Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

അല്‍ഐനില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിന്‍. 2022 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പ്രവാസിയായ പിതാവിന് കൈതാങ്ങായാണ് 22-ാം വയസ്സില്‍ ഷിഫിന്‍ യു.എ.ഇയിലെത്തുന്നത്. അല്‍ഐനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഷിഫിനെ ഒരു സ്വദേശി ഓടിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു.

ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഷിഫിന് കാര്യമായി പരിക്കേറ്റിരുന്നു. പിന്നീട് സി.സി.ടി.വിയുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. ഉടന്‍തന്നെ ഷിഫിനെ അല്‍ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. എങ്കിലും തലയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നതിനെ തുടര്‍ന്ന് പത്തോളം അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടു. അപകടവിവരമറിഞ്ഞ് പിതാവ് ഉമ്മര്‍ സൗദിയിലെ ജോലിയും വിട്ട് അല്‍ഐനിലെ ആശുപത്രിയിലെത്തിയിരുന്നു. അല്‍ഐനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാഴ്ചയും തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിലായിരുന്നു. ചികിത്സക്കൊടുവില്‍ ഷിഫിന്‍ തല ചലിപ്പിക്കാന്‍ തുടങ്ങിയതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

മകന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മാതാപിതാക്കളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുകയും നഷ്ടപരിഹാരം വിധിക്കുകയും ചെയ്തതെന്ന് പിതാവ് ഉമ്മര്‍ കുമ്മാളി, മാതാവ് ജമീല, ചീഫ് ലീഗല്‍ കണ്‍സള്‍ട്ടന്റ് ഈസ അനീസ്, അഡ്വ. ഫരീദ് അല്‍ഹസ്സന്‍, അഡ്വ. മുഹമ്മദ് ഫാസില്‍, അഡ്വ. അബ്ദുള്ള തുടങ്ങിയവര്‍ അറിയിച്ചു.

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) ആണ് മരിച്ചത്. ബെംഗളുരിൽ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.

അതേസമയം, കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ പോസിറ്റീവ് ആയിരുന്നു. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു.

ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണക്കഥയിലെ രാജാവിന്റെയും പ്രജകളുടെയും കഥകേട്ട് മടുത്തില്ലേ …. അതിനാൽ ഈ ഓണത്തിന് നമുക്ക് പോകാം ഇച്ചിരി റീയാലിറ്റിയിലേക്ക് …

അപ്പോൾ കേട്ട കഥയോക്കെയോ ?
കഥ ഉള്ളത് തന്നാണ് , കാരണം മനുഷ്യന് സയന്റിഫിക് പരമായി യാതോരറിവുകളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രകൃതിയും മിത്തുമെല്ലാം അന്നത്തെ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ,ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

ഐതിഹ്യങ്ങളുടെ ഐക്യം… അതിന്നും പല മതക്കാരുടെയും ഉത്സവങ്ങളിൽ നമുക്ക് കാണാം. കാരണം, ഐത്യഹങ്ങളില്ലാതെ ഒന്നും അന്നത്തെ ജനങ്ങളിലേക്ക് എത്തപ്പെട്ടിരുന്നില്ല എന്നത് തന്നെ കാരണം….

അതിനാൽ ഓണമെന്നാൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഒരു സിംഫണിയാണ് .…….
അതായത് ,പ്രകൃതിയും മനുഷ്യരും തമ്മിൽ എത്രമാത്രം ബന്ധപെട്ടു കിടക്കുന്നുവെന്ന് ഓർമിപ്പിക്കുന്ന പ്രകൃതിയുടെ ഒരു കലാവിരുന്ന് ……
അതാണ് ഓണം .

