിർത്ത് വീഴ്ത്തിയ ഇന്ത്യൻ എയർഫോഴ്സിന്റെ നടപടി ‘വലിയ അബദ്ധ’മായിരുന്നെന്ന് വ്യോമസേനാ തലവൻ രാകേഷ് കുമാർ സിങ് ഭദോരിയ. ഫെബ്രുവരി 27നായിരുന്നു ശ്രീനഗറിനു മുകളിലൂടെ പറക്കുകയായിരുന്ന എംഐ-17 വി5 ഹെലികോപ്റ്ററിനു നേരെ മിസ്സൈലുതിർത്തത്. ആറ് വ്യോമസേനാ ഉദ്യോഗസ്ഥർ ഈ സംഭവത്തിൽ മരിച്ചു. ഒരു ശ്രീനഗർ സ്വദേശിയും കൊല്ലപ്പെടുകയുണ്ടായി. ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെയാണ് ഈ സംഭവമുണ്ടായത്. ശ്രീനഗറിലെ ബുദ്ഗാമിലാണ് ഹെലികോപ്റ്റർ വെടിയേറ്റ് തകർന്നുവീണ് കത്തിയത്.
“നമ്മുടെ മിസ്സൈലാണ് ഹെല്കോപ്റ്ററിനെ വീഴ്ത്തിയതെന്ന് അന്വേഷണത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വകുപ്പുതല നടപടികളും അച്ചടക്ക നടപടിയും എടുത്തിട്ടുണ്ട്. അതൊരു വലിയ അബദ്ധമായിരുന്നു. ഞങ്ങളത് സമ്മതിക്കുന്നു,” വ്യോമസേനാ മേധാവി പറഞ്ഞു.
രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്. ഇസ്രയേൽനിർമിത സ്പൈഡർ മിസൈൽ തൊടുത്താണ് ഇവർ കോപ്റ്റർ വീഴ്ത്തിയത്.
മിസ്സൈൽ തൊടുക്കാനുള്ള ഉത്തരവു നൽകാൻ വ്യോമതാവളത്തിലെ ടെർമിനൽ വെപ്പൺ ഡയറക്ടർ പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് അധികാരം . വ്യോമതാവളത്തിന്റെ ചുമതലയുള്ള എയർ ഓഫീസർ കമാൻഡിങ്, രണ്ടാമനായ ചീഫ് ഓപ്പറേഷൻസ് ഓഫീസർ എന്നിവർ മാറിമാറിയാണ് ഈ പദവി വഹിക്കുക. ഹെലികോപ്റ്റർ തകർന്ന സംഭവം നടക്കുമ്പോൾ ചീഫ് ഓപ്പറേഷൻസ് ഓഫീസറായിരുന്നു ഈ പദവി വഹിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
കൊച്ചി∙ ‘28 വർഷം മുമ്പ് സഹോദരിക്കുണ്ടായ അതേ ദുർവിധി തന്നെയും തേടിയെത്തിയിരിക്കുന്നു’– പരിഭവിക്കുന്നത് കുവൈത്തില്‍ അധ്യാപികയായ ജിജി. ‘ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ഓടിപ്പോരുമ്പോൾ ചേച്ചി ആനി അനുഭവിച്ച ദുഃഖമാണ് ഇന്ന് തനിക്കുണ്ടായിരിക്കുന്നത്’ – ജിജി പറയുന്നു.
തന്റെ ഫ്ലാറ്റ് പൊളിക്കാൻ പോകുന്നു എന്നറിഞ്ഞാണ് ജിജി മക്കൾക്കൊപ്പം ഹോളിഫെയ്ത്ത് എച്ച്ടുഒ അപാർട്മെന്റിലെത്തിയത്. ഫ്ലാറ്റ് പൊളിക്കുന്നു എന്ന വിവരം ഒപ്പം ജോലി ചെയ്യുന്നവരെ അറിയിച്ചപ്പോൾ അവർക്ക് അത്ഭുതമാണ്. അവരുടെ രാജ്യത്തുള്ളവർക്ക് ഇന്ത്യ ഒരു മോഡലായിരുന്നു. ഇന്ത്യയിൽ അങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് ചോദ്യം.
ഒഴിഞ്ഞു കൊടുക്കാൻ പറഞ്ഞപ്പോൾ സാധനങ്ങളെല്ലാം ആലുവയിലുള്ള സഹോദരിയുടെ വീട്ടിലേയ്ക്ക് മാറ്റുകയാണ്. പ്രതീക്ഷകളോടെ വാങ്ങിയ ഫ്ലാറ്റും അതിലെ ഉപകരണങ്ങളും ഉപയോഗിച്ചത് വളരെ കുറച്ചു ദിവസങ്ങൾ മാത്രം. ഇനിയൊരു വീടു പണിഞ്ഞ് ഇതൊക്കെ ഉപയോഗിക്കാൻ സാധിക്കുമോ എന്നതു സംശയമാണെന്നും ജിജി.ഫ്ലാറ്റ് പൊളിക്കാൻ ഒഴിഞ്ഞു കൊടുക്കണമെന്ന അറിയിപ്പിനെ തുടർന്ന് വിദേശത്തുനിന്ന് എമർജെൻസി ലീവെടുത്ത് എത്തിയത് നിരവധിപ്പേരാണ്. സാധനങ്ങൾ മറ്റിടങ്ങളിലേയ്ക്ക് മാറ്റുന്ന തിരക്കിലാണ് എല്ലാവരും. ഇതുവരെയും മാറാൻ വീടു കിട്ടാത്തവർ നിരവധി. ചിലർ സാധനങ്ങൾ ചോദിച്ചു വരുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു.
രാത്രി ഉറങ്ങാതെ സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന തിരക്കിലാണ് പലരും. ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും സ്വരുക്കൂട്ടി വാങ്ങിയ അപ്പാർട്മെന്റിൽ നിന്ന് കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് താമസക്കാർ പടിയിറങ്ങുന്നു. അപ്പാർട്മെന്റുകളിലെ വാഷ് ബേസിനുകളും ക്ലോസറ്റുകളും ഉൾപ്പെടെയുള്ളവയാണു പലരും അഴിച്ചെടുത്തു നീക്കിയത്.
ഫ്ലാറ്റുകളുടെ ഉടമകളുടെ പ്രധാന സമര കേന്ദ്രമായിരുന്നു കുണ്ടന്നൂരിലെ എച്ച്2ഒ ഹോളിഫെയ്ത്. പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നു ഫ്ലാറ്റ് ഉടമകൾ സാധനങ്ങൾ മാറ്റാൻ തുടങ്ങിയത്. ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ഇന്റീരിയർ ഉൾപ്പെടെ പൊളിച്ചെടുക്കുമ്പോൾ പലരും കണ്ണീർ വാർത്തു. ഒഴിയാനായി കുറച്ചു ദിവസത്തെ സാവകാശം ചോദിച്ചിട്ടു പോലും സർക്കാർ കേട്ടില്ലെന്ന വിഷമം കൂടി ഇവർ പങ്കുവയ്ക്കുന്നു.
ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വർണം. 4700 കോടി രൂപയുടെ സ്വർണമാണ് ഹൈകൗ മേഖലാ സെക്രട്ടറിയായ സാങ് ക്വിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഏതാനും നാളുകളായി സാങ് ക്വിയ്ക്ക് നേരെ അഴിമതിയാരോപണമുണ്ടായിരുന്നു. ഇതേ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാങ് ക്വിയുടെ വസതിയിൽ നടത്തിയ റെയ്ഡിലാണ് സ്വർണം കണ്ടെത്തിയത്.
