Latest News

ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ വോട്ടെടുപ്പിന് പിന്നാലെ പ്രാദേശിക നേതാവിനെ ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ബിനു പുളിക്കക്കണ്ടത്തിന് എതിരെയാണ് നടപടിയുണ്ടായത്.

പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് അന്വേഷണ വിധേയമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കൊച്ചി നഗരസഭയുടെ അഗതിമന്ദിരത്തില്‍ സ്ത്രീകള്‍ക്ക് ദേഹോപദ്രവം ഏല്‍പിച്ച കേസില്‍ പ്രതിയായ സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അറസ്റ്റില്‍. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ല കലക്ടര്‍ നേരത്തെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അഗതിമന്ദിരത്തിലെ അന്തേവാസിയായ മകളെയും അമ്മയെയും ദേഹോപദ്രവമേല്‍പ്പിച്ചുവെന്നാണ് കേസ്.

ചേർത്തല സ്വദേശിയായ അമ്മയ്ക്കും മകൾക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാൾ മുൻപ് കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്. ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തു.

ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയർക്ക് മകൾ പരാതി നൽകിയിരുന്നു. സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കെ കെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു.

ദുബായ് എക്സ്പോ ട്വൻറി ട്വൻറിയിലെ ഇന്ത്യൻ പവലിയൻറെ നിർമാണത്തിനു തുടക്കം. കേന്ദ്രവാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയലിൻറെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം എക്സ്പോ വേദി സന്ദർശിച്ചു. ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായിരിക്കും ഇന്ത്യയുടേത്.

അടുത്തവർഷം ഒക്ടോബർ 20 മുതൽ 2022 ഏപ്രിൽ പത്തുവരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ അടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 4,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായുള്ള ഇന്ത്യൻ പവലിയൻ 484 കോടിയോളം രൂപാ ചെലവിലാണ് നിർമിക്കുന്നത്. സാങ്കേതികമേഖലകളിലടക്കമുള്ള ഇന്ത്യയുടെ മുന്നേറ്റവും സാംസ്കാരിക വൈവിധ്യവും അവതരിപ്പിക്കുന്നതായിരിക്കും പവലിയനെന്നു വാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

ഓപ്പർച്യൂണിറ്റി മേഖലയിൽ പ്ലാസ, പവലിയൻ എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാവും ഉയരുക. എക്സ്പോ തീരുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിർമിതിയായ പവലിയൻ വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും. പവലിയൻറെ പ്രവേശനകവാടത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമസ്ഥാപിക്കും. ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുൽ, പ്രവാസിവ്യവസായികളായ എം.എ.യൂസഫലി, ബി.ആർ.ഷെട്ടി, ആസാദ് മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലണ്ടന്‍: 178 വര്‍ഷം പഴക്കമുള്ള ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കമ്പനി അടച്ചു പൂട്ടി. 25 കോടി ഡോളര്‍ (ഏകദേശം 18,000 കോടി രൂപ) ബാധ്യത തീര്‍ക്കാന്‍ സാധിക്കാത്തതാണ് കമ്പനി അടച്ചു പൂട്ടാനുള്ള കാരണം. ഇതോടെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനി പൂട്ടിയതോടെ 16 രാജ്യങ്ങളിലായി 20,000 ജീവനക്കാരാണ് തൊഴില്‍രഹിതരായത്. ഇവരില്‍ 9000 ഓളം പേര്‍ ബ്രിട്ടനിലാണ്.

സാമ്പത്തിക ബാധ്യത തീര്‍ക്കാനായി റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബാങ്കുകള്‍ ബാധ്യത ഏറ്റെടുക്കാന്‍ തയാറായില്ല. ഇതോടെയാണ് കമ്പനി അടച്ചു പൂട്ടേണ്ടി വന്നത്. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി.

അതേസമയം കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന് ഒന്നരലക്ഷം ബ്രിട്ടീഷ് യാത്രക്കാര്‍ പെരുവഴിയിലായതായാണു റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതാതു സ്ഥലങ്ങളില്‍ എത്തിക്കുമെന്നാണു വിവരം.

തോമസ് കുക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മണി എക്‌സേഞ്ചുകള്‍, വിമാന സര്‍വീസുകള്‍, ഫെറി സര്‍വീസുകള്‍ എന്നിവയെയും കമ്പനിയുടെ അടച്ചുപൂട്ടല്‍ ബാധിക്കും. അതേസമയം, തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 1841-ല്‍ ആരംഭിച്ച കമ്പനി പിന്നീട് 16 രാജ്യങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.

രണ്ട് മാസത്തിലേറെ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പല്‍ സ്റ്റെന ഇംപരോ വിട്ടയച്ചു. അവശേഷിച്ചിരുന്ന 16 കപ്പല്‍ ജീവനക്കാരും മോചിതരായി.

സ്വീഡിഷ് ഉടമസ്ഥയിലുള്ള സ്റ്റെന ഇംപരോ ബ്രിട്ടന്റെ പതാകയാണ് വഹിക്കുന്നത്. എത്രയും പെട്ടെന്ന് ഇറാന്‍ സമുദ്ര പരിധിയില്‍ നിന്ന് നീങ്ങുമെന്ന് കപ്പല്‍ ഉടമസ്ഥര്‍ അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്റെ വിശദീകരണം.

യൂറോപ്യന്‍ യൂനിയന്‍ ഉപരോധം നിലനില്‍ക്കെ, സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഇറാന്റെ എണ്ണ കപ്പല്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ജൂലൈ 19ന് ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്റ്റെന ഇംപരോ തെഹ്‌റാന്‍ പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമാവുകയും രണ്ട് യുദ്ധകപ്പലുകള്‍ ബ്രിട്ടന്‍ മേഖലയിലേക്ക് അയക്കുകയും ചെയ്തു.

ആഗസ്റ്റ് 18ന് ജിബ്രാര്‍ട്ടര്‍ കോടതി ഇറാന്‍ കപ്പല്‍ വിട്ടയച്ചതോടെയാണ് സ്റ്റെന ഇംപരോ കൈമാറാനുള്ള നടപടി ഇറാന്‍ ആരംഭിച്ചത്. എട്ട് ജീവനക്കാരെ നേരത്തെ ഇറാന്‍ മോചിപ്പിച്ചിരുന്നു.

രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ നടന്‍ മോഹന്‍ലാല്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലന്നും ആര്‍ക്കും വേണ്ടി രംഗത്തിറങ്ങില്ലന്നതുമാണ് താരത്തിന്റെ പുതിയ നിലപാട്. ആന കൊമ്പ് കേസില്‍ ലാലിനെ പ്രതിയാക്കി വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാഷ്ട്രിയ മോഹങ്ങളോട് താര രാജാവ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലിറങ്ങുന്നില്ലന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയിരുന്നത്. അപ്പോഴും രാഷ്ട്രീയത്തോട് പൂര്‍ണമായും വിമുഖത മോഹന്‍ലാല്‍ കാണിച്ചിരുന്നില്ല.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാല്‍ പ്രതിരോധത്തിലാവുകയാണുണ്ടായത്.

ആനക്കൊമ്പു കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പു കൈമാറിയതിനും സൂക്ഷിച്ചതിനുമാണു കേസ്.

തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്‌മെന്റിലെ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി. ധനിക് ലാലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ. കൃഷ്ണകുമാറും പി.എന്‍. കൃഷ്ണകുമാറും ചേര്‍ന്നാണു മോഹന്‍ലാലിന് ആനക്കൊമ്പു കൈമാറിയിരുന്നത്. 7 വര്‍ഷം മുന്‍പാണ് വനംവകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.

2011ല്‍ ആദായനികുതി വകുപ്പു മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ഇനിയും വൈകരുതെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചതോടെയാണ് മോഹന്‍ലാല്‍ വെട്ടിലായത്. ഇനിയും ബി.ജെ.പിയോട് രാഷ്ട്രിയ ആഭിമുഖ്യം കാണിച്ചാല്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും കടന്നാക്രമിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ലാല്‍.

ഉപതിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബി.ജെ.പി പ്രചരണത്തിന് ലാലിനെയും വല്ലാതെ പ്രതീക്ഷിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി അട്ടിമറി വിജയം ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ പ്രചരണത്തിന് കൊഴുപ്പേകാന്‍ ഇനി സുരേഷ് ഗോപി മാത്രമാണ് കാവി പടയുടെ ഏക ആശ്രയം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റുമെന്നാണ് ബി.ജെ.പി കരുതുന്നത്. അത്തരമൊരു സാഹചര്യത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കു കൂട്ടലിലായിരുന്നു സംഘപരിവാര്‍.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സേവാഭാരതിയുമായും ആര്‍.എസ്.എസ് നേതാക്കളുമായുള്ള സഹകരണം ലാല്‍ തുടര്‍ന്നതാണ് ആത്മവിശ്വാസത്തിന് കാരണമായിരുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ലാലിനെ ആദരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചും മോഹന്‍ലാല്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് ഈ കുടിക്കാഴ്ചക്ക് കളമൊരുക്കിയിരുന്നത്.

മോഹന്‍ലാല്‍ കാവി പളയത്തില്‍ എത്തുമെന്ന് കണ്ട് തന്നെയാണ് ഇടതുപക്ഷവും യു.ഡി.എഫും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലാല്‍ തന്നെ താന്‍ തിരുവനന്തപുരത്ത് മത്സരിക്കാനില്ലന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതോടെയാണ് കുമ്മനം രാജശേഖരന് നറുക്ക് വീണിരുന്നത്.

അപ്പോഴും പക്ഷേ ലാലില്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അവരുടെ ഉന്നം.ഇതിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ലാലിന്റെ സാന്നിധ്യം ബി.ജെ.പി ആഗ്രഹിക്കുന്നതും വ്യക്തമായ കണക്ക് കൂട്ടലുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ്.

മുന്‍പ് ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രസംഗിച്ചതിനാല്‍ ഇടതുപക്ഷത്തിന് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലന്ന് ബി.ജെ.പി നേതൃത്വം അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും ലാല്‍ വഴങ്ങിയിട്ടില്ല. രാഷ്ട്രീയ പക വന്നാല്‍ വേട്ടയാടപ്പെടുമെന്നും ഇന്നുവരെ താന്‍ ആര്‍ജിച്ച ജനപിന്തുണയും പേരും നഷ്ടമാകുമെന്നുമാണ് ലാലിപ്പോള്‍ ഭയക്കുന്നത്.

ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരിക്കും താരത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ബി.ജെ.പി നേതാക്കളുടെയും സംഘപരിവാര്‍ അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിനിടയിലും രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ലാലിനെ പ്രേരിപ്പിക്കുന്നതും ഈ ഭീതി തന്നെയാണ്.

നടി എമി ജാക്‌സണ്‍ അമ്മയായി. ഈ വിവരം എമി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കുഞ്ഞ് ആണ്‍കുട്ടിയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എമി പരിശോധനയിലൂടെ അറിയുകയും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചതു മുതല്‍ തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു എമി ജാക്‌സണ്‍. തന്റെ ബേബി ഷവറില്‍നിന്നുളള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് എമി തന്റെ ബേബി ഷവര്‍ ആഘോഷിച്ചത്. ഇളം ബ്ലൂ നിറത്തിലുളള വസ്ത്രമണിഞ്ഞാണ് എമി എത്തിയത്. അതിന് അനുസൃതമായാണ് ബേബി ഷവര്‍ ആഘോഷ വേദിയൊരുക്കിയതും.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്‌സണ്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

 

 

View this post on Instagram

 

Our Angel, welcome to the world Andreas 💙

A post shared by Amy Jackson (@iamamyjackson) on

സുഹൃത്തുക്കളായ 4 യുവാക്കളുടെ മരണം താങ്ങാനാവാതെ കേഴുകയാണ് ഇരവിപേരൂർ ഗ്രാമം. ഇന്നലെ രാത്രി ഏട്ടരയോടെയാണു ഇരവിപേരൂർ സ്വദേശികളായ 5 പേർ സഞ്ചരിച്ചിരുന്ന കാർ ടികെ റോഡിൽ കല്ലുമാലിൽപടിയിൽ വച്ച് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലേക്ക് കയറി. വലിയ ശബ്ദം കേട്ട് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും യുവാക്കളെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.

തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ജോബി, ബെൻ, അനൂപ് എന്നിവർ മരിച്ചിരുന്നു. അനിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം മരിച്ച മൂന്നു പേരുടെ‌യും മൃതദേഹങ്ങൾ കോയിപ്രം പൊലീസ് എത്തി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കലക്ടർ പി.ബി.നൂഹ്, പൊലീസ് മേധാവി ജി.ജയ്ദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ സ്ഥലത്ത് എത്തി. ടികെ റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. രാത്രി 12 മണിക്കും അപകടവിവരം അറിഞ്ഞ് ആശുപത്രിയിൽ ആളുകൾ എത്തി. അപകടത്തിൽ മരിച്ച ബെന്നിന്റെ വിവാഹം ഒക്ടോബർ 31ന് നടക്കാനിരുന്നതായിരുന്നു. പരുക്കേറ്റ് ആശുപത്രിയിലുള്ള അനീഷ്കുമാറും മരിച്ച അനൂപും അടുത്ത ബന്ധുക്കളാണ്.

നരേന്ദ്രമോദിക്കും ഡോണള്‍ഡ് ട്രംപിനുമൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരനാണ് ഇന്റര്‍നെറ്റ് ലോകത്തെ പുതിയ താരം. ഇരുവര്‍ക്കുമൊപ്പം കുട്ടി സെല്‍ഫിയെടുക്കുന്ന വിഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.

ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ ചടങ്ങിനിടെയാണ് സംഭവം. പരിപാടിയില്‍ നൃത്തം അവതരിപ്പിച്ച ചെറുപ്പക്കാരുമായി സംവദിക്കുകയായിരുന്നു മോദിയും ട്രംപും. അപ്പോഴാണ് ട്രംപിനടുത്തെത്തി ബാലന്‍ സെല്‍ഫിയെടുത്തോട്ടേ എന്ന് ചോദിച്ചത്. പിന്നാലെ മോദിയെയും വിളിച്ച് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടു. മോദിയും ട്രംപും ബാലനും സെല്‍ഫി ഫ്രെയിമില്‍.

രണ്ട് മണിക്കൂറിനുള്ളില്‍ നിരവധി ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. രണ്ട് ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ഭാഗ്യവാന്‍ എന്നാണ് ഭൂരിഭാഗം പേരും ചിത്രം ഷെയര്‍ ചെയ്ത് പറ‍ഞ്ഞത്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന സെല്‍ഫിയെന്നും കമന്റുകളെത്തി. എപ്പിക് സെല്‍ഫി എന്നായിരുന്നു ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രതികരണം.

ഹരിയാനയിലെ പഞ്ച്കുലയിലാണ് നടുക്കുന്ന സംഭവം. രോഗി മെഷീനിലുള്ള വിവരം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മറന്നുപോയെന്നാണ് വിവരം. സമയം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ എത്താത്തതിനെത്തുടര്‍ന്ന് രോഗി എംആര്‍ഐ സ്കാനിങ് മെഷീന്‍ ബെല്‍റ്റ് തകര്‍ത്ത് പുറത്തെത്തി.

തോളെല്ല് തെന്നിമാറിയതിന് പിന്നാലെയാണ് റാംഹര്‍ ലോഹന് (59) ഡോക്ടര്‍മാര്‍ എംആര്‍ഐ സ്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ലോഹന്‍ പഞ്ച്കുല ആശുപത്രിയിലെത്തിയത്. 10–15 മിനിട്ട് നേരം മെഷീനുള്ളില്‍ തന്നെ തുടരണമെന്നായിരുന്നു ജീവനക്കാര്‍ ലോഹനോട് പറഞ്ഞത്. 30 മിനിട്ട് കഴിഞ്ഞിട്ടും ലോഹനെ മെഷീനില്‍ നിന്ന് പുറത്തെത്തിച്ചില്ല. മെഷീനുള്ളില്‍ ചൂട് കൂടിയതിനെത്തുടര്‍ന്ന് ലോഹന് ശാരീരികാസ്വാസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെടാന്‍ തുടങ്ങി.

ഉറക്കെ നിലവിളിച്ചിട്ടും ആരും വന്നില്ലെന്ന് ലോഹന്‍ പറയുന്നു. മെഷീനിരുന്ന മുറിയില്‍ ആ സമയം ആരുമുണ്ടായിരുന്നില്ല. ”ശ്വാസം കിട്ടാതായി. സ്വയം പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും മെഷീന്‍ ബെല്‍റ്റ് ഉള്ളതിനാല്‍ അതിന് കഴിഞ്ഞില്ല. ഇനിയും വൈകിയാല്‍ മരിച്ചുപോകുമെന്ന് തോന്നി. അവസാന ശ്രമമായാണ് ബെല്‍റ്റ് തകര്‍ത്തത്”- ലോഹന്‍ പറഞ്ഞു.

എന്നാല്‍ ലോഹന്റെ ആരോപണങ്ങളെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അമിത് ഖോഖര്‍ നിഷേധിച്ചു. 20 മിനിട്ട് സ്കാനിങ് ആണ് നിര്‍ദേശിച്ചിരുന്നതെന്നും അവസാന രണ്ട് മിനിട്ടില്‍ രോഗി പരിഭ്രാന്തനാകുകയായിരുന്നുവെന്നും ഖോഖര്‍ പറയുന്നു. പുറത്തുവരാന്‍ തങ്ങള്‍ സഹായിച്ചുവെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ലോഹന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

RECENT POSTS
Copyright © . All rights reserved