ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ നിന്ന് നാല്‍പ്പത്തിനാലായിരം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കലാസൃഷ്ടിയാകാം അതെന്നും, അത് കലാപരമായ ഒരു നൂതന സംസ്കാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു. രണ്ട് വർഷം മുമ്പ്തന്നെ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത് ഇപ്പോഴാണ്. 4.5 മീറ്റർ (13 അടി) വീതിയുള്ള ചിത്രത്തില്‍ കുന്തവും കയറുമുപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന പകുതി മനുഷ്യന്‍റെ ചിത്രമാണ് ഗുഹാഭിത്തികളിലുള്ളത്. നേച്ചര്‍ മാസികയാണ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

4.5 മീറ്റര്‍ വീതിയുള്ള ചിത്രത്തില്‍ ആറ് പറക്കുന്ന ജീവികള്‍, സുലവേസി ദ്വീപില്‍ കാണപ്പെടുന്ന രണ്ട് പന്നികള്‍, നാല് ചെറിയ പോത്തുകള്‍ ഇവയെ കുന്തവും കയറുമായി പിന്തുടരുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവി എന്നിവയാണ് ഉള്‍പ്പെടുന്നത്. ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ ആദം ബ്രും ആണ് രണ്ട് വര്‍ഷം മുമ്പ് ഈ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയത്. ഡേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഈ ചിത്രങ്ങള്‍ അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ കുറഞ്ഞത് 43,900 വർഷങ്ങൾ പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.

‘വേട്ടയാടലിന്‍റെ കഥപറയുന്ന ഈ ചിത്രങ്ങള്‍ നിലവില്‍ നാം കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും പഴക്കമുള്ളതാണ്’ എന്ന് ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകർ പറഞ്ഞു. പ്രദേശത്ത് ഇതിനു മുന്‍പും ഗുഹാചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. ചിത്രത്തിലെ മനുഷ്യരൂപത്തിന് മൃഗങ്ങളുമായി സാമ്യമുണ്ട്. അതിന് വാലുണ്ട്. വേട്ടയാടപ്പെടുന്ന തരത്തിലുള്ള ചിത്രം ആദ്യമായാണ് കണുന്നതെന്നും ആദം ബ്രും പറയുന്നു. ഇന്തോനേഷ്യൻ ദ്വീപായ ബോർണിയോയിലെ ഒരു ഗുഹയിൽനിന്നും നേരത്തേ കണ്ടെത്തിയ ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 40,000 വർഷം പഴക്കമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.