ഏകദേശം 1350 കിലോ സ്വർണം കണ്ടെടുത്തു.ഇവയുടെ വില ഏകദേശം 4700 കോടി രൂപയാണ്. സ്വർണകട്ടികളായാണ് സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം സാങ് ക്വി കൈക്കൂലിയായി വാങ്ങിയ 2.63 ലക്ഷം രൂപക്ക് തുല്യമായ ചൈനീസ് യുവാനും കണ്ടെടുത്തു. ഇതോടൊപ്പം സാങ് ക്വിയുടെ പേരിലുള്ള നിരവധി ആഡംബര വില്ലകളുടെ രേഖകളും റെയ്ഡിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
മേയറുടെ അധികാര പദവിയിലുള്ള വ്യക്തിയാണ് സാങ് ക്വി. ഇതോടൊപ്പം ഹൈനാൻ പ്രവിശ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയാണ്. റെയ്ഡിൽ അനധികൃത സമ്പാദ്യം കണ്ടെത്തിയതോടെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും അധികാരം സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ സ്വർണ്ണക്കട്ടികൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോ കടപ്പാട് : ഡൈലിമെയിൽ
വിശാഖപട്ടണം ∙ ‘ഇരട്ട സെഞ്ചുറി’കളുടെ കരുത്തിൽ കൂറ്റൻ സ്കോർ ഉയർത്തി വെല്ലുവിളിച്ച ആതിഥേയരായ ഇന്ത്യയ്ക്ക്, വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ അതേ നാണയത്തിൽ മറുപടിയുമായി ദക്ഷിണാഫ്രിക്ക. ഓപ്പണർ ഡീൻ എൽഗാർ (160), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൻ ഡികോക്ക് (111) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ 118 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എന്ന നിലയിലാണ് സന്ദർശകർ. സെനൂരൻ മുത്തുസാമി 12 റൺസോടെയും കേശവ് മഹാരാജ് മൂന്നു റൺസോടെയും ക്രീസിൽ. രണ്ടു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 502 റൺസിനേക്കാൾ 117 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.
ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ അഞ്ചു വിക്കറ്റ് വീഴ്ത്തി. 41 ഓവറിൽ 128 റൺസ് വഴങ്ങിയാണ് അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഏതാണ്ട് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. ടെസ്റ്റിൽ അശ്വിന്റെ 27–ാം അഞ്ചു വിക്കറ്റ് നേട്ടമാണിത്. മാത്രമല്ല, നാട്ടിലെ 21–ാം അഞ്ചു വിക്കറ്റ് നേട്ടം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം എന്നീ പ്രത്യേകതകളുമുണ്ട്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് പൂർത്തിയാക്കുന്ന ഇടംകയ്യൻ ബോളറെന്ന റെക്കോർഡ് സ്വന്തമാക്കിയ ജഡേജയുടെ പ്രകടനവും ശ്രദ്ധേയമായി. ഡീൻ എൽഗാറിനെ പുറത്താക്കിയാണ് ജഡേജ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.
12–ാം ടെസ്റ്റ് സെഞ്ചുറി നേടിയ ഡീൻ എൽഗാർ, 287 പന്തിൽ 18 ഫോറുകളുടെയും നാലു സിക്സിന്റെയും അകമ്പടിയോടെയാണ് 160 റണ്‍സെടുത്തത്. പിന്നീട് പോരാട്ടം ഏറ്റെടുത്ത ഡികോക്ക് ആകട്ടെ, 163 പന്തിൽ 16 ഫോറും രണ്ടു സിക്സും സഹിതം 111 റൺസുമെടുത്തു. ഇതിനു മുൻപ് 2010ൽ ഹാഷിം അംലയാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ മണ്ണിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ താരം. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ മറ്റൊരാൾ. 103 പന്ത് നീണ്ട ഇന്നിങ്സിൽ എട്ടു ഫോറും ഒരു സിക്സും സഹിതം ഡുപ്ലേസി 55 റൺസെടുത്തു. തെംബ ബാവുമ (26 പന്തിൽ 18), വെർനോൺ ഫിലാൻഡർ (12) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ.
