വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളം തകര്‍ന്ന് കടലില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 18ന് കടലില്‍ കാണാതായ മൂന്നംഗ സംഘത്തിലെ അംഗം കൊല്ലങ്കോട് നീരോടി സ്വദേശി ലൂര്‍ദ് രാജിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വലയതുറയില്‍ നിന്നും പോയ മത്സ്യത്തൊഴിലാളി തെരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. നീണ്ടകരയില്‍ നിന്ന് പോയ അഞ്ചംഗ സംഘമുള്‍പ്പെട്ട വള്ളം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നാണ് അപകടമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയപ്പറുകൾ ചിലരിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മണിക്കൂറുകളോളം ഒരേ ഡയപ്പർ തന്നെ ഉപയോഗിക്കുന്പോൾ ഇവയിൽ കെട്ടിക്കിടക്കുന്ന മലവും മൂത്രവും കുഞ്ഞിന്റെ ചർമത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയലേശമില്ല. ദീർഘനേരം മൂത്രം കുഞ്ഞിന്റെ ചർമവുമായി സന്പർക്കത്തിലായിരിക്കുന്പോൾ അത് ചർമത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു. കൂടാതെ മലത്തിലെ വിവിധങ്ങളായ ബാക്ടീരിയകൾ മൂത്രത്തിലെ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് ചർമത്തിന് ദോഷകരമാണ്. ചെറുകുടലിൽനിന്നും പാൻക്രിയാസിൽനിന്നും ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ മലത്തിൽ കലരുന്നുണ്ട്. ഇതും ചർമത്തിന് ദോഷകരമാണ്.
ആഴ്ചാവസാനത്തെ ഒരു ഒഴിവുദിനം. ഇന്നെങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോകണമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ഒറ്റചിന്തേ മനസിലുണ്ടായിരുന്നുള്ള . യാത്ര ബൈക്കിലായതു കൊണ്ട് പുലര്‍കാലത്തെ സവാരിയാണ് ഞാന്‍ തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റര്‍ ദൂരമേ ഉള്ളു പൊന്മുടിക്ക്. ഒരര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് തിരുവനന്തപുരം. അറുപതു കിലോ മീറ്റര്‍ ചുറ്റളവില്‍, കേരളത്തിലെ തന്നെ മനോഹരമായ ബീച്ചുകളില്‍ ഒന്നായ കോവളം ബീച്ചും പശ്ചിമഘട്ട മലനിരകളാല്‍ സമ്പന്നമായ പൊന്മുടി എന്ന ഹില്‍സ്റ്റേഷനും. വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് പൊന്മുടിയുടെ പ്രത്യേകത.
പേരൂര്‍ക്കട, നെടുമങ്ങാട്, ചുള്ളിമാനൂര്‍, വിതുര വഴിയാണ് പൊന്മുടി യാത്ര. വഴിയിലൊന്നും വലിയ തിരക്കില്ല. പോകുന്ന വഴി ചെറിയ ചായ തട്ടുകള്‍ തുറന്നിട്ടുണ്ട്. ഒരു ചായ കുടിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കുറച്ചു കൂടി മുന്നോട്ടു പോകട്ടെ എന്ന് തോന്നി. വഴി അത്ര മോശമല്ല, ചിലയിടങ്ങളില്‍ അത്ര നല്ലതുമല്ല. മഴക്കാലമായതിനാൽ മനസ്സിൽ അൽപ്പം പേടിയുമുണ്ട്
ചുള്ളിമാനൂര്‍ എത്തുമ്പോള്‍ വഴി രണ്ടായി തിരിയും. എനിക്ക് പോകേണ്ടത് നേരെ ആണ്. ഇടത്തോട്ട് പോയാല്‍ തെന്മല, പാലരുവി, കുറ്റാലം വഴി തെങ്കാശി പോകാം.
