Latest News

കോപ്പ അമേരിക്കയിൽ ജയത്തുടക്കവുമായി വമ്പന്മാരായ ബ്രസീൽ. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ബ്രസീലിന്റെ 100-ാം ജയം കൂടിയാണ് സാവോ പോളയിൽ പിറന്നത്.

പരമ്പരാഗത മഞ്ഞ ജേഴ്സിക്ക് പകരം വെള്ളയും നീലയും ജേഴ്സിയിൽ ഇറങ്ങിയ ബ്രസീൽ മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം കണ്ടെത്തി. എന്നാൽ വിരസമായ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ ഫിർമിഞ്ഞോയും കുട്ടിഞ്ഞോയും അടങ്ങുന്ന വമ്പന്മാരുടെ നിരക്ക് സാധിച്ചില്ല. പരിക്കേറ്റ് പുറത്തായ നായകൻ നെയ്മറിന്റെ അഭാവം മത്സരത്തിൽ വ്യക്തമായിരുന്നു. കളി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ബ്രസീൽ തുടർച്ചയായി പരാജയപ്പെട്ടു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളിലൂടെയും ബ്രസീൽ കളിയിൽ ആധിപത്യം സൃഷ്ടിച്ചു. 50-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബ്രസീൽ മത്സരത്തിൽ മുന്നിലെത്തിയത്. ബൊളീവിയയുടെ മധ്യനിര താരം ജസ്റ്റീനിയായുടെ കൈയ്യിൽ പന്ത് തട്ടിയതോടെ റഫറി അനുവദിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കുട്ടിഞ്ഞോ കോപ്പയിലെ ആദ്യ ഗോൾ സ്വന്തം അക്കൗണ്ടിൽ ചേർത്തു.

രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടി വന്നത് മൂന്ന് മിനിറ്റ്. 53-ാം മിനിറ്റിൽ വീണ്ടും കുട്ടിഞ്ഞോയുടെ ഗോൾ. ബൊളീവിയൻ പ്രതിരോധം തകർത്ത് ഫിർമിഞ്ഞോ നൽകിയ പാസ് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലെത്തിച്ച് ബ്രസീലിന്റെ ലീഡ് കുട്ടീഞ്ഞോ രണ്ടായി ഉയർത്തി. രണ്ട് ഗോൾ വഴങ്ങിയതോടെ സമ്മർദ്ദത്തിലായ ബൊളീവിയയെ ഞെട്ടിച്ച് എവർട്ടന്റെ വക മൂന്നാം ഗോൾ. മത്സരത്തിന്റെ 85-ാം മിനിറ്റിലായിരുന്നു എവർട്ടന്റെ വലംകാൽ ഷോട്ട് ബ്രസീൽ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളി യുവാവ് കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തില്‍ സാജു ശാമുവല്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക് ജോര്‍ജ്ജ് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം.

മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സാജു ഇന്‍സ്‌പെക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്. ഈ സമയം ബാങ്കില്‍ എത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അപായമണി മുഴക്കാന്‍ അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവര്‍ച്ചക്കാര്‍ പിന്നില്‍ നിന്നും വെടിവെക്കുകയായിരുന്നു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു.

രണ്ടരവര്‍ഷം മുമ്പ് അഹമ്മദാബാദില്‍ ജോലിക്ക് കയറിയ സാജു ഒരു വര്‍ഷം മുമ്പാണ് ന്യൂബോംബേയിലെത്തിയത്. വ്യാഴാഴ്ച ബാങ്കില്‍ ഇന്‍സ്‌പെക്ഷന് വരേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയതു കാരണം വ്യാഴാഴ്ച വരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടര മാസം മുമ്പ് കുഞ്ഞിന്റെ മാമോദീസക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ: ജെയ്‌സി. മകന്‍: ജര്‍മി (9 മാസം)

 

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം ഐപിസി 506, 294ബി, കെപിഎ 120, 120 -ഒ എന്നീ നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കല്‍പറ്റ സിഐക്കാണ് അന്വേഷണ ചുമതല.
വിനായകനില്‍നിന്നുണ്ടായ മോശമായ പെരുമാറ്റത്തെകുറിച്ച് യുവതി നേരത്തെ ഫേസ്ബുക്കിലും വെളിപ്പെടുത്തിയിരുന്നു.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല എഴുതി.

മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.

ഇനിയുള്ള 23 നാള്‍ ലോകം സാംബ താളത്തിനൊത്ത് ചുവടുവയ്ക്കും.കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം . ആദ്യമല്‍സരത്തില്‍ ബ്രസീല്‍ ബൊളീവിയയെ നേരിടും. പുലര്‍ച്ചെ ആറുമണിക്കാണ് മല്‍സരം. നെയ്മറില്ലാതെ ബൊളീവിയക്കെതിരെ ഇറങ്ങുന്ന ബ്രസീലിനെ നയിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗോളടിവീരന്‍മാരായ ഗബ്രിയല്‍ ജിസ്യൂസ്, ഫിര്‍മിനോ റിച്ചാര്‍ലിസന്‍ എന്നിവരിലാണ് . ഹോണ്ടുറാസിനെ എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രസീലിന്റെ മുന്നൊരുക്കം .

കുട്ടിഞ്ഞോയ്ക്കൊപ്പം മധ്യനിരയില്‍ കളിനിയന്ത്രിക്കേണ്ട ആര്‍തറിന് പരുക്കേറ്റെങ്കിലും ആദ്യമല്‍സരത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഒന്‍പത് മാസത്തിനിടെ കളിച്ച ആറുമല്‍സരങ്ങളു ബൊളീവിയ പരാജയപ്പെട്ടിരുന്നു . അതിഥിടീമുകളായി എത്തുന്ന ജപ്പാന്‍ ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലെയെയും ഖത്തര്‍ പരാഗ്വായെയും നേരിടും . ഞായറാഴ്ച പുലര്‍ച്ചെ 3.30ന് നടക്കുന്ന അര്‍ജന്റീന കൊളംബിയ മല്‍സരമാണ് കോപ്പയിലെ ആദ്യ സൂപ്പര്‍ പോരാട്ടം

കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തേക്കായുള്ള തർക്കം മുറുകുന്നതിനിടെ പി.ജെ ജോസഫിന് പാർട്ടിയിൽ പിന്തുണയേറുന്നു. ജോസഫ് വിഭാഗം യോഗത്തില്‍ കൂടുതല്‍ മാണിപക്ഷനേതാക്കള്‍ പങ്കെടുത്തു.

ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി. തോമസ് , കൊല്ലം ജില്ലാ പ്രസിഡന്റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് യോഗത്തിനെത്തിയത്.

സി.എഫ് തോമസിനെ ചെയര്‍മാനാക്കിയുള്ള പി.ജെ ജോസഫിന്റ ഒത്തുതീര്‍പ്പ് നിര്‍ദേശം ജോസ് കെ മാണി വിഭാഗം നേരത്തെ തള്ളിയിരുന്നു. പുറത്ത് പറഞ്ഞിട്ടല്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടാണ് സമവായമുണ്ടാക്കേണ്ടെതെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ നിര്‍ദേശം മുന്‍പേയുള്ളതാണെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.

സി.എഫ് തോമസ് ചെയര്‍മാന്‍,ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാന്‍,പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വര്‍ക്കിങ് ചെയര്‍മാനും പി.ജെ ജോസഫ്. ഇതായിരുന്നു ജോസഫിന്റ ഒത്ത് തീര്‍പ്പ് നിര്‍ദേശം. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഒരുതീര്‍പ്പ് നിര്‍ദേശവും അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയാണ് സമവായമുണ്ടാക്കേണ്ടതെന്നും അല്ലാതെ മാധ്യമങ്ങളോടല്ല സമവായ നിര്‍ദേശം പറയേണ്ടതെന്നും റോഷി അഗസ്റ്റിനും എന്‍ ജയരാജും പറഞ്ഞു.

നിര്‍ദേശം എതിര്‍വിഭാഗം പൂര്‍ണമായും തള്ളിയതോടയാണ് ജോസഫ് വിഭാഗം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ അടിയന്തരയോഗം ചേര്‍ന്നത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. ജോസ് കെ മാണിവിഭാഗത്തിന് കുറെ കാര്യങ്ങള്‍ കൂടി ബാക്കി കൂടി ഉടന്‍ ബോധ്യപ്പെടുമെന്നുമായിരുന്നു യോഗശേഷം പി.ജെ ജോസഫിന്റ പ്രതികരണം . പാര്‍ട്ടിയിലെ ഉയര്‍ന്ന കമ്മിറ്റികളായിരിക്കും ആദ്യം വിളിക്കുകയെന്നും സംസ്ഥാനകമ്മിറ്റി ഉടനില്ലെന്നും ജോസഫ് വ്യക്തമാക്കി.

കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വിഎസ് നവാസിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. തിരിച്ച് എത്തിക്കാനായി പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

കാണാതായി ഏതാണ്ട് 48 മണിക്കൂർ എത്തുമ്പോഴാണ് ആശ്വാസത്തിന്റെ ആ വാർത്ത എത്തുന്നത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥൻ സംശയം തോന്നി പുലർച്ചെ മൂന്നോടെ കേരള പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇവിടെ നിന്ന് ഫോട്ടോകൾ അയച്ചുകൊടുത്ത് ഉറപ്പാക്കിയ ശേഷം അഞ്ചു മണിയോടെ കരൂർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട്ട് നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചു. കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുൻപ് പാലക്കാട്ട് എത്തിച്ച് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേലുദ്യോഗസ്ഥനുമായി വയർ‌ലെസിലൂടെ ഉണ്ടായ തർക്കത്തിന് പിന്നാലെ വ്യാഴം പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് മധുരയിൽ എത്തിയാണ് നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ കയറിയത്. എവിടേക്കായിരുന്നു യാത്രയെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഉള്ള വിവരങ്ങൾ വെളിവായിട്ടില്ല. അന്വേഷണസംഘം നേരിട്ടെത്തി ചോദിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ.

മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, യുവതി മനം നൊന്ത് ആത്മഹത്യ ചെയ്തു. യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. ചെന്നൈ കുറവൻകുപ്പം സ്വദേശി രാധിക (22), പ്രതിശ്രുത വരൻ വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു.

കുറച്ചുനാൾ മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ പ്രേംകുമാർ ശ്രമിച്ചിരുന്നു. ഇതിനെതിരെ വിഘ്നേഷ് പരാതി നൽകി. ഈ ശത്രുത മനസിൽ കൊണ്ടുനടന്ന പ്രേംകുമാർ രാധികയുടെ ചിത്രം മോർഫ് ചെയ്ത് പ്രതികാരം വീട്ടുകയായിരുന്നു.

ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പ്രചരിച്ചതിൽ മനംനൊന്താണ് രാധിക ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു. മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. പ്രതി മുന്നാക്ക സമുദായവും മരണപ്പെട്ടവർ പിന്നാക്ക വിഭാഗവുമായത് ജാതിസപ്ർധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ പ്രദേശത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണിത്.

നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടും. മൂന്നു പാളികളായി റൺവേ പുനർനിർമിക്കുന്ന (റീകാർപ്പെറ്റിങ്) ജോലികളാണു നടത്തുന്നത്. പകൽ നിർമാണപ്രവർത്തനങ്ങൾ നടത്തി റൺവേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്.

ഓരോ പത്തു വർഷത്തിലും റൺവേ റീകാർപ്പറ്റിങ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദ്ദേശം. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റൺവേയുടെ ആദ്യ റീകാർപ്പെറ്റിങ് ജോലികൾ 2009ൽ നടന്നു. രണ്ടാമത്തേതും കൂടുതൽ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക.

 

സ്റ്റേഷന്‍ ജീവനക്കാരും ട്രെയിന്‍ ഓപ്പറേറ്റര്‍മാരും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിർദേശവുമായി ദക്ഷിണ റെയിൽവേയുടെ നോട്ടീസ്. ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നോട്ടീസ് വ്യക്തമാക്കുന്നു.

കണ്‍ട്രോള്‍ റൂമുകളിലും, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം വരാതിരിക്കാനുള്ള ഉപായം എന്ന നിലയില്‍ മാത്രമാണ് രണ്ട് ഭാഷകള്‍ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വാദം. സിഗ്‍നലുകള്‍ തെറ്റാതിരിക്കാനുള്ള വഴിയാണിതെന്നും ദക്ഷിണ റെയിൽവേ ജി.എം.ഗജാനന്‍ മല്യ മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ 12ന് അയച്ച കത്തില്‍ ചീഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് മാനേജര്‍ ആര്‍.ശിവയാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സെക്ഷന്‍ കണ്‍ട്രോളര്‍മാര്‍, സ്റ്റേഷന്‍ ജീവനക്കാര്‍, ട്രാഫിക് ഇൻസ്പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരെയാണ് കത്തില്‍ അഭിസംബോധന ചെയ്യുന്നത്.

ഉദ്യോഗസ്ഥര്‍ തമ്മിലുളള ആശയവിനിമയത്തിന് പുതിയ നിര്‍ദേശം സഹായകമാകുമെന്നാണ് ശിവ പറയുന്നത്. ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിന് ഇടയ്‍ക്കാണ് ഭാഷയുടെ പേരില്‍ റെയിൽവേയിലും വിവാദം.

ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമാക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് നയം തയ്യാറാക്കിയിരുന്നു. തമിഴ്‍നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയിരുന്നു.

പുരാതന ജീവികളുടെ ശേഷിപ്പുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കുന്ന പ്രദേശമാണ് സൈബീരിയ. റഷ്യയുടെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് നിരവധി ജീവികളുടെ ശരീരാവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചെന്നു കരുതുന്ന കൂറ്റന്‍ ചെന്നായയുടെ തല.

40,000ത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും അഴുകാത്ത തല ഗവേഷണരംഗത്ത് അത്ഭുത കാഴചയാകുന്നു. രോമങ്ങള്‍ പോലും കൊഴിഞ്ഞു പോകാതെ അടുത്ത ദിവസങ്ങളില്‍ ചത്തു പോയ ഒരു ജീവിയുടെ ശരീരത്തിന്റെ അവസ്ഥയിലാണ് ഈ തല കണ്ടെത്തിയത്. സാധാരണ വേനല്‍ക്കാലത്ത് മഞ്ഞുരുക്കം ഉണ്ടാകുമ്പോഴാണ് സൈബീരിയയില്‍ ഇത്തരം ജീവികളുടെ ശരീരത്തിനു വേണ്ടി പര്യവേഷണം നടത്താറുള്ളത്.

മഞ്ഞുരുകി പല പാളികളും അടര്‍ന്നു പോരുമ്പോഴാണ് അവയ്ക്കിടയിലുള്ള പുരാതന ജീവികളുടെ ശരീരം പുറത്തു കാണുക. ഇതേ സമയത്തു തന്നെയാണ് ഭീമന്‍ ചെന്നായുടെ തലയും ലഭ്യമായത്. പ്രദേശവാസികളിലൊരാളാണ് ഈ തല കണ്ടെത്തിയതും പിന്നീട് ഗവേഷകര്‍ക്ക് കൈമാറിയതും. ശരീരത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ട പോലെയാണ് ഈ തല കണ്ടെത്തിയത്. ഒരു കരടിയുടെ തലയുടെ വലുപ്പം ഈ ചെന്നായുടെ തലയ്ക്കുണ്ട്.

സൈബീരിയയിലെ യകൂതിയ മേഖഖലയിലെ നദിക്കരയില്‍ നിന്നാണ് ഈ തല ലഭിച്ചത്. മഞ്ഞുരുകിയ സമയത്ത് വെള്ളത്തിലൂടെ ഒഴുകി നദിയില്‍ പതിച്ചതാകാം ഇതെന്നാണ് കരുതുന്നത്. ആദ്യം കരടിയുടെ തലയെന്നാണു കരുതിയതെങ്കിലും വൈകാതെ ഇത് ഭീമന്‍ ചെന്നായുടെ തലയാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു.

RECENT POSTS
Copyright © . All rights reserved