ലോകത്താകമാനമുള്ള മധ്യവയസ്കരുടെ മരണ കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗം കാന്‍സര്‍ ആണെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഹൃദയാഘാതമായിരുന്നു ഈ സ്ഥാനത്തെങ്കില്‍ ഇന്നത് കാന്‍സര്‍ ആയിരിക്കുകയാണെന്നാണ് കാനഡ മാക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
വികസിതരാജ്യങ്ങളില്‍ മധ്യവയസ്കര്‍ കാന്‍സര്‍ മൂലം മരിക്കുന്ന നിരക്ക് അടുത്തിടെയായി രണ്ടരഇരട്ടിയായി മാറിയിരിക്കുകയാണെന്ന് ഈ പഠനം പറയുന്നു. 21 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ പഠിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. എന്നാല്‍ അവികസിതരാജ്യങ്ങളില്‍ കാന്‍സറിന്റെ സ്ഥാനത്തു ഹൃദ്രോഗമാണ് മധ്യവയസ്കരെ കൂടുതല്‍ ബാധിക്കുന്നത്.
പത്തു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ 160,000 ആളുകളാണ് പങ്കെടുത്തത്. ഇവരില്‍ എല്ലാവരുടെയും ശരാശരി പ്രായം 50 ആയിരുന്നു. പഠനകാലയളവില്‍ 11,000 ആളുകള്‍ മരിച്ചു. ഇവരില്‍ മിക്കവര്‍ക്കും കാന്‍സര്‍ ആയിരുന്നു. 2,000 പേരുടെ മരണകാരണം കണ്ടെത്താന്‍ സാധിച്ചില്ല. വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ ജനങ്ങളുടെ മരണനിരക്കില്‍ ഹൃദ്രോഗം വില്ലനാകുമ്പോള്‍ വികസിതരാജ്യങ്ങളില്‍ കാന്‍സര്‍ തന്നെയാണ് മരണത്തിനു കൂടുതലും കാരണമാകുന്നത്.
കുറുപ്പംപടി ∙ അപകടങ്ങളാലും സാമൂഹികവിരുദ്ധരുടെ സാന്നിധ്യത്താലും പരിസരവാസികൾക്കു തലവേദനയായ പെട്ടമല വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചു സംരക്ഷിക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല. അർധരാത്രിയിൽ പോലും യുവാക്കൾ ഇവിടെയെത്തുന്നതാണു പരിസരവാസികളെ ആശങ്കയിലാഴ്ത്തുന്നത്. 2017 സെപ്റ്റംബറിൽ 6ന് 3 യുവാക്കൾ പാറമടയിൽ മുങ്ങി മരിച്ചതിനെത്തുടർന്നാണ് അപകടരഹിത വിനോദസഞ്ചാര പദ്ധതി നടപ്പാക്കാൻ പ്രഖ്യാപനമുണ്ടായത്. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പ്രതിനിധികൾ പെട്ടമല സന്ദർശിച്ചെങ്കിലും 2 വർഷം കഴിഞ്ഞിട്ടും നടപടികളൊന്നുമില്ല.
റവന്യു പുറംപോക്കും സ്വകാര്യവ്യക്തികളുടെ സ്ഥലവും ഉൾപ്പെടുന്നതാണു പെട്ടമല. ഇവ വിനോദസഞ്ചാര കേന്ദ്രത്തിനായി ലഭ്യമാക്കുകയെന്നതാണു തടസ്സം. സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ പദ്ധതി നടപ്പാക്കാൻ വൻ സാമ്പത്തികം വേണം. വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന പാറമടകൾ കാണാനും തമ്പടിക്കാനും ഒട്ടേറെ യുവാക്കളാണ് ഇപ്പോഴും വരുന്നത്. അപകടത്തിനു ശേഷം പ്രവേശനകവാടം പഞ്ചായത്ത് അടച്ചെങ്കിലും ഇപ്പോൾ നിയന്ത്രണമില്ല.
