Latest News

കൊച്ചി നഗരമധ്യത്തില്‍ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ബോണറ്റില്‍ വീണ യുവാവുമായി 400 മീറ്റര്‍ പാഞ്ഞ് ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ വന്നിറങ്ങിയയുടനെയായിരുന്നു കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. യുവാവുമായി 400 മീറ്ററോളം സഞ്ചരിച്ച കാര്‍ ഒടുവില്‍ അയാളെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ദേശീയപാതയില്‍ ഇടപ്പിള്ളിയില്‍ നിന്നും വൈറ്റിലേക്കുള്ള വഴി വന്ന ടാക്‌സി കാര്‍ ആണ് അപകടമുണ്ടാക്കിയത്.

മരോട്ടിച്ചോട് ജംഗ്ഷന് സമീപത്തേക്ക് ഓട്ടോയില്‍ വന്നിറങ്ങിയ ഉടന്‍ അമിത വേഗത്തിലെത്തിയ കാര്‍ തന്നെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് അപകടത്തില്‍പ്പെട്ട യുവാവ്  അറിയിച്ചു. കൊച്ചി സ്വദേശിയായ നിശാന്തിനാണ് പരിക്കേറ്റത്. നിശാന്തും സുഹൃത്തും ഭക്ഷണം കഴിക്കാനായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അപകടം. ആദ്യത്തെ ഇടിയ്ക്ക് ശേഷം കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കാര്‍ വീണ്ടും ഇടിയ്ക്കുകയും നിശാന്ത് ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. അതോടെ ഡ്രൈവര്‍ അതേ സ്പീഡില്‍ തന്നെ കാര്‍ മുന്നോട്ടെടുക്കുകയും ചെയ്തു. 400 മീറ്ററോളം മുന്നോട്ടോടിയ ശേഷം ബ്രേക്കിട്ടപ്പോഴാണ് നിശാന്ത് തെറിച്ച് റോഡിലേക്ക് വീണത്.

കാര്‍ നിശാന്തിന്റെ വലതുകാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. രണ്ട് കാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുമായി സംസാരിക്കുകയോ വാക്കുതര്‍ക്കമുണ്ടാകുകയോ മുന്‍ പരിചയമോ ഒന്നുമില്ലെന്ന് നിശാന്ത് പറയുന്നു. 19ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. നിശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ അമിത വേഗത്തിലായിരുന്നതിനാല്‍ തന്നെ കാറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല.

തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖ​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ക​ട​ലി​ൽ ചാ​ടി​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ ലൈ​ഫ് ഗാ​ർ​ഡി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​റി​യ​തു​റ സ്വ​ദേ​ശി ജോ​ൺ​സ​ൺ ഗ​ബ്രി​യേ​ലി​ന്‍റെ (43) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ലി​യ​തു​റ തീ​ര​ത്തു​നി​ന്നാ​ണ് ജോ​ൺ​സ​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മൂ​ന്നാ​ർ സ്വ​ദേ​ശി യു​വ​തി​യെ ര​ക്ഷി​ക്കാ​ൻ ക​ട​ലി​ൽ ഇ​റ​ങ്ങി​യ​ത്. യു​വ​തി​യെ ക​ട​ലി​ൽ​നി​ന്ന്‌ ര​ക്ഷി​ച്ച്‌ തീ​ര​ത്തെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നാ​ലെ ശ​ക്ത​മാ​യ തി​ര​യി​ൽ ജോ​ൺ​സ​ൺ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ക​ട​ലി​ൽ ചാ​ടി​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ഴു​ത​ക്കാ​ട്ട് സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ലോകത്തിലെ തന്നെ അപൂര്‍വ്വ ജൈവസമ്പത്തായ ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടുതീ അണയ്ക്കാനായില്ല. നമ്മുടെ വീട് കത്തുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്. ”ലോകത്തെ ഓക്‌സിജന്റെ 20 ശതമാനവും നിര്‍മ്മിക്കുന്ന കാടുകളാണ് കത്തുന്നത്. ഇതൊരു ആഗോള പ്രതിസന്ധിയാണ്. ജി 7 ഉച്ചകോടിയിലെ അംഗങ്ങളെ, രണ്ട് ദിവസത്തിനുള്ളില്‍ ഈ അടിയന്തിര സാഹചര്യത്തെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം” – മക്രോണ്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇത് ബ്രസീലിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോ വ്യാഴാഴ്ച പറഞ്ഞത്. ”ഈ രാജ്യങ്ങള്‍ ഇങ്ങോട്ടേക്ക് പണം നല്‍കുന്നു, അത് സഹായമായല്ല നല്‍കുന്നത്. ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടുകയാണ് അവരുടെ ലക്ഷ്യം” – ഫെയ്സ്ബുക്ക് ലൈവില്‍ ബോള്‍സനാരോ പറഞ്ഞു.

എന്നാല്‍ തീ അണയ്ക്കാന്‍ അവശ്യമായ മാര്‍ഗങ്ങള്‍ ബ്രസീലിന്റെ പക്കല്‍ ഇല്ലെന്ന് നേരത്തേ പ്രസിഡന്റ് പറഞ്ഞിരുന്നു. ആമസോണ്‍ യൂറോപ്പിനേക്കാള്‍ വലുതാണ്. എങ്ങനെയാണ് അത്രയും ഭാഗത്തെ തീ അണയ്ക്കുക? എന്ന് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചിരുന്നു.

വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയത്.

ബോള്‍സോനാരയുടെ നയങ്ങളോട് നേരത്തെ തന്നെ ഇവിടെ പ്രതിഷേധങ്ങളുയരുന്നുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ആമസോണ്‍ കാടുകള്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട് യാതൊരെതിര്‍പ്പും ഉണ്ടായില്ലെന്നും എന്നാല്‍ അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ബോള്‍സോനാരയുടേതെന്നും നേരത്തെതന്നെ വിയോജിപ്പ് ഉയരുന്നുണ്ട്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടുത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2018 -നെ അപേക്ഷിച്ച് 83 ശതമാനം വര്‍ദ്ധനയാണ് കാട്ടുതീ ഉണ്ടാകുന്നതില്‍ കണക്കാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ മാത്രം, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 9,500 -ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. അതായത് ലോകത്തിനായി 20 ശതമാനം ഓക്‌സിജന്‍ ഉത്പാദിപ്പിച്ചിരുന്ന കാട് ഇപ്പോള്‍ പുറം തള്ളുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്.

ഹോളിവുഡ് താരം ഡി കാപ്രിയോ ചോദ്യംചെയ്ത് രംഗത്തെത്തി. കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം ഡി കാപ്രിയോ പങ്കുവെച്ചു.

ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ലെന്നും ഡി കാപ്രിയോ പറയുന്നു. എന്തുകൊണ്ട്?.

വിഷയം ഡി കാപ്രിയോ ഏറ്റെടുത്തതോടെ പിന്തുണയുമായി ലോകമെമ്പാടുമുള്ള ചലച്ചിത്രതാരങ്ങള്‍ രംഗത്തുവന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, പൂജ ബത്ര, ബിപാഷ ബസു, മല്ലെയ്ക അറോറ, ശ്രദ്ധകപൂര്‍ തുടങ്ങിയവര്‍ പോസ്റ്റ് പങ്കുവച്ചു. ആഗോള പരിസ്ഥിതി വിഷയങ്ങളില്‍ മുമ്പും ഡി കാപ്രിയോ ശക്തമായ നിലപാടുകള്‍ ഉന്നയിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് ഡി കാപ്രിയോ.

ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിർദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു .എന്നാൽ തീവ്രവാദികൾ ഉന്നം വെക്കുന്നത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ആണോ എന്ന് സംശയമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍ എത്തിയതിനെ തുടർന്നാണ് രഹസ്യാന്വേഷ വിഭാഗം ഇത്തരം ഒരു ആശങ്ക പങ്കുവെച്ചിട്ടുള്ളത് .അതുകൊണ്ടുതന്നെ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ അതിശക്തമായ സുരക്ഷ ഒരുക്കാനാണ് പോലീസിന്റേയും സുരക്ഷസേനയുടേയും നീക്കം.

തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ അടക്കം ആറു ഭീകരരാണ് ശ്രീലങ്കയില്‍ നിന്നു തമിഴ്‌നാട് തീരത്ത് എത്തിയതായി റിപ്പോര്‍ട്ടുള്ളത്. സംഘത്തിലെ മലയാളിയുടെ സാന്നിധ്യം കേരളത്തെ ഈ സംഘം ലക്ഷ്യമിടുന്നതിനുള്ള സാധ്യതയിലേക്കാണ് സുരക്ഷാ ഏജന്‍സികള്‍ എത്തുന്നത്. നാലു ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം. ഇല്യാസ് അന്‍വര്‍ എന്ന പാക് ഭീകരനാണ് സംഘത്തിലുള്ളത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് .

ആര്‍എസ്എസ് സര്‍സംഘചാലക് അഞ്ചു ദിവസങ്ങളിലായി നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ഷിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണു ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്ന് മുതല്‍ 27 വരെ കേരളത്തിലുള്ളത്. 23നും 24നും 25നും അദ്ദേഹം കോഴിക്കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് നാലിന് ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീകണ്ഠേശ്വരം ശ്രീനാരായണ സെന്റിനറി ഹാളില്‍ മോഹൻ ഭഗവത് നിര്‍വഹിക്കുന്നുണ്ട് . ഈ പരിപാടിക്ക് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് മേധാവി നിര്‍ദേശിച്ചു .

24ന് കോഴിക്കോട്ടെ സാംസ്‌കാരിക-കലാ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ചയുണ്ട് . 25ന് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും സംസ്ഥാന കാര്യകര്‍ത്താക്കളുടെ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് സരോവരത്ത് കോഴിക്കോട് മഹാനഗരത്തിലെ പൂര്‍ണഗണവേഷ ധാരികളായ സ്വയംസേവകരുടെ സാംഘിക്കില്‍ പങ്കെടുക്കും. 26ന് കോട്ടയത്ത് ജസ്റ്റിസ് കെ.ടി. തോമസ്, പ്രൊഫ ഒ.എം. മാത്യു എന്നിവരെ കാണും. 27ന് വള്ളിക്കാവ് അമൃതാനന്ദമയീമഠത്തില്‍ മാതാ അമൃതാനന്ദമയിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്നാണ് അദ്ദേഹം വിമാനമാര്‍ഗം മടങ്ങുക. ഈ സമയങ്ങളിലെല്ലാം കർശനമായ സുരക്ഷാ ഒരുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ശബരിമല, ഗുരുവായൂര്‍ അടക്കം പ്രമുഖ ക്ഷേത്രങ്ങളേയും ഭീകകര്‍ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളിലെ സുരക്ഷയും കര്‍ശനമാക്കി. ഇന്നു ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലക്ഷ്‌കര്‍ ഭീകരര്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈയിലും സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും തീരദേശ പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നെ പോലീസ് കമ്മിഷണര്‍ അറിയിച്ചു.

പുന്നപ്ര പറവൂര്‍ സ്വദേശികളായ അക്രമിസംഘത്തിലെ രണ്ടുപേരെ ഡിവൈ.എസ്.പി പി.എം.ബേബിയും സംഘവും കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പറവൂറില്‍ ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തിയതായി സൂചന. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിലുള്‍പ്പെട്ട ഒരാളുടെ സഹോദരനെ മനു മുൻപ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്.. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. പറവൂര്‍ രണ്ടുതൈവെളിയില്‍ മനോഹരന്റെ മകന്‍ മനുവാണ് (കാകന്‍ മനു-27) കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ 19മുതല്‍ ഇയാളെ കാണാതായതായി പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. എന്നാല്‍,​ ഇക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ 19ന് രാത്രി 10 ഓടെ പറവൂറിലെ ബാറില്‍ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനു പുറത്തിറങ്ങിയപ്പോള്‍ ക്രിമിനല്‍ സംഘം പിന്നാലെയെത്തി ഇയാളെ അടിച്ച്‌ വീഴ്ത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ മനുവിനെ സ്കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലില്‍ കല്ലുകെട്ടിത്താഴ്ത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. പുന്നപ്ര എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ സിസി ടിവി കാമറ പരിശോധിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചത്.

ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍,​ ബൈക്കിന് പിന്നിലിരുത്തികൊണ്ടുപോകും വഴി മനു വഴിയില്‍ ഇറങ്ങിപോയതായാണ് രണ്ടാമന്റെ മൊഴി. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെങ്കിലും മര്‍ദ്ദനത്തിന്റെയും സ്കൂട്ടറില്‍ കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവം കൊലപാതകമാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍പ്പെട്ട ഒരാളുടെ വീടിന് സമീപം കടലില്‍ താഴ്ത്തിയതായി പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ആലപ്പുഴ ഡിവൈ.എസ്.പി പി.എം ബേബി വെളിപ്പെടുത്തി. ഇതിനായി പറവൂരില്‍ ഇന്ന് പൊലീസിന്റെ നേതൃത്വത്തില്‍ കടലില്‍ പരിശോധന നടക്കും.

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ വീണ്ടും ശക്തമാകുന്നു. കേരളത്തിൽ പരക്കെ ഇന്നു മഴ ലഭിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 10 സെന്റിമീറ്റർ. പത്തനംതിട്ടയിലെ കുരുടമണ്ണിൽ 8 സെന്റിമീറ്റർ മഴ ലഭിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ നിരവധി പ്രദേശങ്ങളിൽ മഴ പെയ്തു.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ബാണാസുര സാഗറിലെ ജലനിരപ്പ് ഉയരാന്‍ കാരണം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23 മുതൽ 27 വരെയുളള 5 ദിവസവും കേരളത്തിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഈ 5 ദിവസവും മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ പൊഴിയൂർ മുതൽ കാസർകോട് വരെയുളള തീരപ്രദേശത്ത് 3.0 മുതൽ 3.5 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങിയേക്കും. തീരപ്രദേശത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ (കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട്) വെളളം ഇരച്ചു കയറാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പുലർത്തണം. തീരപ്രദേശത്ത് ബോട്ടുകളും വളളങ്ങളും ഉണ്ടെങ്കിൽ അവിടെനിന്നും അകലേക്ക് മാറ്റണം. ശക്തമായ തിരമാലയിൽ ബോട്ടുകളും വളളങ്ങളും പരസ്പരം കൂട്ടിയിടിച്ച് തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും അതുമൂലം ജലനിരപ്പുയരാനും സാധ്യതയുണ്ട്. തീരങ്ങളോട് ചേർന്നായിരിക്കും കൂടുതൽ അപകടസാധ്യത എന്നുള്ളതിനാൽ തീരത്തോട് ചേർന്ന് ബോട്ടും വള്ളങ്ങളും ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറംകടൽ/ ആഴക്കടൽ (open ocean) മേഖലകളിൽ ഇതിന്റെ പ്രഭാവം താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് മുന്നറിയിപ്പില്ലാത്ത മേഖലകളിൽ മൽസ്യബന്ധനത്തിലേർപ്പെടുന്നതിൽ തടസമില്ല.

ഹാർബറിൽ കെട്ടിയിടുന്ന ബോട്ടുകൾ തമ്മിൽ ആവശ്യമായ അകലം പാലിക്കുന്നത് ബോട്ടുകൾ/വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകമാകും. കടലിലെയും തീരങ്ങളിലേയും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കുക. വള്ളങ്ങൾ/ബോട്ടുകൾ തീരങ്ങളിൽ നിന്ന് കടലിലേക്ക് ഇറക്കുന്നതും തിരിച്ച് കടലിൽ നിന്ന് തീരങ്ങളിലേക്ക് കയറ്റുന്നതും ഈ സമയങ്ങളിൽ ഒഴിവാക്കുക.

 

തമിഴ്നാട്ടിലേക്ക് കടല്‍മാര്‍ഗം ഭീകരര്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് കേരളത്തിലും അതീവ ജാഗ്രതാനിര്‍ദേശം. ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങി ജനങ്ങള്‍ കൂടുന്ന എല്ലായിടങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും. എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ 112 എന്നനമ്പരിലേക്ക് വിവരമറിയിക്കണം. സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് 0471–2722500 എന്ന നമ്പരിലും വിളിക്കാം.

ശ്രീലങ്കയില്‍ നിന്നുള്ള ആറംഗ സംഘത്തിനു സൗകര്യമൊരുക്കിയ തൃശ്ശൂര് സ്വദേശിക്കായും തിരച്ചില്‍ തുടങ്ങി. ഹിന്ദുവേഷങ്ങളിലെത്തി ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്ടിലെങ്ങും വന്‍തോതില്‍ പരിശോധനകള്‍ നടക്കുകയാണ്.

ചെന്നൈ അടക്കമുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ എട്ടുജില്ലകളിലായി ഏഴായിരം പൊലിസുകാരെ സുരക്ഷ പരിശോധനയ്ക്കായി നിയോഗിച്ചു. മൂന്നുജില്ലകള് ഉള്‍പെടുന്ന ചെന്നൈ നഗരത്തില്‍ മാത്രം ആയിരത്തിയഞ്ഞൂറ് പൊലീസുകാര്‍ നിരത്തിലുണ്ട്. റയില്‍വേ സ്റ്റേഷന്‍ വിമാനത്താവളം, ബസ് സ്റ്റാന്‍ഡുകള്‍ ,ആരാധാനാലയങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ കര്‍ശന പരിശോധനായാണ് നടക്കുന്നത്.

സംശയം തോന്നുവരെയും വാഹനങ്ങളെയും കസ്റ്റഡിയിലെടുക്കുന്നുണ്ട്. കോസ്റ്റല്‍ പൊലീസിന്റെയും സുരക്ഷ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച് അനധികൃത ബോട്ടില്‍ ആറുപേര്‍ തമിഴ്നാട് തീരത്തിറങ്ങിയെന്നാണ് വിവരം. ഇവര്‍ പിന്നീട് കോയമ്പത്തൂരിന്റെ വിവിധ കേന്ദ്രങ്ങളിലേക്കു പോയന്നും കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഇല്യാസെന്ന പേരുള്ള പാക്ക് പൗരനാണ്. ഈ സംഘത്തിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് തൃശ്ശൂര്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. അബ്ദുള്‍ കരീം എന്നയാളുടെ പാസ്പോര്ട്ട് വിവരങ്ങള്‍ ഏജന്‍സികള്‍ പരസ്യപെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് തമിഴ്നാടുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. കോയമ്പത്തൂര്‍ നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി പത്തിലധികം പേരെ എന്‍.ഐ.എ പിടികൂടുകയും ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോയമ്പത്തൂര്‍ അടക്കമുള്ള പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ അതീവ മുന്‍കരുതലെടുത്തിരിക്കുന്നത്.

ആഗോള സമ്പദ് വ്യവസ്ഥയില്‍ ആശങ്കയെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ആഗോളവളര്‍ച്ചാനിരക്ക് താഴേക്കാണ്. സാമ്പത്തിക പരിഷ്കാരങ്ങള്‍ ത്വരിതഗതിയില്‍ തുടരും. ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും. ജിഎസ്ടി റീഫണ്ട് വൈകാന്‍ അനുവദിക്കില്ല. നികുതി റിട്ടേണ്‍ കൂടുതല്‍ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല. അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുന്നെന്നും നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

ജോൺ കുറിഞ്ഞിരപ്പള്ളി

ഞങ്ങളുടെ  ടാക്സി സാമാന്യം നല്ല വേഗതയിൽ  ഓടിക്കൊണ്ടിരിക്കുന്നു. പുറകിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന റോഡരികിലെ  കാഴ്ചകളിൽ ഞാൻ  വിരസത അകറ്റാൻ വെറുതെ  നോക്കിയിരുന്നു.
ബാംഗ്ലൂർ കെംപെഗൗഡ ഇൻ്റെർനാഷണൽ എയർപോർട്ടിലേക്ക് ഇനി കഷ്ട്ടിച്ചു പത്തു കിലോമീറ്റര് ദൂരം കാണും.
മനസ്സിൽ ടെൻഷൻ കൂടി വരുന്നു.ശ്രുതിയോട് എന്ത് പറയണം?അവൾ എങ്ങിനെയാണ് പ്രതികരിക്കുക? ഞാൻ പോകേണ്ട എന്ന് പറഞ്ഞാൽ അവൾ യാത്ര ഉപേക്ഷിക്കുമോ?
അങ്ങിനെ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വരുന്നുണ്ട്.
എല്ലാകാര്യങ്ങളും നിസ്സാരമായികാണുന്ന എനിക്ക് ഇത്രയധികം ടെൻഷൻ ഉണ്ടാകാൻ പാടില്ലാത്തതാണ്.
നഷ്ടം സംഭവിക്കും എന്ന അവസ്ഥ വരുമ്പോൾ മാത്രമേ പലതിൻ്റെയും വിലയറിയൂ എന്ന് പറയുന്നത് വളരെ ശരിയാണ്.കാർ റേഡിയോയിൽനിന്നും കേൾക്കുന്ന പാട്ടിലേക്ക് ശ്രദ്ധ‌ തിരിച്ചുവിടാൻ ഒരു വിഫല ശ്രമം നടത്തിനോക്കി.
ഞാൻ ജോൺ  സെബാസ്റ്റ്യനെ ശ്രദ്ധിച്ചു. എന്തുകൊണ്ടോ അവനും ടെൻഷനിൽ ആണന്നു തോന്നുന്നു.അവൻ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുകയാണ്.അവൻ്റെ കാര്യം വളരെ പരിതാപകരമായിരുന്നു.ഒരു ഗുണ്ടയെപ്പോലെ പെരുമാറുമെങ്കിലും അടുത്തറിയുമ്പോൾ സഹതാപം തോന്നും.എഞ്ചിനീറിങ്ങിന് അവസാന സെമസ്റ്റർ പരീക്ഷക്ക്‌ മുൻപ് കോളേജിൽ ഉണ്ടായ ഒരു അടിപിടി കേസ് അവൻ്റെ ഭാവി തകർത്തു കളഞ്ഞു അവനെ  രണ്ടു വർഷത്തേക്ക് കോളേജിൽനിന്ന്   സസ്‌പെൻഡ് ചെയ്തു.
ഇപ്പോൾ രണ്ടു വർഷം  കഴിഞ്ഞിരിക്കുന്നു. പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് അവൻ.
നാണക്കേടും വീട്ടിൽനിന്നുമുള്ള കുറ്റപ്പെടുത്തലുകളും കേട്ടും കണ്ടും  മടുത്ത് അവൻ ബാംഗ്ലൂരിൽ വന്നതാണ്.ഒരു ചെറിയ ജോലിയിൽ തട്ടിയും മുട്ടിയും കഴിയുകയാണ്.സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും ചെയ്യുന്ന അവൻ്റെ  സ്വഭാവം അവനെ കുഴിയിൽ ചാടിക്കുന്നു.
അവൻ ചോദിച്ചു,”മാത്യു, നിന്നെ ഒറ്റികൊടുക്കുന്ന ആ യൂദാസ് ആരാണ്?”
സത്യം അവനോടു തുറന്നു പറയണോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു.ഞാൻ പറയുന്നത് കേൾക്കാൻ അവൻ കാതും കൂർപ്പിച്ച് ഇരിക്കുകയാണ്.അവനോട് അത് പറയണോ ?
ഞാൻ പറഞ്ഞു,”അത്………….”
ജോൺ സെബാസ്റ്റ്യൻ വിളിച്ചു പറഞ്ഞു,”നോക്കൂ ..”അവൻ സൈഡിലേക്ക് കൈ ചൂണ്ടി.”വണ്ടി നിർത്തൂ”
ഡ്രൈവർ കാർ പെട്ടന്ന് ബ്രേക്കിട്ടു.
” എന്താ? എന്തു പറ്റി?”
റോഡരുകിൽ ആക്സിഡന്റ് ആയി ഒരു കാർ കിടക്കുന്നു.
“അത്,പ്രസാദിൻ്റെ  കാർ അല്ലെ?അതെ.അത് അവൻ്റെ കാർ തന്നെ.”
ഞങ്ങൾ വണ്ടി സൈഡിൽ ഒതുക്കി നിർത്തിയിട്ട് ആക്സിഡന്റ്  നടന്ന  സ്ഥലത്തേക്കു ചെന്നു. പ്രസാദ്   അബോധാവസ്ഥയിൽ വണ്ടിക്കകത്ത് കുടുങ്ങിക്കിടക്കുന്നു.കാറിൻ്റെ  ബോണറ്റ് പൂർണമായി തകർന്നിരിക്കുന്നു.ഓവർ സ്പീഡിൽ സൈഡിലെ റെയ്ൽസിൽ ഇടിച്ചു തകർന്നതാണ്.
ഏതാനും വഴിപോക്കരും വാഹനങ്ങളിൽ വരുന്നവരും  എന്തു പറ്റി എന്നറിയാൻ എത്തി നോക്കുന്നുണ്ട്. ചുറ്റും കുറച്ചു ആളുകൾ കൂടി നിൽപ്പുണ്ട്.
ആൾക്കൂട്ടത്തിലുള്ള ആരോ ആംബുലൻസിനും പോലീസിനും ഫോൺ ചെയ്തു.
എനിക്ക് അങ്ങിനെ നോക്കിനിൽക്കാൻ കഴിയുന്നില്ല.ഞാനും ജോൺസെബാസ്റ്റ്യനും കൂടി പ്രസാദിനെ കാറിനകത്തുനിന്ന് മറ്റുള്ളവരുടെ സഹായത്തോടെ പുറത്തിറക്കി കിടത്തി.
ആബുലൻസും പോലീസും വന്നു.
പ്രസാദിന് എന്തു സംഭവിച്ചു എന്നറിയാതെ അവനെ റോഡിൽ വിട്ടിട്ടു പോകാൻ മനസ്സു വരുന്നില്ല.ജോൺ സെബാസ്റ്റ്യൻ പറഞ്ഞു “നീ എയർപോർട്ടിൽ പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ അന്യേഷിച്ചു വരാം.”
പ്രസാദിനെ അവിടെ എങ്ങിനെ  വിട്ടിട്ടു പോകും?എന്തൊക്കെയാണെങ്കിലും മനസ്സിൽ സഹതാപത്തിന്റെ മുളകൾ പൊട്ടുന്നത് ഞാനറിഞ്ഞു.ഇങ്ങനെയുള്ള അവസരത്തിൽ കണ്ടില്ലെന്ന് വയ്ക്കാൻ എനിക്ക് കഴിയില്ല.അബോധാവസ്ഥയിൽ കിടക്കുന്ന പ്രസാദ് ,ഒരിക്കൽ അവൻ എൻ്റെ സുഹൃത്തായിരുന്നു.
ഞാൻ ശ്രുതിയെ വിളിച്ചു.
ഫോൺ എടുത്തപ്പഴേ അവൾ പറഞ്ഞു,”മാത്തു,ഞാൻ ഒരു പത്തുമിനിറ്റുകഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം ”
ഫോൺ ഡിസ് കണക്ട് ആയി.അവൾ തിരക്കിലാണെന്ന് തോന്നുന്നു.
ജോൺ സെബാസ്റ്റ്യൻ നിർബന്ധിച്ചു “നീ എയർപോർട്ടിലേക്ക് പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി വിവരങ്ങൾ അന്യേഷിക്കാം.”
ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.ശ്രുതിയെ കണ്ടേ പറ്റൂ.ഈ നിർണായക സമയത്തിൽ അവളെ കാണാതിരിക്കാൻ കഴിയില്ല.
അവസാനം ഞാൻ എയർപോർട്ടിൽ പോയി ശ്രുതിയെ കാണാൻ തീരുമാനിച്ചു.
ശ്രുതിയുടെ കോൾ വന്നു;” മാത്തു നീ എവിടെയാ?”
ഞാൻ എന്തു പറയണമെന്ന് സംശയിച്ചു.നടന്ന സംഭവങ്ങൾ അവളോട് ഫോണിൽ പറയാതിരിക്കുന്നതാണ് നല്ലത്.കാണുമ്പൊൾ നേരിട്ട് പറയാം.വെറുതെ ഈ അവസരത്തിൽ അവളെ അപ്സെറ്റ് ആക്കേണ്ട. “ദാ,ഞാൻ എയർപോർട്ടിൽ എത്താറായി”
“ശരി”
ഞാൻ തിരിച്ചു ടാക്സിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ  ഒരു പോലീസ്‌കാരൻ  അടുത്തുവന്നു,”നിങ്ങൾക്ക് പരിചയമുള്ള ആളാണോ ഇത്?”
“അതെ”.
“നിങ്ങൾ സ്റ്റേഷൻ വരെ ഒന്ന് വരണം.ഇയാളെക്കുറിച്ചുള്ള മുഴുവൻ ഡീറ്റൈൽസും ഞങ്ങൾക്ക് വേണം.അയാളുടെ ബോഡി ചെക്കപ്പ് ചെയ്തപ്പോൾ അയാൾ ഡ്രഗ്സ് ഉപയോഗിച്ചിരുന്നു എന്ന് ഒരു സംശയം ഡോക്ട്ടർ  പറയുകയുണ്ടായി.”
പ്രസാദിനെയുംകൊണ്ട് ആംബുലൻസ് നീങ്ങി തുടങ്ങിയിരുന്നു.
ജോൺ സെബാസ്റ്റ്യൻ എന്നെ നോക്കി,”ഇത് കുഴഞ്ഞ കേസാണ്.നാർക്കോട്ടിക് സെൽ അന്വേഷിച്ചാൽ ആകെ കുഴയും.ജാമ്യം പോലും കിട്ടില്ല.”
“ഞങ്ങൾ എയർ പോർട്ടിൽ ഒരാളെ യാത്ര അയക്കാൻ പോകുകയായിരുന്നു.പരിചയമുള്ള ആളായതുകൊണ്ട് ടാക്സി നിർത്തി നോക്കിയതാണ്.ഞങ്ങൾ എയർപോർട്ടിൽ പോയിട്ട്  സ്റ്റേഷനിൽ വരാം .”
അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.
“സോറി,സ്റ്റേഷനിൽ വന്ന് ഡീറ്റെയിൽസ് തന്നിട്ട് നിങ്ങൾക്ക് പോകാം .ഇപ്പോൾ വണ്ടിയിൽ കയറൂ”.
വണ്ടിയിൽ കയറുകയല്ലാതെ മറ്റു മാർഗ്ഗമില്ല.
ഉദ്ദേശിച്ചതുപോലെ ഒരു മോശം ആളായിരുന്നില്ല ആ പോലീസ്‌കാരൻ .വളരെ മാന്യമായിട്ടായിരുന്നു  അയാളുടെ  പെരുമാറ്റം .
അയാൾ പറഞ്ഞത് പ്രസാദിൻ്റെ  പരിക്കുകൾ സീരിയസ് ആണെന്ന് തോന്നുന്നില്ല എന്നാണ്. ആക്സിഡൻറെ  ഷോക്കിൽ  അവന് ബോധം നഷ്ടപെട്ടതായിരിക്കും .
പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ കുറെ അധികം ചോദ്യങ്ങൾ ചോദിച്ചു. എല്ലാം വിശദമായി എഴുതിയെടുത്തു.ഞങ്ങൾ പറയുന്നതെല്ലാം അയാൾ വളരെ ശ്രദ്ധിച്ചു കേട്ടിരുന്നു.ആവശ്യമെങ്കിൽ വീണ്ടും റിപ്പോർട്ട് ചെയ്യണം, എന്ന കണ്ടീഷനിൽ ഞങ്ങളെ പോകാൻ അനുവദിച്ചു.
“ഓരോ വയ്യാവേലി വന്ന് തലയിൽ കയറുന്നത് കണ്ടില്ലേ? സമയം പോയി.എന്നാലും എയർപോർട്ടിൽ പോയി നോക്കാം “ജോൺ സെബാസ്റ്റ് സ്റ്റ്യൻ  പറഞ്ഞു.
ഞങ്ങളുടെ വിഷമം പോലീസ്‌കാർക്ക് മനസ്സിലാകുമോ?ഞങ്ങൾ വന്ന ടാക്സിക്കാരൻ പോലീസ് സ്റ്റേഷനിലേക്ക് വന്നതേയില്ല.
രണ്ടു മണിക്കൂർ സമയം സ്റ്റേഷനിൽ ചിലവഴിക്കേണ്ടി വന്നതുകൊണ്ട് ഞങ്ങൾ താമസിച്ചു പോയിരിക്കുന്നു.ഒരു ടാക്സി വിളിക്കാനുള്ള ശ്രമത്തിലായി ഞങ്ങൾ.
ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് സബ് ഇൻസ്‌പെക്ടർ ഒരു പോലീസ്‌കാരനോട് പറഞ്ഞു,”അവരെ എയർപോർട്ടിൽ കൊണ്ടുപോയി വിട്”
എയർപോർട്ടിൽ എത്തുമ്പോൾസമയം ഒമ്പതര ആയിരിക്കുന്നു.അവളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞിരിക്കുന്നു.എനിക്ക് സഹിക്കാൻ കഴിയുന്നില്ല.ഇങ്ങനെയുള്ള ഒരു നിർണ്ണായക നിമിഷത്തിൽ നമ്മളുടേത് അല്ലാത്ത കുറ്റം കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.
ഇനി എന്ത് ചെയ്യാനാണ്?വെയ്റ്റിംഗ് റൂമിലെ കസേരയിൽ പോയി ഇരുന്നു.
ഞാൻ മൊബൈലിൽ  നോക്കി
അവളുടെ മെസ്സേജ്.
രക്തം എന്റെ മുഖത്തേക്ക് ഇരച്ചുകയറി.വായിക്കാൻ നോക്കുമ്പോൾ അനിയത്തിയുടെ ഫോൺ കോൾ വരുന്നു.
അരിശം വന്നിട്ട് കണ്ണുകാണാൻ വയ്യാതായി.
“നിനക്ക് വേറെ പണിയൊന്നുമില്ലേ?”സാധാരണ അവളോട് ദേഷ്യപ്പെടാറില്ല.പക്ഷെ ഇപ്പോൾ മനസ്സ് നിയന്ത്രണത്തിൽ നിൽക്കുന്നില്ല.
“ചേട്ടാ,അല്ല എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്?നീ മത്തായി തന്നെ.മണ്ടൻ മത്തായി.”
“നിർത്തടി…”അത് ഒരു അലർച്ചയായിരുന്നു.അവൾ പിന്നെ ഒന്നും പറഞ്ഞില്ല,ഫോൺ ഡിസ് കണക്ട് ചെയ്തു.
“ലോകം അവസാനിച്ചിട്ടൊന്നുമില്ല.നീ കൂൾ ആകൂ.നമുക്ക് നോക്കാം”.ജോൺ സെബാസ്റ്റിയൻ പറഞ്ഞു.ഈ അവസരത്തിൽ അവൻ കൂടെയുള്ളത് നന്നായി.
ശ്രുതിയുടെ മെസ്സേജ് വായിച്ചുനോക്കി.മാത്തു,നീ വരുന്നതും കാത്തു ഞാനിരുന്നു.നീ, പോകണ്ട ശ്രുതി എന്ന് പറയുന്നത് കേൾക്കാൻ ഞാൻ മോഹിച്ചു.അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ യാത്ര ഉപേക്ഷിക്കുമായിരുന്നോ?അറിയില്ല.എനിക്ക് ഉറപ്പുണ്ട് നീ എന്തെങ്കിലും ഏടാകൂടത്തിൽ കുടുങ്ങിയിട്ടുണ്ടാകും.അല്ലെങ്കിൽ നീ വരാതിരിക്കുമെന്ന് തോന്നുന്നില്ല.നീ എന്നെ  അവഗണിച്ചാലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല.ഞാൻചെന്നിട്ടു വിളിക്കാം”.
“നമുക്ക് പോകാം.അവൾ പോയി.”ഞാൻ പറഞ്ഞു.
“ശരി”
ഞങ്ങൾ പുറത്തേക്ക് നടന്നു.
എയർ പോർട്ടിലെ തിരക്കിൽ ,മുഖങ്ങളില്ലാത്ത മനുഷ്യരുടെ കൂട്ടത്തിലേക്ക് ഇറങ്ങാം.ഇപ്പോൾ ആൾക്കൂട്ടത്തിൻ്റെ  ആരവങ്ങളില്ല.എങ്ങും നിശ്ശബ്ദത മാത്രം.എങ്ങിനെയാണ് വികാരങ്ങളുടെ പ്രവാഹത്തെ തടഞ്ഞുനിറുത്തുക എന്ന് ആരും മനസ്സിലാക്കി തരേണ്ട.
നിസ്സംഗത മാത്രം.
“മാത്യു,മുഖം തുടക്കൂ.കൊച്ചുകുട്ടികളെപ്പോലെ...”ജോൺ സെബാസ്റ്റിയൻ .
പുറകിൽ നിന്നും ആരോ വിളിക്കുന്നു.”മാത്യു,ഒന്ന് നിൽക്കൂ”.
ഞങ്ങൾ തിരിഞ്ഞു നോക്കി.
അത്ഭുതം കൊണ്ട് ഞങ്ങൾ മരവിച്ചതുപോലെയായി.

(തുടരും)

സ്വര്‍ണ വില ഓരോ ദിവസവും മുകളിലേക്കു കുതിക്കുകയാണ്. സ്വര്‍ണ നിക്ഷേപമുള്ളവര്‍ക്കിതു സന്തോഷം നല്‍കുമ്പോള്‍ വിവാഹങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവരുടെ മനസില്‍ കടുത്ത ആശങ്കയാണു പെരുകുന്നത്. സ്വര്‍ണ വില ഇനിയും ഉയരുമോ, അതോ തല്‍ക്കാലത്തേക്കെങ്കിലും ഇടിവുണ്ടാകുമോ? അടുത്ത നാളുകളിലെങ്കിലും വില താഴാനിടയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ പക്ഷം.

എന്താണ് സ്വര്‍ണത്തെ ഇത്രമേല്‍ പ്രിയങ്കരമാക്കുന്നത്? സുരക്ഷിത നിക്ഷേപമായും ആഭരണമായും പ്രയോജനപ്പെടുത്താമെന്നതാണ് സ്വര്‍ണത്തിന്റെ സ്വീകാര്യതയ്ക്കു കാരണം. നമ്മുടെ സംസ്‌ക്കാരവും പാരമ്പര്യവുമൊക്കെ അതിന്റെ കണ്ണികള്‍ കൂടുതല്‍ ഇണക്കിച്ചേർക്കുന്നു.

ഉല്‍സവകാലത്തും വിവാഹ സീസണിലുമൊക്കെ സ്വര്‍ണത്തിന്റെ ആഭ്യന്തര വില ഉയരുന്നു. ആളുകളുടെ വരുമാനം ഉയരുമ്പോഴും സ്വര്‍ണത്തിന് ആവശ്യം ഏറുകയും വില കൂടുകയും ചെയ്യും. വരുമാനം ഒരു ശതമാനം ഉയരുമ്പോള്‍ സ്വര്‍ണത്തിന്റെ ആളോഹരി ആവശ്യവും ഒരു ശതമാനം ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ വില ഒരു ശതമാനം ഉയരുമ്പോള്‍ ആവശ്യം അര ശതമാനം കുറയുന്നതായാണ് കാണുന്നത്.

RECENT POSTS
Copyright © . All rights reserved