Latest News

ഡല്‍ഹിയില്‍ മലയാളി അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്നലെയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകൻ അലൻ സ്റ്റാൻലിയും ആത്മഹത്യ ചെയ്തത്. മരിച്ച ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് കുറിപ്പിൽ സൂചനയുണ്ടെന്നാണ് വിവരം.

പ്രവാസി വ്യവസായിയുടെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെ ഇന്നലെയാണ് അമ്മയെയും മകനെയും ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം. ദില്ലി സെന്റ് സ്റ്റീഫൻലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദില്ലി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലൻ സ്റ്റാൻലി.

2018 ഡിസംബര്‍ 31 പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വിൽസണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ച് നടന്‍ ദിലീപ്. മകളുടെ ഒന്നാം ജന്മദിനമായിരുന്നു ഇന്നലെ. ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചാണ് ദിലീപ് മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. പിറന്നാളാഘോഷത്തിനായി എടുത്ത ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.’ എന്ന തലക്കെട്ടോടെയാണ് ദിലീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.

ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി ഇരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

നിയമവിരുദ്ധ കുടിയേറ്റം ചൂണ്ടിക്കാട്ടി മെക്‌സിക്കോ തിരിച്ചയച്ച 311 ഇന്ത്യക്കാര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരാണ് ഇവര്‍. മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്. പനാമ വഴി കാട്ടിലൂടെ നടന്നാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്. ദുരിതം നിറഞ്ഞ യാത്രയ്ക്ക് ശേഷം ഒടുവില്‍ കുടിയേറ്റ മോഹങ്ങള്‍ അവസാനിപ്പിച്ച് നാട്ടില്‍ തന്നെ തിരിച്ചെത്തേണ്ടി വന്നു. ദാഹമകറ്റാന്‍ ഷര്‍ട്ട് പിഴിഞ്ഞ് വിയര്‍പ്പ് കുടിച്ചിട്ടുണ്ടെന്ന് ഇവരില്‍ ചിലര്‍  പറഞ്ഞു.

തൊഴില്‍രഹിതരും കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങളുമാണ് ഈ ചെറുപ്പക്കാര്‍. വിസ ഏജന്റുമാര്‍ ആവശ്യപ്പെട്ടത് 15-20 ലക്ഷം രൂപയാണ്. വിജയകരമായി ഇത്തരത്തില്‍ യുഎസിലെത്തിയവരുടെ കഥകള്‍ കേട്ടും യൂടൂബ് വീഡിയോ കണ്ടും മറ്റുമാണ് ഇത്തരമൊരു ആലോചന വന്നത്. യൂടൂബ് വീഡിയോ കണ്ടപ്പോള്‍ യാത്ര ഇത്ര ദുരിതം നിറഞ്ഞതായിരിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് 26കാരനായ സേവക് സിംഗ് പറയുന്നു. ജലന്ധര്‍ സ്വദേശിയായ സേവക് സിംഗ് കര്‍ഷകനാണ്. ജൂലായ് 29നാണ് ഇന്ത്യ വിട്ടത്.

ഡല്‍ഹിയില്‍ നിന്ന് ഇക്വഡോറിലേയ്ക്ക്. റോഡ് മാര്‍ഗവും വിമാനമാര്‍ഗവുമായി കൊളംബിയയിലേയ്ക്ക്. അവിടെ നിന്ന് ബ്രസീല്‍, പെറു, പനാമ, കോസ്റ്റ റിക്ക, നിക്കാരാഗ്വ, ഹോണ്ടുറാസ്, ഗാട്ടിമാല, ഏറ്റവുമൊടുവില്‍ മെക്‌സിക്കോ. ഇങ്ങനെയായിരുന്നു ഇവരുടെ യാത്ര. ഏറ്റവും ഭീതിയുണ്ടാക്കിയ യാത്ര പനാമയിലതായിരുന്നു എന്ന് ഇവര്‍ പറയുന്നു. ഒരാഴ്ചയോളം കാട്ടിലൂടെ നടക്കേണ്ടി വന്നു.

ഭൂമി വിറ്റാണ് യാത്ര തിരിച്ചത് എന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ദീപ് സിംഗ് പറയുന്നു. 2014ല്‍ ഡിപ്ലോമ നേടിയ ശേഷം ഇതുവരെ തൊഴിലൊന്നും ലഭിക്കാത്തയാളാണ് മന്‍ജീത്ത് സിംഗ്. ഇതെന്റെ അവസാന ചാന്‍സ് ആയിരുന്നു എന്നാണ് മന്‍ജീത്ത് സിംഗ് പറയുന്നത്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസുമായി ക്വാണ്ടസ് എയർലൈൻസ്. ന്യൂയോർക്കിൽ നിന്നും – സിഡ്നിയിലേക്ക് 20 മണിക്കൂർ നീണ്ടു നില്‍ക്കുന്ന യാത്രയാണ് വെള്ളിയാഴ്ച വൈകീട്ട് ക്വാണ്ടസ് എയർലൈസ് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്തത്. ചരിത്രത്തിലെ തന്നെ എറ്റവും ദൈർഘ്യമേറിയ സർവീസിനാണ് ഓസ്ട്രേലിയന്‍ വിമാനക്കമ്പനി തയ്യാറായത്.

പ്രൊജക്റ്റ് സൺറൈസ് എന്ന പേരിലാണ് 10,0000 മൈൽ (16,000 കിലോ മീറ്റർ) ഒറ്റയടിക്ക് പിന്നിടുക എന്ന ദൗത്യവുമായി കമ്പനി ചരിത്രം സൃഷ്ടിക്കുന്നത്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ബോയിങ് 787-9 ഡ്രീം ലൈനർ വിഭാഗത്തിൽ പെടുന്ന വിമാനം സിഡ്നിയിൽ ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റുകൾ, ജീവനക്കാർ എന്നിവർ ഉൾപ്പെടെ 50 പേരാണ് വിമാനത്തിലുള്ളത്. രണ്ട് പൈലറ്റുമാർ ഷിഫ്റ്റ് അനുസരിച്ച് വിമാനം നിയന്ത്രിക്കും. ഇവർക്ക് പുറമെ രണ്ട് അധിക പൈലറ്റുമാരും സഹായികളായി സർവീസിലുണ്ട്.

ഇതിനെല്ലാം പുറമെ, ദീർഘ ദൂര സർവീസിലെ യാത്രക്കാരെ സിഡ്നി യൂനിവേഴ്സിറ്റിയിലെ സംഘം യാത്രയിലുടനീളം നിരീക്ഷിക്കും. യാത്രികരുടെ ഉറക്കത്തിന്റെ രീതി, പ്രതികരണങ്ങൾ, വിവിധ സമയ മേഖലകളിൽ പ്രവേശിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.

മസ്തിഷ്ക നിരീക്ഷണ ഉപകരണങ്ങൾ ധരിച്ചായിരിക്കും പൈലറ്റുകൾ വിമാനം നിയന്ത്രിക്കുക. കൂടാതെ മെലറ്റോണിന്റെ അളവ് കണക്കാക്കുന്നതിന് ഫ്ലൈറ്റിന് മുമ്പും ശേഷവും ഇവരുടെ മൂത്രത്തിന്റെ സാമ്പിളുകളും പരിശോധിക്കും. യാത്രക്കാരെ കൂടുതൽ സമയം ഉണർന്നിരിപ്പിക്കാനാണ് സർവീസിൽ വിമാന കമ്പനി പദ്ധതിയിടുന്നത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9 മണിയോടെ പുറപ്പെട്ട വിമാനത്തിൽ ഇതിനായി ഭക്ഷണ സേവനം വൈകിപ്പിക്കുകയാവും അധികൃതർ ചെയ്യുക.

ആരാധകന്റെ കൈകളിലേക്ക് ചാടിക്കയറവേ വേദിയിൽനിന്ന് താഴേക്ക് വീണ് പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ. ലാസ്‌വേഗാസിൽ നടന്ന പരിപാടിക്കിടയിലുണ്ടായ സംഭവം നവമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഉയർന്ന വേദിയിൽ നിന്നായിരുന്നു ആരാധകനും ഗാഗയും താഴ്ചയിലേക്ക് വീണത്.

പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആരാധകരിലൊരാളെ ഗാഗ വേദിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അയാൾക്കൊപ്പം ചുവടുവയ്ക്കുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചാടിക്കയറാനും ഗായിക ശ്രമം നടത്തുകയായിരുന്നു. പിന്നാലെയാണ് അപകടം സംഭവിച്ചത്. ബാലൻസ് തെറ്റി ഇരുവരും വേദിയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു.

മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സിനിമ മേഖലയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമടക്കമുള്ള താരങ്ങളാണ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം കൂടിക്കാഴ്ചയ്‌ക്കെത്തിയത്. സോനം കപൂര്‍, കങ്കണ റാണട്ട്, സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി തുടങ്ങിയവരാണ് പ്രധാനമന്ത്രിയെ കണ്ടത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുമായും അദ്ദേഹത്തിന്റെ ആശയങ്ങളുമായും ബന്ധപ്പെട്ട് സിനിമകളും ടെലിവിഷന്‍ ഷോകളും മറ്റും ഒരുക്കുക എന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. സര്‍ഗശേഷിയുടെ കരുത്തിനെ രാജ്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ ഉന്മേഷം നല്‍കുന്നതും പോസിറ്റീവ് ആയതുമായിരുന്നു എന്ന് ഷാരൂഖ് ഖാനും ആമിര്‍ ഖാനും വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചിന്തകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായിരുന്നു. അദ്ദേഹം വളരെയധികം പ്രചോദനം നല്‍കുന്ന മനുഷ്യനാണെന്നും ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. അതേസമയം മഹാത്മ ഗാന്ധിയെ ഇന്ത്യക്കും ലോകത്തിനും വീണ്ടും പരിചയപ്പെടുത്തേണ്ടതുണ്ട് എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

 

ഇത്തരത്തില്‍ ഒരു കൂട്ടായ്മയുണ്ടാക്കിയ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും ഷാരൂഖ് ഖാന്‍ പറഞ്ഞു. സിനിമ രംഗത്തെ കലാകാരന്മാരേയും സിനിമ ഇന്‍ഡസ്ട്രിയേും ഇത്രത്തോളം തുറന്ന സമീപനത്തോടെ കണ്ട മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് കങ്കണ റാണട്ട് അഭിപ്രായപ്പെട്ടു.

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ദുബായ്​യുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ഒട്ടേറെ പ്രവാസികളുടെ സൈബർ വാളുകളിൽ. ഇൗ ചിത്രങ്ങൾ പങ്കുവച്ചതാകട്ടെ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
അദ്ദേഹം ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിന്നു വീഡിയോയും പടങ്ങളും പകർത്തുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

ഇന്നു പുലർച്ചെ ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം ഇന്റർനാഷനൽ വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം, അബുദാബി–അൽഎെൻ റോഡ്, അജ്മാൻ, സ്ൈഹാൻ, മിൻഹാദ് തുടങ്ങിയ ഇടങ്ങളിലൊക്കെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയടക്കം മൂടൽമഞ്ഞിൽ കുളിച്ചു നിൽക്കുന്നത് ചിത്രങ്ങളിലും വിഡിയോയിലും കാണാം

 

 

View this post on Instagram

 

Today #Dubai looks like this #Goodmorning 🌬☁️

A post shared by Fazza (@faz3) on

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്റെ മരണശേഷം ജോണ്‍സണ്‍ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റി. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തി. അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ചുവരികയാണ്.

ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്ന് ജോണ്‍സൺ മുന്‍പ് മൊഴി നല്‍കിയിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.

കൂടത്തായികേസിലെ ജോളിയെ പരിചയപ്പെട്ടതെങ്ങനെ എന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണു ജോളിയെ പരിചയപ്പെട്ടത്. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണു പരിചയം. താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി പതിവായി വരാറുണ്ടായിരുന്നു.

ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്നതായും യുവതി പൊലീസിനോടു പറഞ്ഞു. തയ്യൽക്കട പൂട്ടിയെങ്കിലും സൗഹൃദം തുടർന്നു. ഈ വർഷം മാർച്ചിൽ എൻഐടി രാഗം ഫെസ്റ്റിന് എത്തിയപ്പോൾ അവിചാരിതമായാണു ജോളിയെ കണ്ടുമുട്ടിയതെന്ന യുവതിയുടെ മൊഴി പക്ഷേ, അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.

ജോളിയുടെ മൊബൈൽ ഫോണിൽനിന്ന് ഈ യുവതിയുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചതോടെയാണു പൊലീസ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.

കൊയിലാണ്ടി സ്വദേശിയായ യുവതി കൂടത്തായി കൊലക്കേസ് വാർത്തകൾ അറിഞ്ഞതോടെ ബന്ധുക്കളുടെ നിർദേശപ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്കു മാറി. എന്നാൽ, തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ഇന്നലെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാവുകയായിരുന്നു. തലശ്ശേരിയിൽനിന്ന് ഓട്ടോറിക്ഷയിലാണു യുവതി വടകരയിൽ എത്തിയത്.

അരവിന്ദ് ആർ

നമ്മൾ എല്ലാവരും ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നവരാണ് എന്നാൽ നമ്മളിൽ പലർക്കും അറിയില്ല ഏതൊക്കെ രീതിയിൽ പണമിടപാട് നടത്താം എന്ന് .

പല രീതിയിൽ നമുക്ക് ഒരാളുടെ അക്കൗണ്ടിലേക്കു പണം അയക്കുവാനും ബില്ലുകൾ അടയ്ക്കുവാനും  സാധിക്കും. അതിൽ പ്രധാനപ്പെട്ട ചില മോഡുകളെപ്പറ്റിയാണ് വിവരിക്കുന്നത്.

അതിൽ ആദ്യത്തെ മോഡ് ആണ് എൻ ഇ എഫ് ടി. നാഷണൽ ഇലക്ട്രോണിക് ഫണ്ട്‌ ട്രാൻസ്ഫർ എന്നാണ് പൂർണരൂപം. എൻ ഇ എഫ് ടി 2005-ൽ നിലവിൽ വന്നു. അന്നത്തെ ഐ ടി സംവിധാനങ്ങളുടെ പരിമിതികളിൽ നിന്നുകൊണ്ട് വികസിപ്പിച്ചെടുത്ത സംവിധാനം ഇന്നും വളരെയധികം ഉപയോഗിക്കുന്നു.

ബാങ്ക് വഴി മാത്രമേ നമുക്ക് എൻ ഇ എഫ് ടി സംവിധാനം ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. 2 ലക്ഷം മുതൽ 10 ലക്ഷം വരെ നമുക്ക് ഇതിലൂടെ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും. എന്നാൽ ഒരാൾക്ക് പെട്ടെന്നു പണം കൈമാറ്റം ചെയ്യണമെങ്കിൽ എൻ ഇ എഫ് ടി വഴി സാധിക്കുകയില്ല. 1–2.5 മണിക്കൂർ സമയം വരെ എടുക്കും പണം ട്രാൻസ്ഫർ ആകുവാൻ. 25 രൂപ വരെ ബാങ്ക് ട്രാൻസ്ഫർ ചാർജായി ഈടാക്കും. ബാങ്കിന്റെ പ്രവർത്തന സമയത്തു മാത്രമേ നമുക്ക് ഈ സംവിധാനം ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു.

രണ്ടാമത്തെ മോഡ് ആണ് ആർ ടി ജി എസ്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് എന്നാണ് പൂർണരൂപം. 2005-ൽ തന്നെയാണ് ഇതും നിലവിൽ വന്നത്. എൻ ഇ എഫ് ടീയുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കൊണ്ടുവന്നതാണ് ഈ സംവിധാനം. പെട്ടന്നു പണം ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യമില്ല. എന്നാലും ഇതും ബാങ്കിന്റെ പ്രവർത്തന സമയത്തു മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. എൻ ഇ എഫ് ടി പോലെ തന്നെ ബാങ്കുകൾ ഈ സംവിധാനത്തിനും ചാർജ് ഈടാക്കുന്നുണ്ട്.

അടുത്തതായി 2010-ൽ നിലവിൽ വന്ന ഐ എം പി എസ്  എന്ന  സംവിധാനമാണ്. ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് എന്ന് പൂർണ്ണ രൂപം. ഇത് വികസിപ്പിച്ചെടുത്തത് ആർ ബി ഐ പോലത്തെ ബാങ്കുമായി ബന്ധമുള്ള ഏജൻസി അല്ല എന്നാൽ എൻ പി സി ഐ  എന്ന സ്ഥാപനമാണ്. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നാണ് ഇത് അറിയപ്പെടുന്നത്. എൻ ഇ എഫ് ടിക്കും അതുപോലെതന്നെ ആർ ടി ജി എസിനും  ഉള്ള പോരായ്മകൾ കുറച്ചുകൊണ്ടുവരുവാൻ ഐ എം പി എസിനു ഒരു പരുതിവരെ സാധിച്ചു. മിനിമം എമൗണ്ട് ട്രാൻസാക്ഷൻ ഐ എം പി എസിനു ബാധകം അല്ല.1 രൂപ ആണെങ്കിലും ഐ എം പി എസ്  വഴി ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും.

24*7 സേവനമാണ് മറ്റൊരു പ്രത്യേകത. ബാങ്കിൽ പോകണം എന്നില്ല. എൻ പി സി ഐയുടെ സെർവറുകൾ ഉപയോഗിച്ചാണ് ട്രാൻസ്ഫർ നടത്തുന്നത്, അതിനാൽ ബാങ്കുകൾക്ക് ഈ സംവിധാനം ഒരു ആശ്വാസമാണ്. 10ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നു. 5 രൂപ മുതൽ 15രൂപ വരെ ചാർജായി ഈടാക്കുന്നു.

അടുത്തത് ഇന്ന്‌ നിലവിൽ ഉള്ളതും ഏറ്റവും ജനപ്രിയമായിട്ടുള്ള മോഡായ യു പി ഐ യെ കുറിച്ചാണ്. യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്നാണ് പൂർണ്ണരൂപം. തേർഡ് പാർട്ടി അപ്ലിക്കേഷനുമായി ലിങ്ക് ചെയ്യുവാൻ സാധിക്കും.

ഫോൺ പേ, പെയ്ടിഎം തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നു. ഓരോ ഉപയോക്താവിനും ഒരു യു പി ഐ ഐ ഡി  ഉണ്ടായിരിക്കും.ഈ ഐ ഡി ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ നടത്താവുന്നതാണ്.

അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ് എന്നിവയൊന്നും ആവശ്യം ഇല്ല പണം ട്രാൻസ്ഫർ ചെയ്യുവാൻ. യു പി ഐ ഐ ഡി  സെറ്റ് ചെയ്യുവാൻ മാത്രം ഇത് മതിയാകും. യു പി ഐ ഡിജിറ്റൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇടപാടുകൾക്ക് പണം ഈടാക്കുന്നില്ല. ഒരു സിംഗിൾ ക്ലിക്കിൽ പണം കൈമാറ്റം ചെയ്യുന്നു. ട്രാൻസാക്ഷൻ ലിമിറ്റ് അതാത് ആപ്പുമായി ബന്ധപെട്ടിരിക്കുന്നു

 

അരവിന്ദ് ആർ

അരവിന്ദ് ആർ കുളനട സ്വദേശിയാണ്. അടൂർ കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസിൽ നിന്നും  ഡിഗ്രി പഠനത്തിന് ശേഷം ഇപ്പോൾ മാക്‌ഫാസ്റ്റ് കോളേജിൽ എം സി എ യിൽ  ബിരുധാനന്തര ബിരുദം ഒന്നാം വർഷ  വിദ്യാർത്ഥി ആണ്. സമാന രീതിയിലുള്ള പംക്തി റേഡിയോ മാക്ഫാസ്റ്റിലും അരവിന്ദ്  കൈകാര്യം ചെയ്യുന്നുണ്ട്

 

 

Copyright © . All rights reserved