Latest News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ടോട്ടനം യോഗ്യത നേടി. കൂടുതൽ എവേ ഗോളുകളുടെ പിൻബലത്തിലാണ് അജാക്സിനെ തകർത്ത് ടോട്ടനം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ലിവർപൂളാണ് ഫൈനലിൽ ടോട്ടനത്തിന്റെ എതിരാളികൾ. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം യഥാർത്ഥ ഇംഗ്ലീഷ് പരീക്ഷയായി.

ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം, രണ്ടാപാദ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് വഴങ്ങി. ഇതിന് ശേഷം ഫുട്ബോൾ ലോകം ടോട്ടനത്തിന്റെ തകർപ്പൻ തിരിച്ചുവരവ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. രണ്ടാംപാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം.

ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 55, 59 മിനിറ്റുകളിൽ ആദ്യ രണ്ട് ഗോളുകൾ നേടിയ മൗറ അവസാന വിസിൽ മുഴങ്ങാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴാണ് മൂന്നാം ഗോൾ നേടിയത്.

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്‌സിന്‍റെ യുവനിര ഫൈനലിലേക്ക് മുന്നേറുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യൻസ് ലീഗ്. ലിവർപൂളിനെ ഫൈനലിൽ മലർത്തിയടിച്ച് കിരീടം സ്വന്തമാക്കാനാവും ഇനി ടോട്ടനത്തിന്റെ ശ്രമം.

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ വിമർശിക്കാൻ ആയുധം തിരഞ്ഞ സ്മൃതി ഇറാനി ഒടുവിൽ വടി കൊടുത്ത് അടി വാങ്ങിയ നിലയിലായി. മധ്യപ്രദേശിൽ കർഷകരുടെ കടങ്ങൾ എഴുതി തള്ളിയില്ല എന്നതാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന വാദം. എന്നാൽ വളരെ കുറച്ച് പേരുടെ കാർഷിക കടങ്ങൾ മാത്രമാണ് എഴുതി തള്ളാനുള്ളതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ഏതായാലും ഭോപ്പാലിൽ പ്രചാരണത്തിനെത്തിയ സ്മൃതി ഇറാനി ഈ വിഷയം ഏറ്റെടുത്ത് ജനങ്ങളുടെ മുന്നിൽ ഇളിഭ്യയായി.

ഭോപ്പാലിനടുത്ത് അശോക് നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. നിങ്ങൾക്കാർക്കെങ്കിലും വായ്‌പാ ഇളവ് കിട്ടിയോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. കിട്ടിയെന്നായിരുന്നു ചുറ്റും കൂടിനിന്നവരുടെ മറുപടി. സ്മൃതി ഇറാനി പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളിലും ഇതിപ്പോൾ ചർച്ചയായിരിക്കുകയാണ്. ജനങ്ങളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായി തിരിച്ചടി ഉണ്ടായതോടെ പ്രസംഗം സ്മൃതി ഇറാനി കുറച്ച് നേരത്തേക്ക് നിർത്തിവയ്ക്കുന്നതും വീഡിയോയിലുണ്ട്.

നേരത്തെ കർഷകർക്ക് വായ്പാ ഇളവ് നൽകിയില്ലെന്ന് വിമർശിച്ച മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും കനത്ത മറുപടിയാണ് ലഭിച്ചത്. മുതിർന്ന നേതാവ് സുരേഷ് പച്ചോരിയാണ് കെട്ടുകണക്കിന് രേഖകളുമായി ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. ഡിസംബറിൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് സംസ്ഥാനത്തെ 21 ലക്ഷം കർഷകരുടെ വായ്പ ഇളവ് ചെയ്തതിന്റെ രേഖകളാണ് കെട്ടുകളാക്കി വീട്ടുപടിക്കൽ എത്തിച്ചത്.

കർഷക വായ്പകൾ എഴുതി തള്ളിയെന്ന കോൺഗ്രസിന്റെ വാദം നുണയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശിവ്‌രാജ് സിങ് ചൗഹാൻ വിമർശിച്ചത്. രേഖകൾ വീട്ടുപടിക്കൽ എത്തിച്ചിട്ടും തന്റെ മുൻ നിലപാടിൽ നിന്ന് ശിവ്‌രാജ് സിങ് ചൗഹാൻ മാറിയില്ല. മന്ത്രി പിസി ശർമ്മയടക്കമുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷ് പാച്ചോരി ശിവ്‌രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. തങ്ങൾ കൊണ്ടുവന്ന കാർഡ്ബോർഡ് പെട്ടികൾ വീട്ടുപടിക്കൽ വച്ച് ശിവ്‌രാജ് സിങ് ചൗഹാനെതിരെ അതിരൂക്ഷ വിമർശനം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ മൂന്നാം വട്ടവും നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ വീണ്ടും നിരസിച്ചത്. മെയ് 28 ന് കേസ് വീണ്ടും കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

ബാങ്ക് തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് ലണ്ടനില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും ഇത്തവണയും കോടതി അംഗീകരിക്കുകയായിരുന്നു. സമാന വാദം ഉന്നയിച്ചാണ് ആദ്യ രണ്ട് തവണയും ജാമ്യം നിരസിച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി വായ്പയെടുത്താണ് നീരവ്​ രാജ്യം വിട്ടത്​. 17 മാസത്തിന് ശേഷമാണ് നീരവ്​ മോദി ഇന്ന് പൊലീസ്​ പിടിയിലായത്​. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. യുകെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പുവച്ചിരുന്നു.

2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. തട്ടിപ്പ് പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപാണ് ഇവർ രാജ്യം വിട്ടത്. മോദി യുകെയിലും ചോക്സി ആന്റിഗയിലും ഉണ്ടെന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസമാണ് ടെലഗ്രാഫ് ന്യൂസ്പേപ്പർ നീരവ് മോദിയുടെ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

എറണാകുളം മരട് നഗരസഭയിലെഅഞ്ചു അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവ്. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്ര്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

കെട്ടിടങ്ങൾ ഒരു മാസത്തിനകം പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മരട് മുൻസിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതു മറികടന്നു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തുടർന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കെട്ടിട നിർമ്മാതാക്കൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മരട് നഗരസഭയിലുളള ഈ അഞ്ചു അപ്പാർട്മെന്റുകളിലായി ഏകദേശം 100 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയോടെ ഇവരെല്ലാം തന്നെ കെട്ടിടം ഒഴിയേണ്ടി വരും. കോടികൾ വില മതിക്കുന്നതാണ് ഇവിടുത്തെ ഓരോ ഫ്ലാറ്റുകളും.

തന്റെ സിനിമാ ജീവിതത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര. രജനികാന്തിനൊപ്പം പുതിയ ചിത്രത്തില്‍ നായികയായി എത്തുന്ന ആവേശത്തിലാണ് നയന്‍താര. എന്നാല്‍ തന്റെ സിനിമാ ജീവിതത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

പരാജയപ്പെട്ട ഒരു ചിത്രത്തെ കുറിച്ചായിരുന്നില്ല നയന്‍താരയുടെ വെളിപ്പെടുത്തല്‍. വമ്പന്‍ വിജയം സ്വന്തമാക്കിയ ഗജിനി എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനമെന്ന് നയന്‍താര പറയുന്നു.

‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു.’ നയന്‍സ് പറഞ്ഞു.

‘കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു.’ വെന്നും നയന്‍താര വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ്്ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിക്കുമേല്‍ പോക്സോ ചുമത്തി.

പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രണ്ടാനച്ഛനായ വ്യക്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നു. പുറത്തറിയിച്ചാല്‍ കൊല്ലുമെന്നു ഭീക്ഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ചൈല്‍ഡ്‌ലൈന്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പിന്നീട് ഇവര്‍ കാട്ടാക്കട പൊലീസിനു കൈമാറുകയായിരുന്നു. മറ്റോരു കേസില്‍ ജാമ്യമെടുക്കാനായി കോടതി വളപ്പിലെത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതി നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.

ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ബദല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവസരം നല്‍കണമെന്ന് കാണിച്ച് 21 പാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പിട്ട കത്താണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തൂക്കുസഭയാണ് വരുന്നതെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ബിജെപി സര്‍ക്കാരുണ്ടാക്കുന്നത് തടയാനുള്ള മുന്‍കരുതലെടുക്കുകയാണ് പ്രതിപക്ഷം ഈ അസാധാരണ നീക്കത്തിലൂടെ. ‌സര്‍ക്കാര്‍ രൂപീകരണ നീക്കം ശക്തമാക്കി ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി രാവിലെ ചര്‍ച്ച നടത്തി.

ഈ മാസം 21ന് പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ചന്ദ്രബാബു നായ്ഡു മുന്‍കൈയെടുക്കുന്നുണ്ട്. 23നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത്.

വിശാഖപട്ടണം∙ കൈവിട്ടെന്നു തോന്നിച്ച കളി ഡെത്ത് ഓവറിലെ ഉജ്വല ബോളിങ്ങിലൂടെ തിരിച്ചുപിടിച്ച ഹൈദരാബാദ് അവസാന ഓവറിലെ തോൽവിയോടെ ടൂർണമെന്റിനു പുറത്ത്. ഓപ്പണർ പൃഥ്വി ഷാ (38 പന്തിൽ 56), ഋഷഭ് പന്ത് (21 പന്തിൽ 49) എന്നിവരുടെ ഇന്നിങ്സുകളുടെ കരുത്തിലാണു ഡൽഹിയുടെ വിജയം. മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ 18–ാം ഓവറിൽ ഋഷഭ് പന്തും റുഥർഫോർഡും ചേർന്ന് അടിച്ചെടുത്ത 22 റൺസാണ് മൽസരത്തിന്റെ ഗതി നിർണയിച്ചത്. ഇതിൽ 21 റൺസും നേടിയത് പന്ത് തന്നെ.

19–ാം ഓവറിൽ ഭുവേനേശ്വർ കുമാറിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചു പന്ത് പുറത്തായതോടെ ഹൈദരാബാദ് മത്സരത്തിൽ പിടിമുറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഖലീൽ അഹമ്മദിന്റെ അവസാന ഓവറിൽ ഫീൽഡ് തടസപ്പെടുത്താൻ ശ്രമിച്ചതിന് അമിത് മിശ്ര (1) പുറത്തായെങ്കിലും ഒരു പന്ത് ശേഷിക്കെ കീമോ പോൾ (5 നോട്ടൗട്ട്) ബൗണ്ടറിയിലൂടെ ഡൽഹിയെ വിജയത്തിലെത്തിച്ചു. നേരത്തെ, പൃഥ്വി ഷായെ വ്യക്തിഗത സ്കോർ 17ൽ നിൽക്കെ ബേസിൽ തമ്പി കൈവിട്ടതും ഹൈദരാബാദിന് തിരിച്ചടിയായി. അർധസെഞ്ചുറി നേടിയ ഷായാണ് ഡൽഹി ഇന്നിങ്സിന് അടിത്തറയിട്ടത്.

കിവീസ് താരം മാർട്ടിൽ ഗപ്ടിലാണു (19 പന്തിൽ 36) ഹൈദരാബാദിന്റെ ടോപ് സ്കോറർ. മനീഷ് പാണ്ഡെ (30), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (28), വിജയ് ശങ്കർ (25), മുഹമ്മദ് നബി (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 3 വിക്കറ്റ് വീഴ്ത്തിയ കീമോ പോളും 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത അമിത് മിശ്രയുമാണ് ഡൽഹി ബോളർമാരിൽ തിളങ്ങിയത്.

നല്ല തുടക്കം ലഭിച്ച ശേഷം ഹൈദരാബാദ് ബാറ്റ്സ്മാൻമാർ അനാവശ്യ ഷോട്ടിലൂടെ വിക്കറ്റുകൾ നഷ്ടമാക്കിയതു ഡൽഹിക്കു ഗുണമായി. തകർത്തടിച്ചു കളിച്ച ഗപ്ടിലിനെ തന്റെ ആദ്യ ഓവറിൽത്തന്നെ അമിത് മിശ്ര മടക്കിയതാണു മത്സരത്തിൽ വഴിത്തിരിവായത്.

തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ബിജെപിയെ വെട്ടിലാക്കി കശ്മീരില്‍ നിന്ന് പുതിയ വാര്‍ത്ത. ലഡാക്കിലെ മാധ്യമപ്രവർത്തകർക്ക് ബിജെപി നേതാവ് കവറിൽ പൊതിഞ്ഞ് പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ‌ പുറത്ത്. വാർത്താ സമ്മേളനത്തിനിടെ ബിജെപി എംഎൽഎ വിക്രം റന്ധാവ കവറുകൾ മാധ്യമപ്രവർത്തകർക്ക് നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്നയും പണം കൈമാറാനായി എംഎൽഎയുടെ കൂടെ ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ സംഘടന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആരോപണം നിഷേധിച്ച പാര്‍ട്ടി, പ്രസ് ക്ലബിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും പറഞ്ഞു.
നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതാക്കള്‍ പണമടങ്ങിയ കവര്‍ കൈമാറുകയായിരുന്നവെന്ന് റിന്‍ചന്‍ അഗ്മോ എന്ന മാധ്യമപ്രവര്‍ത്തകയാണ് ആദ്യം തുറന്നുപറഞ്ഞത്. ‘ഹാളിനകത്ത് വെച്ച് അവര്‍ ഒരു കവര്‍ തന്നു.

അവിടെ വെച്ച് കവര്‍ തുറന്ന് നോക്കരുതെന്ന് അവര്‍ പറയുകയും ചെയ്തു. എന്നാല്‍ ആകാംക്ഷ തോന്നി തുറന്നു നോക്കി. അഞ്ഞൂറിന്റെ കുറേ നോട്ടുകളായിരുന്നു അതില്‍. ഞാന്‍ അപ്പോള്‍ തന്നെ അത് അദ്ദേഹത്തിന് തിരിച്ചുകൊടുത്തു. എന്നാല്‍ അദ്ദേഹം അത് വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ കവര്‍ മേശപ്പുറത്ത് തന്നെ വെച്ച് ഞാന്‍ ഇറങ്ങി..’ ഇതായിരുന്നു മാധ്യപ്രവർത്തകയുടെ വാക്കുകള്‍.

പണം തന്ന് സ്വാധീനിക്കാൻ ശ്രമിക്കുന്നത് വഴി തങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്നും ആരും ബിജെപി സമ്മാനിച്ച പണം സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പെരുമാറ്റച്ചട്ടലംഘനത്തിന് ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വിഷയത്തില്‍ ലേ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌ന ലവാസയും അന്വേഷണത്തിന് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരുന്ന നടപടിയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പോളിങ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിച്ചുവെന്ന് മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ശരിയെങ്കില്‍ തന്നെ എന്നെന്നേക്കുമായി നശിപ്പിക്കണമേയെന്നാണ് മന്ത്രി ജലീല്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. റമദാന്‍ മാസത്തില്‍ തന്റെ ഒരേയൊരു പ്രാര്‍ത്ഥന ഇത് മാത്രമാണെന്നും ജലീല്‍ ഫെയിസ്ബുക്കില്‍ കുറിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലുമായി മന്ത്രി കെ ടി ജലീലിന് അടുത്ത ബന്ധമുണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍.എയും ലീഗും ആരോപിച്ചിരുന്നു. മന്ത്രിയുമായി ഇയാളുടെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ ബല്‍റാം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യു.ഡി.എഫ്.

പ്രതി ഷംസുദ്ദീനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. മന്ത്രിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഷംസുദ്ദീനെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജലീല്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ ഇയാളുടെ ആഢംബര കാറാണ് ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീല്‍ പ്രതിയായ ഷംസുദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു.

കെ ടി ജലീലിന്റെ പോസ്റ്റ് ചുവടെ

‘പ്രാര്‍ത്ഥനക്കുത്തരം കിട്ടുന്ന നന്‍മയുടെ പൂക്കാലമാണ് വന്നണഞ്ഞിരിക്കുന്നത്. ഈ റംസാന്‍ കാലത്ത് എനിക്ക് ഒരേയൊരു പ്രാര്‍ത്ഥനയേ ഉള്ളൂ; ‘ലോക രക്ഷിതാവായ നാഥാ, ബന്ധു നിയമന വിവാദത്തിലും പീഢന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടും എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അന്യായമോ അനീതിയോ ശരികേടോ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നെ നീ എന്നന്നേക്കുമായി നശിപ്പിക്കേണമേ.’ അസഭ്യങ്ങള്‍ ചൊരിഞ്ഞ് ഈയുള്ളവനെ അപമതിക്കുന്ന എല്ലാ സുഹൃത്തുക്കളും ഈ പ്രാര്‍ത്ഥനയിലെങ്കിലും പങ്കാളികളായി ദയ കാണിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എപ്പോഴും എന്റെ കരുത്ത് സത്യമറിയുന്ന ഒരു ശക്തി എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നുള്ളതാണ്.’

RECENT POSTS
Copyright © . All rights reserved