തോളിക്കോട് ജംഗ്ഷന്‍ എത്തിയപ്പോള്‍ ഇനിയൊരു ചായ കുടിച്ചിട്ടാവാം യാത്ര എന്ന് തോന്നി. വഴിയില്‍ കണ്ട ചെറിയ ഒരു ചായക്കടയില്‍ കയറി. കടയില്‍ ഒരാളെ മാത്രമേ കണ്ടുള്ളു. ചായ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തരാം എന്ന് മറുപടി. കണ്ണുകള്‍ കടയ്ക്കുള്ളില്‍ വെറുതെ പരതിയപ്പോള്‍ സന്തോഷം തോന്നി, വേറൊന്നുമല്ല നാടന്‍ പശുവിന്‍ പാലാണ് ചായക്ക് ഉപയോഗിക്കുന്നത്. രാവിലെ കറന്നു കൊണ്ട് വന്ന പാല്‍ പാത്രത്തിലിരിക്കുന്നു. ചോദിച്ചപ്പോള്‍ രാവിലെ ചായക്ക് പശുവിന്‍ പാല്‍ കിട്ടും, തികഞ്ഞില്ലേല്‍ പാക്കറ്റ് പാല്‍ വാങ്ങുമെന്ന് പറഞ്ഞു. നല്ല നാടന്‍ പശുവിന്‍ പാലിന്റെ രുചി ഞാന്‍ കുടിച്ച ചായക്കും ഉണ്ടായിരുന്നു. ഒരു ഉന്മേഷം ഒക്കെ തോന്നി. കടയിലെ ചേട്ടനോട് യാത്ര പറഞ്ഞു വീണ്ടു ബൈക്കിലേക്ക്.
സമയം നോക്കിയപ്പോള്‍ ആറു മണി ആയിട്ടില്ല. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. വിതുര ജംഗ്ഷന്‍ കഴിഞ്ഞു. വഴി ഏറെക്കുറേ വിജനമാണ്. അങ്ങിങ്ങായി മാത്രമേ വീടുകള്‍ കാണാനുള്ളൂ. ഇരുവശത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍. അത് അകലേക്കുള്ള എന്റെ കാഴ്ചകള്‍ മറയ്ക്കുന്നു. വഴിവക്കില്‍ ചിലയിടങ്ങളില്‍ ബൈക്കുകളും ചിലയിടങ്ങളില്‍ ആക്ടിവ പോലുള്ള ഇരുചക്ര വാഹങ്ങളും കണ്ടു. ആളുകള്‍ ആരെയും കണ്ടില്ല, അടുത്തെങ്ങും വീടുകളും. ഇതെന്തിനാണ് ഇവിടെ വച്ചിരിക്കുന്നത് എന്നാലോചിച്ചു യാത്ര തുടരുന്നതിനിടെ റോഡരികിലുള്ള വലിയ തോട്ടങ്ങളില്‍ മരങ്ങളുടെ ചുവട്ടിലായി ടോര്‍ച്ചിന്റേതു പോലുള്ള വെളിച്ചങ്ങള്‍ കണ്ടു. ഇരുളു മൂടി കിടക്കുന്ന മരങ്ങള്‍ക്കിടയില്‍ ആ വെളിച്ചം കൗതുകം തോന്നി. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ അത് ചിരിയായി മാറി. രാവിലെ ആളുകള്‍ റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിയിലാണ്. ഇരുട്ടത്ത് മരങ്ങളില്‍ കത്തി വച്ച് ചീകുന്ന ഭാഗം വ്യക്തമായി കാണാന്‍ തലയില്‍ വച്ചിരിക്കുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചമായിരുന്നു ഞാന്‍ കണ്ടത്. ഇപ്പോള്‍ മനസിലായി വഴിയരികില്‍ കണ്ട വാഹനങ്ങള്‍ ആരുടേതാണെന്നും.
വിതുര കഴിഞ്ഞ് കല്ലാര്‍ വഴിയാണ് പൊന്മുടിയിലേക്കു പോകുന്നത്. പൊന്മുടി യാത്രയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് കല്ലാര്‍. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ, പേരിനെ അന്വര്‍ഥമാക്കുന്ന ‘കല്ലാര്‍’. രണ്ടു ആകര്‍ഷണങ്ങളാണ് ഇവിടുള്ളത്. ഗോള്‍ഡന്‍ വാലിയും മീന്‍മുട്ടി വെള്ളച്ചാട്ടവും. പക്ഷി നിരീക്ഷകരുടെ ഇഷ്ട സ്ഥലം കൂടിയാണിത്. കല്ലാറിലെ നല്ല തണുത്ത, സ്ഫടികംപോലുള്ള വെളളത്തില്‍ ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മനസും ശരീരവും ഒരുപോലെ തണുക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി ഭോജനശാല, വിശ്രമമുറി, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. കുടുംബത്തോടൊപ്പമാണ് വരുന്നതെങ്കില്‍ അവിടെയിരുന്ന് ആഹാരം കഴിക്കാം. പക്ഷേ പ്രത്യേകം ശ്രദ്ധിക്കുക, ആഹാരാവശിഷ്ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിക്കരുത്. ആ പ്രദേശം കണ്ടാല്‍ അത്തരത്തിലുള്ള വൃത്തിഹീനമായ പ്രവര്‍ത്തികളൊന്നും ചെയ്യാന്‍ തോന്നില്ല എന്നുള്ളതാണ് സത്യം.
പൊന്നിൽ കുളിച്ച പൊന്മുടി.. പറഞ്ഞറിയിക്കാൻ പറ്റാത്തത് എന്തോ പ്രകൃതി ഒളിപ്പിച്ചു വച്ചത് പോലെ, പണ്ട് ആരോ പറഞ്ഞത് പോലെ ‘യാത്ര ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളും, അതിനെക്കാളേറെ കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടാക്കും’ എന്ന് പറഞ്ഞത് എത്ര ശരിയാണ്. ഒരു മാജിക്കാരനെ പോലെ എപ്പോഴും അവൻ സഞ്ചാരികളെ കാഴ്ചകളുടെ നിറവസന്തത്തിൽ ആറാടിപ്പിക്കും. വെറും പത്ത് മിനിറ്റ് ഗ്യാപ്പിൽ എടുത്ത ചിത്രങ്ങൾ ആണ് ചുവടെ..
പശ്ചിമഘട്ട മലനിരകളിലെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ മറ്റൊരു സ്ഥലമില്ല. സമുദ്ര നിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, കടലിന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ പറ്റുന്ന ചുരുക്കം ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. 22 ഹെയര്‍ പിന്‍ വളവുകളാണ് പൊന്മുടിയിലേക്കുള്ള യാത്രയുടെ മറ്റൊരു ആകര്‍ഷണം. കാനന യാത്രയുടെ തുടക്കകത്തില്‍ തന്നെ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊന്മുടി ഇക്കോ ടൂറിസം കൗണ്‍സിലും ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റും വലിയ ബോര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കാടിനെ സ്‌നേഹിക്കുന്ന പ്രകൃതിയെ ബഹുമാനിക്കുന്ന ഏതൊരാളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നതില്‍ സംശയമില്ല.നിമിഷനേരം കൊണ്ട് അടുത്തു നില്‍ക്കുന്ന കാഴ്ച പോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗ്ഗമാണ്.
ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് നാം മുകളിലെത്തും. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ യഥാര്‍ത്ഥ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്. പ്രകൃതിയുടെ ചിത്രരചനാ പാടവം നിഗൂഡതയിലൊളിപ്പിച്ചുവെച്ച പൊന്മുടിയുടെ സൗന്ദര്യം എത്രകണ്ടാലും മതിവരില്ല എന്നതാണ് സത്യം.
അറ്റം കൂര്‍ത്ത കുന്നുകളും പുല്‍മേടുകളും വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ പൊന്മുടി സഞ്ചാരികള്‍ക്കായി കരുതി വെച്ചിട്ടുണ്ട്. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്‌റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്‌റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയാലോ, ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
പൊന്‍മുടിയില്‍നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം.
സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ., സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ. തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)ല്‍ യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തു
സഹോദരന്‍ അനില്‍ അംബാനിയുടെ പാപ്പരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ (ആര്‍ കോം) ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോ ആര്‍ കോമിനായുള്ള ബിഡ്ഡിംഗില്‍ പങ്കെടുത്തേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കടബാധ്യതയെ തുടര്‍ന്ന് അനില്‍ അംബാനി ഗ്രൂപ്പ് ഇന്‍സോള്‍വന്‍സി നടപടികളിലേയ്ക്ക് പോവുകയായിരുന്നു. 46,000 കോടി രൂപയുടെ കടമാണ് ആര്‍ കോമിനുള്ളത്.
ആര്‍ കോമിന്റെ എയര്‍ വേവുകളും ടവറുകളും ഫൈവ് ജി സേവനം നല്‍കാനൊരുങ്ങുന്ന ജിയോയ്ക്ക് സഹായകമാകും. നിലവില്‍ തന്നെ ആര്‍ കോമിന്റെ എയര്‍ വേവുകള്‍ 850 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 21 സര്‍ക്കിളുകളിലായി ജിയോ ഉപയോഗിക്കുന്നുണ്ട്. നേരത്തെ ആര്‍ കോമിന്റെ കടം ഏറ്റെടുക്കാന്‍ ജിയോ വിസമ്മതിച്ചിരുന്നു. ഇതോടെ ആര്‍ കോമിന്റെ സ്‌പെക്ട്രം വില്‍പ്പനയ്ക്ക തടസമുണ്ടാവുകയും ചെയ്തു. അതേസമയം നിലവില്‍ 18,000 കോടി രൂപയുടെ കരാറില്‍ ആര്‍ കോമിന്റെ 43,000 ടവറുകളും വയര്‍ലെസ് ഇന്‍ഫ്രാസ്ട്രക്ചറും വാങ്ങാന്‍ ജിയോ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആര്‍ കോമിന്റെ ഉടമസ്ഥതയിലുള്ള നവി മുംബൈയിലെ വീടുകളും ഭൂസ്വത്തുക്കളും (ധിരുഭായ് അംബാനി നോളേജ് സിറ്റി – DAKC) മുകേഷ് അംബാനിയുടെ കയ്യിലാകും. 1990കളില്‍ റിലയന്‍സ് സ്ഥാപകനും അംബാനി സഹോദരന്മാരുടെ പിതാവുമായ ധീരുഭായ് അംബാനി വാങ്ങിയ സ്ഥലങ്ങളാണിവ. കാനഡയിലെ ബ്രൂക്ഫീല്‍ഡിന് ഭൂമി വില്‍ക്കാനും ആര്‍ കോമിന് പരിപാടിയുണ്ട്.
സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപ നല്‍കിയില്ലെങ്കില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ മുകേഷ് അംബാനി പണമടച്ച് സഹോദരനെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ചിരുന്നു. ധീരുഭായ് അംബാനിയുടെ മരണത്തിന് ശേഷം റിലയന്‍സ് കമ്പനികളും സ്വത്തുക്കളും ഇരു സഹോദരന്മാരും ഭാഗിച്ചപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അനില്‍ അംബാനിക്കാണ് കിട്ടിയത്. തുടക്കത്തില്‍ വലിയ ലാഭം നേടിയ കമ്പനി 2014ഓടെ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. അതേസമയം ടെലികോം രംഗത്തേയ്ക്ക് റിലയന്‍സ് ചുവടുവയ്ക്കണമെന്ന ആശയം ധീരുഭായ് അംബാനി ജീവിച്ചിരിക്കെ ആദ്യം മുന്നോട്ടുവച്ചത് മുകേഷ് അംബാനിയാണ്. എന്നാല്‍ ജിയോയുമായി മുകേഷ് അംബാനി ടെലികോം രംഗത്തേക്കിറങ്ങിയത് 2016ല്‍ മാത്രം. ബിഎസ്എന്‍എല്ലിനും എയര്‍ടെല്ലും ഐഡിയയും വൊഡാഫോണുമടക്കമുള്ള സ്വകാര്യ ടെലികോം കമ്പനികള്‍ക്കും വന്‍ നഷ്ടമുണ്ടാക്കിയായിരുന്നു ജിയോയുടെ വരവ്.
