ദുബായിലെ ഷോപ്പിങ് മാളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഞ്ചു വയസ്സുകാരനെ പൊലീസ് കണ്ടെത്തി സംരക്ഷിക്കുന്നതിന്റ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 10 ദിവസമായിട്ടും കുട്ടിയെ തേടി ആരുമെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കളെ കണ്ടെത്താൻ പൊതുസമൂഹത്തിന്റെ സഹായം ദുബായ് പൊലീസ് തേടിയിരുന്നു. ഇപ്പോഴിതാ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ദുബായി പൊലീസ്.
കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയെന്നും പിന്നീട് തിരികെ വന്നിട്ടില്ലെന്നും ദുബായ് പൊലീസ് കണ്ടെത്തി. പ്രവാസിയായിരുന്ന ഇവര്‍ കുഞ്ഞിനെ സ്വന്തം രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു രാജ്യം വിട്ടത്. പിന്നീട് തിരികെ വന്നിട്ടില്ല.
കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ദുബായ് പൊലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത് ആദ്യ 90 മിനിറ്റിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് ആദ്യ ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് അല്‍ മുറഖബ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗനം അറിയിച്ചു. കുട്ടിയെ തനിക്ക് അറിയാമെന്നും ഷാര്‍ജയിലുള്ള ഒരു സ്ത്രീയ്ക്കൊപ്പമാണ് അവന്‍ താമസിച്ചിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ദുബായ് പൊലീസും ഷാർജ പൊലീസും ചേർന്ന് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവർ പറഞ്ഞത് അത് തന്റെ മകനല്ലെന്നും അവന്റെ അമ്മ തന്നെ ഏൽപ്പിച്ചിട്ട് അഞ്ച് വർഷം മുമ്പ് നാടു വിട്ടു എന്നുമാണ് രാജ്യം വിട്ട അമ്മ പിന്നീടൊരിക്കലും തിരികെ എത്തിയില്ല. ഇവരുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ യാതൊരു വിവരവും തനിക്ക് അറിയില്ലെന്നും സ്ത്രീ പറയുന്നു. അമ്മ തിരിച്ചു വരുമെന്ന് കരുതി അധികാരികളെ അറിയിക്കാതെ 5 വർഷമായി കുട്ടിയെ പരിപാലിക്കുക ആയിരുന്നു. പക്ഷേ കുട്ടിയെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനും നല്ല ചിലവ് ഉണ്ടാകുന്നുവെന്നും താങ്ങാവുന്നതിനുമപ്പുറം ആയപ്പോൾ സുഹൃത്തിനോട് സഹായം ആവശ്യപ്പെട്ടു.
സുഹൃത്ത് കുട്ടിയെ മറ്റൊരു സ്ത്രീക്ക് നൽകണമെന്ന് ഉപദേശിച്ചു. അൽ മുത്തീന പ്രദേശത്ത് താമസിച്ചിരുന്ന മറ്റൊരു സ്ത്രീ കുറച്ചുകാലം കുട്ടിയെ പരിപാലിച്ചുവെങ്കിലും പിന്നീട് അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവരും അവരുടെ ഒരു സുഹൃത്തിനോട് ചോദിച്ചു. അങ്ങനെയാണ് കുട്ടിയെ മാളിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതെന്ന് സ്ത്രീ പൊലീസിനോട് വ്യക്തമാക്കുന്നു.
നാല് സ്ത്രീകളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഇവരാരും കുഞ്ഞിന്റെ അമ്മയല്ലെന്ന് തെളിഞ്ഞതായി ദുബായ് പൊലീസ് അറിയിച്ചു. സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്.മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി
കോതമംഗലം പളളിയിൽ സംഘർഷം. പളളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാൻ എത്തിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഉണ്ടായ കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി.
പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചുമാറ്റാൻ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത്. ഇക്കാര്യമാരോപിച്ച് പൊലീസിലും പരാതി നൽകിയിരുന്നു. തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റിൽ വെച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങളുടെ പഴക്കമുണ്ട് മൃതദേഹത്തിന്.
പുരുഷന്റേതാണ് മൃതദേഹം എന്ന് തെളിഞ്ഞിട്ടുണ്ട്. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ പി.വി.സിന്ധുവിന് അപ്രതീക്ഷിത തോല്‍വി. അഞ്ചാം സീഡായ സിന്ധുവിനെ തായ്ലന്‍ഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോണ്‍പാവീ ചോചുവോങ്ങാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധു പിന്നീടുള്ള രണ്ട് ഗെയിമിലും ലോല്‍വി വഴങ്ങി. സ്‌കോര്‍: 21-12, 13-21, 19-21. മത്സരം 58 മിനിറ്റ് നീണ്ടുനിന്നു.
ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനക്കാരിയാണ് ഏഷ്യന്‍ ഗെയിംസ് ടീമിനത്തില്‍ വെങ്കല മെഡല്‍ ജേതാവുകൂടിയായ പോണ്‍പാവീ ചോചുവോങ്. സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത്. ഇതുവരെ നാലു തവണ ഇരുവരും ഏറ്റമുട്ടിയപ്പോള്‍ മൂന്ന് തവണ സിന്ധുവിനായിരുന്നു ജയം. പുരുഷന്മാരുടെ ഡബിള്‍സിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ജപ്പാന്റെ നാലാം സീഡ് തകേഷി കമുറ-കെയിഗോ സൊനോഡോ സഖ്യത്തോടാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 19-21, 8-21.
കാണാതായി പതിനൊന്ന് ദിവസമായിട്ടും അഞ്ചുവയസ്സുകാരനെ തേടി ആരുമെത്താത്തതിൽ ദുരൂഹതയേറുന്നു. കുട്ടിയുടെ രക്ഷിതാക്കൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയിപ്പോൾ ദുബായ് ഫൗണ്ടേഷൻ ഫോർ വുമൻ ആൻഡ് ചിൽഡ്രന്റെ സംരക്ഷണയിലാക്കി.
സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്. കുട്ടിയെക്കുറിച്ച് നാളിതുവരെയായിട്ടും ഒരു വിവരവും ലഭിക്കാത്തിനാൽ സംഭവത്തിൽ ദുരൂഹതയേറുകയാണ്.
മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. അതിനപ്പുറത്തേക്ക് മാതാപിതാക്കളെക്കുറിച്ച് അവന് യാതൊരു അറിവുമില്ല. കുഞ്ഞിന്റെ രക്ഷിതാക്കൾ മനപൂർവ്വം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. കുട്ടിയെ ഈ വിധം പറഞ്ഞുപഠിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അല്ലെങ്കിൽ മാതാപിതാക്കളുടെ പേരുപോലും അറിയാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്.
കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവർ പോലീസുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. 901-ലോ 055526604-ലോ വിളിക്കുകയോ അൽ മുറഖബ പോലീസ് സ്റ്റേഷനിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.
ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി കരുനാഗപ്പളളിയിലെ ആറുപേര്‍ക്ക്. ചുങ്കത്തെ സ്വര്‍ണക്കടയിലെ ജീവനക്കാര്‍ പിരിവിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
രതീഷ്. റോണി, രാജീവന്‍, സുബിന്‍, രഞ്ജിന്‍, വിവേക് എന്നിവരാണ് ഭാഗ്യശാലികള്‍. ഇവര്‍ 100 രൂപ വീതം പിരിവിട്ട് ആറുപേര്‍ രണ്ടു ടിക്കറ്റ് ഇന്നലെയാണ് വാങ്ങിയത്. കായംകുളത്തെ ഏജന്‍റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയിലാണ് ടിക്കറ്റ് വിറ്റത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഭാഗ്യശാലിയുടെ കൈയിലെത്തുന്നത്. ഇവര്‍ക്ക് നികുതിയും കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപ ലഭിക്കും.
കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിന്റേത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. ഇതു കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹരില്‍നിന്ന് ഈടാക്കും. എല്ലാം കഴിച്ച് ബാക്കി 7.56 കോടി രൂപയാണ് സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും.ഓണം ബംപറിന്റെ ഫലമറിയാന്‍ ജനം തിക്കിതിരക്കിയതോടെ ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് പണി മുടക്കിയിരുന്നു.
ഒരു കോടി ഇരുപതു ലക്ഷം ഏജന്‍സിക്ക് കമ്മിഷനായി ലഭിക്കും. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ മന്ത്രി ജി.സുധാകരനാണ് ബംപര്‍ ജേതാവിനെ നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷംവീതം പത്തുപേര്‍ക്ക് ലഭിച്ചു.
ചന്തയില്‍ നിന്നും വാങ്ങിയ കിളിമീന്‍ മുറിച്ചു വൃത്തിയാക്കിയ റിട്ട. അധ്യാപികയും കയ്യില്‍ കിടന്നിരുന്ന സ്വര്‍ണവളയുടെ നിറംമാറി ഒടിഞ്ഞു. മീന്‍ കഴുകുന്നതിനിടെ സ്വര്‍ണവളയ്ക്ക് അലുമിനിയത്തിന്റെ നിറമാവുകയും ഒന്ന് ഒടിയുകയുമായിരുന്നു. റിട്ട. അധ്യാപികയായ തെക്കുംപുറം രവിനിവാസില്‍ സുലോചനഭായി കഴിഞ്ഞ ദിവസം പുത്തൂര്‍ പടിഞ്ഞാറെ ചന്തയില്‍ നിന്നുമാണ് കിളിമീന്‍ വാങ്ങിയത്.
കുറച്ച് കറിവെച്ച ശേഷം ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഈ മീന്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ കറി വയ്ക്കാനായി സുലോചനഭായി വൃത്തിയാക്കി. മീന്‍ വൃത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോഴാണ് കയ്യിലുണ്ടായിരുന്നു രണ്ട് സ്വര്‍ണ വളകളുടെ പകുതിയോളം നിറം മാറി അലുമിനിയം നിറത്തിലായത് ശ്രദ്ധിച്ചത്. ഒരു വള ഒടിയുകയും ചെയ്തു.
ആദ്യ ദിവസം മീന്‍ പാകം ചെയ്ത് കഴിച്ചിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒ്ന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ വളയുടെ നിറം മാറിയതോടെ ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തൂര്‍ ചന്തയിലെ മീനുമായി ബന്ധപ്പെട്ടു മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണു വീട്ടുകാര്‍.
കോയമ്പത്തൂർ∙ മലയാളി യുവാവ് പോർച്ചുഗീസ് വനിതയെ ജീവിത സഖിയാക്കി. നഞ്ചുണ്ടാപുരത്ത് താമസിക്കുന്ന പാലക്കാട് യാക്കര സ്വദേശി ടി.ആർ.അശോക്, ശൈലജ ദമ്പതികളുടെ മകൻ ടി. എ. സിദ്ധാർഥ്(34)ആണ് പോർച്ചുഗലിലെ കാതറിൻ മരിയ ഡിസൂസ മാർട്ടിനോ ലൊബേറ്റോയെ വിവാഹം ചെയ്തത്. ടാൻസാനിയയിൽ ബിബിടിസി പ്ലാന്റേഷനിൽ ഉദ്യോഗസ്ഥനായ സിദ്ധാർഥ് ഇൻസ്റ്റഗ്രാമിലൂടെയാണ് കാതറിനെ പരിചയപ്പെട്ടത്. ലണ്ടനിൽ ആർക്കിയോളജി പഠനം പൂർത്തിയാക്കിയതാണ് കാതറിൻ. പരിചയം വളർന്നപ്പോൾ കാതറിൻ ടാൻസാനിയയിലെത്തി സിദ്ധാർഥിനെ കണ്ടു.
രണ്ടുപേർക്കും പൊതുവായി ഏറെ ഇഷ്ടങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ജീവിത യാത്രയിൽ ഒരുമിച്ച് സഞ്ചരിക്കാൻ തീർച്ചയാക്കി.വിവരമറിഞ്ഞപ്പോൾ രണ്ടാളുടെയും മാതാപിതാക്കൾ എതിർത്തില്ല. സിദ്ധാർഥ് ടാൻസാനിയയിലെത്തി കാതറിന്റെ മാതാപിതാക്കളെ കണ്ടു. കഴിഞ്ഞ 16ന് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി പരിസരത്തെ ധന്വന്തരി ക്ഷേത്രത്തിൽ സിദ്ധാർഥ് കാതറിന് താലി ചാർത്തി. ഹിന്ദുമതാചാരമനുസരിച്ചായിരുന്നു വിവാഹ കർമങ്ങൾ. വൈകാതെ രണ്ടുപേരും ടാൻസാനിയയിലേക്ക് പോകും. നേരത്തെ വാൽപാറ ബിബിടിസി പ്ലാന്റേഷനിൽ ജോലി ചെയ്ത സിദ്ധാർഥിന് രണ്ട് വർഷം മുൻപാണ് ടാൻസാനിയയിലേക്ക് സ്ഥലംമാറ്റമായത്.
തിരുവനന്തപുരം : സംഗീതജ്‌ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സി.ബി.ഐ. അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഡി.ജി.പി: ലോക്‌നാഥ് ബഹ്‌റ. അന്വേഷണം സി.ബി.ഐക്കു വിടുന്നതിനോടു ക്രൈംബ്രാഞ്ചിനു വിയോജിപ്പില്ലെന്ന റിപ്പോര്‍ട്ട് ഡി.ജി.പി. ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറും. കേസുമായി ബന്ധപ്പെട്ടു ചില സാമ്പത്തിക ഇടപാടുകള്‍ കൂടിയുണ്ടെന്നു ബാലഭാസ്‌കറിന്റെ കുടുംബം പരാതിപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം കൂടി പരിശോധിക്കണമെന്നും ഡി.ജി.പി. ആവശ്യപ്പെടും. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം യോഗംചേര്‍ന്നു കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണു ഡി.ജി.പിയുടെ നടപടി.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്‌തിയില്ലെന്നും മകന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയതിനെത്തുടര്‍ന്നാണ് ഡി.ജി.പി. അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചത്.
ബാലഭാസ്‌കറും രണ്ടു വയസുള്ള മകളും കൊല്ലപ്പെട്ട വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കറിന്റെ പിതാവ് പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്‌തത വരാനുള്ളത്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ ഡി.ജി.പിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത്, കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി: കെ. ഹരികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തത്.ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഡി.ജി.പി. സംതൃപ്‌തി പ്രകടിപ്പിച്ചു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സി.ബി.ഐ. അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ നിലപാടെടുക്കട്ടെയെന്ന അഭിപ്രായമാണു ഡി.ജി.പി. പ്രകടിപ്പിച്ചത്. ബാലഭാസ്‌കറിന്റെ കുടുംബം സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷിക്കട്ടെയെന്ന നിലപാട് ക്രൈംബ്രാഞ്ചും കൈക്കൊണ്ടു.
ബാലഭാസ്‌കറിന്റെ അപകടമരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അതിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്‌ഥലത്തും ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍വച്ചും മരിച്ചു. ബാലഭാസ്‌കറിന്റെ മാനേജര്‍ സ്വര്‍ണ കടത്തുക്കേസില്‍ ഉള്‍പ്പെട്ടതോടെയാണു സി.ബി.ഐ അന്വേഷണാവശ്യം ഉയര്‍ന്നത്.
വിഷുവിന് പൂക്കാതിരിക്കാനാവാത്ത കണിക്കൊന്നയെപ്പോലെയാണ് ചിലപ്പോൾ പേനയും – ചില സിനിമകൾ കണ്ടാൽ അതേപ്പറ്റി എഴുതാതിരിക്കാനാവില്ല..! അത്തരമൊരു സിനിമയാണ് ‘ഫൈനൽസ്’. ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടതാണ് ഇത് കാണണം എന്ന്; കാരണം രജിഷ വിജയൻ എന്ന ‘ഉറപ്പ്’ തന്നെ… തിയേറ്ററിൽ പൊതുവേ ആളു കുറവായപ്പോൾ തന്നെ തീർച്ചയായി, ചിത്രം വളരെ നല്ലതായിരിക്കുമെന്ന്! (അല്ല, അതാണല്ലോ പൊതുവേയുള്ള ഒരു രീതി; പിന്നീട് അഭിപ്രായങ്ങളൊക്കെ വന്ന ശേഷമേ മിക്ക നല്ല പടങ്ങളും വിജയിച്ചിട്ടുള്ളൂ…) ഈ റിവ്യൂ മുഴുവൻ വായിക്കാൻ മടിയുള്ളവർക്കു വേണ്ടി ആദ്യം തന്നെ പറയാം, നിങ്ങൾ ഈ സിനിമ കണ്ടില്ലെങ്കിൽ അതൊരു തീരാ നഷ്ടമായിരിക്കും, തീർച്ച…
ഇനി, തുടർന്നു വായിക്കാൻ താൽപര്യമുള്ളവർക്കു വേണ്ടി:
രജിഷയുടെ സിനിമയെന്നു പറഞ്ഞു ടിക്കറ്റെടുക്കുന്നവരെക്കൊണ്ട് സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയെന്നു മാറ്റിപ്പറയിക്കുന്ന ഒരു സിനിമ – അതാണ് ‘ഫൈനൽസ്’… ടിനി ടോമിന്റെ ഒരു കരിയർ ബെസ്റ്റ് എന്നു പറയാവുന്ന സിനിമ; നിരഞ്ജ് മണിയൻ പിള്ള രാജു എന്ന പയ്യൻ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണെന്നു വെളിവാക്കുന്ന സിനിമ; ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണേണ്ടുന്ന ഒരു സ്പോർട്സ് സിനിമ – ഇതൊക്കെയാണ് ഫൈനൽസ്..! ഒരു വ്യക്തിയെ, അതിലൂടെ ഒരു സമൂഹത്തെ, സ്വപ്നങ്ങളെ, ഒക്കെയും രാഷ്ട്രീയ താൽപര്യങ്ങളും മാധ്യമ മുൻവിധികളും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് അക്കമിട്ടു നിരത്തുന്ന ഈ സിനിമ ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകനും നിർമ്മാതാക്കൾക്കുമിരിക്കട്ടെ ആദ്യ കൈയടി…
നമ്മുടെ രാഷ്ട്രീയ – സാമൂഹിക – മാധ്യമ വ്യവസ്ഥിതികളോടുള്ള രോഷ പ്രകടനമാണ് ‘ഫൈനൽസ്’ എന്നും വേണമെങ്കിൽ പറയാം…

സംഭാഷണങ്ങളെക്കാളേറെ, മൗനമാണ് ഈ ചിത്രത്തിൽ സ്‌കോർ ചെയ്തിരിക്കുന്നത്!
‘ഇന്റർവെൽ’ എന്ന് സ്ക്രീനിൽ തെളിയുമ്പോൾ പ്രേക്ഷകർ വാച്ചിൽ നോക്കി ‘ഇത്ര പെട്ടെന്നോ’ എന്നൊരു ചോദ്യം ചോദിക്കും, ഉറപ്പ്. രണ്ടാം പകുതിയിൽ തുടക്കം കുറച്ചു ‘വലിച്ചിഴച്ചു’ എന്ന് പറയാതെ വയ്യ. സെന്റിമെൻസ് വർകൗട് ആകണമെങ്കിൽ വലിച്ചു നീട്ടണം എന്ന സംവിധായകന്റെ മിഥ്യാ ധാരണയാവാം ഒരുപക്ഷേ അങ്ങനെയൊന്നിന് കാരണമായത്! ചില സ്ഥലങ്ങളിൽ പശ്ചാത്തല സംഗീതം അരോചകമായി തോന്നി… ക്യാമറാമാനും സംവിധായകനും തമ്മിലുള്ള ഒരു ആരോഗ്യകരമായ മത്സരം സിനിമയിലുടനീളം കാണാം. രണ്ടുപേരും വിജയിക്കുന്ന ഒരു മത്സരം! ഇടക്ക് തോന്നുന്ന ‘ലാഗ്’ ‘ആവിയായി’ പോകുന്ന ഒരു മാന്ത്രികതയാണ് ക്ളൈമാക്സിനപ്പുറം സ്ക്രീനിൽ തെളിയുന്ന ചില വാർത്താ ചിത്രങ്ങൾ…(അത് നിങ്ങൾ തിയേറ്ററിൽ കാണുക). രജിഷയെപ്പറ്റി ഒന്നും പറയാത്തത്, അങ്ങനെയൊരു പറച്ചിലിന്റെ ആവശ്യമുണ്ടെന്ന് തോന്നാത്തതുകൊണ്ടാണ് – അത്രമേൽ തന്മയത്വത്തോടെ തന്റെ കഥാപാത്രമായി രജിഷ മാറിയിരിക്കുന്നു… ആവർത്തിക്കുന്നു, താര രാജാക്കന്മാർ അരങ്ങു വാഴുന്നില്ല എന്ന ഒറ്റക്കാരണത്താൽ ‘ഫൈനൽസും’ ‘അത്ര പോരാ’ എന്ന പാഴ് വാക്കിലൊതുക്കി പരാജിത ചിത്രങ്ങളുടെ ‘ഹിറ്റ് ലിസ്റ്റിൽ’ എഴുതിച്ചേർക്കരുത്; ഇതൊരു അപേക്ഷയാണ്…

റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.