ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലേക്ക്. ഓവലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലീഷ് മധ്യനിര തകര്‍ന്നെങ്കിലും ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറിലാണ് (പുറത്താവാതെ 64) ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. നാല് വിക്കറ്റ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

ബട്‌ലര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ജോ റൂട്ട് (57), ഓപ്പണര്‍ റോറി ബേണ്‍സ് (47) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ജോ ഡെന്‍ലി (14), ബെന്‍ സ്‌റ്റോക്‌സ് (20), ജോണി ബെയര്‍സ്‌റ്റോ (22), സാം കറന്‍ (15), ക്രിസ് വോക്‌സ് (2), ജോഫ്ര ആര്‍ച്ചര്‍ (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബട്‌ലര്‍ക്കൊപ്പം ജാക്ക് ലീച്ച് (10) ക്രീസിലുണ്ട്.

മൂന്നാം വിക്കറ്റില്‍ ബേണ്‍സ്- റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് തുണയായത്. എന്നാല്‍ ബേണ്‍സ് മടങ്ങിയതോടെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. മാര്‍ച്ച് മധ്യനിരയുടെ മുനയൊടിച്ചതോടെ ഇംഗ്ലണ്ട് രണ്ടിന് 103ന് എന്ന നിലയില്‍ നിന്ന് എട്ടിന് 226 എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ബട്‌ലര്‍- ലീച്ച് കൂട്ടിച്ചേര്‍ത്ത 45 രണ്‍സാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

മാര്‍ഷിന് പുറമെ ഓസീസിനായി പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.