ഓണനാളുകളിൽ മഴയെല്ലാം കെട്ടടങ്ങി …
സൂര്യൻ പതിയെ കിഴക്ക് വിളക്ക് കൊളുത്തുമ്പോൾ ഭൂമിയിലെങ്ങും സന്തോഷമായി …
പാറിപ്പറക്കുന്ന പൂമ്പാറ്റകളായി …
വിവിധ വർണ നയന മനോഹര വിസമയമൊരുക്കി വിരിഞ്ഞു വരുന്ന പൂക്കളുകളായ് ….
വിളവെടുപ്പിന് പാകമായ നെല്ലുകൾ …..
ഞങ്ങളും പുറകിലല്ലെന്ന് കാണിക്കാൻ വിളവേറെ വാരിവിളമ്പുന്ന വിവിധയിന പച്ചക്കറികൾ …..
ഇല നിറയെ വിളമ്പുന്ന സദ്യകൾ …
വട്ടമിട്ട് പറക്കുന്ന തുമ്പികൾ ….
വട്ടമിട്ട് കളിക്കുന്ന പെണ്ണുങ്ങൾ …
വിരിഞ്ഞുനിൽക്കുന്ന ആമ്പലുകൾ താമരകൾ …
ഊഞ്ഞാലാടുന്ന കുഞ്ഞുങ്ങൾ …..
പുലികളിക്കുന്ന, വള്ളം തുഴയുന്ന ആണുങ്ങൾ …

അങ്ങനെ അങ്ങനെ , പ്രകൃതിയുടെ നൂലുകളാൽ നെയ്യപ്പെട്ട ഓണക്കോടി മുതൽ, അത്തപ്പൂക്കളം, സദ്യയൊരുക്കുന്ന അസംസ്കൃത വസ്തുക്കൾ, പുലികളി, വള്ളംകളി… അങ്ങനെ നമ്മോടു ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിയുടെ എല്ലാ ഘടകങ്ങളെയും നമ്മൾ നമ്മളോടൊപ്പമിരുത്തി , ഓരോന്നിനും അവയുടേതായ പങ്ക് ഈ ലോകത്തിലുണ്ട് എന്ന് നാം ഈ ഉത്സവത്തിലൂടെ പറഞ്ഞറിയിക്കുന്നു .

കൂടാതെ യാത്ര പറഞ്ഞു പിരിഞ്ഞു നീങ്ങുന്ന കൂട്ടുകാരെപ്പോൽ മൺസൂൺ ദക്ഷിണേന്ത്യയോട് വിടപറയുമ്പോൾ ….
ആകാശവും വെള്ളവും തെളിയുന്നു ….
കേരളത്തിലെ മനോഹരമായ കായലുകളിൽ ഭീമാകാരമായ പാമ്പ് ബോട്ടുകൾ റാലി ആരംഭിക്കുന്നു…..
ഒരേ സ്വരത്തിൽ, ഒരേതാളത്തിൽ ആർത്തു പാടുന്ന പാട്ടുകൾ എവിടെനിന്നോ ആർത്തിരമ്പിൽ നമ്മുടെ കാതുകളിൽ അലയടിക്കുന്നു …..
അങ്ങനെ ജലാശയങ്ങളും നമ്മളോടൊപ്പം ആഘോഷമാക്കുന്നു …

തീർന്നില്ല , അത്തപ്പൂക്കളമെന്ന പുഷ്പ ഡിസൈനുകളെ , ഒരു പ്രദർശനം മാത്രമായി മാത്രമേ നമുക്കറിയൂ . പക്ഷെ അവയും , ഈ നാളുകളിൽ പ്രകൃതിയുമായുള്ള ശക്തമായൊരു ബന്ധത്തെ ചിത്രീകരിക്കുന്നു.