കഴിഞ്ഞ ദിവസം പുലർച്ചെ 2നു ബൈക്കുകളിലെത്തിയ 3 യുവാക്കളും 3 യുവതികളും പെട്ടമലയിലേക്കുള്ള വഴി ചോദിച്ചതോടെയാണു കൂടുതൽ ആശങ്ക പരിസരവാസികൾക്കുണ്ടായത്. നിയന്ത്രണങ്ങൾ മറികടന്നു പോകുന്നവരാണ് അപകടത്തിൽപെടുന്നത്.കുറുപ്പംപടി പൊലീസും മറ്റ് അധികൃതരും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നതായി ആരോപണമുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ശക്തമാക്കണമെന്നാണ് ആവശ്യം. നൂറേക്കർ വിസ്തൃതിയിൽ നാൽപതോളം പാറമടകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഓരോന്നിനും 150 മുതൽ 200 അടി വരെ താഴ്ചയുണ്ട്.
പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്വന്തം മകന്‍ നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി. മകന് മദ്യപിക്കാന്‍ പിതാവ് 100 രൂപ നല്‍കാത്തതാണ് കൊലപാതക കാരണം.പായിപ്പാട് കൊച്ചുപള്ളിയില്‍ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്ബില്‍ തോമസ് വര്‍ക്കിയാണ് (കുഞ്ഞപ്പന്‍-76) മരിച്ചത്. മകന്‍ അനിയാണ് അറസ്റ്റിലായത്.
കുഞ്ഞപ്പന്റെ ശരീരത്തില്‍ 30 മുറിവുകളുള്ളതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ഇതില്‍ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികള്‍ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയില്‍ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറില്‍ ഉള്‍പ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. രാത്രി 11ന് മുന്‍പായി മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വാഭാവിക മരണമെന്ന നിഗമനത്തിൽ 19ന് രാവിലെ 11ന് സംസ്കരിക്കാൻ തീരുമാനിച്ച മൃതദേഹം, നാട്ടുകാരിൽ ചിലരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.വൈകിട്ട് 6.30നാണ് സംസ്കാരം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്.
കോടതി അനിയെ റിമാൻഡ് ചെയ്തു.കുഞ്ഞപ്പനും മക്കളായ അനിയും സിബിയുമാണു വീട്ടിൽ താമസിച്ചിരുന്നത്. കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ മകൾക്കൊപ്പം റാന്നിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇരട്ടസഹോദരങ്ങളായ അനിയും സിബിയും മദ്യലഹരിയിൽ പിതാവ് കുഞ്ഞപ്പനുമായി വഴക്കുണ്ടാക്കുന്നതു പതിവാണ്. 17ന് രാവിലെ കുഞ്ഞപ്പൻ ബാങ്ക് അക്കൗണ്ടിലെ പെൻഷൻ തുക 1000 രൂപ പിൻവലിച്ചിരുന്നു. അനിയുടെ ഒപ്പമാണ് പെൻഷൻ തുക വാങ്ങാൻ പോയത്. തിരികെ എത്തിയപ്പോൾ 200 രൂപ വീതം അനിക്കും സിബിക്കും കുഞ്ഞപ്പൻ നൽകി. . വൈകിട്ട് മദ്യപിച്ച ശേഷം വീട്ടിൽ എത്തിയ അനി വീണ്ടും 100 രൂപ കുഞ്ഞപ്പനോട് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച കുഞ്ഞപ്പനെ അനി ഉപദ്രവിച്ചു.
