Latest News

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് എ, ബി, സി, ഡി -യിലായുള്ള 34 തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നല്‍കുന്നത് ഈ പരീക്ഷയിലൂടെയാണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

യോഗ്യത: ബിരുദം. അസിസ്റ്റന്റ് ഓഡിറ്റര്‍/അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയ്ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/എം.കോം./ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ (ഫിനാന്‍സ്), ബിസിനസ് ഇക്കണോമിക്സിലോ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്.

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് പ്ലസ്ടുവിന് മാത്തമാറ്റിക്സില്‍ 60 ശതമാനം മാര്‍ക്കുണ്ടാവണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുള്ള ബിരുദമായിരിക്കണം. 2018 ഓഗസ്റ്റ് 1-നകം യോഗ്യത നേടിയിരിക്കണം. ഇന്‍സ്പെക്ടര്‍ (സെന്‍ട്രല്‍ എക്സൈസ്/എക്സാമിനര്‍/പ്രിവന്റീവ് ഓഫീസര്‍), സബ് ഇന്‍സ്പെക്ടര്‍ (എന്‍.ഐ.എ.) എന്നീ തസ്തികകള്‍ക്ക് നിര്‍ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.

പരീക്ഷ: നാലു ഘട്ടങ്ങളിലായാണ് പരീക്ഷ. ടയര്‍ ഒന്ന്, രണ്ട് പരീക്ഷകള്‍ ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ടയര്‍ മൂന്ന് വിവരണാത്മക പരീക്ഷയും ടയര്‍ നാല് സ്‌കില്‍ ടെസ്റ്റും (ബാധകമായവയ്ക്ക്) ആയിരിക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: എറണാകുളം (കോഡ്: 9213), കണ്ണൂര്‍ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തിരുവനന്തപുരം (9211), തൃശ്ശൂര്‍ (9212).

അപേക്ഷ: ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒറ്റത്തവണ രജിസ്‌ട്രേഷന് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 25.

അടൂർ: മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അടൂർ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ഏഴംകുളം നെടുമൺ സ്വദേശി ശില്പയുമാണ് ഇന്ന് റവന്യൂ ടവറിനു സമീപം അപകടത്തിൽ പെട്ടത്.

അമിതവേഗതയിലായിരുന്ന ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി തല്‍ക്ഷണം മരിച്ചു. ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്‍പയെയും പുറത്തെടുത്തത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.

ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകിട്ട് മൂന്നര മണിയോടെ അടൂർ റവന്യൂ ടവറിന് സമീപത്താണ് അപകടം ഉണ്ടായത്. ബസ്‌ വടം കെട്ടി മറിച്ചിട്ടാണ് ദമ്പതികളെ പുറത്തെടുത്തത്. ഭാര്യ ശില്‍പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്.

മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യക്ക് പൊലീസ് കേസെടുത്തു. സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്‍കി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്

 

വ്യാജ ചികിത്സകനെന്ന ആരോപണം നേരിടുന്ന മോഹനൻ വൈദ്യർ അറസ്റ്റിൽ. കായംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചികിത്സക്കിടെ കുട്ടി മരിച്ച സംഭവത്തിലാണ് അറസ്റ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.അറസ്റ്റ് നടന്നതായി കായംകുളം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയി. നൂറ് അടിയോളം താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനം 24 മണിക്കൂര്‍ പിന്നിടുകയാണ്.

വെള്ളിയാഴ്ച വൈകിട്ട അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി സ്വദേശിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.

പെട്രോളിയം ഖനനത്തിനുപയോഗിക്കുന്ന കൂറ്റന്‍ റിഗ് ഉപയോഗിച്ചു സമന്തര കിണറര്‍ നിര്‍മ്മിച്ചു കുട്ടിയുടെ അടുത്തെത്താനാണ് ഇപ്പോഴത്തെ നീക്കം. വെള്ളിയാഴ്ച വൈകീട്ടാണ് തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്.

