Latest News

വാൽപ്പാറയിൽ വീട്ടുകാരെ രണ്ടു മണിക്കൂറോളം ആശങ്കയിലാക്കി പുലി. കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണു പുലി എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10നായിരുന്നു സംഭവം. ഉറങ്ങാൻ കിടക്കുമ്പോൾ അടുക്കള ഭാഗത്തു നിന്നു ശബ്ദം കേട്ടു നോക്കിയപ്പോഴാണ് അനീസ് പുലിയെ കണ്ടത്.

ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയിൽ കയറി കതകടച്ചു. തുടർന്ന് മൊബൈൽ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവർ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതർ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു പുലിയെ കാട്ടിലേക്ക് ഓടിച്ചത്.

സംഭവ ദിവസം അനീസിന്റെ വീട്ടിൽ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണു പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു. കോഴി മാലിന്യം പോലുള്ളവ വീടരുകിൽ തള്ളുന്നതാണു വന്യമൃഗങ്ങൾ വരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ അധികാരതര്‍ക്കം തെരുവിലേക്കും വ്യാപിപ്പിച്ച് ജോസഫ്, മാണി വിഭാഗങ്ങളുടെ പോര്‍വിളി. മാണി വിഭാഗം മോന്‍സ് ജോസഫിന്‍റെയും ജോയ് എബ്രഹാമിന്‍റെയും കോലം കത്തിച്ച് പ്രതിഷേധം അറിയിച്ചപ്പോള്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. തര്‍ക്കം തെരുവിലേക്ക് നീണ്ടതോടെ സമവായത്തിന്‍റെ നേരിയ സാധ്യതകളും ഇല്ലാതായി.

പി.ജെ. ജോസഫിന്‍റെ നീക്കങ്ങളില്‍ അടിതെറ്റിയതോടെയാണ് മാണി വിഭാഗം അധികാരതര്‍ക്കം തെരുവിലേക്ക് വലിച്ചിഴച്ചത്. പി.ജെ. ജോസഫിന് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കിയതോടെ പാലായില്‍ ജോയ് എബ്രഹാമിന്‍റെ കോലം കത്തിച്ച് ആദ്യ പ്രതിഷേധം. നിയമസഭയില്‍ കെ.എം.മാണിയുടെ ഇരിപ്പിടം ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ട മോന്‍സ് ജോസഫ് കത്ത് നല്‍കിയതോടെ പ്രതിഷേധത്തിന്‍റെ തീവ്രത കൂടി. കടുതുരുത്തിയില്‍ മോന്‍സിന്‍റെ കോലം കത്തിച്ചു മാണി വിഭാഗം.

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍റെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. ഇതോടെ പരാതിയുമായി റോഷി അഗസ്റ്റിന്‍ രംഗതെത്തി. മോന്‍സിനെതിരെ പ്രതിഷേധിച്ചതിന് കടുത്തുരുത്തിയില്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് വീണ്ടും ജോസഫ് വിഭാഗത്തിന്‍റെ മറുപടി. അധികാരതര്‍ക്കം അണികളും ഏറ്റെടുത്തതോടെ യുദ്ധസമാനമായ സാഹചര്യമാണ് കേരള കോണ്‍ഗ്രസില്‍.

കൊച്ചി ചെറായ് പാടത്ത് വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ചെറായിയില്‍ നിന്ന് പറവൂരേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ചെറായ് പാടത്തു വച്ച് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവര്‍ രണ്ടു പേരും എടവനക്കാട് സ്വദേശികളാണ്.

എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് താമസിക്കുന്ന കോട്ടുവള്ളിത്തറ അജിത്ത് മകന്‍ അനുജിത്ത്(20), മരകാപ്പറമ്പില്‍ പ്രസാദ് മകന്‍ പ്രജിത്ത് (19) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി. നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ജിഡിപി 5.8 മാത്രം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒന്നാം മോദി സര്‍ക്കാര്‍ പിടിച്ച് വച്ചിരുന്ന തൊഴില്‍ ഇല്ലായ്മ റിപ്പോര്‍ട്ടും പരസ്യപ്പെടുത്തി. നാല്‍പ്പത്തിയാറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മയില്‍ രാജ്യം വലയുന്നു. 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മ നിരക്ക് 6.1 ആയി ഉയര്‍ന്നു.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം നടക്കുമ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ രാജ്യത്തെ ഭയപ്പെടുത്തുന്നതാണ്.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്ത് വിട്ട 2018-19 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ആഭ്യന്തര വളര്‍ച്ച നിരക്കിലാണ് ക്രമാതീതമായ കുറവ് കാണുന്നത്. കൃഷി, വ്യവസായം,നിര്‍മ്മാണം എന്നീ മേഖലകളില്‍ കഴിഞ്ഞ 9 മാസത്തിനിടെ ഉണ്ടായ തകര്‍ച്ച ആഭ്യന്തരവളര്‍ച്ചാ നിരക്കിനെ പിന്നോട്ടടിച്ചു.

ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലത്താണ് രാജ്യം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഏറെ പിന്നോട്ട് പോയത് എന്നതും ശ്രദ്ധേയം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് വച്ചിരുന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ തൊഴില്‍ ഇല്ലായ്മ കണക്ക് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പരസ്യപ്പെടുത്തി. ഇത് പ്രകാരം 1972-73 വര്‍ഷത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴില്‍ ഇല്ലായ്മ നിരക്കിലാണ് രാജ്യം. 6.1 ശതമാനം.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ട തോല്‍വിക്ക് വഴങ്ങി പാക്കിസ്ഥാന്‍. നോട്ടിംഗ്ഹാമില്‍ പാക്കിസ്ഥാന്റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് തക്ക മറുപടിയാണ് പാക്കിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ നടത്തിയത്. 11 റണ്‍സെടുത്ത ഷായ് ഹോപിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ബ്രാവോയെയും ആമിര്‍ പുറത്താക്കി. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് 6.2 ഓവറില്‍ 46-2. എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഒരറ്റത്ത് തകര്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ വിന്‍ഡീസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗെയ്ലിന് നിക്കോളസ് പുരാന്‍ ഉറച്ച പിന്തുണ നല്‍കി.ഗെയ്ല്‍ 33 പന്തില്‍ ഏകദിന അര്‍ദ്ധ സെഞ്ചുറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ആമിര്‍ വെടിക്കെട്ട് ഓപ്പണറെ പുറത്താക്കി. ആമിറിനെ ഉയര്‍ത്തിയടിക്കാനുള്ള ഗെയ്ലിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പുരാന്‍ 19 പന്തില്‍ 34 റണ്‍സും ഹെറ്റ്ര്‍മെയര്‍ ഏഴ് റണ്‍സുമെടുത്ത് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറില്‍ സിക്സര്‍ പറത്തി പുരാന്‍ കളി അവസാനിപ്പിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ഏറ്റവും വലിയ ബാറ്റിംഗ തകര്‍ച്ചയാണ് നേരിട്ടത്. വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായി. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 21.4 ഓവറില്‍ അവസാനക്കാരനായി വഹാബ് പുറത്തായതോടെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചു. മുഹമ്മദ് അമീര്‍(3) പുറത്താകാതെ നിന്നു.

1992ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് പുറത്തായശേഷം ലോകകപ്പില്‍ ഇത്രയും ചെറിയ സ്‌കോറിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടാവുന്നത് ഇതാദ്യമാണ്.പാക്കിസ്ഥാന്‍ നേടിയ 105 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 21-മത്തെ ടീം ടോട്ടലാണ്. ട്രെന്റ്ബ്രിഡ്ജില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ന് പാക്കിസ്ഥാന്റെ പേരിലായത്. 2008ല്‍ ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

ഈരാട്ടുപേട്ട: ഫോണിലൂടെ മുസ്ലീം വിരുദ്ധ പാരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി.’ പി സി ജോര്‍ജ് എംഎല്‍എ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം എന്ന് പറഞ്ഞാണ് മൗലവിയുടെ വീഡിയോ തുടങ്ങുന്നത്.

1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എം എല്‍ എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈവിടുത്ത ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാട്ടുപേട്ടക്കാര്‍.

ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള് കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’ എന്നാണ് പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി പ്രസംഗിക്കുന്നത്. മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പി സി ജോര്‍ജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. തനിക്ക് ജയിക്കാന്‍ മുസ്ലീംങ്ങളുടെ വോട്ട് വേണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് മൗലവി പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാട്ടുപേട്ടയിലെ ക്രൈസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എംഎല്‍എയാകാമെന്ന് അയാള്‍ കരുതുന്നിണ്ടാകും. ഇല്ല ജോര്‍ജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാട്ടുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ആരെങ്കിലും ഇനി പി സി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോള്‍ കൂടിനിന്നവര്‍ ഇല്ലായെന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

മകളെ കൊലപ്പെടുത്തിയ ശേഷം ഓവനിലിട്ട് കത്തിച്ച അച്ഛൻ അറസ്റ്റിൽ. ഉക്രൈനിലാണ് നടുക്കുന്ന ക്രൂരത നടന്നത്. ഡാരിന എന്ന കുട്ടിയുടെ അച്ഛനായ പവേൽ മാകാർചുക്കിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുൻപാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിക്കപ്പെടുന്നത്

പവേൽ പിടിച്ചുതള്ളിയപ്പോൾ കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടി മരിച്ചു. ഇത് മനസ്സിലാക്കിയ പവേൽ മൃതദേഹം ഓവനിലിട്ട് കത്തിച്ചു. വീടിന് അടുത്തുള്ള തടാകത്തിൽ എല്ലിൻ കഷണങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. എല്ലാത്തിനും ഒത്താശചെയ്ത് അമ്മയും പവേലിനൊപ്പം ഉണ്ടായിരുന്നു. കുട്ടിയെ കാണാനില്ല എന്ന പരാതിയും ഇവർ പൊലീസിൽ നൽകി.

ദത്തെടുത്ത മാതാപിതാക്കൾക്കൊപ്പമായിരുന്നു ഡാരിന താമസിച്ചിരുന്നത്. മരണത്തിന് മൂന്നു മാസങ്ങൾ മുൻപാണ് യഥാർത്ഥ മാതാപിക്കളുടെ അടുത്ത് എത്തുന്നത്. ഡാരിനയെക്കൂടാതെ ഇവർക്ക് മൂന്നു മക്കൾ കൂടിയുണ്ട്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. കൊലക്കുറ്റത്തിന് പവേലിനെതിരെയും സംഭവം മൂടിവയ്ക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ട്വിറ്ററിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെ വിമർശിച്ച് തൃണമുൽ കോൺഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രബർത്തി. ജീൻസും ടീഷർട്ടും ധരിച്ച് പാർലമെന്റിലെത്തിയ ഗൗതം ഗംഭീർ എംപിയുടെ ചിത്രം പങ്കുവെച്ചാണ് മിമിയും വിമർശനം. ജീന്‍സും ഷർട്ടും ധരിച്ചെത്തിയ മിമിക്കും നസ്രത്ത് ജഹാൻ എംപിക്കും കടുത്ത സദാചാര ആക്രമണവും അധിക്ഷേപവുമാണ് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത്.

‘ഫാഷൻ പൊലീസ് ഇതുവരെ ഗംഭീറിനെ ആക്രമിച്ചില്ലേ? അതോ അത് സ്ത്രീകൾക്ക് മാത്രമേ ഉള്ളോ? ഗൗതം സുന്ദരനായിരിക്കുന്നു”- ഗംഭീറിന്റെ ചിത്രം പങ്കുവെച്ച് മാധ്യമപ്രവർത്തക സ്വാതി ചതുർവേദി പങ്കുവെച്ചതിങ്ങനെ. ഇതിന് മറുപടിയായി മിമി കുറിച്ചു: ”അവരിത് വരെ ആക്രമിച്ചിട്ടില്ല. കാരണം ഞങ്ങൾ സ്ത്രീകളായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെട്ടത്. ഗൗതം കാണാൻ സുന്ദരനായിരിക്കുന്നു”.

പാർലമെന്റിലെ ആദ്യദിനത്തിലെ ചിത്രങ്ങൾ മിമിയും നസ്രത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജീൻസും ഷർട്ടും ധരിച്ചെത്തിയ ഇരുവർക്കും കടുത്ത അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. സിനിമാ ഷൂട്ടിങ്ങോ ഫാഷൻ ഷോയോ അല്ല പാർലമെന്റാണ് അതെന്നും ഓർമ്മിപ്പിച്ചായിരുന്നു ആക്രമണങ്ങൾ. അശ്ലീലച്ചുവയുള്ളതും അധിക്ഷേപകരവുമായ കമന്റുകളും ട്രോളുകളും ഉണ്ടായിരുന്നു.

എന്നാൽ മത്സരരംഗത്തിറങ്ങിയപ്പോൾ മുതൽ പരിഹാസങ്ങളും ട്രോളുകളും കാണുന്നുണ്ടെന്നും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നുമായിരുന്നു മിമിയുടെ പ്രതികരണം. കൊല്‍ക്കത്തയിലെ ജാദവ്പൂരിൽ നിന്നാണ് മിമി ലോക്സഭയിലെത്തിയത്, നസ്രത്ത് ജഹാൻ, ബാസിർഹത്ത് മണ്ഡലത്തിൽ നിന്നും.

അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച അലസിയതിനു പിന്നാലെ ഉത്തര കൊറിയ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയെയും നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വധിച്ചെന്ന് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ പരിഭാഷകയെ തെറ്റുവരുത്തിയതിന് തടവിന് ശിക്ഷിച്ചതായും ദക്ഷിണ കൊറിയയിലെ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ വഞ്ചിച്ചെന്ന കുറ്റമാണ് ഹാനോയ് കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ കിം ഹ്യോകിനു മേല്‍ ചുമത്തിയത്. ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചകളില്‍ അമേരിക്കയ്ക്കായി കിം ഹ്യോക് പ്രവര്‍ത്തിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ മിറിം വിമാനത്താവളത്തില്‍ വച്ചാണ് അഞ്ചുപേരെയും വെടിവച്ചുകൊന്നത്.

ട്രംപുമായുള്ള ചര്‍ച്ചയ്ക്കിടെ വരുത്തിയ തെറ്റിന് പരിഭാഷക ഷിന്‍ ഹ്യെ യോങ്ങിനെ തടവിന് ശിക്ഷിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയ്ക്കെതിരെയുളള ഉപരോധങ്ങളെല്ലാം പിൻവലിക്കണമെന്ന ആവശ്യത്തിൽ കിം ജോങ് ഉന്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് ഫെബ്രുവരി 28ന് നടന്ന ഉച്ചകോടി അലസിയത്. അതേസമയം, വാര്‍ത്ത സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.

മധ്യപ്രദേശിലെ നീമുച്ചിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഫുർഖാൻ ഖുറേഷിയാണ് അമിതമായി മൊബൈൽ ഫോണിൽ പബ്ജി കളിച്ചതിനെത്തുടർന്ന് മരിച്ചത്. രാജസ്ഥാനിലെ നാസിറാബാദിലാണ് ഫുര്‍ഖാനും കുടുംബവും താമസിക്കുന്നത്. മധ്യപ്രദേശിലെ സ്വന്തം നാട്ടില്‍ വിവാഹത്തിനായി വന്നതായിരുന്നു കുടുംബം.

ഉച്ചഭക്ഷണത്തിന് ശേഷം പബ്ജിക്ക് അടിമയായ ഫുർഖാൻ ആരോടും സംസാരിക്കുക പോലും ചെയ്യാതെ കളി തുടരുകയായിരുന്നു. മരിക്കുന്നതിന് മുൻപ് ഫുർഖാൻ വെടിവെയ്ക്ക് വെടിവെയ്ക്ക് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. പെട്ടന്ന് ഇയർഫോൺ ഊരി ഫോൺ വലിച്ചെറിഞ്ഞശേഷം സഹകളിക്കാരനോട് ഞാൻ ഇനി നിന്റെ കൂടെ കളിക്കില്ല, നീയാണ് എന്നെ തോൽപ്പിച്ചതെന്ന് ആക്രോശിച്ചശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം തടയാനായില്ല. തലേന്ന് രാത്രിയും ഫുർഖാൻ പബ്ജി കളിക്കുകയായിരുന്നു. നീന്തലിലും വോളിബോളിലും താരമായിരുന്ന ഫുര്‍ഖാന് ഹൃദ്രോഗമില്ലായിരുന്നു. കളിയുടെ ആവേശം കാരണം അഡ്രിനാലിൽ പഞ്ചസാരയുടെ അളവ് കൂടി കാർഡിയാക്ക് അറസ്റ്റിലേക്ക് നയിച്ചതാകാമെന്നാണ് ഡോക്ടറുടെ വിശദീകരണം.

പബ്ജി കളി ഫുർഖാന്റെ പഠനത്തെയും സ്പോർട്സിനെയും ബാധിക്കുന്നുവെന്ന് തോന്നിയ പിതാവ് ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാൻ മൂന്ന് ദിവസം ഫുർഖാൻ പട്ടിണി കിടന്നതായും വീട്ടുകാർ പറഞ്ഞു.

Copyright © . All rights reserved