Latest News

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് ഡി.ജി.പിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.

മുന്‍ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. മിനിറ്റ്സ് അടക്കമുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അതിനായി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

മകളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ഭാര്യ പോയപ്പോൾ പതറാതെ ഒരു അച്ഛൻ. രണ്ടു മാസത്തോട്ട് അമ്മയില്ലാതെ മകളെ വളർത്തി അവളുടെ നല്ല ഭാവിക്കായി അധ്വാനിക്കുന്ന ഈ അച്ഛന്റെ കഥ പ്രചോദനമാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഹൃദ്യമായ ഈ കുറിപ്പ്.

‘അവളെന്റെ കുഞ്ഞുമോളാണ്, എന്റെ ജീവിതത്തിലെ വെളിച്ചമാണ്. അവൾക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരാളുടെ ഒപ്പം പോയത്. എന്റെ സമ്പാദ്യങ്ങളും അവൾ കൊണ്ടുപോയി. ഞാൻ ഒറ്റപ്പെട്ടു. ഞാൻ സ്നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിച്ചില്ല. അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചത് എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടല്ലോ എന്നോർത്താണ്.

അന്ന് ഞാൻ ഉറപ്പിച്ചു ഒരിക്കലും അവൾക്ക് അമ്മയുടെ ഒരു കുറവും വരുത്തരുത് എന്ന്. അന്ന് അവൾ ചെറിയ കുഞ്ഞായിരുന്നു. എനിക്ക് അവളെ നന്നായി എടുക്കാൻ പോലും അറിയില്ല. പക്ഷേ എന്നെ എന്റെ അമ്മ സഹായിച്ചു. ഒഴിവു സമയങ്ങളിലൊക്കെ ഞാൻ അവളോടൊപ്പം ചിലവഴിച്ചു. അവൾ കുറച്ചൊന്നു വളർന്നപ്പോൾ എന്റെ ജോലിസ്ഥലത്തേക്ക് കൂട്ടി. ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മകളെ ഒരു നോക്കു കാണാൻ അവളുടെ അമ്മ വന്നിട്ടില്ല.

പക്ഷേ എനിക്ക്, ഞങ്ങൾക്ക് പരിഭവമില്ല.ഞാനും മകളും പരസ്പരം സ്നേഹിച്ചും കരുതലോടെയും കഴിയുന്നു. എപ്പോഴെങ്കിലും ഞാൻ വിഷമിച്ചിരിക്കുകയാണെങ്കിൽ അവൾ എന്റെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്റെ പ്രശ്നങ്ങളൊക്കെ ഞാൻ‌ മറക്കും. ഞാൻ ഒന്നിനുവേണ്ടിയും ആഗ്രഹിക്കുന്നില്ല. അവളാണ് എന്റെ ജിവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്നെക്കൊണ്ടാകുന്നതുപോലെ അവൾക്ക് ഞാൻ എല്ല സൗഭാഗ്യങ്ങളും നൽകും. അത് അവൾ അർഹിക്കുന്നുണ്ട്’. അച്ഛൻ പറയുന്നു.

ന്യുസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ശിഖര്‍ ധവാന്‍റെ പരുക്ക് ആശങ്കയാകുന്നു. കൈവിരലിന് പരുക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയമാക്കും. പരിശോധനാ ഫലം വന്ന ശേഷം മാത്രമെ മറ്റന്നാള്‍ കളിക്കാനാകുമോയെന്ന് വ്യക്തമാകൂ.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരുക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരുക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ച്വറിയും നേടി.

ശിഖര്‍ ധവാൻ ഫീല്ഡിംഗിന് ഇറങ്ങിയതുമില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. ഇന്ന് വൈകുന്നേരത്തിന് മുന്പായി സ്കാനിംഗിന്‍റെ ഫലം കിട്ടുമെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ന്യൂസിലൻഡിനെതിരെ ശിഖര്‍‍ ധവാന് കളിക്കാനാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റന്നാള്‍ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് 3 മണിക്കാണ് ഇന്ത്യ ന്യുസീലൻ‍ഡ് മത്സരം.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച്‌ ഗുജറാത്ത് തീരത്തേക്ക്‌ നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും.

കേരള തീരത്തു നിന്ന് 300 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമർദ മേഖല. ഇന്നു കൂടുതൽ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു സൂചന. മൽസ്യത്തൊഴിലാളികൾ തെക്കു കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കർണാടക തീരങ്ങളിലും പോകരുതെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ കനത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

തന്റെ അന്താരാഷ്ട്ര കരിയറിന് യുവരാജ് സിങ് തിരശ്ശീല ഇട്ടിരിക്കുകയാണ്. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് താരം താന്‍ പാഡഴിക്കുന്നുവെന്ന് അറിയിച്ചത്. കായിക ലോകം കണ്ട ഏറ്റവും ശക്തനായ പോരാളികളിലൊരാളാണ് യുവരാജ്. ക്യാന്‍സറിനെ അതിജീവിച്ച യുവിയുടെ ജീവിതം തന്നെ ഒരു പ്രചോദനമാണ്. തന്റെ വിരമിക്കലിലും തനിക്കുള്ളിലെ പോരാളിയെ അടയാളപ്പെടുത്തുകയാണ് യുവരാജ്.

ബിസിസിഐ തനിക്ക് വിടവാങ്ങല്‍ മത്സരം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നുമാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍. വിരമിക്കല്‍ പ്രഖ്യാപനത്തിനിടെയാണ് താരം മനസ് തുറന്നത്. 2017 ലായിരുന്നു യുവരാജ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.

”നിനക്ക് യോയോ ടെസ്റ്റ് പാസാകാന്‍ പറ്റിയില്ലെങ്കില്‍ ഒരു വിരമിക്കല്‍ മത്സരം തരാം എന്നവര്‍ പറഞ്ഞിരുന്നു” വികാരഭരിധനായിട്ടായിരുന്നു യുവി സംസാരിച്ചത്. സമകാലികനായിരുന്ന വീരേന്ദര്‍ സെവാഗ് തനിക്ക് വിടവാങ്ങല്‍ മത്സരം ലഭിക്കാതിരുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിഹാസ താരങ്ങളായ വിവിഎസ് ലക്ഷ്മണിനും രാഹുല്‍ ദ്രാവിഡിനും വിടവാങ്ങല്‍ മത്സരമില്ലായിരുന്നു. എന്നാല്‍ തനിക്ക് വിടവാങ്ങാനായി ഒരു മത്സരം വേണ്ട എന്നതായിരുന്നു യുവിയുടെ നിലപാട്.

”എനിക്ക് അവസാന മത്സരം കളിക്കണമെന്ന് ഞാന്‍ ബിസിസിഐയോട് പറഞ്ഞില്ല. യോഗ്യനാണെങ്കില്‍ ഗ്രൗണ്ടില്‍ തന്നെ അവസാനിപ്പിക്കാമായിരുന്നു. എനിക്കൊരു അവസാന മത്സരത്തിനായി ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെയല്ല ഞാന്‍ ക്രിക്കറ്റ് കളിച്ചത്. അതുകൊണ്ട് അന്ന് ഞാന്‍ പറഞ്ഞു, എനിക്കൊരു വിടവാങ്ങല്‍ മത്സരം വേണ്ട, യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ ഞാന്‍ മിണ്ടാതെ വീട്ടിലേക്ക് പോകാം. പക്ഷെ ഞാന്‍ ടെസ്റ്റ് പാസായി. പിന്നെ സംഭവിച്ചതൊന്നും എന്റെ തീരുമാനമായിരുന്നില്ല” താരം പറഞ്ഞു.

യോയോ ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ യുവി മറുപടി നല്‍കിയില്ല.

”ഇതിനെ കുറിച്ച് പറയാന്‍ എനിക്ക് ഒരുപാടുണ്ടാകും. പക്ഷെ ഇപ്പോള്‍ ഒന്നും പറയാത്തത് ലോകകപ്പ് നടക്കുന്നത് കൊണ്ടാണ്. താരങ്ങളെ കുറിച്ച് ഒരു വിവാദവും വേണ്ട. എന്റെ സമയം വരും. അപ്പോള്‍ സംസാരിക്കും. ലോകകപ്പിനിടെ വിരമിച്ചെന്ന് കരുതരുത്. ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് ലക്ഷ്യം” താരം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മോദി പേടിയുള്ളത് പോലെ സംസ്ഥാനത്ത് പിണറായി പേടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് പോലത്തെ സ്ഥിതി കേരളത്തിൽ ഇല്ലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന യുഡിഎഫ് എംഎൽഎ കെ.സി. ജോസഫ് ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വർഗീയ ചേരിതിരിവിന് ആഹ്വാനം ചെയ്ത മാധ്യമപ്രവർത്തകർ സംസ്ഥാനത്ത് ഉണ്ടായിരുന്നു എന്നും എന്നാൽ അവർക്കെതിരെ ആരും ഇറങ്ങിയില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആ ജോലി ഇപ്പോഴും തുടരുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണം സിബിഐയ്ക്ക് വിടില്ലെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നിഷ്പക്ഷവും ശരിയായ ദിശയിലുള്ളതുമാണ്. മറിച്ചുള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകളുള്ളതായി ആക്ഷേപമുയർന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

