തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ജീർണിച്ച നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) രണ്ടാം വർഷ എംടെക് വിദ്യാർഥി കോഴിക്കോട് വടകര സ്വദേശി ശ്യാൻ പത്മനാഭന്റെ(27) മൃതദേഹമാണ് ക്യാംപസിലെ കാടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. കോഴിക്കോട് വടകര പുത്തൂർ വരദയിൽ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ടെക്നോപാർക്കിലെ ജീവനക്കാരിയായ സഹോദരിക്കും ഭർത്താവിനുമൊപ്പം പാങ്ങപ്പാറയിലെ ഫ്ലാറ്റിലായിരുന്നു ശ്യാൻ താമസിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെ ലൈബ്രറിയിൽ പോകുന്നുവെന്നു പറഞ്ഞ് ശ്യാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർക്കു പരാതി നൽകി. അന്വേഷണത്തിൽ ശ്യാനിന്റെ മൊബൈൽഫോൺ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്തെവിടെയോ ഉള്ളതായി വിവരം ലഭിച്ചു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.14 മുതൽ പിറ്റേന്ന് വൈകിട്ട് അഞ്ചു വരെ മൊബൈൽ ഓണായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഫോൺ ഓഫായതോടെ ഈ വഴിക്കുള്ള അന്വേഷണം അസാധ്യമായി. ഈ സമയത്തെല്ലാം മൊബൈല്‍ ഒരേ ലൊക്കേഷൻ പരിധിയിലായിരുന്നതോടെയാണ് പൊലീസ് ക്യാംപസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
തുടർന്ന് കാര്യവട്ടം ക്യാംപസിലെ സിസിടിവി ക്യാമറ പരിശോധിക്കുമ്പോൾ സഞ്ചിതൂക്കിയ ഒരു യുവാവ് ക്യാംപസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേക്കു പോകുന്നതായി കണ്ടെത്തി. ഇദ്ദേഹം തിരിച്ചു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നുമില്ല. ബന്ധുക്കൾ ഈ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. പൊലീസ് നായ എത്തി കുളത്തിനു സമീപം പോയി നിന്നു. തുടർന്ന് അഗ്നിശമനസേനയുടെ സ്കൂബാ ടീം കുളത്തിലിറങ്ങി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ക്യാംപസിലെ കാട് വളർന്നുകിടക്കുന്ന സ്ഥലങ്ങളിൽ പൊലീസും കൂട്ടുകാരും ചേർന്ന് അന്വേഷിച്ചിട്ടും ഫലം കണ്ടില്ല. അന്നു തിരച്ചിൽ നടത്തിയതിന് ഒരു കിലോമീറ്റർ മാറിയാണ് ഇപ്പോൾ മൃതദേഹം ലഭിച്ചത്. ബിടെക് പാസായശേഷം ബെംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ശ്യാൻ കുറേ നാൾ ജോലി ചെയ്തിരുന്നു. ശ്യാൻ സംസ്ഥാനം വിട്ടോ എന്നറിയാൻ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും മറ്റും പരിശോധിക്കുകയും അന്വേഷണം ബെംഗളൂരൂവിലേക്കു വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് മെഡിക്കല്‍ കോളജ് വളപ്പില്‍ ജീര്‍ണിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ. അന്വേഷണത്തിലാണ് മരിച്ചത് തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മയാണെന്ന് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു 55 കാരിയായ പൊന്നമ്മ. പൊന്നമ്മയുടെ മകളാണ് മൃതഹേദം തിരിച്ചറിഞ്ഞത്. അഴുകിയ നിലയിലായതിനാല്‍ സാരി കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്ന് വ്യക്തമായി. കല്ലുപോലെ ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാലും ഉയരത്തില്‍നിന്ന് തലയിടിച്ച് വീണാലുമാണ് ഇത്തരം പരിക്കുകള്‍ക്ക് സാധ്യത.
ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സമീപത്തുനിന്നും കണ്ടെത്താനായിട്ടില്ല. നാല്‍പ്പതിനായിരം രൂപയും പത്ത് പവന് സ്വര്‍ണവും പൊന്നമ്മയുടെ കയ്യിലുണ്ടായിരുന്നുവെന്ന് മകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കവര്‍ച്ച ചെയ്തിരിക്കാമെന്നാണ് സൂചന. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, നേരത്തെ ഇയാള്‍ക്കൊപ്പമാണ് പൊന്നമ്മ താമസിച്ചിരുന്നത്. പണത്തിനായി പൊന്നമ്മയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 18 വര്‍ഷം മുന്‍പ് കാണാതായ മകന് സന്തോഷിനെത്തേടിയാണ് പൊന്നമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. പിന്നീട് ലോട്ടറിക്കച്ചവടം നടത്തി അവിടെത്തന്നെ കഴിയുകയായിരുന്നു.
സംവിധായകൻ എ.എൽ വിജയ്യ്ക്ക് വിവാഹാശംസകൾ നേർന്ന് അദ്ദേഹത്തിന്റെ മുൻ ഭാര്യയും നടിയുമായ അമല പോൾ. തെന്നിന്ത്യൻ നായിക അമല പോളുമായി വിവാഹബന്ധം േവർപ്പെടുത്തിയ ശേഷം വിജയ് കഴിഞ്ഞ ദിവസമാണ് മറ്റൊരു വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിജയ്ക്ക് ആശംസകൾ നേർന്ന് അമല പോൾ രംഗത്തെത്തിയിരിക്കുകയാണ്.
‘വിജയ് നല്ല വ്യക്തിയാണ്. നല്ല വ്യക്തിത്വത്തിന് ഉടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ’.– അമല പറഞ്ഞു.വിവാഹ മോചനത്തിനു ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കിൽ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്നായിരുന്നു ആശങ്ക.
അതിജീവനത്തിനായി ടിവി സീരിയലുകളിൽ അഭിനയിക്കേണ്ടി വരുമോ എന്നുവരെ ഭയപ്പെട്ടു. ഇപ്പോൾ, കഴിവുണ്ടെങ്കിൽ നമ്മളെ തോൽപിക്കാൻ ആർക്കും സാധിക്കില്ല എന്നു മനസ്സിലായെന്നും അമല വ്യക്തമാക്കി.3 വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2014 ജൂണ്‍ 12 നായിരുന്നു അമല–വിജയ് വിവാഹം. 2017 ഫെബ്രുവരിയിൽ നിയമപരമായി പിരിഞ്ഞു. ജൂലൈ 11നായിരുന്നു വിജയ്യുടെ രണ്ടാം വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.
ലോകകപ്പ് ക്രിക്കറ്റിൽനിന്ന് ഇന്ത്യ പുറത്തായി ദിവസങ്ങൾ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിലെ പ്രധാനികൾ ഉൾപ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ടൂർണമെന്റ് ഉൾപ്പെടെ മുൻനിർത്തി പുതിയ ടീമിനെ വാർത്തെടുക്കാനുള്ള തയാറെടുപ്പുകളിലേക്കു കടക്കും മുൻപ് ധോണി തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷയെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ടീമംഗമെന്ന നിലയിൽ ധോണിയുടെ കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയിൽ ധോണി സ്വയം തീരുമാനമെടുക്കാൻ കാക്കുകയാണവർ. ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും നിർണായക സമയങ്ങളിൽ റൺനിരക്ക് ഉയർത്താനാകാതെ പോയത് വിമർശന വിധേയമായിരുന്നു. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ ധോണിയെ വിമർശിക്കുന്നതിനും ലോകകപ്പ് വേദിയായി. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ധോണി ജയത്തിനായി ശ്രമിക്കുക പോലും ചെയ്യാതിരുന്നതിനെയും വിമർശനമുണ്ട്.
വിരമിക്കാൻ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ‘ഇതുവരെയും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാത്തതിൽ ഞങ്ങൾക്ക് അദ്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങൾ അവസരം കാത്തിരിക്കുകയാണ്. ലോകകപ്പിൽ നമ്മൾ കണ്ടതുപോലെ ധോണി ഇപ്പോൾ ആ പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റൺനിരക്കുയർത്താൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നില്ല. ചില മൽസരങ്ങളിൽ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു’ – ബിസിസിഐയോട് അടുത്തുനിൽക്കുന്ന, പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ധോണിയെ ഉൾപ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. 2020 ലോകകപ്പ് പദ്ധതികളിൽ ധോണിക്ക് ഇടമുണ്ടെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇനിയും പതിവുപോലെ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനിടയില്ല. സ്വന്തം നിലയ്ക്ക് വിരമിക്കൽ പ്രഖ്യാപിച്ച് വിടപറയുന്നതാണ് അദ്ദേഹത്തിനു നല്ലതെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ലോകകപ്പിനുശേഷം ടീമിൽ തുടരണമോ എന്ന കാര്യത്തിൽ ധോണിയും ടീം മാനേജ്മെന്റും തമ്മിൽ സംഭാഷണം നടന്നിട്ടുപോലുമില്ലെന്നാണ് വിവരം. ലോകകപ്പിന്റെ സമയത്ത് ധോണിയുടെ ശ്രദ്ധ കളയാതിരിക്കാനാകും ഇക്കാര്യം സംസാരിക്കാതിരുന്നത്. എന്നാൽ, ഇപ്പോൾ തീരുമാനം എടുക്കേണ്ട സമയമാണെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
മുൻകാല പ്രകടനങ്ങളുടെ പേരിലോ മുതിർന്ന താരമെന്ന പേരിലോ ധോണിയെ ഇനിയും ടീമിൽ നിലനിർത്തുമെന്ന് കരുതുന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുൻ ഇന്ത്യൻ താരത്തെ ഉദ്ധരിച്ച് ഇതേ റിപ്പോർട്ട് പറയുന്നു. വിരാട് കോലിയുെട ക്യാപ്റ്റൻസിയുടെ കാര്യത്തിൽ പോലും തീർച്ചയില്ലാത്ത അവസ്ഥയാണ്. ഇക്കുറി ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്നതാണ് യാഥാർഥ്യം. ചോദ്യങ്ങൾക്കുള്ള ഉത്തരം മുകളിൽനിന്നുള്ളവരിൽ നിന്നു തുടങ്ങി തേടണം – റിപ്പോർട്ട് പറയുന്നു.
അതിനിടെ, മുതിർന്ന താരങ്ങളെ ടീമിൽനിന്ന് നീക്കേണ്ട സമയത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഓസീസ് ക്രിക്കറ്റ് ബോർഡെന്ന് കഴിഞ്ഞ ദിവസം അവരുടെ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ പ്രതികരിച്ചിരുന്നു. അതേസമയം, ഉപഭൂഖണ്ഡത്തിൽ ക്രിക്കറ്റ് താരങ്ങളെ ദൈവത്തെപ്പോലെയും ഇതിഹാസങ്ങളായും കാണുന്ന സാഹചര്യത്തിൽ അത്തരമൊരു നിലപാട് ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 2004ന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായിട്ടാണ് ഓസ്ട്രേലിയൻ ടീമിൽനിന്ന് വോ പുറത്താക്കപ്പെട്ടത്.
നെട്ടൂർ അർജുൻ കൊലക്കേസിൽ കുറ്റകൃത്യത്തിന്റെ ക്രൂരത വെളിവാക്കി പൊലീസിന്റെ റിപ്പോർട്ട്. അർജുനെ ബോധമില്ലാത്ത അവസ്ഥയിൽ വലിച്ചിഴച്ചു ചതുപ്പിൽ ഇട്ടു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ കോടതി അനുവദിച്ചു.
നെട്ടൂർ മാളിയേക്കൽ നിബിൻ പീറ്റർ(20), നെട്ടൂർ കുന്നലയ്ക്കാട് റോണി (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്ദു(21), കുമ്പളം നോർത്ത് തണ്ടാശേരി നികർത്തിൽ അജിത് കുമാർ(21) എന്നിവരെ ബുധനാഴ്ച വരെയാണു പൊലീസിനു കസ്റ്റഡിയിൽ നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്.
കേസിൽ പെടാതിരിക്കാൻ പ്രതികൾ നടത്തിയത് വൻ ആസൂത്രണം. യുവാവിനെ കാണാതാകുന്നതിന് തലേദിവസം പ്രധാനപ്രതി നിബിൻ കൊല്ലപ്പെട്ട അർജുന്റെ വീട്ടിൽ വന്നു താമസിച്ചതായി മാതാപിതാക്കൾ. നിബിനു ചായ തയാറാക്കി മുറിയിൽ കൊണ്ടു പോയി കൊടുത്തത് അർജുൻ തന്നെയാണെന്ന് അച്ഛൻ വിദ്യൻ മനോരമ ഓൺലൈനോട് പറഞ്ഞു.
വളരെ സൗഹാർദപരമായാണ് നിബിൻ അന്നും അർജുന്റെ കുടുംബാംഗങ്ങളോട് പെരുമാറിയിരുന്നത്. തന്റെ സഹോദരന്റെ ഓർമദിനത്തിൽ തന്നെ അർജുനെ വകവരുത്താൻ കൂട്ടുപ്രതി റോണിയുമായി പദ്ധതി മെനഞ്ഞതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ വീട്ടിലെത്തുകയായിരുന്നു.
കൊല്ലപ്പെട്ട അർജുനും സുഹൃത്ത് എബിനും കഴിഞ്ഞ വർഷം കളമശേരിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. സംഭവസ്ഥലത്തു വച്ചു തന്ന എബിൻ മരിച്ചു. അർജുനാകട്ടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. അപകടം നടന്ന ദിവസം അർജുൻ എബിനെ വീട്ടിൽ വന്നു കൂട്ടികൊണ്ടു പോകുകയായിരുന്നത്രെ. അത് മനപ്പൂർവമായിരുന്നെന്നും അർജുൻ എബിനെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് നിബിൻ വിശ്വസിച്ചിരുന്നത്.
അർജുനെ അപായപ്പെടുത്തിയത് റോണിയും നിബിനും ചേർന്നാണെന്ന് അർജുന്റെ സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ച് ജൂലൈ അഞ്ചാം തീയതി നിബിനെ വിദ്യൻ ഫോണിൽ വിളിച്ചു തന്റെ വീട് വരെ വരാൻ ആവശ്യപ്പെട്ടു, റോണിയെയും കൂട്ടി ബൈക്കിൽ വിദ്യന്റെ വീട്ടിലെത്തിയ നിബിൻ അർജുന്റെ മാതാപിതാക്കൾക്ക് യാതൊരു സംശയത്തിനും ഇടനൽകാത്ത രീതിയിലാണ് ഇടപെട്ടത്.
‘ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല ആന്റി, അവൻ ഞങ്ങളുടെ അടുത്ത കൂട്ടുകാരനല്ലേ… തലേദിവസം പെട്രോൾ വാങ്ങാൻ പോയതിൽ പിന്നെ ഞങ്ങൾ അവനെ കണ്ടില്ലെന്ന് അമ്മ സിന്ധുവിനോടും ബന്ധുക്കളോടും പറഞ്ഞു. അർജുന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യം ചെയ്യലിന്റെ രീതിയും ഭാവവും മാറിയതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഇരുവരും പറയാൻ തുടങ്ങി. ഇതൊടെയാണ് പൊലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പ്രതികളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് അര്‍ജുനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്– അർജുന്റെ അമ്മ സിന്ധു പറഞ്ഞു. മകനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചപ്പോൾ പരിഹസിക്കുന്ന രീതിയിലാണെന്ന് െപാലീസ് പെരുമാറിയതെന്നും അമ്മ സിന്ധു പറഞ്ഞു.
പ്രതികളെക്കുറിച്ച് കൃത്യമായി വിവരം നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ് തുടക്കം മുതല്‍ വീഴ്ച വരുത്തിയെന്നു വിദ്യൻ ആരോപിച്ചിരുന്നുവെങ്കിലും നിലപാട് മാറ്റി. പൊലീസിന്റെ തുടർ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പരാതികൾ ഒന്നും തന്നെയില്ലെന്നും വിദ്യൻ പറഞ്ഞു. ഒരിക്കൽ അർജുൻ കേസിൽപെട്ടിരുന്നു. സ്ഥിരം കുറ്റവാളിയാണെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും വിദ്യൻ പറയുന്നു.
ലോണെടുത്താണ് മാതാപിതാക്കൾ മകനു ബൈക്ക് വാങ്ങി നൽകിയത്. ബൈക്ക് അപകടമുണ്ടായി ചികിത്സയിലായിരുന്ന അർജുനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ പിതാവ് ലക്ഷങ്ങളാണ് ചെലവാക്കിയത്. വീടും പുരയിടവുമെല്ലാം ജപ്തി ഭീഷണിയിലാണെന്നു ബന്ധുക്കൾ പറയുന്നു. പത്തുലക്ഷത്തിലേറെ രൂപ കടമുണ്ട് അർജുന്റെ പിതാവിന്.
മൃതദേഹം മറവു ചെയ്തിടത്ത് തെരുവുനായയെ കൊന്നിട്ടതും പ്രതികൾ തന്നെയാണെന്നാണ് സൂചന. മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തു വന്നാലും നായ ചത്തു നാറുന്നതാണെന്നു വിചാരിക്കാനായിരുന്നു ഇത്. മരിച്ച അർജുന്റെ സുഹൃത്തുക്കളിൽ ചിലർ പ്രതികളുടെ സംഘത്തിൽ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങൾ പുറത്തു വന്നത്. ഈ വിവരം പൊലീസിൽ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
അഹമ്മദാബാദിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ യന്ത്ര ഊഞ്ഞാല് തകര്‍ന്നു വീണുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. കാഴ്ച്ചക്കാര്‍ പകര്‍ത്തിയ മൊബൈല്‍ ക്യാമറാദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകട സമയത്ത് 30 പേരാണ് യന്ത്ര ഊഞ്ഞാലിന് മുകളില്‍ ഉണ്ടായിരുന്നത്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ഊഞ്ഞാല് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
വീഡിയോ
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് പര്‍വേസിനെയാണ് (14) ഷാര്‍ജ മുവൈലയിലുള്ള വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രി മുതല്‍ കാണാതായത്. രാത്രി ഏറെ വൈകിയും യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടിരുന്ന മുഹമ്മദിനെ അമ്മ ശാസിച്ചിരുന്നു. ഇതിന് ശേഷമാണ് പുലര്‍ച്ചയോടെ കുട്ടിയെ കാണാതാവുന്നത്. ഡെല്‍റ്റ ഇംഗ്ലീഷ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.
സംഭവത്തില്‍ മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായം തേടി. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തലേദിവസം രാത്രി ബന്ധുവിനൊപ്പം പള്ളിയില്‍ പോയ മുഹമ്മദ് അവിടെനിന്ന് രാത്രി 11 മണിയോടെയാണ് തിരിച്ചുവന്നത്. വീട്ടിലെത്തിയ ശേഷം രാത്രി ഒരു മണി വരെ മൊബൈല്‍ ഫോണില്‍ യുട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ടിരുന്നതിനെ തുടര്‍ന്ന് മുഹമ്മദിനെ അമ്മ ശാസിച്ചു. പുലര്‍ച്ചെ നാല് മണിക്ക് വീട്ടിലുള്ളവര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞത്. മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു.
ധരിച്ചിരുന്ന വസ്ത്രമല്ലാതെ വീട്ടില്‍ നിന്ന് മറ്റൊന്നും എടുത്തിട്ടില്ല. വസ്ത്രങ്ങളും പഴ്സും മൊബൈല്‍ ഫോണും മുറിയില്‍ തന്നെയുണ്ടായിരുന്നു. തിരിച്ചറിയല്‍ രേഖകളും കുട്ടിയുടെ കൈവശമില്ല. എന്നാല്‍ വീടിന് മുന്നിലുണ്ടായിരുന്ന സൈക്കിള്‍ എടുത്താണ് മുഹമ്മദ് പോയതെന്നാണ് പൊലീസിന്റെ അനുമാനം. മുഹമ്മദിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് മൂന്ന് സഹോദരിമാരും മാതാപിതാക്കളുമടങ്ങിയ കുടുംബം. മകനെ ശാസിച്ച നിമിഷത്തെ പഴിച്ച് സമയം തള്ളിനീക്കുകയാണ് മുഹമ്മദിന്റെ അമ്മ.
അതേസമയം കുട്ടിയെ കാണിനില്ലെന്ന പരാതി ഇന്‍ഡസ്ട്രിയല്‍ സോണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. പള്ളികള്‍, സ്കൂളുകള്‍, പൊതുസ്ഥലങ്ങള്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുകയാണ്. പൊലീസ് പട്രോള്‍ സംഘങ്ങള്‍ കുട്ടിയുടെ ചിത്രവുമായി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കുട്ടിയുടെ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ട സര്‍ക്കുലര്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അതിര്‍ത്തികളിലേക്കും എക്സിറ്റ് പോയിന്റുകളിലേക്കും കൈമാറിയിട്ടുണ്ട്.
രാജ്യത്ത് എവിടെയെങ്കിലും വെച്ച് മുഹമ്മദ് പര്‍വേസിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളെ സഹായിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ബോട്ടുമുങ്ങിയതിനെ തുടർന്ന് ഒറ്റ മുളംതടിയിൽ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാൾ മഹാസമുദ്രത്തിൽ കിടന്നത് 5 ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തിൽ കിടന്നത്. ചിറ്റഗോംഗ് തീരത്തുവെച്ച് ബംഗ്ലാദേശി കപ്പൽ ഇദ്ദേഹത്തെ കണ്ടെത്തിയതോടെയാണ് ജീവിതത്തിലേക്ക് വീണ്ടും നീന്തി കയറിയത്.
കൊൽക്കത്തയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയൻ-1 എന്ന മത്സ്യബന്ധനബോട്ടിൽ രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. രബീന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന 11 പേരും കടലിലേക്ക് എടുത്ത് ചാടി. ഫ്യൂവൽടാങ്കുകൾ കെട്ടിവെച്ചിരുന്ന മുളംതടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലിൽ കിടന്നു.
എന്നാൽ ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നതിന് രബീന്ദ്രനാഥ് ദൃക്സാക്ഷിയായി. ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് രബീന്ദ്രനാഥ് പിടിച്ചുനിന്നത്. അഞ്ചാംദിവസം കപ്പൽ രക്ഷപെടുത്തുന്നത് വരെ ഭക്ഷണമില്ലായിരുന്നു, ദാഹിക്കുമ്പോൾ ആശ്രയിച്ചത് മഴവെള്ളത്തെ മാത്രം.
പലപ്പോഴും വലിയ തിരമാലകളിൽ ദൂരേക്ക് എറിയപ്പെട്ടു. ഭീകരൻ തിരമാലകളെ മറികടന്ന് നീന്തുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നു. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവൻ ഉണ്ടായിരുന്നു. എന്നാൽ കപ്പൽ വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് അനന്തരവാനും കൺമുൻപിൽ മരണത്തിലേക്ക് മുങ്ങിപ്പോയി.
കപ്പൽ രബീന്ദ്രനാഥിനെ കണ്ടെങ്കിലും ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയിൽ ഒഴുകി ഒഴുകി പൊയ്ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയിൽ നിന്നും അകന്നുപോയിരുന്നു. എന്നാൽ അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്.
കേന്ദ്ര മാനവശേഷി വികസനവകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളിൽ അസിസ്റ്റന്റ് കമ്മിഷണർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി.), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി.), മിസലേനിയസ് ടീച്ചർ, ഫീമെയിൽ സ്റ്റാഫ് നഴ്സ്, ലീഗൽ അസിസ്റ്റന്റ്, കാറ്ററിങ് അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2370 ഒഴിവുകളുണ്ട്. www.navodaya.gov.inഎന്ന വെബ്സൈറ്റ് വഴി ജൂലായ് പത്ത് മുതൽ ഓഗസ്റ്റ് ഒമ്പത് വരെ അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ
അസിസ്റ്റന്റ് കമ്മിഷണർ (അഞ്ച് ഒഴിവുകൾ): ഹ്യുമാനിറ്റീസ്/സയൻസ്/കൊമേഴ്സ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി. സർക്കാർ സ്ഥാപനങ്ങളിൽ ലെവൽ 12 (78800-209200 രൂപ) ശമ്പളനിരക്കിൽ പ്രിൻസിപ്പൽ തസ്തികയിൽ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പളം:78800-209200 രൂപ.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (430 ഒഴിവുകൾ): അതത് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി, ബി.എഡ്. ഇതേ വിഷയങ്ങളിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചറായുള്ള പ്രവൃത്തിപരിചയം, റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ശമ്പളം: 47600-151100 രൂപ.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (1154 ഒഴിവുകൾ): ശമ്പളം: 44900-142400 രൂപ.
മിസലേനിയസ് ടീച്ചർ (564 ഒഴിവുകൾ): ശമ്പളം: 44900-142400 രൂപ.
ലീഗൽ അസിസ്റ്റന്റ് (1 ഒഴിവ്): ശമ്പളം; 35400-112400 രൂപ.
ഫീമെയിൽ സ്റ്റാഫ് നഴ്സ് (55 ഒഴിവുകൾ): ശമ്പളം; 44900-142400 രൂപ.
കാറ്ററിങ് അസിസ്റ്റന്റ് (26 ഒഴിവുകൾ): ശമ്പളം; 25500-81100 രൂപ.
എൽ.ഡി. ക്ലാർക്ക് (135 ഒഴിവുകൾ): ശമ്പളം; 19900-63200 രൂപ.
കൂടുതൽ വിവരങ്ങൾക്ക് www.navodaya.gov.inഎന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.