Latest News

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. കനത്ത മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ വീണ്ടും മഴയെത്തിയതോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അഞ്ചോവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ രാജസ്ഥാന്‍ 3.2 ഓവറില്‍ ഒന്നിന് 41 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായി.

13 പന്തില്‍ മൂന്ന് സിക്‌സും രണ്ടും ഫോറും ഉള്‍പ്പെടെ 28 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹലിനാണ് വിക്കറ്റ്. ലിയാം ലിവിങ്സ്റ്റണ്‍ ഏഴ് പന്തില്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ വിരാട് കോലിയുടെ (ഏഴ് പന്തില്‍ 25) കരുത്തില്‍ മികച്ച സ്‌കോറിലേക്ക് പോവുകായായിരുന്ന ബാംഗ്ലൂരിനെ ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് പ്രകടനമാണ് പിടിച്ചുക്കെട്ടിയത്. ഒരോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ താരം കോലി, ഡിവില്ലിയേഴ്‌സ്, സ്‌റ്റോയിനിസ് എന്നിവരെ പുറത്താക്കി.

ഡിവില്ലിയേഴ്‌സ് (4 പന്തില്‍ 10), സ്റ്റോയിനിസ് (0), ഗുര്‍കീരത് സിങ് മന്‍ (6), ഹെന്റിച്ച് ക്ലാസന്‍ (6) പാര്‍ത്ഥിവ് പട്ടേല്‍ (8), പവന്‍ നേഗി (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഉമേഷ് യാദവ് (0), നവ്ദീപ് സൈനി (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഷാനെ തോമസ് രണ്ടും റിയാന്‍ പരഗ്, ജയദേവ് ഉനദ്ഘട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബാംഗ്ലൂര്‍ നിരയില്‍ കോലിക്കും ഡിവില്ലിയേഴ്‌സിനും ശേഷം ക്രീസിലെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരന്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ അന്തിമ കുറ്റപത്രം തയാറാക്കാനൊരുങ്ങി പൊലീസ്. കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കാമുകനെതിരായ മൊഴിയില്‍ ഉറച്ചു നിന്നതോടെ യുവതിയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം.

ഏഴു വയസുകാരനായ മകന്റെ മരണത്തിന് ഉത്തരവാദി തനിക്കൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ ആനന്ദ് മാത്രമാണെന്നാണ് അമ്മയുടെ മൊഴി. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞായിരുന്നു പ്രതി കുട്ടികളെ ആക്രമിച്ചിരുന്നത്. സ്കൂളില്‍ എന്നേപ്പറ്റി എന്താടാ നീ പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു കുട്ടിയെ അരുണ്‍ ആനന്ദ് സംഭവദിവസം ആക്രമിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അരുണ്‍ തന്നെയും മര്‍ദിച്ചിരുന്നെന്നും യുവതി മൊഴിനല്‍കി. സംഭവശേഷം കൗണ്‍സിലര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന യുവതി മാനസികാരോഗ്യം വീണ്ടെടുത്തു.

കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. പ്രതിയാക്കുന്നത് പരിഗണിച്ചെങ്കിലും മറ്റു സാക്ഷികളില്ലാത്തതിനാല്‍ മുഖ്യപ്രതി രക്ഷപെടാന്‍ കാരണമാകുമെന്നാണ് നിയമോപദേശം. ഇവരുടെ രഹസ്യമൊഴി ഇടുക്കി മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട കുട്ടിയുെട പിതാവായ തിരിവനന്തപുരം സ്വദേശിയുടെ മരണത്തിലും പുനരന്വേഷണം തുടങ്ങി. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തും മുന്‍പായിരുന്നു മരണം. റിപ്പോര്‍ട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കും.

മഞ്ഞുമനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയില്‍ മക്കാലു ബേസ്ക്യാംപിന് സമീപം കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ് അവകാശവാദം. ഇതിന്റെ ചിത്രങ്ങളും സേന ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഭീകരജീവിയായ യതിയുടെ കാൽപ്പാടുകൾ കണ്ടുവെന്ന് ഇന്ത്യൻ സേന ഇന്ന് രാവിലെയാണ് ട്വീറ്റ് ചെയ്തത്. ഈ സമയത്ത് ഉയർന്നു വരുന്ന ചോദ്യം: ആരാണ് യതി..?

നേപ്പാളിലെ കഥകളിലും മിത്തുകളിലും പരാമര്‍ശിക്കുന്ന ഭീകരരൂപിയായ മഞ്ഞുമനുഷ്യനാണ് യതി. എന്നാൽ അത് ഒരു സാങ്കൽപ്പിക കഥാപാത്രമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ യതി യാഥാർത്ഥ്യമാണെന്നും കണ്ടവരുണ്ടെന്നും പറഞ്ഞുപോരുന്നുമുണ്ട്. പക്ഷേ അതിനൊന്നും ഒരു തെളിവുമില്ലായിരുന്നു. 1925 ലാണ് ഹിമാലയത്തില്‍ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്. പിന്നീട് ഇതുവരെ പലതവണ പല ഹിമാലയന്‍ യാത്രക്കാരും ഈ രൂപത്തെ കണ്ടതായി റിപ്പോര്‍ട്ടു ചെയ്തു. പാതി മനുഷ്യനും പാതി മൃഗവുമായി അറിയപ്പെട്ട ഈ ജീവിക്ക് യതി എന്ന പേരും നല്‍കി. പലരും യതിയുടെ കാല്‍പ്പാടുകൾ കണ്ടു, മുടി കണ്ടു എന്നൊക്കെ പറഞ്ഞ് രംഗത്തെത്തി. എന്നാൽ വിശ്വസനീയമായ ഫോട്ടോകൾ ഒന്നും ഉണ്ടായിരുന്നില്ല.

ഹിമാലയൻ നിവാസികൾ യതിയെ പല പേരിട്ടാണ് വിളിക്കുന്നത്. ടിബറ്റുകാർ മിഷെ എന്ന് വിളിക്കും. മനുഷ്യക്കരടി എന്നാണ് അർഥം. മിഗോയ്, ബൺ മൻചി, മിർക്ക, കാങ് അദ്മി എന്നിങ്ങനെയാണ് യതിയുടെ മറ്റ് വിളിപ്പേരുകൾ.

‘ദി അഡ്‍വഞ്ചേഴ്സ് ഓഫ് ടിൻടിൻ’ എന്ന പ്രശസ്തമായ കാർട്ടൂൺ പരമ്പരയുടെ ഒരു എപ്പിസോഡിൽ യതി കഥാപാത്രമായിട്ടുണ്ട്. അതിൽ യതിയെ ഒരു വിചിത്ര ജീവിയായാണ് ചിത്രീകരിക്കുന്നത്. വന്യ മൃഗമായിട്ടല്ല മറിച്ച് മനുഷ്യത്വമുള്ള, മനുഷ്യന്റെ സ്വഭാവ സവിശേഷതകളുള്ള ജീവിയായിട്ടാണ് കാണിക്കുന്നത്

ശാസ്ത്രീയമായും യതിയുടെ സാന്നിധ്യത്തfന്റെ കുറച്ചു തെളിവുകൾ കണ്ടെത്താനായിട്ടുണ്ട്. 2017-ൽ യതിയുടേതെന്നു കരുതി പലരും ശേഖരിച്ച ഫോസിലുകൾ ഗവേഷകർ പഠനത്തിന് വിധേയമാക്കിയിരുന്നു. എന്നാൽ അത് ഹിമക്കരടികളുടേതാണ് എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. 2008-ൽ പകുതി മനുഷ്യന്റെയും പകുതി മൃഗത്തിന്റെയും രൂപസാദൃശ്യമുള്ള ജീവിയുടെ അവശിഷ്ടങ്ങൾ കണ്ടു എന്ന് അവകാശപ്പെട്ട് രണ്ട് യുഎസ് സഞ്ചാരികൾ രംഗത്തെത്തിയിരുന്നു. എന്നാൽ അത് റബ്ബർ ഗൊറില്ലയുടേതാണ് എന്നാണ് തെളിഞ്ഞത്.

എന്തായാലും യതിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ശക്തി പകരുന്നതാണ് ഇന്ത്യൻ സേനയുടെ ട്വീറ്റ്. 32*15 ഇഞ്ച് അളവിലുള്ള കാൽപാദങ്ങളാണ് മഞ്ഞിൽ പതിഞ്ഞ രീതിയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു കാൽപ്പാദത്തിന്റെ ചിത്രം മാത്രമാണ് ആർമി പുറത്തുവിട്ടത്. ഇതാദ്യമായാണ് ഇന്ത്യൻ ആർമി– പർവതാരോഹണ നിരീക്ഷകർ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തുന്നത്.

 

ഇറ്റലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണെന്ന് കാണിച്ച് യുവാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ലക്ഷങ്ങളാണ് കണ്ടത്. ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയടക്കം സോഷ്യല്‍മീഡിയയില്‍ ഈ വിഡിയോ പങ്കുവച്ചു. മേരാ ഭാരത് മഹാന്‍ എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ വന്നത്. 1.5 ലക്ഷം ആളുകള്‍ കണ്ടു. ആ പേജില്‍ മാത്രം 13000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

വിഡിയോയില്‍ പറയുന്ന കാര്യങ്ങൾ സത്യമല്ലെന്ന് തെളിഞ്ഞതാണ് പുതിയ വാര്‍ത്ത. ടൂറിനിലെ പിയാസ കാസ്റ്റെലോയിലെ സിറ്റി സ്ക്വയറിലെ മ്യൂസിയം, തിയറ്റര്‍, കൊട്ടാരം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളാണ് യുവാവ് ഷെയര്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇറ്റലിയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍നിന്ന് ഇന്ത്യന്‍ സ്വദേശിയായ യുവാവ് ഈ കെട്ടിടം രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളതാണൊണ് പറയുന്നത്. ഇന്ത്യയെ കൊള്ളയടിച്ച് ഇറ്റലിയില്‍ ഇതു പോലെ മൂന്ന് കൂറ്റൻ കെട്ടിടങ്ങൾ രാഹുലിന്റേതായുണ്ടെന്നും ആരോപിച്ചിരുന്നു. ഈ കെട്ടിടങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് വാടകയായി രാഹുലിന് ലഭിക്കുന്നതെന്നും വിഡിയോയിൽ യുവാവ് അവകാശപ്പെട്ടു

 

കാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ്മ. കാൻസർ ചികിത്സയിലായിരുന്ന അരുണിമ രാജൻ ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ന് രാവിലെയാണ് അരുണിമ മരണത്തിന് കീഴടങ്ങിയത്. ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയ അരുണിമയുടെ നേട്ടം തന്നെയാണത്.

ഒരു പല്ലുവേദനയില്‍ നിന്നാണ് അരുണിമയുടെ നീണ്ട ആശുപത്രിവാസം തുടങ്ങുന്നത്. പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തിയത്. ഇതില്‍ കുടലില്‍ അണുബാധ പോലെയെന്തോ ഉണ്ടെന്ന് കണ്ടെത്തി. വിശദപരിശോധനകള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചെന്നെങ്കിലും പേടിക്കാന്‍ മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായാണ് എറണാകുളം അമൃത ആശുപത്രിയിലെത്തിയത്.

അവിടെ വച്ചാണ് കുടലില്‍ ക്യാന്‍സര്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്‍കാവുന്ന ചികിത്സകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം പരിധികളേറെയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികള്‍ക്കുമിടയില്‍ വച്ച് അവര്‍ ചികിത്സ തുടങ്ങി. കീമോയുടെ വേദനകൾ മറക്കാൻ ചിത്രങ്ങൾ വരച്ച അരുണിമ രോഗത്തിന്റെ തളര്‍ച്ചകള്‍ക്കിടയിലുംതാന്‍ വരച്ച ചിത്രങ്ങളുള്‍ക്കൊള്ളിച്ച പ്രദര്‍ശനമൊരുക്കി.
ഇതിനിടെ ആദ്യകീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്‍ചികിത്സ കൂടുതല്‍ പ്രശ്‌നത്തിലായി.

ഓഗസ്‌റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള്‍ തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള്‍ അവളെ മാറ്റിമറിച്ചു. ആരെയും അമ്പരപ്പിച്ചുകൊണ്ട് കിടന്ന കിടപ്പില്‍ നിന്ന് ഒറ്റയ്ക്ക് എഴുന്നേറ്റുഎങ്കിലും രോഗത്തിന്റെ തീക്ഷണതയെന്ന യാഥാര്‍ത്ഥ്യത്തെ, മറികടക്കാനായില്ല. അരുണിമ യാത്രയായിരിക്കുന്നു.

സമുദ്ര ജലനിരപ്പിലുണ്ടാകുന്ന മാറ്റത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്തിയത് 2015ൽ നാസ നടത്തിയ പഠനത്തിലൂടെയാണ്. നിർണായകമായ പല കണ്ടെത്തലുകളും ഈ പഠനത്തിലൂടെ നാസ പുറത്തുവിട്ടിരുന്നു. രണ്ട് ദശാബ്ഗങ്ങൾക്കുള്ളിൽ ശരാശരി 90 സെന്റിമീറ്റർ വരെ കടൽ ജലനിരപ്പുയരാം. ഇത് തന്നെ അപകടകരമാണെന്നിരിക്കെ ഭൂമിയിൽ ബാക്കിയുള്ള എല്ലാ മഞ്ഞും ഉരുകി വെള്ളമായാൽ എന്ത് സംഭവിക്കും എന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും ഗവേഷകർ നടത്തി.

ധ്രുവപ്രദേശങ്ങളിലുള്ള എല്ലാ മഞ്ഞുപാളികളും ഉരുകി തീര്‍ന്നാല്‍ കടല്‍ ജലനിരപ്പ് ഏതാണ്ട് 65.8 മീറ്റര്‍ ഉയരും. അതായത് 216 അടി. ഇത്രയും ഉയരത്തിലേക്ക് ജലനിരപ്പുയര്‍ന്നാല്‍ അത് ഭൂമിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ കാണിച്ച് ഒരു അനിമേഷന്‍ തയാറാക്കിയിട്ടുണ്ട്. ധ്രുവപ്രദേശങ്ങളിലെ മാത്രമല്ല ഹിമാലയം ഉള്‍പ്പടെയുള്ള പര്‍വതമേഖലകളിലെയും മഞ്ഞുപാളികള്‍ ഉരുകിയ ശേഷമുള്ള ഭൂമിയെയാണ് ഈ അനിമേഷന്‍ കാട്ടിത്തരുന്നത്. മഞ്ഞുരുകി തീര്‍ന്ന ശേഷം എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും നടത്തുന്ന ഒരു വെര്‍ച്വല്‍ യാത്രയാണ് ഈ അനിമേഷന്‍.

ഓസ്ട്രേലിയ രണ്ടായി പിളരുമെന്നും സിഡ്നി നഗരം കടലിനടിയിലാകുമെന്നും പഠനം പറയുന്നു. ഏഷ്യയില്‍ മുംബൈയും, കൊല്‍ക്കത്തയും മുതല്‍ ഷാങ്ഹായും, ടോക്കിയോയും വരെ കടലെടുക്കും. അമേരിക്കയിലെ വാഷിങ്ടണും, മിയാമിയും, ഉള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളെല്ലാം കടലിനടിയിലാകും. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനങ്ങളുടെ വലിയൊരു ഭാഗം കടല്‍ കയറും. ആഫ്രിക്കയുടെ അഞ്ചിലൊന്നു ഭാഗവും കടലെടുക്കും.

20.8 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുപാളികളാണ് ഭൂമിയില്‍ ആകെയുള്ളത്. ഇവ ഉരുകി തീരാന്‍ സാധാരണ ഗതിയില്‍ 5000 വര്‍ഷം വരെ എടുക്കാം. പക്ഷേ ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തില്‍ മഞ്ഞുരുക്കം അതിവേഗത്തിലാണ്. ഏതാനും ദശാബ്ദങ്ങൾ‌ക്കുള്ളിൽ ഭൂമിയിലെ ശരാശരി താപനില 26.6 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

ഇപ്പോഴത്തെ ശരാശരി ഏതാണ്ട് 14.4 ഡിഗ്രി സെല്‍ഷ്യസാണ്. ഈ താപനില ഇരട്ടിയോളമായി വർധിക്കുമ്പോള്‍ തന്നെ ഭൂമിയിലെ മിക്ക പ്രദേശങ്ങളിലെയും ജീവിതം ഏറെക്കുറെ അസാധ്യമാകും. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ക്കു ശേഷം വരാനിരിക്കുന്ന ഈ കടല്‍ജലനിരപ്പ് വർധനവ് മനുഷ്യവംശത്തിന്‍റെ അവസാന പ്രതിസന്ധികളില്‍ ഒന്നായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കൂടി കണ്ടെത്തി. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് ഇൗ ദുരൂഹ സംഭവം. മൂന്നു ദിവസം മുൻപാണ് പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിനുള്ളിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കണ്ടെത്തിയത്. പെൺകുട്ടികൾ പീഡനത്തിനിരയായതായും സംശയമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താം ക്ലാസുകാരിയായ വിദ്യാർഥിനിയെ കാണാതായത്. ക്ലാസ് കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. തുടർന്നാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ശരീരം കണ്ടെത്തുന്നത്.
രണ്ട് മാസം മുൻപാണ് 18 കാരിയായ വിദ്യാർഥിയെ കാണാതായത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് കരുതി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. കിണറിന്റെ ഉടമയടക്കം സംശയമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് പൊലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഇതിനിടെ സമീപ പ്രദേശത്തുനിന്നു 2015ൽ കാണാതായ 11കാരിയുടെ മാതാപിതാക്കളും അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്ര തീരത്തുനിന്ന് വടക്ക് കിഴക്കന്‍ ദിശയില്‍ അകന്ന് പോകുന്നൂവെന്നാണ് കരുതുന്നത്. തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ നാശനഷ്ടമുണ്ടാക്കുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റ് കേരളാ തീരങ്ങളെ പ്രത്യക്ഷമായി ബാധിക്കില്ല. എങ്കിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

വടക്ക് – പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫോനി വടക്ക് – കിഴക്ക് ദിശയില്‍ മാറി സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ വിലയിരുത്തല്‍. മെയ് 1 ന് ശേഷം ഫോനി ഒഡിഷ തീരത്തേക്ക് നീങ്ങും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് , മലപ്പുറം , കോഴിക്കോട്, വയനാട്, എറണാകുളം , ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ലെങ്കിലും ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഏഴ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാത്രി എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കും

ഒറ്റയാന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടെന്ന് സഹൃത്തുക്കള്‍. പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. ഞായറാഴ്ച രാത്രി പേപ്പാറ കളോട്ടുപ്പാറയിൽ സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ പോയ മീനാങ്കൽ പന്നിക്കാല അഭിലാഷ് ഭവനിൽ അനീഷ് (24) ആണ് കൊല്ലപ്പെട്ടത്. അനീഷ്, സുഹൃത്തുക്കളായ സതീഷ്, സജു, അഭിലാഷ്, അനി എന്നിവരുമൊത്താണ് ഇവിടെയെത്തിയത്.

സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഇടയ്ക്ക് മാറി പോയ അഭിലാഷിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് സുഹ‍ത്തുക്കള്‍ പറയുന്നു. ആനയുടെ ആക്രമണത്തില്‍ അനീഷ് കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. അനീഷിന്‍റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുകയാണ്.

ദിവസങ്ങളായി പൊടിയക്കാല, കുട്ടപ്പാറ, വലിയകിളിക്കോട് ചോനൻ പാറ, കൈതോട്, വാലിപ്പാറ എന്നീ ആദിവാസി മേഖലകളിൽ ആനയുടെ അക്രമവും ഭീഷണിയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മുറിവേറ്റ് കൂട്ടം തെറ്റി നടക്കുന്ന ആന വനമേഖലയ്ക്ക് സമീപത്തെ ജനസഞ്ചാര മേഖലകളിൽ ഉൾപ്പടെ നാശനഷ്ട്ടം വരുത്തിയിരുന്നു.

കഴിഞ്ഞ ദിവസം എണ്ണകുന്നിന് സമീപത്ത്  ബൈക്ക് യാത്രികാർ ഉൾപ്പടെ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആദിവാസി മേഖലകളിൽ ആന വ്യാപകമായി കൃഷി നാശം വരുത്തിയിട്ടുണ്ട്. ആനയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിെവച്ചു. പ്രവര്‍ത്തനം ആലത്തൂര്‍ കേന്ദ്രീകരിക്കുന്നതിനായി പാര്‍ട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് രമ്യ പറഞ്ഞു.

ജയിച്ചാലും തോറ്റാലും ഇനി രമ്യയുടെ പ്രവര്‍ത്തനം ആലത്തൂരില്‍ തന്നെ. പാര്‍ട്ടി നിര്‍ദേശ പ്രകാരം ബ്ലോക്ക് സെക്രട്ടറി മുമ്പാകെ രമ്യ രാജി സമര്‍പ്പിച്ചു. ആലത്തൂരില്‍ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ് രമ്യ

നിലവില്‍ പ്രസിഡന്റ് പദവി മാത്രമാണ് ഒഴിഞ്ഞത്,വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചിട്ടില്ല.അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ രമ്യക്കും വോട്ടുരേഖപ്പെടുത്താം,തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം മെമ്പര്‍ സ്ഥാനം രാജിെവച്ചാല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബലം തുല്യമാകും,ഭരണം യുഡിഎഫിന് നഷ്ടപ്പെടാനും സാധ്യതയുണ്ട്,ഇത് മുന്നില്‍ കണ്ടാണ് തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് രമ്യയുടെ രാജി

RECENT POSTS
Copyright © . All rights reserved