 

പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ട്രാൻസ്ജെൻ‍‍ഡറുകൾക്ക് മർദ്ദനം. മീററ്റിലെ ലാൽകുർത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

ട്രാൻസ്ജെൻഡറുകൾ അപമര്യാദയായി പെരുമാറി, അത് കൊണ്ട് ബലപ്രയോഗം നടത്തേണ്ടി വന്നു, ആവശ്യത്തിലധികം ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും ഇങ്ങനെയായിരുന്നു സംഭവത്തെക്കുറിച്ച് എസ്എസ്പിയുടെ വിശദീകരണം.

 

വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. ഇതാകാം അഭ്യൂഹങ്ങള്‍ക്ക് കാരണമെന്ന് സുഷമ വ്യക്തമാക്കി. ആന്ധ്ര ഗവര്‍ണറായി നിയമിക്കപ്പെട്ട സുഷമ സ്വരാജിനെ അഭിന്ദിക്കുന്നുവെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു.

മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. സുഷമ സ്വരാജ് മാത്രമല്ല, മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആരോഗ്യ കാരണങ്ങളാണ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എസ് ജയശങ്കറാണ് രണ്ടാെ മോദി സര്‍ക്കാരിന്‍റെ വിദേശകാര്യമന്ത്രി.

 

ചെന്നൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ സിസി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമിതവേഗതയുണ്ടാക്കുന്ന ദുരന്തങ്ങളെന്ന ടാഗ് ലൈനോടെയാണ് താംബരത്തെ കാറപടകം പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ ചെന്നൈയ്ക്ക് സമീപത്തെ താംബരത്തെ ട്രാഫിക് സിഗ്നലില്‍ നിന്നുള്ളതാണ്. പലതരത്തിലുള്ള ടാഗ് ലൈനോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വാഹനങ്ങളെ നിയന്ത്രിക്കാനായി നിരത്തിയ ബാരിക്കേഡുകളെല്ലാം തകര്‍ത്ത് ചുവന്ന വാന്‍ പറന്നെത്തുന്നു. മുന്നില്‍പെട്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ച്.

താംബരം സ്വദേശികളായ ഗ്ലാഡ്സണ്‍,വിക്രം ,ശാന്തി,ഭര്‍ത്താവ് ആറുമുഖം,എന്നിവരെ ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവിൽ വാഹനം ഒതുക്കി നിര്‍ത്തിയതിനു ശേഷം ഡ്രൈവര്‍ പരിഭ്രമില്ലാതെ നടന്നുപോകുന്നു. നഗരത്തിലെ ബിസിനസുകാരനായ ഡ്രൈവറെ പിന്നീട് പൊലീസ് പിടികൂടി.

പീഡനക്കേസിൽ നിന്ന് രക്ഷപെടാൻ പരാതി നൽകിയ പെൺകുട്ടിയെ വിവാഹം കഴിച്ച് ത്രിപുര എംഎൽഎ. ഐപിഎഫ്ടി പാർട്ടി നേതാവും എംഎൽഎയുമായ ധനഞ്ജോയ്ക്കെതിരെയാണ് പെൺകുട്ടി പീഡനപരാതി നല്‍കിയത്. അഗർത്തലയിലെ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിയെ വിവാഹം ചെയ്തെന്ന് എംഎൽഎ സമ്മതിച്ചു.

മെയ് 20നാണ് അഗര്‍ത്തലയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ എംഎൽഎക്കെതിരെ പെൺകുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് ചതിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാഹം.

പരാതിയെത്തുടർന്ന് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നു. അതിനിടെ പെൺകുട്ടിയുടെ കുടുംബവുമായി പാർട്ടി നേതൃത്വവും ധനഞ്ജോയുടെ കുടുംബവും ചർച്ച നടത്തുകയായിരുന്നു. തുടർന്ന് ഒത്തുതീർപ്പിന് പെൺകുട്ടിയുടെ കുടുംബം തയ്യാറായി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവർക്കും പരാതികളൊന്നുമില്ലെന്ന് എംഎൽഎയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved