ആലപ്പുഴ: തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചു. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്ന ജലോത്സവം പ്രളയത്തിന്റെ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീടു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ച കാര്യം അറിയിച്ചത്. മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സച്ചിൻ തെണ്ടുൽക്കറെ സാഹചര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മത്സരവും ശനിയാഴ്ച തുടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ വർഷം കുട്ടനാട്ടിലുണ്ടായ പ്രളയത്തെത്തുടർന്നു മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം നവംബർ പത്തിനാണു നടന്നത്.
വയനാട്: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ ഒരാളെ മണ്ണിനടിയിൽനിന്ന് ജീവനോടെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ടുനിന്ന തെരച്ചിലിനിടെയാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്കു മാറ്റി. പുത്തുമലയിൽനിന്ന് ഏഴു മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇടയ്ക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിലും തുടരുന്നുണ്ട്. ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിൽ പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അന്‍പതു പേർ ഇവിടെ മണ്ണിനടിയിൽ കുടുങ്ങിയതായാണ് അനൗദ്യോഗിക റിപ്പോർട്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അതിഭീകര ഉരുൾപൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും മുസ്ലിം പള്ളിയും അന്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് ഉരുൾപൊട്ടിയത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചുപോകുകയായിരുന്നു.
കോഴിക്കോട്: കനത്തമഴയും മണ്ണിടിച്ചിലുമെല്ലാം സംസ്ഥാനത്തെ അതീവ ജാഗ്രതിലാഴ്ത്തിയതിനു പിന്നാലെ വ്യാജവാർത്തകളും പ്രചരിക്കുന്നു. പെട്രോൾ പമ്പുകൾ അടച്ചിടുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്.. പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ അടുത്ത മൂന്നു ദിവസത്തേക്ക് പമ്പുകള്‍ അടച്ചിടുമെന്ന വ്യാജ സന്ദേശം വാട്സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് കേരളാ പോലീസ് ഫേയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. വ്യാജസന്ദേശം പ്രചരിച്ചതിനേത്തുടര്‍ന്ന് പമ്പുകളില്‍ തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പെട്രോള്‍ കമ്പനികളും അറിയിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ആൻഡ്രോയിഡിനെ വെല്ലാൻ രക്ഷ്യമിട്ട് വാവേയ് പുറത്തിറക്കുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു. ഹാർമണി എന്ന പേരിലായിരിക്കും വാവേയുടെ ഓപ്പറേറ്റിങ് സിസ്റ്റം എത്തുക. അമേരിക്ക വാവേയ്ക്ക് വിലക്കേർപ്പെടുത്തിയതോടെയാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി രംഗത്തെത്താൻ കമ്പനി നിർബന്ധിതമായത്.
ആൻഡ്രോയിഡിനേക്കാൾ ലളിതവും സുരക്ഷിതവുമായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമെന്ന് വാവേയ് അവകാശപ്പെടുന്നു. ഈ വർഷം അവസാനത്തോടെ വാവേയുടെ സ്മാർട്ട് സ്ക്രീനുകളിൽ ഓപ്പറേറ്റിങ് സിസ്റ്റം എത്തും. മൂന്ന് വർഷത്തോടെ സ്മാർട്ട് വാച്ചുകളിലടക്കം ഹാർമണി വ്യാപിപ്പിക്കാനാണ് പദ്ധതി.
ചൈന-യു.എസ് വ്യാപാര യുദ്ധം സജീവമായതോടെയാണ് വാവേയ്ക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയത്. വാവേയ്ക്ക് സേവനങ്ങളൊന്നും നൽകരുതെന്ന് കമ്പനികളോട് യു.എസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാവേയ് ഫോണുകൾക്ക് ഇനി സോഫ്റ്റ്വെയർ നൽകില്ലെന്ന് ഗൂഗ്ൾ പ്രഖ്യാപിച്ചു.
മൂവാറ്റുപുഴ: വെള്ളപ്പാച്ചിലിൽ കുത്തൊഴുക്കിൽപെട്ട ബസ് യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. കരകവിഞ്ഞൊഴുകിയ കാളിയാർ പുഴയിലേക്ക് ഒഴുക്കിൽപെട്ട കെ.എസ്.ആർ.ടി.സി ബസിലെ 42 യാത്രക്കാരും ജീവനക്കാരുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച 3.25ഓടെ കൊച്ചി-ധനുഷ്കോടി റോഡിൽ മൂവാറ്റുപുഴ കക്കടാശ്ശേരിയിലാണ് അപകടമുണ്ടായത്.
കോട്ടയത്തുനിന്ന് മൂന്നാർ മാട്ടുപ്പെട്ടിക്ക് പോയ ബസാണ് ഒഴുക്കിൽപെട്ടത്. കാളിയാർ പുഴ കരകവിഞ്ഞൊഴുകി ദേശീയപാത മുങ്ങുന്നതിനിടെ എത്തിയ ബസ് മുന്നോട്ടുപോകുമ്പോൾ അപകടത്തിൽപെടുകയായിരുന്നു. എന്നാൽ, കുറച്ചുനീങ്ങിയശേഷം ബസ് നിന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് യാത്രക്കാരെ കരക്കെത്തിച്ചശേഷം ബസ് തള്ളിനീക്കി.
വയനാട്ടിലെ പുത്തുമലയില്‍ ഇനി ബാക്കിയായി ഒന്നും തന്നെയില്ല. ഇടിഞ്ഞ് തൂര്‍ന്ന മലയോടൊപ്പം ഒഴുകിപോയത് എത്ര വീടുകളാണെന്നോ എത്ര മനുഷ്യരാണെന്നോ ഇതുവരെയായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ദുരന്ത മുഖത്ത് ഇപ്പോഴും എത്തിപ്പെടാന്‍ പോലും ശ്രമകരമാണ്. റോഡുകള്‍ തകര്‍ന്നതും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതും ദുരിതാശ്വാസ ശ്രമങ്ങളെ ദുഷ്ക്കരമാക്കുന്നു.
നിരവധി പേരെ കാണാതായതായി സംശയം. മണ്ണിനടിയിൽ പെട്ട മൂന്നുപേരെ രക്ഷിച്ചു. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലാണ്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു.
വ്യാഴാഴ്ച പകൽ 3.30 ഓടെ വൻ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകൾ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെയാണ് രക്ഷിച്ചത്. എത്ര പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭ്യമല്ല. നിരവധി വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.
പ്രദേശത്തേക്കുള്ള എല്ലാ ഗതാഗതമാർഗവും തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പ്രയാസമുണ്ട്. നിരവധി പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയും, സൈന്യവും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ബുധനാഴ്ച മുതൽ കനത്ത മഴയാണ് ഇവിടെ. 300 പേരെ മാറ്റി പാർപ്പിച്ചിരുന്നു.
ബുധനാഴ്‌ച വൈകിട്ട് തുടങ്ങി മഴ വ്യാഴാഴ്‌ചയും ശക്തമായി. രാവിലെ പലഭാഗത്തും ചെറിയതോതിലുള്ള മണ്ണിടിച്ചൽ ഉണ്ടായി. പ്രദേശത്തെ അഞ്ച് പാലങ്ങളും ഒലിച്ചുപോയി. വൈകിട്ട് മൂന്നരയോടെ വലിയ തോതിൽ മലയിടിയുകയായിരുന്നു. ഒപ്പം വെള്ളത്തിന്റെ കുത്തൊഴുക്കുമുണ്ടായി. മേപ്പാടി ടൗണിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്‌റ്റേറ്റായ പുത്തുമല.ഇതിനടിയില്‍ എത്ര മനുഷ്യരുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. നാല്‍പ്പതോളം പേരില്‍ കുറയാതെ മണ്ണിനടിയിലുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാണാം ഭൂമുഖത്ത് തുടച്ചു നീക്കപ്പെട്ട പുത്തുമല ഗ്രാമത്തെ.
കേരളത്തിലെ വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി ശക്തമാവുമ്പോള്‍ ആശങ്കയുടെ നിമിഷങ്ങള്‍ തള്ളിനീക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള പ്രവാസികള്‍. ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പലരും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമാവുന്ന ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പലയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതി ബന്ധമില്ല.
കഴിഞ്ഞ ദിവസം വരെ ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഫോണുകള്‍ ചാര്‍ജ് ചെയ്യാനാവാതെ പ്രവര്‍ത്തന രഹിതമായതോടെ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് കണ്‍ട്രോള്‍ റൂമുകളിലും മാധ്യമ സ്ഥാപനങ്ങളിലും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. ദുരന്തമേഖലകളിലുണ്ടായിരുന്ന ഉറ്റവര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിയോ അതോ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണോ എന്നുള്ള വിവരങ്ങളൊന്നും ലഭിക്കുന്നില്ല. വാര്‍ത്താ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നിരവധി വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പ്രവാസികളെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയസമയത്തുള്ള ചിത്രങ്ങളും വീഡിയോകളും പോലും ഇപ്പോള്‍ വാട്‍സ്ആപ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. പരിശോധിച്ച് ഉറപ്പുവരുത്താത്ത വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക മാധ്യമങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
തിരുവനന്തപുരം: 0471-2730045, 9497711281
കൊല്ലം: 0474-2794002, 9447677800
പത്തനംതിട്ട: 0468-2322515, 8078808915
ആലപ്പുഴ: 0477-2238630, 9495003640
കോട്ടയം: 0481-2304800, 9446562236
ഇടുക്കി: 0486-2233111, 9383463036
എറണാകുളം: 0484-2423513, 7902200400
തൃശ്ശൂര്‍: 0487-2352424, 9447074424
പാലക്കാട്: 0491 -2505309, 8301803282
മലപ്പുറം: 0483-2736320, 9383463212
കോഴിക്കോട്: 0495-2371002, 9446538900
വയനാട്: 0493-6204151, 9446394126
കണ്ണൂര്‍: 0497-2713266, 9446682300
കാസര്‍കോട്: 0499-4257700, 9446601700
നെടുന്പാശ്ശേരി വിമാനത്താവളം എമർജൻസി കൺട്രോൾ റൂം നന്പർ: 0484 3053500.
ദില്ലി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്റ്റ്‍ലി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അദ്ദേഹം വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്‍ലിയെ സന്ദര്‍ശിച്ചു. ഒന്നാം മോദി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ജെയ്റ്റ്‍ലി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. ജെയ്റ്റ്‍ലിയുടെ ആരോഗ്യനില സംബന്ധിച്ച് രാത്രി 10.30ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
66-ാമത് ദേശീയ സിനിമാ പുരസ്കാരത്തിൽ മലയാളത്തിന് അഭിമാനതാരമായി മാറിയിരിക്കുകയാണ് നടൻ ജോജു ജോർജ്. ജോസഫിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം തേടിയെത്തിയതിന്റെ സന്തോഷം ജോജു പങ്കുവച്ചു. സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ജോജു ഫെയ്സ്ബുക്ക് ലൈവിലെത്തി. താൻ ഇപ്പോൾ ബെംഗലുരുവിൽ ആണെന്നും വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാൽ അവിടെ കുടുങ്ങിയിരിക്കുകയാണെന്നും ജോജു പറയുന്നു. നാട് നേരിടുന്ന പ്രതിസന്ധിക്ക് ശേഷം പുരസ്കാരത്തിന്റെ ആഘോഷങ്ങളും സന്തോഷവും പങ്കുവയ്ക്കാമെന്നും ജോജു അറിയിച്ചു.
ലൈവില്‍ ജോജു പറയുന്നത് ഇതാണ്: “അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി.”
“നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എനിക്ക് വേഷങ്ങൾ നൽകിയ എല്ലാ സംവിധായകരോടും എന്റെ മാതാപിതാക്കളോടും എന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി. പ്രശ്നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്നു പൊളിക്കാം,” ജോജു പറഞ്ഞു.
ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മുതൽ സമൂഹമാധ്യമത്തിൽ നിറയുന്ന സംശയമാണ് എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് പുരസ്കാരം നൽകിയില്ല എന്നത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് പേരൻപിലൂടെ ലഭിക്കുമെന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം വിശ്വസിച്ചത്. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് തടിതപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.
‘എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,’ രാഹുൽ റവൈൽ പ്രതികരിച്ചു. മറുപടിക്കെതിരെയും സമൂഹമാധ്യമങ്ങളിലടക്കം രോഷം ഉയരുകയാണ്.
എന്നാൽ പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിൽ നിറഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരന്‍പിലെ പ്രകടനത്തിന് അവാർഡ് മമ്മൂട്ടിക്ക് നൽകുക എന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ മലയാളികൾ ആവശ്യപ്പെട്ടത്. മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടൻ, ഇതിൽ കൂടുതൽ ഒരു മനുഷ്യൻ എങ്ങനെ അഭിനയിച്ചു കാണിക്കും, അവാർഡ് ഫോർ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകൾ.
മമ്മൂട്ടിക്കായി കമന്റ് പ്രവാഹം നടക്കുന്ന സമയത്താണ് ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം ജൂറി ചെയർമാൻ പ്രഖ്യാപിച്ചത് . ഇതോടെ കമന്റ് ബോക്സിലെ ശൈലി മാറി ഞങ്ങൾ മലയാളികളെ പരിഗണിച്ചതിന് നന്ദിയെന്നായി തുടര്‍ കമന്‍റുകള്‍.
അവിടെയും തീർന്നില്ല, വീണ്ടും മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്‍മാൻ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകർ ബഹളമായി. അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട, അങ്ങനെ കമന്റ് ബോക്സിൽ നിറയുകയാണ് ആരാധകരുടെ പ്രതിഷേധം.
അതേസമയം, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചലോ ജീതേ ഹെ എന്ന ചിത്രത്തെക്കുറിച്ചും വിവാദങ്ങളുയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമിച്ച ചിത്രമാണ് ചലോ ജീതേ ഹെ. എന്നാൽ, ഇക്കാര്യം ജൂറിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ ‘അതിനെക്കുറിച്ച് അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ‘ഞാൻ ആ ചിത്രം കണ്ടു. എനിക്ക് അക്കാര്യം അറിയില്ല. പ്രധാനമന്ത്രിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രമെന്ന് എനിക്ക് അറിയില്ല,’ എന്നായിരുന്നു ജൂറിയുടെ പ്രതികരണം.
ജോസഫിലെ അഭിനയത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമർശവും ഓൾ എന്ന ചിത്രത്തിന് അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന് മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.