ബയേൺ മ്യൂണിക്കിന് തുടർച്ചയായ ഏഴാം തവണയും ബുണ്ടസ് ലീഗ കിരീടം സമ്മാനിച്ച് മൈതാനത്തു നിന്നും ‘റോബറി’ മടങ്ങി. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനായി ഓരോ ഗോൾ വീതം നേടി ടീമിന് കിരീടവും സമ്മാനിച്ചാണ് ആര്യൻ റോബനും ഫ്രാങ്ക് റിബറിയും ബയേണിന്റെ പടിയിറങ്ങിയത്. അലയൻസ് അരീനയിൽ ഫ്രാങ്ക് ഫർട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തായിരുന്നു ഇതിഹാസ താരങ്ങളുടെ പടിയിറക്കം.
ഈ സീസണോടെ ബയേൺ മ്യൂണിക്കിനോട് വിടപറയുമെന്ന് താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ബയേണിന്റെ കുതിപ്പിന് കരുത്ത് പകർന്ന് കഴിഞ്ഞ 12 വർഷമായി റിബറിയും 10 വർഷമായി റോബനും ഒപ്പമുണ്ടായിരുന്നു.2007 ൽ ബയേണിലെത്തിയ റിബറി 273 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 86 ഗോളുകളാണ് സമ്പാദ്യം. 200 മത്സരങ്ങളിൽ നിന്നായി 99 ഗോളുകളാണ് ബയേണിൽ റോബന്റെ സമ്പാദ്യം.
രാജ്യത്ത് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ ധ്യാനവും ക്ഷേത്രദർശനവും പൂർത്തിയാക്കി. തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിന് സമ്പൽസമൃദ്ധിയുണ്ടാകട്ടെ മോദി പറഞ്ഞു. കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ കേദാർനാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. മോദിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്.
ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്, പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് കേദാര്‍നാഥിലേക്കുള്ള യാത്രാമുമതി നല്‍കിയത്. മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രുദ്രാ ഗുഹ നിര്‍മ്മിച്ചത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഗുഹയ്ക്ക് ഏട്ടര ലക്ഷം രൂപ ചെലവായി.
#WATCH Prime Minister Narendra Modi greets devotees at Kedarnath temple. pic.twitter.com/7ExtXokdw4
— ANI (@ANI) May 19, 2019
വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വെട്ടേറ്റു. തലശേരി കയ്യത്ത് റോഡില്‍ വച്ച് വൈകിട്ട് ആറ് മണിക്ക് ശേഷമാണ് വെട്ടേറ്റത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വയറിനും വെട്ടേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ത്ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ നസീറിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.
സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗവും തലശേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന നസീര്‍ 2015ലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയത്. പിന്നീട് പി ജയരാജനെതിരെ മത്സരരംഗത്ത് വന്നതിന് ശേഷമാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്നതായിരുന്നു നസീറിന്റെ പ്രചരണ മുദ്രാവാക്യം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശേരിയില്‍ മത്സരിക്കാന്‍ തയ്യാറെടുത്തെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.
കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു.
കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും മണ്ഡലങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മിക്ക ബൂത്തുകളിലും രാവിലെ ആറരയോടെ തന്നെ വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.
കര്‍ശന സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബുവും അറിയിച്ചു. ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങിനുപുറമേ വീഡിയോ കവറേജും ഉണ്ടാകും.
തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും പ്രിസൈഡിങ് ഓഫീസര്‍മാര്‍. വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തി. ഏപ്രില്‍ 23-ന് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒരുദ്യോഗസ്ഥന്‍വീതം എല്ലാ ബൂത്തിലും അധികമായുണ്ടാകും.
