Latest News

കൊല്ലത്തു നിന്നുള്ള മല്‍സ്യ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്. പത്തുവള്ളങ്ങളിലായി മുപ്പതു തൊഴിലാളികളാണ് പത്തനംതിട്ട ജില്ലയിലേക്ക് പോയത്. മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് വള്ളങ്ങള്‍ പത്തനംതിട്ടയിലേക്ക് അയക്കുന്നതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്.

കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്. ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിന്റെ സൈന്യം വീണ്ടും
പത്തനംതിട്ടയിലേക്ക് ….
10 യാനങ്ങള്‍ പുറപ്പെട്ടു….

കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്.

മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്. കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്.
ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്.

ഓരോ വള്ളത്തിലും മൂന്ന് മത്സ്യത്തൊഴിലാളികള്‍ വീതം 30 പേരാണ് സംഘത്തിലുള്ളത്.
മുന്‍പ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വ നല്‍കിയ ജോസഫ് മില്‍ഖാസ് അടക്കമുള്ള സംഘത്തിനൊപ്പം പരിശീലനം സിദ്ധിച്ച കോസ്റ്റല്‍ വാര്‍ഡന്‍മാരും കടല്‍ രക്ഷാ സ്‌ക്വാഡ് അംഗങ്ങളും പുറപ്പെട്ടിട്ടുണ്ട്.
മത്സ്യഫെഡ് ബങ്കില്‍ നിന്ന് 50 ലീറ്റര്‍ മണ്ണെണ്ണ വീതം യാനങ്ങളില്‍ നിറച്ചിട്ടുണ്ട്. ലോറികളിലും ആവശ്യമായ ഇന്ധനം നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകളും ഭക്ഷണ കിറ്റുകളും നല്‍കി .
ഏഴ് വള്ളങ്ങള്‍ കൂടി പത്തനംതിട്ടയിലേയ്ക്ക് അടുത്ത ദിവസം പുറപ്പെടും

ഹൂസ്റ്റണ്‍: ജീവിതത്തിലെ ഇരുള്‍ മൂടിയ ദിനങ്ങളിലാണ് ക്രിസ്തുവിനെ അറിഞ്ഞതെന്നും അന്നുമുതല്‍ ജീവിതത്തിലേക്ക് പ്രകാശം കടന്നുവന്നുവെന്നും ക്രിസ്റ്റീന മോഹിനി. ഹൂസ്റ്റണിലെ സീറോ മലബാര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ തന്റെ ജീവിതസാക്ഷ്യം ആയിരങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെക്കുകയായിരിന്നു അവര്‍. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിര്‍ത്താന്‍ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ലായെന്ന് നടി തുറന്ന് പറഞ്ഞു.

ക്രിസ്തു കൂടെയുണ്ടെങ്കില്‍ ദുഷ്ടാരൂപികള്‍ക്ക് നമ്മെ കീഴടക്കാനോ നമ്മില്‍ ആവസിക്കാനോ കഴിയില്ല. ആദ്യ പ്രസവം കഴിഞ്ഞ ഇരുപത്തിനാലാം വയസു മുതല്‍ സ്‌പോണ്ടിലോസിസ് രോഗം പിടികൂടിയെന്നും തുടര്‍ന്ന് വിഷാദവും ഏകാന്തതയും ചേര്‍ന്ന് ജീവിതത്തെ വരിഞ്ഞുമുറുക്കിയെന്നും പഴയകാലത്തിന്റെ ഓര്‍മ്മകള്‍ താരം പങ്കുവച്ചു. അന്നത്തെ ദിനങ്ങളില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ട്. ആ ദിനങ്ങളിലാണ് ബൈബിളുമായി പരിചയത്തിലാകുന്നത്. തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മോഹിനിക്ക് ബൈബിളും ക്രിസ്തുവും പുതിയൊരു അത്ഭുതമായിരുന്നു.