സിബിയും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ മർദനം തടയാൻ എത്തിയപ്പോൾ ഇടതു തുടയിൽ അനി കടിച്ചതോടെ സിബി പിൻമാറി അടുത്ത മുറിയിൽ പോയി കിടന്നുറങ്ങി. ബഹളം തുടർന്ന അനി കുഞ്ഞപ്പനെ പിടിച്ചു തള്ളി. ഭിത്തിയിലും തുടർന്ന് കട്ടിലിന്റെ പിടിയിലും തല ഇടിച്ചു വീണ കുഞ്ഞപ്പനെ അനി തറയിൽ ഇട്ടു ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം കുഞ്ഞപ്പനെ കട്ടിലിൽ കിടത്തിയ ശേഷം അനി കിടന്നുറങ്ങിയെന്നും പൊലീസ് പറഞ്ഞു.18ന് രാവിലെ അനിയും സിബിയും വീട്ടിൽ നിന്നു പോയി. ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മുറിക്കുള്ളിൽ കുഞ്ഞപ്പൻ അനക്കമില്ലാതെ കിടക്കുന്നതു കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞപ്പനെ നാലുകോടി സെന്റ് റീത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.19ന് രാവിലെ മൃതദേഹം മോർച്ചറിയിൽ നിന്ന് എടുക്കാൻ എത്തിയ ചിലർ തലയുടെ പിൻവശത്തു രക്തം കട്ടപിടിച്ചു കിടക്കുന്നതു കണ്ട് സംശയം തോന്നി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്വമേധയാ കേസെടുത്ത പൊലീസ് വീട്ടിലെത്തി സംസ്കാരച്ചടങ്ങുകൾ നിർത്തിവയ്ക്കണമെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞപ്പന്റെ ശരീരത്തിൽ 30 മുറിവുകളുള്ളതായാണ് കണ്ടെത്തിയത്. ഇതിൽ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയിൽ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറിൽ ഉൾപ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. രാത്രി 11ന് മുൻപായി മരണം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവശേഷം തറയിൽ ഉണ്ടായിരുന്ന രക്തക്കറ അനി മായ്ക്കാൻ ശ്രമിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇതു കണ്ടെത്തി. ഭിത്തിയിൽ നിന്ന് രക്തക്കറയും മുടിയുടെ അംശവും പരിശോധനയിൽ കണ്ടെത്തി. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ അനി കടിച്ചതായി സിബി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. തൃക്കൊടിത്താനം എസ്ഐ സാബു സണ്ണി, എഎസ്ഐമാരായ ശ്രീകുമാർ, സാബു, ക്ലീറ്റസ്, ഷാജിമോൻ, സിപിഒ ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്.
ഇന്ത്യന്‍ ടീമില്‍ നിറം മങ്ങിയതിനെ തുടര്‍ന്ന് സ്ഥാനം തുലാസ്സിലായ റിഷഭ് പന്ത് പുറത്തേയ്‌ക്കെന്ന് സൂചന നല്‍കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. പന്തിനെ തന്നെയാണ് പ്രധാന വിക്കറ്റ് കീപ്പറായി ഇപ്പോഴും പരിഗണിക്കുന്നത് എന്ന് പറയുന്ന പ്രസാദ് അടുത്ത ഘട്ടത്തില്‍ മലയാളി താരം സഞ്ജു ഉള്‍പ്പെടെയുളള യുവതാരങ്ങളെ ടീമിലെത്തിക്കുമെന്ന് വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പേര് പ്രസാദ് എടുത്ത് പറഞ്ഞത്. പന്തിന്റെ ജോലിഭാരം കുറയ്ക്കാനും പകരക്കാരെ വളര്‍ത്തിയെടുക്കാനും മുന്‍ഗണന നല്‍കുന്നതായും പ്രസാദ് കൂട്ടിചേര്‍ത്തു.
‘ഋഷഭ് പന്തിന്റെ ജോലിഭാരത്തെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോര്‍മാറ്റിലും പന്തിന് പകരക്കാരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കെ.എസ്. ഭരതുണ്ട്. പരിമിത ഓവര്‍ മല്‍സരങ്ങളിലാണെങ്കില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും തുടര്‍ച്ചയായി മികവു കാട്ടുന്നുണ്ട്’ പ്രസാദ് ചൂണ്ടിക്കാട്ടി.
‘ലോക കപ്പിനു ശേഷം ഋഷഭ് പന്തിന്റെ വളര്‍ച്ച സെലക്ഷന്‍ കമ്മിറ്റി നിരന്തരം വിലയിരുത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഞാന്‍ മുമ്പേ പറഞ്ഞതുമാണ്. യുവതാരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭയും കഴിവും പരിഗണിച്ച് കുറച്ചുകൂടി സമയം അനുവദിക്കുകയാണ് വേണ്ടത്’ പ്രസാദ് പറഞ്ഞു.
പ്രസാദിനെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം ഗവാസ്‌കറും രംഗത്തെത്തി. പന്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നു പറഞ്ഞ ഗാവസ്‌കര്‍, പന്തിന് പ്രതീക്ഷ കാക്കാനാകുന്നില്ലെങ്കില്‍ സഞ്ജുവിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റൺ സന്ദർശനം മുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ. പ്രദേശത്തെ കനത്ത മഴക്കെടുതിയാണ് മോദിയുടെ ‘ഹൗഡി മോദി’ എന്ന മെഗാ പരിപാടിയ്ക്ക് ഭീഷണിയായിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ പ്രദേശത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടർന്ന് പെയ്ത പേമാരി ആണ് ഹൂസ്റ്റണിൽ നാശം വിതച്ചത്. ഇത് ടെക്സാസ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഗവർണറെ പ്രേരിപ്പിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനൊപ്പം രാജ്യത്തെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യാനാണ് ഹൗഡി മോദിയിലൂടെ നരേന്ദ്ര മോദി തീരുമാനിച്ചിരുന്നത്. എന്നാൽ ശക്തമായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും പ്രളയവും മൂലം ആളുകൾ പരിപാടിയിലേക്കെത്തുമോ എന്ന ആശങ്കയിലാണ് സംഘാടകർ. പ്രദേശത്തെ വൈദ്യുതി നിലച്ചതും സംഘടകർക്ക് തലവേദനയായിരിക്കുകയാണ്.
തിരുവല്ല : മാക്‌ഫാസ്റ് കോളേജിൽ ത്രിവത്സര എം.സി.എ കോഴ്‌സിന്റ്റെയും ലാറ്ററൽ എൻട്രി കോഴ്‌സിന്റ്റെയും ക്ലാസുകൾ പ്രിൻസിപ്പൽ റവ. ഡോ. ചെറിയാൻ ജെ കോട്ടയിലിന്റെ അദ്ധ്യക്ഷതയിൽ യു. എസ്. ടി ഗ്ലോബൽ പ്രോഡക്ട് മാനേജർ മിസ്റ്റർ. പ്രദീപ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മാക്‌ഫാസ്റ് എം.സി.എ പുതിയ ബാച്ച് യു. എസ്. ടി ഗ്ലോബൽ പ്രോഡക്റ്റ് മാനേജർ പ്രദീപ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ആധുനികയുഗത്തിൽ ഐ ടി മേഖലയിൽ ജോലി നേടിയെടുക്കുവാനുള്ള മാർഗങ്ങളെപ്പറ്റിയും മാറിവരുന്ന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ഐ ടി മേഖലയിൽ സംരംഭങ്ങൾക്കുള്ള പ്രാധാന്യത്തെപറ്റിയും 3 ‘സി’ ക്കുള്ള (കൺസിസ്റ്റൻസി, കോംപറ്റീൻസി, കമ്മ്യൂണിക്കേഷൻ) ആവശ്യകതയെപ്പറ്റിയും അദ്ദേഹം കൂട്ടിച്ചേർത്തു.
യു. എസ്. ടി ഗ്ലോബൽ പ്രോഡക്റ്റ് മാനേജർ പ്രദീപ് ജോസഫ് ഉദ്ഘാടനപ്രസംഗം നിർവഹിക്കുന്നു
ഡോ. എം.എസ്. സാമുവേൽ, ഡയറക്ടർ, എം.സി.എ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ “എ പീപ് ഇന്റു ഫ്രോണ്ടിയേഴ്‌സ് ഓഫ് മോഡേൺ കമ്പ്യൂട്ടർ ടെക്നോളജി” എന്ന പുസ്തകം മിസ്റ്റർ. പ്രദീപ് ജോസഫ് പ്രകാശനം ചെയ്തു. കോട്ടയം ബസേലിയോസ് കോളേജ് ഗണിത വിഭാഗം മേധാവി ഡോ. ആനി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ ബസേലിയോസ് കോളേജുമായി എം.ഓ.യു ഒപ്പുവെച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രൊഫ. വർഗീസ് എബ്രഹാം, പൂർവ്വ വിദ്യാർത്ഥി മിസ്. ബിന്നി സക്കറിയ, മാക്‌ഫാസ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. സനീഷ് വർഗീസ്, എം.സി.എ വകുപ്പ് മേധാവി പ്രൊഫ. റ്റിജി തോമസ് എന്നിവർ പ്രസംഗിച്ചു.
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ആരോപണവിധേയനായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വൈകില്ല. പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്ന ദിവസമായ നാളെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിജിലന്‍സ് അന്വേഷണസംഘം നല്‍കുന്ന സൂചന.
ചോദ്യം ചെയ്യലിനായി ക്രിമിനല്‍ നടപടി ചട്ടം 41 എ പ്രകാരം നോട്ടിസ് നല്‍കി വിളിച്ചുവരുത്തുന്ന ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് ധാരണ. അറസ്റ്റില്‍ മാധ്യമങ്ങളെ അറിയിച്ചുളള നാടകീയത വേണ്ടെന്നും അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴിമതി കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കാകുന്നത്.
മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിര്‍മ്മാണകരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതെന്നാണ് സൂരജ് കോടതിയെയും അന്വേഷണഉദ്യോഗസ്ഥരെയും അറിയിച്ചിരിക്കുന്നത്. ഇക്കാര്യം മാധ്യമങ്ങളോടും സൂരജ് വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്‌തെ മതിയാകൂ. അല്ലാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇക്കാര്യം വിജിലന്‍സ് മേധാവിയെ അറിയിച്ചപ്പോഴും സമാന പ്രതികരണമായിരുന്നു. ഇനി വേണ്ടത് രാഷ്ട്രീയ അനുമതിയാണ്.
പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയോടെ അനുമതി നല്‍കിയതായാണ് സൂചന. ഉചിതമായ സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റിലേക്ക് പോകാമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അറസ്റ്റിനിടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം സൃഷ്ടിച്ച് തിരിച്ചടി ഉണ്ടാക്കരുതെന്നും നിര്‍ദ്ദേശിച്ചുണ്ട്. അഴിമതി നടത്തിയത് എത്ര ഉയര്‍ന്ന വ്യക്തിയാണെങ്കിലും തടസമല്ലെന്നും അന്വേഷണ സംഘത്തിന് ആരും കൂച്ചുവിലങ്ങിട്ടിട്ടില്ലെന്നുമുളള മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണങ്ങള്‍ ഇതിന്റെ സൂചനയാണെന്നും പറയപ്പെടുന്നു.
അറസ്റ്റിന് പര്യാപ്തമായ സാഹചര്യം ഒരുങ്ങിയിട്ടും രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്ന തടസം. പാല ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയുടെ എം.എല്‍.എയും മുന്‍മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉണ്ടായാല്‍ അത് തിരിച്ചടിയാകുമോയെന്ന് ഭരണനേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ് പ്രചാരണം കിഫ്ബിയെ സംബന്ധിച്ച അക്ഷേപങ്ങളിലും ശബരിമല വിഷയത്തിലും കേന്ദ്രീകരിച്ചപ്പോള്‍ ആദ്യം സര്‍ക്കാരിന്റെ വികസനനേട്ടങ്ങളില്‍ മാത്രം ഊന്നിയ ഇടതുമുന്നണി പാലാരിവട്ടം പാലം അഴിമതിയിലേക്ക് പ്രചാരണത്തെ മാറ്റി.
ശബരിമലയില്‍ തെറ്റ് പറ്റിയോ ഇല്ലയോ എന്ന് പാലായുടെ മണ്ണില്‍വെച്ച് തുറന്നുപറയാന്‍ ആവശ്യപ്പെട്ട എ.കെ ആന്റണിയുടെ വെല്ലുവിളിക്കുപോലും മറുപടി കൊടുക്കാതെയാണ് മുഴുവന്‍ശ്രദ്ധയും പാലാരിവട്ടം അഴിമതിയിലേക്ക് മാറ്റി. ഇതിനിടെ ഉണ്ടായ സൂരജിന്റെ വെളിപ്പെടുത്തലും ഹൈകോടതിയുടെ പഞ്ചവടിപ്പാലം പരാമര്‍ശവും ഇടത് പ്രചാരണത്തിന് ബലമേകി. ഇതോടെയാണ് അറസ്റ്റിലേക്ക് പോകാനുളള ആത്മവിശ്വാസം ഭരണനേതൃത്വത്തിനും വന്നത്. സാഹചര്യങ്ങള്‍ ഒരിക്കല്‍ക്കൂടി വിലയിരുത്തിയേ അറസ്റ്റിനുളള അന്തിമതീരുമാനം ഉണ്ടാകുയെന്നും ഭരണതലപ്പത്തുളളവര്‍ പറഞ്ഞു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റണാവത്താണ്. ഇപ്പോള്‍ ജയലളിത ആവാനുള്ള മുന്നൊരുക്കങ്ങളിലാണ് താരം. ഇതിനായി പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്.
ലോസ് ആഞ്ചലസിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് ജയലളിതായാകാനുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച നടക്കുന്നത്.ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുഖവും രൂപവും അടിമുടി മാറ്റുന്ന രീതിയാണ് പ്രോസ്‌തെറ്റിക് മേക്കപ്പ്.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
#KanganaRanaut going through extensive prosthetic measurements at Jason Collins’s Studio in LosAngeles for #Thalaivi.Jason has previously worked for #CaptainMarvel creating prosthesis for @brielarson.Needless to say, Jayalalithaa’s Biopic will definitely be something mind blowing pic.twitter.com/TjUcKBh0oy
— Team Kangana Ranaut (@KanganaTeam) September 20, 2019
ന്യൂഡല്‍ഹി: രാജ്യത്തെ കോര്‍പ്പറേറ്റ് ടാക്സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം.
സെന്‍സെക്സ് 1607 പോയന്റ് ഉയർന്ന് 37,701ലും നിഫ്റ്റി 423 പോയന്റ് ഉയര്‍ന്ന് 11,128ലുമെത്തി. പത്തുവര്‍ഷത്തിനിടയിൽ ഒറ്റ ദിവസംകൊണ്ടുണ്ടാകുന്ന ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്.
വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി. 538 ഓഹരികള്‍മാത്രമാണ് നഷ്ടത്തില്‍.
കൊച്ചി: മരടിലെ ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതു വരെയെടുത്ത നടപടികളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായാല്‍ മാപ്പ് തരണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
അതേസമയം, മരടിലെ ഫ്ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹര്‍ജി ചൊവ്വാഴ്ചയായിരിക്കും പരിഗണിക്കുക.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്. ഫ്ളാറ്റിലെ താമസക്കാരനായ പോള്‍ എം.കെയാണ് കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നായിരുന്നു കോടതിയുടെ താക്കീത്.
അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷേസ് എന്ന കമ്പനി രംഗത്തെത്തിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നും മുപ്പത് കോടി രുപ ചിലവ് വരുമെന്നുമായിരുന്നു ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചത്.മലിനീകരണം ഉണ്ടാവില്ലെന്നും കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലല്ലെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.