Latest News

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി യുവനടന്‍ ഷെയിന്‍ നിഗം രംഗത്ത്. താരസംഘടനയായ അമ്മയ്ക്കാണ് ഇതുസംബന്ധിച്ച് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍ .

കുര്‍ബാനി എന്ന ചിത്രത്തിനായി താന്‍‌ തലമുടി മുറിച്ചത് നിര്‍മാതാവായ ജോബി‌യെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ ഷെയിന്‍ ആരോപിച്ചു. എന്നാല്‍ ഇത് സംഘടനയിലെ ആഭ്യന്തരവിഷയമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് താരസംഘടനയായ അമ്മയുടെ നിലപാട്.

കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്റെ വധഭീഷണി. തന്നോടും വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ഷെയ്ന്‍ പറഞ്ഞു.

ഷെയ്ന്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലെ നിര്‍മ്മാതാവാണ് വധഭീഷണി മുഴക്കിയത്. കുര്‍ബാനിയുടെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്. കുര്‍ബാനിയുടെ സംവിധായകന്‍ പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. എന്നിട്ട് പൊലും നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണ്. താരസംഘടന അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നതെന്നും ഷെയ്ന്‍ പറഞ്ഞു

സിനിമയ്ക്ക് വേണ്ടിയുള്ള ​ഗെറ്റപ്പ് മാറ്റത്തിന്റെ പേരിലാണ് നിര്‍മ്മാതാവ് ഭീഷിപ്പെടുത്തുന്നത്. തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമാണത്രേ നടപടി.അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നൽകിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുളള റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്.

2000 രൂപ നോട്ടിന്റെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിർത്തുന്നതിലേക്ക് റിസർവ് ബാങ്ക് എത്തിച്ചേർന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതിൽ കുറവ് വരുത്തി. തുടർന്ന് നോട്ട് അച്ചടിച്ച് ഇറക്കുന്നത് പൂർണമായി നിർത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.യൂറോപ്യൻ രാഷ്ട്രങ്ങളിലെല്ലാം പതിവായി സ്വീകരിച്ചുവരുന്ന മാർഗമാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ നിതിൻ ദേശായി പറയുന്നു.

നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016 17 സാമ്പത്തിക വർഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017 18 സാമ്പത്തിക വർഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 4.6 കോടി രൂപയായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ ചില പ്രസ്സുകൾ ഇന്ത്യയുടെ 2000 നോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്‌.

അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ വാദം പൂര്‍ത്തിയായി. വിധി പറയല്‍ മാറ്റിവച്ചു. അതേസമയം നാളെ അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഭരണഘടനാ ബഞ്ച് വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഭരണഘടനാ ബഞ്ച് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാദം പൂര്‍ത്തിയായ കേസില്‍ ഇതൊരു അസാധാരണ നടപടിയാണ്.

തര്‍ക്ക ഭൂമി ഉപാധികളോടെ വിട്ടുനല്‍കാമെന്ന് വഖഫ് ബോര്‍ഡ് സമ്മതിച്ചതായാണ് അഭ്യൂഹം. കാശിക്കും മധുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണമെന്നും അയോധ്യയിലെ 22 പള്ളികള്‍ പുതുക്കണമെന്നുമാണ് വഖഫ് ബോര്‍ഡിന്റെ ഉപാധികളെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 134 വര്‍ഷം പഴക്കമുള്ള രാമജന്മഭൂമി-ബാബ്രി മസ്ജിദ് തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. വഖഫ് ബോര്‍ഡ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ലിസ്റ്റിലുള്ള പള്ളികളുടെ പട്ടിക വഖഫ് ബോര്‍ഡ് സമര്‍പ്പിച്ചുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്റെ ഓഫീസ് പ്രതികരിച്ചതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് പിന്‍വലിക്കാന്‍ കോടതിയിലാണ് അപേക്ഷ നല്‍കേണ്ടതെന്നും എന്നാല്‍ അത്തരത്തിലൊരു അപേക്ഷ ഇതുവരെയും നല്‍കിയിട്ടില്ലെന്നും രാജീവ് ധവാന്റെ ഓഫീസിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഫരിയാബ് ജിലാനി എഎന്‍ഐയോടും പ്രതികരിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പ് അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതായി വഖഫ് ബോര്‍ഡുമായി അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ വാദം കേള്‍ക്കുന്നതിനിടെ സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ രേഖകള്‍ വലിച്ചു കീറി. ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ നല്‍കിയ കടലാസുകളാണ് ധവാന്‍ വലിച്ചുകീറിയത്. രേഖകള്‍ സമര്‍പ്പിച്ച ഉടന്‍ ഇത് വലിച്ചുകീറാന്‍ അനുവാദമുണ്ടോ എന്ന് ചോദിച്ചായിരുന്നു രാജീവ് ധവാന്‍ അസാധാരണ നടപടിയിലേക്ക് കടന്നത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. രാമ ജന്മഭൂമി എവിടെയാണെന്ന് സൂചിപ്പിക്കുന്ന രേഖകളാണ് ധവാന്‍ വലിച്ചു കീറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോടതിയിലെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കയാണെന്നും ഇറങ്ങി പോകുമെന്നും ഇതിനോട് പ്രതികരിച്ച് ചീഫ് ജസ്റ്റീസ് പറയുകയും ചെയ്തു. കുനാല്‍ കിഷോര്‍ എഴുതിയ അയോധ്യയെക്കുറിച്ചുള്ള പുസ്തകത്തിലെ വാദങ്ങള്‍ തെളിവായി അംഗീകരിക്കുന്നതിനെതിരെ രാജീവ് ധവാന്‍ നിലപാടെടുത്തിരുന്നു. സുപ്രീം കോടതി ബഞ്ചിന്റെ വിസ്താരത്തില്‍ നേരത്തെയും രാജീവ് ധവാന്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. കോടതി തങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നതായിരുന്നു അദ്ദേഹം പരാതി പെട്ടത്. ഇന്ന് രാവിലെ കേസ് പരിഗണിക്കാന്‍ കോടതി ചേര്‍ന്നതോടെ വാദം ഇന്ന് തീരുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയ് അറിയിച്ചു. ആഗസ്റ്റ് ആറിനാണ് കേസില്‍ വാദം തുടങ്ങിയത്. കേസില്‍ ഇനി കൂടുതല്‍ വാദം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. 40 ദിവസമാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വാദം കേട്ടത്.

മുതിര്‍ന്ന അഭിഭാഷകരായ കെ പരാശരന്‍, സി എസ് വൈദ്യനാഥന്‍ തുടങ്ങിയവരാണ് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായത്. മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പള്ളി സ്ഥാപിക്കാമെന്നും രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി പണിതത് വലിയ തെറ്റാണെന്നുമെല്ലാം ഹിന്ദു സംഘടനകള്‍ വാദിച്ചു. ഹിന്ദു സംഘടനകള്‍ വാദം അവതരിപ്പിച്ചതിന് ശേഷം സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി രാജീവ് ധവാന്‍ വാദങ്ങള്‍ അവതരിപ്പിച്ചു. നാല് തവണ 45 മിനുട്ട് സമയം വാദങ്ങള്‍ക്കായി നല്‍കി.. ഇതിന് ശേഷം വിധി പ്രസ്താവിക്കാനായി കേസ് മാറ്റുകയായിരുന്നു.

ബാബറി മസ്ജിദിന് മുന്‍പ് ക്ഷേത്രമാണ് പ്രദേശത്തുണ്ടായിരുന്നത് എന്നും ക്ഷേത്രം എല്ലായ്‌പ്പോഴും ക്ഷേത്രമാണെന്നുമാണ് മുന്‍ അറ്റോണി ജനറല്‍ കൂടിയായ പരാശരന്‍ വാദിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം. പക്ഷെ രാമന്റെ ജന്മസ്ഥലം മാറ്റാനാകുമോ എന്ന് പരാശരന്‍ ചോദിച്ചു. അതേസമയം ഇവിടെ പള്ളി ഉണ്ടായിരുന്നു എന്ന വസ്തുത എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്ന് രാജീവ് ധവാന്‍ ചോദിക്കുന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട ശില്പ രൂപങ്ങളും കൊത്തുപണികളും എങ്ങനെ പള്ളിയുടെ തെളിവായി കാണാം എന്ന സംശയം നേരത്തെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

എന്നാല്‍ ഹിന്ദു ക്ഷേത്രമാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച യാതൊരു ആധികാരിക തെളിവും പുരാവസ്തു പര്യവേഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. വിവിധ മതങ്ങളുടെ സാംസ്‌കാര സങ്കലനം എന്ന ചരിത്ര യാഥാര്‍ത്ഥ്യം മറക്കരുത് എന്നും രാജീവ് ധവാന്‍ നേരത്തെ പറഞ്ഞിരുന്നു. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുന്നതിന് മുമ്പുള്ള നില പുന:സ്ഥാപിക്കണമെന്ന് മുസ്ലീം സംഘടന ആവശ്യപ്പെടുന്നു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും കേസിലെ അന്തിമ വിധിയുണ്ടായേക്കുമെന്നാണ് സൂചന

കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയായ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കയ്പമംഗലം സ്വദേശികളായ സ്റ്റിയോ(20),അന്‍സാര്‍(21),അനസ്(20) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മനോഹരന്റെ കൈയില്‍നിന്ന് പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പണം കിട്ടാതായപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍ പറഞ്ഞു.

