ഗംഗ. പി
ഈ വർഷത്തെ മലയാളംയുകെ ഓണം സ്പെഷ്യലിൽ ധാരാളം കഥകളും യാത്രാവിവരണവും ലേഖനവും കവിതകളുമുണ്ട്. ഓരോന്നും പുതുമയാർന്നതും വ്യത്യസ്തതയുമുള്ളതാണ്. ഓണത്തിന്റെ ഓർമ്മകളും മാത്രമല്ല വിവിധതര പ്രമേയങ്ങളും പങ്കുവെയ്ക്കപ്പെടുന്നു. രസിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന എഴുത്തുകളിൽ ഞാൻ വായിച്ച ഏതാനും ചില കഥകളും കവിതകളും എടുത്തു പറയേണ്ടതാണ്.
റ്റിജി തോമസിന്റെ “തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ “എന്ന കഥയാണ് ആദ്യമായി ചൂണ്ടി കാട്ടേണ്ടത്. സത്യമേത് കഥയേതെന്ന് തിരിച്ചറിയാൻ കഴിയാതെ കുഴയ്ക്കുന്ന തിലകവതിയെന്ന പെൺകുട്ടിയുടെ കഥ. സ്വന്തം വേര് തേടിയുള്ള ഏതൊരു മനുഷ്യന്റെയും യാത്രയായി കാണാം. ഇന്നും മനുഷ്യൻ സ്വന്തം അസ്തിത്വം തിരയുന്ന സാഹചര്യത്തിൽ, ഏതൊരു കാലഘട്ടത്തിലും പ്രസക്തമായ പ്രമേയമാണ്.
“നന്മയുടെ ഓണം എന്ന രാജു കാഞ്ഞിരങ്ങാടിന്റെ കവിത. ഓണത്തിന്റെ നല്ല ഓർമ്മകൾ പകരുന്നതിനൊപ്പം തന്നെ സമൂഹത്തിന്റെ തിന്മയും വറ്റാത്ത നന്മയും കാട്ടി തരുന്നു. ആരുമില്ലാത്തവളെ ചേർത്തു പിടിക്കേണ്ട സമൂഹം തന്നെ അവളെ ചൂഷണം ചെയ്യുന്നു. നന്മയുടെ അംശം അവശേഷിക്കുന്നതിന്റെ തെളിവാണ് ഇതിലെ കഥാപാത്രമായ അമ്മ, ആരോരുമില്ലാത്ത ആ അമ്മയ്ക്കും കുഞ്ഞിനും ഓണക്കോടി സമ്മാനിക്കുന്നത്.
ഓണക്കാലത്തെ ഓർമ്മകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നതാണ് ശ്രീകുമാരി അശോകൻ എഴുതിയ “ഓണത്തുമ്പി പാടൂ നീ “എന്ന കവിത. അതുപോലെ” മാമ്പഴം “എന്ന കവിതയെ കൂടി അനുസ്മരിപ്പിക്കുന്നതാണ് ജേക്കബ് പ്ലാക്കന്റെ കവിത “ഓർമ്മപ്പൂക്കൾ “.ബാബുരാജ് കളമ്പൂരിന്റെ “തപ്തശ്രാവണം ” എന്ന കൃതി നഷ്ടപ്പെട്ടു പോയ ഓണക്കാലവും നന്മയും സന്തോഷവും കൃഷിയും ഓണം ബന്ധപ്പെട്ട എല്ലാത്തിനെയും ഓർമ്മപ്പെടുത്തുന്നു. അവ തിരികെ കിട്ടില്ലെന്ന തിരിച്ചറിവിൽ,എങ്കിലും തിരികെ കിട്ടാനായി ആശിക്കുന്ന മനസ്സിന്റെ വെമ്പലും മനോഹരമായി അവതരിപ്പിക്കുന്നു.
പ്രണയത്തിലെ ചതിയും പ്രതികാരവും അതിന്റെയിടയിൽ പെട്ടുപോകുന്ന ചില ജീവിതങ്ങളുടെയും നേർക്കാഴ്ചയാണ് ഡോ. മായാഗോപിനാഥിന്റെ “പ്രണയനീലം “എന്ന കഥ. പ്രണയത്തിന്റെ ഇരുണ്ടമുഖം കൂടി തുറന്നു കാട്ടുന്നു.
കേരളത്തിൽ കോളിക്കം സൃഷ്ടിച്ച ഒരു റിപ്പോർട്ടും അതിനു പിന്നാലെയുള്ള ചില വെളിപ്പെടുത്തലുകളും പാതാളത്തിൽ വസിക്കുന്ന മാവേലിയെ പോലും പേടിപ്പെടുത്തി. സത്യങ്ങൾക്ക് ഇടയിലെ അസത്യങ്ങൾ പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ചില നുണകഥകളും മാധ്യമങ്ങളുടെ കച്ചവടക്കണ്ണും വയനാട്ടിലെ ദുരന്തത്തിന്റെ ഓർമ്മപെടുത്തലും സത്യത്തിന്റെയും അസത്യത്തിന്റെയും പോരാട്ടത്തിന് ഇടയിൽ ഓണവും വരവായി. സമൂഹത്തിലേക്ക് കണ്ണു തുറക്കാൻ പ്രേരിപ്പിക്കുന്ന ശ്രദ്ധേയമായ കഥ തന്നെയാണ് ഷിജോ തോമസ് ഇലഞ്ഞിക്കലിന്റെ “മഹാബലി കമ്മീഷൻ റിപ്പോർട്ട് “.
പ്രൊഫ. കവിയൂർ ശിവപ്രസാദിന്റെ എഴുത്ത് നമുക്ക് ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്നു. ഓണസങ്കൽപ്പവും ഓണത്തെ കുറിച്ചുള്ള പല രേഖകളിലുള്ള പരാമർശവും ബുദ്ധമതസ്വാധീനവും സംഭാവനകളും ആര്യന്മാരുടെ അധിനിവേശവും ഓണം ബന്ധപ്പെട്ട കളികളിൽ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളും എന്നു വേണ്ട ഓണത്തെ പറ്റിയുള്ള ചരിത്രം തന്നെ ഗ്രഹിക്കാൻ സാധിക്കും.
കലാലയജീവിതത്തിലെ ഓണാഘോഷ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഓർമ്മകുറിപ്പാണ് ഡോ. ഐഷ. വിയുടെ “കലാലയ കാലത്തെ ഒരു ഓണാഘോഷം “. പല നാട്ടുകാരായ കൂട്ടുകാരുമൊത്തുള്ള ഓണാഘോഷം യഥാർത്ഥത്തിൽ ഒത്തൊരുമയുടെ പ്രതീകമാണ്. ഒപ്പം ഹോസ്റ്റൽ അന്തേവാസികളുടെ ഗൃഹാതുരത്വവും വടക്കൻ കേരളത്തിലെ സദ്യയും എല്ലാം കൊണ്ടും സമ്പന്നമായ ഓണം.
കെ. ആർ. മോഹൻദാസിന്റെ “കാവിലെ സന്ധ്യ”എന്ന കഥ വായിച്ചു കഴിയുമ്പോൾ ഗ്രാമത്തിലെ വേനലാവധിക്കാല ഓർമ്മകൾ മാത്രമല്ല ഒടുവിൽ ചേച്ചിയുടെ പോലെ തന്റെയും പ്രണയത്തിനായിട്ടുള്ള കാത്തിരിപ്പ് തുടങ്ങുന്നതായിട്ടാണ് കഥ അവസാനിക്കുന്നത്.
തിരിച്ചറിയാതെ പോകുന്നയൊരു പ്രണയത്തിന്റെ കഥയാണ് “പെയ്തൊഴിയാതെ “എന്ന തന്റെ കഥയിലൂടെ സതീഷ് ബാലകൃഷ്ണൻ നമ്മളോട് പറയുന്നത്. ചില മനുഷ്യർക്ക് തനിക്ക് ചുറ്റുമുള്ള ഒന്നിനെയും തിരിച്ചറിയാൻ സാധിക്കില്ല. അതേസമയം സുജാതാ അനിലിന്റെ “നീയും ഞാനും തനിച്ചാകുമ്പോൾ “എന്ന കവിത പ്രണയത്തിലെ സൗന്ദര്യത്തെ പകർന്നു തരുന്നു. പ്രണയം മനസ്സുകൾ തമ്മിലാണെന്ന് പഠിപ്പിച്ചു തരുന്ന അതിമനോഹരമായ കഥയാണ് എം. ജി. ബിജുകുമാർ പന്തളത്തിന്റെ “അമൃതവർഷിണി “.
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമാ രംഗത്തെ ചൂഷണങ്ങളെ ആസ്പദമാക്കി ശ്രീനാഥ് സദാനന്ദൻ എഴുതിയ കഥ “അഡ്ജസ്റ്റ്മെന്റ് “. കഴിവുള്ളവരെ കൈപിടിച്ചുയർത്തേണ്ടവർ തന്നെ ചൂഷണം ചെയ്യുന്ന അവസ്ഥ. മാതൃഭൂമി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളിൽ എഴുതുന്ന വൈശാഖിന്റെ പ്ലാൻ ബി എന്ന കവിത വായിക്കുന്നവരിൽ ഒട്ടേറെ അർത്ഥതലങ്ങൾ ജനിപ്പിക്കുന്നതാണ്
നഗരത്തിലെ ഓണവും നാട്ടിൻപുറത്തെ ഓണവും തമ്മിൽ ഒത്തിരി അന്തരമുണ്ട്. നഷ്ടപ്പെട്ടുപോയ ഗ്രാമജീവിതവും ഓണാഘോഷവും ബാല്യവുമെല്ലാം ഓർത്തെടുക്കലാണ് അനുജ സജീവിന്റെ “പൂക്കൾ “എന്ന ചെറുകഥയിലൂടെ. ബാല്യത്തിലെ ഓണത്തിന്റെ ഓർമ്മകളിൽ കൊതിയൂറുന്ന നാടൻ പലഹാരങ്ങളുടെയും പേരുകൾ പങ്കുവെക്കുന്നു ഡോക്ടർ എ. സി. രാജീവ് കുമാർ തന്റെ ലേഖനം “ഒറോട്ടി “യിലൂടെ. അങ്ങനെ എത്ര പറഞ്ഞാലും അവസാനിക്കാത്ത എഴുത്തുകളും പ്രമേയങ്ങളും ഇനിയും ബാക്കിയാണ്.
ഗംഗ. പി : ഒന്നാം വർഷം, എം എ മലയാളം, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം. സ്വദേശം :പാരിപ്പള്ളി, കൊല്ലം
വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുതിയ മിഷൻ നിലവിൽ വരുന്നു. സെൻറ് അൽഫോൻസാ മിഷൻ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 25-ാം തീയതി സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവ് നടത്തും. സെപ്റ്റംബർ 25-ാം തീയതി ബുധനാഴ്ച 5 മണിക്ക് നടക്കുന്ന തിരുകർമ്മങ്ങൾക്കും ഉത്ഘാടന ചടങ്ങുകൾക്കും മാർ റാഫേൽ തട്ടിൽ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നൽകും. കിത്തിലിയിലെ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചായിരിക്കും ചടങ്ങുകൾ നടക്കുക.
കിത്തിലി കേന്ദ്രീകൃതമായി സീറോ മലബാർ സഭയ്ക്ക് ഒരു മിഷൻ എന്ന കിത്തിലി നിവാസികളുടെ ചിരകാല സ്വപ്നത്തിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സെന്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രഡ് ദേവാലയത്തിന്റെ വികാരിയും പുതിയതായി രൂപീകൃതമാകുന്ന മിഷന്റെ നിയുക്ത ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാംകുളം (MCBS ) ന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. കിത്തിലിയിലെ സീറോ മലബാർ സമൂഹം നിലവിൽ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകയിലെ അംഗങ്ങളാണ്. ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവക വിഭജിച്ച് പുതിയതായി ഒരു മിഷൻ കൂടി നിലവിൽ വരുന്നതോടുകൂടി വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് ഒരു പുതിയ നാഴിക കല്ലാകും.
വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് കിത്തിലിയിലെ വിശ്വാസികൾ നൽകിയ പിന്തുണ ചരിത്രത്തിന്റെ ഭാഗമാണ്. വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന ദൗത്യവുമായി ഫാ. ജോസഫ് പൊന്നോത്ത് ഒന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് എത്തുമ്പോൾ കിത്തിലി ആയിരുന്നു അദ്ദേഹത്തിൻറെ ആസ്ഥാനം. കിത്തിലി നിവാസികൾ നൽകിയ പിന്തുണ ഫാ. ജോസഫ് പൊന്നോത്തിനെ ഭൂവിസ്തൃതിയിൽ വിശാലമായി കിടക്കുന്ന വെസ്റ്റ് യോർക്ക് ഷെയറിലെമ്പാടും ഓടിനടന്ന് സഭാ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും ഏകോപിപ്പിക്കാനും സഹായകരമായി. ലീഡ്സ് ആസ്ഥാനമായി വെസ്റ്റ് യോർക്ക് ഷെയറിലെ വിശ്വാസികൾ ഫാ. ജോസഫ് പൊന്നോത്തിൻ്റെ നേതൃത്വത്തിൽ ഒത്തുകൂടിയപ്പോഴും, ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിൽ ഇടവക ദേവാലയം ആയപ്പോഴും കിത്തിലിയിലെ വിശ്വാസികൾ സഭയുടെ വളർച്ചയ്ക്ക് നിർണ്ണായകമായ സംഭാവനകളാണ് നൽകിയത്.
പുതിയ മിഷന്റെ ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത മിഷൻ ഡയറക്ടർ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.
മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്നു. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അറിയപ്പെടുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനിസ്റ്റു കൂടിയായ എം.എം ലോറന്‍സ് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15 നാണ് ജനനം.
സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ് : യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, പുതുമുഖ പ്രതിഭകൾക്ക് അവസരമൊരുക്കിയും, നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായ 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു കേംബ്രിഡ്ജിൽ സീസൺ 8 നു വേദിയൊരുങ്ങുന്നു. 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 & ചാരിറ്റി ഈവന്റിന് ഇത്തവണ അണിയറ ഒരുക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ‘കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ’ ആണ്.
യു കെ യുടെ ചരിത്രം ഉറങ്ങുന്ന നഗരിയും, സാംസ്ക്കാരിക കേന്ദ്രവും, വിദ്യാഭ്യാസ മേഖലയിൽ ആഗോളതലത്തിൽ പ്രശസ്തവുമായ കേംബ്രിഡ്ജിൽ ‘ദി നെതെർഹാൾ സ്‌കൂൾ’ ഓഡിറ്റോറിയത്തിലാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 22 നു ശനിയാഴ്ച്ച 2 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീതോത്സവം നടക്കുക.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ കവിയുടെ സംഗീതാർച്ചനയുമായി നിരവധി ഗായക പ്രതിഭകൾ ഗാന വിരുന്നൊരുക്കുമ്പോൾ 7 ബീറ്റ്‌സ് സംഗീതോത്സവം നാളിതുവരെയുള്ള വർഷങ്ങളിൽ ഓ എൻ വി സാറിനായി ഒരുക്കുന്ന കലാ സമർപ്പണം കൂടിയാവും സംഗീതോത്സവം.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകർക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവന്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ഏഴു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക് സാധിച്ചിട്ടുണ്ട്.
കലയുടെ കേളികൊട്ടും, സംഗീത വിരുന്നും, കലാസ്വാദകരുടെ വൻ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 -ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
Venue:-
The Netherhall School, Queen Edith’s Way, Cambridge, CB1 8NN
പേജര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ബള്‍ഗേറിയയുടെ ക്ലീന്‍ ചിറ്റ്. കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ബള്‍ഗേറിയന്‍ സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണവും ബള്‍ഗേറിയയില്‍ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ല. നോര്‍ട്ട ഗ്ലോബല്‍ ബള്‍ഗേറിയയില്‍ നിന്ന് തായ്‌വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ബി.എ.സി കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നത്.
അതേസമയം റിന്‍സന്‍ ചതിക്കപ്പെട്ടതാവാമെന്നും തെറ്റു ചെയ്യില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും അമ്മാവന്‍ തങ്കച്ചന്‍ പ്രതികരിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്നും അദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് റിന്‍സന്‍ അവസാനം നാട്ടിലെത്തിയത്. റിന്‍സന്‍ പഠിച്ചതും വളര്‍ന്നതും നാട്ടില്‍തന്നെയാണ്. ജോലിക്കായാണ് നോര്‍വയിലേക്ക് പോയത്.
സഹപ്രവർത്തക ശൗചാലയത്തിൽ പോയി യൂണിഫോം മാറിക്കൊണ്ടിരുന്നത് മൊബൈൽ ഫോണിൽ പകർത്തിയയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായർ (54) സൗത്ത് പൊലീസിന്റെ പിടിയിലായത്.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാർഡിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വനിതകളുടെ ശൗചാലയത്തിൽ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷൻമാരുടെ ശൗചാലയത്തിന്റെ മുകൾ ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് യുവതി ശ്രദ്ധിക്കുന്നത്.
ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കൽ എൻജിനീയറോട് വിവരം പറയുകയും ചെയ്തു. മെക്കാനിക്കൽ എൻജിനീയർ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് ശ്രീകണ്ഠൻ നായരുടെ ഫോണിൽ നിന്നും വീഡിയോ ലഭിക്കുന്നത്. ഉടനെതന്നെ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോൺവാളിൽ ട്രൂറോമലയാളി അസോസിയേഷൻ അതിവിപുലമായ ഓണഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ കലാപരിപാടികളും മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും,വടം വലി മത്സരവും ചേർന്ന ട്രൂറോ മലയാളിക്കൊപ്പമുള്ള ഓണം 2024, സെപ്റ്റംബർ 22 ഞായറാഴ്ച സെൻ്റ് എർമെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
കോൺവാളിലെ എല്ലാ മലയാളികള്‍ പങ്കെടുക്കുന്ന ഈ മഹാ മാമാങ്കത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ന്യൂസ് ഡെസ്ക് . മലയാളം യുകെ
പുതിയതും എന്നാൽ പുതുമ നിറഞ്ഞതുമായ പ്രവർത്തനങ്ങളിലൂടെ യോർക്ഷയറിൽ മുൻനിരയിലേയ്ക്കെത്തുന്ന യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ പ്രഥമ ഓണാഘോഷം വർണ്ണാഭമായ കലാവിരുന്നോടെ സെപ്റ്റംബർ 15 -ന് ഹരോഗേറ്റിൽ നടന്നു. ഹരോഗേറ്റിലെ ബിഷപ്പ് മോൺക്ടൺ വില്ലേജ് ഹാളിൽ ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ കഥയും തിരക്കഥയും സംവിധാനവും ശബ്ദവും നൽകി അഭിനയിച്ച ഓണം സ്കിറ്റ് അരങ്ങേറി. ഇതുവരെയും കാണാത്ത തീതിയിൽ അവതരിപ്പിച്ച ഓണം സ്കിറ്റ് കാണികൾക്ക് വേറിട്ടൊരനുഭവമായി മാറി. തുടർന്ന് മാവേലിയുടെ എഴുന്നള്ളത്തായിരുന്നു. താലപ്പൊലിയും ചെണ്ടമേളങ്ങളും വാളും പരിചയുമേന്തിയ കളരിപ്പയറ്റുകാരുടെയും നടുവിൽ ഓലക്കുടയും പിടിച്ച് സൈക്കിൾ ചവിട്ടിയാണ് മാവേലി ഇക്കുറിയെത്തിയത്.
ഓണാഘോഷത്തിൽ പങ്കെടുത്ത പാശ്ചാത്യ സമൂഹത്തിന് ഈ ഘോഷയാത്ര വേറിട്ടൊരനുഭവമായിരുന്നു. റിപ്പണിൽ നിന്നുള്ള ഷിജു മാത്യുവാണ് മാവേലിയായി വേഷമിട്ടത്. തുടർന്ന് നല്ലൊരു ഓണസന്ദേശം നൽകി മാവേലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചീഫ് ഗസ്റ്റുമാരായ റിച്ചാർഡ്, ഡീക്കൻ ഡേവിഡ്, യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. അപ്രതീക്ഷിതമായ തിരക്കുകൾ മൂലം ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സിറ്റിംഗ് എംപി യോർക്ഷയർ കേരള കമ്മ്യൂണിറ്റിക് ആശംസയറിയിച്ച് അയച്ച വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. പ്രാദേശിക സമൂഹം പ്രവാസി മലയാളികൾക്കു കൊടുക്കുന്ന പരിഗണനയുടെ പ്രകടമായ തെളിവാണിത്.
ഓണപ്പാട്ട്, തിരുവാതിര, കോലുകളി, കൈകൊട്ടികളി, മുപ്പതോളം കുട്ടികൾ ഒരുമിച്ചവതരിപ്പിച്ച പൂവിളി നൃത്തം തുടങ്ങി ഓണത്തിൻ്റെ ഓർമ്മ മലയാളികളുടെ മനസ്സിൽ നിലനിർത്തുന്ന കലാവിരുന്നാണ് സ്‌റ്റേജിൽ അരങ്ങേറിയത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയായിരുന്നു. ഓണസദ്യയ്ക്ക് ശേഷം വിശാലമായ ഗ്രൗണ്ടിൽ കായിക മത്സങ്ങൾ നടന്നു. മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള മത്സരങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്.
വടംവലി, ഉറിയടി തുടങ്ങിയ പരമ്പരാഗതമായ മത്സരങ്ങളാണ് ഏറ്റവും കൂടുതൽ ആസ്വാദന സുഖമുണ്ടാക്കിയത്.
പ്രത്യേകം ക്ഷണിതാക്കളായ പ്രാദേശിക സമൂഹം മലയാളികളേക്കാൾ കൂടുതൽ ആവേശത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ വടം വലി മത്സരത്തിൽ ആവേശം മൂത്ത് ഒരു ഇംഗ്ലീഷ് പെൺകുട്ടി ഉടുത്തിരുന്ന സാരി പുരുഷന്മാർ മുണ്ട് മടക്കിക്കുന്നതുപോലെ മടക്കിക്കുത്തി വടം വലിക്കിറങ്ങിയത് കാണികൾക്ക് കൗതുകവും മത്സരാർത്ഥികൾക്ക് ആവേശവും പകർന്നു.
മത്സര വിജയികൾക്ക് ഡോ. റിച്ചാർഡ് സമ്മാനദാനം നിർവ്വഹിച്ചു. ചുവന്ന കാർപ്പെറ്റിലൂടെ നടന്ന് വന്ന് പോടിയത്തിൻ്റെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിന്നുകൊണ്ട് സമ്മാനങ്ങൾ വാങ്ങിയ വിജയികൾക്ക് അതൊരു പ്രത്യേക അനുഭവം തന്നെയായിരുന്നു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് നന്ദി പ്രസംഗം നടത്തി. 6.30 തോടു കൂടി. യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.
യോർക്ഷയർ കേരള കമ്മ്യൂണിറ്റിയെ നയിക്കുന്നവർ ഇവരാണ്. ബിനോയ് അലക്സ് ( പ്രസിഡൻ്റ്, സിനി ജയൻ (സെക്രട്ടറി) ജോഷി ജോർജ്ജ് (ട്രഷറർ), ഗ്ലാഡിസ് പോൾ (ജോയിൻ്റ് സെക്രട്ടറി) കുര്യൻ പൈലി (ജനറൽ കോർഡിനേറ്റർ) കൂടാതെ ഈവൻ്റ് കോർഡിനേറ്ററുമാരായ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവരാണ് യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ നെടുംതൂണുകൾ.
റെക്സം കേരളാ കമ്മ്യൂണിറ്റി (WKC)യുടെ തിരുവോണാഘോഷം 14-ാം തീയതി ശനിയാഴ്ച റെക്സം വാർമെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പ്രഡഗംഭീരം നടത്തപെട്ടു. രാവിലെ പത്തു മണിക്ക് രജിസ്ട്രേഷൻ, തുടർന്ന് അത്തപ്പൂക്കളം ഇടീൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ആനക്ക് വാലുവര, കസേരകളി,. സുന്ദരിക്ക് പൊട്ടുതൊടൽ എന്നിവ മത്സരത്തേക്കാൾ ഉപരി ഏവർക്കും ചിരിപകരുന്ന അനുഭവമായി.
12 മണിയോടെ നാലു ടീമുകൾ ആവേശത്തോടെ നടത്തിയ വടം വലി മത്സരം കാണികൾ ഹർഷാരവത്തോടെയാണ് പ്രോൽസാഹിപ്പിച്ചത്. മനോജ് നാരായണൻ സ്പോൺസർ ചെയ്ത 250 /- പൗണ്ട് ക്യാഷ് പ്രൈസും, WKC സ്പോൺസർ ചെയ്ത ഏവർ റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ശക്തമായ മത്സരത്തിന് റോഷൻ ക്യാപ്റ്റനായ പാപ്പൻ ആന്റ് ടീം, ബെന്നി ക്യാപ്റ്റനായ ഗുരുക്ഷേത്ര ടീം, സെബാസ്റ്റ്യൻ ക്യാപ്റ്റനായ റെക്സം വാര്യയേഴ്സ്, അജു ക്യാപ്റ്റനായ റെക്സം മല്ലൂസ് .എന്നിവരുടെ ശക്തമായ മൽസരം റെക്സം മലയാളികൾക്ക് പുതു അനുഭവമായിരുന്നു..
ബെന്നി ക്യാപ്റ്റനായ ഗുരു ക്ഷേത്ര ഒന്നാം സ്ഥാനവും അജു കാപ്റ്റനായ റെക്സം മല്ലൂസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ആൻസിയും, ബീനയും നേതൃത്വം നല്കിയ സ്ത്രീകളുടെ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
.
പുരുഷൻമാർക്ക് ഒപ്പം സ്ത്രീകളും വടം വലി മത്സരത്തിൽ മാറ്റുരച്ചത് മൽസരത്തേക്കാൾ ഉപരി ഏവർക്കും സന്തോഷം പകരുന്നതായി.
ഒരുമണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യയും . തുടർന്ന് ബ്രിട്ടീഷ് മലയാളി അവാർഡ്ദാനത്തിലെ അവതാരകരായ അന്നപോളും, പ്രിൻസ് സേവ്യറും ചേർന്ന് വിശിഷ്ട അതിഥികളായ റെക്സം സിറ്റി മേയർ മാഡം ബെറിൽ ബ്ലാക്ക് മോർ, മേയർ കൺസോൾഡ് ഡൊറോത്തി ലോയഡ് എന്നിവരെ മഹാബലിയോടും പുലികളി സംഘത്തോടും ഒപ്പം ചേർന്ന് കമ്മറ്റി അംഗങ്ങൾ ചെണ്ടമേള അകമ്പടിയോടെ സ്റ്റേജി ലേക്ക് ആനയിച്ചു. തുടർന്ന് ഇവാൻജല പ്രിൻസ് ഈശ്വര പ്രാർത്ഥനയും ധന്യാ മനോജ് ഓണത്തിന്റെ ഐതീഹ്യം വിവരിച്ച് സ്വാഗതപ്രസംഗവും നടത്തി. തുടർന്ന് പ്രസിഡന്റും വിശിഷ്ട വ്യക്തികളും ചേർന്ന് തിരി തെളിച്ച് ഉൽഘാടന കർമ്മം നിർവഹിച് ഏവർക്കും ആശംസകൾ നേർന്നു. നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കളെ പൂഞ്ചെണ്ട് കൊടുത്ത് സ്റ്റേജിൽ ആദരിച്ചത് നമ്മുടെ മാതാപിതാക്കളോടുള്ള സ്നേഹത്തിന്റ പ്രകടനമായി മാറി.
.
തുടർന്ന് നടന്ന കലാപരിപാടികൾ ഏവർക്കും ആസ്വാദകരം ആയിരുന്നു. തിരുവാതിര,, വള്ളംകളി, ഫ്യൂഷൻ ഡാൻസ് പാട്ടുകൾ, സ്കിറ്റുകൾ, കപ്പിൾ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ ഏവരുടേയും മനം കവരുന്നതായിരുന്നു.
സദസിന്റെ മുഴുവൻ കൈയടി നേടിയ കേരള മങ്ക പുരസ്കാരത്തിന് റ്റിൻറുവും കേരള ശ്രീമാൻ പുരസ്കാരം മനുവും കരസ്ഥമാക്കി. അഞ്ചു മണിയോടെ ചൂട് പാറുന്ന ചെറുകടികളും ചായ, കാപ്പി എന്നിവ ഏവർക്കും നൽകിയത് കൂടുതൽ ഊർജം പകരുന്നത് ആയിരുന്നു.
പതിനാല് സമ്മാനങ്ങൾ ഉൾകൊള്ളുന്ന റാഫിൾ ടിക്കറ്റ് ഏവർക്കും ഭാഗ്യം പരീക്ഷി ക്കുന്നതും ഉപകാരപ്രഥവുമായിരുന്നു. റെക്സം കേരളാ കമ്യൂണിറ്റിയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തിയ ആവേശകരമായ ലേലം ഏവരേയും . വാശിയുടെ കൊടുമുടിയിൽ എത്തിച്ചു. നാട്ടിൽ നിന്നും എത്തിച്ച ഓൾഡ് മഗ്ഗ്, യുകെയിലെ മലയാളികളുടെ ഉൽപന്നമായ ഒറ്റ കൊമ്പൻ. സ്വീറ്റ് വൈൻ എന്നിവ 350/- പൗണ്ടിന് രാജേഷും, മനോജ് നാരായണനും ചേർന്ന് ൈ കൈപ്പിടിയിൽ ഒതൂക്കി . ഈ ലേലത്തിൽ ഏവർക്കും പങ്കെടുക്കാൻ കഴിയുന്നത് മത്സര ആവേശവും സന്തോഷവും പകരുന്നതായി മാറി. റെക്സം കേരളാ കമ്മ്യൂണിറ്റി നടത്തിയ സ്പോർട്സ് ഡേ, മറ്റ് കലാ മത്സരങ്ങളുടെയും സമ്മാനവും അതോടൊപ്പം ഓണ ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ കൈമാറുകയുണ്ടായി.
ഓണ പരിപാടികൾക്ക് സംഗീതത്തിന്റെ ലയന, താളം ഒരുക്കാൻ റെക്സം മന്ത്ര ഒരുക്കിയ സംഗീത നിശ ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ പ്രചോദനകരം ആയിരുന്നു..രാത്രി ഒൻപതു മണിയോടെ സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി…
അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ബെഡ്ഫോർഡ് കേന്ദ്രമായുള്ള സെന്റ് അൽഫോൻസാ മിഷനിൽ കഴിഞ്ഞ മൂന്നു വർഷമായി സ്തുത്യർഹമായ നിലയിൽ അജപാലന സേവനം അനുഷ്ഠിക്കുകയും, സെൻറ് അൽഫോൻസാ കമ്മ്യൂണിറ്റിയെ മിഷൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത എബിൻ നീറുവേലിൽ അച്ചൻ സ്ഥലം മാറി പോകുന്ന വേളയിൽ ഇടവകയുടെ നേതൃത്വത്തിൽ അച്ചന് ഹൃദ്യമായ യാത്രയയപ്പു നൽകും.
ഇതോടൊപ്പം ബെഡ്‌ഫോർഡ് സെന്റ് അൽഫോൻസാ മിഷനിൽ ഇടവക വികാരിയായി ചാർജ് എടുക്കുന്ന ഫാ. എൽവിസ് ജോസ് കോച്ചേരി MCBS നു തഥവസരത്തിൽ ഊഷ്‌മള സ്വീകരണം ഒരുക്കുന്നതുമാണ്.
ഫാ. എൽവിസ് കോച്ചേരി MCBS നിലവിൽ എപ്പാർക്കിയൽ മീഡിയ കമ്മീഷൻ ചെയർമാനും, ലെസ്റ്റർ റീജണൽ കോർഡിനേറ്ററുമാണ്. എൽവിസ് അച്ചൻ കെറ്ററിംഗ് & നോർത്താംപ്ടൺ മിഷനുകളിൽ അജപാലന ശുശ്രുഷ ചെയ്തുവരികയായിരുന്നു.
ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ മിഷന്റെ ആല്മീയ തലത്തിലുള്ള സമഗ്ര വളർച്ചയ്ക്കു നേതൃത്വം വഹിച്ച ഫാ. എബിൻ, പ്രശസ്ത ധ്യാനഗുരുവും, വിൻസൻഷ്യൽ സഭാംഗവുമാണ്. കെറ്ററിംഗ് & നോർത്താംപ്ടൺ മിഷൻറെ അജപാലന ശുശ്രുഷ എബിൻ അച്ചൻ ഏറ്റെടുക്കും.
ബെഡ്ഫോർഡിൽ അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റ് എന്ന നിലയിൽ സേവനം അനുഷ്‌ടിക്കുകയും, മിഷൻ പ്രവർത്തനങ്ങളിൽ എബിൻ അച്ചനെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ജോബിൻ കൊശാക്കൽ അച്ചനും എബിൻ അച്ചനോടൊപ്പം ബെഡ്ഫോർഡിൽ നിന്നും മാറുകയാണ്. സഭ ഏല്പിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിൻ അച്ചന്റേയും ജോബിൻ അച്ചന്റേയും സ്ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്‌ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാർത്ഥനകളും നേരുന്നതായും പള്ളിക്കമ്മിറ്റി അറിയിച്ചു.