നാമക്കല്‍: അങ്കണവാടി ജീവനക്കാരിയുമായി സ്കൂള്‍ പരിസരത്ത് വെച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.
അങ്കണവാടി ജീവനക്കാരിയും അധ്യപകനും തമ്മില്‍ സ്‌കൂള്‍ പരിസരത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നാണ് നാട്ടുകര്‍ പറയുന്നത്.
തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് സംഭവം. നാമക്കല്‍ ബുധനസാന്തൈ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വി ശരവണന്‍(38) ആണ് മര്‍ദനമേറ്റത്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് അങ്കണ്‍വാടി ജീവനക്കാരിയുമായി ശരവണന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
തന്നെ മര്‍ദിച്ചെന്നു കാണിച്ച് അധ്യാപകനും സ്‌കൂള്‍ പരിസരത്ത് അനാശാസ്യം നടത്തിയെന്നു കാട്ടി നാട്ടുകാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കലാണ് അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പങ്കുവച്ച ട്വീറ്റാണ് ഇടക്കാലത്തിന് ശേഷം വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നത്. കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു’ എന്ന തലക്കെട്ടോടെയായിരുന്നു കോലിയുടെ ട്വീറ്റ്.
ട്വീറ്റ് വന്നതോടെ ധോണി വിരമിക്കാനൊരുങ്ങുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. വിരമിക്കാന്‍ പോകുന്നുവെന്ന് ധോണി ക്യാപ്റ്റനെ അറിയിച്ചിരിക്കുന്നുവെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സംഭവം വാര്‍ത്തയായതോടെ ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ് മറുപടിയുമായി വന്നു. വാര്‍ത്ത വ്യാജമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴിത വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. ട്വിറ്ററിലാണ് സാക്ഷി പ്രതികരണമറിയിച്ചത്. വിരമിക്കലുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചിട്ടത്. ട്വീറ്റ് കാണാം…
A game I can never forget. Special night. This man, made me run like in a fitness test 😄 @msdhoni 🇮🇳 pic.twitter.com/pzkr5zn4pG
— Virat Kohli (@imVkohli) September 12, 2019
Its called rumours !
— Sakshi Singh 🇮🇳❤️ (@SaakshiSRawat) September 12, 2019
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലേക്ക്. ഓവലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലീഷ് മധ്യനിര തകര്‍ന്നെങ്കിലും ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറിലാണ് (പുറത്താവാതെ 64) ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. നാല് വിക്കറ്റ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.
ബട്‌ലര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ജോ റൂട്ട് (57), ഓപ്പണര്‍ റോറി ബേണ്‍സ് (47) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ജോ ഡെന്‍ലി (14), ബെന്‍ സ്‌റ്റോക്‌സ് (20), ജോണി ബെയര്‍സ്‌റ്റോ (22), സാം കറന്‍ (15), ക്രിസ് വോക്‌സ് (2), ജോഫ്ര ആര്‍ച്ചര്‍ (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബട്‌ലര്‍ക്കൊപ്പം ജാക്ക് ലീച്ച് (10) ക്രീസിലുണ്ട്.
മൂന്നാം വിക്കറ്റില്‍ ബേണ്‍സ്- റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് തുണയായത്. എന്നാല്‍ ബേണ്‍സ് മടങ്ങിയതോടെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. മാര്‍ച്ച് മധ്യനിരയുടെ മുനയൊടിച്ചതോടെ ഇംഗ്ലണ്ട് രണ്ടിന് 103ന് എന്ന നിലയില്‍ നിന്ന് എട്ടിന് 226 എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ബട്‌ലര്‍- ലീച്ച് കൂട്ടിച്ചേര്‍ത്ത 45 രണ്‍സാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മാര്‍ഷിന് പുറമെ ഓസീസിനായി പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തൃശ്ശൂര്‍: പുലികളിക്കൊരുങ്ങി തൃശ്ശൂർ. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക
വിവിധ ദേശങ്ങളിലെ പുലികൾ അവസാനവട്ട പരിശീലനത്തിലാണ്. ശനിയാഴ്ച രാവിലെത്തന്നെ പുലികൾക്ക് ചായം പൂശിത്തുടങ്ങുമെന്നതിനാൽ പരിശീലനത്തിന്‍റെ അവസാന ദിവസമാണിന്ന്. വേഷത്തിലും ഒരുക്കത്തിലും വിവിധ ദേശങ്ങൾ അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. പുലികൾക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങൾ അവസാനവട്ട മിനുക്കു പണിയിലാണ്
ദേശങ്ങളിൽ ചമയപ്രദർശനം തുടരുകയാണ്. ഇക്കുറിയും പെൺപുലികളും കരിന്പുലികളുമുണ്ടാകും.ഒന്നാ സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്. ഓണാഘോഷഹ്ങളുടെ സമാപനം കൂടിയാണ് പുലികളി എന്നതിനാൽ ആയിരക്കണക്കിനാളുകൾ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.
തൃശ്ശൂരിലെ പുലിക്കളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് പ്രധാന സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം നാളിൽ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാൽ ഗണപതിക്ക് മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ് . തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്സും സ്പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട് . മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചെലവാക്കുന്നത്
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട് . ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ് . ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
പുലി വർണ്ണങ്ങൾ
ഗൊറില്ല നിറങ്ങളാണ് പുലി വർണ്ണങ്ങളാക്കുന്നത്. ഇത് മരഉരുപ്പടികൾക്ക് നിറം കൊടുക്കുന്നതിനുള്ളതാണ്. നിറപ്പൊടികളും വാർണീഷും നീട്ടി അരച്ചാണ്, പുലിവർണ്ണങ്ങൾ ഉണ്ടാക്കുന്നത്. അരച്ചരച്ച് അരക്കുമ്പോൾ പൊട്ടുന്നതാണ് പാകം.
മലപ്പുറം: തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
ഏർവാടിയിലേക്ക് പോയ റസീനയും കുടുംബം സഞ്ചരിച്ച കാർ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട കാറിന് പിറകിൽ ബൈക്കിടിച്ചാണ് ഒരാൾ മരിച്ചത്. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ വിദ്യാ ചന്ദ്രന്റെ വീട്ടുകാർക്ക് ഇത്തവണ കണ്ണീരോണമായിരുന്നു. ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) ദുബായിൽ വെച്ച് വിദ്യയെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണ്. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു സംഭവം.
കൃത്യം ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഇയാൾ എത്തിയതെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ ഒന്നിലേറെ മുറിവുകൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ അൽഖൂസിലെ കമ്പനി പാർക്കിങ്ങിലായിരുന്നു സംഭവം. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ യുഗേഷിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.
16 വർഷം മുൻപാണ് വിദ്യയും യുഗേഷും വിവാഹിതരായത്. വിവാഹശേഷം യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നുവെന്ന് പൊലീസ് പറുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കിയിരുന്നു.
15 മാസം മുൻപാണ് വിദ്യ ജോലി അന്വേഷിച്ച് യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചായിരുന്നു ഇത്.
വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തതെന്ന് സഹോദരൻ വിനയ് ചന്ദ്രൻ പറഞ്ഞു. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ടു പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. യുഗേഷ് സന്ദർശക വീസയിൽ യുഎഇയിലെത്തിയത് വിദ്യയുടെ കുടുംബം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് ഇയാൾ യുഎഇയിലെത്തിയത്.
മറ്റൊരാളുമായി ബന്ധമുള്ള വിദ്യ തന്നെ ചതിക്കുകയാണെന്ന് സംശയിച്ചതാണ് യുഗേഷ് കൊല നടത്തിയതെന്ന് ദുബായ് പൊലീസ് പറഞ്ഞു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിദ്യയുടെ ജോലിസ്ഥലത്തെത്തിയ യുഗേഷ് ഭാര്യയെ പാർക്കിങ് ലോട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പലതും പറഞ്ഞു തർക്കമായി. ഇതിനിടെ യുഗേഷ് അരയിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് ഒന്നിലേറെ തവണ വിദ്യയെ കുത്തി. സംഭവ സ്ഥലത്തു വെച്ചുതന്നെ വിദ്യ പിടഞ്ഞു വീണു മരിക്കുകയായിരുന്നു. യുഗേഷ് ഉടൻ ഓടിരക്ഷപ്പെടുകയും ചെയ്തു. വിദ്യ മരിച്ചുകിടക്കുന്നത് കണ്ടയാളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുഗേഷ് പിടിയിലായി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിദ്യയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരികയാണ്.
ഫ്ലാറ്റ് ഉടമകൾക്ക് മുന്നിൽ ഉള്ളത് കേവലം രണ്ടു ദിവസം മാത്രം. തിങ്കളാഴ്ചയോടെ ഫ്ളാറ്റുകൾ പൊളിക്കുന്നത് ആരാണെന്നു വ്യക്തമാകും. എന്നാൽ ഒഴിഞ്ഞു പോകില്ലെന്ന് ഫ്ലാറ്റ് ഉടമകൾ ഒന്നടങ്കം പറയുന്നു. രാഷ്ട്രീയ പാർട്ടികളുടെ അടക്കം പിന്തുണയും ഇവർക്ക് ഏറി വരികയാണ്.
അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളിൽ പറയുന്നത്. ഇതവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രം ആണുള്ളത്. അഞ്ചു ഫ്ളാറ്റുകളിലുമായി 350 തിൽ ഏറെ കുടുംബങ്ങൾ ആണുള്ളത്. ഇതിൽ പലരും സ്ഥിര താമസക്കാരല്ല. ഇവരെല്ലാം ഒറ്റസ്വരത്തിൽ പറയുന്നു വീട് വിട്ട് ഇറങ്ങില്ല എന്ന്. ഉടമകൾ ഒരുവശത്തു പ്രതിഷേധിക്കുമ്പോൾ മരട് നഗര സഭ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.
കേരളത്തിനു പുറമെ തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യം പ്രകടിപ്പിച്ചു കമ്പനികൾ എത്തിയിട്ടുണ്ട്. വിധി നേരിട്ട് ബാധിക്കുന്നവരുടെ വാദം കേൾക്കാതെയുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത് എന്ന് നിയമജ്ഞർ അടക്കം പലരും പറയുന്നു.
ഒഴിയാനുള്ള ദിനം അടുക്കുന്തോറും ഉടമകൾക്ക് രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഏറി വരികയാണ്. കോടിയേരി ബാല കൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ ഫ്ലാറ്റുകൾ സന്ദർശിക്കും. ഇതിനിടെ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും കേരളത്തിലെ 140 എം.എൽ .എൽഎമാർക്കും ഫ്ലാറ്റ് ഉടമകൾ സങ്കടഹർജി നൽകി.
പഴനി: മധുര ജില്ലയില്‍ വാടിപ്പട്ടിയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരില്‍ നിന്ന് ഏര്‍വാടിയില്‍ സിയാറത്തിനുപോയ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും മരിച്ചവരില്‍പ്പെടുന്നു.
കാറിലുണ്ടായിരുന്ന പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്.
വ്യാഴാഴ്ച പകല്‍ മൂന്നേകാലോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന സിസാനയ്ക്ക് (18) ഗുരുതരപരിക്കുണ്ട്. മലപ്പുറത്തുനിന്ന് മധുര വഴി ഏര്‍വാടിക്ക് പോകുകയായിരുന്നു ഇവര്‍.
മധുരയില്‍നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാര്‍ വഴിയില്‍ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം വശത്തേക്ക് വെട്ടിച്ചപ്പോള്‍ മലപ്പുറത്തുനിന്ന് പോയ കാറില്‍ ഇടിക്കുകയായിരുന്നു. പഴനിച്ചാമി, റസീന, ഫസല്‍, സഹന എന്നിവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഹിളര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീണ്‍ (14), കിരണ്‍ (8), പഴനിച്ചാമിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പാണ്ടിദുരൈ (46) എന്നിവര്‍ക്കും ഗുരുതരപരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചാണ് ഇന്ന് ഭൂരിഭാഗം വാഹനങ്ങളുടേയും യാത്ര. അപരിചിത വഴികളില്‍ വഴി ചോദിക്കാന്‍ വണ്ടി നിര്‍ത്താതെ ഭൂപടത്തിന്റെ സഹായത്തോടെ ഗൂഗിള്‍ മാപ്പ് യാത്ര സുഗമമാക്കുമ്പോള്‍, അത് ചില ദോഷങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഗതാഗത തടസം ഒഴിവാക്കാന്‍ എളുപ്പമുള്ള വഴികള്‍ നിര്‍ദേശിക്കുന്ന ഗൂഗിളിന്റെ പലരെയും കുഴപ്പത്തിലാക്കിയിട്ടുള്ളത് നമ്മള്‍ കേട്ടതാണ്. അത്തരം ഒരു അനുഭവമാണ് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം ചെയര്‍മാന്‍ മുരളി തുമ്മാരുകുടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെക്കുന്നത്
പെരുമ്പാവൂര്‍ നഗരത്തിലെ തിരക്കില്‍ നിന്നും മാറിയാണ് ഞാന്‍ വീട് വെച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ടുള്ളത്. അവിടെ ജീവിക്കുന്നവര്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്, പത്തിലൊരു വീട്ടില്‍ പോലും കാറില്ല. യാതൊരു തിരക്കുമില്ലാതെ നടക്കാനും സൈക്കിള്‍ ഓടിക്കാനും പറ്റുന്ന സ്ഥലം. അതൊക്കെ കണ്ടാണ് അവിടെ വീട് വെച്ചതും.
പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥിതി മാറി, ഞങ്ങളുടെ വഴിയില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ്. അവിടെ താമസിക്കുന്നവരുടെ എണ്ണമോ സാമ്പത്തിക ശേഷിയോ കൂടിയിട്ടില്ല, പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു?
അന്വേഷണം എത്തി നില്‍ക്കുന്നത് ഗൂഗിള്‍ മാപ്പില്‍ ആണ്. ആലുവ മൂന്നാര്‍ റോഡും മെയിന്‍ സെന്‍ട്രല്‍ റോഡും (എം സി റോഡും) സന്ധിക്കുന്ന നഗരമാണ് പെരുമ്പാവൂര്‍. അവിടെ നഗരത്തില്‍ ഒരു ബൈപാസ്സ് റോഡോ ഈ രണ്ടു പ്രധാന പാതകള്‍ സന്ധിക്കുന്നിടത്ത് ഒരു ഫ്‌ളൈഓവറോ ഇല്ല. പെരുമ്പാവൂര്‍ നഗര ഹൃദയമായ ഒരു കിലോമീറ്റര്‍ കടന്നു കിട്ടാന്‍ ഒരു മണിക്കൂര്‍ എടുക്കുന്നത് ഇപ്പോള്‍ അസാധാരണമല്ല.
എന്തുകൊണ്ടാണ് പെരുമ്പാവൂരിന് വേണ്ടി പദ്ധതികള്‍ ഉണ്ടാക്കേണ്ടവര്‍ ഈ നഗരത്തെ ട്രാഫിക്കില്‍ മുക്കി കൊല്ലുന്നതെന്ന് പിന്നെ പറയാം. ഇന്നത്തെ വിഷയം അതല്ല. നഗര ഹൃദയം ട്രാഫിക്കില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ആളുകള്‍ ഇടവഴികള്‍ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍. ഗൂഗിള്‍ മാപ്പ് ആ പണി എളുപ്പമാക്കുന്നു. അങ്ങനെയാണ് ഞങ്ങളുടെ വഴി അപ്രഖ്യാപിത ബൈപാസ്സ് ആയിരിക്കുന്നത്.
ഏതു വഴിയും ആരും ഉപയോഗിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളില്‍ കൂടി ആളുകള്‍ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുമ്പോള്‍ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവര്‍മാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവില്‍ കാറുകള്‍ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കൂടി ഗൂഗിള്‍ മാപ്പില്‍ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. ഇത് വരെ ഒരു മേജര്‍ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയില്‍ അപകട മരണം സംഭവിക്കാന്‍ ഇനി അധികം സമയം വേണ്ട. ആ വഴിയുള്ള നടപ്പൊക്കെ ഞാന്‍ ഇത്തവണ കൊണ്ട് നിറുത്തി. സൈക്കിളിന്റെ കാര്യം ചിന്തിക്കുക കൂടി വേണ്ട. പക്ഷെ ഭൂരിഭാഗം നാട്ടുകാരുടെ കാര്യം അതല്ലല്ലോ.
ഇത് പെരുമ്പാവൂരിലെ മാത്രം കാര്യമല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗൂഗിള്‍ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ആ വഴിയില്‍ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതല്‍ വാഹനങ്ങള്‍ ഒരു വഴി വരുന്നുണ്ടെങ്കില്‍ കൂടുതല്‍ സൈന്‍ ബോര്‍ഡുകളും, വളവും തിരിവും തിരിച്ചറിയാനുള്ള റിഫ്‌ളക്ടറുകളും, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കില്‍ അവിടെ എന്തെങ്കിലും പ്രതിരോധവും ഉണ്ടാക്കിവെക്കണം. ഇല്ലെങ്കില്‍ അപകടങ്ങളുണ്ടാകും, വാഹനങ്ങള്‍ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവന്‍ പോകും.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ ഇടവഴികളിലേക്ക് കയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാല്‍ ഗൂഗിള്‍ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതല്‍ ബുദ്ധി.
ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റമല്ല. നേരിട്ടുള്ള വഴികളില്‍ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ, വഴി വാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാര്‍ക്ക് പോലും. പരമാവധി വാഹനങ്ങള്‍ അവരുടെ മുന്‍പില്‍ കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്‌കാരങ്ങളും അവര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. ലോക്കല്‍ രാഷ്ട്രീയത്തിലെ മൂവേഴ്സും ഷെക്കേഴ്‌സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാല്‍ അതിനെതിരെ ശക്തമായ സ്റ്റാന്‍ഡ് എടുക്കാന്‍ ലോക്കല്‍ രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നുമില്ല. ഇതും ഒരു പെരുമ്പാവൂര്‍ സ്റ്റോറി അല്ല, കേരളത്തിലെ നഗര വികസനത്തിന്റെ ട്രാജഡി ആണ്.
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ അനുസ്മരിച്ച് എറണാകുളം കാക്കനാടിനടുത്തു വാഴക്കാല സെന്റ് ജോസഫ്സ് പള്ളിയിൽ ഓണകുർബാന നടത്തപ്പെട്ടു. സാധാരണയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ കുർബാന നടത്തപ്പെട്ടത്. ക്ഷേത്രത്തിലെ പൂജാരികളെ പോലെ മുണ്ട് പുതച്ചാണ് വൈദികർ കുർബാന അർപ്പിച്ചത്. കേരളീയ വസ്ത്രം ധരിച്ചാണ് വിശ്വാസികളെല്ലാം പള്ളിയിലെത്തിയത്. വിളവെടുപ്പിന്റെ ഉത്സവമായ ഓണത്തിന്റെ പ്രതീകമായി വിശ്വാസികൾ പഴങ്ങളും വിഭവങ്ങളും മറ്റും കാണിക്കയായി അർപ്പിച്ചു.
കുരിശും മെഴുകുതിരിയും കൊണ്ട് അലങ്കരിക്കപ്പെടുന്ന അൾത്താര, ഇന്ന് നിലവിളക്കും നിറപറയും കൊണ്ട് അലങ്കരിക്കപ്പെട്ടു. വിശ്വാസികളെ ചന്ദനം തൊട്ടാണ് വൈദികർ പള്ളിയിലേക്ക് സ്വീകരിച്ചത്. കുർബാന കൊടുക്കുന്നതിലും ഹൈന്ദവ രീതിയാണ് സ്വീകരിച്ചത്. കുർബാന യിലുടനീളമുള്ള പാട്ടുകളെല്ലാം ഓണപ്പാട്ടിന്റെ ഈണത്തിൽ ആയിരുന്നു ഇടവക ജനങ്ങൾ ആലപിച്ചത്.
കുർബാനയ്ക്ക് ശേഷം വിവിധ തരം പൂക്കൾ കൊണ്ട് മനോഹരമായ അത്തപ്പൂക്കളവും വിശ്വാസികൾ ഒരുക്കി. മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണം വെളിവാക്കി എല്ലാവരും പായസം കുടിച്ചാണ് കുർബാന അവസാനിപ്പിച്ചത്. ഓണം എന്നത് ഒരു മതത്തിന്റെ മാത്രമല്ല, മറിച്ച് കേരളീയ ജനതയുടെ ഉത്സവമാണ് എന്ന വെളിവാക്കുന്നതായിരുന്നു ഈ കുർബാന.