കൈപ്പമംഗലത്ത് രാപകല്‍ പ്രവര്‍ത്തിക്കുന്ന പമ്പ്. ഒരു ദിവസത്തെ കലക്ഷന്‍ ലക്ഷങ്ങള്‍ വരും. ഒരു ദിവസം കൊലയാളികളില്‍ ഒരാള്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തി. കാശെടുത്ത് കാറില്‍ വയ്ക്കാന്‍ ജീവനക്കാരോട് പറയുന്ന പമ്പ് ഉടമ മനോഹരനെയാണ് കണ്ടത്. അപ്പോഴാണ്, പണം പിടിച്ചുപറിനടത്താന്‍ മനസില്‍ ആശയം രൂപപ്പെടുന്നത്. കൈപ്പമംഗലം സ്വദേശി അനസായിരുന്നുഅത്. കൂട്ടുകാരായ സ്റ്റിയോയേയും അന്‍സാറിനേയും കൂടെക്കൂട്ടി കാര്യങ്ങള്‍ പറഞ്ഞു. പതിനഞ്ചു ലക്ഷം രൂപ വരെ കാണും. മനോഹരനെ ആക്രമിച്ച് പണം തട്ടാം. കേരളം വിട്ട് ധൂര്‍ത്തടിച്ച് ജീവിക്കാം. ഇതായിരുന്നു പദ്ധതി.

മൂന്നു യുവാക്കളും രാത്രി പത്തു മണി മുതല്‍ കൈപ്പമംഗലം പെട്രോള്‍ പമ്പിനുസമീപം കാത്തുനിന്നു. മനോഹരന്‍റെ വരവും കാത്ത്. 12.50ന് മനോഹരന്‍റെ കാര്‍ പമ്പിന് പുറത്തേയ്ക്കു കടന്നു. ഉടനെ, പ്രതികള്‍ പിന്‍തുടര്‍ന്നു. വിജനമായ വഴിയിലേക്കു കാര്‍ കടന്ന ഉടനെ ബൈക്ക് പുറകില്‍ ഇടിപ്പിച്ചു. ബൈക്ക് മറിഞ്ഞ് വീഴുന്ന പോലെ അഭിനയിച്ചു. കാറില്‍ എന്തോ തട്ടിയെന്നു മനസിലാക്കി തിരിഞ്ഞുനോക്കിയ മനോഹരന്‍ പുറത്തിറങ്ങി. ഈ സമയം മൂവരൂം കൂടി കീഴ്പ്പെടുത്തി. ആദ്യം മുഖത്ത് ടേപ്പ് ഒട്ടിച്ചു. പിന്നെ, കൈ പുറകില്‍ ബന്ധിച്ചു. കാറിന്‍റെ പിന്‍സീറ്റില്‍ ഇരുത്തി. പണം എവിടെ. വേഗമെടുത്തോ. പണം തന്നാല്‍ ഉടനെ വിട്ടയ്ക്കാം. പ്രതികള്‍ മനോഹരനോട് പറഞ്ഞു.

പണമില്ല, എന്‍റെ കൈവശം ആകെ 200 രൂപ മാത്രമേയുള്ളൂ. മനോഹരന്‍റെ മറുപടി കേട്ടതും യുവാക്കള്‍ക്ക് കലിപൂണ്ടു. കാറിലെ ഏതെങ്കിലും രഹസ്യ അറയില്‍ പണം ഒളിപ്പിച്ചിരിക്കാമെന്നായി അടുത്ത സംശയം. കൈവശം കരുതിയിരുന്ന കളിതോക്കെടുത്ത് ചൂണ്ടി. ഇതോടെ, മനോഹരന്‍ ബോധംകെട്ടു. വീണ്ടും തട്ടിവിളിച്ച് പണം അന്വേഷിച്ചു. ഇതിനിടെ, മുഖത്തെ ടേപ്പ് മുറുകി ശ്വാസംമുട്ടി. ചലനമറ്റതോടെ പ്രതികള്‍ അപകടം മണത്തു. കാറുമായി പെരിന്തല്‍മണ്ണ പോകാന്‍ പറഞ്ഞത് അനസായിരുന്നു. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പഠിക്കാന്‍ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ അനസ്പഠിച്ചിരുന്നു.

മനോഹരന്‍റെ കാര്‍ പൊളിക്കാന്‍ നല്‍കിയാലോയെന്ന് ആദ്യം ആലോചിച്ചു. പക്ഷേ, കാറുമായി ദീര്‍ഘദൂരം മുന്നോട്ടുപോയാല്‍ പിടിക്കപ്പെടുമെന്ന് അന്‍സാര്‍ പറഞ്ഞു. ആ ശ്രമം ഉപേക്ഷിച്ചു. അങ്ങാടിപ്പുറം റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിടാന്‍ തീരുമാനിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റ് എടുത്തുമാറ്റിയിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടില്‍ തുക പിരിക്കാന്‍ നിന്നിരുന്ന ജീവനക്കാരന്‍ ഇക്കാര്യം പ്രതികളോട് ചോദിച്ചിരുന്നു. വര്‍ക്ഷോപ്പില്‍ നിന്ന് എടുത്ത വണ്ടിയാണെന്ന് വിശ്വസിപ്പിച്ച് മൂവരും സ്ഥലംവിട്ടു. ബസില്‍ പെരുമ്പിലാവു വരെയെത്തി. സുഹൃത്തുക്കളുടെ പക്കല്‍ നിന്ന് പണം കടംവാങ്ങി കേരളം വിടാനായിരുന്നു പദ്ധതി. അപ്പോഴേയ്ക്കും പൊലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നു. പമ്പിന്‍റെ സമീപ്രപ്രദേശങ്ങളില്‍ നിന്ന്
സംഭവത്തിനു ശേഷം അപ്രത്യക്ഷമായവരുടെ പേരുകള്‍ പൊലീസ് അന്വേഷിച്ചിരുന്നു. മാത്രവുമല്ല, ഇവരുടെ ബൈക്ക്രാത്രിയില്‍ കറങ്ങുന്നത് ചില സിസിടിവി കാമറകളിലും പതിഞ്ഞു. ഇവരുടെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ടവര്‍ ലൊക്കേഷന്‍ കിട്ടി. പ്രതികള്‍ ഇവര്‍തന്നെയെന്ന് ഉറപ്പിച്ചു.

പമ്പില്‍ നിന്നിറങ്ങി മുക്കാല്‍ മണിക്കൂറിനകം മനോഹരന്‍ കൊല്ലപ്പെട്ടിരുന്നു. മകള്‍ ലക്ഷ്മി മനോഹരന്‍റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്തത് അനസായിരുന്നു. പമ്പിലെ ജീവനക്കാരന്‍ പറയുന്ന പോലെ, സാര്‍ ഉറങ്ങുകയാണെന്ന് പറഞ്ഞു. ഈ സമയം, മനോഹരന്‍ മരിച്ചിരുന്നു. കാറോടിച്ച് രക്ഷപ്പെടാനും മൃതദേഹം വഴിയില്‍ തള്ളാനുമുള്ള സാവകാശം കിട്ടാനാണ് അങ്ങനെ പറഞ്ഞതെന്ന് അനസ് പൊലീസിനോട് വെളിപ്പെടുത്തി.

അനസും സ്റ്റിയോയും കഞ്ചാവ് വലിക്കുമായിരുന്നു. കഞ്ചാവിന്‍റെ ഉപയോഗമാണ്ഇവരുടെ ചിന്തകളെ തെറ്റായ വഴിയിലേക്ക് ചിന്തിപ്പിച്ചത്. മനോഹരനെ കൊല്ലാന്‍ പദ്ധതിയില്ലായിരുന്നു. പക്ഷേ, പണം തന്നില്ലെങ്കില്‍ കൊന്നായാലും തട്ടിയെടുക്കണമെന്നായിരുന്നു ഇവരുടെ ഉള്ളിലിരുപ്പ്. അനസും അന്‍സാറും കൂടുതല്‍ അക്രമകാരികളായി. സ്റ്റിയോ ഒപ്പംനിന്നു. പത്താം ക്ലാസ് വരെയാണ് മൂവരുടേയും വിദ്യാഭ്യാസം. പന്തല്‍ പണിയായിരുന്നു അനസിന്. സ്റ്റിയോ ക്രെയിന്‍ ഓപ്പറേറ്ററും. അന്‍സാര്‍ ഗള്‍ഫില്‍ നിന്ന് എത്തി ജോലി അന്വേഷിച്ചിരുന്നു. ഇതിനിടെയാണ്, പെട്ടെന്നു പണം സംഘടിപ്പിക്കാന്‍ പ്രതികള്‍ പിടിച്ചുപറിയ്ക്കു പദ്ധതിയിട്ടത്.

മുംബൈ∙ സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. 2005ല്‍ തന്റെ പഴ്‌സനല്‍ അസിസ്റ്റന്റിനെ രഹസ്യ വിവാഹം ചെയ്ത ജോയ് തോമസ് രണ്ടുപേരുടെയും പേരില്‍ പുണെയില്‍ 9 ഫ്ലാറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഇസ്‌ലാം മതത്തില്‍ പെട്ട ഇവരെ വിവാഹം ചെയ്യുന്നതിന് ജോയ് തോമസ് മതംമാറുകയും ജുനൈദ് ഖാന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക പേര് ജോയ് തോമസ് എന്നുതന്നെ തുടരുകയായിരുന്നു. നേരത്തെ ജോയ് തോമസിന്റെ മുംബൈയിലും താനെയിലുമുള്ള 4 ഫ്ലാറ്റുകള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇതില്‍ ഒരെണ്ണം ആദ്യ ഭാര്യയിലുള്ള മകന്റെ പേരിലായിരുന്നു. രണ്ടാം ഭാര്യയില്‍ 10 വയസ്സുള്ള മകനും 11 വയസ്സുള്ള ദത്തു പുത്രിയുമുണ്ട്.

ജോയ് തോമസിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ആദ്യഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു കാട്ടിയതു ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ബിഐ പിഎംസി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . ബാങ്കിന്റെ 70% വായ്പയും എച്ച്ഡിഐഎല്ലിനു നല്‍കിയതില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് 4,355 കോടി രൂപയുടെ തട്ടിപ്പ് കേസാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

6,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ജോയ് തോമസാണെന്നാണു കണ്ടെത്തല്‍. ബാങ്കിന്റെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കടം വാങ്ങിയ എച്ച്ഡിഐഎല്‍ (ഹൗസിങ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ഉദ്യോഗസ്ഥര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ബാങ്ക് ചെയര്‍മാനുമായി ബന്ധമുള്ള മുംബൈയിലെ ആറ് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. എച്ച്ഡിഐഎല്‍ ഉന്നത ഉദ്യോഗസ്ഥരായ രാകേഷ് വധ്‌വാന്‍, സാരംഗ് വധ്‌വാന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിഎംസി ബാങ്കിന്റെ ലോണ്‍ ബുക്കില്‍ 75 ശതമാനം വായ്പകളും അനുവദിച്ചിട്ടുള്ളത് പാപ്പരായി പ്രഖ്യാപിച്ചിട്ടുള്ള എച്ച്ഡിഐഎല്ലിനാണ്. എച്ച്ഡിഐഎല്ലിനു വേണ്ടി 21,000 വ്യാജ അക്കൗണ്ടുകളാണ് ലോണ്‍ ലഭിക്കുന്നതിനായി ഉണ്ടാക്കിയത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ലോണുകള്‍ തിരിച്ചടയ്ക്കാതിരുന്നപ്പോഴും പിഎംസി ബാങ്ക് ഇക്കാര്യം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. 2008 മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പിഎംസി റിസര്‍വ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തലുണ്ട്.

റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിക്ഷേപകര്‍ വലയുന്നതിനിടെയാണ് കേസില്‍ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. ഇത്രയും പണം കിട്ടാക്കടമായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്.

ശരീരത്തിലേക്ക് ഏതൊക്കെ രീതിയിൽ ഈ വിഷം പ്രവേശിക്കാം ?

ദഹനവ്യവസ്ഥയുടെ ഭാഗങ്ങളിലൂടെ, അതായത് വായ, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മസ്തരം (mucosa) വഴി ഈ രാസവസ്തു രക്തത്തിൽ എത്താം.  ത്വക്കിനുള്ളിൽ കൂടി പ്രവേശിക്കാം. വാതകാവസ്ഥയിലുള്ള സയനൈഡ് ശ്വസന പ്രക്രിയയിലൂടെ ശരീരത്തിൽ എത്താം.

എത്ര അളവുവരെ ഉണ്ടെങ്കിലാണ് മരണകാരണമാകുന്നത് ?

50 മുതൽ 60 മില്ലിഗ്രാം വരെ ഹൈഡ്രോസയാനിക് ആസിഡ് ശരീരത്തിൽ എത്തിയാൽ മരണം സംഭവിക്കാം. 200 മുതൽ 300 വരെ മില്ലിഗ്രാം സോഡിയം സയനൈഡ് അല്ലെങ്കിൽ പൊട്ടാസ്യം സയനൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം.

എത്ര നേരം കൊണ്ട് മരണം സംഭവിക്കാം ?

ഹൈഡ്രോസയാനിക് ആസിഡ് – രണ്ട് മുതൽ പത്ത് മിനിറ്റ് വരെ സമയം.

പൊട്ടാസ്യം അല്ലെങ്കിൽ സോഡിയം സയനൈഡ് – 30 മിനിറ്റ് വരെ സമയം

അപൂർവമായി ചിലപ്പോൾ മണിക്കൂറുകൾ താമസിച്ചു മരണമെത്തി എന്നുമിരിക്കാം. ഡോസ് കുറവായ അവസ്ഥയിലും രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാകുന്ന അവസ്ഥയിലും കാലതാമസം സംഭവിക്കാം.

എങ്ങനെയാണ് മരണം സംഭവിക്കുന്നത് ?

ശ്വസന പ്രക്രിയയിലൂടെ കോശങ്ങളിൽ ഊർജ്ജം ഉണ്ടാവുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയാണ് സയനൈഡ് ചെയ്യുന്നത്. ഹിസ്റ്റോടോക്സിക് അനോക്സിയ എന്നു പറയാം. ലളിതമായി പറഞ്ഞാൽ രക്തത്തിലെ ഓക്സിജൻ കോശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഓക്സിജൻ ഉപയോഗിച്ച് എടിപി (ശരീരത്തിന്റെ ഊർജ കറൻസി) ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരുന്നു. ജീവൽപ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ATP ഇല്ലാതാകുന്നതോടെ മരണവും സംഭവിക്കുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ ?

വായിൽ പൊള്ളൽ ഉണ്ടാവാം. എന്താണ് സയനൈഡിന്റെ രുചി എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചൾ നടക്കുകയാണ്. എങ്കിലും ചവർപ്പ് കലർന്നതാണ് (bitter with burning sensation) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്.

വിഷം ശരീരത്തെ ബാധിച്ചു തുടങ്ങിയാൽ തലവേദന, തലചുറ്റൽ, മന്ദത, ശരീരതാപനില ഉയരുക, കൃഷ്ണമണി വികസിക്കുക, ചുഴലിയുടെ ലക്ഷണങ്ങൾ കാണിക്കുക എന്നിങ്ങനെ കോമ വരെ എത്താം.

ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ശ്വസന നിരക്ക് ഉയരുകയും പിന്നീട് താഴുകയും ചെയ്യുക, ശരീരമാകെ നീലിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം. ചിലപ്പോൾ ശരീരത്തിൽ നിന്നും ഒരു ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്.

രക്താതിമർദ്ദം, പൾസ് റേറ്റ് കുറയുക, പിന്നീട് രക്തസമ്മർദം കുറയുക, കൊളാപ്സിലേക്ക് എത്തുക എന്നിങ്ങനെയാണ് രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

ശ്വസന പ്രക്രിയയിലെ പരാജയം മൂലമാണ് മരണം സംഭവിക്കുക.

എന്താണ് പ്രഥമ ശുശ്രൂഷ നൽകേണ്ടത് ?

എത്രയും പെട്ടെന്ന് സൗകര്യമുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെത്തിക്കുക. നഷ്ടപ്പെടുന്ന ഓരോ മിനിറ്റും വിലയേറിയതാണ്.

പോസ്റ്റ്മോർട്ടം പരിശോധന:

മൂക്കിലും വായിലും പത ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിലെ പോസ്റ്റുമോർട്ടം സ്റ്റെയ്നിങ്ങിന്റെ നിറവും രക്തത്തിന്റെ നിറവും ബ്രൈറ്റ് റെഡ് ആയിരിക്കും. ആന്തരാവയവങ്ങൾ കൺജസ്റ്റഡായിരിക്കും. ശ്വാസകോശത്തിൽ നീർവീക്കവും (edematous) ഉണ്ടാവാം. ദഹന വ്യവസ്ഥയുടെ ഭാഗങ്ങളിലെ സ്ലേഷ്മസ്തരത്തിൽ പൊള്ളൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വായിൽ കൂടി ശരീരത്തിൽ എത്തിയത് ആണെങ്കിൽ ആമാശയത്തിൽ നിന്നും സ്മെൽ ലഭിക്കാൻ സാധ്യതയുണ്ട്. ആമാശയത്തിൽ നിന്ന് മാത്രമല്ല തലയോട്ടി തുറക്കുമ്പോഴും ഈ ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്. Smell of bitter almond എന്നാണ് ക്ലാസിക്കൽ വിവരണം. ഏകദേശം കപ്പയില ഞെരടിയ ശേഷം മണത്താൽ ലഭിക്കുന്ന ഗന്ധത്തിനു സമാനം എന്ന് പറയാം. ഈ ഗന്ധം തിരിച്ചറിയുക ഒട്ടും എളുപ്പമല്ല. എല്ലാവർക്കും ഈ ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടാവണമെന്നില്ല. ഏകദേശം 50 ശതമാനം പേർക്ക് മാത്രമേ സയനൈഡിന്റെ ഗന്ധം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

ഈ വ്യത്യാസങ്ങളൊക്കെ തിരിച്ചറിയണമെങ്കിൽ ഫോറൻസിക് മെഡിസിൻ വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടർ തന്നെ പോസ്റ്റ്മോർട്ടം പരിശോധന നടത്തണം.

കരളിന്റെ ഭാഗങ്ങളും രണ്ടു വൃക്കയുടെ ഭാഗങ്ങളും രക്തവും മൂത്രവും ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയയ്ക്കും. രാസ പരിശോധനാ ഫലത്തിൽ ആണ് സയനൈഡ് സ്ഥിരീകരിക്കാൻ സാധിക്കുന്നത്. എത്രയും നേരത്തെ രാസപരിശോധന ചെയ്യുന്നോ അത്രയും മികച്ച റിസൾട്ട് ലഭിക്കും. വൈകുന്തോറും റിസൾട്ട് തെറ്റാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. വിഷം സയനൈഡ് ആണ് എന്ന് സംശയിക്കുന്നുണ്ടെങ്കിൽ രാസ പരിശോധനയ്ക്ക് അയക്കുമ്പോൾ അത് കൂടി രേഖപ്പെടുത്തുന്നതാണ് അഭികാമ്യം. കാരണം വൈകിയാൽ കണ്ടെത്താൻ ബുദ്ധിമുട്ടാകും, ഇതിനുവേണ്ടി മാത്രമായി നടത്തേണ്ട ടെസ്റ്റുകൾ ആദ്യം തന്നെ ചെയ്യാൻ ഇത് സഹായിക്കും.

സയനൈഡ് ഉപയോഗിച്ച് ആത്മഹത്യകൾ ചരിത്രത്തിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി സംബന്ധമായും മറ്റും അബദ്ധത്തിൽ ശരീരത്തിൽ കയറിയുള്ള മരണങ്ങൾ അപൂർവമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.

ക്രോണിക് പോയ്സണിംഗ്:

ജോലി സംബന്ധമായി തുടർച്ചയായി എക്സ്പോഷർ ഉണ്ടാവുന്ന സാഹചര്യത്തിൽ വിരളമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇലക്ട്രോ പ്ലേറ്റിംഗ്, ഡൈ ഇൻഡസ്ട്രി തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് കണ്ടിട്ടുള്ളത്.

തലവേദന, തലകറക്കം, മനംപിരട്ടൽ, ഛർദ്ദി, ശരീരഭാരം നഷ്ടപ്പെടുക, അനീമിയ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിലപ്പോഴൊക്കെ ശബ്ദ വ്യത്യാസം ഉണ്ടാവാനും കാഴ്ചശക്തി കുറയാനും സാധ്യതയുണ്ട്.

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍നായരുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം മരക്കുന്നത്താണ് സംഭവം. കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.

നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഇദ്ദേഹം. വനപാലകരെത്തും മുന്‍പേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവര്‍ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് ഭുവനചന്ദ്രന്‍നായരുടെ കഴുത്തില്‍ ചുറ്റുകയായിരുന്നു. ആദ്യം പകച്ചുപോയെങ്കിലും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ധൈര്യം കൈവിട്ടില്ല. ഇവരുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഭുവനചന്ദ്രന്‍നായരുടെ കഴുത്തിന് നിസാര പരുക്കുണ്ട്.

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നൈല ഉഷയാണ് മലയാളത്തിൽ സൂപ്പര്‍ഹിറ്റായൊരു ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്.ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്നും റേഡിയോ ജോക്കി കൂടിയായ നൈല ഒരു അഭിമുഖത്തിൽ പറഞ്ഞു. നടന്‍ ജോജു ജോർജും നൈലയ്ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

നൈലയുടെ വാക്കുകൾ

”മലയാളത്തിൽ മികച്ച അഭിപ്രായം നേടി സൂപ്പര്‍ഹിറ്റായൊരു ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അമ്മയും തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി” .സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയില്‍ ഇറങ്ങിപ്പോയ കാര്യവും സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിനിടെ പറഞ്ഞു.

എന്നാൽ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഏതു ചിത്രമാണെന്ന് ജോജു ജോർജ് ചോദിക്കുന്നു.അപ്പോൾ വളരെ പതിഞ്ഞ സ്വരത്തില്‍ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു. വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രമാണ് നൈല പറഞ്ഞതെന്നാണ്. പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പ്രേതം, പത്തേമാരി, ദിവാൻജി മൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ തുടങ്ങിയവയാണ് നൈല അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

മൂന്നു ഷിഫ്റ്റുകളിലായി ജോലിയെടുക്കുകയാണു യൂസുഫ് റാഫിയു. ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു മാലയിൽ നിന്നു പൊട്ടിച്ചിതറിയ മുത്തുമണികൾ പോലെ കിടക്കുന്ന ദ്വീപസമൂഹമായ, മാലദീവ്സിന്റെ തലസ്ഥാനമായ മാലിയിലെ ടെലിവിഷൻ സ്റ്റുഡിയോയിലായിരുന്നു യൂസഫ്. മാലിയിലെ പ്രമുഖ ടി വി ആർടിസ്റ്റും നടനും പ്രൊഡ്യൂസറുമൊക്കെയാണു അയാൾ. തുടർച്ചയായ ജോലി മൂലം ആകെ തളർന്നിരിന്നു. രണ്ടു ലക്ഷത്തിൽ താഴെ ജനസഖ്യയുള്ള രാജ്യത്തെ നാല്പതിനായിരത്തിലധികം പേരും വസിക്കുന്നത് വെറും ഒന്നരകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാലിയിലാണ്.

രാജ്യത്തെ ഏറ്റവും അംഗീകരിയ്ക്കപ്പെടുന്ന വ്യക്തിയാണ് അവിടുത്തെ പ്രസിഡണ്ടായ മൌമൂൺ അബ്ദുൾ ഗയൂം. പ്രസിഡണ്ട് പദത്തിൽ രണ്ടു തവണയായി 10 വർഷം പൂർത്തിയാക്കിയ അദ്ദേഹം മൂന്നാമത്തെ തവണയും പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യാനിരിയ്ക്കുകയാണ്. അടുത്തയാഴ്ച, അതായത് 1988 നവമ്പർ 11 നാണ് അതു നിശ്ചയിച്ചിരിയ്ക്കുന്നത്. ആ ദിനം പ്രമാണിച്ച് അബ്ദുൾ ഗയൂമിനെക്കുറിച്ച് സമഗ്രമായ ഒരു പ്രോഗ്രാം തയ്യാറാക്കാൻ പ്രസിഡണ്ട് നേരിട്ട് റാഫിയുവിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. Life is Like That എന്നു പേരിട്ടിരിയ്ക്കുന്ന പ്രോഗ്രാമിന്റെ ഏറെക്കുറെ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ സമയം വെളുപ്പിനെ നാലുമണി കഴിഞ്ഞു. അല്പമൊന്നു മയങ്ങാമെന്നു കരുതി അയാൾ സ്റ്റുഡിയോയിൽ തന്നെ ഒന്നു തലചായ്ച്ചു.

എപ്പോഴും കടലിരമ്പം ലയിച്ചു ചേർന്ന മാലിയുടെ അന്തരീക്ഷം. തുറമുഖത്ത് നങ്കൂരമിട്ട ചെറുകപ്പലുകളും മത്സ്യബന്ധന ബോട്ടുകളും. വെറും അഞ്ചു മിനിട്ടു നടക്കാവുന്ന വീതിയേ ഉള്ളു ലോകത്തെ ഏറ്റവും ചെറിയ രാജ്യതലസ്ഥാനമെന്നു പറയാവുന്ന മാലിയ്ക്ക്. വലിയൊരു ബീച്ച്. പ്രസിഡണ്ടിന്റെ കൊട്ടാരവും നാഷണൽ സെക്യൂരിറ്റി മന്ദിരവും ടെലഫോൺ എക്സ്ചേഞ്ചും ടിവി-റേഡിയോ സ്റ്റേഷനുകളുമെല്ലാം ഇവിടെ തന്നെ. മാലിയുടെ എയർപോർട്ട് തൊട്ടടുത്ത ഹുലുലെ ദ്വീപിലാണ്.

സമയം നാലരയാകുന്നു. എന്തോ ശബ്ദം കേട്ടാണു റാഫിയു ഞെട്ടിയുണർന്നത്. മെഷീൻ ഗണ്ണുകളുടെ അലർച്ച..! അയാൾ ചാടിപ്പിണഞ്ഞെഴുനേറ്റു പുറത്തേയ്ക്കു നോക്കി. അരണ്ട വെളിച്ചമേയുള്ളു, വിശ്വസിയ്ക്കാൻ കഴിയുന്നില്ല. ലുങ്കിമുണ്ടുകളും ജീൻസുകളും ധരിച്ച പ്രാകൃതരെന്നു തോന്നിയ്ക്കുന്ന ഒരു കൂട്ടം ആളുകൾ. നൂറോ അതിലധികമോ ഉണ്ട്. തീ തുപ്പുന്ന AK 47 നുകളുമായി അവർ നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കു ഇരച്ചു കയറുകയാണു. ആകെ 1400 പേരോളം വരുന്ന സുരക്ഷാ സേനയാണു മാലിയ്ക്കുള്ളത്. പോലീസും പട്ടാളവും ഫയർ ഫോഴ്സുമെല്ലാം ഇവർ തന്നെ. വെളുപ്പിനെയുള്ള ആക്രമണത്തിൽ ഒരു പ്രതിരോധവുമില്ലാതെ സെക്യൂരിറ്റി ആസ്ഥാനം കീഴടങ്ങി.

അടുത്തതായി പ്രസിഡണ്ടിന്റെ കൊട്ടാരത്തിലേയ്ക്കാണു അവർ പാഞ്ഞത്. മിനിട്ടുകൾക്കകം അതും കീഴടക്കി, എന്നാൽ പ്രസിഡണ്ട് അബ്ദുൾ ഖയൂമിനെ മാത്രം കണ്ടുകിട്ടിയില്ല. റേഡിയോ സ്റ്റേഷൻ പിടിയിലായി, ടിവി സ്റ്റേഷനും കീഴടക്കി. കാണുന്നിടത്തേയ്ക്കെല്ലാം നിറയൊഴിച്ചുകൊണ്ട് അവർ അഴിഞ്ഞാടി. കിട്ടിയ അവസരം പാഴാക്കാതെ മാലിയിലെ അടഞ്ഞുകിടന്ന കടകൾ കുത്തിത്തുറന്നു കൊള്ളയടി ആരംഭിച്ചു. പ്രസിഡണ്ടിന്റെ മന്ദിരം കീഴടക്കിയ സംഘത്തിന്റെ തലവൻ, മാലി പൌരനായ കള്ളക്കടത്ത് ബിസിനസ്സുകാരൻ അബ്ദുള്ള ലുത്തൂയി പ്രസിഡണ്ടിന്റെ കസേരയിൽ ഇരുന്നു. താനാണിനി മാലിയുടെ അധികാരി..!

ഇതേ സമയം, യഥാർത്ഥ പ്രസിഡണ്ടായ അബ്ദുൾ ഗയൂം ഈ ആക്രമണം തുടങ്ങിയ സമയം തന്നെ എവിടേയ്ക്കോ രക്ഷപെട്ടിരുന്നു. അദ്ദേഹം ഒളിവിലിരുന്നു തന്റെ വിദേശകാര്യമന്ത്രി ഫത്തുള്ള ജമീലിനെ ബന്ധപ്പെട്ടു. ലോകരാജ്യങ്ങൾക്ക് മുഴുവൻ സഹായ സന്ദേശം അയയ്ക്കാൻ ആവശ്യപ്പെട്ടു. അമേരിയ്ക്ക, ബ്രിട്ടൺ, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കെല്ലാം സന്ദേശം പോയി. ശ്രീലങ്ക 85 പേരുടെ ഒരു കമാൻഡോ സംഘത്തെ ഒരുക്കി നിർത്തി. മലേഷ്യ അവരുടെ നേവിക്കപ്പലുകളെ മാലിയിലേയ്ക്കയയ്ക്കാൻ സമ്മതിച്ചു. പക്ഷേ ചുരുങ്ങിയത് നാലു ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു അവയ്ക്ക് മാലിയിലെത്താൻ. ഏകദേശം 600 കിലോമീറ്റർ അകലെ ദീഗോ ഗാർഷ്യയിൽ അമേരിയ്ക്കയുടെ മിലിട്ടറി ബേയ്സുണ്ടെങ്കിലും അവർ സഹായഭ്യർത്ഥന നിരസിയ്ക്കുകയാണുണ്ടായത്. നേരിട്ടുള്ള ഇടപെടൽ സാധ്യമല്ല എന്നാൽ മറ്റു രാജ്യങ്ങളുടെ സഹായം എത്തിയ്ക്കാമെന്നവർ ഉറപ്പുകൊടുത്തു.

1988 നവമ്പർ 3, സമയം 5.30 AM. ന്യൂ ഡെൽഹിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ ടെലഫോൺ മണിയടിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചെവിയിൽ ആയിരക്കണക്കിനു കിലോമീറ്റർ അകലെ, അറബിക്കടലിന്റെ വിശാലതയിൽ നിന്നും ആ സന്ദേശമെത്തി. “തങ്ങൾ ആപത്തിലാണ് രക്ഷിയ്ക്കണം.” മിനിട്ടുകൾക്കകം ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെയും പ്രതിരോധവകുപ്പിന്റെയും ഉന്നതരുടെ ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു. ഇന്ത്യയുടെ അന്നത്തെ മാലദീപ് അംബാസിഡർ അരുൺ ബാനർജിയും അപ്പോൾ ഡൽഹിയിലുണ്ടായിരുന്നു.

സമയം രാവിലെ 9.00 മണി. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ത്യയുടെ മൂന്നു സേനാധിപന്മാരുടെയും യോഗം ചേർന്നു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയുടെ കാര്യത്തിലാണു ഇടപെടേണ്ടത്. ഇന്ത്യൻ തീരത്തു നിന്നും എഴുനൂറോളം കിലോമീറ്റർ അപ്പുറമാണു മാലി. അന്താരാഷ്ട്ര ശ്രദ്ധയുണ്ടാകുന്ന ഒരു വിഷയത്തിൽ യാതൊരു പഴുതുമില്ലാതെ ദൌത്യം വിജയിപ്പിയ്ക്കണം. ഉച്ചയോടെ തീരുമാനമുണ്ടായി. രക്ഷാദൌത്യത്തിനു പച്ചക്കൊടി.ആഗ്രയിലുള്ള പാരാബ്രിഗേഡിനു സന്ദേശം ലഭിച്ചു. മാലിയിലേയ്ക്കു പോകാൻ തയ്യാറാവുക. ബ്രിഗേഡിന്റെ തലവനായ ബ്രിഗേഡിയർ ഫറൂഖ് ബത്സാരയുടെ നേതൃത്വത്തിൽ 300 പാരാട്രൂപ്പ് കമാൻഡോകൾ തയ്യാറായി.

കൃത്യം 3.30 ബത്സാരയും ഒപ്പം അരുൺ ബാനർജിയുമായി ഇന്ത്യൻ എയർഫോഴ്സിന്റെ IL-76 MD വിഭാഗത്തിൽ പെട്ട രണ്ടു കൂറ്റൻ വിമാനങ്ങൾ മാലിയെ ലക്ഷ്യമാക്കി ആഗ്രയിൽ നിന്നും പറന്നുയർന്നു. ആയിരക്കണക്കിനു കിലോമീറ്ററുകളാണവർക്കു താണ്ടേണ്ടിയിരുന്നത്. മാലദീപ് ദൌത്യത്തിനു പുറപ്പെടുന്ന കാര്യം തിരുവനന്തപുരത്തുള്ള എയർ ട്രാഫിക് കണ്ട്രോളിൽ അറിയിച്ചിരുന്നില്ല. ഒരു പരിശീലനപറക്കൽ എന്നു മാത്രമാണു അവർക്കു ലഭിച്ച വിവരം. തങ്ങളുടെ പരിധിയും കടന്ന് കൂറ്റൻ എയർഫോഴ്സ് വിമാനങ്ങൾ അറബിക്കടലിന്റെ വിശാലതയിലേയ്ക്കു പോകുന്നതു കണ്ട അവർ പരിഭ്രാന്തരായി.. നിർത്താതെയുള്ള നാലുമണിക്കൂർ പറക്കൽ… ഓപ്പറേഷൻ കാക്റ്റസ് എന്നു പേരിട്ട ആ ദൌത്യം ആരംഭിച്ചു.

മുന്നിൽ പറക്കുന്ന വിമാനമായ K-2878 ന്റെ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അനന്തഗോപാൽ ബേവൂർ ആയിരുന്നു. ഹുൽഹുലെ എയർപോർട്ടിനെ പറ്റി വളരെ പരിമിതമായ വിവരങ്ങളേ ലഭ്യമായിരുന്നുള്ളു. വെറും 6800 അടി മാത്രമാണു റൺ വേയുടെ നീളം. ഇത്തരം കൂറ്റൻ വിമാനങ്ങൾ അവിടെ ലാൻഡ് ചെയ്യുക എന്നത് അതീവ സാഹസം. അതിലുമുപരിയായി മാലിയിലെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നോ ദ്വീപ് പിടിച്ചെടുത്ത റിബലുകളുടെ ആയുധബലം എന്തെന്നോ അറിയില്ല. മെഷീൻ ഗണ്ണുകൾ കൂടാതെ, സർഫസ് ടു എയർ മിസൈലുകൾ (SAM) അവരുടെ കൈവശമുണ്ടെന്ന് ചില അഭ്യൂഹങ്ങൾ കിട്ടിയിട്ടുണ്ട്. എയർപോർട്ട് റിബലുകൾ കീഴടക്കിയിട്ടുണ്ടെങ്കിൽ വിമാനങ്ങൾക്കു നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ.

വിമാനം ലാൻഡ് ചെയ്യണമോ കമാൻഡോകളെ എയർഡ്രോപ്പ് ചെയ്യണോ എന്ന ആലോചന നടന്നു. അതിലും അപകട സാധ്യത വളരെയേറെ ഉണ്ട്. സേഫ് ലാൻഡിങ്ങിനായി ഒരു കോഡ് വാക്ക് ഉണ്ടായിരുന്നു. “ഹുദിയാ”. ഈ കോഡ് ഹുൽഹുലെ എയർ ട്രാഫിക് കണ്ട്രോളിൽ ഇന്ത്യൻ എയർ ഫോഴ്സ് ആസ്ഥാനത്തു നിന്നും അറിയിച്ചിട്ടുണ്ടായിരുന്നു. ദീർഘമായ പറക്കലിനു ശേഷം വിമാനം മാലിയോടടുത്തു.

ബേവൂർ തന്റെ വിമാനം 20000 അടിയിലേയ്ക്കു താഴ്ത്തി. ഈ ഘട്ടത്തിൽ പുറകേ വരുന്ന വിമാനം 37000 അടി ഉയരത്തിലാണുള്ളത്. ബേവൂരിന്റെ നിർദ്ദേശപ്രകാരം അവരും താണു തുടങ്ങി. സമയം രാത്രി 7 കഴിഞ്ഞിരിയ്ക്കുന്നു. ഇരുട്ടു പരന്നു. “ഞങ്ങൾ സുഹൃത്തുക്കളാണ്.. ഞങ്ങൾ സുഹൃത്തുക്കളാണ്..ഓവർ“ ക്യാപ്റ്റൻ ബേവൂർ മാലി ATC യിലേയ്കു സന്ദേശമയച്ചു. “ഗോ എഹെഡ്..” മറുപടിയെത്തി. “ഞങ്ങൾക്കു നൽകാൻ എന്തെങ്കിലുമുണ്ടോ നിങ്ങളുടെ കൈവശം?” ബേവൂർ ചോദിച്ചു. “ഹുദിയാ.. ഹുദിയാ.. ഹുദിയാ..” കൃത്യമായ കോഡ്..! വിമാനം ലാൻഡ് ചെയ്യാം. പക്ഷേ അവിടെയും ഒരു പ്രശ്നത്തിനു സാധ്യതയുണ്ട്. ഏതെങ്കിലും റിബലിന്റെ തോക്കിൻ മുനയിൽ നിന്നാണു ആ സന്ദേശം അയച്ചതെങ്കിൽ? എന്തായാലും മുന്നോട്ട് തന്നെ..

വിമാനം താഴ്ന്നു തുടങ്ങി. റൺ വേ മൊത്തം ഇരുട്ടാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വിമാനം സുരക്ഷിതമായി ഇറക്കാനാവില്ല. “10 സെക്കൻഡ് നേരത്തേയ്ക്ക് റൺ വേ ലൈറ്റുകൾ ഓണാക്കൂ..” ബേവൂർ നിർദേശിച്ചു. അധിക നേരം ലൈറ്റ് ഓണാക്കിയാൽ അക്രമികളുടെ ശ്രദ്ധ ക്ഷണിയ്ക്കലാകും അത്. കൃത്യം 10 സെക്കൻഡ് ലൈറ്റുകൾ തെളിഞ്ഞു, അണയുകയും ചെയ്തു. ആ ഒരു കാഴ്ചയുടെ ബലത്തിൽ വിമാനം റൺ വേ തൊട്ടു. മുന്നോട്ടോടിയ ആ കൂറ്റൻ വിമാനം രണ്ടു മൂന്നു കോൺക്രീറ്റ് സ്ലാബുകൾ തകർത്താണു നിശ്ചലമായത്.

അടുത്ത വിമാനം 6000 അടി ഉയരത്തിൽ തൊട്ടു പിറകിലുണ്ടായിരുന്നു. നിമിഷങ്ങൾക്കകം ബേവൂർ വിമാനത്തിന്റെ കാർഗോ ഡോറുകൾ തുറന്നു. റാമ്പ് നിലത്ത് സ്പർശിച്ചു. കമാൻഡോകൾ, വാഹനങ്ങൾ, അവരുടെ ആയുധ ശേഖരങ്ങൾ എല്ലാം പുറത്തേയ്ക്ക്. അവർ റൺ വേയിലൂടെ ഓടുന്ന സമയത്ത് അടുത്ത വിമാനമായ K-2999 ഉം ലാൻഡ് ചെയ്തു. ഇരുട്ടിൽ, സെക്കൻഡുകൾ മാത്രം തെളിഞ്ഞ വെളിച്ചത്തിൽ പാഞ്ഞുവരുന്ന വിമാനത്തിന്റെ മുന്നിൽ നിന്നും കമാൻഡോകൾ കഷ്ടിച്ചാണു ഒഴിഞ്ഞുമാറിയത്

സമയം 7.35 . ഓപ്പറേഷൻ കാക്റ്റസിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചു. ഇനിയാണു പ്രധാനഘട്ടം. പ്രസിഡണ്ടിനെ കണ്ടെത്തി സുരക്ഷിതസ്ഥാനത്തേയ്ക്കു മാറ്റുക. മാലി പിടിച്ചെടുത്ത റിബലുകളെ കീഴ്പ്പെടുത്തുക. 10.45 ഓടെ ഹുൽഹുലെ എയർപോർട്ട് പൂർണമായും ഇന്ത്യൻ കമാൻഡോകളുടെ സംരക്ഷണയിലായി. അവിടേയ്ക്ക് അക്രമികൾ ആരും കടന്നു വന്നിട്ടില്ലായിരുന്നു. രാത്രിയുടെ മറവിൽ ബോട്ടുകളിൽ കമാൻഡോകൾ മാലിയിലേയ്ക്ക് കടന്നു.

എങ്ങും വിജനം. ആദ്യനീക്കം നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കായിരുന്നു. ചെറുത്തു നിൽപ്പുകളൊന്നുമുണ്ടായില്ല. നീണ്ട തിരച്ചിലിനൊടുവിൽ ഒരു രഹസ്യമുറിയിൽ പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ കണ്ടെത്തി. അപ്പോൾ സമയം വെളുപ്പിന് മൂന്നുമണി. ഉടനെ തന്നെ അദ്ദേഹത്തെ കമാൻഡോകളുടെ സുരക്ഷിത വലയത്തിലേയ്ക്കു മാറ്റി. അടുത്തതായി അക്രമികളെ പിടികൂടാനായി വീടുകൾ തോറുമുള്ള തെരച്ചിലായിരുന്നു. 24 മണിക്കൂർ നീണ്ട അഴിഞ്ഞാട്ടത്തിനിടയിൽ അക്രമികൾ 19 പേരെ വെടിവെച്ചു കൊന്നിരുന്നു. ജഡങ്ങൾ അപ്പോഴും തെരുവിൽ കിടക്കുന്നു. കൊള്ളയടിച്ച കടകളും മറ്റും അനാഥമായി തുറന്നു കിടക്കുന്നു.

ഓരോ കെട്ടിടവും കമാൻഡോകൾ അരിച്ചു പെറുക്കി. ചിലയിടത്തു നിന്നും വെടിവെപ്പുണ്ടായി എങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ മികവിനു മുൻപിൽ അതൊന്നൂം വിലപ്പോയില്ല. നാലരമണിയോടെ 30 റിബലുകളെ അവർ പിടികൂടി ഒപ്പം അനേകം വെടിക്കോപ്പുകളും. പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കു സഹായ അഭ്യർത്ഥന ലഭിച്ച് 24 മണിക്കൂർ തികയും മുൻപ് അദ്ദേഹത്തിന്റെ ഉത്തരവ് കമാൻഡോകൾ നടപ്പാക്കിയ വിവരം ഡൽഹിയിലെത്തി.

പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ രക്ഷിച്ച റസ്ക്യൂ ടീം, അദ്ദേഹവുമായി മാലി ഹാർബറിലേയ്ക്കു നീങ്ങുമ്പോഴാണു ഒരു ചരക്കു കപ്പൽ തീരം വിടുന്നത് കണ്ടത്. നിർത്താനുള്ള ആജ്ഞ ലഭിച്ചെങ്കിലും അവർ അതു അവഗണിച്ചു. എയർഫോഴ്സിന്റെ പീരങ്കികൾ കപ്പലിനു നേർക്ക് വെടിവെച്ചെങ്കിലും അതിന്റെ റേഞ്ചിനപ്പുറമായിരുന്നു അത്. “പ്രോഗ്രസ് ലൈറ്റ്” എന്ന ആ കപ്പലിൽ , അക്രമിസംഘം തലവനായ അബ്ദുള്ള ലുത്തുഫിയും അയാളുടെ 70 ഓളം കൂലിപ്പട്ടാളക്കാരും ഒപ്പം 27 ബന്ദികളുമുണ്ടായിരുന്നു. മാലദീവ്സിലെ ഗതാഗത ക്യാബിനറ്റ് മന്ത്രിയായ അഹ്മദ് മുജുതുബയും അദ്ദേഹത്തിന്റെ സ്വിറ്റ്സർലണ്ടുകാരിയായ ഭാര്യ ഉർസുലയും ആ ബന്ദികളിൽ പെട്ടിരുന്നു.. ബ്രിഗേഡിയർ ബത്സാരയും കമാൻഡോകളും നിസ്സഹായരായി നോക്കി നിൽക്കെ ബന്ദികളെയും കൊണ്ട് പ്രോഗ്രസ് ലൈറ്റ് അറബികടലിന്റെ വിശാലതയിലേയ്ക്കു മറഞ്ഞു..

ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങളുടെ ഇരമ്പൽ കേട്ടാണു അന്ന് മാലിദീപ് ഉണർന്നത്. മാലിയ്ക്കു മുകളിൽ അവ തലങ്ങും വിലങ്ങും പറന്നുകൊണ്ടിരുന്നു. അതു ഒരു ശുഭസൂചനയായിരുന്നു. തലേദിവസത്തെ ഭീതിയിൽ നിന്നു മുക്തരായി അവർ വെളിയിലിറങ്ങി. തെരുവിൽ നിന്നു ജഡങ്ങൾ മാറ്റപ്പെട്ടു. ആയുധ ധാരികളായ ഇന്ത്യൻ സൈന്യം അവർക്കു ധൈര്യം പകർന്നു. പ്രസിഡണ്ട് ഗയൂമിന്റെ ഉത്തരവു പ്രകാരം കൊള്ളയടിയ്ക്കപ്പെടാത്ത കടകളെല്ലാം സൈനികർക്കായി തുറന്നു. അവർക്കിഷ്ടമുള്ളത് എന്തു വേണമെങ്കിലും എടുക്കാം.

ഓപ്പറേഷൻ കാക്റ്റസ് അവസാനിച്ചിട്ടില്ലായിരുന്നു, അതീവ ദുഷ്കരവും സാഹസികവുമായ ഒരു ദൌത്യം അവരെ കാത്തിരിയ്ക്കുകയായിരുന്നു. “ബന്ദികളെ രക്ഷപെടുത്തുക, അബ്ദുള്ള ലുത്തുഫിയെയും സംഘത്തെയും പിടികൂടുക..” പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവിക സേനാധിപന് ഉത്തരവു നൽകി. ക്യാപ്ടൻ എസ്.വി ഗോപാലാചാരി കരയിൽ നിന്നും വിട്ടിട്ട് ഇന്നേയ്ക്ക് 82 ദിവസമായിരിയ്ക്കുന്നു. നവമ്പർ – 8 നു തന്റെ ഭാര്യയുടെ ജന്മദിനത്തിൽ- എന്തു സംഭവിച്ചാലും – വീട്ടിൽ എത്തിയിരിയ്ക്കും എന്നു വാക്കു കൊടുത്തിട്ടുണ്ട് അദ്ദേഹം. INS ഗോദാവരി എന്ന കൂറ്റൻ യുദ്ധക്കപ്പലിന്റെ കമാൻഡറാണു ക്യാപ്റ്റൻ ഗോപാലാചാരി. ഇന്ത്യൻ മഹാസമുദ്രത്തിൽ രാജ്യത്തിന്റെ സമുദ്രാതിർത്തി കാത്തുകൊണ്ട് നിരന്തരം റോന്തുചുറ്റലിലായിരിയ്ക്കും ഗോദാവരി. തിരികെ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ക്യാപ്ടൻ.

നേവി ഹെഡ് ക്വാട്ടേഴ്സിൽ നിന്നും വന്ന ഒരു മെസ്സേജ് അദ്ദേഹത്തിന്റെ എല്ലാ പ്ലാനുകളും തകർത്തു കളഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാല ദ്വീപിനും ശ്രീലങ്കയ്ക്കുമിടയിൽ എവിടെയോ ഉള്ള “പ്രോഗ്രസ് ലൈറ്റ്” എന്ന ചരക്കു കപ്പൽ കണ്ടെത്തി അതിലെ ബന്ദികളെ രക്ഷപെടുത്തുക, കപ്പലിനെ തട്ടിക്കൊണ്ടു പോകുന്ന കൂലിപട്ടാളത്തെ പിടികൂടുക..! പ്രോഗ്രസ് ലൈറ്റിൽ നിന്നും ഏകദേശം 1000 കിലോമീറ്റർ അകലെയാണു അപ്പോൾ ഗോദാവരി..! ഡൽഹിയിലെ നേവി ഓപ്പറേഷൻസ് റൂം അതീവ സമ്മർദ്ദത്തിലായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി അവിടെ നേരിട്ടു സന്നിഹിതനായിരുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിമാനം ഈ ഓപ്പറേഷന്റെ വിജയത്തിലാണ് എന്നതാണു അവസ്ഥ. ലോകമൊന്നാകെ നമ്മെയാണു ഉറ്റു നോക്കുന്നത്.

ഗോവയിലെ INS ഹുൻസൽ നേവൽ എയർബേസിൽ നിന്നും ഒരു II 38 സമുദ്ര നിരീക്ഷണ വിമാനം (Maritime Reconnaissance Aircraft) ഇന്ത്യൻ സമുദ്രത്തിലേയ്ക്ക് പറയുന്നയർന്നു. മാലിയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ അതു പ്രോഗ്രസ് ലൈറ്റിനെ തിരഞ്ഞു.. അധികം വൈകാതെ, സിംഗപ്പൂരിനു നേരെ പോയ്ക്കൊണ്ടിരിയ്ക്കുന്ന ഒരു കപ്പലിനെ അതു കണ്ടെത്തി. വിമാനം അതിനെ പിന്തുടർന്നു. പെട്ടെന്ന് കപ്പലിന്റെ സഞ്ചാരപഥം ശ്രീലങ്കയ്ക്കു നേരെ തിരിഞ്ഞു. അതോടെ അതു പ്രോഗ്രസ് ലൈറ്റ് ആണെന്ന സംശയമുദിച്ചു. വിവരം നേവൽ ഹെഡ്ക്വാർട്ടേഴ്സിലെത്തി. ഉടനെ TU-142M ഇനത്തിൽ പെട്ട ഏറ്റവും പുതിയ ഒരു നിരീക്ഷണ വിമാനം ആ സ്പോട്ട് ലക്ഷ്യമായി പറന്നുയർന്നു. അതിലെ അത്യാധുനിക സെൻസറുകൾ കപ്പലിനെ അരിച്ചു പെറുക്കി. അതേ അതു പ്രോഗ്രസ് ലൈറ്റ് തന്നെ ആയിരുന്നു. മിസൈലുകൾ ഘടിപ്പിച്ച INS ഗോദാവരി സ്പോട്ടിലേയ്ക്കു കുതിച്ചു. ഒപ്പം കൊച്ചിയിൽ നിന്നും INS ബേധ്വ എന്ന പരിശീലന യുദ്ധക്കപ്പലും.

നവംബർ 5. പ്രോഗ്രസ് ലൈറ്റിന്റെ റേഡിയോ സിഗ്നലുകൾ ഗോദാവരിയിൽ കിട്ടാൻ തുടങ്ങി. ചാനൽ 16 , അതാണു നാവികരുടെ ടെലികമ്യൂണികേഷൻ ചാനൽ. തങ്ങൾ വളരെ അടുത്തെത്തി എന്നു ക്യാപ്ടൻ ഗോപാലാചാരിയ്ക്കു മനസ്സിലായി. യുദ്ധക്കപ്പലിന്റെ സാന്നിധ്യം മനസ്സിലായ റിബലുകൾ ഭീഷണി സന്ദേശമയച്ചു. തങ്ങളിൽ നിന്നും 6 നോട്ടിക്കൽ മൈൽ അകലം പാലിച്ചില്ലെങ്കിൽ ബന്ദികളെ കൊന്നുകളയുമെന്നായിരുന്നു സന്ദേശം. വെറും 6 നോട്ടിക്കൽ മൈൽ മാത്രമാണു പ്രോഗ്രസ് ലൈറ്റിന്റെ വേഗം. നേവിയുടെ യുദ്ധക്കപ്പലുകൾക്ക് അതിവേഗം എത്തിപ്പിടിയ്ക്കാവുന്ന ദൂരം. അതുകൊണ്ട് തന്നെ, കൂടുതൽ അടുത്തേയ്ക്കു നീങ്ങാൻ ക്യാപ്ടൻ ഉത്തരവിട്ടു. ഏകദേശം രണ്ടു മൈലോളം അകലം പാലിച്ച് കപ്പലുകൾ നീങ്ങി.

അപ്പൊഴത്തെ സ്പോട്ട് ശ്രീലങ്കൻ തീരത്തിനോട് അടുത്താണു. പ്രോഗ്രസ് ലൈറ്റിൽ നിന്നും സ്പീഡ് ബോട്ടുകളിൽ റിബലുകൾ ബന്ദികളെയും കൊണ്ടു കടന്നുകളയുമോ എന്നൊരു ഭീതി ഗോപാലാചാരിയ്ക്കുണ്ടായി. അദ്ദേഹം ശ്രീലങ്കൻ നേവിയുമായി ബന്ധപ്പെട്ടു. കടലിൽ നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങൾ അറിയിച്ചു. എന്നാൽ ശ്രീലങ്കൻ നേവിയിൽ നിന്നു കിട്ടിയത് വിചിത്രമായൊരു മറുപടിയാണ്. പ്രോഗ്രസ് ലൈറ്റ് തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചാൽ ആ നിമിഷം തകർത്തുകളയാനാണു ശ്രീലങ്കൻ ഗവണ്മെന്റ് ഉത്തരവിട്ടിരിയ്ക്കുന്നതത്രേ..! അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഒരു പക്ഷെ ശ്രീലങ്കൻ നേവിയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിക്കൂടെന്നില്ല. അത് രക്ഷാദൌത്യത്തെ തകർത്തുകളയുകയും രാജ്യത്തിനു തന്നെ അപമാനമാവുകയും ചെയ്തേക്കാം..

ക്യാപ്ടൻ ഗോപാലാചാരി റേഡിയോ വഴി പ്രോഗ്രസ് ലൈറ്റുമായി ബന്ധപ്പെട്ടു. എന്നാൽ ഇന്ത്യൻ കപ്പലുകൾ തങ്ങളെ സമീപിയ്ക്കുന്നതു മനസ്സിലാക്കിയ അബ്ദുള്ള ലുത്തുഫിയ്ക്കു കലികയറി. രണ്ടു ബന്ദികളെ കൊന്നു കളയാൻ അയാൾ ആജ്ഞാപിച്ചു. അബ്ദുൾ റഹ്മാൻ, അബ്ദുൾ സത്താർ എന്നിവരെ കപ്പലിന്റെ അണിയത്തേയ്ക്കു കൊണ്ടുവന്ന് നിഷ്കരുണം തലയ്ക്കു വെടിവെച്ചു കൊന്നു. മറ്റു ബന്ദികൾ ഭയം കൊണ്ട് നിശ്ചലരായി നിന്നതേയുള്ളു. കൊലപ്പെടുത്തിയവരെ ലൈഫ് ബോയികളിൽ കെട്ടി കടലിലെറിഞ്ഞു. പുറകെ വരുന്ന ഇന്ത്യൻ നേവിയ്ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. കടൽ ജലത്തിൽ ആടിയുലയുന്ന ആ ജഡങ്ങൾ, പിന്നാലെ വന്ന ക്യാപ്റ്റൻ കണ്ടു. ഇനി കാത്തിരിയ്ക്കേണ്ടതില്ല എന്നദ്ദേഹം ഉറപ്പിച്ചു. ചാനൽ 16 വീണ്ടും ചിലച്ചു. പ്രോഗ്രസ് ലൈറ്റിൽ ക്യാപ്ടൻ ഗോപാലാചാരിയുടെ ഉറച്ച ശബ്ദം മുഴങ്ങി. “പ്രോഗ്രസ് ലൈറ്റ് ഇനി മുന്നോട്ടു നീങ്ങിയാൽ മറുപടി തീ കൊണ്ടായിരിയ്ക്കും.“

അതിനെ അവഗണിച്ചു കൊണ്ടു പ്രോഗ്രസ് ലൈറ്റ് മുന്നോട്ടു തന്നെ നീങ്ങി. INS ഗോദാവരിയിലെ 30 MM ആന്റി എയർക്രാഫ്റ്റ് ഗണ്ണിൽ നിന്നുള്ള ആദ്യ വെടിയ്ക്ക് തന്നെ, പ്രോഗ്രസ് ലൈറ്റിലെ സ്വിങ്ങിങ് ഡെറിക്ക് ( സ്പീഡ് ബോട്ടുകളും ലൈഫ് ബോട്ടുകളും തൂക്കിയിട്ടിരിയ്ക്കുന്ന വലിയ പോസ്റ്റുകൾ) തകർന്നു തരിപ്പണമായി. ഗോദാവരിയിലെ 57 MM പീരങ്കികളും ബേധ്വയിലെ 4.5 Inch മെഷീൻ ഗണ്ണുകളും പ്രോഗ്രസ് ലൈറ്റിനു ചുറ്റുമായി വെടിയുടെ മാലപ്പടക്കത്തിന് തിരി കൊടുത്തു . ഒപ്പം ഗോദാവരിയിൽ നിന്നും പറന്നുയർന്ന സീ കിംഗ് ഹെലികോപ്ടറുകൾ പ്രോഗ്രസ് ലൈറ്റിനു മുകളിൽ വട്ടമിട്ടു പറന്നു. അവയിൽ നിന്നും ആന്റി സബ്മറൈൻ ബോംബുകൾ തുരുതുരെ കടലിലേയ്ക്കു വിക്ഷേപിച്ചു.

കടൽ ഇളകി മറിഞ്ഞു. ശക്തമായ തിരയടിയിൽ പ്രോഗ്രസ് ലൈറ്റ് ആടിയുലഞ്ഞു. ഒരിഞ്ചു മുന്നോട്ടു നീങ്ങാനാവാതെ അതു നിശ്ചലമായി. അതിനും പുറമേ നേവൽ ബേസിൽ നിന്നും പറന്നു വന്ന ചെറു യുദ്ധവിമാനങ്ങളും കപ്പലിനു ചുറ്റും പൂരം തീർത്തു. ഇതോടെ ഭയചകിതരായ ഭീകരരിൽ രണ്ടു പേർ കടലിൽ ചാടി. അതവരുടെ അന്ത്യവുമായിരുന്നു. ക്യാപ്ടൻ ഗോപാലാചാരി വീണ്ടു നിർദ്ദേശം നൽകി. ഇനിയും കീഴടങ്ങിയില്ലെങ്കിൽ അടുത്ത ലക്ഷ്യം കപ്പൽ തന്നെയായിരിയ്ക്കും. ഗോദാവരിയിലെ പീരങ്കികൾ പ്രോഗ്രസ് ലൈറ്റിനെ ഉന്നം പിടിച്ചു. ഒടുക്കം ലുത്തുഫി കീഴടങ്ങാൻ സമ്മതിച്ചു. “ബന്ദികളെ നിരയായി ഡെക്കിൽ ഒരു സൈഡിൽ നിർത്തുക”. ക്യാപ്ടൻ നിർദ്ദേശിച്ചു. മറു സൈഡിൽ ലുത്തുഫിയും അനുയായികളും നിരന്നു നിൽക്കുക..”

ഗോദാവരിയുടെ ഡെക്കിൽ നേവിയുടെ ഷാർപ്പ് ഷൂട്ടർമാരായ MARCOS (MARINE COMMANDO FORCE) കമാൻഡോകൾ ലുത്തുഫിയെയും കൂട്ടാളികളെയും ഉന്നം പിടിച്ച് യന്ത്ര തോക്കുകൾ ചൂണ്ടി നിന്നു. സീ കിംഗ് ഹെലികോപ്ടറുകൾ പ്രോഗ്രസ് ലൈറ്റിനു മുകളിൽ വന്നു പറന്നു നിന്നു. അതിൽ നിന്നും മറൈനുകൾ റോപ്പുവഴി താഴേയ്ക്ക് ഊർന്നിറങ്ങി. ഒരു ദിവസത്തേക്ക് മാലിയുടെ അധികാരിയായിരുന്ന അബ്ദുള്ള ലുത്തുഫി കൈകളുയർത്തി കമാൻഡോകൾക്കു മുന്നിൽ കീഴടങ്ങി.

തന്റെ ദൗത്യം പൂർത്തീകരിച്ചതായി പ്രധാനമന്ത്രി രാജീവ് ഗാന്ധി, അബ്ദുൾ ഗയൂമിനെ അഭിമാനപൂർവം അറിയിച്ചു. മാലി ഇനി താങ്കളുടേതാണ്..! ലുത്തുഫിയെയും കൂട്ടാളികളെയുമായി മാലദീവ്സിലെത്തിയ ഗോപാലാചാരിയെയും കമാൻഡോകളെയും രാജകീയ വരവേൽപ്പോടെയാണു മാലിക്കാർ സ്വീകരിച്ചത്. 150 സൈനികരെ മാലിയിൽ നിർത്തിയിട്ട് ബാക്കിയുള്ളവർ ഇന്ത്യയിലേയ്ക്കു തിരിച്ചു. ഒരു വർഷത്തിനു ശേഷം അവരും തിരികെ പോന്നു.

ഇന്ത്യയുടെ ആർമി, എയർ ഫോഴ്സ്, നേവി സൈനിക വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഈ ഓപറേഷനെ ലോക രാജ്യങ്ങളെല്ലാം അഭിനന്ദിച്ചു. ആയിരക്കണക്കിനു കിലോമീറ്റർ ദൂരം താണ്ടി, ഇത്ര വേഗത്തിലും കൃത്യതയിലും ഈ ദൌത്യം നടത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ മിക്ക രാജ്യങ്ങളും അസൂയയോടെയാണു നോക്കികണ്ടതെങ്കിൽ, ഓരോ ഇന്ത്യക്കാരനും അതു അഭിമാനത്തിന്റെ നിമിഷങ്ങളായി..

   കടപ്പാട് – ബിജുകുമാർ ആലക്കോട്

Copyright © . All rights reserved