ഒരു ഘട്ടത്തിൽ നാലിന് 63 റൺസെന്ന നിലയിൽ തകർച്ചയിലേക്കു നീങ്ങിയ സന്ദർശകർക്ക് അഞ്ച്, ആറ് വിക്കറ്റുകളിൽ യഥാക്രമം ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി, ഡികോക്ക് എന്നിവർക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത ഡീൻ എൽഗാറാണ് തുണയായത്. അഞ്ചാം വിക്കറ്റിൽ എൽഗാർ – ഡുപ്ലേസി സഖ്യം 115 റൺസും ആറാം വിക്കറ്റിൽ എൽഗാർ – ഡികോക്ക് സഖ്യം 164 റൺസും കൂട്ടിച്ചേർത്തു. രവിചന്ദ്രൻ അശ്വിനെ സിക്സർ പറത്തിയാണ് എൽഗാറും ഡികോക്കും സെഞ്ചുറി പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ, ഒന്നാം ഇന്നിങ്സ് ഏഴിന് 502 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്കു മറുപടിയായി രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നിന് 39 എന്ന നിലയിലായിരുന്നു സന്ദർശകർ. രോഹിതും (176) മായങ്കും (215) നിറഞ്ഞാടിയ പിച്ചിൽ റൺസ് മോഹിച്ച് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അശ്വിനാണ് ഞെട്ടിച്ചത്. എയ്ഡൻ മാർക്രമിനെ (5) ക്ലീൻ ബോൾഡ് ചെയ്ത അശ്വിൻ ത്യൂനിസ് ഡിബ്രൂയിനെ (4) സാഹയുടെ കൈകളിലെത്തിച്ചു. നൈറ്റ് വാച്ച്മാൻ ഡെയ്ൻ പീറ്റിനെ (0) ജഡേജയും ബോൾഡ് ചെയ്തു.
ഇതിനിടെ, ഡീൻ എൽഗാറിനെ ചേതേശ്വർ പൂജാരയുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജ ടെസ്റ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കി. 44–ാം ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച ജഡേജ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇടംകയ്യൻ ബോളറുമായി. 47 ടെസ്റ്റിൽനിന്നും 200 വിക്കറ്റെടുത്ത മുൻ ശ്രീലങ്കൻ താരം രംഗണ ഹെറാത്തിന്റെ റെക്കോർഡാണ് ജഡേജ പഴങ്കഥയാക്കിയത്. മിച്ചൽ ജോൺസൻ (49), മിച്ചൽ സ്റ്റാർക്ക് (50), ബിഷൻസിങ് ബേദി, വസിം അക്രം (51) എന്നിവരെല്ലാം ജഡേജയ്ക്കു പിന്നിലായി.
ഒരേ ടെസ്റ്റിൽ ഇരു ടീമികളിലെയും മൂന്ന് ഓപ്പണർമാർ 150 റൺസിനു മുകളിൽ നേടുന്നത് ടെസ്റ്റ് ചരിത്രത്തിൽ ഇത് നാലാം തവണയാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ ഓപ്പണർമാരായ മായങ്ക് അഗർവാളും (215) രോഹിത് ശർമയും (176) സെഞ്ചുറി നേടിയിരുന്നു. മൽസരത്തിലാകെ ഇരു ടീമുകളിലെയും ഓപ്പണർമാർ ചേർന്ന് നേടിയ സിക്സുകളുടെ എണ്ണവും റെക്കോർഡാണ്. ഒന്നാം ഇന്നിങ്സിൽ മാത്രം ഇരു ടീമുകളിലെയും ഓപ്പണർമാർ ചേർന്നു നേടിയത് 16 സിക്സുകളാണ് (രോഹിത് ശർമ, മായങ്ക് അഗർവാൾ – ആറു വീതം, ഡീൻ എൽഗാർ – 4). 2014–15ൽ പാക്കിസ്ഥാൻ – ന്യൂസീലൻഡ് മൽസരത്തിലും 2015ൽ ബംഗ്ലദേശ് – പാക്കിസ്ഥാൻ മൽസരത്തിലുമാണ് ഇതിനു മുൻപ് ഓപ്പണർമാർ കൂടുതൽ സിക്സ് നേടിയത്. ഇരു മൽസരങ്ങളിലും 14 സിക്സ് വീതമാണ് പിറന്നത്.
രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 202 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇന്ത്യൻ ഓപ്പണർമാരെ തുടക്കത്തിൽ വെർനോൺ ഫിലാൻഡർ ഇത്തിരി കഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് രോഹിത്തും മായങ്കും അനായാസം സ്കോർ ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ഓപ്പണിങ് ജോടിയുടെ മൂന്നാമത്തെ 300 റൺസ് കൂട്ടുകെട്ട് എന്ന നേട്ടത്തിലെത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. ഇന്നിങ്സിലെ 83–ാം ഓവറിൽ ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ചുവടു തെറ്റിയ രോഹിത്തിനെ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് സ്റ്റംപ് ചെയ്തു. 244 പന്തിൽ 23 ഫോറുകളും 6 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ 176 റൺസ്. ഇന്ത്യൻ സ്കോർ അപ്പോൾ 317.
വിശ്വസ്ത താരം ചേതേശ്വർ പൂജാരയ്ക്ക് മായങ്കിനു കൂട്ടു നിൽക്കാനായില്ല. ലഞ്ചിനു ശേഷമുള്ള ആദ്യ പന്തിൽ തന്നെ ഫിലാൻഡർ പൂജാരയെ (6) ക്ലീൻ ബോൾഡ് ചെയ്തു. വിരാട് കോലി (20) മികച്ച ടച്ചിലായിരുന്നെങ്കിലും അരങ്ങേറ്റ താരം സെനുരാൻ മുത്തുസ്വാമിയുടെ ഒരു സാധാരണ പന്തിൽ അനായാസമായി റിട്ടേൺ ക്യാച്ച് നൽകി. രഹാനെയ്ക്കു (15) പിന്നാലെ മായങ്കും ചായയ്ക്കു പിരിയുന്നതിനു മുൻപേ മടങ്ങി. എൽഗറുടെ പന്തിൽ ഡീപ് മിഡ്‌വിക്കറ്റിൽ ഡെയ്ൻ പീറ്റിനു ക്യാച്ച്. 371 പന്തിൽ 23 ഫോറും ആറു സിക്സും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിങ്സ്. സെഞ്ചുറി കുറിക്കാൻ 204 പന്ത് നേരിട്ട മായങ്ക് ഇരട്ടസെഞ്ചുറിയിലെത്താൻ എടുത്തത് 154 പന്തുകൾ മാത്രം. ഹനുമ വിഹാരി (10) പെട്ടെന്നു മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയും (30*) വൃദ്ധിമാൻ സാഹയും (21) ഇന്ത്യ ആഗ്രഹിച്ച ഫിനിഷ് നൽകി.
ന്യുഡല്‍ഹി: ബാലകോട്ട് ആക്രമണത്തിനിടെ ഇന്ത്യയുടെ എംഐ-17 ഹെലികോപ്ടര്‍ ജമ്മു കശ്മീരില്‍ തകര്‍ന്നുവീണതില്‍ പിഴവു സംഭവിച്ചുവെന്ന് വ്യക്തമാക്കി വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ബദൗരിയ. ഫെബ്രുവരി 27നാണ് വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്ടര്‍ വെടിയേറ്റ് തകര്‍ന്നുവീണത്. പാകിസ്താന്‍ ഹെലികോപ്ടര്‍ ആണെന്ന് ആണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണ് അപകടത്തിന് കാരണമെന്ന് വ്യോമസേന എയര്‍ ചീഫ് സ്റ്റാഫ് വ്യക്തമാക്കി.
ഇത് വലിയൊരു പിഴവാണ്. പിഴവ് വരുത്തിയ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എയര്‍ ചീഫ് സ്റ്റാഫ് അറിയിച്ചു. ഫെബ്രുവരി 27ന് ഇന്ത്യയും പാകിസ്താനും ജമ്മു കശ്മീരിലെ നോഷേരയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ റഷ്യന്‍ നിര്‍മ്മിത എം.ഐ-17 ഹെലികോപ്ടര്‍ വെടിയേറ്റു തകര്‍ന്നത്. ഹെലികോപട്ര്‍റില്‍ ഉണ്ടായിരുന്ന ആറ് വ്യോമസേനാംഗങ്ങളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.
മരണപ്പെട്ടവരെ ‘യുദ്ധത്തില്‍ മരണപ്പെട്ടവരായി’ പരിഗണിക്കുമെന്നും വ്യേമസേന മേധാവി വ്യക്തമാക്കി. അപകടത്തെ കുറിച്ച് സേന നടത്തിയ അന്വേഷണം (കോര്‍ട്ട് ഓഫ് എന്‍ക്വയറി) പൂര്‍ത്തിയായി. അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിലുള്ള ഒരു മിസൈല്‍ പതിച്ചാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പിഴവുകള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ബദൗരിയ അറിയിച്ചു.
റഫാല്‍ എസ്(400 എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം വൈകാശത ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകുമെന്നും ഇത് ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കൂടത്തായി കൂട്ടമരണത്തില്‍ കൊലപാതക സാധ്യത തള്ളാതെ റൂറല്‍ എസ്പി. എല്ലാവരും മരണത്തിന് മുന്‍പ് ഒരേപോലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ശാസ്ത്രീയഫലങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്നും എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.
കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മരിച്ച റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണമാണ് സമാനമായി മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകളാണ് ഇന്ന് തുറന്നു പരിശോധിച്ചത്. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറയാണ് ആദ്യം തുറന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് പരിശോധിച്ചു.’
വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത്.
2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.
ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.
കൂടത്തായി തുടര്‍മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തല്‍. മരിച്ച ആറു പേരും മരണത്തിനുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നു. ആട്ടിന്‍സൂപ്പ് കഴിച്ചതിനുപിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണാണ് മരണങ്ങള്‍. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നു. 2002 മുതൽ 2016 വരെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ മരണത്തിൽ ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കല്ലറകള്‍ തുറന്ന് അന്വേഷണസംഘം ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ച് തുടങ്ങിയത് ഇന്ന് രാവിലെയാണ്.
10 മണിയോടെ എസ്.പിയും സംഘവുമെത്തി. ഫൊറൻസിക് വിദഗ്‌ധരും ഡോക്ടർമാരുൾപ്പെടെയുള്ള സംഘം കല്ലറകൾ തുറന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ടു പേരുടെയും ദ്രവിച്ചു പോകാത്ത ശരീര ഭാഗങ്ങൾ ശേഖരിച്ചു. ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമായ മകൾ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പുറത്തെടുത്തത്.
പതിനൊന്ന് നാൽപതോടെ ക്രൈംബ്രാഞ്ച് സംഘം കൂടത്തായി ലൂർദ് മാതാ പള്ളിയിലെത്തി. രണ്ട് കല്ലറകളാണ് തുറന്നത്. പൊന്നാമറ്റത്തിൽ അന്നമ്മ, അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് എന്നിവരെ സംസ്കരിച്ചിട്ടുള്ള കല്ലറയാണ് ആദ്യം തുറന്നത്. പിന്നാലെ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനെ സംസ്കരിച്ചിട്ടുള്ള കല്ലറയും തുറന്ന് ശരീരാവശിഷ്ടങ്ങൾ ശേഖരിച്ചു. മരിച്ചവരുടെ ബന്ധുക്കളും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രധാന തെളിവുകൾ ഇതിനകം ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.