വെള്ളിയാഴ്ച വൈകീട്ടു അഞ്ചുമണിക്കാണ് രണ്ടര വയസുള്ള സുജിത്ത് കുഴല്‍ കിണറില്‍ വീണത്. കൈകള്‍ തലയ്ക്കു മുകളിലേക്കു വച്ചതുപോലെ 28 അടി താഴ്ചയില്‍ കുടിങ്ങികിടന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതല്‍ ആഴങ്ങളിലേക്ക് പതിച്ചു. ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തിയത് പ്രത്യാശയായി. പ്രത്യേക കയര്‍ ഉപയോഗിച്ചും ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപെട്ടു. ഇതോടെയാണ് വന്‍ കിണറുകള്‍ നിര്‍മ്മിച്ചു പരിചയമുള്ള ഒ.എന്‍ .ജി.സിയുടെ സഹായം ജില്ലാ ഭരണകുടം തേടിയത്. നാമക്കലില്‍ ഹൈഡ്രോ കാര്‍ബണ്‍ ഖനനത്തിനായി ഉപയോഗുക്കുന്ന കൂറ്റന്‍ റിഗ് രാത്രി രണ്ടുമണിയോടെ നാട്ടുകാട്ടുപെട്ടിയിലെത്തിച്ചു.

റിഗ് ഉപയോഗിച്ചു കുഴല്‍കിണറിനു സമാന്തമാരമായി മൂന്നാള്‍ക്കു ഇറങ്ങാന്‍ കഴിയുന്ന കുഴിയുണ്ടാക്കുകയാണിപ്പോള്‍. ഇതുവഴി കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം. തൊണ്ണൂറടി താഴ്ചയില്‍ കഴിയുന്ന കുട്ടിക്ക് ശ്വാസമെടുക്കുന്നതിനായി തുടര്‍ച്ചയായി കിണറ്റിലേക്കു ഓക്സിജന്‍ പമ്പ് ചെയ്യുന്നുമുണ്ട്. സുജിത്താനായി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും പ്രത്യേക പ്രാർത്ഥനകളുമായി കഴിച്ചുകൂട്ടുകയാണ് ജനങ്ങള്‍.

രണ്ട് വയസ്സുകാരനെ എത്രയും വേഗം രക്ഷിക്കണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. #SaveSujith എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്.

വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിക്കുള്ള സ്ക്രീനിങ് ടെസ്റ്റ് എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) ഡിസംബർ 20ന്. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) വിഭാഗക്കാരും പരീക്ഷയെഴുതണം. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു മെ‍ഡിക്കൽ ബിരുദം നേടിയവർ എഴുതേണ്ട.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസാണു നടത്തുന്നത്.

അപേക്ഷ: ഒക്ടോബർ 31 വരെ

വെബ്സൈറ്റ്: www.nbe.edu.in

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കോഴിക്കോട്

അപേക്ഷാഫീ: 5500 രൂപ കാർഡ് / നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം.

പരീക്ഷാഫലം: ജനുവരി 20

ഹെൽപ്‌ലൈൻ: 1800 267 4003

ഇ–മെയിൽ : [email protected] / [email protected]

ഡെമോ ടെസ്റ്റ്: ഡിസംബർ ഒന്നിനു സൈറ്റിൽ

ശ്രദ്ധിക്കാൻ:

മുൻപ് ഈ പരീക്ഷയെഴുതി വിജയിക്കാത്തവർ വീണ്ടും അപേക്ഷിക്കുമ്പോൾ, രേഖകളുടെ സ്കാൻ വീണ്ടും നൽകണം. 2019 ജൂണിൽ എഴുതിയവർ അന്നത്തെ റോൾ നമ്പർ സൂചിപ്പിക്കണം.

2019 നവംബർ 30ന് അകം എംബിബിഎസ് / തുല്യയോഗ്യത നേടിയിരിക്കണം. ടെസ്റ്റെഴുതാനുള്ള അർഹത തെളിയിക്കുന്ന നിർദിഷ്ടരേഖകൾ നാഷനൽ ബോർഡിനു നൽകുകയും വേണം. മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസിയോ നിർദിഷ്ട അധികാരിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഒരിക്കലടച്ച ഫീസ് മറ്റൊരു തവണയിലേക്കു മാറ്റിത്തരില്ല.

പരീക്ഷയിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ; 150 മിനിറ്റ് സമയം. ഇങ്ങനെ ഒരേ ദിവസം രണ്ടു സെഷനുകളിലായി ആകെ 300 ചോദ്യങ്ങൾ. തെറ്റിനു മാർക്ക് കുറയ്ക്കില്ല. 50 % എങ്കിലും സ്കോർ നേടണം.

ടെസ്റ്റിന്റെ ഉള്ളടക്കം സോഷ്യൽമീഡിയ ഉൾപ്പെടെ എവിടെയും വെളിപ്പെടുത്തിക്കൂടാ, രക്ഷിതാക്കൾക്കു ഫോൺ വഴി മറുപടി നൽകില്ല തുടങ്ങിയ നിബന്ധനകളുമുണ്ട്.

ഈ പരീക്ഷ ജയിച്ചതുകൊണ്ടു മാത്രം റജിസ്ട്രേഷൻ കിട്ടണമെന്നില്ല. ബന്ധപ്പെട്ട കൗൺസിലിന്റെ മറ്റു നിബന്ധനകളും പാലിക്കണം.

ഡ്രൈവിംഗ് ടെസ്റ്റിന് മാന്യമായ വേഷത്തിൽ എത്താത്തതിനെ തുടർന്ന് യുവതിയെ ആര്‍ടിഒ ഉദ്യോഗസ്ഥൻ തിരികെ അയച്ചു. ചെന്നൈയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. ജീന്‍സും സ്ലീവ് ലെസ് ടോപ്പും ധരിച്ചെത്തിയ ഇവരെ വകുപ്പ് ഉദ്യോഗസ്ഥന്‍ മടക്കി അയച്ചുവെന്നാണ് ആരോപണം. വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് വരൻ പറഞ്ഞായിരുന്നു ആര്‍ടിഒ ഉദ്യോഗസ്ഥൻ യുവതിയെ പറഞ്ഞയച്ചത്.

ഇതൊരു സര്‍ക്കാര്‍ ഓഫീസാണെന്നും ഇവിടെയെത്തുന്ന ആളുകളോട് മാന്യമായി വസ്ത്രം ധരിച്ചെത്താന്‍ പറയുന്നതില്‍ എന്താണ് തെറ്റെന്നുമാണ് ആര്‍ടിഒ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തുന്ന ഒരു സ്ഥലമാണിത് ഇക്കാര്യം എല്ലാവരും മനസില്‍ ഓര്‍ത്തിരിക്കണമെന്നും ഇയാള്‍ വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവര്‍ക്ക് പ്രത്യേക ഡ്രസ്സ് കോഡ് നിര്‍ബന്ധമൊന്നുമില്ലെങ്കിലും ഇവിടെയെത്തുന്ന പുരുഷന്‍മാരും സ്ത്രീകളും മാന്യമായ വേഷം ധരിച്ചെത്തണമെന്നും ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി. ‘ ഇത് സദാചാര പൊലീസിംഗ് ഒന്നുമല്ല.. പുരുഷനായാലും സ്ത്രീ ആയാലും ശരിയായ വേഷം ധരിച്ചെത്തുക എന്നത് പൊതുവായ നിര്‍ദേശമാണ് എന്നായിരുന്നു വാക്കുകള്‍..

സ്‌കാന്‍ഡിനേവിയ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ ശൈത്യകാല ഹോളിഡേ മേക്കര്‍മാരെ നോര്‍വേയുമായും സ്വീഡനിലെ റിസോര്‍ട്ടുകളുമായും ബന്ധിപ്പിക്കുന്ന ഒരു പുതിയ കേന്ദ്രമായി മാറുകയാണ് സ്‌കാന്‍ഡിനേവിയന്‍ പര്‍വ്വത വിമാനത്താവളം. എയര്‍പോട്ടിനകത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഇല്ലാതെ നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന ഖ്യാതിയും ഇതിനുതന്നെയാണ്. പകരം, ഒരു ‘വെര്‍ച്വല്‍’ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റമാണ് ഉണ്ടാവുക.

300 കിലോമീറ്റര്‍ അകലെ സണ്‍ഡ്സ്വാളിലാണ് വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം സജ്ജീകരിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നിലധികം ക്യാമറകളില്‍ നിന്നും, പ്രത്യേക സെന്‍സറുകളില്‍ നിന്നും തത്സമയം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്‌ലൈറ്റുകള്‍ സുരക്ഷിതമായി ഇറക്കുകയും ഉയര്‍ത്തുകയും ചെയ്യുന്നത് ഈ വെര്‍ച്വല്‍ കേന്ദ്രത്തില്‍ നിന്നാണ്.

ഈ സ്‌കാന്‍ഡിനേവിയന്‍ പര്‍വത വിമാനത്താവളം 2019 ഡിസംബര്‍ 22-ന് തുറക്കും. സ്വീഡനിലെ ഏറ്റവും വലിയ സ്‌കീ റിസോര്‍ട്ടായ സെലന്റെ സ്‌കീ റിസോര്‍ട്ടില്‍ നിന്ന് 25 മിനിറ്റും, ട്രൈസിലില്‍ (നോര്‍വേ) നിന്നും 40 മിനിറ്റും ദൂരം മാത്രമാണ് വിമാനത്താവളത്തിലേക്ക് ഉള്ളത്. വടക്കന്‍ സ്വീഡനിലെ അര്‍ണ്‍സ്‌കോള്‍ഡ്സ്വിക് എന്ന ചെറിയ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും അടുത്തുള്ള സണ്‍ഡ്സ്വാള്‍-തിമ്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോള്‍തന്നെ സണ്‍ഡ്സ്വാളില്‍ നിന്നാണ്. ഈ വിമാനത്താവളങ്ങള്‍ ഏകദേശം മൂന്ന് വര്‍ഷം മുന്‍പുതന്നെ ടവറുകള്‍ ഒഴിവാക്കിയിരുന്നു.

തിരക്കുകളില്ലാത്ത ചെറിയ വിമാനത്താവളങ്ങള്‍ നേരത്തെതന്നെ വെര്‍ച്വല്‍’ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നോര്‍വേയില്‍ മാത്രം 15 വിമാനത്താവളങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. യൂറോപ്പിലെയും യുഎസിലെയും ഓസ്ട്രേലിയയിലെയും വിമാനത്താവളങ്ങള്‍ വിദൂര ടവറുകള്‍ പരീക്ഷിക്കുന്നുണ്ട്. ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് ചില പ്രവൃത്തികള്‍ വിമാനത്താവളത്തില്‍ നിന്ന് 80 മൈല്‍ അകലെയുള്ള മറ്റൊരു കേന്ദ്രത്തില്‍ നിന്നാണ് ചെയ്യുന്നത്. നന്നായി പരീക്ഷിച്ചു വിജയിച്ച ഈ സാങ്കേതികവിദ്യ സുരക്ഷിതമാണെന്ന് ഏവിയേഷന്‍ വിദഗ്ധര്‍ പറയുന്നു. ലോകത്തെവിടെ നിന്നും വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാം എന്നതാണ് അതിന്റെ ഏറ്റവുംവലിയ പ്രത്യേകത.

കൂട്ടുകാരുടെ വാക്കുകള്‍ കേള്‍ക്കാതെ നടുകടലില്‍ എടുത്തുചാടുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ ഇപ്പം ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടികൊണ്ടരിക്കുകയാണ്. ‘നിങ്ങള്‍ ഇത് ചെയ്യരുത് എന്ന് പറഞ്ഞു.. ചാടരുത് എന്ന്, അതാണ് ഞാന്‍ പിന്നെയും പിന്നെയും ചെയ്തത്!’ എന്ന അടിക്കുറിപ്പോടെ ദുല്‍ഖര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പ് ട്രിപ്പിലാണ് താരം. മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് ദുല്‍ഖറിന്റെ സാഹസികത. കിഴക്കന്‍ സ്‌പെയിനിലെ ദ്വീപ് സമൂഹമായ ബാലേറിക് ഐലന്‍ഡിലാണ് അവധിക്കാലം ചിലവഴിക്കാന്‍ ദുല്‍ഖറും കൂട്ടരും എത്തിയിരിക്കുന്നത്.

