Latest News

കൊൽക്കത്ത മുൻ പൊലീസ് തലവൻ രാജീവ് കുമാർ കോടതിയിൽ കീഴടങ്ങി. തനിക്കെതിരായ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു ശേഷമാണ് ശാരദാ ചിറ്റ് ഫണ്ട് കേസിൽ സിബിഐ തേടുന്ന രാജീവ് കുമാറിന്റെ കീഴടങ്ങൽ. കോടതി ഇദ്ദേഹത്തിന് ജാമ്യമനുവദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ രാജീവ് കുമാർ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അഡീഷണൽ ഡയറക്ടർ ജനറലാണ്. മമതാ ബാനർജിയുടെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥ സുഹൃത്തുക്കളിലൊരാളായിട്ടാണ് രാജീവ് കുമാർ അറിയപ്പെടുന്നത്.

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചെന്നാണ് സിബിഐയുടെ ആരോപണം. അറസ്റ്റ് ചെയ്യാനുള്ള സിബിഐ സമൻസ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ രാജീവ് കുമാറിന് സിബിഐ പലതവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഈ സന്ദർഭങ്ങളിലൊന്നും രാജീവ് കുമാർ ഹാജരാകുകയുണ്ടായില്ല. തനിക്ക് കൂടുതൽ സമയം ആവശ്യമാണെന്നായിരുന്നു രാജീവ് കുമാറിന്റെ ആവശ്യം.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞിരുന്നു. സിബിഐ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടനെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിക്കുകയുണ്ടായി. 48 മണിക്കൂറിന്റെ നോട്ടീസ് നൽകി രാജീവ് കുമാറിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്നും കോടതി നിർദ്ദേശം നൽകി.

കഴിഞ്ഞ മെയ് മാസത്തിൽ ശാരദാ കേസിൽ രാജീവ് കുമാറിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞമാസം, തനിക്ക് ലഭിച്ചിരുന്ന അറസ്റ്റിൽ നിന്നുള്ള സംരക്ഷണം കോടതി നീക്കിയതിനു പിന്നാലെ രാജീവ് കുമാറിനെ കാണാതായിരുന്നു.

വെസ്റ്റ്ബാങ്ക്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിവിധ ലോകരാജ്യങ്ങൾ ഗാന്ധിസ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുർക്കി, പലസ്തീൻ, ഉസ്ബെക്കിസ്താൻ, ലെബനൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

വേറിട്ട വ്യക്തിത്വങ്ങൾ എന്ന സീരീസിൽ ഉൾപ്പെടുത്തിയാണ് ഉസ്ബെക്കിസ്താനും തുർക്കിയും സ്റ്റാമ്പിറക്കിയത്. എന്നാൽ, ‘പൈതൃകവും മൂല്യവും’ എന്ന വിഭാഗത്തിലുൾപ്പെടുത്തിയാണ് പലസ്തീൻ ഗാന്ധിക്ക് ആദരവുപ്രകടിപ്പിച്ചത്.

പലസ്തീൻ വിവരസാങ്കേതികവകുപ്പ് മന്ത്രി ഇഷാഖ് സെദറാണ് ഗാന്ധിസ്മാരക പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത്. ഇന്ത്യൻ പ്രതിനിധി പി.എ. സുനിൽകുമാർ ചടങ്ങിൽ പങ്കെടുത്തു.

 

മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കാനായി സായുധസേനാ ക്യാംപിൽ നിന്ന് അറുപതോളം പൊലീസുകാർ മരടിലേക്ക്. ഒഴിയാന്‍ താമസക്കാര്‍ക്ക് സാവകാശം നൽകിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ഉടന്‍ വിച്ഛേദിക്കില്ല. പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു.

സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഇന്നു അഞ്ചു മണിക്കു അവസാനിച്ചെങ്കിലും സാവകാശം നൽകുകയായിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 328 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 103 കുടുംബങ്ങള്‍ മാത്രമാണ് ഒഴിഞ്ഞത്. 205 അപ്പാര്‍ട്ട്മെന്റുകള്‍ ഇനിയും ഒഴിയാനുണ്ട്. വൈകിട്ട് ആറരയ്ക്ക് കലക്ടര്‍ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

മരട് ഫ്ലാറ്റ് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. കുറ്റകൃത്യം നേരത്തെ തെളിഞ്ഞതാണ്. കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതി. അവരിലേക്ക് ഉടനെത്തും. വരും ദിവസങ്ങളിൽ നടപടി പ്രതീക്ഷിക്കാം. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാർ. ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യും. മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കും. കൊച്ചിയിലെ ഐ.ജി. ഓഫിസിൽ നടന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു തച്ചങ്കരി

മാറിത്താമസിക്കാനുള്ള ഫ്ളാറ്റുകളുടെ പട്ടിക കിട്ടാത്തതിനാല്‍ ആശങ്കയിലാണ് പല ഫ്ളാറ്റുടമകളും. നിര്‍മാതാക്കള്‍ക്കെതിരായ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊച്ചിയില്‍ അവലോകനയോഗം ചേര്‍ന്നു.

മരടിലെ ഫ്ളാറ്റുകളിൽ ഒഴിയൽ പ്രതിസന്ധി ആണ്. നാല് ഫ്ളാറ്റുകളിലുമായി ആകെ ഉള്ളത് 328 അപ്പാർട്മെന്റുക ഇതിൽ പൂർണമായും ഒഴിഞ്ഞതാകട്ടെ 103 എണ്ണം മാത്രം. ഇനിയും 225 അപ്പാർട്ടുമെന്റുകൾ ഒഴിയാനുണ്ട്. പല ഫ്ളാറ്റുകളിലും സാധങ്ങൾ പൂർണമായും മാറ്റിയിട്ടില്ല. പാക്ക് ചെയ്ത സാധനകളാവട്ടെ താഴെ എത്തിക്കാൻ ലിഫ്റ്റുകളും ഇല്ല. സാധനങ്ങൾ പലതും കയറിൽ കെട്ടി ഇറക്കുകയാണ്. സാധങ്ങൾ പാക്ക് ചെയ്തു വാഹങ്ങളിൽ കയറ്റി അയച്ചവർ പറയുന്നത് ഇതാണ്

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീം തിരഞ്ഞെടുപ്പ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഋഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതാണ് പന്ത് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പന്തിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് യുവ താരത്തോട് ചെയ്യുന്ന അനീതി ആണെന്നാണ് ആരാധകർ വാദിക്കുന്നത്.
കഴിഞ്ഞ വർഷം അഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ആയിരുന്നു പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. സ്ഥിരം ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരിക്ക് പറ്റിയ ഒഴിവിലാണ് പന്ത് ഇന്ത്യൻ ടീമിൽ സ്ഥാനം നേടുന്നത്. അരങ്ങേറ്റ മത്സരത്തിലെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി പന്ത് ചരിത്രം കുറിച്ചു. പ്രസ്തുത നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനും ലോകക്രിക്കറ്റിലെ പന്ത്രണ്ടാമത്തെ കളിക്കാരനുമാണ് പന്ത്. പിന്നീട് കളിച്ച പതിനൊന്ന് മത്സരങ്ങളിൽ നിന്നായി 44.35 ശരാശരിയിൽ 754 റൺസ് ഈ ഇരുപത്തിരണ്ടുകാരൻ അടിച്ചെടുത്തു. അതിൽ രണ്ട് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പർ എന്ന നിലയിലും പന്ത് ശോഭിച്ചു. ഏറ്റവും വേഗത്തിൽ അൻപത് പേരെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് പന്തിന്റെ പേരിലാണ്.
ടെസ്റ്റ് മത്സരങ്ങളിൽ ഫോമിൽ ആണെങ്കിലും പരിമിത ഓവർ മത്സരങ്ങളിൽ ഈ യുവതാരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. അടുത്തിടെ നടന്ന ഏകദിന-ട്വന്റി ട്വന്റി മത്സരങ്ങളിലെല്ലാം പന്ത് നിറം മങ്ങി. ടെസ്റ്റ് ടീമിലേക്ക് വിളി എത്താതിരുന്നതിന് പിന്നിൽ ഇതാകാം കാരണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവില്ലായ്‌മ , ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകൾ , കളിയുടെ ഗതിയും വേഗവും മനസിലാക്കാതെ ആക്രമിച്ചു കളിക്കുവാൻ കാണിക്കുന്ന ഉത്സാഹം എന്നീ കാരണങ്ങൾ പന്തിന് വിനയാകുന്നു. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ എതിർ ടീമിനെ ചൊടിപ്പിക്കുന്നതിന് പന്ത് ഉപയോഗിക്കുന്ന വാക്കുകൾ കളി മര്യാദയ്ക്ക് ചേർന്നതല്ല എന്ന പരാതി നേരത്തെ തന്നെ പലരും ഉന്നയിച്ചതാണ്. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എല്ലാം ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിന്റെ ഭാഗം ആയതുകൊണ്ട് പരിചയസമ്പത്ത് എന്ന ഘടകം സാഹയ്ക്ക് തുണയായി എന്നു കരുതുന്നവരുമുണ്ട്. ഓരോ പോയിന്റും വിലപ്പെട്ടതായതിനാൽ ക്ഷമയോടെ കളിക്കുന്ന ഒരു ബാറ്റ്‌സ്മാൻ എന്ന പരിഗണന സാഹയ്ക്ക് ലഭിച്ചു എന്നാണ് അവരുടെ വാദം.


സാഹയേക്കാൾ ഉയർന്ന ബാറ്റിംഗ് ശരാശരി ചൂണ്ടിക്കാണിച്ചാണ് പന്ത് അനുകൂലികൾ മേൽപ്പറഞ്ഞ വാദങ്ങളെയൊക്കെ പ്രതിരോധിക്കുന്നത്. 32 മത്സരങ്ങളിൽ നിന്ന് 30.63 ശരാശരിയിൽ 1164 റൺസ് ആണ് സാഹയുടെ സമ്പാദ്യം. മൂന്ന് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ചുറികളും സാഹയുടേതായുണ്ട്. താരതമ്യം ചെയ്യുമ്പോൾ പന്ത് ബഹുദൂരം മുന്നിൽ. ഏകദിന മത്സരങ്ങളിലെ പ്രകടനം നോക്കി ടെസ്റ്റ് ടീം തിരഞ്ഞെടുക്കുന്നത് ശരിയല്ല എന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ ടെസ്റ്റിൽ ഫോമിലല്ലാത്ത ശിഖർ ധവാനെ ഏകദിന -ട്വന്റി ട്വന്റി മത്സരങ്ങൾ കളിപ്പിക്കുന്നതിലെ യുക്തിയെന്തന്ന് പന്ത് ആരാധകർ ചോദിക്കുന്നു. സാഹയ്ക്ക് ഇപ്പോൾ മുപ്പത്തിനാല് വയസ് പ്രായമുണ്ട്. പന്തിന് ഇരുപത്തിരണ്ടും. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി പരിഗണിക്കുമ്പോൾ യുവ താരത്തിനാണ് കൂടുതൽ പരിഗണന കിട്ടേണ്ടത്. കൂടുതൽ അവസരങ്ങൾ കൊടുക്കാതിരുന്നാൽ പ്രതിഭയുള്ള ഒരു താരത്തെ ഇന്ത്യൻ ടീമിന് നഷ്ടമാകും. വിദേശ പിച്ചുകളിലെ ഇരു താരങ്ങളുടെയും പ്രകടനം താരതമ്യം ചെയ്യുന്നവരുമുണ്ട്. ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ഇന്ത്യയ്ക്ക് പുറത്തെ ശരാശരി നോക്കുകയാണെങ്കിലും പന്തിന് തന്നെയാണ് മുൻതൂക്കം.

ഏതായാലും ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. സാഹയുടെ ബാറ്റിങ്ങും കീപ്പിംഗും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്ന ദിനങ്ങളാകും വരാനിരിക്കുന്നത്. സാഹയോ പന്തോ – ആരാകും മുന്നിലെത്തുകയെന്ന് കാത്തിരുന്നു കാണാം.

“പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ചന്ദനയുടെയും പ്രജിന്റേയും വിവാഹം ഉറപ്പിച്ചത്. നിര്‍ബന്ധമായും മതം മാറണമെന്നതടക്കമുള്ള അവരുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ സമ്മതിച്ചിരുന്നു. മകളുടെ സന്തോഷം മാത്രമായിരുന്നു നോക്കിയത്. എന്നാല്‍ സ്ത്രീധനമായി അവര്‍ ആവശ്യപ്പെട്ട തുകയോ സ്വര്‍ണമോ ഞങ്ങളെക്കൊണ്ട് നല്‍കാന്‍ കഴിയുന്നതായിരുന്നില്ല. അതോടെ അവര്‍ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു. അതിലെ മനോവിഷമം മൂലമാണ് അവള്‍ ഈ കടുംകൈ ചെയ്തത്..”- സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചി പനങ്ങാട് ആത്മഹത്യ ചെയ്ത ചന്ദനയുടെ അമ്മ പ്രീതി പറയുന്നു.

സെപ്തംബര്‍ അഞ്ചിനായിരുന്നു നിയമവിദ്യാര്‍ഥിയായ ചന്ദന വിനോദിനെ (24) വീട്ടിലെ കിടപ്പുമുറിയിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ വിനോദിന്റെയും വിദേശത്ത് ജോലി ചെയ്തിരുന്ന പ്രീതിയുടേയും മകളാണ് ചന്ദന. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ചന്ദനയുടെയും പ്രജിന്റെയും വിവാഹം ഉറപ്പിച്ചത്.

ഇരു മതത്തില്‍ പെട്ടവരായിരുന്നിട്ടും മകളുടെ ആഗ്രഹത്തിന് ചന്ദനയുടെ വീട്ടുകാര്‍ എതിര് നിന്നില്ല. മതം മാറണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചായിരുന്നു അവര്‍ വിവാഹത്തിന് സമ്മതം നല്‍കിയത്. വിവാഹം ഉറപ്പിക്കുന്നതിനിടെ സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും ഒന്നും വേണ്ടെന്നായിരുന്നു വരന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട്, വിവാഹത്തിന് മുന്‍പായി രണ്ടര ലക്ഷം രൂപയും വിവാഹ സമയത്ത് 51 പവനും നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ചന്ദനയുടെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പ്രജിത് ചന്ദനയോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിവരം ചന്ദന അമ്മ പ്രീതിയെ അറിയിച്ചതിന് പിന്നാലെ അവര്‍ പ്രജിന്റെ അമ്മയുമായി ബന്ധപ്പെടുകയായിരുന്നു.

‘നിങ്ങടെ മോളെ ഒന്നും കൊടുക്കാതെയാണോ കെട്ടിപ്പൂട്ടി അയക്കാന്‍ പോകുന്നതെന്നായിരുന്നു പ്രജിന്റെ അമ്മ എന്നോട് ചോദിച്ചത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം പ്രജിനും ചന്ദനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ സമ്മതിക്കാതിരുന്നാലോ എന്ന് കരുതി പലകാര്യങ്ങളും ചന്ദന തുറന്ന് പറഞ്ഞിരുന്നില്ല,” പ്രീതി പറയുന്നു.

”പിന്നീട് ഇക്കാര്യങ്ങള്‍ സംസാരിച്ച് തീര്‍പ്പാക്കുന്നതിനായി ഞങ്ങളുടെ ആവശ്യപ്രകാരം പ്രജിന്റെ വീട്ടുകാര്‍ ഇങ്ങോട്ട് വന്നു. ഇത്രയും തുക നല്‍കാനുള്ള സാഹചര്യം ഞങ്ങള്‍ക്കില്ലെന്ന് അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് പറഞ്ഞു. വിവാഹം നടന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അവരുടെ മുന്നില്‍ വെച്ച് തന്നെ ചന്ദന പറഞ്ഞിരുന്നു. ‘എന്നാല്‍ നീ പോയി ചാകെടീ’ എന്നായിരുന്നു പ്രജിന്റെ മറുപടി. പക്ഷേ അവള്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല..” പ്രീതിയുടെ വാക്കുകള്‍ ഇടയ്ക്കുവെച്ച് മുറിഞ്ഞു. ”ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പ്രജിനെ അറസ്റ്റ് ചെയ്തതായി അറിഞ്ഞു. എനിക്ക് അതില്‍ സന്തോഷമൊന്നും തോന്നുന്നില്ല. എനിക്ക് എന്റെ മകളെ നഷ്ടമായി.”

കേസിലെ പ്രതിയായ പ്രജിനെ (29) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണിയാള്‍. വിവാഹം മുടങ്ങിയ വിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായാണ് പോലീസ് കുറ്റപത്രം. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധനം ആവശ്യപ്പെടല്‍, വഞ്ചനക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പനങ്ങാട് എസ്‌ഐ  പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അലമാര നിറയേ അവന്റെ സമ്മാനങ്ങള്‍.. വീട് നിറയെ അവന്റെ പേര്

ചന്ദനയുടെ അലമാര നിറയേ അവന്‍ വാങ്ങിക്കൊടുത്തിട്ടുള്ള സമ്മാനങ്ങളാണ്. പ്രണയം തുടങ്ങിയ നാള്‍മുതലുള്ള എല്ലാ സാധനങ്ങളും അവള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ജന്മദിനത്തിന് നല്‍കിയ പൂവ്, അവന്‍ കൊടുത്ത കത്ത്, മിഠായിയുടെ കവര്‍ അങ്ങനെ എല്ലാം.. അവളുടെ കപ്പിലും മുഖം നോക്കുന്ന കണ്ണാടിയില്‍ പോലും അവന്റെ പേരാണ്” -അമ്മ പ്രീതി പറയുന്നു.

”എട്ടാംക്ലാസില്‍ വെച്ചായിരുന്നു ഇവര്‍ തമ്മിലുള്ള പ്രണയം ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ഇക്കാര്യം അറിഞ്ഞു. അപ്പോള്‍ പ്രജിനെ വിളിച്ച് വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ ഇപ്പോഴും പ്രണയമുണ്ടെന്ന് അറിയുന്നത്. പ്രജിനെ ഇപ്പോഴും ഇഷ്ടമാണെന്നും വിവാഹം നടത്തിക്കൊടുക്കണമെന്നും ചന്ദന പറയുമ്പോഴാണ് അക്കാര്യം അറിയുന്നത് തന്നെ. പിന്നാലെ പ്രജിന്റെ വീട്ടുകാര്‍ ആലോചനയുമായി വന്നു. ഉടന്‍ തന്നെ വിവാഹം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഞങ്ങള്‍ക്ക് അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. അങ്ങനെ വിവാഹം കുറച്ച് നാളത്തേക്ക് നീട്ടി വെക്കുകയായിരുന്നു. പിന്നീട് പെട്ടെന്നുതന്നെ വിവാഹം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാഹ തീയതിയെല്ലാം നിശ്ചയിച്ചത്.”

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

യലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. ‘തിരികെ വരൂ, മിസ് യു അണ്ണാ…’ എന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാന്‍ ദേവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കൂടെ വീഡിയോയും പങ്കുവെച്ചിരുന്നു.

‘നീ എന്നെ ഞങ്ങളെ വിട്ടുപോയി ഒരു വര്‍ഷം തികയുന്നു. എന്നാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലായിപ്പോഴും പുതിയതാണ്. നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല. ഞങ്ങളുടെ ഹൃദയത്തില്‍ നീ എല്ലായിപ്പോഴും ജീവിക്കും. മിസ് യു ബാല’ എന്ന് സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.

പരിസ്ഥിതിയ്ക്കുവേണ്ടി സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍. തുന്‍ബെര്‍ഗിന് വിവരം കുറവാണെന്ന് പുടിന് തുറന്നടിച്ചു. ചില ഗ്രൂപ്പുകള്‍ തുന്‍ബെര്‍ഗിനെ കരുവാക്കുന്നുവെന്നും പുടിന്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്ത വേദിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖത്ത് നോക്കി വിമര്‍ശിച്ച ലോകശ്രദ്ധ നേടിയ വനിതയാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്.അതേസമയം ഗ്രേറ്റ തുന്‍ബര്‍ഗിന്റെ വീഡിയോ പങ്കുവച്ച് അവള്‍ സന്തോഷവതിയായ പെണ്‍കുട്ടിയാണ്, നല്ല ഭാവിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ യുഎന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു.ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തകയുടെ ഗുരുതര ആരോപണങ്ങള്‍.

ലോകരാഷ്ട്രങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിനുപിന്നാലെ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കില്ലെന്നാണ് സ്വീഡന്‍ സ്വദേശിയായ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഹൈദരാബാദ് നൈസാമിന്റെ 35 മില്യണ്‍ പൗണ്ടില്‍ അവകാശവാദം ഉന്നയിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പാകിസ്താന് പരാജയം. 1948ല്‍ ഹൈദരാബാദ് നൈസാം പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന് അവകാശം നൈസാമിന്റെ അനന്തരാവകാശികള്‍ക്കാണ് എന്ന് ലണ്ടനിലെ റോയല്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസ് വിധിച്ചു. ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു.

സുരക്ഷിതമായി സൂക്ഷിക്കാന്‍ എന്ന് പറഞ്ഞാണ് നൈസാം ഈ തുക ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. അവസാന നൈസാമായ മിര്‍ ഒസ്മാ അലി ഖാന്റെ വംശാവലിയില്‍ പെട്ട മുകാറം ജാ, സഹോദരന്‍ മുഫാഖം ജാ എന്നിവരാണ് ഇന്ത്യന്‍ ഗവണ്‍മെന്റിനൊപ്പം പാകിസ്താനെതിരെ കേസില്‍ കക്ഷി ചേര്‍ന്നത്.

വിഭജനത്തിന് ശേഷം ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് നൈസാം തീരുമാനിച്ചത്. അതേസമയം നൈസാമിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലെത്തുമെന്നായപ്പോള്‍ നൈസാം ഈ പണം പാക് ഹൈക്കമ്മീഷണറായിരുന്ന ഹബീബ് ഇബ്രാഹിം റഹിംതൂലയുടെ അക്കൗണ്ടിലിടുകയാണുണ്ടായത്. എന്നാല്‍ നൈസാമിന്റെ ഏഴാമത്തെ കൊച്ചുമകനായ മുകാറം ജാ, ഈ പണം കുടുംബത്തിന്റേതാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു.

എന്നാല്‍ ഈ ഫണ്ട് തങ്ങളുടേതാണ് എന്ന് 2013ല്‍ പാകിസ്താന്‍ ഗവണ്‍മെന്റ് അവകാശപ്പെട്ടു. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുന്നതിന് മുമ്പ് നൈസാമിന് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയിരുന്നതായും ഇന്ത്യ കൈവശപ്പെടുത്താതിരിക്കാനാണ് നൈസാം തങ്ങള്‍ക്ക് പണം നല്‍കിയത് എന്നുമാണ് പാകിസ്താന്റെ വാദം. അതേസമയം ആയുധങ്ങള്‍ക്ക് പകരമായാണ് പണം നല്‍കിയത് എന്ന് പറയുന്നതിന് തെളിവില്ല കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദ് നിയമവിരുദ്ധമായാണ് ഇന്ത്യയോട് ചേര്‍ത്തത് എന്ന പാക് വാദവും ബ്രിട്ടീഷ് കോടതി തള്ളി. ഈ വാദത്തിന് കേസിൽ യാതൊരു പ്രസക്തിയുമില്ല എന്നാണ് കോടതി പറഞ്ഞത്. അതേസമയം വിധി വിശദമായി പഠിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നാണ് പാകിസ്താന്‍ ഫോറിന്‍ ഓഫീസ് അറിയിച്ചിരിക്കുന്നത്.

യുവാവ് ഭാര്യയെയും നാല് മക്കളെയും കൊന്ന സംഭവത്തില്‍ വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്തി സുപ്രിംകോടതി തിരുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലാണ് 10 മാസം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ചിരുന്നത്. അതേസമയം തെറ്റായ നിഗമനത്തിലാണ് പരമാവധി ശിക്ഷ വിധിച്ചതെന്ന് വിലയിരുത്തി സുപ്രിംകോടതി ഇന്നലെ ഇത് ജീവപര്യന്തമാക്കുകയായിരുന്നു.

2011ലെ വിധിയാണ് തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ എന്‍ വി രമണ, എംഎം ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് തിരുത്തിയത്. വധശിക്ഷാ വിധിയില്‍ രണ്ട് തെറ്റുകള്‍ സംഭവിച്ചെന്നാണ് സുപ്രിംകോടതി ഇന്നലെ വിലയിരുത്തിയത്. മുന്‍ഭാര്യയോട് പ്രതി നടത്തിയ കുറ്റസമ്മതം സ്ഥിരീകരിച്ചില്ല എന്നതാണ് അതിലൊന്ന്. പ്രതി ഭാര്യയുടെ മുഖം തല്ലിച്ചതച്ചുവെന്നതിനെ ന്യായീകരിക്കാന്‍ മെഡിക്കല്‍ തെളിവുകളില്ല എന്നതായിരുന്നു രണ്ടാമത്തേത്.

അതേസമയം കുറ്റം ചെയ്തുവെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നും അതിനാല്‍ പ്രതി ആജീവനാന്തം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം സാക്ഷിയായ പ്രതിയുടെ ആദ്യഭാര്യ ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഫോണിലൂടെ പറഞ്ഞെന്നാണ് മൊഴിനല്‍കിയത്. എന്നാല്‍ ക്രോസ് വിസ്താരത്തില്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഇയാള്‍ പറഞ്ഞിട്ടില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. അതിനാല്‍ വിധി പ്രഖ്യാപിച്ചതില്‍ ഈ കോടതിയ്ക്ക് തെറ്റ് പറ്റിയെന്ന് തങ്ങള്‍ മനസിലാക്കുന്നതായും സുപ്രിംകോടതി പറഞ്ഞു. കൂടാതെ ആളെ തിരിച്ചറിയിക്കാതിരിക്കാന്‍ പ്രതി ആസൂത്രിതമായി കൊല്ലപ്പെട്ടവരുടെ മുഖങ്ങള്‍ തല്ലിച്ചതച്ചെന്ന വാദവും മെഡിക്കല്‍ തെളിവുകളോടെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി വിലയിരുത്തി.

നാന്ദെഡ് ജില്ലയിലെ രൂപ്ല നായിക് ടാന്‍ഡ എന്ന കുഗ്രാമത്തില്‍ 2007ല്‍ ഭാര്യയെയും പത്ത് മാസവും നാല്, ആറ്, പത്ത് വയസ്സ് വീതമുള്ള കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് 2011ല്‍ സുപ്രിംകോടതി ശരിവച്ചത്. 2012ല്‍ തന്നെ പ്രതിയുടെ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി പിന്നീട് അത് റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി പുനപരിശോധനാ ഹര്‍ജി പുതുതായി പരിഗണിക്കുകയായിരുന്നു.

പ്രതിക്കുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കേസില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയുടെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം വിജയിച്ചെങ്കിലും ജയിലിനുള്ളിലെ ഇയാളുടെ സ്വഭാവം വിനയായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ജയില്‍ അധികൃതരോടും മറ്റ് തടവുപുള്ളികളോടും അപമര്യാദമായി പെരുമാറുന്നതും ഇയാള്‍ പതിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തുടര്‍ജീവിതവും ഇയാള്‍ ജയിലില്‍ തന്നെ കഴിയട്ടെയെന്ന് കോടതി വിധിച്ചത്.

കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ വീട്ടില്‍ മോഷണം നടത്തിയ വീട്ടുവേലക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ രേഖകളും കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും ഇയാള്‍ മോഷ്ടിച്ചെന്നാണ് സംശയിക്കുന്നത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലുള്ള വില്ല ഓര്‍ബെന്ന പീയുഷ് ഗോയലിന്റെ വീട്ടിലെ വേലക്കാരനായിരുന്ന വിഷ്ണുകുമാര്‍ ശര്‍മ്മ(28) ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ മോഷണം, ഐടി ആക്ടിന്റെ പ്രധാനപ്പെട്ട സെക്ഷനുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വീട്ടിലെ ചില വെള്ളി ആഭരണങ്ങളും പിച്ചള ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കഴിഞ്ഞമാസം ഗോയലിന്റെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ 16നും 18നും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്വകര്‍മ്മയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ഗാംദേവി പോലീസ് കേസെടുത്തു. ഇയാള്‍ ഡല്‍ഹിയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് മോഷണ വസ്തുക്കളില്‍ ചിലത് കണ്ടെത്തുകയും ചെയ്തു.

ചില രഹസ്യസ്വഭാവമുള്ള രേഖകള്‍ ഗോയലിന്റെ കമ്പ്യൂട്ടറില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായും ഫയലുകളില്‍ നിന്നും രേഖകള്‍ മോഷ്ടിക്കപ്പെട്ടതായും പോലീസ് സംശയിച്ചു. ഇതെതുടര്‍ന്നാണ് വിശ്വകര്‍മ്മയുടെ ഫോണ്‍ പരിശോധിച്ചത്. കൂടുതല്‍ പരിശോധനയില്‍ ഇയാള്‍ ആര്‍ക്കോ ചില മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും ഫോണില്‍ നിന്നും ചില രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന പോലീസിന്റെ സംശയം ബലപ്പെട്ടു. നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ തിരിച്ചെടുക്കാനും ഇയാള്‍ ആര്‍ക്കാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്താനും പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.

ഇയാള്‍ ആരൊക്കെയായി ബന്ധപ്പെട്ടിരുന്നുവെന്ന് മനസിലാക്കാന്‍ കോള്‍ ഹിസ്റ്ററിയും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പീയുഷ് ഗോയലിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഇയാള്‍ വീട്ടുകാരുടെ വിശ്വാസ്യത നേടിയിരുന്നു.

RECENT POSTS
Copyright © . All rights reserved