Latest News

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.

കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.

അമേരിക്കയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ മുപ്പത് പേര്‍ കൊല്ലപ്പെട്ടു. ടെക്സസിലും ഒഹിയോയിലുമാണ് അക്രമികള്‍ ആള്‍ക്കൂട്ടതിനുനേരെ വെടിവച്ചത്. ആക്രമണകാരണം വ്യക്തമായിട്ടില്ല.

തോക്ക് നിയമം കര്‍ശനമാക്കിയിട്ടും ആള്‍ക്കൂട്ടതിനു നേരയുള്ള വെടിവയ്പ്പുകള്‍ അമേരിക്കയില്‍ തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടമാണ് വെടിവയ്പ്പുണ്ടായത്. ഇന്നുപുലര്‍ച്ചെ ടെക്സസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇരുപത്തൊന്നുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത്താറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഡാലസ് സ്വദേശിയായ അക്രമി പൊലീസ് കസ്റ്റഡിയിലാണ്.

മണിക്കൂറുകളുടെ ഇടവേളയിലാണ് ഓറിഗനിലെ ഒഹായോവില്‍ വീണ്ടും വെടിവെപ്പുണ്ടായത്. ബാറിലേക്കുള്ള പ്രവേശനം തടഞ്ഞതില്‍ പ്രകോപിതനായ യുവാവ് ആള്‍ക്കൂട്ടിനുനേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. പത്തുപേര്‍ കൊല്ലപ്പെട്ടു. പതിനാറുപേര്‍ക്ക് ഗുരുതരപരുക്കേറ്റു. അക്രമിയും സ്വയം വെടിയുതിര്‍ത്ത് മരിച്ചെന്നാണ് സൂചന. ഒഹായോവിലേക്കുള്ള ഗതാഗതം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. കഴിഞ്ഞയാഴ്ച കലിഫോര്‍ണിയയില്‍ 19കാരന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഒരു മാസത്തിനിടെ മൂന്നാമത്തെ വിദേശ കപ്പലും പിടിച്ചെടുത്ത് പേർഷ്യൻ ഉൾക്കടലിൽ പ്രകോപനം ശക്തമാക്കി ഇറാൻ. കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാരുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിനു വടക്കായി ഫർസി ദ്വീപിനു സമീപത്തു നിന്നാണ് എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കപ്പൽ പിടിച്ചെടുത്തത്. ദ്വീപിനു സമീപം ഇറാന്റെ നാവികസേനാ കേന്ദ്രങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്.

ഏകദേശം ഏഴു ലക്ഷം ലീറ്റർ എണ്ണയാണ് ‘കള്ളക്കടത്ത്’ നടത്തിയതെന്ന് ഇറാന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ രാജ്യാന്തര തലത്തിൽ യുഎസിന്റെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പലും പിടിച്ചെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മുതൽ പലപ്പോഴായി ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. യുഎസിന്റെ ഡ്രോൺ ഇറാൻ തകർത്ത സംഭവവുമുണ്ടായി. അതിനിടെ ഇറാന്റെ കപ്പൽ ജിബ്രാൾട്ടറിനു സമീപം ബ്രിട്ടൻ പിടിച്ചെടുത്തു. സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതോടെയാണ് വിദേശ കപ്പലുകൾ പിടിച്ചെടുക്കാൻ ഇറാൻ ആരംഭിച്ചത്.

ഉപരോധത്തെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതി ഭാഗികമായി നിലച്ച അവസ്ഥയിലാണ്. ലോകത്തിലെ എണ്ണ കൈമാറ്റത്തിന്റെ ഭൂരിപക്ഷവും നടക്കുന്ന മേഖലയിൽ ജൂലൈ 18ന് എംടി റിയ എന്ന കപ്പലാണ് ഇറാൻ ആദ്യം പിടിച്ചെടുത്തത്. എണ്ണ കള്ളക്കടത്താണ് കാരണമായി പറഞ്ഞത്. ഒരു ദിവസത്തിനു ശേഷം ബ്രിട്ടന്റെ കീഴിലുള്ള സ്റ്റെന ഇംപറോ പിടിച്ചെടുത്തു. രാജ്യാന്തര സമുദ്ര കരാർ ലംഘനത്തിന്റെ പേരു പറഞ്ഞായിരുന്നു ഹോർമുസ് കടലിടുക്കിലെ പിടിച്ചെടുക്കൽ. ഇതിൽ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരും ഇന്ത്യക്കാരാണ്. മൂന്നാമതായി പിടിച്ചെടുത്ത കപ്പല്‍ ഏതു രാജ്യത്തു നിന്നാണെന്നു വ്യക്തമായിട്ടില്ല.

മേഖലയിൽ പട്രോളിങ്ങിനിടെയാണ് കപ്പൽ ശ്രദ്ധയിൽപ്പെട്ടതെന്നും കള്ളക്കടത്താണെന്നു ബോധ്യമായതോടെ പിടിച്ചെടുക്കുകയായിരുന്നെന്നും ഇറാൻ വ്യക്തമാക്കി. അറബ് രാജ്യങ്ങളിലേക്കാണ് എണ്ണ കടത്തിയിരുന്നത്. ബുഷേറിലാണ് ഇപ്പോൾ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. കപ്പലിൽ നിന്ന് എണ്ണ മാറ്റിയിട്ടുണ്ട്. നിയമപരമായാണു നീങ്ങുന്നതെന്നും കപ്പലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇറാൻ അറിയിച്ചു. എന്നാൽ കപ്പല്‍ ഏതു രാജ്യത്തിന്റെയാണെന്നോ കമ്പനിയുടേതാണെന്നോ വ്യക്തമാക്കിയില്ല.

മേഖലയിൽ സംഘർഷം കുറയുന്ന സാഹചര്യമാണു നിലവിലെന്ന് ഇറാൻ ജനറൽമാരിലൊരാൾ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കപ്പൽ പിടിച്ചെടുത്തത്. ‘ഒറ്റനോട്ടത്തിൽ പേർഷ്യൻ ഉൾക്കടലിലെ സാഹചര്യം സൈനിക നടപടിയിലേക്കാണു നയിക്കുന്നതെന്നു തോന്നിപ്പിക്കും. എന്നാൽ കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ അത്തരമൊരു നീക്കത്തിനു സാധ്യത വളരെ കുറച്ചേ ഉള്ളൂവെന്നു മനസ്സിലാകും’– ബ്രിഗേഡിയർ ജനറൽ അഹമ്മദ്‌റേസ പൗർദസ്ഥാൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു വെടിമരുന്നുശാല പോലെയാണ് പേർഷ്യൻ ഉൾക്കടൽ. ചെറിയൊരു പൊട്ടിത്തെറി മതി വൻ സ്ഫോടനമുണ്ടാകാൻ– ജനറൽ കൂട്ടിച്ചേർത്തു.

കപ്പൽ പിടിച്ചെടുത്തതിനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട വക്താവ് പറഞ്ഞു. ബഹ്റൈനിലാണ് ഇപ്പോൾ യുഎസിന്റെ ഈ നാവികസേന കപ്പൽ വ്യൂഹമുള്ളത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ബ്രിട്ടന്റെ കപ്പലുകൾക്ക് അകമ്പടിയായി യുദ്ധക്കപ്പലുകൾ അയച്ചു തുടങ്ങിയെന്ന് ജൂലൈ 25ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എണ്ണക്കടത്തിന്റെ ഈ നിർണായക പാതയിൽ നടക്കുന്ന ഏതു പ്രകോപനപരമായ നീക്കത്തിനും തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ നയം. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ രാജ്യത്തിന്റെ ചുമതലയാണെന്നും ഇറാൻ പറയുന്നു.

ട്രെയിനിലെ മോഷണം ശ്രമം തടഞ്ഞ അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്സ്പ്രസിലാണ് നടുക്കുന്ന സംഭവം. ഡൽഹി സ്വദേശിയായ മീനയും മകൾ മനീഷയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മകളെ എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്കായി പരിശീലന കേന്ദ്രത്തില്‍ ചേർക്കാൻ പോയപ്പോഴാണ് ദുരന്തമുണ്ടായത്. ഇവർക്ക് ഒപ്പം മകൻ ആകാശും ട്രെയിനിലുണ്ടായിരുന്നു. പുലർച്ചയോടെയാണ് ട്രെയിനിൽ മോഷണശ്രമം നടന്നത്. കള്ളൻമാരിൽ ഒരാൾ മീനയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കരുതിവച്ചിരുന്ന പണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗാണ് കള്ളൻമാർ മോഷ്ടിക്കാൻ ശ്രമിച്ചത്.

ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചില്‍ കടന്നാണ് മോഷണം നടത്തിയത്. ഇത് ചെറുത്ത മീനയും മകളും ചങ്ങല വലിച്ച് ട്രെയിനിൻ നിർത്തുകയും ചെയ്തു. ഇൗ സമയം അമ്മയെയും മകളെയും ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട ശേഷം കള്ളൻമാർ രക്ഷപ്പെടുകയായിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും അമ്മയും മകളും മരിച്ചിരുന്നു.

ആദ്യ മത്സരത്തിലെ ബാറ്റിങ് താളപ്പിഴയ്ക്ക് സുന്ദരമായി പ്രായശ്ചിത്തം ചെയ്ത ഇന്ത്യ, രണ്ടാം ട്വന്റി20യിലെ 22 റൺസ് ജയത്തോടെ 3 മത്സര പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്, മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതാണു തിരിച്ചടിയായത്. മൂന്നാം വിക്കറ്റിൽ നിക്കോളാസ് പുരാൻ– റോമൻ പവൽ സഖ്യം വിൻഡീസിനു പ്രതീക്ഷകൾ നൽകിയതാണ്. എന്നാൽ പുരാൻ (19), പവൽ (54) എന്നിവരെ മടക്കി ക്രുനാൽ പാണ്ഡ ഏൽപിച്ച ഇരട്ട പ്രഹരം അവരെ വീണ്ടും തകർത്തു.

അധികം വൈകാതെ, കനത്ത ഇടിമിന്നൽ മുന്നറിയിപ്പിനെത്തുടർന്ന് അംപയർമാർ താരങ്ങളെ ഗ്രൗണ്ടിൽനിന്നു തിരിച്ചയച്ചു. കീറോൺ പൊള്ളാർഡ് (8), ഷിമ്രോൺ ഹെറ്റ്മയർ എന്നിവരായിരുന്നു അപ്പോൾ ക്രീസിൽ. പിന്നീടു മത്സരം പുനരാരംഭിക്കാനാകില്ലെന്ന് ഉറപ്പായതോടെ മഴ നിയമപ്രകാരം ഇന്ത്യ 22 റൺസിനു ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ, രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് (67) ഇന്ത്യയ്ക്കു മികച്ച സ്കോർ ഉറപ്പാക്കിയത്. രോഹിത്– ധവാൻ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 67 റൺസ് ചേർത്ത് ഇന്ത്യൻ അടിത്തറ ഭദ്രമാക്കി.

രോഹിത്തിനു കൂട്ടായി കോലി എത്തിയതോടെ ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ടുനീങ്ങി. എന്നാൽ ഓഷെയ്ൻ തോമസ് എറിഞ്ഞ 14–ാം ഓവറിൽ രോഹിത് പുറത്തായത് ഇന്നിങ്സിലെ വഴിത്തിരിവായി. രാജ്യാന്തര ട്വന്റി20യിലെ 21–ാം അർധ സെഞ്ചുറി കുറിച്ച രോഹിത് 51 പന്തിൽ 6 ഫോറും 3 സിക്സുമടിച്ചു. 17–ാം ഓവറിലെ, കിടിലൻ യോർക്കറിൽ ഷെൽഡൻ കോട്രൽ കോലിയുടെ (28) വിക്കറ്റും തെറിപ്പിച്ചു. ഋഷഭ് പന്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി. ശനിയാഴ്ച ആദ്യ പന്തിൽ (0) പുറത്തായ പന്ത് ഇന്നലെ പുറത്തായത് 4 റൺസിന്. പിന്നാലെ മനീഷ് പാണ്ഡെയും (6) ചെറിയ സ്കോറിനു പുറത്തായെങ്കിലും ക്രുനാൽ പാണ്ഡ്യ (13 പന്തിൽ 20 നോട്ടൗട്ട്), രവീന്ദ്ര ജഡേജ (4 പന്തിൽ 9 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് ഇന്ത്യയെ തുണച്ചു.

വിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ മൂന്നു സിക്സടിച്ച രോഹിത് ശർമ, രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ സിക്സടിക്കുന്ന താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി.

സ്കോർ ബോർഡ്

ഇന്ത്യ

രോഹിത് സി ഹെറ്റ്മയർ ബി തോമസ് 67, ധവാൻ ബി പോൾ 23, കോലി ബി കോട്രൽ 28, പന്ത് സി പൊള്ളാർഡ് ബി തോമസ് 4, മനീഷ് സി പുരാൻ ബി കോട്രൽ 6, ക്രുനാൽ നോട്ടൗട്ട് 20, ജഡേജ നോട്ടൗട്ട് 9. എക്സ്ട്രാസ് 10. ആകെ 20 ഓവറിൽ 5 വിക്കറ്റിന് 167.
വിക്കറ്റുവീഴ്ച: 1–67, 2–115, 3–126, 4–132, 5–143.
ബോളിങ്– തോമസ്: 4–0–27–2, കോട്രൽ: 4–0–25–2, നരെയ്ൻ: 4–0–28–0, പോൾ: 4–0–46–1, ബ്രാത്ത്‌വെയ്റ്റ്: 2–0–22–0, പിയറി: 2–0–16–0

വെസ്റ്റിൻഡീസ്

നരെയ്ൻ ബി സുന്ദർ 4, ലൂയിസ് സി ആൻഡ് ബി ഭുവനേശ്വർ 0, പുരാൻ സി മനീഷ് ബി ക്രുനാൽ 19, പവൽ എൽബി ബി ക്രുനാൽ 54, പൊള്ളാർഡ് നോട്ടൗട്ട് 8, ഹെറ്റ്മയർ നോട്ടൗട്ട് 6. എക്സ്ട്രാസ് 7. ആകെ 15.3 ഓവറിൽ 4 വിക്കറ്റിന് 98.
വിക്കറ്റുവീഴ്ച: 1–2, 2–8, 3–84, 4–85.
ബോളിങ്– സുന്ദർ: 3–1–12–1, ഭുവനേശ്വർ: 2–0–7–1, ഖലീൽ: 3–0–22–0, സെയ്നി: 3–0–27–0, ക്രുനാൽ: 3.3–0–23–2, ജഡേജ: 1–0–6–0

ചെന്നൈ: ഏഴു വയസ്സുകാരന്റെ വായില്‍നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് 526 പല്ലുകള്‍. ചെന്നൈയിലെ സവീത ഡന്റര്‍ കോളേജ് ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. അദ്യമായാണ് ഇത്രയധികം പല്ലുകള്‍ ഒരു വ്യക്തിയുടെ വായില്‍ കണ്ടെത്തുന്നത്.

താടിയുടെ വലതുഭാഗത്ത് കടുത്ത നീരും വേദനയുമായിരുന്നു കുട്ടിയുടെ അസുഖം. കുട്ടിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഇത് ആദ്യമായി കണ്ടത്. നീര് വര്‍ധിച്ചു വന്നതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ‘കോംപൗണ്ട് കോംപോസിറ്റ് ഓണ്‍ഡോണ്‍ടോം’ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി.

കുട്ടിയുടെ താടിയെല്ലിന്റെ എക്‌സ്-റേയും സിടി സ്‌കാനും പരിശോധിച്ചപ്പോള്‍ പൂര്‍ണവളര്‍ച്ചയെത്താത്ത നിരവധി പല്ലുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. താടിയെല്ലിനോട് ചേര്‍ന്ന് ഒരു അറ പോലുള്ള ഭാഗത്തായിരുന്നു പല്ലുകള്‍. ഏകദേശം 200 ഗ്രാം ഭാരമുള്ള ഈ അറയ്ക്കുള്ളില്‍ ചെറുതും വലുതുമായി 526 പല്ലുകള്‍ ഉണ്ടായിരുന്നു.

അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്കിയയ്ക്ക് ഒടുവിലാണ് പല്ലുകള്‍ നീക്കംചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി സാധാരണനിലയിലായതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. പ്രതിഭ രമണി പറഞ്ഞു. ലോകത്തുതന്നെ ആദ്യമായാണ് ഒരാളുടെ വായില്‍ ഇത്രയധികം പല്ലുകള്‍ കാണപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആഢംബര സൗകര്യങ്ങളോടെയുളള സ്വകാര്യ ആശുപത്രിയിലെ വാസം വിവാദമായ സാഹചര്യത്തിലാണ് നടപടി. റിമാൻഡിലായിരുന്നിട്ടും അച്ഛന്‍റെയും ബന്ധുക്കളുടെയും ഒപ്പമാണ് ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ശ്രീറാമിന്‍റെ വാട്‍സാപ്പ് നമ്പർ പലപ്പോഴും ഓൺലൈനിലുമായിരുന്നു. എന്താണ് ശ്രീറാമിന്‍റെ ആരോഗ്യപ്രശ്നമെന്ന് പൊലീസോ ആശുപത്രി അധികൃതരോ വ്യക്തമാക്കിയിരുന്നില്ല.

സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മുഖത്ത് മാസ്ക് ഇട്ടിരുന്നു. ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈയ്ക്കും കാലിനും ഒടിവ് ഇല്ലെന്നാണ് ഇതുവരെ ഡോക്ടർമാർ നൽകിയ വിവരം. ഇടിച്ചതിന്‍റെ പരിക്കുകളാണുള്ളത്. വലിയ പരിക്കുകളില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും വിശദീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് ശേഷമാകും എങ്ങോട്ടാണ് മാറ്റുക എന്ന കാര്യം തീരുമാനിക്കുക.

അപകടമുണ്ടായ ശേഷം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ശ്രീറാം ഇത് കേൾക്കാതെ സ്വകാര്യ ആശുപത്രിയായ കിംസിലേക്കാണ് പോയത്. സുഹൃത്തുക്കളായ ഡോക്ടർമാരുടെ സംഘം ശ്രീറാമിനൊപ്പമുണ്ടായിരുന്നു കിംസിൽ എന്നാണ് വിവരം.

അതേസമയം ഐഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ്‌ ചുമത്തിയത്‌ 10 വർഷംവരെ തടവ്‌ ലഭിക്കാവുന്ന 304 വകുപ്പുക‍ളാണ്. ബോധപൂർവമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങി 10വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 28 ദിവസമെങ്കിലും റിമാൻഡിൽ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയത്.

കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ മോട്ടോർ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേർത്തിട്ടുണ്ട്‌. ശ്രീറാം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി ജുഡീഷ്യൽ കോടതി അഞ്ചിലെ മജിസ്‌ട്രേട്ട്‌ എ ആർ അമൽ എത്തിയാണ്‌ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തത്‌. പൊലീസ്‌ കാവൽ ഏർപ്പെടുത്തി. ഡിസ്‌ചാർജ്‌ ചെയ്‌താൽ സബ്‌ജയിലിലേക്ക്‌ മാറ്റും.ഒരു പഴുതും ശേഷിപ്പിക്കാതെ അന്വേഷണംവേണമെന്നും വീഴ്‌ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ പൊലീസ്‌ മേധാവിയോട്‌ നിർദേശിച്ചിട്ടുണ്ട്‌.

ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പൊലീസും. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള്‍ മുന്‍പു വിവാഹബന്ധം വേര്‍പെടുത്തി.വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്.

തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോര്‍വാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്.

അപകടത്തില്‍ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച്‌ വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

 

തൃശ്ശൂർ: ചാലക്കുടിയിൽ ശക്തമായ കാറ്റ്. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. വെട്ടുകടവ് ഭാ​ഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. ആളപായമില്ല.

ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്താകെ ആഞ്ഞടിക്കുകയായിരുന്നു. പത്ത് മിനിറ്റോളം നീണ്ടുനിന്ന ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

വീടുകളുടെ മുകളിൽ പാകിയിരുന്ന ഷീറ്റുകൾ പറന്നുപോയി. പല ഭാഗത്തും മരങ്ങൾ വീണു. വൈദ്യുതി ലൈനുകൾക്ക് കേട് പറ്റിയതോടെ പല ഭാഗത്തും വൈദ്യുതി ലഭ്യത താറുമാറായി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടകൾക്ക് മുന്നിൽ വിൽപനക്ക് വച്ചിരുന്ന വസ്തുക്കൾ പറന്നു പോയി.

പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്യാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ പ്രദേശത്ത് തുടരുകയാണ്

മുംബൈയിൽ കനത്ത മഴ തുടരുന്നു. ഖാർഘർ വെള്ളച്ചാട്ടം കാണാൻ പോയ മലയാളി വിദ്യാർത്ഥിനി അടക്കം നാലു പേർ മുങ്ങി മരിച്ചു. പാലക്കാടു സ്വദേശിനി ആരതി നായരാണ് മരിച്ചത്. നവി മുംബൈയിൽ സ്ഥിര താമസക്കാരാണ് ആരതിയും കുടുംബവും.

ശക്തമായി തുടരുന്ന മഴയിൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി. ട്രെയിൻ വിമാനസർവീസുകൾ ദിവസങ്ങളായി താറുമാറായിട്ട്. അംബർനാഥ്‌ ബദലാപൂർ ചുനബാട്ടി എന്നിവടങ്ങളിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കുറുകൾ വൈകിയാണ് സർവീസുകൾ നടത്തുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം

സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലുള്ളവർ പുറത്തിറങ്ങും മുൻപേ മങ്ങാരം ഗവ.യുപി പ്രധാനാധ്യാപിക ഗേറ്റ് പൂട്ടി പോയെന്നു പരാതി. കുട്ടിയും ബന്ധുവും അധ്യാപികയും ഹെൽപ്പറും മുക്കാൽ മണിക്കൂർ ഉള്ളിൽ കുടുങ്ങി. മങ്ങാരം ഗവ. യുപി സ്കൂളിനോടു ചേർന്നു പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ഇന്നലെ 3 മണിയോടെയാണ് സംഭവം. അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വീട്ടിൽ പോയിരുന്നോ എന്ന് ഉറപ്പാക്കാതെ പ്രധാനാധ്യാപിക ഡി.രജിത പ്രധാന ഗേറ്റ് പൂട്ടി പോയതാണ് വിവാദമായത്.

സമയമായിട്ടും കുട്ടിയും ബന്ധുവും വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ അങ്കണവാടിയിൽ കുടുങ്ങിയ വിവരമറിയുന്നത്. ഗേറ്റ് തുറക്കുന്നതിനായി പ്രധാനാധ്യാപികയെ പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നഗരസഭാംഗങ്ങളെയും പൊലീസിനെയും വിവരം അറിയിച്ചു. നഗരസഭാംഗങ്ങളായ ജി.അനിൽ കുമാർ, വി.വി.വിജയകുമാർ എന്നിവർ സ്ഥലത്തെത്തി.

അവരുടെ സാന്നിധ്യത്തിലാണ് പൂട്ടു തകർത്തു ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതു സംബന്ധിച്ചു പൊലീസിലും പന്തളം ഐസിഡിഎസ് ഓഫിസർക്കും അധ്യാപിക പരാതി നൽകി. ഐസിഡിഎസ് ഓഫിസർ റാഹില കലക്ടർക്കും ബാലാവകാശ കമ്മിഷനും ഏഇഒയ്ക്കും പരാതി നൽകി. പ്രധാനാധ്യാപികയും അങ്കണവാടി അധ്യാപികയും തമ്മിലുള്ള ശീതസമരത്തെത്തുടർന്നാണ് സംഭവമുണ്ടായതത്രേ.

അങ്കണവാടിയും വഴിയും ശുചീകരിക്കണമെന്ന് പ്രധാനാധ്യാപിക ഡി.രജിത അങ്കണവാടി അധ്യാപിക വരദയോട് ആവശ്യപ്പെട്ടിരുന്നു. 18 കുട്ടികളുടെ കാര്യം നോക്കേണ്ടതിനാൽ ഇത് അങ്കണവാടി ജീവനക്കാർക്ക് ചെയ്യാനാകില്ലെന്ന് വരദ അറിയിച്ചു. തുടർന്ന് അങ്കണവാടിലേക്കുള്ള വൈദ്യുതിയും വെള്ളവും പ്രധാനാധ്യാപിക നിഷേധിച്ചെന്നും വരദ പറഞ്ഞു. പന്തളം നഗരസഭയ്ക്കു കീഴിലാണ് മങ്ങാരം ഗവ. യുപി സ്കൂൾ. അവിടെയാണ് അങ്കണവാടിയും പ്രവർത്തിക്കുന്നത്.

അങ്കണവാടിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നു കാട്ടി പ്രധാനാധ്യാപികയ്ക്ക് നോട്ടിസ് നൽകിയിരുന്നതായി കൗൺസിലർ അനിൽ കുമാർ പറഞ്ഞു. ഇതിൽ പ്രകോപിതയായിട്ടാണ് അവർ അങ്കണവാടിയുടെ പ്രവർത്തന സമയം കഴിയുന്നതിനു മുൻപ് വാതിൽ പൂട്ടി പ്രതികാര നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അത്യാവശ്യ കാര്യത്തിനു പുറത്തുപോകേണ്ടി വന്നതിനാലാണ് ഗേറ്റ് പൂട്ടിയതെന്നും സ്കൂൾ വളപ്പിൽത്തന്നെയുള്ള ചെറിയ ഗേറ്റ് തുറന്നിട്ടിരുന്നെന്നും സ്കൂൾ പ്രധാനാധ്യാപിക ഡി.രജിത പറഞ്ഞു.

സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വമേധയാ കേസെടുത്തതായി ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു. സ്റ്റേഷൻ ഓഫിസറോട് നാളെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനാധ്യാപികയുടെ നടപടി ബോധപൂർണമാണെന്നു കണ്ടെത്തിയാൽ ബാലനീതി നിയമപ്രകാരം സംഭവത്തെ ഗൗരവമായി കണ്ട് നടപടിയുണ്ടാകും.

RECENT POSTS
Copyright © . All rights reserved