 

2019 ആഗസ്റ്റ് 15. ആ സ്വാതന്ത്ര്യദിനം വെങ്കിടേഷിന് മറക്കാനാവില്ല. ലോകം മുഴുവന്‍ 12കാരനായ ഒരു ബാലന് നന്മ ചൊരിഞ്ഞ ദിവസം. പ്രളയം പൊട്ടിവീണ് നാട്ടുകാരായ നൂറുകണക്കിന് പേരെ കവര്‍ന്നെടുത്തിട്ടും കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകേ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആംബുലന്‍സിന് വഴികാണിക്കാന്‍ ജീവന്‍ പണയംവെച്ച് ഓടാന്‍ തോന്നിയ ദിവസം. ആറ് കുട്ടികളുടെ ജീവനും ഒരു മൃതദേഹവും വഹിച്ചുവരുന്നതായിരുന്നു ആംബുലന്‍സ്. ആ ആറുപേരേയും ജീവിതത്തിലേക്ക് നടത്താന്‍ കഴിഞ്ഞു അവന്റെ ഓട്ടത്തിന്. എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ച് ചെയ്തതല്ല അന്നവന്‍. പക്ഷെ മണിക്കൂറുുകള്‍ക്കകം ലോകം മുഴുവന്‍ വെങ്കിടേഷിന് മുകളിലേക്ക് നന്മ ചൊരിഞ്ഞു. ഇപ്പഴിതാ ഇങ്ങ് ദൂരെയുള്ളൊരു മലയാള ഗ്രാമം അവന്റെ വീടെന്ന സ്വപ്‌നവും സാക്ഷാത്കരിക്കുന്നു. സ്വപ്‌നത്തില്‍പോലും ആഗ്രഹിക്കാതിരുന്ന വീടിന് സ്ഥലം എസ്‌ഐ തറക്കല്ലിടുമ്പോള്‍, കൂടെനിന്ന് ഭാഷയറിയാത്ത കുറേ സഹോദരങ്ങള്‍ കൈയ്യടിക്കുമ്പോള്‍ ആരോട് നന്ദി ചൊല്ലണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അവന്‍. വീടിന് തറക്കല്ലിട്ട എസ്‌ഐ മുതല്‍ കേരളത്തില്‍ നിന്ന് വീടുപണിയിച്ച് നല്‍കാനെത്തിയ മലയാളി സംഘത്തോടും ആ ബാലന്‍ കൈകൂപ്പി നിന്ന് കണ്ണീരോടെ നന്ദി തൂകി. കോഴിക്കോട് കുറ്റ്യാടി എംഐയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റി, കോഴിക്കോട് ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, ഫോക്കസ് ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് വെങ്കിടേഷനായി വീടു നിര്‍മിക്കുന്നത്. രണ്ടുമാസം കൊണ്ട് വീടുപണി തീരും.

കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ ഹിരാറായികുംപെയിലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ വെങ്കിടേഷ് പിതാവ് ദേവേന്ദ്രപ്പയ്ക്കും അമ്മ ദേവമ്മാളിനും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നത്. പേരിനൊരു വീടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ പാകത്തില്‍. അതും വെങ്കിടേഷിന്റെ മുത്തശ്ശന്‍റേത്. അതിന് അവകാശികള്‍ നാല്. എപ്പഴും ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ. അതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഗ്രാമത്തെ പ്രളയം വന്നുമൂടിയത്. കൃഷ്ണ നദിയുടെ കൈവഴിയൊഴുകുന്നത് വെങ്കിടേഷിന്റെ വീടിനടുത്തുകൂടെ. ചുറ്റുമുള്ള പാടമെല്ലാം പ്രളയം കയറി മുങ്ങി. കുറുകേയുള്ള പാലം കാണാനില്ല. അവിടേക്കാണ് രക്ഷാ ദൗത്യവുമായുള്ള ആംബുലന്‍സ് കുതിച്ചവന്നത്. പകുതിയോളം വെള്ളത്തില്‍ മുങ്ങിയ ആംബുലന്‍സില്‍ നിന്നും ഡ്രൈവർ വിളിച്ച് കൂവുന്നുണ്ടായിരുന്നു. കേട്ടപാടെ സമീപത്ത് കളിക്കുകയായിരുന്ന വെങ്കിടേഷ് മുന്നുംപിന്നും നോക്കാതെ പാലത്തിലൂടെ ആംബുലന്‍സിനടുത്തേക്ക് കുതിച്ചു. അവിടുന്ന് തിരിച്ച് ആംബുലന്‍സിനുള്ള വഴികാട്ടിയായി പാലത്തിന് നടുവിലൂടെ തിരിച്ചോടി. പിറകെ ആംബുലന്‍സ്. ആ വീഡിയോ കണ്ട ആര്‍ക്കും മനസിലാകും അരയോളം വെള്ളത്തിലാണ് വെങ്കിടേഷ് എന്ന്. ഓട്ടത്തിനിടെ പലവുരും അവന്‍ വീഴുന്നതും കാണം. എന്നിട്ടും ആറ് ജീവനുകളും കൊണ്ട് കുതിച്ച ആംബുലന്‍സിനെ അവന്‍ കൃത്യമായി പുഴകടത്തിയെടുത്തു. ഇതിലും വലിയൊരു രക്ഷാപ്രവര്‍ത്തനം വേറെ എന്തുണ്ട്. സോഷ്യല്‍ മീഡിയയാണ് വെങ്കിടേഷിന്റെ അതി സാഹസികത ആദ്യം വാര്‍ത്തയാക്കിയത്. പിന്നീട് വിദേശ മാധ്യമങ്ങളടക്കം ആ ബാലന്റെ ധീരകൃത്യം വാഴ്ത്തി. അങ്ങിനെ രണ്ടാഴ്ച മുമ്പ് കോഴിക്കോട് അവന് സ്വീകരണമൊരുങ്ങി. ജില്ലാ കലക്റ്റര്‍ അവന് ഉപഹാരം നല്‍കി. കോഴിക്കോട് അവനെ സ്‌നേഹം കൊണ്ടു മൂടി. അവിടുന്നാണ് അവനുള്ള വീടിനുള്ള പ്രഖ്യാപനം ഉണ്ടായത്. ഒക്ടാബര്‍ 20ാം തീയതിയാണ് കോഴിക്കോട് നിന്നുള്ള എട്ടംഗസംഘം അവന് വീടുവെക്കാനുള്ള ദൗത്യവുമായി ആ കൊച്ചുഗ്രാമത്തിലെത്തിയത്.

അവര്‍ നേരിട്ടകടമ്പകള്‍ ഏറെയായിരുന്നു. സംഘത്തിലുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി.ശക്കീറിന്റെ വാക്കുകളിലേക്ക്.’ആ വലിയ ദൗത്യത്തിന് ഞങ്ങള്‍ കുറ്റിയടിച്ചു. പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ വെങ്കിടേഷിന് വീടുവെക്കാനുള്ള കര്‍മത്തിന്. 1200ഓളം കിലോമീറ്ററുകള്‍ താണ്ടി ഇങ്ങ് റായ്ചൂരിലെ ഹിരാറായികുംബെ ഗ്രാമത്തില്‍ സ്ഥലം എസ്‌ഐ സാദിഖ് പാഷ കല്ലിട്ടപ്പോള്‍ വെങ്കിടേഷിനും പിതാവ് ദേവേന്ദ്രപ്പയ്ക്കും അമ്മ ദേവമ്മാളിനുമൊപ്പം ഒരു ഗ്രാമമൊന്നാകെ ആഹ്ളാദത്താല്‍ ഹര്‍ഷാരവം മുഴക്കി.

ഞായറാഴ്ച തന്നെ ഞങ്ങള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രതിബന്ധങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ഒരു ബാഗ് നിറയെ പണവുമായി കുറെ ആള്‍ക്കാര്‍ വന്നിരിക്കുന്നു എന്നാണ് കുറച്ചു പേരെങ്കിലും കരുതിയത്. അതുകൊണ്ട് ഒരു 500 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ എസ്റ്റിമേറ്റ് ചോദിച്ചപ്പോള്‍ നാട്ടുകാരായ മേസ്തിരിമാരില്‍ ചിലര്‍ ഞങ്ങള്‍ക്ക് തന്നത് 17 ലക്ഷം രൂപയുടെ കണക്കാണ്. അതോടെ അവരെ വിട്ട് അടുത്ത ടീമിനെ തപ്പി. അവര്‍ക്കും വര്‍ക്കുകളെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെയും വിട്ടു. അവരുടെ ഭാഷ നമുക്കറിയാത്തതും നമുക്കറിയാവുന്ന ഭാഷകള്‍ അവര്‍ക്കറിയാത്തത്തും പലപ്പോഴും പ്രതിബന്ധങ്ങളായി. ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ പോലും ചെളിയും മുള്ളും നിറഞ്ഞ പുഴയും തോടുമൊക്കെ ആശ്രയിക്കേണ്ടി വന്നത് പ്രയാസമുണ്ടാക്കി. കാര്യമായൊന്നും മുന്നോട്ടു നീങ്ങാതെ ഒന്നാമത്തെ ദിവസത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഗുഭ്ഭര്‍ എന്ന സമീപത്തെ ചെറിയ അങ്ങാടിയിലെ ലോഡ്ജിലേക്കു ഞങ്ങള്‍ മടങ്ങി. കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടാവാത്തതും യാത്രാക്ഷീണവും പലരിലും ചെറിയ തോതിലെങ്കിലും നിരാശയുളവാക്കി. പക്ഷെ, രാത്രി ഒരുമിച്ചിരുന്ന് ഞങ്ങള്‍ അടുത്ത ദിവസത്തേക്കുള്ള പ്ലാന്‍ തയ്യാറാക്കി.

പിറ്റേദിവസം പുലര്‍ച്ചെ സുബഹ് നമസ്‌കാരത്തിന് സമീപത്തെ പള്ളിയിലെത്തി. അവിടെവെച്ച് കുറച്ച് നാട്ടുകാരെ കിട്ടി. വിഷയം പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാം ആവേശമായി. അവരില്‍ ഒരാള്‍ നാട്ടിലെ പ്രധാന കച്ചവടക്കാരനായിരുന്നു. അയാള്‍ രാവിലെ ഷോപ്പില്‍ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ വണ്ടി വിട്ടുതന്നു. അതുമായി ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോയി. അവരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം. വെങ്കിടേഷിന്റെ നാട്ടിലെ പ്രധാനിയായ മക്തൂം നായിക്കിനെ വിളിച്ചു. ഞങ്ങള്‍ നേരെ മക്തൂമിന്റെ വീട്ടിലേക്ക്. ഒരുപാട് പാടവും തൊഴിലാളികളും ട്രാക്റ്ററുമൊക്കെയുള്ള പക്വമതിയായ ഒരു മനുഷ്യനായിരുന്നു മക്തൂം.

അദ്ദേഹം കാര്യങ്ങള്‍ പെട്ടെന്ന് നീക്കി. കോണ്‍ട്രാക്റ്ററെ എത്തിച്ചു. സാധനങ്ങളുടെ വില അന്വേഷിച്ചു. സഹായികളെ ഏര്‍പ്പാടാക്കി. ഭക്ഷണമൊരുക്കി. ഉച്ചകഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തെളിഞ്ഞുവന്നു. വൈകിട്ടാവുമ്പോഴേക്ക് കുറ്റിയടിക്കാനുള്ള തയ്യാറെടുപ്പുകളായി. എസ് ഐ മുഹമ്മദ് പാഷയും മക്തൂമും വെങ്കിടേഷിന്റെ അധ്യാപകരും നാട്ടുകാരുമെല്ലാം സ്ഥലത്തേക്കെത്തി. ആഘോഷപൂര്‍വം കുറ്റിയടിച്ചു. നാളെ രാവിലെത്തന്നെ പണി തുടങ്ങും. രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ആഗ്രഹം. വെങ്കിടേഷിനുള്ള സ്‌നേഹവീട്. നിര്‍മാണ പ്രവൃത്തികള്‍ കോഴിക്കോട് നിന്ന് പരിശോധിക്കും അവശ്യത്തിനുള്ള പണം അപ്പപ്പോള്‍ മക്തൂമിന്റെ ഏക്കൗണ്ടിലേക്ക് നല്‍കും…അങ്ങനെയാണ് പ്രവൃത്തികള്‍ ക്രോഡീകരിച്ചിരിക്കുന്നത്..’

കേരളം പ്രളയത്തില്‍ രണ്ടുതവണ മുങ്ങിയപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് സ്‌നേഹസഹായങ്ങളെത്തിയത്. പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളില്‍ ലോകം വാഴ്ത്തിയ നന്മയുടെ ചിലമരങ്ങള്‍ നമുക്കുമുണ്ടായിരുന്നു. എല്ലാ നഷ്ടപ്പെട്ട് ജീവനുംകൊണ്ട് ഓടുന്നവരെ സുരക്ഷിതമായി വള്ളത്തിലേക്ക് കയറ്റാന്‍ സ്വന്തം മുതുക് കാണിച്ചുകൊടുത്ത ജെയ്‌സല്‍, ക്യാമ്പുകള്‍ക്ക് ആസ്വാസം പകരാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തന്റെ കടയിലുള്ളതെല്ലാം വാരിനല്‍കിയ നൗഷാദ്…ആ കൂട്ടത്തിലേക്ക് ഇപ്പോ നമ്മുടെ കൊച്ചനിയന്‍ വെങ്കിടേഷും.

തന്റെ നഗ്‌ന ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഡെയ്ലി മെയിലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ലോസ് ഏഞ്ചല്‍സ് നിന്നുള്ള ഡെമോക്രാറ്റിക് എം.പിയായ കാറ്റി ഹില്ലാണ് പരാതിക്കാരി. പത്രം അവരുടെ ഓണ്‍ലൈനിലാണ് വിവാദ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചത്. ‘എത്രയും പെട്ടെന്ന് ആ ഫോട്ടോകളെല്ലാം നീക്കം ചെയ്യണമെന്ന് ഹില്ലിന്റെ അഭിഭാഷകര്‍ പത്രത്തിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഹില്ലിന്റെ ശരീരത്തില്‍ നാസികളുടെതിനു സമാനമായ ചിഹ്നം പച്ചകുത്തിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് നിഷേധിച്ച ഹില്‍ പത്രത്തിനെതിരെ അപകീര്‍ത്തി കേസും ഫയല്‍ ചെയ്തിട്ടുണ്ട്. സഭയിലെ ഒരു സ്റ്റാഫുമായി വഴിവിട്ട ബന്ധമാരോപിക്കപ്പെടുന്ന 32 കാരിയായ ഹില്ലിനെതിരെ സഭാ ചട്ടങ്ങള്‍ ലഘിച്ചുവെന്ന് കാണിച്ച് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്.

ഒരു സ്റ്റാഫറുമായി തനിക്ക് ‘അനുചിതമായ’ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ഹില്‍ ‘കീഴുദ്യോഗസ്ഥയുമായുള്ള ബന്ധം അനുചിതമാണെന്ന് എനിക്കറിയാം എന്നാലും അത് തുടരാന്‍ തന്നെയാണ് തീരുമാനം’ എന്നാണ് പ്രതികരിച്ചത്. ‘അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവള്‍ക്ക് ഏറ്റവും നല്ലതുവരണം എന്നല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ വിഷമഘട്ടത്തില്‍ എല്ലാവരും അവളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഹില്‍ വ്യക്തമാക്കി.

യുഎസിലെ കണ്‍സര്‍വേറ്റീവ് മാധ്യമങ്ങള്‍ ഈ കഥ സന്തോഷപൂര്‍വ്വം ആഘോഷിച്ചു. തീവ്ര വലതുപക്ഷ വെബ്സൈറ്റായ റെഡ്‌സ്റ്റേറ്റിലാണ് ആദ്യമായി അവരുടെ നഗ്‌ന ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നത്. ഹില്ലിന്റെ വിവാഹ മോചന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് ഫോട്ടോകള്‍ ചോര്‍ന്നത് എന്നത് വെറും യാദൃശ്ചികതയല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

റിപ്പബ്ലിക്കന്‍മാര്‍ 20 വര്‍ഷത്തിലേറെയായി കയ്യടക്കിവെച്ചിരുന്ന കാലിഫോര്‍ണിയയിലെ 25-ാമത്തെ കോണ്‍ഗ്രസ് ജില്ലയില്‍നിന്നും 2018-ല്‍ ഹില്‍ അട്ടിമറി വിജയം നേടുകയായിരുന്നു. ‘പീഡനം മാത്രം സമ്മാനിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ് ഞാന്‍. എതിരാളികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്റെ സ്വകാര്യതപോലും ഉപയോഗിക്കുന്നു. കരുതിക്കൂട്ടിയുള്ള ഈ കൂട്ടമായുള്ള ആക്രമണം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. അത് തല്‍ക്കാലം വിജയിക്കാന്‍ പോകില്ല’ ഹില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved