ദുബായിൽ ദിനോസറിന്റെ അസ്ഥികൂടത്തിന്റെ ലേലം; അടിസ്ഥാന വില 27 കോടി രൂപ

ദുബായിൽ ദിനോസറിന്റെ അസ്ഥികൂടത്തിന്റെ ലേലം; അടിസ്ഥാന വില 27 കോടി രൂപ
August 18 04:08 2019 Print This Article

മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍ നടക്കുന്നു. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടത്തിന് 27 കോടി രൂപയിലേറെയാണ് അധികൃതർ നിശ്ചയിച്ച അടിസ്ഥാന വില.

ഓൺലൈനിലൂടെയാണ് ലേലം ഒരുക്കിയിരിക്കുന്നത്. 24.4 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവുമാണ് ദുബായ് മാളിൽ പ്രദർശിപ്പിച്ചിട്ടുള്ള അസ്ഥികൂടത്തിനുള്ളത്. അഞ്ച് ആനകളുടെ ഭാരം. ജുറാസിക് കാലത്തെ ദിനോസറിന്റെ അസ്ഥികൂടം കാണാൻ ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദുബായ് മാളിൽ എത്തിയത്.

ഡിപ്ലോഡോകസ് ലോൻഗസ് എന്ന വംശത്തിൽപ്പെട്ട ഈ ദിനോസറിന്‍റെ 90% അസ്ഥികൂടവും യഥാർഥത്തിലുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. 2008ൽ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റൺ മ്യൂസിയം ഓഫ് നാച്വറൽ സയൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദബിയിലെ എത്തിഹാദ് മോഡേൺ ആർട് ഗാലറിയുടെ സ്ഥാപകൻ 2014ലാണ് ദുബായിലെത്തിച്ചത്. ഈ മാസം 25വരെ ലേലം വിളി നീണ്ടു നില്‍ക്കും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles