ഒറ്റയാന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടെന്ന് സഹൃത്തുക്കള്. പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. ഞായറാഴ്ച രാത്രി പേപ്പാറ കളോട്ടുപ്പാറയിൽ സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ പോയ മീനാങ്കൽ പന്നിക്കാല അഭിലാഷ് ഭവനിൽ അനീഷ് (24) ആണ് കൊല്ലപ്പെട്ടത്. അനീഷ്, സുഹൃത്തുക്കളായ സതീഷ്, സജു, അഭിലാഷ്, അനി എന്നിവരുമൊത്താണ് ഇവിടെയെത്തിയത്.
സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഇടയ്ക്ക് മാറി പോയ അഭിലാഷിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് സുഹത്തുക്കള് പറയുന്നു. ആനയുടെ ആക്രമണത്തില് അനീഷ് കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. അനീഷിന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുകയാണ്.
ദിവസങ്ങളായി പൊടിയക്കാല, കുട്ടപ്പാറ, വലിയകിളിക്കോട് ചോനൻ പാറ, കൈതോട്, വാലിപ്പാറ എന്നീ ആദിവാസി മേഖലകളിൽ ആനയുടെ അക്രമവും ഭീഷണിയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മുറിവേറ്റ് കൂട്ടം തെറ്റി നടക്കുന്ന ആന വനമേഖലയ്ക്ക് സമീപത്തെ ജനസഞ്ചാര മേഖലകളിൽ ഉൾപ്പടെ നാശനഷ്ട്ടം വരുത്തിയിരുന്നു.
കഴിഞ്ഞ ദിവസം എണ്ണകുന്നിന് സമീപത്ത് ബൈക്ക് യാത്രികാർ ഉൾപ്പടെ ഒറ്റയാന്റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആദിവാസി മേഖലകളിൽ ആന വ്യാപകമായി കൃഷി നാശം വരുത്തിയിട്ടുണ്ട്. ആനയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പിനെ നാട്ടുകാര് വിവരം അറിയിച്ചിരുന്നു. എന്നാല് നടപടിയെന്നും ഉണ്ടായില്ലെന്ന് നാട്ടുകാര് ആരോപിക്കുന്നു.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്ഥി രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിെവച്ചു. പ്രവര്ത്തനം ആലത്തൂര് കേന്ദ്രീകരിക്കുന്നതിനായി പാര്ട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് രമ്യ പറഞ്ഞു.
ജയിച്ചാലും തോറ്റാലും ഇനി രമ്യയുടെ പ്രവര്ത്തനം ആലത്തൂരില് തന്നെ. പാര്ട്ടി നിര്ദേശ പ്രകാരം ബ്ലോക്ക് സെക്രട്ടറി മുമ്പാകെ രമ്യ രാജി സമര്പ്പിച്ചു. ആലത്തൂരില് വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ് രമ്യ
നിലവില് പ്രസിഡന്റ് പദവി മാത്രമാണ് ഒഴിഞ്ഞത്,വാര്ഡ് മെമ്പര് സ്ഥാനം രാജിവെച്ചിട്ടില്ല.അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന് രമ്യക്കും വോട്ടുരേഖപ്പെടുത്താം,തിരഞ്ഞെടുപ്പില് ജയിച്ച ശേഷം മെമ്പര് സ്ഥാനം രാജിെവച്ചാല് പഞ്ചായത്തില് എല്ഡിഎഫ് യുഡിഎഫ് അംഗബലം തുല്യമാകും,ഭരണം യുഡിഎഫിന് നഷ്ടപ്പെടാനും സാധ്യതയുണ്ട്,ഇത് മുന്നില് കണ്ടാണ് തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് രമ്യയുടെ രാജി
ഫോനി ചുഴലിക്കാറ്റ് ശക്തിയാര്ജിച്ച് വടക്കുപടിഞ്ഞാറന് ദിശയിലേക്ക് മാറുന്നു. ഇന്ത്യന് തീരത്തുനിന്ന് 950 കിലോമീറ്റര് അകലെയാണ് ഫോനിയുടെ സഞ്ചാരപാത. കേരളം ചുഴലിക്കാറ്റിന്റെ പരിധിയില് ഇല്ലെങ്കിലും അതിന്റെ സ്വാധീനംമൂലം സംസ്ഥാനത്ത് ചിലയിടങ്ങളില് ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും നാളെയും തെക്കുകിഴക്കന് ബംഗാള് ഉള്ക്കടലിലും തെക്കുപടിഞ്ഞാറു ബംഗാള് ഉള്ക്കടലിലും കേരള തീരത്തും മല്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . സംസ്ഥാനത്ത് പലയിടത്തും ഇന്നലെ മഴ ലഭിച്ചിരുന്നു.
കയർപിരി തൊഴിലാളി ചകിരിക്കെട്ടിനിടയിൽ മരിച്ച നിലയിൽ. കീരിക്കാട് തെക്ക് കോട്ടക്കടവ് വളയ്ക്കകത്ത് ചിറയിൽ രോഹിണിയാണ് മരിച്ചത്. കളീക്കകടവ് നുസൈബയുടെ വീട്ടിലെ ചകിരി കെട്ടുകൾക്ക് ഇടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്.
രോഹിണി വർഷങ്ങളായി കയർതൊഴിലാളിയാണ്. സ്വന്തം വീട്ടിലും കയർപിരിക്കുന്നുണ്ടായിരുന്നു. ഒരുമാസമായി നുസൈബയുടെ വീട്ടിൽ ഇവർ കയർപിരി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച പതിവുപോലെ കയർ പിരിക്കാനെത്തിയ രോഹിണിയെ ജോലികൾ ഏൽപ്പിച്ച ശേഷം വീട്ടുകാർ വിവാഹത്തിനു പോയി. വൈകിട്ടാണ് ഇവർ വീട്ടിൽ മടങ്ങിയെത്തിയത്.
ഇന്ന് രാവിലെ വീട്ടുകാർ ചകിരി കെട്ട് മാറ്റുന്നതിനിടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്ന്ന് പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രോഹിണിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ഭീകര സംഘടനയില്പെട്ടവര് കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്ന്ന് കോട്ടയത്ത് സുരക്ഷ കര്ശനമാക്കിയതിനുപിന്നാലെ കൊച്ചിലേക്കും പോലീസ്. ഭീകരര് കൊച്ചിയെ ലക്ഷ്യമിടാന് സാധ്യതയുണ്ടെന്നാണ് വിവരം. ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
ഫോര്ട്ട് കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് ഫോര്ട്ട് കൊച്ചി പൊലീസ് അറിയിച്ചു. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെക്കുറിച്ച് ദിവസവും രാവിലെ വിവരം നല്കണം എന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്ട്ട് നല്കാത്ത ഹോം സ്റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി. അതേസമയം ശ്രീലങ്കന് സ്ഫോടനം ആസൂത്രണം ചെയ്ത നാഷണല് തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന് ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്ഐഎ അന്വേഷണം തുടരുകയാണ്.
കേരളത്തില് നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്ക്ക് ശ്രീലങ്കയില് നടന്ന സ്ഫോടനവുമായി ബന്ധമില്ലെന്ന് എന്ഐഎ അറിയിച്ചു. എന്നാല്, ഇവര് തീവ്ര വര്ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കന് സ്ഫോടനം ചെയ്ത സഹ്രാന് ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര് വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്ഐഎ വ്യക്തമാക്കി.
കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളികള് താമസിക്കുന്ന സ്ഥലങ്ങള്,റെയില്വേ സ്റ്റേഷനുകള് ബസ് സ്റ്റാന്റുകള് ലോഡ്ജുകള് എന്നിവ കേന്ദ്രീകരിച്ചാണ് തെരച്ചില് ശക്തമാക്കിയിരിക്കുന്നത്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്. ഹസിന് ജഹാനെ ഉത്തര്പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് താരം ഷമിയുടെ വീടാക്രമിച്ചെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം ഇവരെ ജാമ്യത്തില് വിട്ടയച്ചു. ഷഹാസ്പൂരിലെ അലിനഗര് ഗ്രാമത്തിലെ ഷമിയുടെ വീട്ടില് ഹസിന് എത്തിയതാണ് പ്രശ്നത്തിന് വഴിവെച്ചത്. ഷമിയുടെ മാതാവ് ഹസിനെ തടയാന് ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പോലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്തത്.
തന്റെ ഭര്ത്താവിന്റെ വീട്ടിലേക്ക് വരാന് തനിക്ക് അവകാശമുണ്ടെന്നാണ് ഹസിന് വാദിക്കുന്നത്. ഷമിയുടെ മാതാവും പോലീസും തന്നോട് മോശമായി പെരുമാറിയെന്നും ഹസിന് പറയുന്നു.
ഇന്ത്യന് ക്രിക്കറ്റില് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഷമിയുടെ കുടുംബ പ്രശ്നം. കഴിഞ്ഞ മാര്ച്ചില് പോലീസ് ഷമിയ്ക്കെതിരെ സ്ത്രീധന പീഡനം, ലൈഗിക പീഡനം തുടങ്ങിയ കുറ്റത്തിന് കേസെടുത്തിരുന്നു.
മരണത്തിലേക്കാണ് ഇളംനീല കുപ്പായവും വശ്യമായ ചിരിയും നോട്ടവുമായി ടേൽസ് സൊവാറസ് റാംപ് വാക്ക് നടത്തിയത്. കരഘോഷങ്ങൾ പെട്ടെന്നാണ് കണ്ണീരായി മാറിയത്. ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്ന സദസിന് മുന്നിലേക്ക് ആത്മവിശ്വാസത്തോടെയാണ് ടേൽസ് നടന്നുവന്നത്. എന്നാൽ അപ്രതീക്ഷിതമായി ചെരുപ്പിന്റെ വള്ളിയിൽ തട്ടി ഇവർ നിലത്തേക്ക് വീഴുകയായിരുന്നു. പ്രമുഖ ബ്രസീലിയന് മോഡൽ എഴുന്നേൽക്കുമെന്നാണ് കാണികൾ കരുതിയത്. പക്ഷേ ദാരുണാന്ത്യമാണ് സംഭവിച്ചത്.
വീഴ്ച ഷോയുടെ ഭാഗമാണെന്നും ഇപ്പോൾ ചാടിയെഴുന്നേൽക്കുമെന്നും കരുതി കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ, മോഡലിന്റെ വായിൽനിന്നു നുരയും പതയും വരാൻ തുടങ്ങി. ഉടൻതന്നെ, സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഓടിയെത്തി. ശനിയാഴ്ച നടന്ന ഫാഷൻ ഷോയിൽ, വേദിയുടെ അങ്ങേയറ്റം വരെയെത്തിയ ശേഷം തിരിയുമ്പോഴാണു ടേൽസ് (26) നിലത്തടിച്ചുവീണത്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ടേൽസ് മരിച്ചിരുന്നു. മോഡലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്നും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നുമാണു മോഡലിങ് ഏജൻസി അറിയിച്ചത്. എന്നാൽ, വെജിറ്റേറിയനായിരുന്ന ടേൽസിന് ആവശ്യമായ ഭക്ഷണം ചടങ്ങിനിടെ ലഭ്യമാക്കിയില്ലെന്നുൾപ്പെടെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഒന്നേകാൽ വയസ്സുകാരിയെ കൊലപ്പെടുത്തിയത് സ്വൈരജീവിതത്തിനു തടസ്സമായതിനാലാണെന്ന് അമ്മയുടെ മൊഴി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്നും അമ്മ ആതിര പൊലീസിനു മൊഴി നൽകി.
കുഞ്ഞു മരിച്ചിട്ടും സങ്കടമില്ലാതെ ആതിര. ‘കരഞ്ഞപ്പോള് മൂക്കും വായും പൊത്തി’
കഴിഞ്ഞ ശനി ഉച്ചയ്ക്കാണ് പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോൺ–ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള മകൾ ആദിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം ഉറക്കാൻ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാൽ കുഞ്ഞിനെ അടിച്ചെന്ന് ആതിര മൊഴി നൽകി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകൾ അമർത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തൽ.