ദിവ്യകാരുണ്യനാഥന്‍ വസിക്കുന്ന ദേവാലയത്തിലെ തിരുക്കര്‍മങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനില്‍ക്കുന്ന ജപമാല പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നല്‍കിതുടങ്ങി. ബൈബിള്‍ വഴി ക്രിസ്തുവിലേക്കും അവിടെ നിന്ന് ദിവ്യകാരുണ്യാനുഭവത്തിലേക്കും ജീവിതം വഴി മാറി. ജപമാലയും ദൈവമാതൃസ്തുതികളും ജീവിതത്തിന്റെ ഭാഗമായി. പതുക്കെപതുക്കെ തന്നെപിടികൂടിയിരുന്ന വിഷാദത്തിന്റെയും രോഗത്തിന്റെയും ദു:ഖത്തിന്റെയും അരൂപികള്‍ വിട്ടുപോകുകയും ജീവിതം പ്രകാശമാനമാവുകയും ചെയ്തു. പരിശുദ്ധ അമ്മയിലൂടെയാണ് താന്‍ ഈശോയുടെ വഴിയിലെത്തിയതെന്നും മോഹിനി സാക്ഷ്യപ്പെടുത്തി. മുന്‍ചലച്ചിത്രതാരത്തിന്റെ ജീവിതസാക്ഷ്യം അത്ഭുതാദരവോടെയാണ് സദസ് കേട്ടിരുന്നത്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു ഒടുവില്‍ സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനി ഇന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമാണ്.

[ot-video][/ot-video]

വാഷിങ്ടന്‍∙ ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് പ്രശസ്തരായ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും 19-കാരിയായ മകളും മരിച്ചു. ഡോ. ജസ്‌വീര്‍ ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ എന്നിവരാണു മരിച്ചത്.

യാത്രയില്‍ ഒപ്പമില്ലാതിരുന്ന ഒരു മകള്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. 44 വര്‍ഷം പഴക്കമുള്ള വിമാനം പറത്തിയിരുന്നത് പൈലറ്റ് ലൈസന്‍സുള്ള ഡോ. ജസ്‌വീര്‍ ഖുറാനയാണ്. ഡല്‍ഹി എയിംസില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജസ്‌വീറും ഭാര്യയും രണ്ടു പതിറ്റാണ്ടു മുമ്പാണ് അമേരിക്കയിലേക്കു പോയത്.

രാവിലെ ആറു മണിക്ക് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ വിമാനത്താവളത്തില്‍നിന്നു കൊളംബസിലെ ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിമാനത്താവളത്തിലേക്കായിരുന്നു ഇവരുടെ യാത്ര. പറന്നുയര്‍ന്നു മിനിട്ടുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീണെന്നാണ് റിപ്പോര്‍ട്ട്.

മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിൽ വിജയ് സൂര്യ എന്നിവർക്ക് ഒപ്പം അഭിനയിച്ച താരമാണ് വിജയലക്ഷ്മി. തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ ഒരു കാലത്ത് സജീവമായിരുന്ന വിജയലക്ഷ്മി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ച്‌ നാളുകളായി ആശുപത്രിയില്‍ ചികിത്സയിലാണ്. മാനസികവും ശാരീരികവുമായ അവശതകള്‍ കാരണം ദുരിതമനുഭവിക്കുന്ന തന്നെ സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചു രംഗത്തെത്തിയിരിക്കുകയാണ് താരം.

നടന്‍ രജനികാന്തിനോടാണ് വിജയലക്ഷ്മി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. രജനിയെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയലക്ഷ്മി പറയുന്നു. തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന്‍ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്ന് വിജയലക്ഷ്മി ആരോപിച്ചിരുന്നു. ‘സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്’- വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിലും സിനിമയിലും വലിയ വിജയങ്ങൾ നേടാൻ കഴിയാതെ ഇരുന്ന നടി ഇപ്പോൾ ചികിൽസക്ക് പണം ഇല്ലാത്ത തകർന്ന അവസ്ഥയിൽ ആണ്. സിനിമ ലോകത്തെ പലരെയും പണത്തിന് ആയി സമീപിച്ചു എങ്കിലും ഒന്നും ലഭിച്ചില്ല എന്നാണ് സഹോദരി പറയുന്നത്. വിജയലക്ഷ്മിയുടെ സിനിമയിലെ അടുത്ത സുഹൃത്തുക്കൾ പോലും ഈ അവസ്ഥയിൽ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല എന്നാണ് സഹോദരി പറയുന്നത്. വിജയലക്ഷ്മിയുടെ അമ്മയും ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിൽ ആണ്. അച്ഛൻ മരിച്ച സമയത്ത് വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചത് വാർത്ത ആയിരുന്നു. ആര്യ നായകനായ ബോസ് എങ്കിര ഭാസ്‌കറിലും പ്രധാന വേഷം ചെയ്തിരുന്നു. മീസയെ മുറുക്ക് എന്ന ചിത്രമായിരുന്നു തമിഴില്‍ അവസാനം ചെയ്തത്. കന്നഡത്തിലായിരുന്നു തുടക്കം. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ടെലിവിഷന്‍ സീരിയലുകളിലേക്ക് മാറിയിരുന്നു വിജയലക്ഷ്മി.

കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു.

വെള്ളിയാഴ്ച ആറരയോടെയാണ് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്ന സംശയത്താലാണ് രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളില്‍ കടന്നത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച്‌ ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. അതേസമയം അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകുന്നു.ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. പുഴകളും തോടുകളും കര കവിഞ്ഞൊഴുകുന്നു.കഴിഞ്ഞ തവണത്തെ ദുരന്ത ഓർമ്മയിൽ ദുരിതം മുന്നില്‍ക്കണ്ട് ഉയര്‍ന്ന പ്രദേശത്തേക്ക് മാറുകയാണ് ജനങ്ങള്‍.കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും വെള്ളം കയറി . പുഞ്ച കൃഷിക്കു വേണ്ടി പമ്പിംഗ് ആരംഭിച്ചത് മിക്ക പാടശേഖരങ്ങളിലും ആശ്വാസകരമാണ്. എന്നാൽ പമ്പിംഗ് ആരംഭിക്കാത്ത പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒന്നര മാസത്തോളം ക്യാംപുകളില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയവര്‍ ആണ് ഇവരിൽ പലരും.

ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ക്യാമ്പുകളിലേക്ക് ഒരു തിരിച്ചു പോക്ക് ഇവർക്ക് ചിന്തിക്കുന്നതിലും അപ്പുറത്തെ വേദന തന്നെയാണ്. അടുത്ത മാസം പൂഞ്ച കൃഷി ആരംഭിക്കുന്നതിന് കുട്ടനാട്ടില്‍ ദ്രുതഗതിയിലുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് വീണ്ടും ഈ ദുരന്തം. പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലും,ചതുര്‍ത്ഥ്യാകരി,എടത്വ,വേഴപ്ര എന്നീ ഭാഗങ്ങളിലുമാണ് വെള്ളം കയറിയിട്ടുള്ളത് . കൈനകരി പഞ്ചായത്തിലെ വിവിധ തുരുത്തുകളിലും വെള്ളം കയറി. ഇനിയും പ്രളയം ഉണ്ടാകുമോ എന്ന നടുക്കത്തിലാണ് കുട്ടനാട്ടുകാര്‍ ഇപ്പോൾ

ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയില്‍ സൈന്യം എത്തിയെങ്കിലും കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നു. കവളപ്പാറയിലും പുത്തുമലയിലും കനത്തമഴയാണ് രക്ഷാദൗത്യത്തിന് വലിയ തിരിച്ചടിയാകുന്നത്.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍ സൈന്യത്തിന് ഇതുവരെ എത്താനായിട്ടില്ലെന്ന് വിവരം. ഉരുള്‍പൊട്ടലുണ്ടായിട്ട് രണ്ടുദിവസമായിട്ടും കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടന്നിട്ടില്ല.മതിയായ ഉപകരണങ്ങളില്ലാതെ ദൗത്യസംഘം. കവളപ്പാറയിലേക്കുള്ള പാലേങ്കരപാലം അപകടാവസ്ഥയിലാണ്. പുത്തുമലയ്ക്ക് സമീപം കള്ളാടിയില്‍ മണ്ണിടിച്ചിലും ഉണ്ടായി.കവളപ്പാറയില്‍ 36 വീടുകളാണ് ഒലിച്ചുപോയത്. മൂന്ന് മൃതദേഹങ്ങള്‍ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 38 പേരെ കാണാതായി. 19 കുടുംബങ്ങളിലെ 41 പേരാണ് അപകടത്തില്‍പ്പെട്ടത്. അധികൃതരുടെ മുന്നറിയിപ്പ് മാനിച്ച് 17 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.

രണ്ടാം പ്രളയത്തിൽ കനത്ത നാശമാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. ഇതിനൊപ്പമാണ് ബാണാസുര സാഗർ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നത്. ഡാം ഇന്ന് തുറന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുൻകരുതലായി വെള്ളം കയറാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം ജനങ്ങളെ ഭരണകൂടം ഒഴിപ്പിക്കുകയാണ്. ഇത് അനുസരിക്കാൻ ജനങ്ങളും തയാറായി. കഴിഞ്ഞ വർഷം ബാണാസുര സാഗർ അണക്കെട്ട് തുറന്നതോടെ വയനാട് പ്രളയത്തിൽ മുങ്ങിയിരുന്നു. ബാണാസുര സാഗര്‍ ഡാം ഇന്ന് മൂന്നുമണിയോടെ തുറന്നേക്കും , ഏഴരക്ക് മുന്‍പ് ഒഴിഞ്ഞുപോകാനാണ് അണക്കെട്ടിന് സമീപത്തുള്ള ജനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്.

ദുരന്തം വിതച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്തമഴ തുടരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലേയ്ക്കുള്ള കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു. സൈന്യത്തിന് ഇതുവരേയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് എത്താനായിട്ടില്ല. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ കെഎസ്ആർടിസി പെരിന്തല്‍മണ്ണവരെയാണ് സര്‍വീസ് നടത്തുക. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി.

ഇടുക്കിയിലും പാലക്കാട്ടും, പത്തനംതിട്ടയിലും മഴക്ക് നേരിയ കുറവുണ്ട്. അണക്കെട്ടിലെ നീരൊഴുക്കിന് കുറവുള്ളതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തില്ല. ഇതുവരെ 44 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. വയനാട് മേപ്പാടി പുത്തുമലയിലും കോഴിക്കോട് ജില്ലയിലും ഉരുള്‍പൊട്ടലില്‍ ഒന്‍പതുപേര്‍ വീതം മരിച്ചു. കടൽക്ഷോഭം രൂക്ഷമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്.

കവളപ്പാറയിൽ മലയിടിഞ്ഞെത്തിയ ദുരന്തത്തിന്റെ വ്യാപ്തി ഒരുപക്ഷേ കേരളം ഇതുവരെ കണ്ടിട്ടുള്ളതിനെക്കാൾ വലുതായിരിക്കും. അത്രത്തോളം ഹൃദയം നിലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ. അറുപതോളം കുടുംബങ്ങൾ താമസിച്ചിരുന്നിടത്തേക്കാണ് സെക്കൻഡുകൾക്കുള്ളിൽ മല അപ്പാടെ ഇടിഞ്ഞ് വീണത്. ഒാടി മാറാൻ പോലുമുള്ള സാഹചര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മേൽക്കൂരെ പോലും പുറത്തുകാണാൻ കഴിയാത്ത വിധം മണ്ണും മരങ്ങളും മൂടിക്കിടക്കുകയാണ്. മൂന്നു മൃതദേഹങ്ങൾ ഇന്നലെ നാട്ടുകാർ കണ്ടെത്തി. ഒരാളുടെ തല മാത്രമാണ് കണ്ടെത്താനായത്. ഉടൽ ഉപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി രക്ഷാ പ്രവർത്തനത്തെനത്തിയ നാട്ടുകാർ  പറഞ്ഞു.

നിലമ്പൂർ കവളപ്പാറ മുത്തപ്പൻ കുന്നിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളിൽ ആരെയും കാണാനില്ല. പലരും മണ്ണിനടിയിലാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം നിന്നു. കരിമ്പുഴപ്പാലം മഴയിൽ തെന്നിമാറി. ഇന്ന് രാവിലെ ഇതുവരെയും കനത്തമഴ കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷി വിവരണം ഇങ്ങനെ

എന്റെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്ന സ്ഥലമാണിത്. അവരെ ആരെയും കാണാനില്ല. ഒരു കൂട്ടുകാരന്റെ അച്ഛനും അമ്മയും എവിടെയാണെന്ന് പോലും അറിയില്ല. അവൻ ബംഗളൂരാണ്, വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും അമ്പലത്തിന്റെ പിരിവിന് പോകുന്ന സ്ഥലങ്ങളാണിത്. അവയെല്ലാം ഒന്നാകെയാണ് പോയിരിക്കുന്നത്. പട്ടാളത്തിൽ നിന്നൊരു സുഹൃത്ത് അവധിക്ക് നാട്ടിൽ എത്തിയതാണ്. അവനും പോയി. ആർക്കൊക്കെ ആരൊക്കെ നഷ്ടമായെന്ന് അറിയില്ല. ജനങ്ങളെല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല.

ഈ ഭാഗത്ത് നിന്നും ഒരുപാട് പേർ മാറിയിരുന്നു. 70, 80 ഓളം പേർ മുത്തപ്പൻ കുന്നിലെ മണ്ണിനടിയിലുണ്ടെന്നാണ് എന്റെ കണക്കുകൂട്ടൽ. ഇവരെല്ലാം ഇവിടെ നിന്നും ഒഴി‍ഞ്ഞുപോകാൻ നിൽക്കുന്നവരായിരുന്നു.

ന്യൂഡൽഹി: കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിലെ കനത്ത മഴയും പ്രളയവ​ും നേരിടുന്നതിന്​ അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്​ റായി നിർദേശം നൽകി. ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ നിർദേശ പ്രകാരം കേന്ദ്ര ഏജൻസികൾ കൈക്കൊണ്ട നടപടികൾ റായിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയ ശേഷമാണ്​ നിർദേശം.ദുരന്തനിവാരണ സേനകൾ അടക്കമുള്ള കേന്ദ്ര ഏജൻസികൾ സംസ്​ഥാനങ്ങൾ ആവശ്യപ്പെടുന്ന മുറക്ക്​ കാലതാമസമില്ലാതെ രക്ഷാപ്രവർത്തനങ്ങൾക്ക്​ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലും കർണാടകയിലും മഹാരാഷ്​ട്രയിലും കഴിഞ്ഞ രണ്ടു​ ദിവസമായി ക്രമാതീതമായ മഴയാണ്​ ലഭിക്കുന്നതെന്ന്​ കാലാവസ്​ഥ വകുപ്പിലെ മുതിർന്ന ഉ​ദ്യോഗസ്​ഥൻ യോഗത്തിൽ അറിയിച്ചു. കേന്ദ്ര ഏജൻസികൾ ഇതിനകം 82,000 പേരെ സുരക്ഷിത സ്​ഥാനങ്ങളിലേക്ക്​ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. ആഭ്യന്തര സെക്രട്ടറി, ദുരന്ത നിവാരണ സേന ഡയറക്​ടർ ജനറൽ, ആഭ്യന്തര, പ്രതിരോധ മ​ന്ത്രാലയങ്ങളിലെ കേന്ദ്ര ജല കമീഷൻ, കാലാവസ്​ഥ വകുപ്പ്​ എന്നിവയിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പ​െങ്കടുത്തു

Copyright © . All rights reserved