ടെക്സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകൾക്കം യുഎസിൽ വീണ്ടും വെടിവയ്പ്. ഓറിഗനിലെ ഒഹായോവിൽ പ്രാദേശിക സമയം പുലർച്ചെ ഒന്നിനു നടന്ന വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 16 പേർക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടർന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടൻ പൊലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.

ടെക്സസിലെ എൽ പാസോയിൽ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഓറിഗനിൽ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഫ്ബിഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോൾ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികൾ സ്വീകരിക്കാനായെന്നും ഡേടൻ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി.

ഓറിഗനിലെ ഈസ്റ്റ് ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിനു സമീപമായിരുന്നു വെടിവയ്പ്. എന്നാൽ ഇവിടത്തെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാർ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചു. ആളുകൾ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലതവണ വെടിയൊച്ചയും കേൾക്കാം.