മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്ന് പറയുന്നവര്‍, അവർക്ക് മുന്നിൽ തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി നൗഷാദ്, മലയാളികൾ മുഴുവൻ നൗഷാദിനെ അഭിനന്ദിക്കുമ്പോൾ ആ വലിയ മനസിന് കൈയ്യടിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും.പെരുന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകള്‍ മന്ത്രി പങ്കുവച്ചത്.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
“നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.”
-മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്
ഏവർക്കും പെരുന്നാൾ ആശംസകൾ
കനത്ത മഴയെ അവഗണിച്ച് വയനാട് പുത്തുമലയിൽ മൂന്നാം ദിവസവും നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പുത്തുമല ദുരന്തഭൂമിയിൽ മണ്ണിനടിയിൽ ഇനിയും ഏഴു പേർ കുടുങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടി വരുന്നതിനിടെ അകപ്പെട്ട കാറിലെ യാത്രക്കാരേയും കണ്ടെത്താനായില്ല. യാത്രക്കാരും കാറും മണ്ണിനടിയിലകപ്പെട്ടോയെന്നാണ് സംശയം. തോരാമഴയിൽ പുത്തുമലയിലെ ഒഴുക്ക് തുടരുകയാണ്. മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ കഴിയുന്നില്ല.
നനഞ്ഞു കുതിർന്ന മണ്ണിൽ കാലു കുത്താൻ പോലും കഴിയില്ല. പുത്തുമല സ്വദേശിനിയായ അൻപത്തിയേഴുകാരി റാണിയുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. അവറാൻ , അബൂബക്കർ , ഷൈല, അന്നായ , ഗൗരിശങ്കർ , നബീസ് , ഹംസ എന്നിവരാണ് കാണാതായവർ. പത്തടിയോളം മണ്ണ് വീടുകൾക്കു മീതെ വന്നടിഞ്ഞിട്ടുണ്ട്. ഇതു പൂർണമായും നീക്കലാണ് വെല്ലുവിളി. കാണാതായവരുടെ ബന്ധുക്കൾ ആശങ്കയിൽ കഴിയുകയാണ്. ഉറ്റവരെ അവസാനം ഒരു നോക്ക് കാണാൻ കഴിയണേയെന്ന പ്രാർഥനയിലാണ് ബന്ധുക്കൾ.
ദുരന്തനിവാരണ സേനയും പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും അടക്കം 250 പേർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉച്ചതിരിഞ്ഞ് നാലു മണിക്കു തന്നെ തിരച്ചിൽ നിർത്തേണ്ടി വന്നു. ഉരുൾപൊട്ടലിന് വീണ്ടും സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യോമസേനയുടെ ഹെലികോപ്റ്റർ പുത്തുമലയിൽ വ്യോമ നിരീക്ഷണം നടത്തി. നിലവിൽ ദുരന്ത ഭൂമിയുടെ തീവ്രത മനസിലാക്കിയാണ് വ്യോമസംഘം മടങ്ങിയത്.
കോട്ടക്കുന്ന്; ചെളിമണ്ണില്‍ താണ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആ മൃതദേഹത്തിന്റെ കൈകളില്‍ മറ്റൊരു കുഞ്ഞുജീവന്‍ കൂടിയുണ്ടായിരുന്നു. ചേതനയറ്റ ഒന്നരവയസ്സുകാന്‍ ധ്രുവന്റെ മൃതദേഹം. മകനെ ആ അമ്മ മുറുകെ പിടിച്ച നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിക്കുന്നതായിരുന്നു ആ ദുരന്ത കാഴ്ച. രണ്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം ചോലയില്‍ കോട്ടക്കുന്ന് പടിഞ്ഞാറേ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകള്‍ ഗീതുവും (22) പേരമകന്‍ ധ്രുവനും (ഒന്നര) ദാരുണമായി മരിച്ചത്. സത്യന്റെ ഭാര്യ സരോജിനി(50) യെയും കാണാതായിട്ടുണ്ട്. ശരത്തിന്റെ കണ്‍മുന്നില്‍ നിന്നായിരുന്നു ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ദുരന്തം കവര്‍ന്നത്.
ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെളളം വീട്ടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് തിരിച്ചുവിടുകയായിരുന്നു. ആ സമയത്തായിരുന്നു നേരത്തേ വിണ്ടുകീറിയ മലയുടെ ഒരുഭാഗം താഴേക്ക് പതിച്ചത്. അമ്മയുടെ കയ്യില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷനേരം കൊണ്ട് വീടൊന്നാകെ മണ്ണിനടിയിലായി. തന്റെ ഭാര്യയും പൊന്നോമന മകനും അതില്‍പ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ശരത്ത് നിസ്സഹായനായിരുന്നു. ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ സമയം സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല. അവര്‍ മാത്രമാണ് ആ കുടുംബത്തില്‍ അവശേഷിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. സരോജിനിക്കായി തെരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കവളപ്പാറയില്‍ ഇനി അന്‍പതുപേരെയാണ് കണ്ടെത്താനുള്ളത്; പുത്തുമലയില്‍ ഏഴുപേരെയും. രണ്ടിടത്തും മഴ കുറഞ്ഞത് തിരച്ചിലിന് സഹായമാകും. സംസ്ഥാനത്ത് ഇതുവരെ 77 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേരാണുള്ളത്. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുന്നു. ആലപ്പുഴ–ചങ്ങനാശേരി പാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു.
ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിച്ച് ഷാരുഖ് ഖാന്റെ മകൾ. “ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലാണ് സുഹാന ഖാൻ അഭിനയിച്ചത്. സുഹാനയുടെ സുഹൃത്ത് തിയോ ജിമെനോയാണ് ‘ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ സംവിധാനം ചെയ്തത്. മുന്‍പ് സുഹാന നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ലണ്ടനിലെ ആർഡിംഗലൈ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുഹാന താമസിയാതെ ബോളിവുഡിൽ സാന്നിധ്യമറിയിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
ബദായുൻ: ഉത്തർപ്രദേശിലെ വനിതാ ആശുപത്രിയിൽ അണുബാധയെ തുടർന്ന് 32 പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. ബദായുൻ ജില്ലയിലെ വനിതാ ആശുപത്രിയുടെ എസ്എൻസിയു (സിക്ക് ന്യൂബോണ്‍ കെയർ യൂണിറ്റ്) വാർഡിൽ 50 ദിവസത്തിനിടെയാണ് ഇത്രയും കുരുന്നുകൾ മരിച്ചത്. മരണങ്ങളിൽ ആശുപത്രിക്ക് ഉത്തരവാദിത്തമില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
ഒരു മാസത്തിനിടെ ആശുപത്രിയിൽ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കരമായി വർധിച്ചു. മിക്ക അവയവങ്ങളുടെയും പ്രവർത്തനം നിലച്ച അവസ്ഥയിലാകും ഇവരെ അഡ്മിറ്റ് ചെയ്യുക. 24 മണിക്കൂറിനുള്ളിൽ കുട്ടികൾ മരിക്കുകയും ചെയ്യും. ഇതിൽ കുറച്ച് കുട്ടികളെ മാത്രമാണ് ചികിത്സിക്കാൻ കഴിഞ്ഞത്. 50 ദിവസത്തിനിടെ 32 കുട്ടികൾ മരിച്ചു. ഇവരിൽ മിക്കവരും മറ്റ് ആശുപത്രികളിൽനിന്ന് എത്തിയവരാണെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് രേഖ റാണി പറഞ്ഞു.
മറ്റ് ആശുപത്രികളിൽനിന്ന് അണുബാധയുണ്ടായ നിലയിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നതെന്നും മരണങ്ങൾക്ക് ആശുപത്രി ഉത്തരവാദികൾ അല്ലെന്നും സൂപ്രണ്ട് വാദിച്ചു. ആശുപത്രിയിൽ ഓക്സിജൻ ലഭ്യത കുറവുണ്ടെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് 24 മണിക്കൂറും ഇവിടെ ഓക്സിജൻ നൽകാൻ കഴിയുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.
ഒരു ഗ്രാമം തന്നെ ഇല്ലാതായ കാഴ്ച. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർ. അവരുടെ വാക്കുകളിലെ നിസഹായത. ഇൗ നേർചിത്രങ്ങളുടെ ഇടയിലാണ് വയനാട് എംപി രാഹുൽ ഗാന്ധി. ദുരിതാശ്വാസക്യാംപുകളിലെത്തിയ രാഹുൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ കുറവ് ക്യാംപിലെ താമസക്കാര്‍ രാഹുലിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതിന് പിന്നാലെയാണ് ദുരന്തം നടന്ന കവളപ്പാറയിലേക്ക് രാഹുൽ എത്തിയത്. അപ്രതീക്ഷിതമായിരുന്നു ഇൗ യാത്ര. മണ്ണിടിഞ്ഞെത്തിയ മഹാദുരന്തത്തെ പറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തിനോട് വിശദീകരിച്ചു. ദുരന്തമുഖത്ത് വച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്.

മലപ്പുറം കലക്ട്രേറ്റില്‍ രാഹുൽ ഗാന്ധി ഇന്ന് അവലോകനയോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖനേതാക്കളും രാഹുലിനെ അനുഗമിച്ചു. നാളെ വയനാട്ടിലെ പുത്തുമല ഉള്‍പ്പെടെയുള്ള ദുരിതബാധിതമേഖലകള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും.

ഒരു നാടാകെ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍നിന്ന് ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തി. സൈന്യമടക്കം സന്നാഹങ്ങള്‍ സജ്ജമെങ്കിലും തിരച്ചില്‍ അതിദുഷ്കരമായി തുടരുന്നു. ഉപകരണങ്ങളുടെ കുറവാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. ഇനിയും കണ്ടെത്താനുള്ള അന്‍പതുപേര്‍ക്കായി നാളെ വീണ്ടും തിരച്ചില്‍ തുടരും. പ്രതിസന്ധികളുണ്ടെങ്കിലും കാണാതായ എല്ലാവരെയും കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷം. ഞായർ വൈകിട്ട് 9 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,61,249 പേർ കഴിയുന്നു. 75,636 കുടുംബങ്ങൾ. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ക്യാംപ്– 317. തൃശൂർ (251), മലപ്പുറം (232), വയനാട് (214) ജില്ലകളാണു തൊട്ടുപിന്നിൽ. മലപ്പുറത്ത് 55,720, കോഴിക്കോട് 58,317, തൃശൂരിൽ 42,176, വയനാട്ടിൽ 37,395 പേർ ക്യാംപുകളിൽ കഴിയുന്നു. കേരളത്തിലാകെ 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സർക്കാർ അറിയിച്ചു. പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന രംഗത്തിറങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. വെള്ളക്കെട്ടിൽ വീണും ആളുകൾ മരിച്ചു. കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂര്‍ റൂട്ടുകളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന് കുമരകം വരെ വെള്ളക്കെട്ടാണ്. ആലപ്പുഴ ഭാഗത്തേക്കു ബസില്ല. ചങ്ങനാശേരി– ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. നെടുമ്പാശേരിയില്‍നിന്ന് വിമാനസര്‍വീസ് തുടങ്ങി. പാലക്കാട്–ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. വയനാട് ജില്ലയിലെ ദുരിത മേഖലകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ കവളപ്പാറയിലെ ക്യാംപിലെത്തി നാട്ടുകാരുമായി സംസാരിച്ചു. തിങ്കളാഴ്ച രാവിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.
പ്രത്യേക സ്വയംഭരണാവകാശം റദ്ദാക്കിയതിന് എതിരെ ജമ്മു കാശ്മീരില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നതായി റോയിട്ടേഴ്‌സ്, അല്‍ ജസീറ, ദ വയര്‍ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയോ സംസ്ഥാനപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് എതിരെയോ യാതോരു തരത്തിലുള്ള പ്രതിഷേധവും കാശ്മീര്‍ താഴ്‌വരയില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കാശ്മീര്‍ പ്രതിഷേധത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കി.
ശ്രീനഗറില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നതായി റോയിട്ടേഴ്‌സും പാകിസ്താന്‍ പത്രം ഡോണും മറ്റും റിപ്പോര്‍ട്ട് ചെയ്തത് വാസ്തവവിരുദ്ധമാണ് എന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബിബിസി സോറയിലെ വന്‍ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. തോക്കിന്റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ബിബിസി സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് നിക്കോള കാരീം ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സുരക്ഷാസേന പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായും ഇതില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും ഇന്നലെ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീനഗറിലെ ശേര്‍ ഇ കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് ഒരു സാക്ഷി റോയിട്ടേഴ്‌സിനോട് പറഞ്ഞത് ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേയ്ക്ക് ചാടി എന്നാണ്. പൊലീസ് ഇരു ഭാഗത്ത് നിന്നും പ്രതിഷേധക്കാരെ നേരിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഈദിന് മുന്നോടിയായി ഇന്നലെയാണ് ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയത്. അതേസമയം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണ് എന്ന് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ശ്രീനഗറിലെ മഹാരാജ ഹരി സിംഗ് ആശുപത്രിയിലെത്തി പരിക്കേറ്റ കാശ്മീരി യുവാക്കളുമായി സംസാരിച്ചിരുന്നു. തങ്ങള്‍ പെല്ലറ്റ് തോക്ക് ആക്രമണത്തിന് ഇരകളായതായി ആശുപത്രിയിലെ കാശ്മീരി യുവാക്കളും ഇവരുടെ കുടുംബാംഗങ്ങളും വയറിനോട് പറഞ്ഞു.
50,000ത്തിനടുത്ത് സുരക്ഷാസേനകളെയാണ് കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370, 35 എ റദ്ദാക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ കക്ഷി നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയും ടൂറിസ്റ്റുകളേയും അമര്‍നാഥ് തീര്‍ത്ഥാടകരേയും തിരിച്ചയയ്ക്കുകയും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുകയും ചെയ്തിരുന്നു.
A news report originally published in Reuters and appeared in Dawn claims there was a protest involving 10000 people in Srinagar.
This is completely fabricated & incorrect. There have been a few stray protests in Srinagar/Baramulla and none involved a crowd of more than 20 ppl.
— Spokesperson, Ministry of Home Affairs (@PIBHomeAffairs) August 10, 2019