കുഞ്ഞിനു മുലപ്പാൽ നൽകാറുണ്ടെന്ന ആതിരയുടെ വാക്കുകൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞ് രാത്രി ഉണരുമ്പോൾ ആതിരയുടെ ഉറക്കം നഷ്ടമാകുന്നതുൾപ്പെടെ സ്വൈരജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തിൽ കുഞ്ഞിനോടു ദേഷ്യം വച്ചുപുലർത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ആതിരയെ റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ പിന്നീടു കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണം സംഭവിച്ച വീട്ടിൽ ഇന്നലെ ശാസ്ത്രീയ പരിശോധനാ വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധിച്ചു. ആതിരയ്ക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുള്ളതിനാൽ തെളിവെടുപ്പും തുറന്ന കോടതിയിൽ ഹാജരാക്കലും പൊലീസ് ഒഴിവാക്കി.
കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെയുമെടുത്ത് അയൽവാസി ശ്യാമയുടെ വീട്ടിലെത്തിയ ആതിര പറഞ്ഞു– ‘അക്കേ, കുഞ്ഞ് ഒന്നും മിണ്ടുന്നില്ല’. ഇങ്ങനെ പറഞ്ഞുകൊണ്ട് കുഞ്ഞിനെ എന്റെ കയ്യിലേക്കു തരികയായിരുന്നുവെന്ന് കൊല്ലംവെളിയിൽ ശ്യാമ ഓർക്കുന്നു. കോളനിയിലെ ഒരാളുമായും അടുപ്പമില്ലാത്ത ആതിര പതിവില്ലാതെ തന്റെ വീട്ടിലേക്കു കയറി വന്നപ്പോൾ ശ്യാമയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. കുഞ്ഞിന് അസുഖമുണ്ടായാൽ ഒരമ്മയ്ക്കുണ്ടാകുന്ന പരിഭ്രമമോ വിഷമമോ ആതിരയുടെ മുഖത്തുണ്ടായിരുന്നില്ലെന്നു ശ്യാമ ഓർക്കുന്നു.
ശ്യാമ കുഞ്ഞിനെ കൈയിൽ വാങ്ങി, അപസ്മാരബാധയാകുമെന്നു കരുതി പൈപ്പിൽ നിന്നു വെള്ളമെടുത്ത് കാലും മുഖവും നനച്ചുനോക്കി. കുഞ്ഞ് അനങ്ങുന്നില്ലെന്നു കണ്ടതോടെ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കോടി. അൽപം അകലെ, കഴിഞ്ഞ ദിവസം മരണം നടന്ന ഒരു വീട്ടിലായിരുന്നു പ്രദേശത്തെ എല്ലാവരും. അതിനടുത്തുള്ള കുഞ്ഞുമോൻ എന്നയാളുടെ വീട്ടിലാണ് ശ്യാമ എത്തിയത്.
കുഞ്ഞുമോനും അവിടെയുണ്ടായിരുന്നവരും കുഞ്ഞിനെ അനക്കാൻ ശ്രമിച്ചു. കൃത്രിമശ്വാസം നൽകി നോക്കിയെങ്കിലും കുഞ്ഞിന് അനക്കമുണ്ടായില്ല. അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ശ്യാമയും ആതിരയും മറ്റുചിലരും കുഞ്ഞിനെയും കൊണ്ട് കയറി ദേശീയപാതയിലെ പുതിയകാവ് ജംക്ഷനിലെത്തി. അപ്പോഴേക്കും കുഞ്ഞുമോനും മകനും കൂടി ബൈക്കിലെത്തി കുഞ്ഞിനെയും വാങ്ങി വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പോയി. അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും കുഞ്ഞിനു സുഖമില്ലെന്ന വിവരമറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങി.
ഡോക്ടർ കുഞ്ഞിനെ കിടത്തി ഓക്സിജൻ നൽകി നോക്കി. തുടർ പരിശോധനയിൽ കുഞ്ഞ് മരിച്ചിട്ട് ഒരുമണിക്കൂറിലേറെയായെന്നു വ്യക്തമായി. തുടർന്നാണ് പട്ടണക്കാട് എസ്ഐ അമൃത രംഗന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചത്.
ആതിരയെക്കുറിച്ച് നാട്ടിലാർക്കും നല്ല അഭിപ്രായമില്ല. പല ദിവസങ്ങളിലും വീട്ടിലുള്ളവരെ ആതിര വിളിക്കുന്ന ചീത്ത കേട്ടാണ് ഉണരാറുള്ളതെന്നു നാട്ടുകാർ പറയുന്നു. വീട്ടുകാരെ ചീത്ത പറയാനും മർദിക്കാനും ആതിരയ്ക്കു മടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരോടുള്ള ദേഷ്യം തീർക്കാൻ കുഞ്ഞിനെ തല്ലുന്നതും പതിവായിരുന്നത്രേ. ആതിരയുടെ ഭർത്താവ് ഷാരോണും ഭർതൃമാതാവ് പ്രിയയും ചെമ്മീൻ പീലിങ് ഷെഡ്ഡിൽ ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. ഷാരോണിന്റെ പിതാവ് ബിജുവിനു വർഷങ്ങളായി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഷാരോണും പ്രിയയും വീട്ടിൽ നിന്നിറങ്ങിയാൽ ആതിര കതകടച്ച് വീടിനുള്ളിലായിരിക്കും. വീട്ടുമുറ്റത്തു പട്ടിയെ അഴിച്ചുകെട്ടും. കുഞ്ഞ് പുറത്തിറങ്ങുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതോ ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ഷാരോണോ പ്രിയയോ വീട്ടിലെത്തിയ ശേഷമാകും കുഞ്ഞ് പുറംലോകം കാണുന്നത്. സമപ്രായക്കാരിയായ അയൽക്കാരി അവന്തികയാണ് ആദിഷയുടെ കൂട്ടുകാരി. എന്നാൽ, ആതിര കാൺകെ അവന്തികയുമായി കളിക്കാൻ സമ്മതിക്കാറില്ലത്രേ.
ഷാരോണിന്റെ അമ്മയെയും സഹോദരിയെയും ആതിര മർദിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കൽ ഷാരോണിന്റെ സഹോദരി ശിൽപയുടെ കയ്യൊടിക്കുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു. വഴക്കിനിടയിൽ തടസ്സംപിടിക്കാനെത്തുന്നവരെയും ചീത്തപറയും. കുഞ്ഞിന്റെ ഡയപ്പറും മറ്റും അയൽവീടുകളുടെ മുകളിലേക്കു വലിച്ചെറിയുന്ന ശീലവുമുണ്ടായിരുന്നു. തങ്ങളുടെ നിലവിളക്കും വസ്ത്രങ്ങളുമൊക്കെ ആതിര മോഷ്ടിക്കാറുണ്ടെന്ന് അയൽവാസികളിൽ ചിലർ പറഞ്ഞു.
കുറച്ചുനാൾ മുൻപ് അടുത്തുള്ള അങ്കണവാടിയിലെ കുഞ്ഞിന്റെ സ്വർണ മാല മോഷ്ടിക്കാൻ ആതിര ശ്രമിച്ചതു പിടിക്കപ്പെട്ടിരുന്നു. അന്ന് കഴുത്തിൽ നിന്നു മാല പൊട്ടിച്ചെടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ മാല നിലത്തിട്ടശേഷം ആതിര തന്നെ എടുത്തു കുഞ്ഞിനു കൊടുത്ത് തടിതപ്പുകയായിരുന്നത്രേ.
സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റിന് 212; പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റിന് 167. ഓപ്പണർ ഡേവിഡ് വാർണറുടെ ഉജ്വല ഇന്നിങ്സിന്റെ (56 പന്തിൽ 81) കരുത്തിലാണു ഹൈദരാബാദ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
മനീഷ് പാണ്ഡെ (25 പന്തിൽ 36), വൃധിമാൻ സാഹ (13 പന്തിൽ 28), മുഹമ്മദ് നബി (10 പന്തിൽ 20) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. കെ.എൽ രാഹുലിന്റെ (56 പന്തിൽ 79) ഇന്നിങ്സിലൂടെ മത്സരം സ്വന്തമാക്കാനുള്ള പഞ്ചാബിന്റെ ശ്രമം 3 വിക്കറ്റെടുത്ത റാഷിദ് ഖാന്റെ ഉശിരൻ ബോളിങ്ങിനു മുന്നിൽ വിഫലമായി. ഖലീൽ അഹമ്മദും 3 വിക്കറ്റെടുത്തു.
മായങ്ക് അഗർവാൾ (27), നിക്കോളാസ് പുരാൻ (21) എന്നിവരാണു പഞ്ചാബിന്റെ പ്രധാന സ്കോറർമാർ. ക്രിസ് ഗെയ്ൽ 4 റൺസിനു പുറത്തായതാണു സന്ദർശകർക്കു തിരിച്ചടിയായത്. നേരത്തെ 4 ഓവറിൽ 66 റൺസ് വഴങ്ങിയ പഞ്ചാബ് സ്പിന്നർ മുജീബ് റഹ്മാൻ സീസണിലെ ഏറ്റവും മോശം ഇക്കോണമി നിരക്ക് സ്വന്തമാക്കിയിരുന്നു.
ആകാശവാണിയിലെ വാർത്താ അവതാരകനും ഒട്ടേറെ പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയ കലാകാരനുമായ ഗോപൻ അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ഒരു കാലഘട്ടത്തിന്റെ തന്നെ പ്രിയ ശബ്ദമായിരുന്നു ഗോപന്റേത്. 1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാള വിഭാഗത്തിൽ അദ്ദേഹം ജോലി ചെയ്തു. ഇക്കാലത്ത് റേഡിയോയിലൂടെ ‘വാർത്തകൾ വായിക്കുന്നത് ഗോപൻ’ എന്ന ശബ്ദം മലയാളിയുടെ ഗൃഹാതുരതയുടെ തന്നെ ഭാഗമാണ്.
തിരഞ്ഞെടുപ്പ് വാർത്തകളുടെ കാലഘട്ടത്തില് റേഡിയോയ്ക്ക് മുന്നിൽ മലയാളിയെ പിടിച്ചിരുത്തിയ ഗോപൻ വിടവാങ്ങിയതും മറ്റൊരു തിരഞ്ഞെടുപ്പ് കാലത്ത് തന്നെയായി എന്നത് കാലം കാത്തുവച്ച വിധികളില് ഒന്നായി.
39 വർഷം ആകാശവാണിയുടെ ഒരേ നിലയത്തിൽ തന്നെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്ന അപൂർവ നേട്ടത്തിനും അദ്ദേഹം അർഹനാണ്. കേന്ദ്രസർക്കാരിന്റെ ഒട്ടേറെ പരസ്യങ്ങൾക്കും ശബ്ദം നൽകിയത് ഗോപനായിരുന്നു.
‘ശ്വാസ കോശം സ്പോഞ്ച് പോലെയാണ്..’ എന്ന വളരെ ശ്രദ്ധേ നേടിയ പരസ്യത്തിന്റെ ആകർഷണം തന്നെ ഗോപന്റെ ശബ്ദമായിരുന്നു. ഇത്തരത്തിൽ പുകയിലക്കെതിരെ പത്തോളം പരസ്യത്തിന് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. പിന്നീട് ഇത് മിമിക്രി വേദികളിലും ഇൗ പരസ്യവാചകങ്ങൾ നിറഞ്ഞതോടെ അദ്ദേഹം ടെലിവിഷൻ ചാനലുകളിൽ അതിഥിയായി ഒട്ടേറെ പരിപാടികൾക്കും എത്തി.
തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശ്സതമായ കുടുംബത്തിലാണ് ഗോപൻ ജനിച്ചത്. സി.വി രാമൻപിള്ളയുടെ കൊച്ചുമകളുടെ മകനായിരുന്നു. അടൂർ ഭാസിയും ഇ.വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കളായിരുന്നു. അധ്യാപകനാകണം എന്ന മോഹവുമായി ഡൽഹിക്ക് വണ്ടി കയറിയ ഗോപനെ വിധി എത്തിച്ചത് മറ്റൊരിടത്തായിരുന്നു. വിദ്യാർഥികളോട് സംസാരിക്കാൻ കൊതിച്ച ആ ശബ്ദം പിന്നീട് പതിറ്റാണ്ടുകൾ മലയാളിയോട് ഒട്ടേറെ കാര്യങ്ങൾ പങ്കുവട്ടു. ഡൽഹി ആകാശവാണിയിൽ കാഷ്വൽ അനൗൺസർ എന്ന തസ്തികയിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അരപതിറ്റാണ്ടിലേറെയായി ഡൽഹിയിലായിരുന്നു ഗോപൻ താമസിച്ചിരുന്നത്. ആകാശവാണിയിൽ നിന്ന് വിരമിച്ചെങ്കിലും പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകിയും വിശ്രമജീവിതത്തിലും സജീവമായിരുന്നു അദ്ദേഹം.