റീപോളിങ് നടക്കുന്ന ബൂത്തുകള്‍
പാമ്പുരുത്തി മാപ്പിള എ.യു.പി. സ്കൂള്‍, ബൂത്ത് നമ്പര്‍ 166, കുന്നിരിക്ക യു.പി. സ്കൂള്‍ ബൂത്ത് നമ്പര്‍ 52, 53, പിലാത്തറ യു.പി. സ്കൂള്‍ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ -69, 70 ബൂത്തുകള്‍, കൂളിയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ -ബൂത്ത് നമ്പര്‍ 48
തിരുവനന്തപുരം വട്ടപ്പാറയില്‍ യുവാവിനെ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭാര്യയുടെ കാമുകന് കസ്റ്റഡിയില്‍. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് കാരമൂട് സ്വദേശി മനോജിനെ പിടികൂടിയത്. ഭാര്യയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
വട്ടപ്പാറ സ്വദേശിയായ വിനോദിനെ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് കഴുത്തിന് കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യ ലേഖയുടെ കരച്ചില് കേട്ട് അയല്‍ക്കാരെത്തിയപ്പോള്‍ കുത്തേറ്റ നിലയില്‍ കാണുകയും ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയുമായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് സ്വയം ജീവനൊടുക്കിയെന്നായിരുന്നു ഭാര്യ പറഞ്ഞിരുന്നത്. എന്നാല്‍ വിനോദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പൊലീസ് കേസ് അന്വേഷിച്ചതോടെയാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്.
മനോജെന്നയാള്‍ വിനോദിനെ കുത്തിയെന്ന് വിനോദിന്റെ ആറുവയസുകാരനായ മകന് പൊലീസിന് മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരമൂട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനോജിനെ കസ്റ്റഡിയിലെടുത്തത്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം. ഭാര്യ ലേഖയ്ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ലേഖയും വിനോദും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നൂവെന്ന് അയല്‍ക്കാരും മൊഴി നല്‍കിയിരുന്നു.
പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടു പോയി സംഘം ചേർന്ന് മർദിച്ച കേസിൽ ഭാര്യ ഉൾപ്പെടെ നാലംഗ സംഘത്തെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പ്രേരണയിൽ കാമുകൻ ഉൾപ്പെടുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മണ്ണത്തൂർ ബലിക്കുളത്തിൽ സുരേഷാണ് (36) ക്രൂരമർദനത്തിന് ഇരയായത്. സുരേഷിന്റെ ഭാര്യ നിഷ (26), കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്കു സമീപം താമസിക്കുന്ന കളപ്പുരയ്ക്കൽ പ്രജീഷ് (32), സുഹൃത്തുക്കളായ കടനാട് ചെറുപുറത്ത് ജസ്സിൻ (28), ഒലിയപ്പുറം നിരപ്പിൽ നിബിൻ (32) എന്നിവരെ സ്റ്റേഷൻ ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു.
കൂട്ടുപ്രതി തിരുമാറാടി ടാഗോർ കോളനിയിൽ താമസിക്കുന്ന ലോറൻസ് (40) ഒളിവിലാണ്. നിഷയും പ്രജീഷും അടുപ്പത്തിലായിരുന്നെന്നും സുരേഷിനെ മർദിച്ച് അവശനാക്കിയ ശേഷം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 5നു വൈകിട്ട് 5.30നു പൊലീസ് എന്നു പരിചയപ്പെടുത്തി ജസ്സിനും, പ്രദീഷും ചേർന്നു സുരേഷിനെ പ്രജീഷിന്റെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. നിബിനും ലോറൻസും വഴിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി. സുരേഷിനെ സംഘം വായിൽ തുണി തിരുകി രാത്രി മുഴുവൻ മർദിച്ചെന്നാണു കേസ്.
ഇയാളെ പിറ്റേന്നു പകൽ മീങ്കുന്നം പെട്രോൾ പമ്പിനു സമീപം വഴിയിൽ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞു. കുറെ സമയത്തിനു ശേഷം ബോധം വീണ്ടെടുത്ത സുരേഷ് ഭയന്ന് ഇക്കാലമത്രയും സുഹൃത്തിന്റെ വർക്ഷോപ്പിൽ ഒളിവിൽ കഴിയുകയായിരുന്നു. സുരേഷിനെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.
കാവി പുതച്ച് ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങിൽ വൈറലായതോടെ അദ്ദേഹത്തിന്റെ ക്യാമറാപ്രണയം വീണ്ടും ചർച്ചയാക്കുകയാണ് സൈബർ ലോകം. കോൺഗ്രസ് നേതാവ് വി.ടി ബൽറാം എംഎൽഎ ഫെയ്സ്ബുക്കിൽ ചിത്രം പങ്കുവച്ച് കുറിച്ചതിങ്ങനെ. ‘പ്രിയ ഭക്തകളേ, സംഘപുത്രരേ, ഇദ്ദേഹത്തിന്റെ ഈ ടൈപ്പ് വേഷം കെട്ടല്‍ കണ്ടിട്ട് നിങ്ങൾക്ക് അൽപ്പമെങ്കിലും നാണക്കേട് തോന്നിത്തുടങ്ങുന്നുണ്ടോ? ഉണ്ടെങ്കിൽ ആശ്വാസം. ഈ നാട് രക്ഷപ്പെടാൻ ഇനിയും ചാൻസുണ്ട്. ഇല്ലെങ്കിൽ സ്വാഭാവികം. നിങ്ങളിൽ നിന്ന് അതേ പ്രതീക്ഷിക്കുന്നുള്ളൂ.’ ബൽറാം കുറിച്ചു. വേറിട്ട ആശയത്തിൽ ട്രോളുകളും നിറയുകയാണ്.
ഹിമാലയക്ഷേത്രമായ കേദാർനാഥിനു സമീപത്തെ ഗുഹയിലാണ് മണിക്കൂറുകൾ നീളുന്ന ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ ദുര്‍ഘടമായ മലമ്പാതയിലൂടെ രണ്ടു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണു അദ്ദേഹം ഗുഹയിലെത്തിയത്. നാളെ പുലർച്ചെ വരെ ഗുഹയിൽ ഇത്തരത്തിൽ ധ്യാനം തുടരുമെന്നാണ് സൂചന. കാവി തുണി ശരീരമാകെ മൂടി ഗുഹയ്ക്കുള്ളിൽ കണ്ണടച്ച് ഇരിക്കുന്ന മോദിയുടെ ചിത്രമാണു പറത്തുവന്നത്. അദ്ദേഹം കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.
കേദാർനാഥ് വികസന പദ്ധതികളുടെ പ്രവർത്തനവും മോദി വിലയിരുത്തി. ഈ സമയത്തു പരമ്പരാഗതമായ പഹാരി വസ്ത്രം ധരിച്ചാണു പ്രധാനമന്ത്രി എത്തിയത്. കേദാർനാഥിലേക്കുള്ള യാത്രയ്ക്കിടെ ഉത്തരാഖണ്ഡിന്റെ ആകാശചിത്രങ്ങൾ പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷയിലാണു കേദാർനാഥ് ക്ഷേത്രവും പരിസരവും.
രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം ആറുമാസത്തെ ശൈത്യകാലത്തിനുശേഷം ഈ മാസമാണു ഭക്തർക്കായി തുറന്നുകൊടുത്തത്. നാളെ രാവിലെ ബദ്രിനാഥ് ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. അതിനുശേഷം ഉച്ചയ്ക്ക് അദ്ദേഹം ഡൽഹിയിലേക്കു മടങ്ങും.
റെയില്‍വെ പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന സ്ഥിരം മോഷ്ടാവ് നാല് വര്‍ഷത്തിനൊടുവില്‍ പിടിയില്‍. . തൃശൂരില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാളാണ് കഴിഞ്ഞ ദിവസം റയില്‍വെ പൊലീസിന്റെ പിടിയിലായത്. ട്രെയിനുകളിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് നാലുവര്‍ഷമായി കവര്‍ച്ച നടത്തി വരുന്ന ഇയാള്‍ മലേഷ്യയില്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തുന്നയാളാണ്.
നാലു വര്‍ഷമായി അതിവിദഗ്ധമായി ട്രെയിനുകളില്‍ കവര്‍ച്ചകള്‍ നടത്തി വരികയായിരുന്നു ഷാഹുല്‍ ഹമീദ്. മലേഷ്യയില്‍ പാര്‍ട്ണര്‍ഷിപ്പിലുള്ള ഹോട്ടല്‍ നടത്താന്‍ വേണ്ടിയാണ് ഹമീദ് കേരള-തമിഴ്നാട് ട്രെയിനുകളില്‍ കവര്‍ച്ച നടത്തിയിരുന്നത്. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റ് പണവുമായി മലേഷ്യയിലേക്ക് കടക്കുകയാണ് ഇയാളുടെ രീതി. മാസങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തും. നെതര്‍ലാന്‍ഡ്സില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ഷാഹുല്‍ ഹമീദ്, സ്പാനിഷും ഫ്രഞ്ചും ഉള്‍പ്പെടെ ആറ് ഭാഷകള്‍ കൈകാര്യം ചെയ്യുമെന്ന് പറയുന്നു.
യാത്രക്കാരില്‍ നിന്ന് സ്ഥിരം പരാതി ലഭിച്ചു തുടങ്ങിയപ്പോഴാണ് റെയില്‍വെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ മോഷണം നടന്ന ട്രെയിനുകളുടെ എസി കോച്ചുകളില്‍ ഹമീദ് യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് മേട്ടുപാളയത്ത് നിന്നുള്ള ബ്ലൂ മൗണ്ടെയിന് എക്സ്പ്രസില്‍ അന്വേഷണ സംഘം വേഷംമാറി യാത്ര ചെയ്തു. ആ ട്രെയിനിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ ഹമീദിനെ പിടികൂടുകയായിരുന്നു.
ട്രെയിനില്‍ കയറുന്ന ഹമീദ്, ഇരയെ കൃത്യമായി നിരീക്ഷിക്കും. രാത്രി രണ്ടുണിക്കും നാലുമണിക്കും ഇടയിലാണ് മോഷണം നടത്തിയിരുന്നത്. ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കും. ആരുമറിയാതെ ബാഗ് എടുത്ത് സാധനങ്ങളും പണവും കൈക്കലാക്കിയ ശേഷം അതേപോലെ തിരിച്ചു വയ്ക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തൃശൂരിലും മുംബൈയിലുമാണ് മോഷണ വസ്തുക്കള്‍ ഇയാള്‍ വിറ്റിരുന്നത്. ഹമീദും ഭാര്യയും ചേര്‍ന്ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ ഒരു ഹോട്ടല്‍ നടത്തുന്നുണ്ട്. ഹോട്ടലിലെ മൂന്നാമത്തെ പാര്‍ടണറെ പുറത്താക്കാന്‍ പണം കണ്ടെത്താനാണ് ഇയാള്‍ ഇന്ത്യയിലെത്തി മോഷണം നടത്തിയിരുന്നത്.
2019 ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പോപ്പ് ഗായിക ലോറനും , റൂഡിമെന്റലും ചേര്‍ന്നാണ് സ്റ്റാന്‍ബൈ എന്ന ഗാനം ഒരുക്കിയത്.
ലോകം ക്രിക്കറ്റ് ആവേശത്തിലേക്ക്. ആരവങ്ങള്‍ക്ക് നിറം പകരാന്‍ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആരാധകരിലേക്ക്. ബ്രിട്ടനിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ‘റുഡിമെന്റലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആലാപനം പോപ്പ് ഗായിക ലോറിന് സൈറസും.
വെള്ളിയാഴ്ച ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം ഐസിസി പുറത്തുവിട്ടത്. മെയ് മുപ്പതിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക.
കൊച്ചി: കൊച്ചിയിൽ ഫ്ളാറ്റിൽ അഗ്നിബാധ. കലൂർ കടവന്ത്ര റോഡിലെ 16 നില ഫ്ലാറ്റിലാണ് തീപിടുത്തം ഉണ്ടായത്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടൽ കാരണം തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.
ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപ്പാർട്ട്മെന്റിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെ തുടര്‍ന്നാണ് തീപടർന്നതെന്നാണ് നിഗമനം.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. കെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ച ശേഷമാണ്തീ അണച്ചത്