Latest News

സുപ്രീം കോടതിയിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ, മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായ നടപടികളിലേക്കു കടക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഫ്ലാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്‌ഷനുകൾ ഉടൻ വിച്ഛേദിക്കാൻ ജലഅതോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് നിർണായക തീരുമാനമെടുത്തത്. ഇത് 3 ദിവസത്തിനകം നടപ്പാക്കാൻ മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി. പാചകവാതക കണക്‌ഷൻ വിച്ഛേദിക്കാൻ എണ്ണക്കമ്പനികൾക്കു കത്തു നൽകും.

പൊളിക്കൽ നടപടികളുടെ പൂർണചുമതലകൾ നിർവഹിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനെയാണു നിയമിച്ചത്. ഇന്നുതന്നെ ചുമതലയേൽക്കും. ഫ്ലാറ്റ് വാങ്ങിയവരെ വഞ്ചിച്ച നിർമാതാക്കൾക്കെതിരെ കേസെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു സർക്കാർ നിർദേശം നൽകി. തീരപരിപാലന നിയമം ലംഘിച്ചു മരട് നഗരസഭയിൽ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള നടപടികളും ആരംഭിച്ചു. 1991 മുതലുള്ള നിർമാണങ്ങളിൽ നിയമ ലംഘനം ഉള്ളവയുടെ പട്ടികയാണു തയാറാക്കുന്നത്.

ഈ നടപടികളെല്ലാം ഉൾപ്പെടുത്തി ഇന്നുതന്നെ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ മുഖേന സുപ്രീം കോടതിയിൽ അടിയന്തര സത്യവാങ്മൂലം നൽകും. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുന്നോടിയായാണ് നടപടികൾ.

ഫ്ലാറ്റ് പൊളിക്കുന്നതിനു മുൻപ് താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയെന്ന നിലയിലാണ് വെള്ളവും വെളിച്ചവും തടയുന്നത്. താമസക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് ഒഴിവാക്കാനാണിത്.സുപ്രീം കോടതിയിൽ സംഭവിച്ച കാര്യങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തിൽ വിശദീകരിച്ചു. നിയമപരമായി ഇനി വലിയ സാധ്യതകളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ അന്തിമവിധി വന്നശേഷം തീരുമാനമെടുക്കുമെന്നായിരുന്നു തിങ്കളാഴ്ച മന്ത്രി എ.സി. മൊയ്തീൻ ഉൾപ്പെടെ പറഞ്ഞിരുന്നത്. എന്നാൽ അടിയന്തര നടപടികളെടുത്ത് അവ പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താനാണ് സുപ്രീം കോടതിയിൽ ഹാജരായ ശേഷം ഹരീഷ് സാൽവെ ഉൾപ്പെടെയുള്ളവർ നിർദേശിച്ചത്.

സുപ്രീം കോടതി പൊളിക്കാൻ പറ‍ഞ്ഞ മരട് ഫ്ലാറ്റുകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നോട്ടിസിനെതിരെ താമസക്കാർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. നിയമം ലംഘിച്ചവർക്കെതിരെയുള്ള കാഹളധ്വനിയാണു സുപ്രീം കോടതി വിധിയെന്നു കോടതി പരാമർശിച്ചു.

നിർമാണം അനധികൃതമല്ലേയെന്നു വാദത്തിനിടെ കോടതി ചോദിച്ചു. നിർമാണം നിയമപ്രകാരമല്ലെന്ന് അറിഞ്ഞിട്ടും റഗുലറൈസ് ചെയ്യാനാകുമെന്നു കരുതിയതാണു പ്രശ്നം. സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയുന്ന ഹർജിക്കാർക്ക് അതിനെതിരെ എങ്ങനെ നിലകൊള്ളാനാകും? ബിൽഡർമാരുടെ പക്കൽ നിന്നു നഷ്ടപരിഹാരം തേടാമെന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ലേ എന്നും ചോദിച്ചു.

19 കാരിയെ ചതിയില്‍പ്പെടുത്തി നഗ്നവീഡിയോ എടുത്തശേഷം ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട്, തിരുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിം ആണ് പിടിയിലായത്. സംഭവത്തിന് പിന്നില്‍ വശീകരിച്ച് മതംമാറ്റുന്നവരുടെ സംഘമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആരോപണം.

