മലയാള യുകെയിൽ നിന്ന് പുതിയ ഒരു പംക്‌തികൂടി ആരംഭിക്കുന്നു .
അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന വൈദ്യ ശാസ്ത്രരംഗം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട് . അശാസ്ത്രീയമെന്നും അബദ്ധജടിലമെന്നും മുദ്ര കുത്തി അകറ്റിയ പഴയകാല ആരോഗ്യരക്ഷാകരമായ അറിവുകൾക്ക് ഇക്കാലത്തു ഏറെ പ്രസക്തിയുള്ളതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്ന് അംഗീകരിക്കുന്നു.
ആയുർ വേദത്തിന്റെയും നാട്ടറിവിന്റെയും ആരോഗ്യവിജ്ഞാനം ആയുരാരോഗ്യം എന്ന പംക്‌തിയിലൂടെഡോക്ടർ എ സി രാജീവ് കുമാർ മലയാളം യുകെയുടെ വായനക്കാരുമായി പങ്കു വെക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റിലും, ഫാക്കൽറ്റിയിലും അംഗമായിരുന്ന ഡോക്ടർ എ സി രാജീവ് കുമാർ, മാക്ഫാസ്റ്റ് ഗസ്റ്റ് ഫാക്കൽറ്റിയും ഇപ്പോൾ സർവകലാശാലാ പി ജി എക്സ്പെർട് കമ്മിറ്റി അംഗവുമാണ്. റേഡിയോ മാക് ഫാസ്റ്റ് ആരോഗ്യവാണിയിൽ എല്ലാ വ്യാഴാഴ്ച്ചയും രാവിലെ ഒമ്പത് പതിനഞ്ചു മുതൽ ആയുർവേദ ആരോഗ്യം തുടർച്ചയായി ലൈവ് ആയി പ്രക്ഷേപണം ചെയ്യ്തു വരുന്നു.
1922ൽ കവിയും സാഹിത്യകാരനുമായിരുന്ന മുത്തൂർ നാരായണ പിള്ള വൈദ്യൻ തിരുവല്ലയിൽ ആരംഭിച്ച അശ്വതിഭവൻ ചികിത്സാനിലയം ഇന്ന് എല്ലാവിധ ആയുർവേദ ചികിൽസകളും ലഭിക്കുന്ന മദ്ധ്യകേരളത്തിലെ ആദ്യ ആയുർവേദാശുപത്രിയായി ഇന്നും ആതുര ശുശ്രൂഷയിൽ മുൻ നിര സ്ഥാപനമായി നിലനില്കുന്നു. രോഗികൾക്ക് ഗൃഹാന്തരീക്ഷത്തിൽ താമസിച്ചു ചികിത്സ ചെയ്യുവാനുള്ള സൗകര്യം, പരിശീലനം സിദ്ധിച്ച തെറാപ്പിസ്റ്റ്, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, സ്വന്തം ഔഷധനിർമാണ ശാലയിൽ നിർമിച്ച ഔഷധങ്ങൾകൊണ്ടുള്ള ചികിത്സ എന്നിവ അശ്വതിഭവൻ ചികിത്സാനിലയത്തിന്റെ സവിശേഷതകളാണ് . . തലമുറകളുടെ വിശ്വാസമാർജ്ജിച്ച അശ്വതിഭവനിൽ കഴിഞ്ഞ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ
കവളപ്പാറയിൽ വീട് ഇരുന്നിടത്ത് അടയാളം വച്ച് രക്ഷാ പ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് സഹോദരങ്ങളായി സുമോദും സുമേഷും. ആ മണ്ണിനടിയിൽ അവരുടെ അച്ഛനും അമ്മയും ഉണ്ട്. മണ്ണിൽ പുതഞ്ഞ നിലയിൽ അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് ഇവർക്ക് കിട്ടി. അത് മാത്രമാണ് വീട് അവിടെയായിരുന്നുവെന്ന് ഉറപ്പിക്കാൻ ഇവർക്ക് കിട്ടിയ അടയാളം.
മുത്തപ്പൻ മല ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുമ്പോൾ ഇവരുടെ അച്ഛൻ സുകുമാരനും അമ്മ രാധാമണിയും മാത്രമാണ് ഇവരുടെ വീട്ടിലുണ്ടായിരുന്നത്. മഴ കനത്തപ്പോൾ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. ഇവരെ കൊണ്ടുവിടാൻ പോയതായിരുന്നു സഹോദരങ്ങൾ. തിരിച്ചെത്തിയപ്പോൾ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മൺകൂന മാത്രം.
കൈക്കോട്ടുപയോഗിച്ച് മണ്ണ് മാറ്റി നോക്കിയിട്ട് കാര്യമില്ലെന്ന് ഇവർ തിരിച്ചറിയുന്നു. മണ്ണുമാന്തികളെത്താതെ ഒന്നും സാധ്യമല്ല. അവസാനമായി ഒരു നോക്ക് മാതാപിതാക്കളുടെ മൃതദേഹം കാണണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് രണ്ട് പേരും പറയുന്നു. ഇവരെ പോലെ ഇനിയുമുണ്ട് ഒരുപാട് പേർ കവളപ്പാറയിൽ.
ഭര്‍ത്താവ് മകളെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിയുമായി നടി ശ്വേത തിവാരി. മകള്‍ പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേത തിവാരിയുടെ പരാതി.
അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകള്‍ പാലക്കിനെ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുകയാണ്- ശ്വേത തിവാരി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അഭിനവിനെ ചോദ്യം ചെയ്‍തതായും റിപ്പോര്‍ട്ടുണ്ട്.
നടൻ രാജാ ചൌധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ നടൻ രാജാ ചൌധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജാ ചൌധരിയുടെയും മകളാണ് പാലക്. ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.
ബിജോ തോമസ് അടവിച്ചിറ
കുട്ടനാടൻ മേഖലയിൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിലേക്കെത്തി. ഇന്നലെ വൈകുന്നേരം വരെ ആറുതാലൂക്കുകളിലുള്ള 47 ദുരിതാശ്വാസ ക്യാന്പുകളിലായി 1,156 കുടുംബങ്ങളിലെ 4,113 പേരാണുള്ളത്. ഇതിൽ 669 കുട്ടികൾ, 1820 സ്ത്രീകൾ, 1427 പുരുഷന്മാർ എന്നിങ്ങനെയാണ് കണക്ക്. കുട്ടനാട് താലൂക്കിലെ മുട്ടാർ, കൈനകരി നോർത്ത്, കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളിലായി തുറന്നിട്ടുള്ള 156 ഭക്ഷണ വിതരണകേന്ദ്രങ്ങളിൽ 6263 കുടുംബങ്ങളിലെ 23161 പേരുമുണ്ട്. ഇതിൽ 3,033 കുട്ടികളും 20,128 മുതിർന്നവരുമാണുള്ളത്.
മേഖലയിൽ വ്യാപകമായി മട വീണതോടെ പലേടത്തും കൃഷിയിടങ്ങളും പുരയിടങ്ങളും വീടുകളും വെള്ളത്തിലായി. രാത്രിയിലാണു ഭൂരിഭാഗവും സംഭവിച്ചതെന്നതിനാൽ തുടർപ്രവർത്തനങ്ങൾക്കു രാവിലെ വരെ കാത്തിരിക്കേണ്ടിയും വന്നു. കൃഷിവകുപ്പിൽനിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ജില്ലയിൽ മടവീഴ്ചയെത്തുടർന്ന് 18 പാടശേഖരങ്ങളിലായി 578 ഹെക്ടറിലെ നെൽകൃഷി നശിച്ചു. കുട്ടനാട് കൈനകരി വടക്ക് വില്ലേജിൽ വലിയകരി, കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളിൽ കഴിഞ്ഞ രാത്രി 11നു മടവീണതിനെത്തുടർന്ന് വെള്ളക്കെട്ടിലായവരെ ഒഴിപ്പിക്കൽ നടപടി ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. കളക്ടർ ഡോ. അദീല അബ്ദുള്ള സ്ഥലം സന്ദർശിക്കുകയും ഇവിടങ്ങളിലുള്ള കുടുംബങ്ങളെ ക്യാന്പിലേക്കു മാറ്റാൻ നിർദേശം നൽകുകയും നേതൃത്വം നല്‍കുകയുമായിരുന്നു.
കൈനകരിയിലെ ആറുപങ്ക്, ചെറുകാലി കായൽ പാടശേഖരങ്ങളിലും മട വീണിട്ടുണ്ട്. ചെറുതന കൃഷിഭവൻ പരിധിയിൽ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവൻ പരിധിയിൽ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവൻ പരിധിയിൽ തെക്കേക്കരി എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മടവീണിരുന്നു. 98 ഹെക്ടറിലെ കൃഷിയാണ് ഇവിടെ നശിച്ചത്. വലിയകരി, കനകശേരി, മീനപ്പള്ളി, നടുത്തുരുത്തി എന്നിവിടങ്ങളിൽ മട വീണതായും റിപ്പോർട്ടുണ്ട്. ഇവിടെ 269 ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. മടവീഴ്ച മൂലം കപ്പപ്പുറം സ്കൂളും വെള്ളത്തിലായി. പുളിങ്കുന്നിൽ മടവീണ് 152 ഹെക്ടറിലെ കൃഷി നശിച്ചതായി കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തു. ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ സംഭവിച്ച അത്ര വെള്ളപൊക്കം ഇതു വരെ ഉണ്ടായിട്ടില്ലെങ്കിലും മട വീഴ്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
തേക്കടിയിലെ ഹോം സ്‌റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരാണ് മരിച്ചത്.
മൂന്ന് മാസമായി ഇവര്‍ ഇതേ ഹോം സ്‌റ്റേയില്‍ താമസിച്ച് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തതിനെ തുടര്‍ന്ന് ഹോം സ്‌റ്റേയുടെ ഉടമ വാതിലില്‍ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. ഇതോടെ ജനല്‍ പൊളിച്ച് ഉള്ളില്‍ നോക്കിയപ്പോഴാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും ജീവയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി മുറുക്കിയ നിലയിലുമായിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ജീവയുടെ മരണകാരണം വ്യക്തമല്ല. ആറ് മാസം മുമ്പാണ് ജീവയും പ്രമോദും വിവാഹിതരാകുന്നത്.
പ്രളയ ദുരിതമനുഭവിക്കുന്ന കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മൊബൈൽ ഉപയോക്താക്കൾ കൈതാങ്ങായി ബിഎസ്എൻഎൽ. ഈ സംസ്ഥാനങ്ങളിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏഴു ദിവസം അൺലിമിറ്റഡ് കോളിങ് സൗകര്യമാണ് കമ്പനി നൽകുന്നത്. ഇതിനൊപ്പം സൗജന്യ എസ്എംഎസും 1 ജിബി ഡാറ്റയുമുണ്ട്.
കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തെ തുടർന്ന് ബിഎസ്എൻഎൽ ടു ബിഎസ്എൻഎൽ സൗജന്യ വോയിസ് കോളുകളും ബിഎസ്എൻഎല്ലിൽ നിന്ന് മറ്റു നെറ്റ്‌വർക്കുകളിലേക്ക് 20 മിനിറ്റ് സൗജന്യ കോളുകളും നൽകാൻ തീരുമാനിച്ചതായി ബിഎസ്എൻഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൊടഗു, ഉത്തര കന്നഡ, ബെൽഗാവി ജില്ലകളിലെയും ചിക്കമംഗളൂരുവിലെ ചില പ്രദേശങ്ങളിലെയും കർണാടകയിലെ ഹസൻ, കേരളത്തിൽ വയനാട്, മലപ്പുറം ജില്ല, മഹാരാഷ്ട്രയിലെ സാങ്‌ലി, കോൽഹപൂരിലെയും ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. ബിഎസ്എൻഎല്ലിനു പുറമേ എയർടെൽ, വോഡഫോൺ, ഐഡിയ കമ്പനികളും കേരളത്തിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയ ബാധിത പ്രദേശങ്ങളിലെ എയർടെൽ ഉപയോക്താക്കൾക്ക് അവരവരുടെ അക്കൗണ്ടുകളിൽ സൗജന്യ ടോക്ടൈം, എസ്എംഎസ്, ഡാറ്റ വിവരങ്ങൾ ക്രെഡിറ്റ് ചെയ്യപ്പെടും. ഇതിനുപുറമേ, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പ്ലാൻ കാലാവധിയും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ബിൽ അടയ്ക്കാനുളള കാലാവധിയും ഓഗസ്റ്റ് 16 വരെ നീട്ടി നൽകിയിട്ടുണ്ട്.
പ്രളയത്തിൽ കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്നതിന് സ്പെഷ്യൽ ടോൾ ഫ്രീ ഹെൽപ്‌ലൈനും (1948) എയർടെൽ തുടങ്ങിയിട്ടുണ്ട്. എയർടെൽ കണക്ഷൻ വഴി സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാൻ കഴിയാത്തവർക്ക് ഈ ഹൈൽപ്‌ലൈൻ നമ്പരിലേക്ക് വിളിക്കാവുന്നതാണെന്ന് എയർടെലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
വോഡഫോണും ഐഡിയയും ബിൽ അടയ്ക്കാനുളള തീയതി നീട്ടിയിട്ടുണ്ട്. ഇതിനു പുറമേ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 10 രൂപവരെയുളള ടോക്ടൈം ക്രെഡിറ്റും കമ്പനി നൽകുന്നുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യാൻ വോഡഫോൺ, ഐഡിയ ഉപയോക്താക്കൾ സ്പെഷ്യൽ നമ്പരിലേക്ക് വിളിക്കേണ്ടതാണ്.
കുട്ടി ക്രെഡിറ്റ് ആക്ടിവേറ്റ് ചെയ്യാൻ വോഡഫോൺ ഉപയോക്താക്കൾ *130# ഡയൽ ചെയ്യുക. ഐഡിയ ഉപയോക്താക്കൾ *150*150# ഡയൽ ചെയ്യുക. കേരളത്തിലെ വോഡഫോൺ, ഐഡിയ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുമെന്ന് വോഡഫോൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആന്ധ്രാപ്രദേശ് വിജയവാഡയിലെ ശ്രീനഗര്‍ കോളനിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ഭാര്യയുടെ അറുത്തെടുത്ത തല കൈയില്‍ പിടിച്ച് റോഡിലൂടെ നടന്ന യുവാവാണ് പോലീസിൽ കീഴടങ്ങിയത്.സത്യനാരായണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദീപ് കുമാര്‍ എന്ന യുവാവ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.
ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മണിയും പ്രദീപ് കുമാറും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിക്കുകയായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ ബന്ധത്തില്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ അഞ്ച് വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാകുകയായിരുന്നു.
ഒന്നര വര്‍ഷമായി വഴക്ക് ഉച്ചസ്ഥായിയില്‍ എത്തുകയും ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മണിക്രാന്തി പ്രദീപ് കുമാറിനെതിരെ നിരവധി തവണ പോലീസിലും പരാതി നല്‍കിയിരുന്നു. വിവാഹമോചനക്കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും പ്രദീപ് കുമാര്‍ മണിക്രാന്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയില്‍ പരാതി നല്‍കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഒടുവിലെ കേസില്‍ നിന്ന് 20 ദിവസം മുന്‍പാണ് പ്രദീപ് കുമാര്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.തല ഉപേക്ഷിച്ച ശേഷം ഓടിപ്പോയ പ്രതി പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.അതേസമയം തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്ന് പറയുന്നവര്‍, അവർക്ക് മുന്നിൽ തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി നൗഷാദ്, മലയാളികൾ മുഴുവൻ നൗഷാദിനെ അഭിനന്ദിക്കുമ്പോൾ ആ വലിയ മനസിന് കൈയ്യടിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും.പെരുന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകള്‍ മന്ത്രി പങ്കുവച്ചത്.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
“നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.”
-മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്
ഏവർക്കും പെരുന്നാൾ ആശംസകൾ
കനത്ത മഴയെ അവഗണിച്ച് വയനാട് പുത്തുമലയിൽ മൂന്നാം ദിവസവും നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പുത്തുമല ദുരന്തഭൂമിയിൽ മണ്ണിനടിയിൽ ഇനിയും ഏഴു പേർ കുടുങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടി വരുന്നതിനിടെ അകപ്പെട്ട കാറിലെ യാത്രക്കാരേയും കണ്ടെത്താനായില്ല. യാത്രക്കാരും കാറും മണ്ണിനടിയിലകപ്പെട്ടോയെന്നാണ് സംശയം. തോരാമഴയിൽ പുത്തുമലയിലെ ഒഴുക്ക് തുടരുകയാണ്. മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ കഴിയുന്നില്ല.
നനഞ്ഞു കുതിർന്ന മണ്ണിൽ കാലു കുത്താൻ പോലും കഴിയില്ല. പുത്തുമല സ്വദേശിനിയായ അൻപത്തിയേഴുകാരി റാണിയുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. അവറാൻ , അബൂബക്കർ , ഷൈല, അന്നായ , ഗൗരിശങ്കർ , നബീസ് , ഹംസ എന്നിവരാണ് കാണാതായവർ. പത്തടിയോളം മണ്ണ് വീടുകൾക്കു മീതെ വന്നടിഞ്ഞിട്ടുണ്ട്. ഇതു പൂർണമായും നീക്കലാണ് വെല്ലുവിളി. കാണാതായവരുടെ ബന്ധുക്കൾ ആശങ്കയിൽ കഴിയുകയാണ്. ഉറ്റവരെ അവസാനം ഒരു നോക്ക് കാണാൻ കഴിയണേയെന്ന പ്രാർഥനയിലാണ് ബന്ധുക്കൾ.
ദുരന്തനിവാരണ സേനയും പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും അടക്കം 250 പേർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉച്ചതിരിഞ്ഞ് നാലു മണിക്കു തന്നെ തിരച്ചിൽ നിർത്തേണ്ടി വന്നു. ഉരുൾപൊട്ടലിന് വീണ്ടും സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യോമസേനയുടെ ഹെലികോപ്റ്റർ പുത്തുമലയിൽ വ്യോമ നിരീക്ഷണം നടത്തി. നിലവിൽ ദുരന്ത ഭൂമിയുടെ തീവ്രത മനസിലാക്കിയാണ് വ്യോമസംഘം മടങ്ങിയത്.
കോട്ടക്കുന്ന്; ചെളിമണ്ണില്‍ താണ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആ മൃതദേഹത്തിന്റെ കൈകളില്‍ മറ്റൊരു കുഞ്ഞുജീവന്‍ കൂടിയുണ്ടായിരുന്നു. ചേതനയറ്റ ഒന്നരവയസ്സുകാന്‍ ധ്രുവന്റെ മൃതദേഹം. മകനെ ആ അമ്മ മുറുകെ പിടിച്ച നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിക്കുന്നതായിരുന്നു ആ ദുരന്ത കാഴ്ച. രണ്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം ചോലയില്‍ കോട്ടക്കുന്ന് പടിഞ്ഞാറേ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകള്‍ ഗീതുവും (22) പേരമകന്‍ ധ്രുവനും (ഒന്നര) ദാരുണമായി മരിച്ചത്. സത്യന്റെ ഭാര്യ സരോജിനി(50) യെയും കാണാതായിട്ടുണ്ട്. ശരത്തിന്റെ കണ്‍മുന്നില്‍ നിന്നായിരുന്നു ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ദുരന്തം കവര്‍ന്നത്.
ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെളളം വീട്ടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് തിരിച്ചുവിടുകയായിരുന്നു. ആ സമയത്തായിരുന്നു നേരത്തേ വിണ്ടുകീറിയ മലയുടെ ഒരുഭാഗം താഴേക്ക് പതിച്ചത്. അമ്മയുടെ കയ്യില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷനേരം കൊണ്ട് വീടൊന്നാകെ മണ്ണിനടിയിലായി. തന്റെ ഭാര്യയും പൊന്നോമന മകനും അതില്‍പ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ശരത്ത് നിസ്സഹായനായിരുന്നു. ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ സമയം സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല. അവര്‍ മാത്രമാണ് ആ കുടുംബത്തില്‍ അവശേഷിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. സരോജിനിക്കായി തെരച്ചില്‍ തുടരുകയാണ്.