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള വീടുകളും ഭൂസ്വത്തുക്കുളുമാണ് കണ്ടുകെട്ടിയത്. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇഡിയുടെ നടപടി. 61 ഫ്ലാറ്റുകൾ, 82 ഇടത്തെ ഭൂസ്വത്ത്, ആറിടത്തെ കെട്ടിടങ്ങളോടുകൂടിയ ഭൂസ്വത്ത് എന്നിവ കണ്ടുകെട്ടിയതായാണ് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തളളി ഇന്ത്യ. കശ്മീര്‍ വിഷയത്തിൽ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരമൊരാവശ്യം ആരുടെ മുന്നിലും വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീര്‍ പ്രശ്നം ഇന്ത്യ- പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രം പരിഹരിക്കുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ആ നിലപാടിന് മാറ്റമില്ല- രവീഷ്കുമാർ ട്വീറ്റ് ചെയ്തു. എന്നാൽ അത്തരം ഉഭയകക്ഷി ചർച്ചകൾ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കാതെ സാധ്യമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടാഴ്ച മുൻപ് കണ്ടപ്പോൾ കാഷ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് ഇമ്രാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയിൽ ജി-20 ഉച്ചകോടിക്കിടെയും മോദിയും ട്രംപും കണ്ടിരുന്നു. കാഷ്മീർ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ ഇതുവരെ അനുവദിച്ചിരുന്നില്ല.
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ശസ്‌ത്രക്രിയ ഇന്ന് നടക്കും. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. ന്യൂറോ സർജന്മാർ അടങ്ങുന്ന സംഘം രാവിലെ 8 മണിക്ക് ശസ്‌ത്രക്രിയ നടപടികൾ ആരംഭിക്കും.
മന്ത്രിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രകൃയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനം എടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദാണ് ഇക്കാര്യം അറിയിച്ചത്.
കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ആണ് രോഗം കണ്ടെത്തിയത്. മന്ത്രിയുടെ തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു.
വിവാദങ്ങൾക്ക് വഴിവച്ച ലോകകപ്പ് ഫൈനലായിരുന്നു ഇത്തവണത്തേത്. ഫൈനലിൽ ന്യൂസിലന്റും ജംഗ്ലണ്ടും ഏറ്റുമുട്ടി സമനിലയിൽ എത്തിയപ്പോൾ സൂപ്പർ ഒാവറിലേക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ഇരുടീമും ഒരേപോലെ റൺസ് നേടി. അവസാനം ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യപിച്ചു. ഇതോടെ വിവാദങ്ങളും തലപൊക്കി. ഇത്തരമൊരു നിയമം ക്രിക്കറ്റിൽ ഇല്ലെന്നും ഇല്ലാത്ത ബൗണ്ടറികൾ ഇംഗ്ലണ്ടിനും നൽതകിയെന്നുമെല്ലാം സീനിയർ താരങ്ങൾ പ്രതികരിച്ചു. അംപയർമാരുടെ തെറ്റായ തീരുമാനത്തേയും എല്ലാവരും വിമർശിച്ചു.
എന്നാൽ, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓവർത്രോയ്ക്ക് 6 റൺസ് നൽകിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അംപയർ കുമാർ ധർമസേന.തനിക്കതിൽ മനസ്താപമില്ലെന്നും ധർമസേന വ്യക്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിന് ജയിക്കാൻ അവസാന 3 പന്തിൽ 9 റൺസാണ് വേണ്ടിയിരുന്നത്. ആ സമയത്ത് ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനായി ഓടുമ്പോൾ ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ എറിഞ്ഞ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ആയിരുന്നു.
ബാറ്റ്സ്മാൻമാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നിട്ടും ഓവർ ത്രോ ഫോർ ഉൾപ്പെടെ ധർമസേന 6 റൺസ് അനുവദിച്ചത് മത്സര ഫലത്തിൽ നിർണായകമായി. ശരിക്കും അഞ്ചു റൺസ് മാത്രമേ അനുവദിക്കേണ്ടിയിരുന്നുള്ളുവെന്ന് സൈമൺ ടോഫൽ ഉൾപ്പെടെയുള്ള അംപയർമാർ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ‘ടിവി റീപ്ലേ കണ്ട് വിമർശിക്കാൻ എളുപ്പമാണ്.
റീപ്ലേ കണ്ടപ്പോൾ പിഴവു പറ്റിയെന്ന് എനിക്കും മനസ്സിലായി. ലെഗ് അംപയറുടെ അഭിപ്രായം തേടിയ ശേഷമാണ് 6 റൺസ് അനുവദിച്ചത്. ആ തീരുമാനത്തെ ഐസിസി അഭിനന്ദിച്ചതുമാണ്’– ശ്രീലങ്കയുടെ മുൻ ഓഫ് സ്പിന്നർ കൂടിയായ ധർമസേന പറഞ്ഞു.
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ‘സ്റ്റെന ഇംപറോ’യുടെ ദൃശ്യങ്ങള്‍ പുറത്ത്. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ മലയാളികൾ ഉള്‍പ്പെടെയുള്ള കപ്പലിലെ ജീവനക്കാരുമുണ്ട്.
കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ബ്രിട്ടന്‍റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ട് ഇത് നാലാം ദിവസമാണ്. ഇതുവരെ കപ്പലിലുള്ളവരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നില്ല.
ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്.
എറണാകുളം സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
Iran’s state TV has released video showing the crew on-board the British-flagged oil tanker that was seized by Tehran in the Strait of Hormuz last week.
Get more on this story here: https://t.co/UGizzF1HIu pic.twitter.com/CWLqJX4w46
— Sky News (@SkyNews) July 22, 2019
കോഴിക്കോട്: കേരളത്തില്‍ കനത്തമഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജനജീവിതം താറുമാറാവുകയും ചെയ്തു. ചില ജില്ലകളില്‍ ദുരിതാശ്വാസക്യാമ്പുകളും തുറന്നു. എന്നാല്‍ മഴക്കാലമായതോടെ വിദ്യാര്‍ഥികള്‍ ഉറ്റുനോക്കുന്ന ഒരുസ്ഥലമുണ്ട്- വിവിധ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളാണ് അത്. ഇന്നെങ്ങാനും അവധി പ്രഖ്യാപിക്കുമോ എന്നറിയാനാണ് ഈ പേജുകളിലെ കാത്തിരിപ്പ്. ഇടയ്ക്കിടെ പേജുകളില്‍ കയറിയിറങ്ങി ഇക്കാര്യം ഉറപ്പുവരുത്താനും ഇവര്‍ ശ്രമിക്കുന്നു.
ഞായറാഴ്ച വൈകിട്ട് കേരളത്തിലെ ഒട്ടുമിക്ക ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലും അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. ഇതില്‍ കോഴിക്കോട് ജില്ലയിലാകട്ടെ ആദ്യഘട്ടത്തില്‍ പ്ലസ്ടു വരെ മാത്രമായിരുന്നു അവധി. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്ന കളക്ടര്‍ക്കെതിരെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് വന്‍രോഷമാണുയര്‍ന്നത്. പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ വാട്ടര്‍പ്രൂഫ് ആണോയെന്നും, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ കിറ്റും ടയറും ട്യൂബും സിവില്‍ സ്‌റ്റേഷനില്‍നിന്ന് നല്‍കുമെന്നും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ജൂലായ് 23 ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യം അവധിപ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളില്‍ അറിയിപ്പ് വന്നതിനുപിന്നാലെ നന്ദിയറിയിച്ച് വിദ്യാര്‍ഥികളുടെ അഭിനന്ദന കമന്റുകളുമെത്തി. കളക്ടര്‍ ഹീറോയാണെന്നും ഇത് ഇനിയും പ്രതീക്ഷിക്കുന്നതായും കമന്റുകള്‍ നിറഞ്ഞു. ഇനി ഓരോ മണിക്കൂറുകള്‍ കഴിയുന്തോറും വിവിധ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രതീക്ഷയോടെ അവധി തേടിയുള്ള കമന്റുകള്‍ നിറയും.