Latest News

കേരളത്തിലെ വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി ശക്തമാവുമ്പോള്‍ ആശങ്കയുടെ നിമിഷങ്ങള്‍ തള്ളിനീക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള പ്രവാസികള്‍. ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പലരും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമാവുന്ന ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പലയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതി ബന്ധമില്ല.

കഴിഞ്ഞ ദിവസം വരെ ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഫോണുകള്‍ ചാര്‍ജ് ചെയ്യാനാവാതെ പ്രവര്‍ത്തന രഹിതമായതോടെ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് കണ്‍ട്രോള്‍ റൂമുകളിലും മാധ്യമ സ്ഥാപനങ്ങളിലും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. ദുരന്തമേഖലകളിലുണ്ടായിരുന്ന ഉറ്റവര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിയോ അതോ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണോ എന്നുള്ള വിവരങ്ങളൊന്നും ലഭിക്കുന്നില്ല. വാര്‍ത്താ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നിരവധി വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പ്രവാസികളെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയസമയത്തുള്ള ചിത്രങ്ങളും വീഡിയോകളും പോലും ഇപ്പോള്‍ വാട്‍സ്ആപ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. പരിശോധിച്ച് ഉറപ്പുവരുത്താത്ത വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക മാധ്യമങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

തിരുവനന്തപുരം: 0471-2730045, 9497711281
കൊല്ലം: 0474-2794002, 9447677800
പത്തനംതിട്ട: 0468-2322515, 8078808915
ആലപ്പുഴ: 0477-2238630, 9495003640
കോട്ടയം: 0481-2304800, 9446562236
ഇടുക്കി: 0486-2233111, 9383463036
എറണാകുളം: 0484-2423513, 7902200400
തൃശ്ശൂര്‍: 0487-2352424, 9447074424
പാലക്കാട്: 0491 -2505309, 8301803282
മലപ്പുറം: 0483-2736320, 9383463212
കോഴിക്കോട്: 0495-2371002, 9446538900
വയനാട്: 0493-6204151, 9446394126
കണ്ണൂര്‍: 0497-2713266, 9446682300
കാസര്‍കോട്: 0499-4257700, 9446601700
നെടുന്പാശ്ശേരി വിമാനത്താവളം എമർജൻസി കൺട്രോൾ റൂം നന്പർ: 0484 3053500.

ദില്ലി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്റ്റ്‍ലി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അദ്ദേഹം വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്‍ലിയെ സന്ദര്‍ശിച്ചു. ഒന്നാം മോദി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ജെയ്റ്റ്‍ലി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. ജെയ്റ്റ്‍ലിയുടെ ആരോഗ്യനില സംബന്ധിച്ച് രാത്രി 10.30ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

66-ാമത് ദേശീയ സിനിമാ പുരസ്കാരത്തിൽ മലയാളത്തിന് അഭിമാനതാരമായി മാറിയിരിക്കുകയാണ് നടൻ ജോജു ജോർജ്. ജോസഫിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം തേടിയെത്തിയതിന്റെ സന്തോഷം ജോജു പങ്കുവച്ചു. സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ജോജു ഫെയ്സ്ബുക്ക് ലൈവിലെത്തി. താൻ ഇപ്പോൾ ബെംഗലുരുവിൽ ആണെന്നും വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാ‍ൽ അവിടെ കുടുങ്ങിയിരിക്കുകയാണെന്നും ജോജു പറയുന്നു. നാട് നേരിടുന്ന പ്രതിസന്ധിക്ക് ശേഷം പുരസ്കാരത്തിന്റെ ആഘോഷങ്ങളും സന്തോഷവും പങ്കുവയ്ക്കാമെന്നും ജോജു അറിയിച്ചു.

ലൈവില്‍ ജോജു പറയുന്നത് ഇതാണ്: “അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി.”

“നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എനിക്ക് വേഷങ്ങൾ നൽകിയ എല്ലാ സംവിധായകരോടും എന്റെ മാതാപിതാക്കളോടും എന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി. പ്രശ്നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്നു പൊളിക്കാം,” ജോജു പറഞ്ഞു.

ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മുതൽ സമൂഹമാധ്യമത്തിൽ നിറയുന്ന സംശയമാണ് എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് പുരസ്കാരം നൽകിയില്ല എന്നത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് പേരൻപിലൂടെ ലഭിക്കുമെന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം വിശ്വസിച്ചത്. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് തടിതപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.

‘എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,’ രാഹുൽ റവൈൽ പ്രതികരിച്ചു. മറുപടിക്കെതിരെയും സമൂഹമാധ്യമങ്ങളിലടക്കം രോഷം ഉയരുകയാണ്.

എന്നാൽ പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിൽ നിറഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരന്‍പിലെ പ്രകടനത്തിന് അവാർഡ് മമ്മൂട്ടിക്ക് നൽകുക എന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ മലയാളികൾ ആവശ്യപ്പെട്ടത്. മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടൻ, ഇതിൽ കൂടുതൽ ഒരു മനുഷ്യൻ എങ്ങനെ അഭിനയിച്ചു കാണിക്കും, അവാർഡ് ഫോർ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകൾ.

മമ്മൂട്ടിക്കായി കമന്റ് പ്രവാഹം നടക്കുന്ന സമയത്താണ് ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം ജൂറി ചെയർമാൻ പ്രഖ്യാപിച്ചത് . ഇതോടെ കമന്റ് ബോക്സിലെ ശൈലി മാറി ഞങ്ങൾ മലയാളികളെ പരിഗണിച്ചതിന് നന്ദിയെന്നായി തുടര്‍ കമന്‍റുകള്‍.
അവിടെയും തീർന്നില്ല, വീണ്ടും മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്‍മാൻ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകർ ബഹളമായി. അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട, അങ്ങനെ കമന്റ് ബോക്സിൽ നിറയുകയാണ് ആരാധകരുടെ പ്രതിഷേധം.

അതേസമയം, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചലോ ജീതേ ഹെ എന്ന ചിത്രത്തെക്കുറിച്ചും വിവാദങ്ങളുയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമിച്ച ചിത്രമാണ് ചലോ ജീതേ ഹെ. എന്നാൽ, ഇക്കാര്യം ജൂറിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ ‘അതിനെക്കുറിച്ച് അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ‘ഞാൻ ആ ചിത്രം കണ്ടു. എനിക്ക് അക്കാര്യം അറിയില്ല. പ്രധാനമന്ത്രിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രമെന്ന് എനിക്ക് അറിയില്ല,’ എന്നായിരുന്നു ജൂറിയുടെ പ്രതികരണം.

ജോസഫിലെ അഭിനയത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമർശവും ഓൾ എന്ന ചിത്രത്തിന് അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന് മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

 

കാലവർഷക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 738 ക്യാംപുകള്‍ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ അറുപത്തിനാലായിരത്തിലധികം പേർ ക്യാംപുകളിൽ അഭയം തേടിയിട്ടുണ്ട്. മുന്നറിയിപ്പുകളെ വിവേകത്തോടെ ഉൾക്കൊണ്ട് അപകടസാധ്യതയുള്ള പ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ നാൽപ്പതോളം പേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രണ്ട് പേരെ രക്ഷപെടുത്തി. മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. കവളപ്പാറയിൽ അപകടസാധ്യത മുന്നിൽക്കണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് പതിനേഴ് കുടുംബങ്ങള്‍ ക്യാംപുകളിലേക്ക് മാറിയിരുന്നു. മാറാത്തവരാണ് അപകടത്തിൽപ്പെട്ടത്.

അപകടമുണ്ടായ പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമാണ്. യന്ത്രങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസമുണ്ട്. റോഡിൽ മണ്ണിടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ട അവസ്ഥയുമുണ്ട്. സാധ്യമായ വഴികൾ പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട് ശക്തമായ മഴ തുടരുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ‌ഇനിയും ഉരുൾപൊട്ടാനുള്ള സാധ്യത ജില്ലയിൽ നിലനിൽക്കുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറണം.

ഇന്ന് 32 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി.

കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

ഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറ​ഞ്ഞൊഴുകി

ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി

ഏഴ് അണക്കെട്ടുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്.

ശ്വാസം നിലച്ചുപോകുന്ന നിമിഷങ്ങൾ. നോക്കി നിൽക്കെ പത്താൾപ്പൊക്കത്തിൽ മലയിടിഞ്ഞെത്തുന്നു. ഒപ്പം ഭീമൻ മരങ്ങളും. മഴക്കെടുതിയുടെ നടുക്കുന്ന വിഡിയോ. മലപ്പുറം കോട്ടക്കുന്നിലെ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങളാണിത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണുന്നവരെ അമ്പരപ്പിക്കുന്നതാണ്. രണ്ടുപേർ അപകടത്തിൽപ്പെടുന്നതും വിഡിയോയിൽ കാണാം.

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. സംസ്ഥാനത്ത് പെരുമഴയിൽ 35 പേർ മരിച്ചു. ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലവിലുണ്ട്. ഞായറാഴ്ചവരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആശങ്കവേണ്ടെന്നും എന്നാല്‍ ജാഗ്രതപുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. ഇതില്‍ പാലക്കാട് ജില്ലയിലാണ് അസാധാരണമായ രീതിയിലുള്ള തീവ്രമഴ രേഖപ്പെടുത്തിയിരിക്കുന്നത്.
ആലത്തൂരില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 40 സെന്‍റിമീറ്റര്‍ മഴ രേഖപ്പെടുത്തി.

ഒറ്റപ്പാലത്ത് 33, കൊല്ലങ്കോട് 31 , മണ്ണാര്‍ക്കാട് 30 , വടകരയില്‍ 30, വൈത്തിരിയില്‍ 28, മഞ്ചേരിയില്‍ 23 സെന്‍റി മീറ്റര്‍ ഇങ്ങനെയാണ് അതിതീവ്രമഴയുടെ കണക്കുകള്‍. 2018ലെ പ്രളകാലത്തെക്കാളും പലയിടങ്ങളിലും അധികം മഴപെയ്തു. ഇതാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇത്രകനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. നാളെ ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കരസേനയുടെയും എന്‍ഡിആര്‍എഫിന്‍റയും കോസ്റ്റ്ഗാര്‍ഡിന്‍റെയും കൂടി സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 25,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.

വെള്ളപ്പൊക്കത്തോടൊപ്പം വ്യാപകമായ മണ്ണിടിച്ചിലും വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ മഴകുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ഇത് വരെ സംസ്ഥാനത്ത് മഴയുടെ വന്‍കുറവുണ്ടായിരുന്നത് 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

വെളളക്കെട്ടിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിട്ടതിനെത്തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ തയ്യാറെന്ന്് നാവികസേന. യാത്രാ വിമാനങ്ങൾക്കായി കൊച്ചി നാവിക സേനാ വിമാനത്താവളം തുറന്ന് കൊടുക്കാൻ തയ്യാറെന്ന് സേന അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ അപേക്ഷപ്രകാരമാണ് തീരുമാനമെന്ന് ദക്ഷിണ മേഖല നാവിക സേനാ വക്താവ് കമാൻഡർ ശ്രീധരവാര്യർ പറഞ്ഞു. ഡിജിസിഎയുടെ നടപടിക്രമങ്ങൾക്കനുസരിച്ച് ആവശ്യമായ സന്നാഹങ്ങളൊരുക്കി എപ്പോൾ വേണമെങ്കിലും സേനാ വിമാനത്താവളം ഉപയോഗിക്കാമെന്നും ശ്രീധരവാര്യർ മനോരമ ന്യൂസിനോട് പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് ആദ്യം ഇന്നലെ രാത്രി 9 വരെ അടച്ചിട്ടിരുന്നു. വലിയ മൂന്ന് പൈപ്പുകളിട്ടാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.എന്നാൽ മഴ ശക്തമായതിനെത്തുടർന്ന് ഞായറാഴ്ച്ച വരെ വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചു.

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും കലിതുള്ളി കാലവര്‍ഷം. ഇന്ന് 29 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി.കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറ​ഞ്ഞൊഴുകി

ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പോത്തുകല്ലിനു സമീപമുള്ള വലിയ മല ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.
മുപ്പതോളം വീടുകള്‍ വീടുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാര്‍ തരുന്ന വിവരം. അങ്ങനെയെങ്കില്‍ മരണസംഖ്യ വളരെയധികം ഉയരാന്‍ സാധ്യതയുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രദേശം ദുരന്തഭൂമിയായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് നിന്ന് മണ്ണിടിച്ചലും ഉണ്ടായതോടെ ഇവിടത്തെ കുടുംബങ്ങള്‍ ദുരന്തത്തില്‍ പൂര്‍ണ്ണമായും അകപ്പെടുകയായിരുന്നു. ഇരുനില വീടുകൾ മേൽക്കൂര പോലും കാണാത്ത വിധം പൂർണ്ണമായും മണ്ണിനടിയിലാണ്. പല സ്ഥലങ്ങളിലും മരത്തലപ്പുകൾ മാത്രമേ കാണുന്നുള്ളൂ. ഒരു കിലോമീറ്ററോളം പ്രദേശം പൂർണ്ണമായും മണ്ണിനടിയിലാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ചെറിയ സംഘം എത്തിയിട്ടുണ്ട്. എന്നാല്‍, ഒരു ജെ.സി.ബി. മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന് ഇവിടെയെത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ. സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ സന്ധ്യയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. ദുരന്തം സംഭവിച്ച് ഒരു ദിവസം കടന്നു പോയതിനാല്‍ കുടുങ്ങി കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങുകയാണ്.

കനത്ത മഴയില്‍ ഇവിടത്തെ മണ്ണ് കുതിര്‍ന്നു പോയതിനാല്‍ രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. കേരളത്തിലെ ഉരുള്‍പൊട്ടലുകളുടെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായതാണ് കവളപ്പാറയില്‍ ഉണ്ടായത്. പോലീസും മറ്റ് സര്‍ക്കാരുദ്യോഗസ്ഥരും സ്ഥലം ഒഴിയാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വീട്ടുകാരില്‍ പലരും അതിന് തയ്യാറായില്ല എന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.

Copyright © . All rights reserved