Latest News

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. സിലിയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചിരുന്നു. അപരിചിതനെപോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ജോളി നൽകിയ വെള്ളം കുടിച്ചതിന് ശേഷമാണ് സിലി കുഴഞ്ഞു വീണതെന്നും മകൻ മൊഴി നൽകി.

സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിൽ പ്രജികുമാറിന് സയനൈഡ് നൽകിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഇന്നലെയാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി.

താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികൾ.

അതേസമയം കൂടത്തായി കേസിലെ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ റിമാൻഡ്കാലാവധി നവംബർ രണ്ടുവരെ നീട്ടി.

 

ഡല്‍ഹിയില്‍ മലയാളി അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്നലെയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകൻ അലൻ സ്റ്റാൻലിയും ആത്മഹത്യ ചെയ്തത്. മരിച്ച ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് കുറിപ്പിൽ സൂചനയുണ്ടെന്നാണ് വിവരം.

പ്രവാസി വ്യവസായിയുടെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെ ഇന്നലെയാണ് അമ്മയെയും മകനെയും ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം. ദില്ലി സെന്റ് സ്റ്റീഫൻലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദില്ലി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലൻ സ്റ്റാൻലി.

2018 ഡിസംബര്‍ 31 പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വിൽസണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ച് നടന്‍ ദിലീപ്. മകളുടെ ഒന്നാം ജന്മദിനമായിരുന്നു ഇന്നലെ. ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചാണ് ദിലീപ് മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. പിറന്നാളാഘോഷത്തിനായി എടുത്ത ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.’ എന്ന തലക്കെട്ടോടെയാണ് ദിലീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.

ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി ഇരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

നിയമവിരുദ്ധ കുടിയേറ്റം ചൂണ്ടിക്കാട്ടി മെക്‌സിക്കോ തിരിച്ചയച്ച 311 ഇന്ത്യക്കാര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരാണ് ഇവര്‍. മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്. പനാമ വഴി കാട്ടിലൂടെ നടന്നാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്. ദുരിതം നിറഞ്ഞ യാത്രയ്ക്ക് ശേഷം ഒടുവില്‍ കുടിയേറ്റ മോഹങ്ങള്‍ അവസാനിപ്പിച്ച് നാട്ടില്‍ തന്നെ തിരിച്ചെത്തേണ്ടി വന്നു. ദാഹമകറ്റാന്‍ ഷര്‍ട്ട് പിഴിഞ്ഞ് വിയര്‍പ്പ് കുടിച്ചിട്ടുണ്ടെന്ന് ഇവരില്‍ ചിലര്‍  പറഞ്ഞു.

തൊഴില്‍രഹിതരും കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങളുമാണ് ഈ ചെറുപ്പക്കാര്‍. വിസ ഏജന്റുമാര്‍ ആവശ്യപ്പെട്ടത് 15-20 ലക്ഷം രൂപയാണ്. വിജയകരമായി ഇത്തരത്തില്‍ യുഎസിലെത്തിയവരുടെ കഥകള്‍ കേട്ടും യൂടൂബ് വീഡിയോ കണ്ടും മറ്റുമാണ് ഇത്തരമൊരു ആലോചന വന്നത്. യൂടൂബ് വീഡിയോ കണ്ടപ്പോള്‍ യാത്ര ഇത്ര ദുരിതം നിറഞ്ഞതായിരിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് 26കാരനായ സേവക് സിംഗ് പറയുന്നു. ജലന്ധര്‍ സ്വദേശിയായ സേവക് സിംഗ് കര്‍ഷകനാണ്. ജൂലായ് 29നാണ് ഇന്ത്യ വിട്ടത്.

ഡല്‍ഹിയില്‍ നിന്ന് ഇക്വഡോറിലേയ്ക്ക്. റോഡ് മാര്‍ഗവും വിമാനമാര്‍ഗവുമായി കൊളംബിയയിലേയ്ക്ക്. അവിടെ നിന്ന് ബ്രസീല്‍, പെറു, പനാമ, കോസ്റ്റ റിക്ക, നിക്കാരാഗ്വ, ഹോണ്ടുറാസ്, ഗാട്ടിമാല, ഏറ്റവുമൊടുവില്‍ മെക്‌സിക്കോ. ഇങ്ങനെയായിരുന്നു ഇവരുടെ യാത്ര. ഏറ്റവും ഭീതിയുണ്ടാക്കിയ യാത്ര പനാമയിലതായിരുന്നു എന്ന് ഇവര്‍ പറയുന്നു. ഒരാഴ്ചയോളം കാട്ടിലൂടെ നടക്കേണ്ടി വന്നു.

ഭൂമി വിറ്റാണ് യാത്ര തിരിച്ചത് എന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ദീപ് സിംഗ് പറയുന്നു. 2014ല്‍ ഡിപ്ലോമ നേടിയ ശേഷം ഇതുവരെ തൊഴിലൊന്നും ലഭിക്കാത്തയാളാണ് മന്‍ജീത്ത് സിംഗ്. ഇതെന്റെ അവസാന ചാന്‍സ് ആയിരുന്നു എന്നാണ് മന്‍ജീത്ത് സിംഗ് പറയുന്നത്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസുമായി ക്വാണ്ടസ് എയർലൈൻസ്. ന്യൂയോർക്കിൽ നിന്നും – സിഡ്നിയിലേക്ക് 20 മണിക്കൂർ നീണ്ടു നില്‍ക്കുന്ന യാത്രയാണ് വെള്ളിയാഴ്ച വൈകീട്ട് ക്വാണ്ടസ് എയർലൈസ് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്തത്. ചരിത്രത്തിലെ തന്നെ എറ്റവും ദൈർഘ്യമേറിയ സർവീസിനാണ് ഓസ്ട്രേലിയന്‍ വിമാനക്കമ്പനി തയ്യാറായത്.

പ്രൊജക്റ്റ് സൺറൈസ് എന്ന പേരിലാണ് 10,0000 മൈൽ (16,000 കിലോ മീറ്റർ) ഒറ്റയടിക്ക് പിന്നിടുക എന്ന ദൗത്യവുമായി കമ്പനി ചരിത്രം സൃഷ്ടിക്കുന്നത്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ബോയിങ് 787-9 ഡ്രീം ലൈനർ വിഭാഗത്തിൽ പെടുന്ന വിമാനം സിഡ്നിയിൽ ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റുകൾ, ജീവനക്കാർ എന്നിവർ ഉൾപ്പെടെ 50 പേരാണ് വിമാനത്തിലുള്ളത്. രണ്ട് പൈലറ്റുമാർ ഷിഫ്റ്റ് അനുസരിച്ച് വിമാനം നിയന്ത്രിക്കും. ഇവർക്ക് പുറമെ രണ്ട് അധിക പൈലറ്റുമാരും സഹായികളായി സർവീസിലുണ്ട്.

ഇതിനെല്ലാം പുറമെ, ദീർഘ ദൂര സർവീസിലെ യാത്രക്കാരെ സിഡ്നി യൂനിവേഴ്സിറ്റിയിലെ സംഘം യാത്രയിലുടനീളം നിരീക്ഷിക്കും. യാത്രികരുടെ ഉറക്കത്തിന്റെ രീതി, പ്രതികരണങ്ങൾ, വിവിധ സമയ മേഖലകളിൽ പ്രവേശിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.

മസ്തിഷ്ക നിരീക്ഷണ ഉപകരണങ്ങൾ ധരിച്ചായിരിക്കും പൈലറ്റുകൾ വിമാനം നിയന്ത്രിക്കുക. കൂടാതെ മെലറ്റോണിന്റെ അളവ് കണക്കാക്കുന്നതിന് ഫ്ലൈറ്റിന് മുമ്പും ശേഷവും ഇവരുടെ മൂത്രത്തിന്റെ സാമ്പിളുകളും പരിശോധിക്കും. യാത്രക്കാരെ കൂടുതൽ സമയം ഉണർന്നിരിപ്പിക്കാനാണ് സർവീസിൽ വിമാന കമ്പനി പദ്ധതിയിടുന്നത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9 മണിയോടെ പുറപ്പെട്ട വിമാനത്തിൽ ഇതിനായി ഭക്ഷണ സേവനം വൈകിപ്പിക്കുകയാവും അധികൃതർ ചെയ്യുക.

ആരാധകന്റെ കൈകളിലേക്ക് ചാടിക്കയറവേ വേദിയിൽനിന്ന് താഴേക്ക് വീണ് പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ. ലാസ്‌വേഗാസിൽ നടന്ന പരിപാടിക്കിടയിലുണ്ടായ സംഭവം നവമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഉയർന്ന വേദിയിൽ നിന്നായിരുന്നു ആരാധകനും ഗാഗയും താഴ്ചയിലേക്ക് വീണത്.

പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആരാധകരിലൊരാളെ ഗാഗ വേദിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അയാൾക്കൊപ്പം ചുവടുവയ്ക്കുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചാടിക്കയറാനും ഗായിക ശ്രമം നടത്തുകയായിരുന്നു. പിന്നാലെയാണ് അപകടം സംഭവിച്ചത്. ബാലൻസ് തെറ്റി ഇരുവരും വേദിയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു.

മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സിനിമ മേഖലയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമടക്കമുള്ള താരങ്ങളാണ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം കൂടിക്കാഴ്ചയ്‌ക്കെത്തിയത്. സോനം കപൂര്‍, കങ്കണ റാണട്ട്, സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി തുടങ്ങിയവരാണ് പ്രധാനമന്ത്രിയെ കണ്ടത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുമായും അദ്ദേഹത്തിന്റെ ആശയങ്ങളുമായും ബന്ധപ്പെട്ട് സിനിമകളും ടെലിവിഷന്‍ ഷോകളും മറ്റും ഒരുക്കുക എന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. സര്‍ഗശേഷിയുടെ കരുത്തിനെ രാജ്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ ഉന്മേഷം നല്‍കുന്നതും പോസിറ്റീവ് ആയതുമായിരുന്നു എന്ന് ഷാരൂഖ് ഖാനും ആമിര്‍ ഖാനും വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചിന്തകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായിരുന്നു. അദ്ദേഹം വളരെയധികം പ്രചോദനം നല്‍കുന്ന മനുഷ്യനാണെന്നും ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. അതേസമയം മഹാത്മ ഗാന്ധിയെ ഇന്ത്യക്കും ലോകത്തിനും വീണ്ടും പരിചയപ്പെടുത്തേണ്ടതുണ്ട് എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

 

ഇത്തരത്തില്‍ ഒരു കൂട്ടായ്മയുണ്ടാക്കിയ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും ഷാരൂഖ് ഖാന്‍ പറഞ്ഞു. സിനിമ രംഗത്തെ കലാകാരന്മാരേയും സിനിമ ഇന്‍ഡസ്ട്രിയേും ഇത്രത്തോളം തുറന്ന സമീപനത്തോടെ കണ്ട മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് കങ്കണ റാണട്ട് അഭിപ്രായപ്പെട്ടു.

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ദുബായ്​യുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ഒട്ടേറെ പ്രവാസികളുടെ സൈബർ വാളുകളിൽ. ഇൗ ചിത്രങ്ങൾ പങ്കുവച്ചതാകട്ടെ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
അദ്ദേഹം ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിന്നു വീഡിയോയും പടങ്ങളും പകർത്തുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

ഇന്നു പുലർച്ചെ ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം ഇന്റർനാഷനൽ വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം, അബുദാബി–അൽഎെൻ റോഡ്, അജ്മാൻ, സ്ൈഹാൻ, മിൻഹാദ് തുടങ്ങിയ ഇടങ്ങളിലൊക്കെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയടക്കം മൂടൽമഞ്ഞിൽ കുളിച്ചു നിൽക്കുന്നത് ചിത്രങ്ങളിലും വിഡിയോയിലും കാണാം

 

 

View this post on Instagram

 

Today #Dubai looks like this #Goodmorning 🌬☁️

A post shared by Fazza (@faz3) on

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്റെ മരണശേഷം ജോണ്‍സണ്‍ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റി. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തി. അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ചുവരികയാണ്.

ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്ന് ജോണ്‍സൺ മുന്‍പ് മൊഴി നല്‍കിയിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.

കൂടത്തായികേസിലെ ജോളിയെ പരിചയപ്പെട്ടതെങ്ങനെ എന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണു ജോളിയെ പരിചയപ്പെട്ടത്. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണു പരിചയം. താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി പതിവായി വരാറുണ്ടായിരുന്നു.

ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്നതായും യുവതി പൊലീസിനോടു പറഞ്ഞു. തയ്യൽക്കട പൂട്ടിയെങ്കിലും സൗഹൃദം തുടർന്നു. ഈ വർഷം മാർച്ചിൽ എൻഐടി രാഗം ഫെസ്റ്റിന് എത്തിയപ്പോൾ അവിചാരിതമായാണു ജോളിയെ കണ്ടുമുട്ടിയതെന്ന യുവതിയുടെ മൊഴി പക്ഷേ, അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.

ജോളിയുടെ മൊബൈൽ ഫോണിൽനിന്ന് ഈ യുവതിയുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചതോടെയാണു പൊലീസ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.

കൊയിലാണ്ടി സ്വദേശിയായ യുവതി കൂടത്തായി കൊലക്കേസ് വാർത്തകൾ അറിഞ്ഞതോടെ ബന്ധുക്കളുടെ നിർദേശപ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്കു മാറി. എന്നാൽ, തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ഇന്നലെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാവുകയായിരുന്നു. തലശ്ശേരിയിൽനിന്ന് ഓട്ടോറിക്ഷയിലാണു യുവതി വടകരയിൽ എത്തിയത്.

Copyright © . All rights reserved