നഗരത്തില്‍ സി.എയ്ക്ക് പഠിക്കുന്ന മകള്‍ ഒരു കെണിയിലകപ്പെട്ടിട്ടുണ്ടെന്ന് ആദ്യമായി ഈ പിതാവ് അറിയുന്നത് ഇങ്ങനെയാണ്. മകളോട് സംസാരിച്ചപ്പോള്‍ മറുപടി ഇതായിരുന്നു: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടുകാരികള്‍ നിര്‍ബന്ധിച്ചപ്പോള്‍ അടുത്തുള്ള പാര്‍ക്കില്‍ പോയി. അവിടെ വച്ച് കുറച്ച് ആണ്‍കുട്ടികളെ പരിചയപ്പെട്ടു. അവര്‍ തന്ന ജ്യൂസ് കഴിച്ചതോടെ ബോധരഹിതയായി. ബോധം വന്നപ്പോള്‍ പാര്‍ക്കിന് പിറകിലെ മുറിയില്‍ വസ്ത്രങ്ങളില്ലാതെ കിടക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു യുവാവ് ഭീഷണിയുമായെത്തി.

ഇന്‍റര്‍നെറ്റ് വഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഗത്യന്തരമില്ലാതെ ആവശ്യപ്പെട്ടതെല്ലാം നല്‍കി. സ്വര്‍ണവും പണവും നഗ്ന ഫോട്ടോകളും നല്‍കി. വിവാഹം കഴിക്കാമെന്നായി യുവാവിന്‍റെ അടുത്ത വാഗ്ദാനം. അതിന് മതം മാറണമെന്നും നിര്‍ബന്ധിച്ചു. കെണിയില്‍പ്പെട്ടതാണെന്ന് മനസിലാക്കിയതോടെയാണ് പെണ്‍കുട്ടി പിതാവിന് മുന്നില്‍ മനസ് തുറന്നത്.

കൗണ്‍സിലിങ്ങിന് ശേഷം പുതിയ ജീവിതത്തിലേയ്ക്ക് കടക്കാമെന്ന പ്രതീക്ഷയില്‍ ആണ് പെണ്‍കുട്ടി വീണ്ടും നഗരത്തിലെത്തിയത്. തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അവിടെ കാത്തുനിന്ന യുവാവ് കാറ് തടഞ്ഞുനിര്‍ത്തി. ഡ്രൈവറുമായി മല്‍പ്പിടുത്തത്തിലായി. ഇതിനിടയില്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇതിന്‍റെ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് പൊലിസ് ആദ്യം നടപടിയെടുക്കാന്‍ മടിച്ചു. അമ്പതിലധികം പെണ്‍കുട്ടികളെ സമാന രീതിയില്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സ്വന്തം മകളുടെ ജീവിതം തെളിവായി മുന്നില്‍വച്ച് ഈ പിതാവ് വാദിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പ് പോര് മുറുക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ അഴിമതി ആരോപണം. നിർദിഷ്ട ശിവാജി സ്മാരകവുമായി ബന്ധപ്പെട്ട് 1300 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കോൺഗ്രസും എൻസിപിയും ആരോപിച്ചു. ഇതുസംബന്ധിച്ച രേഖകൾ പ്രതിപക്ഷം പുറത്തുവിട്ടു.

മുംബൈ മറൈൻ ഡ്രൈവിനോട് ചേർന്ന് അറബിക്കടലിൽ നിർമിക്കുന്ന ശിവാജി സ്മാരകത്തിന്റെ ടെൻഡർ നടപടികളിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. 2500 കോടി രൂപയുടെ പദ്ധതി 3800 കോടി രൂപയ്ക്കു ടെൻഡർ നൽകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അധ്യക്ഷനായ സമിതി തീരുമാനിച്ചെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ സി.എ.ജി ഓഡിറ്റിങ് നടത്തണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ്-എൻസിപി നേതാക്കൾ വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയുടെ വികാരമായ ഛത്രപതി ശിവാജിയെപോലും പ്രതിപക്ഷം തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

ഭൂമി വിള്ളലിനൊപ്പം മണ്ണിരയും ചത്തൊടുങ്ങിത്തുടങ്ങിയതോടെ വയനാട്ടിൽ പ്രളയാനന്തര പ്രതിഭാസങ്ങൾ ആവർത്തിക്കുന്നു. വയനാട്ടിൽ ഇക്കുറിയും പ്രളയത്തിനു ശേഷം മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചന. മുൻ വർഷങ്ങളിൽ മഴ മാറി ആഴ്ചകൾക്ക് ശേഷമാണ് മണ്ണിരകൾ ചത്തിരുന്നതെങ്കിൽ ഇക്കുറി മഴ പൂർണമായും മാറും മുൻപ് തന്നെ മണ്ണിരകൾ ചത്തൊടുങ്ങുകയാണ്. മഴ മാറിയതിനു ശേഷം ഇടയ്ക്ക് മഴയുണ്ടെങ്കിലും ശക്തമായ ചൂട് തന്നെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നതിനു കാരണം. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്.

മണ്ണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ മൂലം സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങളുണ്ടാകുന്നത് എന്ന് എംജി സർവകലാശാലയിലെ സീനിയർ റിസർച്ച് അസോഷ്യേറ്റ് ഡോ. പ്രശാന്ത് നാരായണൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. നെൽവയലുകൾ വ്യാപകമായി തരം മാറ്റി മറ്റു കൃഷികളിലേക്കു മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയിൽ മാറ്റംവന്നു. മഴ നിലച്ചു പൊടുന്നനെ വെയിൽ വന്നതോടെ മണ്ണിലെ ഈർപ്പം കുറഞ്ഞു. ഈർപ്പം കുറഞ്ഞ മണ്ണിൽ മണ്ണിരകൾക്കു ജീവിക്കാനാകില്ല. ചൂടുകുറഞ്ഞ രാത്രികാലങ്ങളിൽ ഇവ മണ്ണിനു പുറത്തെത്തി സുരക്ഷിതസ്ഥാനങ്ങൾ തേടിപ്പോകും. എന്നാൽ, സുരക്ഷിതസ്ഥാനത്തേക്കു എത്തുന്നതിന് മുൻപു നേരം പുലരുകയും വെയിൽ ആവുകയും ചെയ്യുന്നതോടെയാണ് ഇവ ചാകുന്നത്.

4 വർഷം മുൻപും കഴിഞ്ഞ 2 വർഷവും ഇതേ പ്രതിഭാസമുണ്ടായിട്ടുണ്ട്. മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിര ചാകുന്നതിന് കാരണമെന്ന് കഴിഞ്ഞ വർഷം അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു. ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാൻ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണു വിണ്ടുകീറി മേൽ മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പു തേടി മണ്ണിനുള്ളിലേക്ക് നീങ്ങുകയാണ് മണ്ണിരകളുടെ പതിവ്. എന്നാൽ, ഇതിന് വിപരീതമായി മുകളിലേക്ക് വരുമ്പോൾ കൊടുംചൂടിൽ ചത്തൊടുങ്ങുന്നു. കളനാശിനിയും മറ്റും അമിതമായി പ്രയോഗിച്ച സ്ഥലങ്ങളിൽ മണ്ണിരകൾ കൂട്ടമായി ചത്തൊടുങ്ങുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, ചൂടുകാരണം ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോൾ എല്ലാം വർഷവും തുടരുകയാണ് എന്നും പറയപ്പെടുന്നു. കഴിഞ്ഞ പ്രളയ ശേഷമുണ്ടായ പ്രതിഭാസങ്ങൾ തന്നെയാണ് ഇക്കുറിയും കാണുന്നത്.

നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചവര്‍ക്ക് മറുപടി നല്‍കി തമിഴ് സംവിധായകന്‍ അറ്റ്ലി. ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്ലിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു സോഷ്യല്‍ മീഡിയ പരിഹാസം. കറുത്ത ടീ ഷർട്ട് ധരിച്ച് ഷാരൂഖിനൊപ്പം ഗാലറിയിൽ അറ്റ്ലി ഇരിക്കുന്നതാണ് ചിത്രം. ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ…’ എന്നായിരുന്നു അക്ഷേപം. ഇതിനാണ് അറ്റ്ലി മറുപടി നല്‍കിയിരിക്കുന്നത്.

അറ്റ്ലിയുടെ വാക്കുകൾ ഇങ്ങനെ– ഈ മീം പോസ്റ്റ് ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി! ഒരു കാര്യം പറയട്ടെ… ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകൾ മാത്രമാണ്. അതൊരു അറിവല്ല. കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവർ പലതും പറയാറുണ്ട്. ‘അവൻ നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവൻ മൊത്തം കോപ്പിയിടിയാണല്ലോ?’ എന്നൊക്കെ. സത്യത്തിൽ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം. കാരണം, എന്നെ ഇഷ്ടപ്പെടുന്ന ആരാധകർ ദിവസത്തിൽ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ എന്നെ ഇഷ്ടമില്ലാത്തവർ ദിവസത്തിൽ നൂറു തവണയെങ്കിലും എന്നെക്കുറിച്ച് സംസാരിക്കും. അത് യഥാർത്ഥത്തിൽ എന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങൾ മാത്രം, അറ്റ്ലി പറഞ്ഞു. സംവിധായകന്റെ വാക്കുകൾ വലിയ കയ്യടികളൊടെയാണ് സദസ് സ്വീകരിച്ചത്.

‘വിജയ് അണ്ണനൊപ്പം ഇത് മൂന്നാമത്തെ സിനിമയാണ്. മറ്റുള്ള താരങ്ങൾക്കൊപ്പവും നീ സിനിമ െചയ്യണമെന്ന് അണ്ണൻ പറയും. സത്യം പറഞ്ഞാൽ എനിക്കും ആഗ്രഹമുണ്ട്. എന്നാൽ എന്തുചെയ്യാനാ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ തീരുമാനിക്കുമ്പോൾ അണ്ണന്റെ മുഖമാണ് മനസ്സിൽ വരുന്നത്.’

‘ഫുട്ബോൾ ആണ് സിനിമയുടെ പ്രധാനപ്രമേയം. എന്നാലും കൊമേർസ്യൽ സിനിമകളുടെ രീതിയില്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഞാൻ ഇതുവരെ ചെയ്ത സിനിമയിൽ ഏറ്റവും മികച്ച തിരക്കഥ ബിഗിലിന്റേതാണ്.’–അറ്റ്ലി വ്യക്തമാക്കി.

തമിഴകത്തെ ഹിറ്റ് കൂട്ടുകെട്ടാണ് വിജയ്–അറ്റ്ലി കൂട്ടുകെട്ട്. ഇവർ ഒരുമിച്ച തെറി, മെർസൽ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിരുന്നു. ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ബിഗിലിൽ നയൻതാരയാണ് നായിക

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വെളിപ്പെടുത്തി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. വിവിപാറ്റ് മെഷീന്‍ വോട്ടിങ്ങില്‍ ഉള്‍പ്പെടുത്തിയത് തിരിമറി എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ വിരലമര്‍ത്തുന്ന ബാലറ്റ് യൂണിറ്റ്, വോട്ട് രേഖപ്പെടുത്തപ്പെടുന്ന കണ്‍ട്രോള്‍ യൂണിറ്റ്, ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് പരിശോധിക്കാനുള്ള വിവിപാറ്റ് ഇവ ബന്ധിപ്പിക്കുന്നതിലെ സുരക്ഷാവിടവ് ചൂണ്ടിക്കാട്ടിയാണ് ദാദ്ര ആന്‍ഡ് നഗര്‍ഹവേലി കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തല്‍. വിവാദം ഉദ്ദേശിച്ചല്ല വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് കണ്ണന്‍ ഗോപിനാഥന്‍   പ്രതികരിച്ചു.

വിവരങ്ങളെല്ലാം ട്വീറ്റുകളില്‍ ഉണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ നടത്തിയ വെളിപ്പെടുത്തല്‍

മുന്‍പ് ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ അവയിപ്പോള്‍ വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ ബാലറ്റ് യൂണിറ്റില്‍ അമര്‍ത്തുന്ന വോട്ട് നേരിട്ട് അല്ല കണ്‍ട്രോള്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നാണ്. വിവിപാറ്റാണ് കണ്‍ട്രോള്‍ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നത്. ഒരു മെമ്മറിയും പ്രിന്റര്‍ യൂണിറ്റും മാത്രമുള്ള ലളിതമായ പ്രൊസസറാണ് വിവിപാറ്റ്. പ്രൊസസറും പ്രോഗ്രാം ചെയ്യാവുന്ന മെമ്മറിയുമുള്ള എന്തും ഹാക്ക് ചെയ്യാനാകും. ഏതെങ്കിലും മാല്‍വെയര്‍ വിവിപാറ്റില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആ സിസ്റ്റം മുഴുവന്‍ തകിടം മറിയും. ഇത്തരം ഡിസൈനില്‍ വിവിപാറ്റിലൂടെ വോട്ടിങ്ങ് പ്രക്രിയയില്‍ ആകെ തിരിമറി നടത്താനാകും.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 57-ാം റാങ്കോടെ പാസായ കണ്ണന്‍ ഗോപിനാഥന്‍ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹം ഈയിടെ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് വിവാദമായി. പ്രളയകാലത്ത് അവധിയെടുത്ത് കേരളത്തിലെത്തി കണ്ണന്‍ ഗോപിനാഥന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക പ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു.

തിരുവനന്തപുരം∙ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ എസ്എംഎസ് വഴി തട്ടിപ്പു നടത്തിയതിനു സ്ഥിരീകരണം. കേസിലെ 5 പ്രതികളുടെ ഫോണ്‍ രേഖകള്‍ ഹൈടെക് സെല്‍ ഔദ്യോഗികമായി ക്രൈംബ്രാഞ്ചിനു കൈമാറി.

അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ഹൈടെക്സെല്‍ നേരത്തെ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. കേസിലെ പ്രതികളായ നസീം, പ്രണവ്, ശിവരഞ്ജിത്ത്, സഫീര്‍, ഗോകുല്‍ എന്നിവരുടെ ഫോണ്‍ രേഖകളാണ് കൈമാറിയത്.

എസ്എംഎസ് വഴി ഉത്തരം കൈമാറാന്‍ പ്രതികളെ സഹായിച്ച സഫീര്‍, ഗോകുല്‍ എന്നിവരുടെ ടവര്‍ ലൊക്കേഷന്‍ യൂണിവേഴ്സിറ്റി കോളജ് പരിസരമായിരുന്നു എന്നതിന് റിപ്പോര്‍ട്ട് ലഭിച്ചതോടെ സ്ഥിരീകരണമായി. നസീമിന്റെ ഫോണും ഇതേ ലൊക്കേഷനായിരുന്നു. എന്നാല്‍, മറ്റൊരു ഫോണ്‍ ഉപയോഗിച്ചാണ് നസീം തട്ടിപ്പ് നടത്തിയത്.

യൂണിവേഴ്സിറ്റി കോളജിനടുത്തുള്ള മൊബൈല്‍ ടവറുകളില്‍ ആ ദിവസം വന്ന കോളുകളും എസ്എംഎസും പരിശോധിച്ച് തട്ടിപ്പില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ക്രൈംബ്രാഞ്ച്. മൊബൈല്‍ രേഖകള്‍ പരിശോധിക്കുന്നതിലൂടെ പ്രതികള്‍ക്ക് ചോദ്യപേപ്പര്‍ കൈമാറിയ ആളിനെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

പരീക്ഷ നടന്ന 2018 ജൂലൈ 22ന് ഉച്ചയ്ക്ക് 2നും 3.15നും ഇടയിലാണ് പ്രതികളുടെ വാച്ചിലേക്ക് എസ്എംഎസായി ഉത്തരങ്ങള്‍ എത്തിയത്. ഒന്നരമണി മുതല്‍ എസ്എംഎസുകള്‍ എത്തിത്തുടങ്ങിയതായാണ് ഹൈടെക് സെല്ലിന്റെ റിപ്പോര്‍ട്ടിലുള്ളത്. പരീക്ഷാ ഹാളിലുള്ള പ്രതികളുടെ സ്മാര്‍ട് വാച്ചും ഫോണും തമ്മിലുള്ള ബ്ലൂടൂത്ത് കണക്ഷന്‍ നഷ്ടപ്പെടാതിരിക്കാനായിരുന്നു നിരന്തരം എസ്എംഎസുകള്‍ അയച്ചത്. 2.05 വരെ അയച്ച സന്ദേശങ്ങളെല്ലാം ‘ശൂന്യമായിരുന്നു’. കുത്തോ, കോമയോ, അക്ഷരങ്ങളോ രേഖപ്പെടുത്തിയശേഷം അയയ്ക്കുകയായിരുന്നു. ഇതിനുശേഷമാണ് ചോദ്യപേപ്പര്‍ പുറത്തെത്തുന്നതും ഉത്തരങ്ങള്‍ അയച്ചു തുടങ്ങുന്നതും.

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കാസര്‍കോഡ് കെഎപി 4-ാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനുമായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളില്‍നിന്ന് 96 മെസേജുകളാണ് വന്നത്. 9 സന്ദേശങ്ങള്‍ എത്തിയത് പരീക്ഷ ആരംഭിക്കുന്ന സമയത്തും അതിനു മുന്‍പുമായിരുന്നു. ആറെണ്ണം 2.08നും 2.15നും ഇടയിലായിരുന്നു.

2.15നും 3.15നും ഇടയില്‍ 81 സന്ദേശങ്ങളെത്തി. കേസില്‍ 17ാം പ്രതിയും റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരനുമായ പ്രണവിന്റെ ഫോണിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. 2.04ന്ശേഷമാണ് സന്ദേശങ്ങളെല്ലാം എത്തിയത്. കേസിലെ രണ്ടാം പ്രതിയും 28ാം റാങ്കുകാരനുമായ നസീം പിഎസ്‌സിയില്‍ റജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് സന്ദേശങ്ങളെത്തിയിട്ടില്ല.

പകരം ഉപയോഗിച്ച നമ്പരിനെക്കുറിച്ച് അന്വേഷണം നടക്കുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ചിലര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഡ്വ.ജനറലുമായി അന്വേഷണ സംഘം ഇന്ന് ചര്‍ച്ച നടത്തും.

കെഎപി 4-ാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. നസീമും ശിവരഞ്ജിത്തും പ്രണവും കാസര്‍ഗോഡ് ജില്ലയില്‍ അപേക്ഷ നല്‍കി തിരുവനന്തപുരം ജില്ല സെന്റര്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് പരീക്ഷയെഴുതുകയായിരുന്നു.

ശിവരഞ്ജിത്ത് ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂരുള്ള ഗവണ്‍മെന്റ് യുപി സ്കൂളിലും പ്രണവ് ആറ്റിങ്ങല്‍ മാമത്തുള്ള ഗോഗുലം പബ്ലിക് സ്കൂളിലും നസീം തൈക്കാട് ഗവണ്‍മെന്റ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജിലുമാണ് പരീക്ഷയെഴുതിയത്. സഫീറും ഗോകുലും യൂണിവേഴ്സിറ്റി കോളജ് പരിസരത്തുനിന്ന് ഉത്തരങ്ങള്‍ ഫോണ്‍ വഴി കൈമാറുകയായിരുന്നു. ഇന്റര്‍നെറ്റ് വഴി ഉത്തരങ്ങള്‍ കണ്ടെത്തിയെന്നാണ് ഇരുവരുടേയും മൊഴി. പ്രതികളെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

 

കേരളത്തില്‍ ആദ്യമായി നടന്ന വാഹനാപകട മരണം ഓര്‍മപ്പെടുത്തി കേരള പൊലീസ്. 105 വര്‍ഷം മുമ്പ് 1914ല്‍ കായംകുളത്ത് നടന്ന അപകടത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. സെപ്തംബര്‍ 22ന് നടന്ന അപകടത്തില്‍ കേരള കാളിദാസന്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ മരിച്ചിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കുറുകെ ചാടിയ പട്ടിയെ കണ്ട് ഡ്രൈവര്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലിട്ട കുറിപ്പ്

കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന്‌ 105 വർഷം. 1914 സെപ്‌തംബർ 20ന്‌ കായംകുളത്തിനടുത്തായിരുന്നു അപകടം. അപകടത്തിൽ മരണപ്പെട്ടത് കേരള കാളിദാസൻ കേരളവർമ വലിയ കോയിത്തമ്പുരാൻ. സെപ്റ്റംബർ 22ന്‌ അദ്ദേഹം മരിച്ചു. വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ്‌ തിരുവനന്തപുരം കൊട്ടാരത്തിലേക്ക്‌ മടങ്ങവേ കായംകുളം കുറ്റിത്തെരുവ്‌ ജങ്‌ഷനിലാണ്‌ കാർ മറിഞ്ഞത്‌. മരുമകൻ കേരള പാണിനി എ ആർ രാജരാജവർമയും കൂടെയുണ്ടായിരുന്നു.

ചികിത്സയിലിരിക്കെ എ ആർ രാജരാജവർമയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. നായ കുറുകെ ചാടിയതോടെ ഡ്രൈവർ കാർ വെട്ടിച്ചതാണ്‌ അപകടത്തിനിടയാക്കിയത്‌. ‘‘അടുത്ത വീട്ടിലെത്തിച്ച്‌ വെള്ളം നൽകി വിശ്രമിച്ചശേഷമാണ്‌ മാവേലിക്കര കൊട്ടാരത്തിലെത്തിച്ചത്‌’’

എ ആർ രാജരാജവർമയുടെ ഡയറികുറിപ്പിൽ അപകടത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു. ‘ആണ്ടുതോറുമുള്ള വൈക്കം ക്ഷേത്രദർശനത്തിന്‌ കൊല്ലത്തെത്തിയപ്പോഴേ മടക്കയാത്രയ്‌ക്ക്‌ കാറുമായി വരണമെന്ന്‌ തമ്പുരാൻ പറഞ്ഞു. കുറ്റിത്തെരുവുപാലം കഴിഞ്ഞതോടെ നായ കുറുകെ ചാടി. അമ്മാവൻ ഇരുന്ന ഭാഗത്തേക്ക്‌ കാർ മറിഞ്ഞു. നെഞ്ചിന്റെ വലതുഭാഗം കാറിലോ നിലത്തോ ഇടിച്ചിട്ടുണ്ടാവാം. പുറമെ പരിക്കില്ലായിരുന്നു. പരിചാരകൻ തിരുമുൽപാടിന്റെ കാലൊടിഞ്ഞു. എനിക്കോ ഡ്രൈവർക്കോ പരിക്കേറ്റില്ല. ഉടനെ കൊട്ടാരത്തിലെത്തി വലിയത്താൻ ഡോക്ടറെ കാണിച്ചു. രണ്ടാംദിവസമാണ്‌ ശ്വാസോഛ്വാസത്തിനു വേഗത കൂടിയതും എന്റെ കൈകളിലേക്കു ചാരി അന്ത്യശ്വാസം വലിച്ചതും.’

എ ആറിന്റെ മക്കൾ ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവർമ രാജായും ചേർന്നെഴുതിയ ‘എ ആർ രാജരാജവർമ’ പുസ്‌തകത്തിലാണ്‌ ഡയറിക്കുറിപ്പുള്ളത്‌.

പാലായിൽ ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവുമായി പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം. 5000 വോട്ട് യുഡിഎഫിന് നൽകാമെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി യുഡിഎഫുമായി ഉണ്ടാക്കിയ ധാരണ. പണം വാങ്ങിയാണ് എൻ ഹരി വോട്ട് മറിച്ചതെന്നും ബിനു പുളിക്കക്കണ്ടം ആരോപിച്ചു.

കേരളാ കോൺഗ്രസിലെ ഉന്നതനാണ് വോട്ടുകച്ചവടത്തിന് ഹരിയുമായി ധാരണ ഉണ്ടാക്കിയത്. അന്തരിച്ച മുൻ കോൺ​ഗ്രസ് നേതാവ് കെ എം മാണിക്ക് വേണ്ടിയും എൻ ഹരി വോട്ട് മറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പുറത്തുവരുമെന്ന് എൻ ഹരി പേടിക്കുന്നതുകൊണ്ടാണ് തന്നെ സസ്പെൻഡ് ചെയ്തത്. ഹരിയുടെ വോട്ട് കച്ചവടത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. പാർട്ടി നേതൃത്വം ആവശ്യപ്പെടുമ്പോൾ തെളിവ് കൈമാറുമെന്നും ബിനു പറഞ്ഞു.

താൻ നേരത്തെ തന്നെ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹരി സ്ഥാനാർത്ഥിയാകുന്നതിൽ പ്രതിഷേധിച്ചായിരുന്നു രാജിയെന്നും ബിനു പുളിക്കക്കണ്ടം കൂട്ടിച്ചേർത്തു. അതേസമയം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാണിച്ച് എൻ ഹരി, ബിനു പുളിക്കക്കണ്ടത്തെ തിങ്കളാഴ്ച വൈകിട്ടോടെ സസ്പെൻഡ് ചെയ്തിരുന്നു.

അന്വേഷണ വിധേയമായാണ് നടപടിയെടുത്തിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കൂടിയായ എൻ ഹരി അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബിജെപിയിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി ബിനുവിനെ നിയമിക്കുകയായിരുന്നു

കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുന്നതിന്റെ ഫോട്ടോ ‘ദി ടെലിഗ്രാഫ്,’ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ബാബുൽ സുപ്രിയോ ‘ദി ടെലിഗ്രാഫ്’ ദിനപത്രത്തിന്റെ പത്രാധിപരും മലയാളിയുമായ ആർ. രാജഗോപാലിനെ ഭീഷണിപ്പെടുത്തി. ശനിയാഴ്ചയാണ് ബാബുൽ സുപ്രിയോ പത്രാധിപരെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അതേസമയം ബാബുൽ സുപ്രിയോ എഡിറ്റർ ആർ. രാജഗോപാലിനെ ഭീഷണിപ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ മന്ത്രിയുടെ ഭീഷണി തന്നെ വാർത്തയാക്കി ‘ദി ടെലിഗ്രാഫ്’ തിരിച്ചടിച്ചു.

ശനിയാഴ്ച വൈകുന്നേരം, ടെലിഗ്രാഫിന്റെ സായാഹ്ന വാർത്താ യോഗത്തിനിടെ, രാജഗോപാലിന് ബാബുൽ സുപ്രിയോയിൽ നിന്ന് ഒരു കോൾ ലഭിച്ചു, തുടർന്ന് മന്ത്രി പത്രാധിപരിൽ നിന്നും പത്രത്തിൽ നിന്നും ‘സൗഹാര്‍ദ്ദപരമായ ക്ഷമാപണം’ ആവശ്യപ്പെടുകയായിരുന്നു. പത്രത്തിന്റെ എഡിറ്ററെ ഫോണിൽ വിളിച്ചിരുന്നതായി ബാബുൽ സുപ്രിയോ തന്നെ ട്വീറ്റിൽ പ്രഖ്യാപിച്ചു. “ദി ടെലിഗ്രാഫ് പത്രത്തിന്റെ അഹങ്കാരിയായ എഡിറ്റർ മിസ്റ്റർ രാജഗോപാലിനെ ഞാൻ ടെലിഫോണിൽ വിളിക്കുകയും അദ്ദേഹം വൃത്തികെട്ട ഭാഷയിൽ എന്നെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു ജെ‌.യു വിദ്യാർത്ഥിയുടെ കുത്തിന് ഞാൻ പിടിച്ചെന്ന തെറ്റായ വാർത്ത ഒന്നാം പേജിൽ തന്നെ പത്രം കൊടുത്തു, യഥാർത്ഥത്തിൽ സംഭവിച്ചത് നേരെ തിരിച്ചായതിനാൽ തന്നെ ഒരു ചെറിയ ക്ഷമാപണം അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ഇത്,” കേന്ദ്രസഹമന്ത്രി ശനിയാഴ്ച ട്വീറ്റ് ചെയ്തു.

ദി ടെലിഗ്രാഫിൽ നിന്ന് ക്ഷമാപണം ബാബുൽ സുപ്രിയോ ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫിൽ ഞായറാഴ്ച വന്ന ലേഖനത്തിൽ പറയുന്നു. എന്തിനാണ് ക്ഷമാപണം നടത്തേണ്ടതെന്ന് പത്രാധിപർ ആർ. രാജഗോപാൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, “ഞാൻ ആരെയും കുത്തിന് പിടിച്ചിട്ടില്ല, പകരം എന്റെ ഷർട്ട് വലിച്ചുകീറി എന്നെ തള്ളിമാറ്റുകയായിരുന്നു. അത് ഒരു പെൺകുട്ടിയായിരുന്നില്ല മറിച്ച് വീഡിയോയിൽ വ്യക്തമായി കാണുന്നതുപോലെ താടിയുള്ള ഒരു പയ്യനായിരുന്നു. തെറ്റായതും പക്ഷപാതപരവുമായ റിപ്പോർട്ടിംഗിന് ടെലിഗ്രാഫ് നാളെ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, ഞാൻ കേസെടുക്കും ” എന്ന് ബാബുൽ സുപ്രിയോ പറഞ്ഞു.

സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ, താൻ ഒരു കേന്ദ്രമന്ത്രിയോട് സംസാരിക്കുന്നതെന്ന് ബാബുൽ സുപ്രിയോ എഡിറ്ററെ ഓർമ്മപ്പെടുത്തി, എന്നിട്ട് രാജഗോപാലിനോട് ചോദിച്ചു, “നിങ്ങൾ ഒരു മാന്യനല്ലേ?” ഇതിന് എഡിറ്റർ ഇങ്ങനെ മറുപടി നൽകി: “ഞാൻ ഒരു മാന്യനല്ല, ഞാൻ ഒരു പത്രപ്രവർത്തകനാണ്…. നിങ്ങൾ ഒരു കേന്ദ്ര മന്ത്രിയാകാം, പക്ഷേ ഞാൻ ഈ രാജ്യത്തെ ഒരു പൗരനാണ്. ”

ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, മറ്റൊരു ഘട്ടത്തിൽ, മന്ത്രി രാജഗോപാലിനോട് ചോദിച്ചു, “നിങ്ങളെ ആരെങ്കിലും വിലക്കെടുത്തിരിക്കുകയാണോ? (“Are you sold out? Are you f***ing sold out?”) തുടർന്ന് പ്രസിദ്ധീകരണം ഇരുവരുടെയും സംഭാഷണത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് എഡിറ്റർ കോൾ വിച്ഛേദിച്ചു.

സംഭാഷണം രണ്ട് വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് അപ്പുറത്തേക്ക് പോയതിനാലാണ് ലേഖനം പ്രസിദ്ധീകരിക്കുന്നതെന്ന് ടെലിഗ്രാഫ് അറിയിച്ചു. ഒരു ചെറിയ ക്ഷമാപണത്തിനായുള്ള അഭ്യർത്ഥനയിൽ തുടങ്ങി “ഒരു പത്രത്തെ വരുതിയിലാക്കാൻ“ സർക്കാരിന്റെ ഒരു പ്രതിനിധി ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ടെലിഗ്രാഫ് പറയുന്നു.

ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ എ.ബി.വി.പി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുല്‍ സുപ്രിയോയെ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി ഉണ്ടായ തര്‍ക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

Copyright © . All rights reserved