കാരണം ഇന്നത്തെ പോലെ, ദേഹമനങ്ങാതെ കടയിൽ നിന്നും മേടിച്ചു കൊണ്ട് വന്ന് ഇടുന്ന പൂക്കളങ്ങളായിരുന്നില്ല പണ്ട് .
പകരം പണ്ട് നമ്മൾ അത്ത പൂക്കളമൊരുക്കാൻ മലകേറിയിറങ്ങി പറിച്ചു കൊണ്ട് വന്നിരുന്ന ഓരോ പൂക്കൾക്കും നമ്മോടു പറയാനൊരു കഥയുണ്ടായിരുന്നു .
കാരണം അവയെല്ലാം , തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നവയുമായിരുന്നു . അതിൽ ഏറ്റവും മികച്ചു നിന്നിരുന്നത് തുമ്പയാണ്. തുമ്പ എന്നത് വിശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന വെളുത്ത പുഷ്പമാണ് .
പിന്നെ തുളസി ,കൃഷ്ണകിരീടം ചുവന്ന ഹൈബിസ്കസ് , പച്ചയും നീലയും കലർന്ന കാക്കപ്പൂ, മുക്കുറ്റിയുടെ ചെറുപുഷ്പങ്ങൾ അങ്ങനെ കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ മറ്റ് പല പൂക്കളും അന്നത്തെ ജനത ഉപയോഗിച്ചിരുന്നു ….

അതുപോലെ തന്നെ, ഇന്നത്തെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം , വാട്സാപ്പ് ബന്ധങ്ങൾ പോലെ …..
പഴയ തലമുറയുടെ ഏകത്വവും സന്തോഷവുമെല്ലാം ഉടലെടുത്തത് അവരുടെ കൃഷിയിൽ നിന്നാണ്.
കൃഷിയില്ലെങ്കിൽ അവർ ഇല്ലായിരുന്നു .

ഈ മേല്പറഞ്ഞ പ്രകൃതിയുടെ ശേഖരങ്ങൾ മുഴുവൻ നമുക്കായൊരുക്കിയ ആവാസ കേന്ദ്രമായ മൺസൂണിനും പശ്ചിമഘട്ടത്തിനും നന്ദി…..

കാരണം ,നമ്മൾ നിറങ്ങളാൽ ഒരുങ്ങിയിറങ്ങുന്നത് പോലെ ….
ഓണക്കാലങ്ങളിൽ പ്രകൃതിയും, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ നിറങ്ങളിൽ നമ്മുടെ സംസ്ഥാനത്തെ ആകെ മൊത്തമായി ഒരു പൂക്കളം പോലെ പ്രകൃതിയുടെ നിറങ്ങളാൽ വരച്ചു വയ്ക്കുന്നു ….

അങ്ങനെ , ആകെ മൊത്തം, ഗ്രഹത്തിൽ ഒരിടത്തും കാണാത്ത, മനുഷ്യ സസ്യജന്തുജാലങ്ങളുടെ അപൂർവമായൊരു കൂടിച്ചേരലാണ് നമ്മളിന്ന് പേരിട്ടു വിളിക്കുന്ന ഓണം ….

പക്ഷെ ഇന്ന് നമുക്ക് കൃഷിചെയ്യാൻ പറമ്പുകളില്ല , കൃഷിക്കാർ ഇല്ല , വിളവെടുപ്പുകളില്ല ….
പൂക്കളമൊരുക്കാൻ തുമ്പയില്ല …..പെണ്ണില്ല …മുറ്റമില്ല …
തുമ്പി തുള്ളാൻ തുമ്പിയില്ല …ഊഞ്ഞാലാടാൻ അമ്പാടിപൈതങ്ങളില്ല ….

ഇന്നെല്ലാമെല്ലാം ഫിൽറ്ററുകൾ ഇട്ട ഫോട്ടോ പോലെ….പച്ചക്കറികളടക്കം നമുക്കായിന്ന് ലാബുകളിൽ നിന്ന് ഒരുങ്ങിയിറങ്ങുന്നു ….

അതിനാൽ പ്രകൃതിയും മനുഷ്യനുമായുള്ള ഈ സിംഫണിയെ വെറും സ്‌ക്രീനിനുള്ളിൽ മാത്രമായി തളച്ചിടാതെ നമ്മുടെ ഈ ഓണക്കാലം , അത് പ്രകൃതിക്കൊപ്പമാകട്ടെ …..

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ …..

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

സതീഷ് ബാലകൃഷ്ണൻ

വേറിട്ട ചിന്തകൾ വായിച്ചു. തിരഞ്ഞെടുത്ത വിഷയങ്ങളിലെ വൈവിദ്ധ്യം പ്രശംസനീയമാണ്. വാർത്തമാനകാല ഇന്ത്യയുടെ – കേരളത്തിന്റെ ഒരു നേർചിത്രം വരച്ചുകാട്ടുവാൻ ലേഖകന് കഴിഞ്ഞിട്ടുണ്ട്. കേരളം സാധ്യതകളും വെല്ലുവിളികളും – ഈ ലേഖനത്തിൽ ഏതാണ്ട് എല്ലാ മേഖലകളും ചർച്ചാ വിഷയം ആക്കിയിട്ടുണ്ട് – കാർഷിക മേഖലയിലെ തകർച്ചക്ക്‌ ഗാട്ടു കരാറും അതിന്റെ തുടർച്ചയായി വന്ന ആഗോളവത്ക്കരണവും ഒരു പരിധിവരെ കാരണം ആയിട്ടുണ്ട്.

ഈ ആധുനിക കാലഘട്ടത്തിലും ആചാരങ്ങളിൽ യാഥാസ്ഥിതികത്വത്തിലേക്ക് തിരിഞ്ഞു പോകുന്ന ഒരു സാഹചര്യവും ഇപ്പോൾ നിലവിലുണ്ട്. ഈ ലേഖന പരമ്പരയിൽ എ പി ജെ അബ്ദുൽ കലാമിനെ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. വിദ്യാർത്ഥികൾ മാതൃകയാക്കേണ്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. ലേഖനങ്ങളെ പറ്റിയും പ്രത്യേകം വിശദമായി എഴുതുന്നില്ല. കേരളത്തിന്റെ ഒരു പൊതുബോധം എങ്ങനെ എന്നുള്ളത് ഈ ലേഖനങ്ങളിൽ വായിച്ചറിയാം.

അൺ എയ്ഡഡ് മേഖലയിലെ അധ്യാപകരെ പോലെ തന്നെയാണ് നമ്മൾ അറിയപ്പെടാതെ പോകുന്ന നമ്മുടെ നാട്ടിലെ സ്വകാര്യ ഹോസ്പിറ്റലുകളിലെ നേഴ്സുമാരുടെ അവസ്ഥയും. നിയമത്തെ കളിപ്പിക്കാൻ അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുക്കുക അവരുടെ എടിഎം കാർഡ് ഉപയോഗിച്ച് മാനേജ്മെന്റ് പൈസ തിരികെ വാങ്ങുന്നതും യാഥാർത്ഥ്യമാണ്. കനയ്യ കുമാറിന്റെ നിലപാടും നിലപാടില്ലായ്മയും പിന്നീട് നമ്മൾ കണ്ടതാണ്. കേരളത്തിന്റെ യുവതലമുറയുടെ മാനസികാരോഗ്യം വഴിതെറ്റുന്നു എന്നുള്ളത് വളരെ ഭീതിയോടെ മാത്രമേ കാണാൻ കഴിയൂ.. രാസലഹരിയുടെ ഉപയോഗവും വ്യാപനവും ഏറെ ഭയാനകമാണ്.

ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ ലോകം എന്നത് ഉള്ളം കയ്യിലെ മൊബൈൽ ഫോണിലേക്ക് ചുരുങ്ങിയപ്പോൾ ഞാൻ എന്റേത് എന്നതിലേയ്ക്ക് മാത്രമായി നമ്മൾ ചുരുങ്ങുകയാണ്. വൃത്തിയുടെ കാര്യത്തിൽ അഭിമാനിക്കുന്ന മലയാളികൾ രണ്ടുനേരം കുളിക്കുമെങ്കിലും മുഴുവൻ മാലിന്യങ്ങളും റോഡിലേക്കും തോട്ടിലേയ്‌ക്കും വലിച്ചെറിയുന്നവരായി നമ്മൾ മാറി. വിദേശരാജ്യങ്ങളിൽ നിയമം പാലിച്ച് വാഹനം ഓടിക്കുന്ന മലയാളി – സ്വന്തം നാട്ടിൽ മലയാളി സകല ഡ്രൈവിംഗ് മര്യാദകളും മറക്കും. ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ പ്രതികരണശേഷി നഷ്ടപ്പെട്ട അന്ധമായ രാഷ്ട്രീയ അടിമകളായി ഒരു വിഭാഗം മാറുമ്പോൾ. അരാഷ്ട്രീയ വാദത്തിന്റെ അപകടവും കാണാതിരിക്കാൻ കഴിയില്ല. നിർഭയയുടെ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ ആഹ്വാന പ്രകാരം ലക്ഷങ്ങളാണ് ഡൽഹിയിൽ തടിച്ചുകൂടിയത് എന്നാൽ അതെല്ലാം ലക്ഷ്യബോധമില്ലാത്ത വെറും ആൾക്കൂട്ടമായി മാറുകയാണ് ഉണ്ടായത്.

ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി വിഴുങ്ങുന്ന രാഷ്ട്രീയ ഭീകരത, പൗരാവകാശത്തിന്റെ കഴുത്തറക്കൽ, കറൻസി നിരോധനത്തിൽ മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്, ലോകം പുരോഗമിക്കുമ്പോൾ ഇന്ത്യ ഇരുളുന്ന യുഗത്തിലേക്ക് എന്നീ ലേഖനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംഘപരിവാർ രാഷ്ട്രീയം ഹിന്ദു വർഗീയതയിലൂടെ കോർപ്പറേറ്റീവ് വത്കരണമാണ് നടപ്പിലാക്കുന്നത്. ആ ലക്ഷ്യത്തിലെത്താൻ എന്തും ചെയ്യുന്നവരായി ഭരണാധികാരികൾ മാറി. ഇതിനെല്ലാം എതിരെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായി വരും. ഈ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ പ്രിയപ്പെട്ട ജോജിക്ക് അഭിനന്ദനങ്ങൾ.

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

സ്വകാര്യബസ്സിൽ പെൺകുട്ടിക്കു നേരെ അധ്യാപകന്‍റെ ലൈംഗിക അതിക്രമം. അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്‍റെ പിടിയിലായി. ഫോര്‍ട്ട്കൊച്ചി–ആലുവ ബസ്സിലാണ് പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമമുണ്ടായത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസെടുത്തത്.

കടയിരിപ്പ് ഹൈസ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. ഇതിനു മുന്‍പും ഇയാളില്‍ നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങൾ പ്രവഹിക്കവേ, പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകാലങ്ങളിലേതുപോലെ മുഖ്യമന്ത്രിക്കു കവചമൊരുക്കാൻ നേതാക്കൾ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. സി.പി.എം. സൈബർ പടയാളികളും മൗനത്തിലാണ്. ചാനൽച്ചർച്ചകൾക്കും സി.പി.എം. നേതാക്കളെ കിട്ടാനില്ല. മാധ്യമങ്ങളുടെ നിർബന്ധത്തിനു വഴങ്ങി സി.പി.എം. സഹയാത്രികരേ എത്തുന്നുള്ളൂ.

ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളിൽ വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാർട്ടി. പി.ബി. അംഗങ്ങളായ എം.എ. ബേബിയും എ. വിജയരാഘവനുമൊക്കെ തൃശ്ശൂർ ഒത്തുകളിവിവാദത്തിൽ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പി.യുടെ കാര്യത്തിൽ പ്രതിരോധത്തിനു മുതിർന്നില്ല.

എ.കെ. ബാലൻ, സജി ചെറിയാൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിർന്നില്ല. ആർ.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമർശനമുണ്ടായപ്പോൾ അതിലൊക്കെ സർക്കാർ നടപടിയെടുക്കുമെന്നും പാർട്ടിയുമായി കൂട്ടിക്കെട്ടേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദൻ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയിൽവെച്ചു. ഗൗരവമുള്ള പ്രശ്നങ്ങളിൽ നടപടിയാവശ്യപ്പെട്ട സി.പി.ഐ.യാവട്ടെ, മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.

പാർട്ടിയുടെ ഇന്നത്തെ പോക്കിൽ അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ചുള്ള പോസ്റ്റുകൾ സി.പി.എം. സൈബർ ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്. മലപ്പുറത്തെ സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്റെ ഫെയസ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ചർച്ച. കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹനെ വീഴ്ത്തിയത് ശിഖണ്ഡിയെ മുന്നിൽനിർത്തിയാണ്. ജാഗ്രതൈ… എന്നാണ് ഉള്ളടക്കം.

പുറത്ത് പെരുമഴപെയ്യുമ്പോൾ അഞ്ചെട്ടുപേർ കമ്മിറ്റികൂടി വെയിലാണെന്നും കുടയുടെ ആവശ്യമില്ലെന്നും പ്രമേയം പാസാക്കിയാൽ അവസാനിക്കുന്നതല്ല മഴയും കെടുതികളുമെന്ന് വിമർശിച്ചുള്ള പോസ്റ്റുകളും സൈബർ ഗ്രൂപ്പുകളിൽ പ്രചരിച്ചു. ചെപ്പടിവിദ്യകൾകൊണ്ടു മുറിവുകൾ ഉണങ്ങില്ലെന്നാണ് അംഗങ്ങളുടെ ഓർമ്മപ്പെടുത്തൽ.

എ.ഡി.ജി.പി. എവിടെയെങ്കിലും പോയതിന് സി.പി.എം. എങ്ങനെ ഉത്തരവാദിയാവുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞപ്പോഴും സൈബർ ഗ്രൂപ്പുകളിൽ രോഷം പൊട്ടി. പോലീസ് തലവന്മാരുടെ സംഘപരിവാർ ബന്ധം എന്നുമുതലാണ് ഒരു സാധാരണത്വമായതെന്നാണ് ചോദ്യം. അത്രയും സംഘിവത്കരിക്കപ്പെട്ട സർക്കാരും പാർട്ടിയുമാണോ കേരളത്തിലുള്ളതെന്നും ഇ.പി. ജയരാജനുപോലും ഇല്ലാത്ത പരിരക്ഷ എ.ഡി.ജി.പി.ക്ക് എന്തിനാണെന്നും ചോദ്യമുയർന്നു. ചിലരാവട്ടെ, മുൻസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രമാക്കി നിലവിലെ നേതൃത്വത്തോടുള്ള നീരസവും മറച്ചുവെച്ചില്ല.

നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ ഒന്‍പത്, തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നാളെ നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

വൈകി ട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയിന്‍ പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതും കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതുമാണ് കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാഹചര്യമൊരുക്കിയത്.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സുരേഷ് നാരായണൻ

മൾബറി തോട്ടത്തിനടുത്തായിരുന്നു എൻറെ ലായം

നന്നേ പുലർച്ചെ തുടങ്ങുന്ന ജോലി മൂന്നു നാലു മണിയോടെ തീർത്ത്
തിരിച്ചെത്തി വാതിൽ തുറക്കുന്നേരം….

ആയിരം പുഴുക്കൾ
വെന്തുചത്ത
മണമേറ്റു മനം പുരട്ടിയ കാറ്റ്
വീട്ടിലേക്കോടിക്കേറും.

എനിക്കാണു തലചുറ്റുക.;
കുളിക്കാനോ
കുടിക്കാനോ
ആവതില്ലാതെ
ഞാനങ്ങനെ മുട്ടുകുത്തിയിരിക്കും

വീട്
ഒരു
കുമ്പസാരക്കൂടാവും..

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.

അപ്പച്ചൻ കണ്ണഞ്ചിറ

ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് യു കെ യിലെ ഡെർബിയിൽ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷൻസ് കോടതി റിട്ടേർഡ് സൂപ്രണ്ടുമായ വരിക്കമാക്കൽ സ്കറിയ (67) ആണ് നിര്യാതനായത്. റിട്ടേർഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെർബിയിൽ താമസിക്കുന്ന മകൻ സച്ചിൻ ബോസിന്റെ ഭവനം സന്ദർശിക്കുന്നതിനാട്ടാണ് സ്കറിയ എത്തിയത്.

ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കൾ യു കെ യിൽ എത്തുന്നത്. മകന്റെ കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായി സ്‍കോട്‍ലാൻഡടക്കം വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെർബിയിൽ തിരിച്ചെത്തിയത്.

ഇന്നലെ വീട്ടിൽ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്കറിയ, തിരിച്ചു വരാൻ താമസിക്കുന്നതിനാൽ കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വഴിയിൽ ബോധരഹിതനായി വീണു കിടന്ന ഒരു ഏഷ്യക്കാരനെ ആംബുലൻസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാൻ കഴിഞ്ഞത്. ഹോസ്പിറ്റലിൽ എത്തുമ്പോളാണ് തങ്ങളുടെ പിതാവ് മരണപ്പെട്ട ഹൃദയഭേദകമായ വിവരം സച്ചിനും കുടുംബവും അറിയുന്നത്.

മാതാപിതാക്കളെ തങ്ങളോടൊപ്പം കുറച്ചു കാലം താമസിപ്പിക്കുവാനുള്ള സച്ചിന്റെ അദമ്യമായ ആഗ്രഹവും, പേരക്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള സ്കറിയായുടെ അഭിലാഷവുമാണ് ഇവിടെ വിധി കവർന്നെടുത്തത്. ഇന്നലെ ഹോസ്പിറ്റൽ ചാപ്ലിന്റെ നേതൃത്വത്തിൽ പരേതനുവേണ്ടി പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു. മരണ വാർത്ത അറിഞ്ഞു ഫാ. ടോമി എടാട്ട് ഭവനം സന്ദർശിക്കുകയും, പരേതനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

അന്ത്യ ശുശ്രുഷകൾ നാട്ടിൽ നടത്തി വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇന്നും നാളെയും അവധി ദിനങ്ങളായതിനാൽ ബോഡി നാട്ടിലെത്തിക്കുവാനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും.

സന്തോഷമായി തങ്ങളോടൊപ്പം കുറച്ചു കാലം നിർത്തുവാനുള്ള പൊലിഞ്ഞുപോയ ആഗ്രഹവും, നാട്ടിലേക്ക് ഒറ്റയ്ക്ക് തിരിച്ചു വിടേണ്ടിവരുന്ന അമ്മയുടെ ദുംഖാവസ്ഥയും ഏറെ തളർത്തിയ സച്ചിൻ ബോസിന്റെ കുടുംബത്തോടൊപ്പം സഹായവും സാന്ത്വനവുമായി ബന്ധുക്കളും സുഹൃത്തുക്കളും ഡെർബി മലയാളികളും ആശ്വാസമായുണ്ട്.

സച്ചിൻ (യു കെ) സഫിൻ (യുഎ ഇ ) സാൽബിൻ (ബാംഗ്ലൂർ) എന്നിവർ മക്കളാണ്. ആര്യ (മരുമകൾ).

സച്ചിൻ ബോസിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved