Latest News

“പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ചന്ദനയുടെയും പ്രജിന്റേയും വിവാഹം ഉറപ്പിച്ചത്. നിര്‍ബന്ധമായും മതം മാറണമെന്നതടക്കമുള്ള അവരുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ സമ്മതിച്ചിരുന്നു. മകളുടെ സന്തോഷം മാത്രമായിരുന്നു നോക്കിയത്. എന്നാല്‍ സ്ത്രീധനമായി അവര്‍ ആവശ്യപ്പെട്ട തുകയോ സ്വര്‍ണമോ ഞങ്ങളെക്കൊണ്ട് നല്‍കാന്‍ കഴിയുന്നതായിരുന്നില്ല. അതോടെ അവര്‍ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു. അതിലെ മനോവിഷമം മൂലമാണ് അവള്‍ ഈ കടുംകൈ ചെയ്തത്..”- സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചി പനങ്ങാട് ആത്മഹത്യ ചെയ്ത ചന്ദനയുടെ അമ്മ പ്രീതി പറയുന്നു.

സെപ്തംബര്‍ അഞ്ചിനായിരുന്നു നിയമവിദ്യാര്‍ഥിയായ ചന്ദന വിനോദിനെ (24) വീട്ടിലെ കിടപ്പുമുറിയിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ വിനോദിന്റെയും വിദേശത്ത് ജോലി ചെയ്തിരുന്ന പ്രീതിയുടേയും മകളാണ് ചന്ദന. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ചന്ദനയുടെയും പ്രജിന്റെയും വിവാഹം ഉറപ്പിച്ചത്.

ഇരു മതത്തില്‍ പെട്ടവരായിരുന്നിട്ടും മകളുടെ ആഗ്രഹത്തിന് ചന്ദനയുടെ വീട്ടുകാര്‍ എതിര് നിന്നില്ല. മതം മാറണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചായിരുന്നു അവര്‍ വിവാഹത്തിന് സമ്മതം നല്‍കിയത്. വിവാഹം ഉറപ്പിക്കുന്നതിനിടെ സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും ഒന്നും വേണ്ടെന്നായിരുന്നു വരന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട്, വിവാഹത്തിന് മുന്‍പായി രണ്ടര ലക്ഷം രൂപയും വിവാഹ സമയത്ത് 51 പവനും നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ചന്ദനയുടെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പ്രജിത് ചന്ദനയോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിവരം ചന്ദന അമ്മ പ്രീതിയെ അറിയിച്ചതിന് പിന്നാലെ അവര്‍ പ്രജിന്റെ അമ്മയുമായി ബന്ധപ്പെടുകയായിരുന്നു.

‘നിങ്ങടെ മോളെ ഒന്നും കൊടുക്കാതെയാണോ കെട്ടിപ്പൂട്ടി അയക്കാന്‍ പോകുന്നതെന്നായിരുന്നു പ്രജിന്റെ അമ്മ എന്നോട് ചോദിച്ചത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം പ്രജിനും ചന്ദനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ സമ്മതിക്കാതിരുന്നാലോ എന്ന് കരുതി പലകാര്യങ്ങളും ചന്ദന തുറന്ന് പറഞ്ഞിരുന്നില്ല,” പ്രീതി പറയുന്നു.

”പിന്നീട് ഇക്കാര്യങ്ങള്‍ സംസാരിച്ച് തീര്‍പ്പാക്കുന്നതിനായി ഞങ്ങളുടെ ആവശ്യപ്രകാരം പ്രജിന്റെ വീട്ടുകാര്‍ ഇങ്ങോട്ട് വന്നു. ഇത്രയും തുക നല്‍കാനുള്ള സാഹചര്യം ഞങ്ങള്‍ക്കില്ലെന്ന് അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് പറഞ്ഞു. വിവാഹം നടന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അവരുടെ മുന്നില്‍ വെച്ച് തന്നെ ചന്ദന പറഞ്ഞിരുന്നു. ‘എന്നാല്‍ നീ പോയി ചാകെടീ’ എന്നായിരുന്നു പ്രജിന്റെ മറുപടി. പക്ഷേ അവള്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല..” പ്രീതിയുടെ വാക്കുകള്‍ ഇടയ്ക്കുവെച്ച് മുറിഞ്ഞു. ”ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പ്രജിനെ അറസ്റ്റ് ചെയ്തതായി അറിഞ്ഞു. എനിക്ക് അതില്‍ സന്തോഷമൊന്നും തോന്നുന്നില്ല. എനിക്ക് എന്റെ മകളെ നഷ്ടമായി.”

കേസിലെ പ്രതിയായ പ്രജിനെ (29) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണിയാള്‍. വിവാഹം മുടങ്ങിയ വിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായാണ് പോലീസ് കുറ്റപത്രം. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധനം ആവശ്യപ്പെടല്‍, വഞ്ചനക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പനങ്ങാട് എസ്‌ഐ  പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അലമാര നിറയേ അവന്റെ സമ്മാനങ്ങള്‍.. വീട് നിറയെ അവന്റെ പേര്

ചന്ദനയുടെ അലമാര നിറയേ അവന്‍ വാങ്ങിക്കൊടുത്തിട്ടുള്ള സമ്മാനങ്ങളാണ്. പ്രണയം തുടങ്ങിയ നാള്‍മുതലുള്ള എല്ലാ സാധനങ്ങളും അവള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ജന്മദിനത്തിന് നല്‍കിയ പൂവ്, അവന്‍ കൊടുത്ത കത്ത്, മിഠായിയുടെ കവര്‍ അങ്ങനെ എല്ലാം.. അവളുടെ കപ്പിലും മുഖം നോക്കുന്ന കണ്ണാടിയില്‍ പോലും അവന്റെ പേരാണ്” -അമ്മ പ്രീതി പറയുന്നു.

”എട്ടാംക്ലാസില്‍ വെച്ചായിരുന്നു ഇവര്‍ തമ്മിലുള്ള പ്രണയം ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ഇക്കാര്യം അറിഞ്ഞു. അപ്പോള്‍ പ്രജിനെ വിളിച്ച് വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ ഇപ്പോഴും പ്രണയമുണ്ടെന്ന് അറിയുന്നത്. പ്രജിനെ ഇപ്പോഴും ഇഷ്ടമാണെന്നും വിവാഹം നടത്തിക്കൊടുക്കണമെന്നും ചന്ദന പറയുമ്പോഴാണ് അക്കാര്യം അറിയുന്നത് തന്നെ. പിന്നാലെ പ്രജിന്റെ വീട്ടുകാര്‍ ആലോചനയുമായി വന്നു. ഉടന്‍ തന്നെ വിവാഹം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഞങ്ങള്‍ക്ക് അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. അങ്ങനെ വിവാഹം കുറച്ച് നാളത്തേക്ക് നീട്ടി വെക്കുകയായിരുന്നു. പിന്നീട് പെട്ടെന്നുതന്നെ വിവാഹം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാഹ തീയതിയെല്ലാം നിശ്ചയിച്ചത്.”

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

യലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. ‘തിരികെ വരൂ, മിസ് യു അണ്ണാ…’ എന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാന്‍ ദേവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കൂടെ വീഡിയോയും പങ്കുവെച്ചിരുന്നു.

‘നീ എന്നെ ഞങ്ങളെ വിട്ടുപോയി ഒരു വര്‍ഷം തികയുന്നു. എന്നാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലായിപ്പോഴും പുതിയതാണ്. നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല. ഞങ്ങളുടെ ഹൃദയത്തില്‍ നീ എല്ലായിപ്പോഴും ജീവിക്കും. മിസ് യു ബാല’ എന്ന് സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.

പരിസ്ഥിതിയ്ക്കുവേണ്ടി സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍. തുന്‍ബെര്‍ഗിന് വിവരം കുറവാണെന്ന് പുടിന് തുറന്നടിച്ചു. ചില ഗ്രൂപ്പുകള്‍ തുന്‍ബെര്‍ഗിനെ കരുവാക്കുന്നുവെന്നും പുടിന്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്ത വേദിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖത്ത് നോക്കി വിമര്‍ശിച്ച ലോകശ്രദ്ധ നേടിയ വനിതയാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്.അതേസമയം ഗ്രേറ്റ തുന്‍ബര്‍ഗിന്റെ വീഡിയോ പങ്കുവച്ച് അവള്‍ സന്തോഷവതിയായ പെണ്‍കുട്ടിയാണ്, നല്ല ഭാവിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ യുഎന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു.ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തകയുടെ ഗുരുതര ആരോപണങ്ങള്‍.

ലോകരാഷ്ട്രങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിനുപിന്നാലെ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കില്ലെന്നാണ് സ്വീഡന്‍ സ്വദേശിയായ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഹൈദരാബാദ് നൈസാമിന്റെ 35 മില്യണ്‍ പൗണ്ടില്‍ അവകാശവാദം ഉന്നയിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പാകിസ്താന് പരാജയം. 1948ല്‍ ഹൈദരാബാദ് നൈസാം പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന് അവകാശം നൈസാമിന്റെ അനന്തരാവകാശികള്‍ക്കാണ് എന്ന് ലണ്ടനിലെ റോയല്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസ് വിധിച്ചു. ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു.

സുരക്ഷിതമായി സൂക്ഷിക്കാന്‍ എന്ന് പറഞ്ഞാണ് നൈസാം ഈ തുക ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. അവസാന നൈസാമായ മിര്‍ ഒസ്മാ അലി ഖാന്റെ വംശാവലിയില്‍ പെട്ട മുകാറം ജാ, സഹോദരന്‍ മുഫാഖം ജാ എന്നിവരാണ് ഇന്ത്യന്‍ ഗവണ്‍മെന്റിനൊപ്പം പാകിസ്താനെതിരെ കേസില്‍ കക്ഷി ചേര്‍ന്നത്.

വിഭജനത്തിന് ശേഷം ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് നൈസാം തീരുമാനിച്ചത്. അതേസമയം നൈസാമിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലെത്തുമെന്നായപ്പോള്‍ നൈസാം ഈ പണം പാക് ഹൈക്കമ്മീഷണറായിരുന്ന ഹബീബ് ഇബ്രാഹിം റഹിംതൂലയുടെ അക്കൗണ്ടിലിടുകയാണുണ്ടായത്. എന്നാല്‍ നൈസാമിന്റെ ഏഴാമത്തെ കൊച്ചുമകനായ മുകാറം ജാ, ഈ പണം കുടുംബത്തിന്റേതാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു.

എന്നാല്‍ ഈ ഫണ്ട് തങ്ങളുടേതാണ് എന്ന് 2013ല്‍ പാകിസ്താന്‍ ഗവണ്‍മെന്റ് അവകാശപ്പെട്ടു. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുന്നതിന് മുമ്പ് നൈസാമിന് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയിരുന്നതായും ഇന്ത്യ കൈവശപ്പെടുത്താതിരിക്കാനാണ് നൈസാം തങ്ങള്‍ക്ക് പണം നല്‍കിയത് എന്നുമാണ് പാകിസ്താന്റെ വാദം. അതേസമയം ആയുധങ്ങള്‍ക്ക് പകരമായാണ് പണം നല്‍കിയത് എന്ന് പറയുന്നതിന് തെളിവില്ല കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദ് നിയമവിരുദ്ധമായാണ് ഇന്ത്യയോട് ചേര്‍ത്തത് എന്ന പാക് വാദവും ബ്രിട്ടീഷ് കോടതി തള്ളി. ഈ വാദത്തിന് കേസിൽ യാതൊരു പ്രസക്തിയുമില്ല എന്നാണ് കോടതി പറഞ്ഞത്. അതേസമയം വിധി വിശദമായി പഠിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നാണ് പാകിസ്താന്‍ ഫോറിന്‍ ഓഫീസ് അറിയിച്ചിരിക്കുന്നത്.

യുവാവ് ഭാര്യയെയും നാല് മക്കളെയും കൊന്ന സംഭവത്തില്‍ വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്തി സുപ്രിംകോടതി തിരുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലാണ് 10 മാസം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ചിരുന്നത്. അതേസമയം തെറ്റായ നിഗമനത്തിലാണ് പരമാവധി ശിക്ഷ വിധിച്ചതെന്ന് വിലയിരുത്തി സുപ്രിംകോടതി ഇന്നലെ ഇത് ജീവപര്യന്തമാക്കുകയായിരുന്നു.

2011ലെ വിധിയാണ് തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ എന്‍ വി രമണ, എംഎം ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് തിരുത്തിയത്. വധശിക്ഷാ വിധിയില്‍ രണ്ട് തെറ്റുകള്‍ സംഭവിച്ചെന്നാണ് സുപ്രിംകോടതി ഇന്നലെ വിലയിരുത്തിയത്. മുന്‍ഭാര്യയോട് പ്രതി നടത്തിയ കുറ്റസമ്മതം സ്ഥിരീകരിച്ചില്ല എന്നതാണ് അതിലൊന്ന്. പ്രതി ഭാര്യയുടെ മുഖം തല്ലിച്ചതച്ചുവെന്നതിനെ ന്യായീകരിക്കാന്‍ മെഡിക്കല്‍ തെളിവുകളില്ല എന്നതായിരുന്നു രണ്ടാമത്തേത്.

അതേസമയം കുറ്റം ചെയ്തുവെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നും അതിനാല്‍ പ്രതി ആജീവനാന്തം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം സാക്ഷിയായ പ്രതിയുടെ ആദ്യഭാര്യ ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഫോണിലൂടെ പറഞ്ഞെന്നാണ് മൊഴിനല്‍കിയത്. എന്നാല്‍ ക്രോസ് വിസ്താരത്തില്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഇയാള്‍ പറഞ്ഞിട്ടില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. അതിനാല്‍ വിധി പ്രഖ്യാപിച്ചതില്‍ ഈ കോടതിയ്ക്ക് തെറ്റ് പറ്റിയെന്ന് തങ്ങള്‍ മനസിലാക്കുന്നതായും സുപ്രിംകോടതി പറഞ്ഞു. കൂടാതെ ആളെ തിരിച്ചറിയിക്കാതിരിക്കാന്‍ പ്രതി ആസൂത്രിതമായി കൊല്ലപ്പെട്ടവരുടെ മുഖങ്ങള്‍ തല്ലിച്ചതച്ചെന്ന വാദവും മെഡിക്കല്‍ തെളിവുകളോടെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി വിലയിരുത്തി.

നാന്ദെഡ് ജില്ലയിലെ രൂപ്ല നായിക് ടാന്‍ഡ എന്ന കുഗ്രാമത്തില്‍ 2007ല്‍ ഭാര്യയെയും പത്ത് മാസവും നാല്, ആറ്, പത്ത് വയസ്സ് വീതമുള്ള കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് 2011ല്‍ സുപ്രിംകോടതി ശരിവച്ചത്. 2012ല്‍ തന്നെ പ്രതിയുടെ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി പിന്നീട് അത് റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി പുനപരിശോധനാ ഹര്‍ജി പുതുതായി പരിഗണിക്കുകയായിരുന്നു.

പ്രതിക്കുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കേസില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയുടെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം വിജയിച്ചെങ്കിലും ജയിലിനുള്ളിലെ ഇയാളുടെ സ്വഭാവം വിനയായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ജയില്‍ അധികൃതരോടും മറ്റ് തടവുപുള്ളികളോടും അപമര്യാദമായി പെരുമാറുന്നതും ഇയാള്‍ പതിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തുടര്‍ജീവിതവും ഇയാള്‍ ജയിലില്‍ തന്നെ കഴിയട്ടെയെന്ന് കോടതി വിധിച്ചത്.

കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ വീട്ടില്‍ മോഷണം നടത്തിയ വീട്ടുവേലക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ രേഖകളും കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും ഇയാള്‍ മോഷ്ടിച്ചെന്നാണ് സംശയിക്കുന്നത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലുള്ള വില്ല ഓര്‍ബെന്ന പീയുഷ് ഗോയലിന്റെ വീട്ടിലെ വേലക്കാരനായിരുന്ന വിഷ്ണുകുമാര്‍ ശര്‍മ്മ(28) ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ മോഷണം, ഐടി ആക്ടിന്റെ പ്രധാനപ്പെട്ട സെക്ഷനുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വീട്ടിലെ ചില വെള്ളി ആഭരണങ്ങളും പിച്ചള ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കഴിഞ്ഞമാസം ഗോയലിന്റെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ 16നും 18നും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്വകര്‍മ്മയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ഗാംദേവി പോലീസ് കേസെടുത്തു. ഇയാള്‍ ഡല്‍ഹിയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് മോഷണ വസ്തുക്കളില്‍ ചിലത് കണ്ടെത്തുകയും ചെയ്തു.

ചില രഹസ്യസ്വഭാവമുള്ള രേഖകള്‍ ഗോയലിന്റെ കമ്പ്യൂട്ടറില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായും ഫയലുകളില്‍ നിന്നും രേഖകള്‍ മോഷ്ടിക്കപ്പെട്ടതായും പോലീസ് സംശയിച്ചു. ഇതെതുടര്‍ന്നാണ് വിശ്വകര്‍മ്മയുടെ ഫോണ്‍ പരിശോധിച്ചത്. കൂടുതല്‍ പരിശോധനയില്‍ ഇയാള്‍ ആര്‍ക്കോ ചില മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും ഫോണില്‍ നിന്നും ചില രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന പോലീസിന്റെ സംശയം ബലപ്പെട്ടു. നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ തിരിച്ചെടുക്കാനും ഇയാള്‍ ആര്‍ക്കാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്താനും പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.

ഇയാള്‍ ആരൊക്കെയായി ബന്ധപ്പെട്ടിരുന്നുവെന്ന് മനസിലാക്കാന്‍ കോള്‍ ഹിസ്റ്ററിയും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പീയുഷ് ഗോയലിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഇയാള്‍ വീട്ടുകാരുടെ വിശ്വാസ്യത നേടിയിരുന്നു.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപിച്ച് മൊറോക്കയിലെ മാധ്യമപ്രവര്‍ത്തക ഹജര്‍ റൈസൂനി, പ്രതിശ്രുത വരന്‍ അല്‍ അമീന്‍ എന്നിവര്‍ക്ക് തടവുശിക്ഷ. തിങ്കളാഴ്ചയാണ് ഇരുവരെയും ഒരു വര്‍ഷം തടവിന് കോടതി ഉത്തരവിട്ടത്. ഗൈനക്കോളജിസ്റ്റിനെ രണ്ട് വര്‍ഷവും തടവിന് ശിക്ഷിച്ചു.

ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിച്ചതെന്ന് റൈസൂനി ആരോപിച്ചു. ഇന്‍റേണല്‍ ബ്ലീഡിംഗിന് ചികിത്സക്കായിട്ടാണ് ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചതെന്നും തനിക്കെതിരെയുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. പ്രതിശ്രുത വരന്‍റെ വീട്ടില്‍ പോയപ്പോഴാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന ആരോപണത്തെയും റൈസൂനി തള്ളി. പ്രതിശ്രുത വരന്‍ യാത്രയിലായ സമയത്ത് അദ്ദേഹത്തിന്‍റെ വളര്‍ത്തുനായയെ പരിപാലിക്കാനാണ് വീട്ടില്‍ പോയതെന്നും റൈസൂനി പറഞ്ഞു.

Image result for moroccan-journalist-jailed-for-pre-marital-sex-and-abortion

റൈസൂനിക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തി. മൊറോക്കയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന അപൂര്‍വം പത്രങ്ങളിലൊന്നായ അക്ബര്‍ അല്‍-യും പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹജര്‍ റൈസൂനി. ഇവര്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ പകപോക്കലാണ് കേസിന് പിന്നിലെന്ന് ഹജര്‍ റൈസൂനിയുടെ അമ്മാവന്‍ സൂലിമാന്‍ റൈസൂനി മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലല്ല റൈസൂനിയെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഓഗസ്റ്റ് 31നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൊറോക്കന്‍ നിയമപ്രകാരം വിവാഹത്തിന് മുമ്പ് രതിയിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ്. അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലല്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. ജയിലില്‍വച്ച് ഹജര്‍ റൈസൂനി ജോലി ചെയ്യുന്ന അക്ബര്‍ അല്‍-യും പത്രത്തിന് കത്തെഴുതി. താന്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നെന്നും തന്‍റെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചും അമ്മാവന്‍ സൂലിമാന്‍ റൈസൂനിയെക്കുറിച്ചും പരിഷ്കരണത്തിനായി സമരം ചെയ്ത ഇസ്ലാമിക സംഘടന നേതാവായ അഹമ്മദ് റൈസൂനിയെക്കുറിച്ചും പൊലീസ് തന്നോട് ചോദിച്ചെന്ന് ഹജര്‍ കത്തില്‍ വിവരിച്ചു.

സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയപ്പോള്‍ സര്‍ക്കാര്‍ നടപടി വിമര്‍ശനങ്ങളെ അടിച്ചൊതുക്കലാണെന്ന് ആരോപണമുയര്‍ന്നു.

ജനപ്രിയ നടൻ ടോവീനോ തോമസിന് ബൈക്ക് യാത്രയൊരിക്കി ആലപ്പുഴ – മണ്ണഞ്ചേരി കാവുങ്കൽ ഗ്രാമത്തിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ.എറണാകുളം ഗോശ്രീ പാലത്തിൽ രണ്ടുമണിക്കൂർ ഗതാഗതകുരിക്കിൽ അകപ്പെട്ട നടൻ ടൊവീനോ തോമസിന്
ബൈക്ക് യാത്ര ഒരുക്കിയത് ആലപ്പുഴ മണ്ണഞ്ചേരി മൂന്നാം വാർഡ് -കാവുങ്കൽ കിഴക്കേ നെടുമ്പള്ളി വീട്ടിൽ സുനിൽ കുമാറാണ് . ഹൈക്കോടതിയിൽ ഡ്യൂട്ടി ചെയ്തുവരുന്ന സിവിൽ പോലീസ് ഓഫീസറാണ് സുനിൽകുമാർ.

ഹൈക്കോടതിയിൽ നടന്ന ഹൈക്കോടതി ദിന ആഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടോവിനോ തോമസ് . വൈ. 6 മണിക്ക് തുടങ്ങേണ്ട ഉദ്ഘാടന ചടങ്ങിനുവേണ്ടി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ട അതിഥികളും രണ്ടു മണിക്കൂറാണ് ടോവിനോ തോമസിന്റെ വരവിനു വേണ്ടി കാത്തിരുന്നത്.ഈ സമയമൊക്കെ ഗോശ്രീ പാലത്തിൽ ഉണ്ടായ വലിയ ഗതാഗത കുരുക്കിൽ അകപ്പെട്ടിരിക്കുകയായിരുന്നു ടോവീനോ തോമസ് .

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വളരെ റിസ്ക്ക് എടുത്താണ് സുനിൽ സ്വന്തം ബൈക്കിൽ ടോവീനോ തോമസിനെ ഹൈക്കോടതിയിലെ ഉദ്ഘാടന വേദിയിൽ എത്തിച്ചത്. സുനിലിനെ ഉന്നത ഉദ്യോഗസ്ഥർ അനുമോദിച്ചു.

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ചു മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്തു 19 വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടനിലക്കാരിലൊരാളായ യുവതി അറസ്റ്റിൽ. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധുവിനെയാണു (36) ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്ന പരാതിയിൽ മുൻപ് 4 പേർ അറസ്റ്റിലായിരുന്നു. സിന്ധു ഇടനിലക്കാരിയായി നിന്നു പോട്ടയിലെ വാടക വീട്ടിൽ പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. പൊലീസ് അന്വേഷിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സിന്ധു ഒളിവിലായിരുന്നു. ഒളി സങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞു അന്വേഷണ സംഘം വീടു വളഞ്ഞ് പിടികൂടുകയായിരുന്നു.

സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയായ സിന്ധു പിടിയിലാകുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിനെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹൻ (72), കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ (27) അന്നമനട സ്വദേശികളായ ദമ്പതികൾ വാഴേലിപറമ്പിൽ അനീഷ്കുമാർ, ഗീതു എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായവർ.

കേസിൽ ഇനി 4 പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ചന്ദ്രമോഹനാണ് ആദ്യം പെൺകുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്.

കേന്ദ്ര സർക്കാർ സവാള കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ വലഞ്ഞ് ഏഷ്യൻ രാജ്യങ്ങൾ. സവാള കച്ചവടത്തിൽ ലോകത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യ കയറ്റുമതി നിർത്തലാക്കിയതോടെ ഇവിടങ്ങളിലെ സവാള വില കുത്തനെ ഉയർന്നു. ഇന്ത്യൻ സവാളയുടെ മുഖ്യ ഉപഭോക്താക്കളായ ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്.

സവാള വില വര്‍ധനയിൽ രാജ്യത്താകമാനം കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സെപ്റ്റംബർ 29 ന് കേന്ദ്ര സർക്കാർ സവാള കയറ്റുമതിക്കു നിരോധനം ഏർപ്പെടുത്തിയത്. നാലു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വിലയായിരുന്നു സവാളയ്ക്ക്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കനത്ത മഴ മൂലമുണ്ടായ വിളനാശമായിരുന്നു ഇന്ത്യയിൽ വില കൂടാനുള്ള കാരണം. വിലക്കയറ്റം തടയുന്നതിനായി ഇന്ത്യ ഈജിപ്തിൽ നിന്നു സവാള ഇറക്കുമതി ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ വില ഉയർന്നതോടെ ചൈന, ഈജിപ്ത്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സവാളയാണ് ഏഷ്യയിലെ ഉപഭോക്താക്കൾ പ്രധാനമായും ഉപയോഗിച്ചത്. ഇന്ത്യയെ അപേക്ഷിച്ച് ഇവിടങ്ങളിൽ ഉൽപാദനം കുറവാണ്. ഞായറാഴ്ച സവാള കയറ്റുമതി ഇന്ത്യ റദ്ദാക്കിയതോടെ 100 കിലോയ്ക്ക് 4,500 രൂപ എന്ന നിലയിൽ സവാള വില ഉയർന്നു. ശ്രീലങ്കയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനമാണ് വില വർധിച്ചത്. കിലോയ്ക്ക് 280 മുതൽ 300 രൂപ വരെയാണ് ഇവിടെ വില. ഇത് ആറു വർഷത്തിനിടയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വർധനവാണ്. ഇതേ തുടർന്ന് ചൈന, ഈജിപ്ത്, മ്യാൻമർ, തുർക്കി തുടങ്ങിയ സവാള ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളോടു വില നിയന്ത്രണ വിധേയമാക്കുന്നതിനായി വിതരണം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2018–2019 വർഷത്തിൽ ഇന്ത്യയില്‍നിന്ന് 2.2 മില്യൻ ടൺ സവാളയാണു കയറ്റുമതി ചെയ്തത്. ഏഷ്യയിൽ സവാള കയറ്റുമതി ചെയ്യുന്ന മുഴുവൻ രാജ്യങ്ങളെവച്ചു നോക്കിയാലും പകുതിയിൽ അധികമാണിത്. ഇന്ത്യയിലെ നിരോധനം മറ്റു സവാള കയറ്റുമതി രാജ്യങ്ങൾ അവസരമായി എടുക്കുന്നതായും ആരോപണമുണ്ട്. ബംഗ്ലാദേശ് സവാള എത്തിക്കാനുള്ള ബദൽ മാർഗങ്ങൾ ആരായുമ്പോൾ നിരോധനം താൽക്കാലികം മാത്രമാണെന്നു കരുതി ആശ്വസിച്ചിരിക്കുകയാണ് മലേഷ്യ. ഇന്ത്യൻ സവാളയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവാണ് മലേഷ്യ.
സവാള വിലയിൽ ഉടൻ കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് മുംബൈ ആസ്ഥാനമായുള്ള സവാള കയറ്റുമതി സംഘടനയുടെ പ്രസിഡന്റ് അജിത് ഷാ പറയുന്നത്. കയറ്റുമതി നിരോധനം അടുത്തെങ്ങും എടുത്തുമാറ്റാൻ സാധ്യതയില്ല. അതിനാൽ നവംബർ പകുതി വരെ വിലയിടിവും പ്രതീക്ഷിക്കുന്നില്ല. വില ഇടിഞ്ഞാൽ ഇന്ത്യയ്ക്ക് കയറ്റുമതി പുനരാരംഭിക്കാം.

RECENT POSTS
Copyright © . All rights reserved