Latest News

തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസ് ആസൂത്രിതകൊലപാതകമെന്ന് പൊലീസ് കുറ്റപത്രം. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാഖിയുടെ സുഹൃത്തും സൈനികനുമായ അഖില്‍, സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ജൂണ്‍ ഇരുപത്തിയൊന്നിനാണ് രാഖിയെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല, ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതാണ് കുറ്റപത്രം. രാഖിയും അഖിലും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രാഖി ഈ ബന്ധം എതിര്‍ത്തതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ജൂണ്‍ 21ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി.

അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാനെന്ന പേരിലാണ് അമ്പൂരിയിലേക്ക് യാത്ര തുടങ്ങിയത്. അമ്പൂരിയില്‍ ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ രാഹുലിന്റെയും ആദര്‍ശിന്റെയും സഹായത്തോടെ കാറിന്റെ സീറ്റിനോട് ചേര്‍ത്ത് രാഖിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. മൃതദേഹം മറവ് ചെയ്യാനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാനുമായി മൂന്ന് ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.

പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡഢാലോചന, ബലാല്‍സംഗം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിയാണ് പൂവാര്‍ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 115 സാക്ഷിമൊഴികളും പ്രതികള്‍ക്കെതിരെയുണ്ട്. മുഖ്യപ്രതികളായ അഖിലിന്റെയും രാഹൂലിന്റെയും അച്ഛന് കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് ബോധ്യപ്പെട്ടതോടെ പിതാവിനെ കേസില്‍ നിന്ന് ഒഴിവാക്കി. കേസിന്റെ വിചരണ ഉടന്‍ ആരംഭിക്കും.

ഗായകന്‍ ഡോ. കെ.ജെ യേശുദാസിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആദരം. ബ്രിട്ടനില്‍ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യു.കെയിലെ ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.

ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേ, ബ്രിട്ടീഷ് പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടര്‍ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടനിലെ പ്രമുഖരായ മലയാളികളും പങ്കെടുത്തു. യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിജയ് യേശുദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പരിപാടിയില്‍ യുകെ ഇവന്റ് ലൈഫ് ഡയറക്ടര്‍മാരായ ഫിലിപ്പ് എബ്രഹാം, നോര്‍ഡി ജേക്കബ്, സുദേവ് കുന്നത്, യു കെ ഇന്ത്യ ബിസിനസ് ഫോറം ഡയറക്ടര്‍ പയസ് കുന്നശ്ശേരി, കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരും പങ്കെടുത്തു.

ആഗോള വിശപ്പ് സൂചികയില്‍ മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിലും ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. യൂനിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വയസിന് താഴെ പ്രായം വരുന്ന 8,82,000 കുട്ടികളാണ് 2018 ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത്. പോഷകാഹാരക്കുറവ്, വിളര്‍ച്ച മറ്റ് രോഗങ്ങള്‍ മൂലമെല്ലാം മരണപ്പെട്ട കുഞ്ഞുങ്ങളുടെ കണക്കാണിത്.

നൈജീരിയ പോലും പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാമതായത്. 8,66,000 ശിശുമരണമാണ് നൈജീരിയയില്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനില്‍ 4,09,000 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ശരാശരി മരണനിരക്കെടുക്കുമ്പോള്‍ ഇന്ത്യ മുന്നിലെത്തുന്നില്ല. എന്നാല്‍ ജനസംഖ്യ കൂടുതലായതിനാല്‍ അതിനനുസരിച്ച് കുട്ടികളുടെ മരണനിരക്കിലും വ്യത്യാസം വരികയാണ്. ഇതാണ് ഇന്ത്യയെ ഈ പട്ടികയില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ കൂടി, ഇത് രാജ്യത്തിന് അപമാനമാണെന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്.

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മുന്നിലെത്തിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്ത് വലിയൊരു വിഭാഗം ജനത പട്ടിണിയിലാണെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ആകെയുള്ള 117 രാജ്യങ്ങളില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയെത്തിയത് 102ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിങ്ങനെയുള്ള അയല്‍രാജ്യങ്ങളെയെല്ലാം പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ തോല്‍പിച്ചു. രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്ഥിതിയെന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ കണക്കുകള്‍. ഇതിന് പിന്നാലെയാണ് യുനിസെഫിന്റെ പുതിയ റിപ്പോര്‍ട്ട് വന്നത്.

ഡല്‍ഹി-കാബൂള്‍ സ്‌പൈസ് ജെറ്റ് വിമാനത്തെ പാക് യുദ്ധവിമാനങ്ങള്‍ ആകാശത്ത് തടഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. സെപ്റ്റംബര്‍ 23ന് നടന്ന സംഭവമാണ് മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 120 യാത്രക്കാരുമായി പോയ വിമാനത്തെ പാക് വ്യോമപാതയില്‍ പ്രവേശിച്ചയുടനെ തടയുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ പാക് യുദ്ധവിമാനങ്ങള്‍ സ്‌പൈസ് ജെറ്റ് വിമാനം തടയുകയും താഴ്ന്ന് പറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചരക്കുകളുമായി പോയ വിമാനമാണെന്ന ധാരണയിലായിരുന്നു പാക് വ്യോമസേന സ്‌പൈസ് ജെറ്റ് വിമാനം തടഞ്ഞത്. തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പൈലറ്റുമാര്‍ പാക് പൈലറ്റുമാരുമായി ആശയവിനിമയം നടത്തിയാണ് ആശയക്കുഴപ്പം നീക്കിയത്. അഫ്ഗാനിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വരെ സ്‌പൈസ് ജെറ്റ് വിമാനത്തിനൊപ്പം പാക് യുദ്ധവിമാനങ്ങളുമുണ്ടായിരുന്നുവെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് മടങ്ങിയപ്പോള്‍ മുഖത്തുണ്ടായിരുന്ന തുണി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷാജു ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്.

ജോളിയെ റവന്യൂ ഉദ്യോഗസ്ഥർ സഹായിച്ചെന്ന് സൂചന. വ്യാജ ഒസ്യത്ത് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കാനും ടോം തോമസിന്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്താനും ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ഈ കാര്യങ്ങൾ ഉറപ്പിക്കാൻ രേഖകളുടെ പരിശോധന ഒരിക്കൽ കൂടി നടത്തും.

തഹസിൽദാർ ജയശ്രീ എസ്.വാരിയരെയും കാസർകോട് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ കിഷോർഖാനെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡ‍പ്യൂട്ടി കലക്ടർ സി.ബിജു ഒന്നിച്ചിരുത്തി മൊഴിയെടുത്തു. ജയശ്രീ നേരത്തെ താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാരും കിഷോർ ഖാൻ കൂടത്തായി വില്ലേജ് ഓഫിസറുമായിരുന്നു. ഇരുവരുടയും മുൻ മൊഴികളിൽ ചില പൊരുത്തക്കേടുകൾ വന്ന സാഹചര്യത്തിലാണു ഒരുമിച്ചിരുത്തി മൊഴിയെടുത്തത്.

ക്രമക്കേടുകളുടെ ഉത്തരവാദി ആര് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കിഷോർഖാന്റെ മൊഴിയിൽ ജയശ്രീക്കെതിരെ ആരോപണങ്ങൾ ഉണ്ടായതായാണ് സൂചന. കലക്ടർ സാംബശിവ റാവുവും ജയശ്രീയെയും കിഷോർഖാനെയും കണ്ടിരുന്നു. മുൻ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഒ.സി.ലാലു, സെക്​ഷൻ ക്ലർക്ക് ഷറഫുദ്ദീൻ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.

14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.

പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല.

പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

എൻഐടി അധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായി പൊലീസിനു സംശയമുണ്ട്.. അറസ്റ്റു ചെയ്യുന്നതിനു മുൻപേ പൊന്നാമറ്റം വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ചില സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

പിണറായിയിലെ കൂട്ടക്കൊലപാതകക്കേസിന്റെ വാർത്തകൾ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയതെന്ന് കൂടത്തായി കൊലക്കേസിലെ പരാതിക്കാരനായ റോജോ തോമസ്. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം സഹോദരി രഞ്ജിയുമായി ചർച്ച ചെയ്യുകയും പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും റോജോ പറഞ്ഞു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതകളുണ്ട്. ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പടാനുള്ള സാധ്യതയുണ്ടായിരുന്നു. ദൈവകൃപയാലാണു താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടതെന്നും റോജോ പറഞ്ഞു. റോജോയുടെയും സഹോദരി രഞ്ജിയുടെയും രണ്ടു ദിവസത്തെ മൊഴിയെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ അവസാനിച്ചത് രാത്രി 9.30ന്. ആദ്യദിവസവും പത്തരമണിക്കൂറോളം നീണ്ടിരുന്നു.

ഓരോ മരണവും നടന്ന സാഹചര്യങ്ങൾ അന്വേഷണസംഘത്തിന് മുൻപിൽ ഇരുവരും വിവരിച്ചു. താൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം വിവരിച്ചെന്നും രേഖകൾ കൈമാറിയെന്നും റോജോ പറഞ്ഞു. റോയ് –ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾ‍ഡ് എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജോളിയും മക്കളും തമ്മിൽ കാണാതിരിക്കാൻ പൊലീസ് ഇന്നലെയും മുൻകരുതലെടുത്തു. മൊഴിയെടുക്കൽ നടന്ന വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഇന്നലെ ജോളിയെ കൊണ്ടുവന്നില്ല.

ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച ചെയ്തു പരിഹരിക്കുമെന്നു സെക്രട്ടറി ഇടവേള ബാബു. രണ്ടുപേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. സിനിമയിലെ പുതിയ തലമുറയ്ക്ക്‌ പൊതുവെ പക്വത കുറവാണെന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്നും ഇടവേള ബാബു ദുബായിൽ പറഞ്ഞു.

താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയിനും സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ജോബിയും ആരോപിച്ചു. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍‌ തലമുടിയില്‍വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്‍റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനുപിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു.

ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്‍്‍ന്‍ നിഗം ലംഘിച്ചുവെന്നും തന്‍റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലംപറഞ്ഞശേഷം 40 ലക്ഷംരൂപ ഷെയിന്‍ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നത് മറ്റ് പലതുമാണ്. ഇപ്പോള്‍ താനത് പുറത്തുപറയുന്നില്ല. ഷെയിന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ജോബി കൊച്ചിയില്‍ പറഞ്ഞു.

‘ടാര്‍സന്‍’ സിനിമയിലെ നായകന്‍ റോണ്‍ എലീയുടെ മകൻ അമ്മയെ വെടിവെച്ചു കൊന്നു. പൊലീസുമായി നടന്ന ഏറ്റുമുട്ടിലിൽ മകനെയും പൊലീസ് വെടിവെച്ചു കൊന്നു. ലോകപ്രശ്സ്ത സിനിമയായ ടാർസൻ എന്ന സിനിമയിലൂടെ പ്രസിദ്ധനാണ് റോണ്‍ എലീയുടെ ഭാര്യ വലേറി ലന്‍ഡീനാണ് (62) മകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ മകന്‍ കാമറണിനെ (30) പിടിക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഇയാൾ പൊലീസുകാരെ വെടിവെച്ചത്.

ഇതോടെ പൊലീസും തിരികെ വെടിവെച്ചു. ഏറ്റുമുട്ടലിൽ കാമറൺ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.
റോണ്‍ ഏലി-വലേറി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ മകനാണ് കാമറണ്‍. 1960കളില്‍ പുറത്തിറങ്ങിയ ടാര്‍സന്‍ ടിവി പരമ്പരകളിലൂടെയാണ് റോണ്‍ ഏലി പ്രശസ്തിയിലേക്കുയരുന്നത്. റോണ്‍ ഏലിയാണ് ടാര്‍സനായി വേഷമിട്ടത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് യുകെയിലെ ബിസിനസ് രംഗത്ത് സജീവമായിരുന്ന നിർമാതാവ് ജോബി ജോർജ് ഇന്ന് തന്റെ ഭാഗം ന്യായികരിച്ചുകൊണ്ട് രംഗത്ത് വന്നു . 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്‍ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു.

‘മൂന്ന് വർഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയിൽ സിനിമയ്ക്കു വേണ്ടി ഇപ്പോൾ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോൺ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയിൽ ഇനി ചിത്രം മുന്നോട്ടുപോയാൽ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതൽ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്. സിനിമ തുടങ്ങുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോൾ കൈപ്പറ്റി കഴിഞ്ഞു. പക്ഷേ പടം പൂർത്തിയാക്കി തന്നിട്ടില്ല. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നായകനെ അറിയിച്ചിരുന്നു.’–ജോബി പറഞ്ഞു.

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിന്‍ നിഗം ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഷെയ്‌നിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി മുടിെവട്ടി എന്നതാണ് താൻ ചെയ്ത കുറ്റമെന്ന് ഷെയ്ൻ ആരോപിക്കുന്നു.

നിർമാതാവിനെതിരെ ഷെയ്ൻ ‘അമ്മ’യ്ക്കു നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:

ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ഗുഡ്‌വില്ലിന്റെ ബാനറിൽ നിർമിക്കുന്ന ‘വെയിലും’ വർണചിത്രയുടെ ബാനറിലെ ‘ഖുർബാനി’യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനിയിൽ അഭിനയിക്കുമ്പോൾ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു.

അതിൽ മുടിയുടെ പുറകു വശം കുറച്ചു കൂടുതൽ വെട്ടിപ്പോയി. അതു മനഃപൂർവമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുകയായിരുന്നു.

മുടി വെട്ടി കാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്ത ഫോട്ടോ വാട്സാപ്പിൽ അപ്‌ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോർജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു. ഇതിനർഥം ജോബി ജോർജ് തന്നെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. അതിനാൽ തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഇത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ പറയുന്നു.

തെളിവായി വോയിസ് മെസേജും ഫോട്ടോകളും ‘അമ്മ’ ഭാരവാഹിയായ ഇടവേള ബാബുവിനു കൈമാറിയിട്ടുണ്ട്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും പരാതിയിൽ ഷെയ്ൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം∙ മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മന്ത്രി കെ.ടി.ജലീല്‍. തനിക്കെതിരെ ഇല്ലാത്ത ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവ് 2017 ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ ഫലവും അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ തയാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

കേരളത്തിലെ ഒരു നേതാവിന്റെ മകന് സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്കാണ് ലഭിച്ചത്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചു. ഇതിൽ ചില അപാകതകളുണ്ട്.പരിശോധിക്കണം. മാർക്ക് ലഭിക്കാൻ ഡൽഹിയിൽപോയി ലോബിയിങ് നടത്തിയ പ്രതിപക്ഷ നേതാവ് എല്ലാവരും അങ്ങിനെ ആണെന്നു കരുതിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.–മന്ത്രി ആരോപിച്ചു.

മാര്‍ക്ക് ദാനം എന്ന് ചെന്നിത്തല പറയുന്നത് മോഡറേഷനെയാണ്. ഇത് വേണ്ടെങ്കിൽ പറയണം.എംജി സര്‍വകലാശാല അദാലത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തെന്നത് നേരത്തേതന്നെ സമ്മതിച്ചകാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved